2012, മേയ് 31, വ്യാഴാഴ്‌ച

മഅദനി നീതി തേടുന്നു

ഭരണകൂടങ്ങളുടെ ഭാഗത്തുനിന്ന്‌ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന നീതിനിഷേധങ്ങളും അതിക്രമങ്ങളും കടുത്ത പ്രതികരണങ്ങളിലേക്കു ജനങ്ങളെ വഴിതിരിച്ചുവിടുന്നുണ്ടെങ്കില്‍ അതിന്‌ ഉത്തരവാദിത്തം ഭരണകൂടങ്ങള്‍ക്കു തന്നെയാണ്‌. തിരുത്തേണ്ടത്‌ ഭരണകൂട നിലപാടുകളാണ്‌. ദേശസ്‌നേഹത്തിനും ദേശദ്രോഹത്തിനുമൊക്കെ നല്‍കുന്ന വിവക്ഷകളും വിശദീകരണങ്ങളും നമ്മുടെ നല്ല സൗഹൃദങ്ങളെയും രാജ്യത്തിന്റെ ഭദ്രതയെയും തകര്‍ക്കാന്‍ വേണ്ടിയുള്ളതാവരുത്‌. 


അടുത്തിടെ വിവാഹ വീട്ടില്‍ വെച്ച്‌ 80 പിന്നിട്ട ഒരു സാധാരണക്കാരനായ വ്യക്‌തി വളരെ വേദനയോടെ ഒരു ചോദ്യം ഉന്നയിച്ചു. എന്താ അബ്‌ദുള്‍ നാസര്‍ മഅദനി പുറത്തുവരില്ലേ? ആരും ഒന്നും ചെയ്യുന്നില്ലേ? എന്തു ചെയ്‌തിട്ടും ഫലമില്ലെങ്കില്‍, ബംഗുളുരു ജയിലിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌ത് അവിടുന്നു പിടിച്ചിറക്കി കൊണ്ടുവന്നാലെന്താ?. ഞാനും വരാം. കണ്ണുകള്‍ നിറച്ചു വികാരം പ്രകടിപ്പിച്ച അദ്ദേഹത്തിന്‌ അല്‍പ്പം ശാന്തത കൈവന്നപ്പോള്‍ പതുക്കെ ഉത്തരം പറയാന്‍ ശ്രമിച്ചുനോക്കി. കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമാണ്‌. നമ്മുടെ നാട്ടില്‍ നിയമ വ്യവസ്‌ഥയുണ്ട്‌. അതനുസരിച്ചല്ലേ മുന്നോട്ടു പോവാന്‍ കഴിയൂ. ഈ ഉത്തരം അദ്ദേഹത്തെ തണുപ്പിച്ചില്ലെന്നു മാത്രമല്ല, അദ്ദേഹത്തെ കൂടുതല്‍ വികാര ഭരിതനാക്കി. നിയമവും വ്യവസ്‌ഥയും ശരിയാണെങ്കില്‍ ആ പാവം ഇങ്ങനെ കഷ്‌ടപ്പെടുമോ. രോഗിയായ അദ്ദേഹത്തിനു മതിയായ ചികില്‍സ പോലും ഉറപ്പാക്കാന്‍ കഴിയാത്ത ഏതു നിയമത്തെക്കുറിച്ചാണു നിങ്ങള്‍ ഈ പറയുന്നത്‌. 


മഅദനിയുടെ രണ്ടാം കാരാഗൃഹവാസത്തിന്‌ രണ്ടാണ്ടു തികയാന്‍ ഇനി രണ്ടര മാസമേ ബാക്കിയുള്ളൂ. ആദ്യ ജയില്‍വാസത്തിന്റെ അവസാന നാളുകളില്‍ ഉയര്‍ന്നുപൊങ്ങിവന്ന പ്രതികരണമൊന്നും ഇപ്പോള്‍ മഅദനി വിഷയത്തില്‍ പ്രകടമായി കാണുന്നില്ല. അതുകൊണ്ടാണു സാധാരണക്കാരുടെ മനസുകള്‍ അസ്വസ്‌ഥമാവുന്നതും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതും. എനിക്കു പരിചയമില്ലാത്ത എന്നെ അറിയുന്ന പലരും മഅദനിയുടെ ജയില്‍വാസത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ഇടയ്‌ക്കിടെ വിവിധയിടങ്ങളില്‍ വച്ച്‌ ചോദ്യങ്ങള്‍ ഉന്നയിക്കാറുണ്ട്‌. മഅദനിയുടെ പാര്‍ട്ടിക്കാരനോ മഅദനിയുടെ രാഷ്‌ട്രീയ ശൈലികളോട്‌ യോജിച്ചു നില്‍ക്കുന്ന വ്യക്‌തിയോ അല്ല ഞാന്‍. എന്നാല്‍ മഅദനിക്കു നേരേയുണ്ടായ അതിക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ച്‌ പൊതുസമൂഹത്തില്‍ ശക്‌തമായ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരണമെന്ന രാഷ്‌ട്രീയ കാഴ്‌ചപ്പാട്‌ പുലര്‍ത്തുന്നതു കൊണ്ടാവാം ഇത്തരം ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്‌. 2010ന്റെ തുടക്കം മുതലാണു രണ്ടാംതവണ മഅദനിയെ അകത്തു കിടത്താനുള്ള ഗൂഢാലോചനകള്‍ ആരംഭിക്കുന്നത്‌. അതിനുള്ള രംഗസജീകരണം ഒരുക്കുന്നതില്‍ അതിസമര്‍ഥമായി കരുക്കള്‍ നീക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിനു സാധിച്ചു. ക്രമസമാധാന പ്രശ്‌നമായി മഅദനിയുടെ രണ്ടാം അറസ്‌റ്റ് മാറാതിരിക്കാന്‍ കോടിയേരിയുടെ പോലീസ്‌ വളരെ കരുതലോടു കൂടിയാണു നീങ്ങിയത്‌. 2010 ഓഗസ്‌റ്റ് 17നു മഅദനിയെ പിടിച്ചുകൊടുത്തതില്‍ രക്‌തരഹിത വിപ്ലവമായി ഇടതുനേതാക്കള്‍ അഭിമാനിക്കുന്നത്‌ അതുകൊണ്ടാണ്‌.


മഅദനിയുടെ രണ്ടാം അറസ്‌റ്റിന്‌ കളമൊരുക്കാനുള്ള വാര്‍ത്താവിന്യാസത്തിനിടയില്‍ ശ്രദ്ധേയമായ മറ്റൊരു അനുഭവം അക്കാലത്ത്‌ നടന്നത്‌ ഓര്‍മയില്‍ മായാതെ കിടക്കുന്നു. ഒരു മുസ്ലിം മാനേജ്‌മെന്റിന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനത്തില്‍ ജോലി ചെയ്യുന്ന പ്രശസ്‌തനായ പത്രപ്രവര്‍ത്തകനോട്‌ അമ്മ നല്‍കിയ ഒരു ഉപദേശം മോനെ, ആ മഅദനിക്കു വേണ്ടി എഴുതി കെണിയില്‍ പോയി ചാടരുതെന്നാണ്‌. തികഞ്ഞ ഭക്‌തയായ ആ മാതാവ്‌ രാമായണം വായിക്കുന്നത്‌ ഇടയ്‌ക്കു മാറ്റിവെച്ച്‌ കേരളത്തിലെ ഒരു പ്രമുഖ പത്രം സ്‌ഥിരമായി വായിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണു മഅദനി എന്ന ഭീകരനേക്കുറിച്ച്‌ അറിയുന്നത്‌. 


പ്രായം ചെന്ന രണ്ടുപേരുടെ രണ്ടു വിധത്തിലുള്ള ആശങ്കകളെയാണു മുകളില്‍ കുറിച്ചിട്ടിത്‌. ഈ രണ്ടിനെയും വലിയ ഭയപ്പാടോടുകൂടി വേണം നോക്കിക്കാണാന്‍. അറ്റമില്ലാത്ത നീതിനിഷേധങ്ങള്‍ നടക്കുമ്പോള്‍ ഏതു സാധാരണക്കാരന്റെ മനസിലും അണപൊട്ടിവരുന്ന വികാരമാണ്‌ 80കാരന്‍ പ്രകടിപ്പിച്ചത്‌. പണ്ഡിതനും പൊതുപ്രവര്‍ത്തകനുമായ വ്യക്‌തിയോട്‌ തുടര്‍ച്ചയായി കാണിച്ചുകൊണ്ടിരിക്കുന്ന കടുത്ത വിവേചനങ്ങള്‍ ഏതൊരാളിലും എത്തിച്ചേക്കാവുന്ന പ്രതികരണം മാത്രമാണത്‌. 
ഭരണകൂടങ്ങളുടെ ഭാഗത്തുനിന്ന്‌ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന നീതിനിഷേധങ്ങളും അതിക്രമങ്ങളും കടുത്ത പ്രതികരണങ്ങളിലേക്കു ജനങ്ങളെ വഴിതിരിച്ചുവിടുന്നുണ്ടെങ്കില്‍ അതിന്‌ ഉത്തരവാദിത്തം ഭരണകൂടങ്ങള്‍ക്കു തന്നെയാണ്‌. തിരുത്തേണ്ടത്‌ ഭരണകൂട നിലപാടുകളാണ്‌. ദേശസ്‌നേഹത്തിനും ദേശദ്രോഹത്തിനുമൊക്കെ നല്‍കുന്ന വിവക്ഷകളും വിശദീകരണങ്ങളും നമ്മുടെ നല്ല സൗഹൃദങ്ങളെയും രാജ്യത്തിന്റെ ഭദ്രതയെയും തകര്‍ക്കാന്‍ വേണ്ടിയുള്ളതാവരുത്‌. അനാവശ്യമായ ഭീതി സൃഷ്‌ടിച്ച്‌ ഉണ്ടാക്കിയെടുക്കേണ്ട ഒന്നല്ല ദേശക്കൂറ്‌. ജനങ്ങളുടെ താല്‍പ്പര്യങ്ങളെ മാനിക്കുകയും പരിഗണിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ജനഹൃദയങ്ങളില്‍ ദേശത്തോടുള്ള കൂറ്‌ രൂഢമൂലമായിരിക്കും. പത്രപ്രവര്‍ത്തകന്റെ വൃദ്ധയായ മാതാവിന്റെ മനസ്സില്‍ മുളപ്പിച്ചെടുക്കാന്‍ ശ്രമിച്ചത്‌ ഭീതി സൃഷ്‌ടിച്ചുള്ള ദേശക്കൂറാണ്‌. വിദ്വേഷത്തിന്റെ വിഷബീജങ്ങള്‍ നിര്‍മല മനസുകളിലേക്കു കടത്തിവിട്ട്‌ രാഷ്‌ട്രീയ ലക്ഷ്യം സാധിക്കാന്‍ സൃഷ്‌ടിക്കുന്ന പലതരം പ്രതീകങ്ങളില്‍ ഒന്നായി മഅദനിയെ പ്രതിഷ്‌ഠിക്കാന്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങളുടെ നേരടയാളമാണ്‌ ആ അമ്മയില്‍നിന്നു കേട്ടത്‌. 


പ്രതീകങ്ങളെ സൃഷ്‌ടിച്ച്‌ ശത്രുവായി കണക്കാക്കി നിഗ്രഹിക്കുന്ന പൊതുരീതി നമ്മളറിയാതെ നമ്മെ കീഴ്‌പ്പെടുത്തിയിട്ടുണ്ട്‌. ഇതൊരു ഫാഷിസ്‌റ്റ് ഒളിയജണ്ടയാണ്‌. മഅദനിയുടെ രീതിയോടും ശൈലിയോടും വിയോജിക്കുമ്പോള്‍ തന്നെ മഅദനി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആഗ്രഹിച്ച രാഷ്‌ട്രീയ കാഴ്‌ചപ്പാടിനെ അങ്ങനെ നിരാകരിക്കേണ്ടതല്ല. അത്തരമൊരു രാഷ്‌ട്രീയ കാഴ്‌ചപ്പാടിന്റെ പ്രസക്‌തിയെയാണു മഅദനി വേട്ടയിലൂടെ തകര്‍ക്കാന്‍ തുടക്കം കുറിച്ചത്‌. ന്യൂനപക്ഷമായ സവര്‍ണ ചിന്താധാരയുടെ കടിഞ്ഞാണില്‍ നിയന്ത്രിതമായ രാഷ്‌ട്രീയ സംവിധാനങ്ങള്‍ക്കു കടുത്ത വെല്ലുവിളി സൃഷ്‌ടിക്കുന്നതായിരുന്നു മഅദനി പറയാന്‍ ശ്രമിച്ച രാഷ്‌ട്രീയം. അധികാരത്തില്‍നിന്ന്‌ അകറ്റിനിര്‍ത്തപ്പെട്ട മഹാഭൂരിപക്ഷത്തിന്‌ അധികാരം നേടിക്കൊടുക്കുന്ന അധഃസ്‌ഥിതന്റെ രാഷ്‌ട്രീയം. ഈയൊരു കാഴ്‌ചപ്പാട്‌ ചെറിയ ആകുലതയല്ല സവര്‍ണകേന്ദ്രങ്ങളില്‍ സൃഷ്‌ടിച്ചത്‌. സവര്‍ണവിഭാഗത്തിന്‌ പൂര്‍ണാധികാരമുള്ള ഘട്ടത്തില്‍ തന്നെ മറ്റൊരു പിന്തുണയോടും കൈയൊപ്പോടും കൂടി ആ രാഷ്‌ട്രീയത്തിന്‌ അന്ത്യം കുറിക്കാന്‍ തുടക്കം കുറിച്ചതാണ്‌ 98ലെ മഅദനി അറസ്‌റ്റില്‍ ദര്‍ശിക്കാന്‍ കഴിയുന്നത്‌. പിന്നീടുണ്ടായ സിമി നിരോധനവും അതിന്റെ ഭാഗം തന്നെയായിരുന്നു. 98ല്‍ മഅദനിയെ പിടിച്ചു കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാക്കി അകത്തിട്ടപ്പോള്‍ കേരളം അക്ഷരാര്‍ഥത്തില്‍ നിശബ്‌ദമാവുകയും പരിഭ്രമിക്കുകയും ചെയ്‌തു. ആര്‍.എസ്‌.എസിനെതിരേ സംഘടനയുണ്ടാക്കിയവനെ ഒതുക്കാന്‍ ആദ്യാവസരം തന്നെ ഉപയോഗപ്പെടുത്തുകയായിരുന്നു. അതിനായി പ്രചാരണങ്ങളിലൂടെ നേരത്തെ തന്നെ രംഗസജീകരണം നടത്തുകയും ചെയ്‌തിരുന്നു. അതുകൊണ്ടാണ്‌ അറസ്‌റ്റ് നടന്നപ്പോള്‍ എല്ലാവരും പരിഭ്രാന്തരായി മാറിനിന്നത്‌. മതിയായ ഇടപെടലുകളും പ്രതികരണങ്ങളും തുടക്കത്തിലേ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ വീണ്ടുമൊരിക്കല്‍ മഅദനി ക്രൂശിക്കപ്പെടുമായിരുന്നില്ല. വളരെ സമര്‍ഥമായാണ്‌ അന്നത്തെ ഇടതുസര്‍ക്കാര്‍ മഅദനിയെ തമിഴ്‌നാട്‌ പോലിസിനു കൈമാറുന്നത്‌. സി.പി.എമ്മിനും ദേശാഭിമാനിക്കും 98 മാര്‍ച്ച്‌ 31ന്‌ മഅദനിയെ അറസ്‌റ്റ് ചെയ്യുമ്പോള്‍ കൃത്യമായ ധാരണയുണ്ടായിരുന്നു. മറ്റു പത്രങ്ങളെല്ലാം കോഴിക്കോട്‌ നടന്ന പ്രസംഗത്തിന്റെ പേരിലാണു മഅദനിയെ അറസ്‌റ്റ് ചെയ്‌തതെന്നു വാര്‍ത്ത എഴുതിയപ്പോള്‍ ദേശാഭിമാനി മാത്രമാണു കോയമ്പത്തൂര്‍ കേസില്‍ പ്രതിയാണ്‌ മഅദനിയെന്നു നേരത്തെ അറിയിച്ചത്‌. അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി ഇടതുവലതു മുന്നണികള്‍ ആവശ്യാനുസരണം അബ്‌ദുള്‍ നാസര്‍ മഅദനിയെ ഉപയോഗപ്പെടുത്തി. സമര്‍ഥമായി അകത്താക്കിയ ശേഷം ഇരുകൂട്ടരും കൈയൊഴിഞ്ഞു. കൂടെ നിന്ന പലരും മറ്റു കൂടുകള്‍ തേടിപ്പോയി. മഅദനിയുടെ പേര്‌ ഉച്ചരിക്കാന്‍ പോലും ഭയമായിരുന്ന ആദ്യഘട്ടത്തില്‍ തന്നെ നിശബ്‌ദത ഭേദിച്ച്‌ ഗ്രോ വാസുവിന്റെയും മുകുന്ദന്‍ സി.മേനോന്റെയും നേതൃത്വത്തില്‍ ഒരും സംഘം ആളുകള്‍ രംഗത്തുവന്നതു കൊണ്ടു മാത്രമാണു കാലക്രമേണ മഅദനിക്കു നേരേയുള്ള കൊടുംക്രൂരത പുറംലോകം അറിയുന്നതും നിയമപോരാട്ടങ്ങളുടെ വഴി ശക്‌തമാവുന്നതും. മൂന്നരക്കൊല്ലത്തിനു ശേഷം മഅദനിക്കു വേണ്ടി സംസാരിക്കാന്‍ എല്ലാവര്‍ക്കും നിര്‍ഭയം സാധിച്ചത്‌ ഇത്തരമൊരു ചുവടുവയ്‌പ്പിന്റെ ഭാഗമായിട്ടായിരുന്നു. 


പിന്നീട്‌ പതുക്കെ മതസാമൂഹിക രാഷ്‌ട്രീയ സംഘടനകള്‍ ഒന്നിച്ചു രംഗത്തെത്തിയെങ്കിലും രണ്ടാം അറസ്‌റ്റിന്റെ ഘട്ടമെത്തിയപ്പോഴും പഴയ അവസ്‌ഥയിലേക്കു തന്നെ കാര്യങ്ങള്‍ തിരിഞ്ഞെത്തിയിരുന്നു. നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഒമ്പതര കൊല്ലം കഴിഞ്ഞ്‌ മഅദനി പുറത്തിറങ്ങി വരുമ്പോള്‍ പരവതാനി ചുവപ്പ്‌ തന്നെയാവണമെന്ന സി.പി.എമ്മിന്റെ കൂശാഗ്രബുദ്ധി തിരിച്ചറിയാന്‍ മഅദനിക്കു കഴിയാതെ പോയത്‌ ചരിത്രം. പിടിച്ചുകൊടുത്തതിലെ കുറ്റബോധമായിരുന്നില്ല മുമ്പിലെത്തിയിരിക്കുന്ന പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പു മാത്രമായിരുന്നു ലക്ഷ്യം. കോയമ്പത്തൂരില്‍നിന്നു പുറത്തിറങ്ങിയ മഅദനിയെ ഇടതുചേരി പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ആവോളം ഉപയോഗിച്ചെങ്കിലും അവര്‍ക്കു വിജയിക്കാനായില്ല. 2009ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ ചര്‍ച്ചകളെത്രയും മഅദനിയില്‍ മാത്രം കെട്ടുപിണഞ്ഞു കിടന്നു. രാജ്യത്തിന്റെ ഭാവിയോ വികസനമോ അന്നു കേരളം ചര്‍ച്ച ചെയ്‌തില്ല. തെരഞ്ഞെടുപ്പിലെ കനത്ത പരാജയവും പരാജയത്തിന്റെ പാഠവും മുന്നണി ബന്ധങ്ങള്‍ക്കതീതമായി നിലനില്‍ക്കുന്ന സൗഹൃദക്കൂട്ടായ്‌മയുടെ സൗകര്യവും ഉപയോഗപ്പെടുത്തി വീണ്ടും മഅദനിയെ കുരുക്കാനുള്ള ഗൂഢതന്ത്രങ്ങള്‍ ആവഷ്‌കരിക്കപ്പെട്ടു. കേരള രാഷ്‌ട്രീയത്തില്‍ മഅദനി ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു പഞ്ചായത്ത്‌ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നടക്കണമെന്ന നിര്‍ബന്ധം എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെയുണ്ടായിരുന്നു. അതുകൊണ്ട്‌ അവര്‍ ഒന്നിച്ചു ചിന്തിച്ച്‌ മൂന്നാം കക്ഷിയുടെ സഹായം തേടി കര്‍ണാടകയിലേക്ക്‌ ഏല്‍പ്പിക്കുന്നത്‌. ബി.ജെ.പി. അവര്‍ക്ക്‌ ലഭിച്ച അവസരത്തെ ശരിയാവണ്ണം ഉപയോഗപ്പെടുത്തി. അഴിയാത്ത കുരുക്കുകള്‍ ഓരോന്നായി തീര്‍ത്തുകൊണ്ടിരുന്നു. ബംഗളുരുവില്‍ ഒരാള്‍ പോലും കൊല്ലപ്പെടാത്ത ഒരു സ്‌ഫോടനത്തിന്റെ മറവില്‍ അനന്തമായ തടവറ ജീവിതം നല്‍കാന്‍ നടത്തിയ ഗൂഢാലോചന പൂര്‍ണമായും വിജയിച്ചുവെന്നു വേണം കരുതാന്‍. 


രോഗിയും വികലാംഗനുമായ മഅദനി ചെറിയ ഇടവേളയ്‌ക്കു ശേഷം നീതി തേടി കോടതികള്‍ കയറിയിറങ്ങുന്നു. എല്ലാത്തിനും തീര്‍പ്പുകല്‍പ്പിച്ചു വരുമ്പോഴേക്കു മഅദനിയെ ബാക്കിയായി കിട്ടുമോ എന്ന സാഹിത്യകാരന്‍ സക്കറിയായുടെ ചോദ്യത്തിന്‌ ഏറെ ഗൗരവം കൈവന്നിട്ടുണ്ട്‌. ഒറ്റ ഭരണഘടനയുള്ള നാട്ടില്‍ ഇരട്ടനീതിയാണോ നടക്കുന്നതെന്ന ചോദ്യം ഒറ്റപ്പെട്ടെങ്കിലും ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നുണ്ട്‌. 


ഇന്ത്യയുടെ മതേതര ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിച്ചും രാജ്യം തകര്‍ക്കുന്ന സ്‌ഫോടനങ്ങള്‍ നടത്തിയും ബാബരി മസ്‌ജിദ്‌ തകര്‍ത്തും വര്‍ഗീയ കലാപങ്ങളും വംശീയഹത്യയും നടത്തി രാജ്യത്തിനു ഭീഷണിയായി തീരുന്ന ശക്‌തികള്‍ സ്വൈര്യവിഹാരം നടത്തുമ്പോള്‍ അതു മഅദനിയോടു മാത്രം കാണിക്കുന്ന അനീതി നീതീകരിക്കപ്പെടാവുന്ന ഒന്നല്ല. കീഴ്‌ക്കോടതിയും പരമോന്നത കോടതിയും രാജ്യത്തെ പൗരന്മാര്‍ക്ക്‌ അവസാനത്തെ അത്താണിയാണ്‌. 


എന്നാല്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന നീതിനിഷേധങ്ങളോട്‌ നീതിന്യായ പീഠങ്ങള്‍ പോലും ഗൗരവമായി സമീപിക്കാത്തതു ആശങ്കയാണു സൃഷ്‌ടിക്കുക. കുറ്റവാളിയാണെങ്കില്‍ മാത്രമാണ്‌ ഒരാള്‍ ശിക്ഷിക്കപ്പെടേണ്ടതുള്ളൂ. എന്നാല്‍ മഅദനിയുടെ കാര്യത്തില്‍ ശിക്ഷയ്‌ക്കു ശേഷമാണു വിചാരണ നടക്കുന്നത്‌. 


നമ്മളിലൊരുവനായ ഒരു വ്യക്‌തിയെ രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമായി തുടര്‍ച്ചയായി പീഡിപ്പിക്കുമ്പോള്‍ അതിനോടു നിസംഗമായിരിക്കുന്നതു കുറ്റകൃത്യമാണ്‌. കൊലപാതകക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കു വേണ്ടി ഒരു സര്‍ക്കാര്‍ എങ്ങനെയാണ്‌ ഇടപെടുന്നതെന്നു നമ്മള്‍ കേരളീയര്‍ നിത്യവും കണ്ടുകൊണ്ടിരിക്കുന്നു. പൗരബോധമുള്ള മുഴുവന്‍ മനുഷ്യരുടെയും നീതിബോധം ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടത്‌ ഇത്തരമൊരു സന്ദര്‍ഭത്തിലൊക്കെയാണ്‌. മഅദനിക്ക്‌ സംഭവിച്ചത്‌ നാളെ മറ്റൊരാള്‍ക്കും സംഭവിച്ചു കൂടാ. കൊന്നുകൊണ്ട്‌ രാഷ്‌ട്രീയ പ്രതിയോഗികളെ ഒതുക്കുന്നതു പോലെ തന്നെയാണു തടവറയിലിട്ട്‌ പീഡിപ്പിച്ച്‌ വകരുത്താന്‍ ശ്രമിക്കുന്നതെന്നും തിരിച്ചറിയേണ്ടതുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"