2012, നവംബർ 17, ശനിയാഴ്‌ച

ഭരണവും നടപടികളും / പ്രവാചകനിന്ദ: പ്രചാരണങ്ങളും വസ്തുതകളും 3


പ്രവാചകനെ നിന്ദിച്ചവര്‍ക്കെല്ലാം മാപ്പുകൊടുത്തുവെന്ന പ്രചാരത്തിനിടയില്‍ മദീനയിലെ കഅ്ബ് ബിന്‍ അശ്റഫിന്റെ കാര്യം ചോദ്യമായി ഉയര്‍ന്നപ്പോള്‍ ചിലര്‍ നല്‍കുന്ന വിശദീകരണം, ഭരണകൂടത്തിനു നിരന്തരം വെല്ലുവിളി ഉയര്‍ത്തിയ വ്യക്തിക്കെതിരേ  ഭരണാധികാരിയായ പ്രവാചകന്‍ എടുത്ത നടപടിയായിരുന്നു അതെന്നാണ്. അതുമാത്രമാണ് സ്ഥിരം മാപ്പുകൊടുക്കുന്ന പ്രവാചകന്റെ നിലപാടിലെ ഒറ്റപ്പെട്ട സംഭവമെന്നു പ്രചരിപ്പിക്കുന്നതിനിടയില്‍ ചില വസ്തുതകള്‍ അവര്‍ മനപ്പൂര്‍വം മറച്ചുവയ്ക്കുന്നു. ബദ്ര്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട തടവുകാരില്‍ പ്രവാചകനിന്ദകരായ രണ്ടുപേരെ മാത്രം ശിക്ഷിച്ചു ബാക്കിയുള്ളവരെ സോപാധികം വിട്ടയച്ചത് മുമ്പു സൂചിപ്പിച്ചിരുന്നു. മക്കയിലായിരുന്നപ്പോള്‍ അല്ലാഹുവിന്റെ റസൂലിനെ ഉപദ്രവിച്ചു എന്ന കുറ്റപത്രമായിരുന്നു അവര്‍ക്കെതിരേ ഉന്നയിക്കപ്പെട്ടത്. അവര്‍ ഏതു ഭരണകൂടത്തിനെതിരേയായിരുന്നു പ്രവര്‍ത്തിച്ചത്? ബദ്റില്‍നിന്നു മടങ്ങുന്ന വഴിയെ അവരെ വധിക്കാന്‍ പ്രവാചകന്‍ കല്‍പ്പന കൊടുത്തതു ഭരണപ്രദേശത്തു വച്ചായിരുന്നോ, അതോ പുറത്തോ? 

മക്കയിലെ ജീവിതത്തിനിടയിലൊരിക്കല്‍ ഖുറൈശികള്‍ പ്രവാചകനെ വധിച്ചുവെന്ന കിംവദന്തി പരന്നപ്പോള്‍ ചെറുപ്പക്കാരനായ സുബൈര്‍ ബിന്‍ അവ്വാം ഊരിപ്പിടിച്ച വാളുമായി ഖുറൈശിനേതാക്കളെ തേടി മക്കയിലെ തെരുവുകളില്‍ പരിഭ്രാന്തനായി ഓടിനടന്നതും വഴിയിലൊരിടത്തു പ്രവാചകനെ കണ്ടപ്പോള്‍ താന്‍ ബേജാറായതിന്റെ കാരണം വിശദീകരിച്ചതും പ്രവാചകന്‍ അദ്ദേഹത്തിനും വാളിനും വേണ്ടി പ്രാര്‍ഥിച്ചതും ചരിത്രത്തില്‍ കാണുന്നു (ഹയാതുസ്സഹാബ, സീറ ഇബ്നു ഇസ്ഹാക്). ഭരണം പോവട്ടെ, സ്വൈരജീവിതം പോലും മുസ്ലിംകള്‍ക്ക് അസാധ്യമായിരുന്ന 'മക്കാ കാലഘട്ടത്തിലെ' സുബൈര്‍ ബിന്‍ അവ്വാമിന്റെ ഈ നടപടി ഇസ്ലാമികമാണോ, അതോ അനിസ്ലാമികമോ? മക്കയില്‍ പ്രവാചകനെയും മുസ്ലിംകളെയും ഉപദ്രവിക്കുന്നതിനു നേതൃത്വം കൊടുത്തിരുന്ന അബൂജഹല്‍ ഒരിക്കല്‍ ഖുറൈശി പ്രമാണിമാര്‍ക്കു മുമ്പില്‍ വച്ചു പ്രവാചകനെ അതിരൂക്ഷമായി അപഹസിച്ചതു കേട്ടറിഞ്ഞ പ്രവാചകപിതൃവ്യന്‍ ഹംസ, ഹറമിന്റെ പരിസരത്തു പ്രമാണിമാര്‍ക്കൊപ്പമിരുന്നു വെടിപറയുന്ന അബൂജഹലിന്റെ അടുത്തേക്ക് ഓടിവന്ന്, തന്റെ കൈയിലിരുന്ന വില്ലുകൊണ്ട് അബൂജഹലിനെ അതിശക്തമായി പ്രഹരിച്ചാണ് താനും ഇസ്ലാം സ്വീകരിക്കുകയാണെന്നു പ്രഖ്യാപിച്ചത് (ഹയാതുസ്സഹാബ). 
മക്കയില്‍ എണ്ണത്തില്‍ കുറവായിരുന്ന മുസ്ലിംകള്‍ക്കു വെല്ലുവിളികള്‍ നേരിടാന്‍ വേണ്ടത്ര ശക്തിയും സംസ്കരണവും കുറവുള്ളതു കാരണം സംഘടിതമായ പ്രതിരോധത്തിന് അനുമതി ലഭിച്ചിട്ടില്ലാതിരുന്ന ഘട്ടത്തിലും പ്രവാചകനെ അപഹസിക്കാന്‍ നടന്ന ശ്രമങ്ങളെയും ഇസ്ലാം സ്വീകരിച്ചതു കാരണം ചിലര്‍ വ്യക്തിപരമായി നേരിട്ട ആക്രമങ്ങളെയും ത്രാണിയും തന്റേടവുമുള്ളവര്‍ ചെറുത്തിരുന്നുവെന്നും അതു പ്രവാചകന്‍ അംഗീകരിച്ചിരുന്നുവെന്നുമാണു ചരിത്രപാഠം.

മദീനയില്‍ പ്രവാചകത്വത്തെ പരിഹസിക്കുകയും സാമൂഹികസുരക്ഷയ്ക്കു വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തവരെ നിലയ്ക്കുനിര്‍ത്തിയത് അവരുടെ പ്രവര്‍ത്തനം ഭരണകൂടത്തിനെതിരായതുകൊണ്ടു മാത്രമായിരുന്നുവെന്ന പ്രചാരണം വസ്തുതകള്‍ക്കു നിരക്കുന്നില്ല. മദീനയില്‍ എത്തിയ ഉടനെ, മുസ്ലിംസമൂഹത്തിന്റെ നേതൃത്വം പൂര്‍ണമായി ഏറ്റെടുത്ത പ്രവാചകന്‍ അവിടത്തെ ജൂതഗോത്രങ്ങളുമായി സൌഹൃദക്കരാര്‍ ഉണ്ടാക്കി. ദൈവികസന്ദേശത്തിന്റെ സമ്പൂര്‍ണ വ്യാപനത്തിനാവശ്യമായ അധികാരം പ്രവാചകന്റെ ലക്ഷ്യമായിരുന്നുവെങ്കിലും തുടക്കത്തില്‍ മദീനയുടെ പൂര്‍ണാധികാരം പ്രവാചകനുണ്ടായിരുന്നില്ല. ഹിജ്റ ആറാംവര്‍ഷം നടന്ന ഖന്‍ദഖ് യുദ്ധത്തിനുശേഷം, നിരന്തരശത്രുത പുലര്‍ത്തിയിരുന്ന പ്രബലമായ മൂന്നു ജൂതഗോത്രങ്ങളെയും മദീനയില്‍ നിന്നു പുറത്താക്കി കപടന്മാരെ ഒതുക്കിയശേഷമാണു പ്രവാചകന്റെ നേതൃത്വത്തില്‍ ശക്തമായ ഭരണവ്യവസ്ഥ മദീനയില്‍ നിലവില്‍വരുന്നത്. സമൂഹത്തില്‍ മുസ്ലിംകളെ കഴിഞ്ഞാല്‍ പ്രബലവിഭാഗമായിരുന്ന ജൂതന്മാര്‍ക്ക് അവരുടേതായ സംവിധാനമാണു തുടക്കത്തില്‍ ഉണ്ടായിരുന്നത്. ജൂതന്മാരുമായി ഉണ്ടായ വ്യക്തിപരമായ ചില സിവില്‍ തര്‍ക്കങ്ങളില്‍ മുസ്ലിംസമൂഹത്തിലെ കപടന്മാര്‍ ജൂതനേതാവ് കഅ്ബ് ബിന്‍ അശ്റഫിന്റെയടുത്തു പോയി അനുകൂലവിധി നേടാന്‍ ശ്രമിച്ച സംഭവങ്ങള്‍ അക്കാലത്തുണ്ടായിട്ടുണ്ട്. ഖുര്‍ആന്‍ നാലാം അധ്യായത്തിലെ 60, 65 സൂക്തങ്ങളുടെ വിശദീകരണത്തില്‍ അന്നത്തെ സാമൂഹികസാഹചര്യം വ്യക്തമാക്കുന്നുണ്ട്. പ്രവാചകന്റെ നേതൃത്വത്തില്‍ മുസ്ലിംകള്‍ രാഷ്ട്രീയമായി ശക്തിയാര്‍ജിക്കുന്നതു ജൂതന്മാരും മുസ്ലിംസമൂഹത്തിലെ കപടരും ചില ബദവിഗോത്രങ്ങളും ഭയപ്പെടുകയും അവര്‍ ഉപജാപങ്ങളും ശത്രുതാനീക്കങ്ങളും തുടക്കംമുതലേ നടത്തുകയും ചെയ്തിരുന്നു.

സത്യത്തിലും നീതിയിലും അധിഷ്ഠിതമായ പ്രവാചകന്റെ രാഷ്ട്രീയനേതൃത്വം അംഗീകരിക്കാനുള്ള വൈമനസ്യമായിരുന്നു സമൂഹത്തിന്റെ പൊതുനന്മയ്ക്കപ്പുറം സ്വന്തമായ താല്‍പ്പര്യങ്ങളുള്ള അവരുടെയെല്ലാം പ്രധാന പ്രശ്നം. അതിനെതിരേയായിരുന്നു അവരുടെ ഉപജാപങ്ങള്‍. ഈ കുത്സിതനീക്കങ്ങളുടെ ഭാഗമായി പ്രവാചകനെതിരേ കുപ്രചാരണങ്ങള്‍ ശക്തമാക്കിയ കഅ്ബ് ബിന്‍ അശ്റഫ്, അബൂറാഫി എന്നീ ജൂതശത്രുതയുടെ പ്രതിരൂപങ്ങളെ നിലയ്ക്കുനിര്‍ത്തുന്ന നടപടി ഉണ്ടാവുന്നതു മദീനയിലെ  ആദ്യവര്‍ഷങ്ങളിലാണ്. ''ആരാണ് കഅ്ബ് ബിന്‍ അശ്റഫിനെ നേരിടുക? അവന്‍ അല്ലാഹുവിനെയും റസൂലിനെയും ഉപദ്രവിക്കുന്നു''എന്നായിരുന്നു കഅ്ബ് ബിന്‍ അശ്റഫിനെ നിലയ്ക്കുനിര്‍ത്താന്‍ പ്രവാചകന്‍ കൊടുത്ത കല്‍പ്പന (അല്‍ബിദായ വന്നിഹായ).  ഭരണകൂടത്തിനെതിരേ പ്രവര്‍ത്തിച്ചവനെ നേരിടാന്‍ ഭരണാധികാരി കൊടുത്ത കല്‍പ്പനയാണോ ഈ വാക്കുകളിലുള്ളത്?  'ഞാനതു ചെയ്തോളാം'' എന്നുപറഞ്ഞു ദൌത്യം ഏറ്റെടുത്ത മുഹമ്മദ് ബിന്‍ മസ്ലമ, യുദ്ധസാഹചര്യത്തിലെന്നപോലെ തന്ത്രത്തില്‍ വീഴ്ത്തിയാണ് അയാളെ വകവരുത്തുന്നത്. സമാനമായ കല്‍പ്പനയും നടപടിയുമാണ് അബൂറാഫി എന്ന വഞ്ചകനായ വര്‍ത്തകപ്രമുഖന്റെ കാര്യത്തിലും ഉണ്ടായത്. ഭരണകൂടത്തിന്റെ കല്‍പ്പനയായിരുന്നെങ്കില്‍ വിചാരണശിക്ഷാ നടപടികളാണ് ഉണ്ടാവേണ്ടിയിരുന്നത്, തന്ത്രത്തില്‍ വകവരുത്തലല്ല എന്ന കേവലയുക്തി പോലും കാണാതെ പോവുന്നു. 

ഭരണം കൈയിലുണ്ടാവുക എന്നതിനപ്പുറം, വെല്ലുവിളികളെ ചെറുക്കാന്‍ പ്രാപ്തമാക്കുന്ന ആത്മീയവും ഭൌതികവുമായ ശക്തിയും വിഭവവും ഉണ്ടാവുക എന്ന പ്രായോഗികതയിലായിരുന്നു പ്രവാചകന്‍ (സ)യുടെ ഊന്നല്‍. വിവേചനങ്ങളെയും വെല്ലുവിളികളെയും ചെറുത്തു ശക്തിയാര്‍ജിക്കാന്‍ ആദ്യം ഭരണം കൈയിലാക്കണം എന്നാണു ബോധനം. ഇപ്പോള്‍ ഞങ്ങള്‍ ഭരണത്തിലൊന്നും  ഇല്ലാത്തതിനാല്‍ നിങ്ങള്‍ എന്തും ചെയ്തോളൂ, ഭരണമങ്ങു കിട്ടട്ടെ, കാണിച്ചുതരാം എന്നാണോ  ഇപ്പറയുന്നതിന് അര്‍ഥമാക്കേണ്ടത്? രാഷ്ട്രീയാധികാരത്തിലും ഔദ്യോഗിക ഭരണനിര്‍വഹണത്തിലും സ്വാധീനമില്ലാത്തവരാണ് എവിടെയും അക്രമങ്ങള്‍ക്കും കടുത്ത വിവേചനങ്ങള്‍ക്കും ഇരയാവുന്നത്. ഒരു സമുദായമെന്ന നിലയില്‍ ലോകത്തെവിടെയും ഈ പ്രശ്നം രൂക്ഷമായി നേരിടുന്നതു മുസ്ലിംസമൂഹമാണ്. എണ്ണംകൊണ്ടു ലോകത്തു മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യന്‍ മുസ്ലിംകള്‍ ഈ അവസ്ഥയുടെ വാര്‍പ്പുമാതൃകയും. വെല്ലുവിളികളെ ഫലപ്രദമായി അതിജയിച്ചു മുന്നേറാതെ പുരോഗതി സാധ്യമല്ല എന്നതു കേവലയുക്തി മാത്രമല്ല, ഖുര്‍ആനിക ശാസന കൂടിയാണ് (ഖു: 13:11). അതിജീവനം അസാധ്യമാക്കുംവിധമുള്ള വെല്ലുവിളികളും ഉന്മൂലനശ്രമങ്ങളുമെല്ലാം ഉണ്ടായാലും  ആക്രമണങ്ങളെ ഒരുവിധത്തിലും പ്രതിരോധിക്കരുതെന്നു പ്രചരിപ്പിക്കാന്‍ വേണ്ടി ചില മഹാന്മാരുടെ വാക്കുകള്‍ കടമെടുത്തും ഇടയ്ക്കു സ്വന്തം നിഗമനങ്ങള്‍ ചേര്‍ത്തും ചിലര്‍ സിദ്ധാന്തങ്ങളവതരിപ്പിക്കുന്നു. തങ്ങള്‍ക്കിടയില്‍ നടക്കുന്ന ഗ്രൂപ്പ് പോരുകള്‍, പിടിച്ചടക്കലുകള്‍ തുടങ്ങിയ ആഭ്യന്തരപ്രതിരോധങ്ങള്‍ക്കോ ഓവുചാല്‍, റോഡ്, ഹൈവേ, കോല തുടങ്ങിയ 'ഭരണകൂടവിരുദ്ധ'സമരങ്ങള്‍ക്കോ ഒന്നും ഈവക സിദ്ധാന്തങ്ങള്‍ ബാധകമല്ല. 

പുതിയ എല്‍.സി.ഡി, വി.സി.ഡി. ആക്ഷേപഹാസ്യങ്ങള്‍ക്കുമെല്ലാം ന്യായീകരണങ്ങള്‍ എമ്പാടുമുണ്ട്. അന്തരിച്ച പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഒരിക്കല്‍ പറഞ്ഞ തോര്‍ക്കുന്നു: 'ഒരു സമുദായമെന്ന നിലയില്‍ തങ്ങളുനഭവിക്കുന്ന രാഷ്ട്രീയസാമൂഹിക പ്രശ്നങ്ങള്‍ നേരിടുന്നതില്‍നിന്ന് ഒഴിഞ്ഞുമാറി ആന്തരിക വിഭാഗീയതയില്‍ ഒതുങ്ങിക്കൂടുന്ന ജീര്‍ണസ്വഭാവം മുസ്ലിംസമൂഹത്തില്‍ പൊതുവേ നിലനില്‍ക്കുമ്പോഴും ചിലരെ പുതുതായി പിടികൂടിയ പാര്‍ലമെന്ററി രാഷ്ട്രീയ വ്യാമോഹങ്ങള്‍ സഫലമായിക്കിട്ടാന്‍ അവര്‍ പല വേഷങ്ങള്‍ കെട്ടിനോക്കുന്നുണ്ട്.''  പ്രതിലോമപ്രചാരണങ്ങളുടെ പ്രതലം കൃത്യമായി ഉള്‍ക്കൊള്ളുന്നുണ്ട് ഈ വാക്കുകള്‍. ആ പ്രതലത്തില്‍ സങ്കുചിത  താല്‍പ്പര്യമുള്ളവരെല്ലാം ഇപ്പോള്‍ അണിനിരന്നിട്ടുണ്െടന്നു മാത്രം. 

പ്രവാചകനെ ക്രൂരനാക്കുന്നു!:

സാമൂഹികവെല്ലുവിളികളെ പ്രവാചകന്‍ ധീരമായി നേരിട്ട സംഭവങ്ങള്‍ തുറന്നുപറയുമ്പോള്‍ മറ്റൊരു വിതണ്ഡവാദം കൂടി ഉയര്‍ന്നുവരുന്നു; പ്രവാചകനെ ക്രൂരനാക്കി ചിത്രീകരിക്കുന്നുവെന്നതാണത്. സത്യത്തില്‍ ആരാണ് പ്രവാചകന്റെ വ്യക്തിത്വം വികൃതമാക്കി അവതരിപ്പിക്കുന്നത്? സര്‍വലോകര്‍ക്കും കാരുണ്യം എന്നു പ്രവാചകനെ വിശേഷിപ്പിച്ച വചനത്തെ (വി.ഖു: 21: 107) സത്യപ്പെടുത്തുന്ന അനേകം മാതൃകകള്‍ പ്രവാചകജീവിതത്തിലുണ്ട്. സമൂഹത്തിലെ എല്ലാവരോടും, ശത്രുവിനോടുപോലും കാരുണ്യത്തിന്റെ നിറകുടം തുറന്നുകൊടുത്ത ലോകാനുഗ്രഹിയുടെ ചിത്രങ്ങള്‍.  . കൊടിയ ശത്രുത പുലര്‍ത്തിയിരുന്ന ജൂതന്മാരുടെ കാര്യത്തിലും അങ്ങനെയായിരുന്നു. ജൂതശത്രുത സജീവമായ കാലഘട്ടത്തിലൊരിക്കല്‍ ജൂതന്റെ മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോവുമ്പോള്‍ എഴുന്നേറ്റുനിന്ന് ആദരവു പ്രകടിപ്പിച്ച പ്രവാചകന്‍ മാനുഷികപരിഗണന മരിച്ചവര്‍ക്കുപോലും നല്‍കണമെന്നു പഠിപ്പിച്ചു. 

മാനുഷികമായ പരസ്പര സഹകരണത്തിനു പ്രവാചകന്‍ തന്നെ മാതൃക. പ്രവാചകന്‍ മരണപ്പെടുമ്പോള്‍ തന്റെ പടയങ്കി ഒരു ജൂതന്റെ കൈവശം പണയത്തിലായിരുന്നുവെന്നു ചരിത്രത്തിലുണ്ട്. സമൂഹത്തിലെ അശരണര്‍ക്കു താങ്ങും തണലുമാവുന്നതില്‍ അവരുടെ മതവിശ്വാസം പ്രവാചകനു തടസ്സമായിട്ടില്ല. ദുരിതസമയങ്ങളില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ബൈത്തുല്‍മാലിലെ സമ്പത്ത് ഉപയോഗപ്പെടുത്തി പ്രവാചകന്‍ മാതൃക കാണിച്ചു. മരണത്തോടു മല്ലിടുന്ന നായക്കു ദാഹജലം കൊടുത്ത പാപി അതുകാരണം സ്വര്‍ഗം നേടിയതും ഒരു പൂച്ചയെ പട്ടിണിക്കിട്ടു കൊന്നയാള്‍ അതുകാരണം നരകം വരിച്ചതും മറ്റനേകം സല്‍ക്കര്‍മങ്ങള്‍ ചെയ്തിട്ടും അയല്‍വാസിയെ നാവുകൊണ്ട് ഉപദ്രവിച്ചിരുന്ന സ്ത്രീ നരകാവകാശിയായതുമെല്ലാം പ്രവാചകന്‍ പഠിപ്പിച്ചുതന്ന കരുണയുടെയും സഹാനുഭൂതിയുടെയും സഹവര്‍ത്തിത്വത്തിന്റെയും തെളിവുകളാണ്.

ഇതൊന്നും പക്ഷേ, സാമൂഹികമുന്നേറ്റത്തിന്റെ പ്രതിബന്ധങ്ങളെ തട്ടിമാറ്റി മുന്നോട്ടു പോവുന്നതിനോ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞു പ്രതിരോധിക്കുന്നതിനോ പ്രവാചകനും അനുചരര്‍ക്കും തടസ്സമായിട്ടില്ല. ഖുര്‍ആന്‍ പ്രവാചകന്റെ വേറെയും ചിത്രങ്ങള്‍ നല്‍കുന്നുണ്ട്. ബദ്റില്‍ വന്‍ സന്നാഹങ്ങളോടെ ആക്രമിക്കാന്‍ വന്ന ശത്രുവിനെ, പരിഭ്രാന്തനാവാതെ അല്ലാഹുവിന്റെ സഹായത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു കൈയിലുള്ള ശക്തികൊണ്ടു നേരിട്ട പ്രവാചകനെ ചൂണ്ടി ഖുര്‍ആന്‍ പറയുന്നു: 'നീ അമ്പു തൊടുത്തപ്പോള്‍ അതു തൊടുത്തുവിട്ടതു നീയായിരുന്നില്ല, അല്ലാഹുവായിരുന്നു'' (വി.ഖു: 8: 17). ഉഹ്ദില്‍ പ്രവാചകന്‍ നടത്തിയ പടയൊരുക്കത്തിന്റെ ചിത്രം മൂന്നാം അധ്യായത്തില്‍ വചനം 121 മുതല്‍ കുറേ സൂക്തങ്ങളില്‍ അനാവൃതമാവുന്നുണ്ട്. ഉഹ്ദ് രണാങ്കണത്തില്‍ പ്രവാചകനെ കൊല്ലുമെന്നു ഭീഷണി മുഴക്കി അതിനായി ഓടിയടുത്ത ഉബയ്യ് ബിന്‍ ഖലഫ് എന്ന ശത്രുവിനെ തടയാന്‍ മറ്റുള്ളവര്‍ ശ്രമിച്ചപ്പോള്‍ അവനെ തന്റെ അടുത്തേക്കു വിടാന്‍ ആവശ്യപ്പെട്ട പ്രവാചകന്‍ ഉന്നം പിഴയ്ക്കാതെ അവനെ എറിഞ്ഞുവീഴ്ത്തിയതും ചരിത്രത്തില്‍ വായിക്കാം. ഖന്‍ദഖ് യുദ്ധവേളയില്‍, ശത്രുക്കള്‍ സൃഷ്ടിച്ച പ്രതിസന്ധികളില്‍ തളരാതെ അസാധാരണമായ ശക്തിയും സ്ഥൈര്യവും കാണിച്ച്, പട്ടിണിയും ഭയവും കാരണം തളര്‍ന്നുപോയ അനുചരന്‍മാര്‍ക്ക് അനന്തമായ വിജയസാധ്യതകളെ കുറിച്ചുള്ള പ്രവചനങ്ങള്‍ നല്‍കി ആത്മവിശ്വാസം വീണ്െടടുത്തു. ഖുര്‍ആന്‍ ആ പ്രവാചകനെ നമുക്കു മുമ്പില വതരിപ്പിക്കുന്നത് ഇങ്ങനെയാണ്:  'തീര്‍ച്ചയായും അല്ലാഹുവിന്റെ ദൂതനില്‍  നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട്...'' (വി.ഖു. 33: 21). തീര്‍ച്ചയായും താങ്കളുടെ സ്വഭാവം അത്യുന്നത മാണെന്ന പ്രവാചകനെ കുറിച്ചുള്ള ഖുര്‍ആന്റെ  സാക്ഷ്യപ്പെടുത്തലിനു (വി.ഖു. 68: 4)

കുടുംബജീവിതത്തിലും രാഷ്ട്രീയകാര്യങ്ങളിലും വിമോചനസമരങ്ങളിലുമെല്ലാം പങ്കാളിയായിരുന്ന പ്രിയപത്നി സ്വന്തം അനുഭവത്തിലൂടെ അടിവരയിടുന്നതു ശ്രദ്ധേയമാണ്. പ്രവാചകമാതൃകകളുടെ ഉറവിടമായ ആയിശ (റ)യുടെ ഈ സാക്ഷ്യത്തിന്റെ വ്യാപ്തി ഖുര്‍ആന്റെ അത്രയും പരന്നതാണ്. വിമോചനസമരങ്ങള്‍ക്കു കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ഖുര്‍ആന്‍ ഏറ്റുമുട്ടല്‍ അനിവാര്യമായി വന്നാല്‍ ശത്രുവിനെ എവിടെ പ്രഹരിക്കണം എന്നുപോലും പറഞ്ഞുതരുന്നതു ലക്ഷ്യബോധം നഷ്ടപ്പെടാതിരിക്കാനും ധാര്‍മികപരിധികള്‍ ലംഘിക്കപ്പെടാതിരിക്കാനും കൂടിയാണല്ലോ. സുവ്യക്തമായ ഈ ശാസനകള്‍ക്കൊന്നും പ്രവാചകന്‍ മാതൃക കാണിച്ചുതന്നിട്ടില്ലെങ്കില്‍ പിന്നെ ആരെ നാം അനുകരിക്കും?  

നന്മയുടെ നിലനില്‍പ്പും എല്ലാവര്‍ക്കും  സമാധാനജീവിതവും സാമൂഹികനീതിയും   ഉറപ്പാക്കാന്‍ ബാധ്യസ്ഥനായ സത്യവിശ്വാസിയുടെ വ്യക്തിത്വത്തിന്റെ മുഴുചിത്രം രൂപപ്പെടുത്തുന്ന ഖുര്‍ആനികശാസനകള്‍ സ്വജീവിതത്തിലൂടെ പൂര്‍ണമാക്കി കാണിച്ചുതന്നിട്ടുണ്ട് പ്രവാചകന്‍. തന്റെ വിശേഷനാമങ്ങളായി തിരുമേനി തന്നെ പറഞ്ഞുതന്നത് 'നബിയ്യുറഹ്മ വ നബിയ്യുല്‍ മല്‍ഹമ' (കാരുണ്യത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രവാചകന്‍സുനനു അഹ്മദ്) എന്നാണ്. വിരുദ്ധഗുണങ്ങള്‍ ചേര്‍ത്തുപറയുന്ന, സമാനമായ വേറെയും വിശേഷണങ്ങള്‍ പ്രവാചകവചനങ്ങളില്‍ കാണാം. തന്നെക്കുറിച്ചു ശത്രുവിന്റെ മനസ്സില്‍ ഭയമിട്ടുകൊടുക്കല്‍ അല്ലാഹു തനിക്കു നല്‍കിയ അഞ്ചു പ്രത്യേകാനുഗ്രഹങ്ങളില്‍ ഒന്നായി എണ്ണിയത് സഹീഹായ ഹദീസില്‍ കാണാം. നിങ്ങളുടെ പ്രവാചകന്‍ ഒരു സമ്പൂര്‍ണവ്യക്തിത്വമാണ് എന്ന പാഠമാണ് പ്രവാചകന്‍ ഇതിലൂടെയെല്ലാം നമുക്കു പകര്‍ന്നുതരുന്നത്. കാരുണ്യവും വിട്ടുവീഴ്ചയും ധീരതയും പോരാട്ടവീര്യവുമെല്ലാം ഒരു പൂര്‍ണ വ്യക്തിത്വത്തിന്റെ പരസ്പരപൂരകങ്ങളായ വിശിഷ്ട ഗുണങ്ങളല്ലേ. മക്കാവിജയത്തെ കുറിച്ചു വിശദമായി പ്രതിപാദിച്ച 'ഫത്ഹ്' അധ്യായത്തിന്റെ അവസാനഭാഗത്തു ദൈവദൂതന്‍ മുഹമ്മദിന്റെയും അദ്ദേഹത്തെ പിന്‍പറ്റുന്നവരുടെയും രണ്ട് അടിസ്ഥാനസ്വഭാവങ്ങള്‍ക്കു ഖുര്‍ആന്‍ അടിവരയിടുന്നു: സത്യനിഷേധികളോടു കാഠിന്യവും പരസ്പരകാരുണ്യവും (വി.ഖു: 48: 29). മുസ്ലിം ഉന്മൂലനം തങ്ങളുടെ ലക്ഷ്യമാക്കി തത്ത്വത്തിലും പ്രയോഗത്തിലും അതു  നടപ്പാക്കിക്കൊണ്ടിരിക്കുന്നവരുടെ നേതാക്കളെ 'മഹനീയസദസ്സുകളില്‍' ആദരിച്ചിരുത്തുന്ന, ഖുര്‍ആനികശാസനകള്‍ക്കു കടകവിരുദ്ധമായ കപടനാടകങ്ങള്‍ എത്ര അരങ്ങേറിയാലും അതില്‍ ഏതു 'സാദാത്തുക്കള്‍' പിന്നണിചേര്‍ന്നാലും ഖുര്‍ആനികമായ അടിസ്ഥാനസ്വഭാവങ്ങള്‍ കൈമോശം വരാതിരിക്കാന്‍ പ്രവാചകന്‍ കാണിച്ചുതന്ന മാതൃകകള്‍ എമ്പാടും നമുക്കു മുന്നിലുണ്ട്.   

മനുഷ്യജീവിതത്തില്‍ സംഘര്‍ഷ സാഹചര്യങ്ങളുണ്ടാവുന്നതു ഭൂമിയിലെ മനുഷ്യവാസം മുതല്‍ തുടങ്ങിയിട്ടുണ്െടന്നു ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട് (20: 123). സമാധാനകാംക്ഷികളായ നമ്മള്‍ സംഘര്‍ഷങ്ങളെ വെറുത്താലും പിശാച് എന്ന ആത്യന്തിക ശത്രുവിന്റെ അനുയായികളായ ചില മനുഷ്യര്‍ അതുണ്ടാക്കിക്കൊണ്ടിരിക്കും.  മതവിശ്വാസങ്ങളുടെയും മതാചാര്യന്മാരുടെയും നേര്‍ക്ക് ഇടയ്ക്കിടെ ഉണ്ടാവുന്ന തേജോവധം അവരുണ്ടാക്കുന്നതാണ്. അത്തരം സംഘര്‍ഷ സാഹചര്യങ്ങളെ ധീരമായും ശക്തമായും തന്ത്രപരമായും നേരിടുന്നതിനു ഖുര്‍ആനിക ശാസനകളുടെ അടിസ്ഥാനത്തില്‍ പ്രവാചകന്‍ സ്വീകരിച്ച നിലപാടുകളും നടപടികളും പഠിപ്പിച്ചാല്‍ ഇസ്ലാമും പ്രവാചകനും എന്തോ ആയിപ്പോവുമെന്നു കരുതി, ആരുടെയൊക്കെയോ കൈയടികള്‍ക്കുവേണ്ടി സത്യം മറച്ചുവച്ചു പ്രവാചകന്റെ നിസ്സഹായചിത്രം വരയ്ക്കുന്നവര്‍ പ്രവാചകനിന്ദകര്‍ക്കു പ്രചോദനമാവുന്നുണ്ട്. അപകര്‍ഷവും ഭയവും ദുര്‍ബലസമൂഹത്തിന്റെ സഹജസ്വഭാവമായ വിഭാഗീയതയും ഇങ്ങനെയുള്ള നിന്ദ്യമായ നിലപാടുകളിലേക്ക് ആളുകളെ എത്തിക്കുന്നുണ്ടാവാം. സാമൂഹികശാക്തീകരണത്തിന് അനിവാര്യമായ സമരങ്ങള്‍ക്കു പ്രവാചകനോടൊപ്പം അണിനിരക്കാന്‍ വൈമനസ്യം കാണിച്ചു പ്രശ്നപരിഹാരത്തിനു കുറുക്കുവഴികള്‍ തേടാന്‍ ശ്രമിച്ച ചിലരുടെ മനോഭാവത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഖുര്‍ആന്‍ സൂക്തങ്ങളെ (8: 48), നേര്‍വിപരീതാര്‍ഥത്തില്‍ പ്രതിസന്ധികളോടു രാജിയാവാന്‍ ശ്രമിച്ചുകൊണ്ടുള്ള തങ്ങളുടെ നിസ്സംഗതയ്ക്കനുകൂലമായ സിദ്ധാന്തമാക്കിയുള്ള ദുര്‍ബോധനങ്ങള്‍ ഈ നിന്ദ്യതയുടെ ബഹിര്‍സ്ഫുരണമായേ കാണാന്‍ പറ്റൂ.   (തുടരും )
                                                                                                                  
                                                                  (കടപ്പാട് :ഒലീവ് ബ്ലോഗ് )

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"