2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച

ഞാന്‍ മുന്‍ സിമി; സോ വാട്ട്?




എം.പി. അബ്ദുസ്സമദ് സമദാനി, കെ.ടി. ജലീല്‍, ശെയ്ഖ് മുഹമ്മദ് കാരക്കുന്ന്, പി.എ. ഹക്കീം, അശ്റഫ് ബിന്‍ അലി, എ.പി. അബ്ദുല്‍വഹാബ്, ഇ. അബൂബക്കര്‍, ഇ.എം. അബ്ദുര്‍റഹ്മാന്‍, നാസറുദ്ദീന്‍ എളമരം-പല മുസ്ലിം സംഘടനകളുടെയും തലപ്പത്തിരിക്കുന്നവരുടെ ചെറുപട്ടിക നിരത്തിയതിനു സവിശേഷമായൊരു കാരണമുണ്ട്. ഇവരൊക്കെ മുന്‍ സിമിക്കാരാണ്. പലരും 30 വയസ്സു കഴിഞ്ഞതിനാല്‍ ഭരണഘടന അനുവദിക്കാത്തതുകൊണ്ട് സംഘടനയില്‍നിന്നു പുറത്തുപോയി സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനമേഖലയില്‍ സജീവമായി നില്‍ക്കുന്നവര്‍. ചിലര്‍ ഇടയ്ക്കുവച്ചു താന്‍പോരിമകൊണ്ടും പ്രലോഭനം കൊണ്ടും സംഘടനയില്‍നിന്നു വഴിപിരിഞ്ഞവര്‍; അല്ലെങ്കില്‍ പുറത്താക്കപ്പെട്ടവര്‍. കോളജ് യൂനിയന്‍ ചെയര്‍മാന്‍സ്ഥാനം കൊതിച്ചാണ്, അല്ലാതെ സിമിയുടെ കാഴ്ചപ്പാടുകളോടുള്ള വിരോധംകൊണ്ടല്ല സമദാനിയും ജലീലും സംഘടനയില്‍ നിന്നകന്നത്. ഐ.എന്‍.എല്‍. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എ.പി.എ. വഹാബ് രണ്ടുപ്രാവശ്യം സിമിയുടെ പ്രസിഡന്റ് സ്ഥാനമലങ്കരിച്ചിട്ടുണ്ട്. 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന പ്രമേയം സൃഷ്ടിച്ച സമ്മര്‍ദ്ദം കാരണം സമ്മേളനം നടക്കുന്നതിന്റെ തൊട്ടുമുമ്പ് പ്രസിഡന്റ്സ്ഥാനം രാജിവച്ച വഹാബ് പിന്നീട് എന്തോ ന്യായത്തില്‍ സംഘടനയില്‍ തിരിച്ചുവരുകയായിരുന്നു.
മേല്‍ക്കോയ്മാ പത്രങ്ങളും ചാനലുകളും രാഷ്ട്രീയനേതാക്കളും പോലിസിലെ ഇന്റലിജന്‍സ് വിഭാഗവും സിമിയെയും മുന്‍-പിന്‍ സിമിക്കാരെയും പിശാചുവല്‍ക്കരിക്കുന്നതാണ് ഇപ്പോള്‍ ഇതൊക്കെ എടുത്തുപറയാനുള്ള പ്രേരണ.
അടിയന്തരാവസ്ഥ കഴിഞ്ഞ ഉടനെ നിലവില്‍വന്ന സ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ 2001 ലാണ് നിരോധിക്കപ്പെടുന്നത്. നിരോധിച്ചത് ആര്‍.എസ്.എസ്. ഭരണകൂടം. അന്നു നിരോധനത്തെ പാര്‍ലമെന്റില്‍ എതിര്‍ത്തവരില്‍ മുലായംസിങ് യാദവിന്റെ പിന്നാക്കജാതി പാര്‍ട്ടി മാത്രമല്ല, മതം എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മൌലികവാദം എന്നു ചേര്‍ക്കുന്ന വിപ്ളവകാരികളായ സി.പി.എമ്മുകാരുമുണ്ടായിരുന്നു. ഫാഷിസത്തിന്റെ ചേരുവയുള്ള ഒരു രാഷ്ട്രീയസഖ്യം ഒരു ചെറിയ വിദ്യാര്‍ഥിസംഘടനയെ പോലിസിനെയുപയോഗിച്ചു കള്ളക്കഥകള്‍ നിര്‍മിച്ച്, മാധ്യമങ്ങളുടെ പിന്തുണയോടെ നിരോധിക്കുമ്പോള്‍ ആ ജനാധിപത്യവിരുദ്ധനടപടിയെ അനുകൂലിക്കുന്നവര്‍ ഫാഷിസത്തെത്തന്നെ അനുകൂലിക്കുകയാണ് എന്നു പറയാന്‍ കിതാബുകള്‍ പരിശോധിക്കേണ്ട ആവശ്യമില്ല. ഇന്റലിജന്‍സും അവരുടെ യുദ്ധകാഹളങ്ങളായ മാധ്യമങ്ങളും പറയുന്നതു ശരിയായിരുന്നെങ്കില്‍ ഇന്നു ഗുജറാത്തില്‍ നടന്ന ഏറ്റുമുട്ടലുകളും ഹിന്ദുത്വര്‍ നടത്തിയ സീരിയല്‍ സ്ഫോടനങ്ങളും മുസ്ലിം തീവ്രവാദികള്‍ നടത്തുന്ന കുറ്റകൃത്യങ്ങളായി കണക്കാക്കി ഫയല്‍ കെട്ടിവച്ചാല്‍ മതിയായിരുന്നു.
പലര്‍ക്കും അഭിപ്രായവ്യത്യാസമുള്ള പലതും പലരും പറയുന്നുണ്ടാവും. അതൊക്കെ ജനാധിപത്യത്തിന്റെ ഗുണം. കമ്മ്യൂണിസ്റ് രാജ്യങ്ങളില്‍ മാത്രമാണു ചിന്തിക്കുന്നത് കുറ്റമാവുന്നത്. കാഴ്ചപ്പാടുകള്‍ കുറ്റകൃത്യങ്ങള്‍ക്കു പ്രേരണയാവാത്ത കാലത്തോളം ഒരു ജനാധിപത്യസമൂഹം അവയൊക്കെ ചെറിയ പുഞ്ചിരിയോടെയോ പുച്ഛത്തോടെയോ അവഗണിക്കുക മാത്രമേ ചെയ്യാറുള്ളൂ.
ടാഡയായിരുന്നാലും പോട്ടയായിരുന്നാലും യു.എ.പി.എ. ആയാലും അന്തിമമായി അതിന്റെ താഡനമനുഭവിക്കുന്നതു ന്യൂനപക്ഷവിഭാഗങ്ങളോ അതിജീവനത്തിനായി പടപൊരുതാന്‍ നിര്‍ബന്ധിതരാവുന്ന ദരിദ്രരോ ആവുന്നുവെന്നതു ജനാധിപത്യവ്യവസ്ഥയെ നിയന്ത്രിക്കുന്ന ഡീപ് സ്റേറ്റ് എന്നു ചില വിദഗ്ധര്‍ പേരിട്ടുവിളിക്കുന്ന രഹസ്യവ്യവസ്ഥയുടെ നിലപാടുകള്‍കൊണ്ടാവാം. യു.എ.പി.എ. പ്രകാരം നിരോധിക്കപ്പെട്ട ഒരു സംഘടനയോടു ഭരണകൂടം നീതിപാലിക്കുന്നുവെന്ന ധാരണയുണ്ടാക്കാന്‍ ഏര്‍പ്പാടാക്കിയ മെക്കാനിസമാണ് ട്രൈബ്യൂണല്‍. സര്‍ക്കാര്‍ പറയുന്നതൊക്കെ തലകുലുക്കി സമ്മതിക്കുന്ന പരമയാഥാസ്ഥിതികരായ ന്യായാധിപന്‍മാരാണ് മിക്കപ്പോഴും ട്രൈബ്യൂണല്‍ ആയി വരുക. മിക്കവരും നന്നേ  ക്ഷീണിച്ചവരും പുതിയതൊന്നും പഠിക്കുകയില്ലെന്നു വാശിയുള്ളവരും. ജമാഅത്തെ ഇസ്ലാമിയെയും വിശ്വഹിന്ദുപരിഷത്തിനെയും നിരോധിച്ചപ്പോള്‍ ഒരു ട്രൈബ്യൂണല്‍, അക്രമം ജന്മസിദ്ധമായ വി. എച്ച്. പിയുടെ നിരോധം എടുത്തു  കളയുകയും മറ്റൊന്നു ജമാഅത്ത് നിരോധം ശരിവയ്ക്കുകയുമായിരുന്നു. അതിനെതിരേ ദീര്‍ഘകാലം പടവെട്ടി അവസാനം സാങ്കേതികമായ ചില കച്ചിത്തുരുമ്പില്‍ പിടിച്ചാണ് ജമാഅത്ത് സുപ്രിം കോടതിയില്‍ നിന്ന് അനുകൂലവിധി സമ്പാദിച്ചത്.
2001 സപ്തം 27നു നിരോധം ഏര്‍പ്പെടുത്താനുള്ള അതേ ന്യായങ്ങള്‍തന്നെയാണ് തുടര്‍ച്ചയായി പോലിസ് ആവര്‍ത്തിക്കാറ്. പോല്‍, അത്രെ, സംശയിക്കുന്നു, സൂചനകള്‍ എന്നിങ്ങനെയവസാനിക്കുന്ന ധാരാളം പ്രയോഗങ്ങളുള്ള സത്യവാങ്മൂലങ്ങള്‍. നിരോധത്തിന്റെ ഒരു കാലയളവ് അവസാനിക്കുമ്പോള്‍ പോലിസും ഇന്റലിജന്‍സും സജീവമായി രംഗത്തുവരും. അവിടെ ബോംബ് പൊട്ടിയാലും ഇവിടെ ബസ്സിനു തീപ്പിടിച്ചാലും അതു സിമിയോ സിമിനിര്‍മിതികളായ സംഘടനകളോ ആവും. പരിവാരസമേതം തീര്‍ഥാടകകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും വലിയ ഹോട്ടലുകളില്‍ സുഖമായി താമസിക്കുകയും ചെയ്യുന്നതില്‍ കവിഞ്ഞ ഒരു നീതിന്യായബോധവും പ്രകടിപ്പിച്ചിട്ടില്ലാത്ത ട്രൈബ്യൂണല്‍, ഫയലുകള്‍ പരിശോധിക്കാതെ നിരോധം ശരിവയ്ക്കും. സംഘടന അപ്പീല്‍ സമര്‍പ്പിക്കും. അത് സുപ്രിം കോടതി ഫയലില്‍ സ്വീകരിച്ചു നിലവറയില്‍ ഭദ്രമായി കൂറയും പാറ്റയും തിന്നാതെ സൂക്ഷിച്ചുവയ്ക്കും. സിമിയുടെ കാര്യത്തില്‍ ഒരിക്കല്‍ മാത്രമതിനൊരു മാറ്റമുണ്ടായി. 2008 ഫെബ്രുവരി 28നു സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതുക്കിയ നിരോധനോത്തരവ് റദ്ദാക്കാന്‍ ധൈര്യം കാണിച്ചു ജസ്റ്റിസ് ഗീതാ മിത്തല്‍.
എന്തൊരു കാര്യക്ഷമത! എന്തൊരു ശുഷ്കാന്തി! പിറ്റേദിവസം തന്നെ കേന്ദ്രസര്‍ക്കാര്‍ അതിനെതിരേ സുപ്രിംകോടതിയെ സമീപിച്ചു. ഒരുനിമിഷം വൈകാതെ സുപ്രിം കോടതി അപ്പീല്‍ സ്വീകരിച്ചു ഗീതാ മിത്തലിന്റെ വിധി സ്റേ ചെയ്തു. സിമിയുടെ അഭിഭാഷകന്‍ എന്തുപറയുന്നുവെന്നുപോലും കേള്‍ക്കാതെയായിരുന്നു സ്റ്റേ.
എട്ടുവര്‍ഷം മുമ്പ് ആദ്യനിരോധത്തിനെതിരേ കൊടുത്ത അപ്പീലെന്തായി? ങ്ങാ! അതവിടെ നിലവറയിലുണ്ട്, മിസ്റര്‍.
അതിനിടയില്‍ സിമിയുടെ പേരില്‍ ഒരുപാടു കത്തിവേഷങ്ങള്‍ അരങ്ങത്തു നിറഞ്ഞാടിയിട്ടുണ്ട്. ഹിന്ദുത്വസംഘങ്ങളാണു യഥാര്‍ഥത്തില്‍ വിധ്വംസകപ്രവര്‍ത്തനങ്ങളുടെ സൂത്രധാരര്‍ എന്ന വാര്‍ത്ത പതുക്കെ മാളത്തില്‍നിന്നു പുറത്തുചാടിയപ്പോള്‍ പിന്നെ പ്രവീണ്‍ സ്വാമിയുടെ കഥകളില്‍ മാത്രമാണ് അത്തരം വര്‍ച്ച്വല്‍ റിയാലിറ്റികളുടെ നിലനില്‍പ്പ്.
നിരോധിച്ചപ്പോള്‍ സിമിക്കാരുടെ പേരില്‍ ഏതാണ്ടു മുന്നൂറ് കേസുകളുണ്ടായിരുന്നു. പോലിസില്‍ എത്രമാത്രം ഹിന്ദുത്വര്‍ നുഴഞ്ഞുകയറിയിട്ടുണ്െടന്ന സൂചനയായി വേണം കേസുകളെ കണക്കാക്കാന്‍. കഷ്ടിച്ച് 200 സിമിക്കാര്‍ തികയാത്ത മഹാരാഷ്ട്രയിലായിരുന്നു ഏറ്റവും കൂടുതല്‍;185. ഈ കേസുകളില്‍ ഒന്നുപോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.  കേരളത്തിലെ പോലിസ് നിരോധനത്തിനു ബലം നല്‍കാന്‍ ഇടയ്ക്കിടെ നല്‍കുന്ന സത്യവാങ്മൂലത്തിലെ ഒരു പ്രധാന കേസിലെ പ്രതികളെ ജനുവരിയിലാണു കോഴിക്കോട്ടെ ഒരു കോടതി വെറുതെവിട്ടത്.
നിരോധനത്തിനു ശേഷം സിമിയുടെ പേരില്‍ ചാര്‍ത്തപ്പെട്ട കേസുകളധികവും കെട്ടിച്ചമച്ചതാണെന്നു പറയുന്നത് ടെഹല്‍കയില്‍ അതു സംബന്ധിച്ച് കവര്‍സ്റോറിയെഴുതിയ അജിത് സാഹി. വ്യത്യസ്തമായ ആശയങ്ങളുള്ളവരായിരുന്നുവെങ്കിലും അക്രമവാഞ്ഛയില്ലാത്ത സ്കൂള്‍-കോളജ് പിള്ളാരെ ആര്‍.എസ്.എസ്- ബി.ജെ.പി. നെറ്റ്വര്‍ക്ക് ഭീകരരൂപികളാക്കി മാറ്റിയതെങ്ങനെ എന്നു വിശദീകരിക്കുകയായിരുന്നു 2008ല്‍ ടെഹല്‍ക റിപോര്‍ട്ട്. താടിയും പൈജാമയും നീളന്‍ കുര്‍ത്തയും നോക്കി തീവ്രവാദികളെ നിര്‍മിക്കുന്നത് ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യസമൂഹത്തിലാണെന്ന കാര്യം ആരെയും വിസ്മയിപ്പിക്കും; ചകിതരാക്കും. ഏതൊരു മുസ്ലിംയുവാവും പിടിയിലായാല്‍ സിമിയായി. ആദിവാസിയോ ദലിതനോ ആണെങ്കില്‍ മാവോവാദി. പിന്നെ അയാള്‍ക്കു പൌരാവകാശങ്ങളില്ല. വിചാരണയ്ക്കു മുമ്പുതന്നെ അവര്‍ അഴികള്‍ക്കു പിന്നിലാവും. അമ്പതോ നൂറോ യുവാക്കള്‍ ജാമ്യത്തിലിറങ്ങിയാല്‍ ലോകത്തിലെ ഏറ്റവും ശക്തമായ ഭരണവ്യവസ്ഥയുള്ള രാജ്യം തകര്‍ന്നുതരിപ്പണമാവുമെന്ന് ഇല്ലാത്ത സുരക്ഷാവിദഗ്ധരെയുദ്ധരിച്ച് അപഗ്രഥനം വരും. മിക്കവാറും അണിയറയില്‍ വലിക്കുന്ന ചരടിനനുസരിച്ച് ആദ്യം ഇംഗ്ളീഷ് പത്രങ്ങളില്‍; പിന്നെ ഭാഷാപത്രങ്ങളില്‍. അതോടെ ജയില്‍ഭിത്തികള്‍ക്കു സുരക്ഷ പോരെന്ന വേവലാതിയുയരും. കൊടിയ കൊലപാതകികളും ബലാല്‍സംഗക്കാരും രാജ്യദ്രോഹികളും ഈ 'ഭീകരരുടെ' മുമ്പില്‍ വെറും അങ്കണവാടിപ്പിള്ളേര്‍.
അച്ചടിച്ച ഭരണഘടന വച്ചു പ്രവര്‍ത്തിച്ച ഒരു സംഘടനയാണ് സിമി. നല്ല ദിശാബോധവും ദൃഢവിശ്വാസവും ധാര്‍മികശുദ്ധിയുമുള്ളവര്‍ക്കു മാത്രമേ ആ സംഘടനയില്‍ ചേരാന്‍ പറ്റുമായിരുന്നുള്ളൂ. എന്നാല്‍ 2001നു ശേഷം വാളെടുക്കുന്നവനൊക്കെ സിമിവെളിച്ചപ്പാടായി. ലോക്കപ്പ് മര്‍ദ്ദനം പോലെ മറുപടിയില്ലാത്തതായിരുന്നു പ്രചാരണം. അവസാനം സഹികെട്ട് നിരോധിക്കുന്ന കാലത്തു പ്രസിഡന്റായിരുന്ന യുവാവ് അപ്പീല്‍ പെറ്റീഷനും റിവിഷന്‍ പെറ്റീഷനും സ്പെഷ്യല്‍ ലീവ് പെറ്റീഷനും കേസുകെട്ടുമൊക്കെ വഴിയില്‍ ഉപേക്ഷിച്ചു താനിനി ഒന്നിനുമില്ലെന്ന പ്രസ്താവനയിറക്കി സ്ഥലംവിട്ടു. കാഫ്കയുടെ നോവലുകളില്‍ കാണുന്നപോലെ ഘനാന്ധകാരം മാത്രം മുമ്പിലുള്ള ഒരു നീതിവ്യവസ്ഥയുടെ കരിങ്കല്‍ഭിത്തികളില്‍ തലതല്ലി ചാവുന്നപോലുള്ള ദയനീയതയായിരുന്നു ആ പ്രഖ്യാപനത്തില്‍നിന്നു ചാലിട്ടൊഴുകിയത്. എന്നിട്ടും വിട്ടില്ല ചോണനുറുമ്പ്. മുമ്പെന്നോ ഒരിക്കല്‍ സിമിയുടെ യോഗം കേള്‍ക്കാന്‍ ചെന്നവര്‍, അവരുടെ പ്രസിദ്ധീകരണങ്ങള്‍ക്കു വരിയെടുത്തവര്‍, എല്ലാമുപേക്ഷിച്ചു മതവിരുദ്ധമായ സംഘടനകളില്‍ ചേര്‍ന്ന് ഇസ്ലാമിനെതിരേ സംസാരിക്കാമെന്നു തീരുമാനിക്കുന്നവര്‍- അവരൊക്കെ സിമി റീഗ്രൂപ്പിങിന്റെ തെളിവായി വരും. ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റഡീസ് ആന്റ് അനാലിസിസ് എന്ന പേരില്‍ പ്രതിരോധമന്ത്രാലയത്തിനു കീഴില്‍ ഡല്‍ഹിയിലൊരു സ്ഥാപനമുണ്ട്. രാജ്യസുരക്ഷയെക്കുറിച്ചും സാമൂഹികപ്രവണതകളെക്കുറിച്ചും ഗവേഷണം നടത്തുന്ന, വലിയ ബജറ്റുള്ള സ്ഥാപനം. സിമിയെക്കുറിച്ച് ഒന്നോ രണ്േടാ ചെറുപ്രബന്ധങ്ങള്‍ എഴുതിയ ഗവേഷകരതിലുണ്ട്. സൂക്ഷ്മമായന്വേഷിച്ചപ്പോള്‍ അവര്‍ ചെയ്തത് ഗൂഗിളില്‍ സിമി എന്നടിച്ചു പ്രത്യക്ഷപ്പെടുന്ന ലേഖനങ്ങളില്‍നിന്നു പറ്റിയ ഖണ്ഡികകള്‍ എടുത്തുചേര്‍ത്തി ലേഖനമെഴുതുകയായിരുന്നു; കട്ട് ആന്റ് പേസ്റ് ജോബ്. ആര്‍.എസ്.എസുകാര്‍ മുഖംമൂടി ധരിച്ചു നടത്തുന്ന സൈറ്റുകളില്‍നിന്നുള്ള ലേഖനങ്ങളും ഇംഗ്ളീഷ് പത്രങ്ങളില്‍ പ്രവീണ്‍ സ്വാമിമാര്‍ ഉരുക്കഴിക്കുന്ന സ്റോറികളോ ആയിരുന്നു സ്രോതസ്സ്. ഈ സ്കൂള്‍ ബോയ് കോംപസിഷന്‍ പറയുന്ന കാര്യങ്ങള്‍ ശരിയോ എന്നന്വേഷിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു ഗവേഷകനെ തന്നെ ശമ്പളം കൊടുത്തു നിയോഗിച്ചു. മൂന്നുനാലു മാസം ഗവേഷണം നടത്തിയപ്പോള്‍ പോലിസും മാധ്യമങ്ങളും പറഞ്ഞ മിക്കതും വെള്ളം ചേര്‍ക്കാത്ത നുണയാണെന്നു മനസ്സിലാക്കി സത്യസന്ധനായ അയാള്‍ ഗവേഷണം നിര്‍ത്തി.
നിരോധിക്കപ്പെട്ട സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതു നിയമവിരുദ്ധം. വിധ്വംസകപ്രവര്‍ത്തനം നടത്തുന്നവരെ വിചാരണചെയ്തു ശിക്ഷിക്കുകയും വേണം. എന്നാല്‍, നിരോധനത്തിനു മുമ്പ് സിമിയില്‍ പ്രവര്‍ത്തിച്ചവര്‍, നിരോധനത്തിനു ശേഷം മറ്റു നിയമവിധേയമായ മേഖലകളിലേക്കു കളംമാറ്റി ചവിട്ടിയവര്‍, അവരൊക്കെ രാജ്യത്തിനെതിരേ ഗൂഢാലോചന നടത്തുകയാണെന്നു വന്നാലോ!
അടുത്ത ഇരുപതു കൊല്ലത്തിനുള്ളില്‍ കേരളം ഇസ്ലാമികറിപബ്ളിക്കാക്കാന്‍ ശ്രമം നടക്കുന്നു എന്നു കുമ്മനം രാജശേഖരന്റെ ശൈലിയില്‍ ഡല്‍ഹിയില്‍ വച്ചു പ്രസ്താവനയിറക്കിയ വി. എസ്. അച്യുതാനന്ദന്‍ സമദാനിയുടെ സിമിബന്ധത്തെക്കുറിച്ച് കൊല്‍ക്കത്തയില്‍ വച്ച് ചോദ്യമുയര്‍ത്തുന്നു. പൌരാവകാശത്തെക്കുറിച്ചുള്ള അറിവില്ലായ്മ മാത്രമായിരിക്കില്ല അതിനു കാരണം. ഭരണവ്യവസ്ഥയുടെ ഭാഗമായി നിന്നുകൊണ്ടു വിപ്ളവകാരി ചമയുന്നതിലപ്പുറമുള്ള മൂല്യബോധത്തിന്റെ അഭാവത്തോടൊപ്പം കാലങ്ങളായി സ്വന്തം പരിസരത്തില്‍നിന്ന് ഒപ്പിയെടുത്ത, മനസ്സിന്റെ ആഴങ്ങളില്‍ ഒളിപ്പിച്ചുവച്ച പരമതവിരോധവും ഇത്തരം പ്രതികരണങ്ങളുടെ ഊര്‍ജമാണ്.
സുപ്രിംകോടതി തന്നെ ഈയിടെ ഒരു ഡോക്ടര്‍ക്കു ജാമ്യമനുവദിച്ചപ്പോള്‍ ഒരു സംഘടനയില്‍ അംഗമാവുന്നതു കൊണ്ടുമാത്രം ഒരാള്‍ ജയിലില്‍ കിടക്കേണ്െടന്നു വ്യക്തമാക്കിയിരുന്നു. നക്സല്‍വാദത്തെയും മാവോവാദ സംഘടനകളെയും നിയമവിരുദ്ധമാക്കിയെന്നതുകൊണ്ട് എഴുപതുകളില്‍ മാവോസാഹിത്യം വായിച്ചവരൊക്കെ ഭീകരരായി മാറുമോ? അവര്‍ നിയോ ലിബറലിസത്തെ അനുകൂലിച്ചാല്‍ പോലും.
ഇടത്തരക്കാരുടെ മല്‍സരരംഗത്തു വെല്ലുവിളിയായി ഉയര്‍ന്നുവരുന്ന സമൂഹങ്ങളെ അന്യവല്‍ക്കരിക്കുന്നതിനു മേല്‍ക്കോയ്മ സ്ഥാപിച്ചെടുത്ത സമൂഹങ്ങള്‍ പല സൂത്രങ്ങളും കണ്ടുപിടിക്കും. പിശാചുവല്‍ക്കരണം അതിന്റെ ഭാഗമാണ്. അതിന്റെ തെളിവുകള്‍ക്കായി വെറുതെ യുട്യൂബിലും ഫേസ്ബുക്കിലും കയറിയാല്‍ മതി. നടുങ്ങുന്ന, ഞെട്ടിത്തരിക്കുന്ന ഇസ്ലാംവിരുദ്ധ കഥകള്‍, പ്രകോപനങ്ങള്‍, കാര്‍ട്ടൂണുകള്‍, ക്ഷോഭവിസര്‍ജനങ്ങള്‍, ബോധപൂര്‍വം വളര്‍ത്തിയെടുത്ത വാര്‍പ്പുമാതൃകകള്‍ എല്ലാം നമുക്കതില്‍ക്കാണാം. ഭയജന്യമായ വാര്‍ത്തകള്‍, അതുതന്നെയാണു കാര്യം. എപ്പോഴും ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുക. സര്‍വവ്യാപിയായ വല്യേട്ടന്‍ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന ധാരണ പരത്തുക, സ്വസമുദായത്തിലെ അപരനില്‍ അകന്നുനില്‍ക്കാനുള്ള സബ്ലിമിനല്‍ സന്ദേശങ്ങളാണ് ഈ മുന്‍സിമി എന്ന വിശേഷണത്തിലൂടെ ലഭിക്കുന്നത്.
അമേരിക്കയിലും കാനഡയിലും കടുത്ത മതവിശ്വാസികളായി നടിച്ചുകൊണ്ട്, ആത്മവിശ്വാസം നഷ്ടപ്പെട്ട തൊഴിലില്ലാത്ത പാവങ്ങളെ സമീപിച്ച് അവരില്‍നിന്നു ബോംബര്‍മാരെ നിര്‍മിച്ചെടുക്കുന്ന തന്ത്രങ്ങള്‍ നടക്കാറുണ്ട്. പിന്നീടവരെ ഒരിക്കലും തിരിച്ചുവരാത്തവിധം ജയിലിലടയ്ക്കും. കുറ്റംസമ്മതിച്ചാല്‍ 20 കൊല്ലം, അല്ലെങ്കില്‍ 200 കൊല്ലം എന്ന ഓപ്ഷനു മുമ്പില്‍ പരിഭ്രാന്തചിത്തരായ പ്രതികള്‍ കുറ്റം സമ്മതിക്കും. ഇന്ത്യയില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ സ്വകാര്യതടവറകളില്‍ പീഡിപ്പിക്കാനും തീവ്രവാദനിര്‍മാണത്തിനും 'മുസ്ലിം ഗിനിപ്പന്നികളെ' സൂക്ഷിക്കുന്ന കാര്യം വെളിപ്പെടുത്തിയത് മലയാളമനോരമ ഗ്രൂപ്പില്‍നിന്നുള്ള ദ വീക്ക് വാരികയായിരുന്നു. അതെഴുതിയ ആള്‍ക്ക് അവാര്‍ഡ് കിട്ടിയെന്നല്ലാതെ സ്ഫോടനാത്മകമായ ആ കവര്‍സ്റ്റോറി ആരു ശ്രദ്ധിക്കാന്‍!
പോലിസിന് അടുത്ത സത്യവാങ്മൂലത്തിന് അതുമതി. കോടിക്കണക്കിനു ജനങ്ങള്‍ക്കിടയില്‍ ഏതോ ഒരു പാവത്താന്‍ ഈ വിധം അഴികള്‍ക്കു പിന്നില്‍ കഴിയുന്നത് ആരു ശ്രദ്ധിക്കാന്‍? അത്യാവശ്യം ജനപിന്തുണയുള്ള അബ്ദുന്നാസിര്‍ മഅദനിയെ ബോധപൂര്‍വം ഓര്‍മപ്പെടുത്തിയില്ലെങ്കില്‍ ആരു ശ്രദ്ധിക്കാന്‍!
അമേരിക്കയില്‍ എഫ്.ബി.ഐ. നടപ്പാക്കുന്ന ബോംബ്നാടകങ്ങളുടെ കള്ളത്തരം പുറത്തുവലിച്ചിട്ട റോളിങ് സ്റ്റോണ്‍സ് ലേഖനത്തിന്റെ തലക്കെട്ട് 'ഫിയര്‍ഫാക്റ്ററി' എന്നായിരുന്നു; ഭയനിര്‍മാണശാല.
'ഞാന്‍ മുന്‍ സിമി; സോ വാട്ട്' എന്നു ചോദിക്കുന്നവരുടെ എണ്ണം കുറയുമ്പോള്‍ ഫിയര്‍ഫാക്ടറിയുടെ യൂനിറ്റുകള്‍ നാടൊട്ടുക്കും ഉയര്‍ന്നുവരും.
                                                                                                                (കടപ്പാട്:കലിം)

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"