2012, മാർച്ച് 12, തിങ്കളാഴ്‌ച

ഏകാകിനികളായ പോരാളികള്‍

സ്ത്രീകള്‍ ആകാശത്തിന്റെ പാതിഭാഗം തങ്ങളോട് ചേര്‍ത്തുപിടിക്കുന്നുവെന്നാണു പറയാറുള്ളത്. പാതിയിലുമേറെ അവര്‍ ചേര്‍ത്തുപിടിക്കുന്നു എന്ന് വാശിപിടിച്ചു വാദിക്കുന്നവരുമുണ്ട്. എന്നിട്ടും എല്ലാ രാജ്യങ്ങളിലും ചരിത്രത്തിന്റെ എല്ലാ വഴികളിലും എല്ലാ സംസ്കാരങ്ങളിലും പാരമ്പര്യങ്ങളിലും എല്ലാ പ്രദേശങ്ങളിലും മതങ്ങളിലും ജാതി, വര്‍ഗ, വര്‍ണ വിശ്വാസങ്ങളിലും പരസ്പരം പങ്കുവയ്ക്കുന്ന ഭൂതകാലത്തിലും വൈവിധ്യമാര്‍ന്ന വര്‍ത്തമാനത്തിലും ഏതാണ്ട് എല്ലാ ജീവിതമേഖലകളിലും പുരുഷന്മാരോടു താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ യഥാര്‍ഥത്തില്‍ പിറകിലാണ്. ഭക്ഷണം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, വികസനത്തില്‍ പങ്കാളികളാവാനും നേതൃത്വത്തിനും ചിന്തിക്കാനും സ്വപ്നംകാണാനും സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള അവസരങ്ങളിലും വ്യവസ്ഥാപിതമായി അവര്‍ വിവേചനമനുഭവിക്കുന്നു. അവരാണു ശരിക്കും ലോകത്തിലെ ഏറ്റവും വലിയ ന്യൂനപക്ഷം. സഹസ്രാബ്ദങ്ങളായി അവരങ്ങനെയാണു കഴിഞ്ഞുകൂടുന്നത്.
എന്നാല്‍, പുരുഷന് ഏറ്റവും കൂടുതല്‍ ഈര്‍ഷ്യ ആണിന്റെ നിഴലിനു വെളിയില്‍ ഒറ്റയ്ക്കു ജീവിക്കുന്ന പെണ്ണിനോടാണ്. സ്വന്തമായ ലക്ഷ്യങ്ങളും മാര്‍ഗങ്ങളുമുള്ളവരും മറ്റുള്ളവരോട് മല്‍സരിക്കുന്നവരുമായ വ്യക്തികള്‍ എന്ന നിലയില്‍ സ്ത്രീകളെ പുരുഷമേധാവിത്വം പരിഗണിക്കുന്നില്ല എന്നതാണ് അതിനു കാരണം. പകരം സ്ത്രീകള്‍ മറ്റുള്ളവരുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള വെറും ഉപകരണങ്ങള്‍ മാത്രമാണ്. സന്താനങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നവരും കുട്ടികളെ പരിചരിക്കുന്നവരും ലൈംഗികാവശ്യങ്ങള്‍ നിറവേറ്റിത്തരുന്നവരും കുടുംബത്തിന്റെ സാമാന്യമായ അഭിവൃദ്ധിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരുമാണവര്‍. പെണ്‍കുട്ടികള്‍, ഭാര്യമാര്‍, സഹോദരിമാര്‍, അമ്മമാര്‍ എന്നീ അവസ്ഥകളില്‍ പുരുഷന്മാരുടെ ഏച്ചുകെട്ടായി വര്‍ത്തിക്കുന്നവര്‍ എന്ന സാംസ്കാരിക സ്വീകാര്യതയാണ് അവര്‍ക്കുള്ളത്. അങ്ങനെയൊന്നുമല്ലെങ്കില്‍ അവര്‍ പൊതുജീവിതത്തില്‍നിന്ന് ഒഴിവാക്കപ്പെടും. അല്ലെങ്കില്‍ അവര്‍ 'വീണുപോവും.'  ഈ വൃത്തത്തിന്റെ പുറത്താണ് ഒറ്റയ്ക്കു ജീവിക്കുന്നവര്‍ കഴിയുന്നത്. 'പുരുഷസംരക്ഷണ'ത്തിന്റെ അഭാവമാണ് അതിനു കാരണം. യഥാര്‍ഥത്തില്‍ സംരക്ഷണമെന്നാല്‍ പുരുഷന്മാരുടെ നിയന്ത്രണംതന്നെയാണ്. നമ്മുടെ പുരുഷാധിപത്യസമൂഹത്തിന്റെ വിലയിരുത്തലില്‍ ഈ നിയന്ത്രണമാണ് അവരുടെ സാമൂഹികപദവി കുറയ്ക്കുന്നത്. ഒരുസ്ത്രീ മനപ്പൂര്‍വം പുരുഷസംരക്ഷണം നിരാകരിക്കുമ്പോള്‍ പുരുഷസംരക്ഷണത്തിന്റെ അഭാവം എതിര്‍ക്കപ്പെടുന്നു. സ്വന്തം ഇണ തന്റേതല്ലാത്ത കാരണത്താല്‍, അതായത് അപകടംമൂലമോ രോഗംമൂലമോ അവള്‍ക്ക് നഷ്ടപ്പെടുമ്പോഴും അവളെ അയാള്‍ ഉപേക്ഷിച്ചുപോവുമ്പോഴും ഇതുതന്നെ സംഭവിക്കുന്നു.
വിധവയായിത്തീരുന്നത് നിന്ദ്യമാണെന്നാണ് മിക്ക സമുദായങ്ങളും കരുതുന്നത്. എന്നാല്‍, ഉന്നതജാതിക്കാരായ ഹിന്ദുക്കള്‍ക്കിടയിലാണ് ഇതു കൂടുതല്‍. ഹിന്ദു വിധവകള്‍ വീണ്ടും വിവാഹം കഴിക്കുന്നതിനോട് സാമൂഹികമായ എതിര്‍പ്പുകളുണ്ട്. വിധവയായ സ്ത്രീയെ ബഹുമാനത്തോടെയല്ല കണക്കാക്കുന്നത്. ഒരുപാട് നിയന്ത്രണങ്ങള്‍ അവളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു. ഇപ്പോഴും തല മുണ്ഡനംചെയ്യാനും വളരെ ലളിതമായ പരുക്കന്‍ വസ്ത്രങ്ങള്‍ അണിയാനും അവര്‍ നിര്‍ബന്ധിതരാവുന്നു. ഫലത്തില്‍ അവരെ, സ്ത്രീയല്ലാതാക്കുകയാണ് അതുമൂലം ചെയ്യുന്നത്. എല്ലാ സംസ്കാരങ്ങളിലും സ്ത്രീകള്‍ ലൈംഗികാവശ്യങ്ങള്‍ നിറവേറ്റാന്‍വേണ്ടി 'ലഭ്യമായ' സ്ത്രീകളായി കണക്കാക്കപ്പെടുന്നു എന്ന വൈരുധ്യവും ഇതിനോടൊപ്പമുണ്ട്. സ്ഥിരം പരിപാടി എന്ന നിലയില്‍ അവര്‍ ലൈംഗികാതിക്രമങ്ങള്‍ക്കു വിധേയമാക്കപ്പെടുന്നു. സ്വന്തം ഭര്‍ത്താവിന്റെ വീട്ടിലും പുറത്തും ഈ അതിക്രമമുണ്ട്. വിശേഷിച്ചും പണിയെടുക്കാന്‍ പുറത്തുപോവുന്നുണ്െടങ്കില്‍
ഭര്‍ത്താവ് മരിച്ചുകഴിഞ്ഞാല്‍ കുടുംബം വിധവയ്ക്ക് യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. കുടുംബസ്വത്തില്‍ ഒരുഭാഗത്തിന് അവകാശം ലഭിച്ചേക്കാവുന്ന അവള്‍ ഒരു ഭാരമായാണു കരുതപ്പെടുന്നത്. ഉല്‍സവവേളകളിലും കുടുംബച്ചടങ്ങുകളിലും അവളുടെ സാന്നിധ്യം ദുശ്ശകുനമായി കണക്കാക്കപ്പെടുന്നു. വിവാഹമുദ്രകള്‍ (മുടി പകുത്തിട്ട് സിന്ദൂരമണിയുന്നതുപോലെയുള്ളവ) അണിയാന്‍ അവള്‍ക്ക് അനുവാദമില്ല. വളരെ പരിമിതമായ സസ്യാഹാരം മാറിനിന്നുകൊണ്ടു കഴിക്കണം അവള്‍. മംഗളമുഹൂര്‍ത്തങ്ങളില്‍ പങ്കെടുക്കുന്നതിന് അവള്‍ക്ക് വിലക്കുണ്ട്. 
ഇവയ്ക്കെല്ലാറ്റിനും പുറമെ, ഭര്‍ത്താവിന്റെ മരണത്തിനുശേഷം പുണ്യനഗരങ്ങളില്‍ മാത്രമേ വിധവകള്‍ക്ക് അന്തസ്സോടെ ജീവിക്കാന്‍ സാധിക്കുകയുള്ളൂ എന്ന ശക്തായ വിശ്വാസവും നിലവിലുണ്ട്. ഉദാഹരണത്തിന് പശ്ചിമബംഗാളിലെ ഉയര്‍ന്ന ജാതിക്കാരായ ഹിന്ദുകുടുംബങ്ങളില്‍ അതുപ്രകാരം സ്വന്തം മാതാ പിതാക്കളുടെയോ ഭര്‍ത്താക്കന്‍മാരുടെയോ വീടുകളില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടില്‍ അപൂര്‍ണ ജീവിതം നയിക്കാനല്ല വിധിയെങ്കില്‍ വൃന്ദാവനം, വാരണാസി തുടങ്ങിയ പുണ്യനഗരങ്ങളില്‍ അനാഥത്വം അടിച്ചേല്‍പ്പിക്കപ്പെട്ട് ഉപേക്ഷിക്കപ്പെട്ടവരായി കഷ്ടപ്പെടണം അവള്‍; ഒരുപക്ഷേ, അതിലേറെ മോശമായ അവസ്ഥയില്‍ തെരുവുകളില്‍ കഴിയണം. മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട വിധവകളെക്കൊണ്ടും വിവാഹം കഴിച്ചയക്കപ്പെട്ട വീടുകള്‍ വിട്ടുപോന്ന സ്ത്രീകളെക്കൊണ്ടും നിറഞ്ഞിരിക്കുകയാണ് വന്‍ പട്ടണങ്ങളിലെയും ക്ഷേത്രനഗരങ്ങളിലെയും നടപ്പാതകള്‍. ഭര്‍ത്താക്കന്‍മാര്‍ ജീവിച്ചിരിപ്പുണ്െടങ്കിലും ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകള്‍ കൂടുതല്‍ ബഹിഷ്കൃതരാണ്.
പല വിവാഹിതകളും നിന്ദയും ശാരീരികവും മാനസികവുമായ ക്രൂരതകളും സഹിച്ചു കഴിഞ്ഞുകൂടേണ്ടിവരുന്നു. അവര്‍ക്ക് സ്വയം പ്രതിരോധിക്കാനുള്ള കെല്‍പ്പില്ല. ഭര്‍ത്താവിന്റെ ക്രൂരതകള്‍മൂലം കഷ്ടപ്പെടുന്നുണ്െടങ്കിലും അയാളോടൊപ്പം തുടര്‍ന്നും ജീവിക്കുക എന്നത് സ്ത്രീയുടെ ചുമതലയാണെന്നു പലരും കരുതുന്നു. അതായത്, സ്ത്രീയുടെ സാമൂഹികമായ അംഗീകാരവും സമുദായത്തിലുള്ള സുരക്ഷിതത്വവും അനിവാര്യമായും വരുന്നത് വിവാഹിത എന്ന അവളുടെ പദവിയില്‍നിന്നാണെന്ന്.  ഇനി ഇത്തരം വിശ്വാസങ്ങളെ സ്വയം മറികടക്കാന്‍ സ്ത്രീക്ക് സാധിക്കുന്നു എന്നുതന്നെ വയ്ക്കുക. അപ്പോള്‍പോലും ഭര്‍ത്താവില്ലാത്ത, വിവാഹിതയായ മകളെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ മിക്കപ്പോഴും വിസമ്മതിക്കുന്നു. അതിനാല്‍ ഭര്‍ത്താവിന്റെ വീടുമായുള്ള ബന്ധം വിച്ഛേദിച്ചു വരുന്ന സ്ത്രീ തനിക്ക് എവിടെയും പോവാനില്ലാത്ത അവസ്ഥയുടെ കെണിയിലകപ്പെടുന്നു. വിദ്യാഭ്യാസമോ പ്രഫഷനല്‍ യോഗ്യതയോ ഇല്ലാത്തവളായിരിക്കാം അവള്‍. അതിന്റെ ഫലമായി സാമ്പത്തികമായി ഒറ്റയ്ക്ക് പിടിച്ചുനില്‍ക്കാം എന്ന ആത്മവിശ്വാസവും നഷ്ടപ്പെടുന്നു. അന്തിമമായി സ്വന്തം കുട്ടികളുടെ ക്ഷേമത്തിലുള്ള താല്‍പ്പര്യംമൂലം തീര്‍ത്തും അശക്തയായിത്തീരുന്നു അവള്‍. ഈ സാഹചര്യങ്ങളില്‍ അവള്‍ നിരന്തരമായ ഹിംസകള്‍ക്കും വിടുകളിലെ നിന്ദ്യമായ അവസ്ഥകള്‍ക്കും ചൂഷണങ്ങള്‍ക്കും സാമൂഹികമായ മുന്‍വിധികള്‍ക്കും സാമ്പത്തികമായ സുരക്ഷിതത്വമില്ലായ്മയ്ക്കും വഴങ്ങിക്കൊടുക്കേണ്ടിവരുന്നു. കഠിനവും ക്രൂരവുമായ തിരഞ്ഞെടുപ്പാണിത്. എന്നാല്‍, വീടുകളില്‍നിന്നുള്ള ഹിംസ ഇനിയും സ്വീകരിക്കാന്‍ വയ്യ എന്ന് ധൈര്യപൂര്‍വം നിലപാടെടുത്ത ചില സ്ത്രീകളുണ്ട്. അവര്‍ പുറംലോകത്തേക്കിറങ്ങിവരാറുണ്ട്; പലപ്പോഴും കുട്ടികള്‍ക്കൊപ്പം.
ഭര്‍ത്താക്കന്‍മാരാല്‍ ഉപേക്ഷിക്കപ്പെട്ടവരും പുറത്താക്കപ്പെട്ടവരുമാണു മറ്റു ചില സ്ത്രീകള്‍. എല്ലാ വര്‍ഗക്കാര്‍ക്കിടയിലും ഇവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. അതിനു ഭാഗികമായ കാരണം ആരും ഇത്തരക്കാരെ അറിയുന്നില്ല  എന്നതാണ്. മറ്റൊന്ന്, നഗരങ്ങളില്‍ സാമൂഹികനിയന്ത്രണങ്ങളിലുണ്ടായ തകര്‍ച്ചയും. ചില ഗ്രാമീണ സമൂഹങ്ങളില്‍പ്പോലും സ്ത്രീകളെ അത്തരത്തില്‍ നിരാലംബകളാക്കുന്നതിന് സാമൂഹികമായ അംഗീകാരമുണ്ട്. താരതമ്യേന പുരുഷന്‍മാര്‍ക്ക് നിയമപരമായോ സാമൂഹികമായോ ബാധ്യതകള്‍ കുറഞ്ഞ തലാഖ് സമ്പ്രദായംമൂലം മുസ്ലിം സ്ത്രീകള്‍ ഇത്തരം ദുരിതങ്ങള്‍ക്ക് കൂടുതല്‍ ഇരയാവുന്നു. മതനിയമങ്ങളെ പുരുഷകേന്ദ്രീകൃതമായി വ്യാഖ്യാനിക്കുന്നതുമൂലം ഭര്‍ത്താക്കന്‍മാരില്‍നിന്ന് ചെലവിനു കിട്ടുന്നതിനുള്ള അവരുടെ അവകാശങ്ങള്‍ ചോദ്യംചെയ്യപ്പെടുകയാണ്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്നുള്ള പീഡനങ്ങളില്‍നിന്നും അക്രമങ്ങളില്‍നിന്നും രക്ഷപ്പെട്ട സ്ത്രീകളും ഭര്‍ത്താക്കന്‍മാര്‍ പുറത്താക്കിയ സ്ത്രീകളും- ഇരുകൂട്ടരും പുരുഷാധിപത്യപ്രവണതകള്‍ നിലനില്‍ക്കുന്നതും തങ്ങളോട് ശത്രുത പലര്‍ത്തുന്നതുമായ ലോകത്ത് ഒറ്റയ്ക്കു പിടിച്ചുനില്‍ക്കുന്നതിന്റെ ആഘാതം അനുഭവിക്കുന്നവരാണ്. അതിനാല്‍ മനശ്ശാസ്ത്രപരമായും ശാരീരികമായും വിദ്യാഭ്യാസപരമായും അപര്യാപ്തതകള്‍ ഉള്ളവരാണ് അവര്‍.
പക്ഷേ, സന്തോഷവും പ്രത്യാശയും കൂടാതെയാണ് അവര്‍ അതു ചെയ്യുന്നത്. അടുത്തകാലത്ത് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകള്‍ 'ഏകല്‍ നാരി സംഘടന്‍' എന്ന പ്രസ്ഥാനത്തിനു കീഴില്‍ സംഘടിച്ചിട്ടുണ്ട്. സ്ത്രീകളുടേതായ ഈ സാഹോദര്യത്തില്‍ അവര്‍ ശക്തിയും ചങ്ങാത്തവും ഐക്യബോധവും പ്രത്യാശയും കണ്െടത്തിയിട്ടുണ്ട്.
സ്വന്തം ഇഷ്ടപ്രകാരമോ സാഹചര്യങ്ങളാലോ പുരുഷന്‍മാരുടെ പിന്തുണയില്ലാതെ ഒറ്റയ്ക്കു നില്‍ക്കുന്ന സ്ത്രീകളെ തങ്ങളുടേതായ നിബന്ധനകളനുസരിച്ച് ജീവിതം പടുത്തുയര്‍ത്തുന്ന കാര്യത്തില്‍ സഹായിക്കാന്‍ നമ്മുടെ നാട്ടിലെ എല്ലാ സംസ്കാരങ്ങള്‍ക്കും വൈമുഖ്യമാണുള്ളത്. ഈ സ്ത്രീകള്‍ പലപ്പോഴും ധീരമായി പ്രസ്തുത ദൌത്യം നിറവേറ്റുന്നു. 

------------------------------------------------------------------ഹര്‍ഷ് മന്ദര്‍------------------------------(സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിലെ ദീപാ സിന്‍ഹയോടൊപ്പം ചേര്‍ന്ന് എഴുതിയതാണ്   ഈ ലേഖനം.)

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"