2012, ഏപ്രിൽ 9, തിങ്കളാഴ്‌ച

വിദ്യാര്‍ഥിയുടെ രാഷ്ട്രീയദൌത്യം


വ്യക്തിയുടെ വസന്തകാലമാണു യൌവ്വനം. ചരിത്രനിര്‍മിതിക്കായുള്ള ശ്രമങ്ങളുടെ തുടക്കങ്ങളൊക്കെ സംഭവിച്ചിട്ടുള്ളത് യുവാക്കളില്‍നിന്നുമാണ്. സാമൂഹികമാറ്റത്തിന്റെ ചാക്രികപ്രക്രിയ ന്യൂട്ടന്റെ പ്രതിപ്രവര്‍ത്തനസിദ്ധാന്തത്തെ സാധൂകരിക്കുന്നുണ്ട്. ലോ ഓഫ് പേര്‍സിസ്റുവന്‍സ് ഭൌതികമണ്ഡലത്തില്‍ മാത്രമല്ല, സാമൂഹികമണ്ഡലത്തിലും സംഭവിച്ചിട്ടുണ്ട് അഥവാ, സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നാണു ചരിത്രവും വര്‍ത്തമാനവും നല്‍കുന്ന സൂചന. ഇവിടെ ആക്ഷനുകള്‍ എപ്പോഴും ഉണ്ടായിട്ടുള്ളത് വ്യവസ്ഥയുടെ ഭാഗത്തുനിന്നാണ്; റിയാക്ഷനുകള്‍ ഉണ്ടായിട്ടുള്ളത് യുവാക്കളില്‍നിന്നും. നിയമങ്ങളും അധികാരങ്ങളും ആയുധങ്ങളായി ഉപയോഗിച്ച വ്യവസ്ഥയ്ക്കെതിരേ ത്യാഗം കൊണ്ടും സമര്‍പ്പണം കൊണ്ടും പൊരുതിയാണ് ചരിത്രവായനയ്ക്കിടയിലെ ഇതിഹാസങ്ങള്‍ യുവാക്കള്‍ക്കു നിര്‍മിക്കാനായത്. 
തിന്മയ്ക്കെതിരേ കരമുയര്‍ത്തുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഇസ്രായേല്യരെന്ന വലിയൊരു സമൂഹത്തിനു നേരെ പൈശാചികതയ്ക്കു നേതൃത്വം നല്‍കിയ ഫറോവയുടെ ധിക്കാരത്തെ ചോദ്യംചെയ്യാന്‍ നിയുക്തനായ മോശയില്‍നിന്നു തുടങ്ങുന്ന ഈ നിഷേധത്തിന്റെ ചരിത്രം, സയണിസ്റ്റ് ഭീകരതയെ ചോദ്യംചെയ്യുന്ന ഫലസ്തീന്‍ ബാല്യങ്ങളിലൂടെ ഇന്നും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ചരിത്രനിര്‍മിതിക്കായി വിദ്യാര്‍ഥികള്‍ നടത്തിയ കലാപത്തിന്റെയും ധിക്കാരത്തിന്റെയും പ്രോജ്വല മുഹൂര്‍ത്തങ്ങള്‍ വരാനിരിക്കുന്ന വസന്തത്തിനായുള്ള പരിശ്രമങ്ങള്‍ക്ക് ഊര്‍ജവും ആവേശവുമായി ഇന്നും അവശേഷിക്കുന്നുണ്ട്. അധികം വിദൂരത്തല്ലാത്ത ചരിത്രത്തില്‍ പോലും നമുക്കിതു കാണാനാവുന്നു. പാരിസ്, ചൈന, ഇറാന്‍ തുടങ്ങി ആസ്വാദനസുഖവും കര്‍ണഹാരിതവുമായ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കു പിറകിലെ കഥയും തിരക്കഥയും സംവിധാനങ്ങളും നിര്‍വഹിച്ചത് വിദ്യാര്‍ഥികള്‍ അഥവാ യുവാക്കളായിരുന്നു. 


വിപ്ളവങ്ങളുടെ ചരിത്രപട്ടികയില്‍ മുന്തിയ സ്ഥാനത്തുനില്‍ക്കുന്ന ഫ്രഞ്ച് വിപ്ളവത്തിന്റെ തുടക്കം നിസ്സാരമായ ഒരു സംഭവത്തോടെയാണെങ്കിലും അധികം വൈകാതെ അതൊരു വലിയ മുന്നേറ്റമാവുകയായിരുന്നു. 1968 മാര്‍ച്ച് 22ന് പാരിസ് യൂനിവേഴ്സിറ്റി പോലിസ് സംഘം വളഞ്ഞതാണു തുടക്കം. കാംപസുകളിലെ സ്വതന്ത്രമായ രാഷ്ട്രീയചര്‍ച്ചകള്‍ക്കുമേല്‍ നിയന്ത്രണമായിരുന്നു ലക്ഷ്യം. കെട്ടിപ്പൊക്കിയ ചുവരുകള്‍ക്കുള്ളില്‍ ഫിസിക്സും കെമിസ്ട്രിയും മാത്തമാറ്റിക്സും പഠിക്കുന്നതോടൊപ്പം വിദ്യാര്‍ഥികള്‍ സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ ഇടപെട്ടുതുടങ്ങി. അധികാരത്തിന്റെ അരമനകളില്‍ മൃഷ്ടാന്നം ഭുജിച്ചിരുന്നവരുടെ അരുതായ്മകള്‍ സംബന്ധിച്ചു പാരിസ് യൂനിവേഴ്സിറ്റിയില്‍നിന്നു ചര്‍ച്ചകളും പ്രമേയങ്ങളും വന്നുതുടങ്ങിയപ്പോള്‍ ഭരണകൂടത്തിന് അത് അവസാനിപ്പിക്കേണ്ടിയിരുന്നു. ആ ശ്രമം പക്ഷേ, അതിശക്തമായ ഒരു മുന്നേറ്റത്തിനുള്ള തുടക്കമായി മാറുകയായിരുന്നു. 


ഒട്ടും വിഭിന്നമല്ലാത്ത ചരിത്രവര്‍ത്തമാനംതന്നെയാണു ചൈനയ്ക്കുമുള്ളത്. കമ്മ്യൂണിസ്റ്റ് ചൈനയില്‍ പോലും വിപ്ളവത്തിനായി വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയെന്നതില്‍ ചരിത്രപരമായ വൈരുധ്യമുണ്െടങ്കിലും സ്മരണീയമായ വിദ്യാര്‍ഥിമുന്നേറ്റമാണു ചൈനയിലും നടന്നത്. ഭരണം കമ്മ്യൂണിസ്റ്റായിരുന്നെങ്കിലും ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരേ ജനരോഷം ഉയരുകയായിരുന്നു. അരനൂറ്റാണ്ടു മുമ്പേ തന്നെ സോഷ്യലിസത്തില്‍നിന്നു കാപ്പിറ്റലിസത്തിലേക്ക് കമ്മ്യൂണിസ്റുകള്‍ തിരിഞ്ഞുനടക്കാന്‍ തുടങ്ങിയെന്നു സാരം. ഇതിനെതിരേ കമ്മ്യൂണിസ്റ് ആശയമുള്ള വിദ്യാര്‍ഥികള്‍തന്നെയാണ് സമരത്തിനു നേതൃത്വം നല്‍കിയത്. 


ടിയാനന്‍മെന്‍ ചത്വരത്തില്‍ ഒത്തുചേര്‍ന്ന പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ ഭരണകൂടത്തിന്റെ ജനവിരുദ്ധതയ്ക്കെതിരേ മുഷ്ടിയുയര്‍ത്തിയപ്പോള്‍ അവര്‍ക്കു നേരെ പോലിസ് വെടിയുതിര്‍ത്തു. വ്യത്യസ്ത കണക്കുകള്‍പ്രകാരം 1200 മുതല്‍ 3000 വിദ്യാര്‍ഥികളാണ് അന്നവിടെ പിടഞ്ഞുവീണത്. ടിയാനന്‍മെന്‍ സ്ക്വയര്‍ സംഭവമെന്നു പാഠപുസ്തകത്തില്‍ നാം വായിക്കുന്ന ചരിത്രമുന്നേറ്റത്തിനു നായകത്വം വഹിക്കാന്‍ യുവാക്കള്‍ക്കുണ്ടായിരുന്ന പ്രേരണ തിന്മയ്ക്കെതിരായ അവബോധം തന്നെയായിരുന്നു. 


തെഹ്റാന്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ആളിക്കത്തിയ രോഷാഗ്നി 1979കളില്‍ ഇറാനിലെ ഭരണമാറ്റത്തിനു വഴിയൊരുക്കിയെന്നതും വിദ്യാര്‍ഥിയുടെ രാഷ്ട്രീയ ഇടപെടലുകളെയാണു സൂചിപ്പിക്കുന്നത്. രിസാഷാ പഹ്ലവിയുടെ സാമ്രാജ്യത്വവിധേയ ഭരണത്തിനെതിരേ വിപ്ളവത്തിനു നേതൃത്വം നല്‍കുമ്പോള്‍ വിദ്യാര്‍ഥികളുടെ ലക്ഷ്യം സ്വന്തം രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുക മാത്രമായിരുന്നു. 


തിന്മയുടെ കാളകൂടം നിറഞ്ഞൊഴുകുന്ന ഇന്ത്യന്‍ വര്‍ത്തമാനത്തോട് വിദ്യാര്‍ഥിയുടെ പ്രതികരണം താരതമ്യേന നിസ്സാരമാണെന്നു തന്നെ പറയാം. രാജ്യത്തെ ജനാധിപത്യത്തിനു കാവല്‍ നില്‍ക്കാന്‍ ബാധ്യതയുള്ള വിദ്യാര്‍ഥിസംഘടനകള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ചട്ടുകങ്ങളാണിന്ന്. സ്വന്തം രാഷ്ട്രീയ കരിയര്‍ വളര്‍ത്താനുള്ള ഉപാധി മാത്രമാണിന്നു മുഖ്യധാരാ വിദ്യാര്‍ഥിസംഘടനയുടെ പ്രവര്‍ത്തന ദൌത്യം. ദേശീയതലത്തില്‍ ശക്തമായ വിദ്യാര്‍ഥിമുന്നേറ്റം നമുക്കിന്നു കാണാനാവുന്നില്ല. ചില തുരുത്തുകളില്‍ മാത്രമേ വിദ്യാര്‍ഥികളുടെ സംഘടനാപ്രവര്‍ത്തനം കാണുന്നുള്ളൂ. 


സമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള എളുപ്പമാര്‍ഗം കാംപസുകളെ അരാഷ്ട്രീയവല്‍ക്കരിക്കലാണെന്ന മുതലാളിത്തതന്ത്രം ഇവിടെ വിജയിച്ചുകൊണ്ടിരിക്കുന്നു. വിദ്യാര്‍ഥിയുടെ ചിന്തയും കഴിവുകളും എന്തിനേറെ, അവന്റെ സര്‍ഗാത്മകതപോലും അക്കാദമികകാര്യങ്ങളില്‍ തളച്ചിട്ടിരിക്കുകയാണിന്ന്. അറിവു നേടലോ പ്രബുദ്ധത കൈവരിക്കലോ അല്ല ഇന്നു പഠനത്തിന്റെ ലക്ഷ്യം. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങലാണ്. കുടുംബം, സുഹൃത്തുക്കള്‍, സമൂഹം തുടങ്ങിയവയൊക്കെ ഈ പരിശ്രമത്തിനിടയില്‍ വിദ്യാര്‍ഥിക്ക് ഒഴിവാക്കേണ്ടിവന്നു. ഒരുപക്ഷേ, സാമൂഹികബോധവും. 


പട്ടിണി, പോഷകാഹാരക്കുറവ്, നിരക്ഷരത, തൊഴിലില്ലായ്മ, അഴിമതി, സാമ്രാജ്യത്വവിധേയത്വം തുടങ്ങി കലുഷിതമായ രാഷ്ട്രവര്‍ത്തമാനങ്ങള്‍ നമ്മുടെ കാംപസുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരു വിഷയമല്ലാതായിരിക്കുന്നു. 45 ശതമാനത്തോളം കുട്ടികളും നിരക്ഷരരായി കഴിയുന്ന ഇന്ത്യയില്‍ വിദ്യാഭ്യാസത്തിന് നീക്കിവയ്ക്കുന്ന ബജറ്റ് വിഹിതം മൂന്നുശതമാനത്തില്‍ താഴെയാണ്. രാജ്യത്തിന്റെ വാര്‍ഷിക ബജറ്റിന്റെ 40 ശതമാനം ചെലവഴിക്കുന്നത് പ്രതിരോധമേഖലയ്ക്കാണ്. ഭീകരമായ ഈ യാഥാര്‍ഥ്യങ്ങള്‍ നമ്മുടെ യുവാക്കള്‍ക്കും കാംപസുകള്‍ക്കും ചര്‍ച്ചയാവുന്നില്ല എന്നതു ഖേദകരമാണ്. സ്വതന്ത്രമായ നിലപാടെടുക്കുന്നതില്‍ നിന്നും തിന്മയ്ക്കെതിരേ ശബ്ദിക്കുന്നതില്‍നിന്നും വിദ്യാര്‍ഥികളെ തടയുന്നത് മാതൃരാഷ്ട്രീയപ്രസ്ഥാനങ്ങളാണ്. ഡല്‍ഹി ഒഴികെ കാംപസ് രാഷ്ട്രീയത്തിന് അല്‍പ്പമെങ്കിലും ജീവനുള്ള പശ്ചിമബംഗാള്‍, ബിഹാര്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ നമുക്കിതു കാണാനാവും. സ്വന്തം ഫോട്ടോ പ്രദര്‍ശിപ്പിച്ച് 'നേതാജി' പരിവേഷം ഉണ്ടാക്കിയെടുത്ത് അധികാരക്കസേരകളിലേക്കു കയറിപ്പോവാനുള്ള എളുപ്പവഴിയാണിന്ന് മുഖ്യധാരാ വിദ്യാര്‍ഥിസംഘടനകള്‍. ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനകളും ഇതില്‍നിന്നു വിഭിന്നമല്ല. പകരം വരുന്നത് റാഡിക്കല്‍ ലെഫ്റ്റിസ്റ്റുകളാണ്- തീവ്ര ഇതുപക്ഷക്കാര്‍. 


സെമിനാറുകളും സിംപോസിയങ്ങളും നടത്തി പുതിയ പ്രഭാഷകരെ ഉണ്ടാക്കിയെടുക്കുകയോ ഉള്ളവരുടെ കഴിവു തെളിയിക്കാന്‍ അവസരം നല്‍കുന്നതിലോ കവിഞ്ഞ് അരുതായ്മകള്‍ക്കെതിരേ കലഹമുയര്‍ത്തുന്നതില്‍ അവര്‍ക്കും വലിയ താല്‍പ്പര്യമില്ല. ചാരുകസേരവിപ്ളവത്തില്‍ അഭിരമിച്ചിരിക്കുകയാണവര്‍. ഇടകീറി പരിശോധിച്ചാല്‍ റാഡിക്കല്‍ ലെഫ്റ്റിസ്റ്റുകളും വ്യവസ്ഥയുടെ ഭാഗമാണെന്നോ ചുരുങ്ങിയപക്ഷം അവരുടെ താല്‍പ്പര്യത്തിന്റെ കൂടെയാണെന്നോ നമുക്കു കാണാനാവും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഡല്‍ഹി വ്യത്യസ്തമാവുന്നതും ഇവരുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ടാണ്. ഇന്നു മംഗലാപുരത്തു ചേരുന്ന കാംപസ് ഫ്രണ്ട് പ്രതിനിധി സമ്മേളനം ഇത്തരം വിഷയങ്ങളാണു ചര്‍ച്ചചെയ്യുന്നത്.

സി എ റഊഫ്  (കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറിയാണു ലേഖകന്‍.)







അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"