2012, നവംബർ 19, തിങ്കളാഴ്‌ച

പാവം മാനവഹൃദയം



കവികള്‍ പാടുന്നത് ഇന്നത്തെ ലോകത്തിനുവേണ്ടിയല്ല, ഭാവിയിലേക്കു കണ്ണയച്ചുകൊണ്ടാണ്. കാലമുരുളുമ്പോഴല്ലേ അതിന്റെ സത്യം ബോധ്യപ്പെടുക. സുഗതകുമാരി ടീച്ചര്‍ എഴുതിയ 'പാവം മാനവഹൃദയ'മെന്ന കവിത വായിച്ചപ്പോഴൊന്നും തന്നെ, 'ഒരു താരക കാണുമ്പോഴത് രാവുമറക്കും, പുതുമഴ കാണ്‍കെ വരള്‍ച്ച മറക്കു'മെന്നൊക്കെയുള്ള വരികള്‍ കേരളരാഷ്ട്രീയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നോ, ഇപ്പോള്‍ നാടുഭരിക്കുന്ന മുന്നണിയിലെ രണ്ടാംകക്ഷിയായ മുസ്ലിംലീഗിന്റെ മനസ്സിലേക്കു വെളിച്ചം പായിക്കുമെന്നോ ഞാന്‍  അശേഷം നിരീച്ചിരുന്നില്ല. ഒരു വാരിക കാണുമ്പോഴേക്കും ടീച്ചര്‍ സ്വന്തം മാസികയായ തളിര് മറക്കുമെന്നും പുതുതായി കണ്ട വാരികയിലേക്കു കവിത അയക്കുമെന്നും മറ്റും വിചാരിക്കാന്‍ മാത്രമേ വളര്‍ന്നിട്ടുണ്ടായിരുന്നുള്ളൂ അന്ന് എന്‍റെ വികടബുദ്ധി. 
ഒരു താരക കാണുമ്പോള്‍ മനുഷ്യന്‍ രാവുമറക്കുമെന്നും പുതുമഴ കാണ്‍കെ വരള്‍ച്ച മറക്കുമെന്നും അങ്ങനെയങ്ങനെ നല്ലതോരോന്നും കാണുമ്പോള്‍ കെട്ടതെല്ലാറ്റിനെയും മറക്കുമെന്നാണ് സുഗതകുമാരി ടീച്ചറുടെ കവിതയുടെ അര്‍ഥം. യു.ഡി.എഫിലെ രണ്ടാംകക്ഷിയായ മുസ്ലിംലീഗിനെ സംബന്ധിച്ചിടത്തോളം എത്രമാത്രം സാര്‍ഥകമാണ് ഈ വരികള്‍. കാസര്‍കോട്ടു വച്ച് കേന്ദ്രമന്ത്രി എ കെ ആന്റണി കുഞ്ഞാലിക്കുട്ടിയെയും വ്യവസായവകുപ്പിനെയും പറ്റി രണ്ടു നല്ലവാക്കു പറഞ്ഞപ്പോഴേക്കും ലീഗ്, തലേന്നു ബ്രഹ്മോസിന്റെ പരിപാടിയില്‍ വച്ച് അദ്ദേഹം തൊടുത്തുവിട്ട വിമര്‍ശന ബ്രഹ്മാസ്ത്രങ്ങളെല്ലാം മറന്നു. കുഞ്ഞാലിക്കുട്ടി ആള്‍ മിടുക്കനാണെന്ന് അങ്ങേര്‍ സൂചിപ്പിച്ചതേയുള്ളൂ, എളമരം കരീം മിടുമിടുക്കനാണെന്നു പറഞ്ഞതത്രയും മറന്നു.  അന്തോണിയച്ചായന്‍ പിശുക്കി പിശുക്കി രണ്ടുവാക്കു പറഞ്ഞപ്പോഴേക്കും കിളുന്തുപോലുള്ള ലീഗിന്റെ മനസ്സ് കുളിര്‍ന്നലിഞ്ഞു. അവര്‍ എല്ലാം മറന്നു. ഇ ടി മുഹമ്മദ് ബഷീര്‍ പറയുന്നത്, എല്ലാം പാര്‍ട്ടി ക്ഷമിച്ചുവെന്നാണ്. പാവം, പാര്‍ട്ടിഹൃദയം!
ഇങ്ങനെ ഏതു കുറ്റവും മറക്കുകയും പൊറുക്കുകയും ചെയ്യുന്ന പ്രവിശാലമായൊരു മാതൃഹൃദയം മുസ്ലിംലീഗിന് ഉണ്ടന്നുള്ളത് മാലോകര്‍ക്കെല്ലാം പണ്ട അറിയാവുന്ന കാര്യമാണ്. അതുകൊണ്ടാണല്ലോ ബാബരി മസ്ജിദ്, തറയടക്കം മാന്തിപ്പൊളിച്ച് കല്ലും കട്ടയും വരെ കോരിയെടുക്കുന്നത് ചുമ്മാ നോക്കിയിരുന്ന നരസിംഹറാവുവിനോടും കോണ്‍ഗ്രസ്സിനോടും പാര്‍ട്ടി ക്ഷമിച്ചതും ആ ചെയ്തി മറന്നതും. അന്നേരം പാര്‍ട്ടി കണ്ടത് ഒരു താരകയല്ല, ഒന്നിലേറെ അധികാരക്കസേരകളാണ്. നാട്ടിലെ മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദികളെന്ന് ആരോപിച്ചു ജയിലിലടയ്ക്കുന്നതും അവരെ ഒടിയും തൊലിയുമല്ലാതാക്കുന്ന തരത്തില്‍ പീഡിപ്പിക്കുന്നതും പാര്‍ട്ടി മറന്നത്, കേന്ദ്രത്തില്‍ കിട്ടാനിടയുള്ള കാബിനറ്റ് മന്ത്രിസ്ഥാനം കണ്ടാണ്. നരേന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍, സംവരണ അട്ടിമറി- ഇങ്ങനെ എന്തെല്ലാം പാര്‍ട്ടി മറന്നു. ഒന്നു കാണുമ്പോള്‍ പാര്‍ട്ടി രണ്െടണ്ണം മറക്കും; അതാണ് ഇതപ്പര്യന്തമുള്ള പാര്‍ട്ടിയുടെ ചരിത്രം. ആന്റണി പറഞ്ഞതെല്ലാം മുസ്ലിംലീഗ് തീര്‍ത്തും മറന്നുകഴിഞ്ഞത് അങ്ങനെയാണ്. ശരിക്കും സുഗതകുമാരി ടീച്ചര്‍ പറഞ്ഞതുപോലെ തന്നെ, പാവം മാനവഹൃദയം. 
എന്നാല്‍, കവികളുടെ ക്രാന്തദര്‍ശിത്വത്തെപ്പറ്റി പറഞ്ഞ് അങ്ങനെയങ്ങ് ആശ്വസിക്കാന്‍ എനിക്ക് കഴിയുന്നില്ല കേട്ടോ.. പണ്ട തന്നെ മുസ്ലിംലീഗിന്റെയും കുഞ്ഞാലിക്കുട്ടി സഹിബിന്റെയും പോക്കുകണ്ടപ്പോള്‍ കണ്ണന് ഉള്ളിലൊരു ആന്തലുണ്ടായതാണ്. പുകക്കുഴല്‍വ്യവസായങ്ങള്‍ പാടില്ലെന്ന കുഞ്ഞാലിക്കുട്ടി സാഹിബിന്റെ പ്രസംഗം, ഫ്ളക്സ് ബോര്‍ഡുകള്‍ക്കെതിരായ ഹൈദരലി ശിബാബ് തങ്ങളുടെ മുന്നറിയിപ്പ്, പാരിസ്ഥിതികപ്രശ്നങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കുമെന്ന ബഷീര്‍ സാഹിബിന്റെ നയപ്രഖ്യാപനം, നാട്ടുപച്ച എന്ന പേരില്‍ കാടും മലയും പുഴയും സംരക്ഷിക്കാന്‍ വേണ്ടി ഹരിതസേനയുണ്ടാക്കുമെന്ന സ്റേറ്റ് കമ്മിറ്റി തീരുമാനം, പാടം നികത്തുന്നതിനും മലയിടിക്കുന്നതിനും എതിരായുള്ള കെ എം ഷാജിയുടെ ബ്ളോഗ്- എല്ലാംകൂടി മുസ്ലിംലീഗിന്, പരിസ്ഥിതി തലയ്ക്കുപിടിച്ചു തുടങ്ങിയത് കണ്ടപ്പോഴേ ഉണ്ടായതാണ് ഈ ആന്തല്‍. ലീഗുകാരായ ലീഗുകാരെല്ലാം ഒറ്റവൈക്കോല്‍ വിപ്ളവവും നിശ്ശബ്ദവസന്തവും സ്മോള്‍ ഈസ് ബ്യൂട്ടിഫുളും വായിച്ചു പുളകമണിയുകയും ഷുമേക്കറെപ്പറ്റിയും റേച്ചല്‍ കാര്‍സനെപ്പറ്റിയും ഫുക്കുവോക്കയെപ്പറ്റിയും സംസാരിക്കുകയും മരം നടാനും കുളം കുഴിക്കാനും പോവുകയും ചെയ്യുമോ എന്നുപോലും തോന്നിപ്പോയി അന്നത്തെ ആ ഊക്കുകണ്ടപ്പോള്‍. സി ആര്‍ നീലകണ്ഠനും ഡോ. അച്യുതനുമൊക്കെ കോളടിച്ചല്ലോ എന്നും കരുതി. പക്ഷേ, സംഗതി കൈവിട്ടുപോവുമെന്നും കളി കാര്യമാവുമെന്നുമായിരുന്നു അപ്പോഴും ഉള്ളിലെ ഭീതി. അങ്ങനെയങ്ങു പച്ചയായാല്‍ കേന്ദ്രത്തിലിരിക്കുന്ന മന്‍മോഹന്‍സിങ് സമ്മതിക്കുമോ, വികസനം വേണ്ട പരിസ്ഥിതി മതിയെന്നു പറഞ്ഞാല്‍ പുലിയായി നില്‍ക്കുന്ന കുഞ്ഞാപ്പ എലിയായിപ്പോവില്ലേ എന്നൊക്കെയായിരുന്നു എന്‍റെ  ശങ്ക. അന്തോണിച്ചായന്‍ കാര്യം കാര്യമായിത്തന്നെ കണക്ക് തീര്‍ത്തുപറഞ്ഞപ്പോള്‍, ആശങ്ക അസ്ഥാനത്തല്ലെന്നും തെളിഞ്ഞു. കേന്ദ്രത്തിലിരിക്കുന്നവര്‍ക്കു വേണ്ടത് ഒന്നാന്തരം വികസനമാണ്, ആ വികസനം സാധിച്ചെടുക്കാന്‍ അവര്‍ ആണവനിലയമുണ്ടാക്കും, എന്‍ഡോസള്‍ഫാന്‍ തളിക്കും, കുന്നിടിക്കും, കരിമണല്‍ കടത്തും, പാടം നികത്തും, പുഴ വറ്റിക്കും, എന്തും ചെയ്യും; ആ സമയത്ത് പച്ചയെന്നും പരിസ്ഥിതിയെന്നും പുകക്കുഴലെന്നും പറഞ്ഞ് ശകുനംമുടക്കരുത്. കേന്ദ്രത്തിനു വേണ്ടത് അവിടെ മഴപെയ്യുമ്പോള്‍ ഇവിടെ കുടപിടിക്കുന്ന വ്യവസായമന്ത്രിയാണ്. തെങ്ങിന്‍മണ്ടയിലാണോ വ്യവസായം എന്നാണ് അങ്ങേര്‍ ചോദിക്കേണ്ടത്, പുകക്കുഴല്‍വ്യവസായം വേണ്ടന്നു പറയുകയല്ല. സഞ്ചിയും തൂക്കിനടക്കുന്ന പരിസ്ഥിതിക്കാരെ കണക്കിനു കളിയാക്കുകയാണ് മന്ത്രി ചെയ്യേണ്ടത്; പാര്‍ട്ടിക്കു ഹരിതസേനയുണ്ടാക്കുകയല്ല. അതായത്, കേന്ദ്രത്തിന്റെ സങ്കല്‍പ്പത്തിലുള്ള ഐഡിയല്‍ വ്യവസായമന്ത്രി എളമരം കരീമാണ്, കുഞ്ഞാലിക്കുട്ടി സാഹിബല്ല. കരീമിന് കേന്ദ്രം നൂറില്‍ നൂറ് മാര്‍ക്കും നല്‍കുമെന്നു നേര്. പട്ടാങ്ങുകാരനായതിനാലും മുമ്പും ഇത്തരം സത്യങ്ങള്‍ തുറന്നുപറഞ്ഞു ശീലമുള്ള ആളായതിനാലും അന്തോണിച്ചായന്‍ നേരേചൊവ്വേയങ്ങു പറഞ്ഞു. പണ്ട് ഗുവാഹത്തിയിലെ എ.ഐ.സി.സി സമ്മേളനവേദിയില്‍ വച്ച് ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ചതും പിന്നീട് ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തെ അനുസരിക്കണമെന്നു പറഞ്ഞതുമൊക്കെ ഇതേ അച്ചായന്‍തന്നെയാണല്ലോ. ഇതും അക്കൂട്ടത്തിലൊരു നേര്. പക്ഷേ, പറഞ്ഞുവന്നപ്പോള്‍ എളമരം കരീം പുലിയും കുഞ്ഞാപ്പ പൂച്ചയുമായി എന്നേയുള്ളു. അതിന് ഇപ്പോള്‍ കരഞ്ഞിട്ടു കാര്യമില്ല. കാസര്‍കോട്ടെ പുതുമഴ കാണ്‍കെ തിരുവനന്തപുരത്തെ വരള്‍ച്ച മറക്കുക മാത്രം ശരണം. 
നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"