.jpg)
പ്രസംഗം ഒരു കലയാണ്. വശ്യമായ ശൈലിയില്‍ പ്രസംഗിച്ച് ആവേശം നല്‍കുന്ന നേതാക്കളെ അണികള്‍ക്കു പൊതുവേ ഇഷ്‌ടമാണ്. പ്രതിസന്ധികളില്‍ ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്ന അത്തരക്കാര്‍ക്കു പൊതുവേ നല്ല ഡിമാന്‍ഡും തിരക്കുമാണ്. എന്നാല്‍ അടുത്ത കാലത്ത്, പ്രസംഗകലയിലൂടെ ആവേശം പകര്‍ന്നു നല്‍കുന്ന ചില നേതാക്കള്‍ തുടരെത്തുടരെ വെട്ടിലായിക്കൊണ്ടിരിക്കുകയാണ്.
മാര്‍ക്ക് ആന്റണിയുടെ പ്രസംഗം പോലെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്ന സുപ്രസിദ്ധ പ്രസംഗങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിലും അടുത്ത കാലത്തായി അരങ്ങു തകര്‍ക്കുകയാണ്. എം.വി. ജയരാജനും എളമരം കരീമും ടി.കെ. ഹംസയും എം.എം. മണിയും പി.കെ. ബഷീറുമൊക്കെ പ്രസംഗം കൊണ്ടു പൊല്ലാപ്പ് പിടിച്ച നേതാക്കന്മാരായി. ജനത്തെ കാണുമ്പോള്‍ എരിവും പുളിയും ഭീഷണിയും തമാശയുമൊക്കെയായി കത്തിക്കയറുന്ന പ്രാസംഗികര്‍ ഇപ്പോള്‍ ജാമ്യക്കാരെ തേടിയുള്ള നെട്ടോട്ടത്തിലാണ്.
രണ്ടാം തവണയാണ് പി.കെ. ബഷീറിന്റെ പ്രസംഗം അദ്ദേഹത്തിനു പുലിവാലായത്. 2008 ല്‍ അധ്യാപകനെ ചവിട്ടിക്കൊന്ന കേസിനെ ബന്ധപ്പെടുത്തി സാക്ഷികളെ ഭീഷണിപ്പെടുത്തി എന്ന പേരിലെടുത്ത കേസ് യു.ഡി.എഫ്. പിന്‍വലിച്ചത് ഏറെ വിവാദമായിരുന്നു. എന്നാല്‍ അന്നത്തെ പ്രസംഗവുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂണ്‍ മൂന്നിലെ പ്രസംഗം അത്ര ഘനഗംഭീരമായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിയാക്കിയിരിക്കുന്നു. മലപ്പുറം ജില്ലയിലെ കീഴ്‌പറമ്പ് പഞ്ചായത്തില്‍ കുനിയില്‍ നടന്ന ഇരട്ടക്കൊലപാതകത്തിലാണു പി.കെ. ബഷീര്‍ എന്ന ജനപ്രതിനിധിയെ യു.ഡി.എഫ്. പോലീസ് പ്രതിയാക്കിയത്.
കൊല്ലും കൊലയും ചോരചിന്തലും നിലയ്‌ക്കാത്ത ഒരു നാടായി നമ്മുടെ നാട് മാറിക്കഴിഞ്ഞിരിക്കുന്നു. കാരണങ്ങള്‍ എന്തായാലും ഒരു കൊലപാതകവും നീതീകരിക്കാവതല്ല. ജനുവരിയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കത്തില്‍ അതീഖ് റഹ്‌മാന്‍ എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ആ കൊലക്കേസിലെ പ്രതികളാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അബൂബക്കറും ആസാദും. രണ്ടു പേരും റിമാന്‍ഡ് കാലാവധി അവസാനിച്ച് പുറത്തിറങ്ങിയവരായിരുന്നു. അതീഖിന്റെയും ആസാദിന്റെയും അബൂബക്കറിന്റെയും കൊലപാതകങ്ങള്‍ക്കു പിന്നില്‍ രാഷ്‌ട്രീയ കാരണങ്ങളുണ്ടായിരുന്നില്ല. കൊല്ലപ്പെട്ടവര്‍ക്കും പ്രതികളാക്കപ്പെട്ടവര്‍ക്കും വ്യക്‌തമായ രാഷ്‌ട്രീയ ചായ്‌വുള്ളതിനാല്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്വയം വക്കാലത്ത് ഏറ്റെടുത്തു രംഗത്തുവന്നതാണ്. മൂന്നു വിലപ്പെട്ട ജീവന്‍ നഷ്‌ടപ്പെട്ടതിലുള്ള കടുത്ത ദുഃഖത്തിലാണ് കുനിയില്‍ എന്ന ഏറനാടന്‍ ഗ്രാമം. ഇനിയൊരു കൊല ആവര്‍ത്തിക്കപ്പെടരുതെന്ന നിഷ്‌കളങ്കമായ പ്രാര്‍ഥനയോടെ കഴിയുകയാണ് അന്നാട്ടുകാര്‍. എന്നാല്‍ രാഷ്‌ട്രീയ നേതൃത്വങ്ങളുടെ അമിതാവേശത്തോടെയുള്ള ഇടപെടലിലൂടെ വാശിയേറി ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമോയെന്ന ആശങ്ക ആ ഗ്രാമീണ ജനതയെ അലട്ടുന്നുണ്ട്.
വിവാദങ്ങള്‍ കൊഴുപ്പിച്ചുനിര്‍ത്തുന്നതില്‍ ഇടതു കേന്ദ്രങ്ങള്‍ കാണിക്കുന്ന താല്‍പര്യം പ്രതിരോധത്തില്‍ നിന്നു പ്രത്യാക്രമണത്തിലേക്കു കടക്കാനുള്ള കുറുക്കുവഴിയാണ്. ഈ മൂന്നു കൊലപാതകങ്ങളും ഒഴിവാക്കപ്പെടേണ്ട സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനു പകരം സംഭവാനന്തരം രാഷ്‌ട്രീയ ലക്ഷ്യത്തിനുവേണ്ടി പരസ്‌പരം മല്‍സരിക്കുന്നത് സമാധാനപൂര്‍ണമായ അന്തരീക്ഷമല്ല ഒരുക്കുക. ഏത് അനിഷ്‌ടകരമായ സംഭവങ്ങളുടെയും രണ്ടാം ഭാഗത്തെ ആസ്‌പദമാക്കി ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും അതിനു പിന്നാലെ നീങ്ങുന്നതിനുമാണ് പൊതുവേ നമുക്കിടയില്‍ താല്‍പര്യം കാണുന്നത്. സംഘര്‍ഷങ്ങളുടെയും കൊലപാതകങ്ങളുടെയും കലാപങ്ങളുടെയും ആദ്യഹേതുവിലേക്കു ഗൗരവമായ ചര്‍ച്ചകള്‍ വരാതിരിക്കുന്നതു മൂലവും നടപടികള്‍ വൈകുന്നതു മൂലവും നീതി വൈകിയെത്തുന്നതു മൂലവും അസ്വസ്‌ഥതകള്‍ പടരുകയും വന്‍ വിപത്തുകള്‍ സംഭവിക്കുകയും ചെയ്‌ത ഒത്തിരി അനുഭവങ്ങള്‍ നമുക്കു മുന്നിലുണ്ട്.
സന്ദര്‍ഭോചിതമായി ഇടപെടല്‍ നടത്തേണ്ട കേന്ദ്രങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട ഏജന്‍സികളും കാട്ടുന്ന അലംഭാവമാണ് ഇത്തരം അനിഷ്‌ടസംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നത്. രാഷ്‌ട്രീയ ലാഭനഷ്‌ടങ്ങള്‍ കണക്കാക്കി പ്രശ്‌നങ്ങളെ സമീപിക്കുന്നുവെന്നതാണ് നാം അഭിമുഖീകരിക്കുന്ന വലിയ ദുര്യോഗം.
കുനിയിലെ ദാരുണമായ കൊലപാതകങ്ങളെ ഭരണപ്രതിപക്ഷ കക്ഷികള്‍ സമീപിച്ചതും ആ നിലയ്‌ക്കാണ്. രണ്ടു പേരുടെ മരണത്തെ ഉയര്‍ത്തിക്കാട്ടി വാര്‍ത്താസമ്മേളനം നടത്തിയ ഇടത് എം.എല്‍.എമാര്‍ ആദ്യകൊലപാതകത്തെ നിസാരവല്‍ക്കരിക്കുന്ന നിലപാടു സ്വീകരിച്ചപ്പോള്‍ ഭരണപക്ഷഭാഗം നേരത്തേ നടന്ന കൊലപാതകത്തിന്റെ പ്രതികാരമായി ഇതിനെ അവതരിപ്പിക്കാനാണു ശ്രമിക്കുന്നത്.
ആഭ്യന്തര പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സി.പി.എമ്മിനു നിയമസഭാസമ്മേളന വേളയില്‍ വീണുകിട്ടിയ വല്ലാത്ത ആശ്വാസമാണ് ഈ ഇരട്ടക്കൊലപാതകം. ഒന്നര മാസത്തിനുശേഷം സി.പി.എം. കേന്ദ്രങ്ങള്‍ ഒരു നെടുവീര്‍പ്പിട്ട് തുടങ്ങിയിരിക്കുന്നു. ഇതുവരെ പ്രതിരോധത്തിലായിരുന്ന സി.പി.എമ്മിന്റെ ആക്രമണങ്ങളില്‍ ഇപ്പോള്‍ യു.ഡി.എഫ്. കേന്ദ്രങ്ങള്‍ വിയര്‍ക്കാനും തുടങ്ങി. പി.കെ. ബഷീര്‍ പ്രതിയായപോലെ കെ.കെ. ജയചന്ദ്രനും ഒരു കൊലക്കേസില്‍ പ്രതിയാണ്. എന്നാല്‍ ആദ്യ ദിവസങ്ങളില്‍ സഭയിലുണ്ടായിരുന്ന ജയചന്ദ്രനെ കഴിഞ്ഞ ദിവസം മാറ്റിനിര്‍ത്തി സി.പി.എം. പ്രത്യാക്രമണം നടത്തുന്നത് മുന്‍കൂട്ടിക്കാണാന്‍ യു.ഡി.എഫിനു സാധിച്ചില്ല.
32 ദിവസത്തേക്കാണ് പതിമൂന്നാം നിയമസഭയുടെ അഞ്ചാം സമ്മേളനം നിശ്‌ചയിച്ചിരിക്കുന്നത്. ആദ്യദിനങ്ങളില്‍ തന്നെ ഇറങ്ങിപ്പോക്കും ബഹളങ്ങളും തുടങ്ങി. ബജറ്റിന്മേലുള്ള ധനാഭ്യര്‍ഥനയും വോട്ടെടുപ്പും ഉപധനാഭ്യര്‍ഥനകളും നിയമനിര്‍മാണവുമെല്ലാം നടപ്പുസമ്മേളന അജന്‍ഡയിലുണ്ട്. എന്നാല്‍ ഇതിനൊക്കെ കാര്യക്ഷമമായി എത്ര ദിവസവും സമയവും ലഭിക്കുമെന്നതു കണ്ടുതന്നെ അറിയണം. വര്‍ഷത്തില്‍ നൂറുദിനമെങ്കിലും സഭ ചേര്‍ന്നിരിക്കണമെന്നതു പലപ്പോഴും പാലിക്കാന്‍ നമ്മുടെ സംസ്‌ഥാനത്തിനു കഴിയാറില്ല. പ്രതിഷേധങ്ങളും പ്രതികരണങ്ങളും വിമര്‍ശനങ്ങളുമെല്ലാം ജനാധിപത്യ സംവിധാനത്തിലെ ആരോഗ്യപരമായ ഘടകങ്ങള്‍ തന്നെയാണ്.
നിയമനിര്‍മാണ സഭയുടെ അധികാരങ്ങളും പ്രാധാന്യവും ഏറെ വലുതാണെന്ന് ഉത്തമബോധ്യമുള്ളവര്‍ തന്നെയാണ് ഭരണ, പ്രതിപക്ഷ ബെഞ്ചുകളില്‍ ഇരിക്കുന്നത്. എല്ലാറ്റിലും ഭരണപക്ഷത്തെ എതിര്‍ക്കണമെന്നതു പ്രതിപക്ഷം നിര്‍ബന്ധ ബാധ്യതയായി കണക്കാക്കുന്നതും ഒന്നിനും വഴങ്ങിക്കൊടുത്തുകൂടെന്ന ഭരണപക്ഷ നിലപാടും ഒരുപോലെ തിരുത്തപ്പെടേണ്ട സമീപനങ്ങളാണ്. വിഷയങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും തിരുത്തുന്നതിനും വേണ്ടി നടത്തുന്ന പ്രതികരണങ്ങള്‍ക്ക് അപ്പുറത്തേക്കാണു കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. പൊതുജനങ്ങള്‍ അഭിമുഖീകരിക്കുന്ന നൂറുകണക്കിനു പ്രശ്‌നങ്ങള്‍ക്ക് ഒന്നിച്ചു പരിഹാരം കാണേണ്ട പൊതു പ്ലാറ്റ്‌ഫോമില്‍ പരസ്‌പര മേല്‍ക്കൈയ്‌ക്കു വേണ്ടി നടത്തുന്ന ശ്രമത്തിലൂടെ പൊതുഖജനാവിന് ഇരുകൂട്ടരും ചേര്‍ന്നു നഷ്‌ടപ്പെടുത്തുന്നത് കോടികളാണ്. ഏറെ മാന്യതയും അന്തസും കല്‍പ്പിക്കപ്പെടുന്ന സഭാവേദികളുടെ പവിത്രത ഇകഴ്‌ത്തപ്പെടുകയും ജനമനസുകളില്‍ തെറ്റായ ധാരണകള്‍ സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തുകൊണ്ടിരിക്കുന്നത് ഗൗരവത്തില്‍ കാണേണ്ടതുണ്ട്.
പി.കെ. ബഷീറിനെ സഭയിലിരുത്തി മുന്നോട്ടു പോകാനാവില്ലെന്ന പ്രതിപക്ഷ ആവശ്യം രാഷ്‌ട്രീയ ന്യായമാകാം. എന്നാല്‍ സഭാധ്യക്ഷനു വഴങ്ങാതെ തുടര്‍ച്ചയായി നടപടികള്‍ തടസപ്പെടുത്തുന്നത് മാന്യമായ സമീപനമായി തോന്നുന്നില്ല. ചട്ടമനുസരിച്ച് ചോദ്യോത്തരവേളകഴിഞ്ഞ് പ്രതിപക്ഷ നേതാവിനു പ്രസംഗിക്കാന്‍ ആവശ്യമായ സമയം നല്‍കാമെന്ന സ്‌പീക്കറുടെ നിരന്തരമുള്ള നിര്‍ദേശവും അഭ്യര്‍ഥനയും അംഗീകരിക്കാതിരുന്ന പ്രതിപക്ഷരീതിയെ വിമര്‍ശിക്കാതിരുന്നുകൂടാ. ഒരു ക്രിമിനലിനെ സഭയിലിരുത്തി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന പ്രതിപക്ഷ ആരോപണത്തെ പ്രതിരോധിക്കാനായി മറുഭാഗത്തും ക്രിമിനല്‍ കേസിലെ പ്രതികളുണ്ടെന്നു മുഖ്യമന്ത്രിയും ഭരണപക്ഷ എം.എല്‍.എമാരും വിളിച്ചുപറയുന്നത് ഒരുതരം പരോക്ഷകുറ്റസമ്മതമാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് പി.കെ. ബഷീറിനെ പ്രതിചേര്‍ത്തത്. എന്നാല്‍ അഞ്ചേരി ബേബിയുടെ കൊലക്കേസിലെ പ്രതിയായിരുന്ന മോഹനന്റെ വെളിപ്പെടുത്തലാണ് ഉടുമ്പന്‍ചോല എം.എല്‍.എ: കെ.കെ. ജയചന്ദ്രനെ പ്രതിയാക്കുന്നത്. കണ്ണൂരിലെ ഷുക്കൂര്‍ വധക്കേസിലെ പ്രതികളെ ചോദ്യം ചെയ്‌തപ്പോള്‍ ലഭിച്ച മൊഴിയുടെ വെളിച്ചത്തിലാണ് ടി.വി. രാജേഷിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. പരസ്‌പരം ആരോപിക്കുന്നപോലെ ഇതിലെല്ലാത്തിലും രാഷ്‌ട്രീയം കടന്നുകൂടിയിട്ടുണ്ടാകാം. കൊലക്കേസില്‍ പ്രതിയായിരുന്ന ഒരു നേതാവ്, അതും എസ്.എഫ്.ഐ. നേതാവിനെ കൊന്നതിന്റെ പേരില്‍, പേരുമാറ്റി സി.പി.എം. എം.എല്‍.എ. ആയി നിയമസഭയിലിരിക്കുന്നുണ്ട്. വിട്ടുപോയ പല കൊലക്കേസിലും പ്രതിചേര്‍ക്കപ്പെട്ടിരുന്ന പലരും ഇപ്പോള്‍ സഭയ്‌ക്കകത്തുണ്ട്. അഥവാ കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടുവെന്ന പേരില്‍ പൂര്‍വചരിത്രം മറന്നുകൊണ്ട് ഇരുകൂട്ടരും കലിതുള്ളുന്നതില്‍ വലിയ കഴമ്പൊന്നുമില്ല.
പതിമൂന്നാം നിയമസഭയിലെ മൂന്നു സാമാജികരുടെ പേര് ഇപ്പോള്‍ത്തന്നെ കൊലക്കേസുകളുമായി ചേര്‍ത്ത് വാര്‍ത്തയായിരിക്കുകയാണ്. കേസന്വേഷണങ്ങളുടെ പുരോഗതിക്ക് അനുസരിച്ച് ഇനിയാരൊക്കെ വന്നുചേരുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്. നിയമം നിയമത്തിന്റെ വഴിക്കു നീങ്ങണമെന്ന് പരസ്യമായി പ്രഖ്യാപിക്കുമ്പോഴും ഇരുമുന്നണി നേതൃത്വങ്ങളും അന്വേഷണങ്ങളോടു ചെറുത്തു നില്‍ക്കുന്ന കാഴ്‌ചയാണ് പൊതുവേ കാണുന്നത്.
ടി.വി. രാജേഷിനെ പ്രതിയാക്കിയാല്‍ അപ്പോള്‍ കാണാമെന്നാണ് ഡി.വൈ.എഫ്.ഐ. പറയുന്നത്. കുടിപ്പകയുടെയും കുടുംബവഴക്കുകളുടെയും പേരില്‍ കൊലപാതകങ്ങളെയും സംഘര്‍ഷങ്ങളെയും കോളം മാറ്റിയെഴുതി സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്തുവയ്‌ക്കാന്‍ ശ്രമിക്കുന്ന രാഷ്‌ട്രീയ നേതൃത്വങ്ങള്‍ തീക്കൊള്ളി കൊണ്ടു തലചൊറിയുകയാണു ചെയ്യുന്നത്.
അനീതിയോടും അതിക്രമങ്ങളോടുമുള്ള പരമ്പരാഗത രാഷ്‌ട്രീയ നേതൃത്വങ്ങളുടെ പ്രതികരണങ്ങള്‍ പലപ്പോഴും നീതിബോധത്തോടെയാകാറില്ല. ആളും തരവും മതവും ജാതിയും നോക്കി കുറ്റകൃത്യങ്ങളെ അപലപിക്കുന്ന രീതിയെ ആത്മാര്‍ഥതയുടേതായി കാണാനാവില്ല. കാപട്യത്തിന്റെ മുഖമാണ് അതിനുള്ളത്.
മുസ്ലിം ലീഗിനോടുള്ള വി.എസ്. അച്യുതാനന്ദന്റെ രാഷ്‌ട്രീയ വിരോധത്തിനു ന്യായങ്ങളുണ്ടായേക്കാം. എന്നാല്‍ മുസ്ലിം സമുദായത്തോടുള്ള വിരോധമായി അതു പരിണമിച്ചിട്ടില്ലേയെന്ന് നിലപാടുകളുടെ വൈരുധ്യങ്ങള്‍ കാണുമ്പോള്‍ പലപ്പോഴും തോന്നിപ്പോകാറുണ്ട്. സമുദായവുമായി ചേര്‍ന്നു വരുന്ന വിഷയങ്ങളിലെ അത്യാവേശവും മറ്റു വിഷയങ്ങളിലെ മൗനവും കാണുമ്പോള്‍ ഈ ദിശയിലേക്കു ചിന്തിക്കുന്നതില്‍ തെറ്റില്ല. രോഷപ്രകടനങ്ങള്‍ അതിക്രമങ്ങളോടാണെങ്കില്‍ എല്ലാറ്റിലും ഒരേപോലെ നേരിട്ടു കാണേണ്ടതുണ്ട്. ഇപ്പോള്‍ വിവാദനായകനായ പി.കെ. ബഷീറിന്റെ പിതാവ് പരേതനായ സീതി ഹാജി രാഷ്‌ട്രീയ പ്രതിയോഗികളോടു മറുപടി പറയുമ്പോള്‍ പ്രയോഗിക്കാറുണ്ടായിരുന്ന ഒരു ആപ്‌തവാക്യമുണ്ട്. 'രണ്ടും രണ്ടും ചേര്‍ന്നാല്‍ നാലാണ്. അതു നിങ്ങള്‍ ചേര്‍ക്കുമ്പോള്‍ നാലും ഞങ്ങള്‍ ചേര്‍ക്കുമ്പോള്‍ മൂന്നുമാകുന്നതെങ്ങനെയാണ്.'
പലപ്പോഴും നമ്മുടെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ആരു ചേര്‍ക്കുന്നു എന്നതിനനുസരിച്ചാണ് ഉത്തരം ശരിയും തെറ്റുമായി തീരുന്നത്. ഏതായാലും കേസില്‍ പ്രതിയാക്കപ്പെട്ട സ്‌ഥിതിക്കു നിയമസഭാ നടപടികള്‍ അലങ്കോലമാകാതിരിക്കാനുള്ള അവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ പി.കെ. ബഷീറും കെ.കെ. ജയചന്ദ്രനുമെല്ലാം നിയമത്തിന്റെ വഴിയിലൂടെ മുന്നോട്ടു നടന്ന് നിരപരാധിത്വം തെളിയിക്കട്ടെ. അതുവരെ അനാവശ്യ കോലാഹലങ്ങളോട് നമുക്കു വിട പറയാം.
1 അഭിപ്രായം:
T P ചന്ദ്രശേകരന്‍റെ കൊലപാതകത്തിനു മാധ്യമങ്ങള്‍ കൊടുത്ത പ്രാധാന്യം എന്തുകൊണ്ട് കുനിയിലെ ഇരട്ട കൊലപാതകങ്ങള്‍ക്ക് നല്‍കുന്നില്ല എന്നത് ചര്‍ച്ച ചെയ്യേണ്ടതല്ലേ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ