.jpg)
പാര്‍ട്ടികളില്‍തന്നെ അധികാരത്തിനുള്ള വടംവലി ഉച്ചിയിലെത്തുന്ന കാലത്ത് പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടാകുന്ന മുന്നണികള്‍ക്കിടയില്‍ ഇത്തരം തര്‍ക്കങ്ങള്‍ സ്വാഭാവികം മാത്രം. തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും ബോര്‍ഡ് കോര്‍പറേഷന്‍ വീതംവയ്‌ക്കലും മന്ത്രിസഭാ രൂപീകരണവും രാജ്യസഭാ സീറ്റുമെല്ലാം മുന്നണികള്‍ക്കിടയില്‍ എന്നും കീറാമുട്ടികള്‍തന്നെയായിരുന്നു. ഐക്യകേരള രൂപീകരണത്തിനു ശേഷം നടന്ന ഓരോ തെരഞ്ഞെടുപ്പു വേളകളിലും ഹ്രസ്വദീര്‍ഘകാല ചര്‍ച്ചകള്‍ ധാരാളം നടന്നുകഴിഞ്ഞു. എന്നാല്‍, അനഭിലഷണീമായ ഒരു പ്രവണതയാണ് അഞ്ചാം മന്ത്രി വിവാദത്തെ മറപിടിച്ച് സംസ്‌ഥാനത്ത് ഉയര്‍ന്നുവന്നത്. ഒരു മതനിരപേക്ഷ സമൂഹത്തില്‍ ഒരിക്കലും പ്രോല്‍സാഹിപ്പിക്കേണ്ട ചര്‍ച്ചയായിരുന്നില്ല ഇത്. തീര്‍ത്തും രാഷ്‌ട്രീയമായ ആവശ്യമായിരുന്നു ലീഗ് ഉന്നയിച്ചത്. തങ്ങളുടെ ഈ രാഷ്‌ട്രീയ ആവശ്യത്തെ സാമുദായിക സന്തുലിതത്വത്തിന്റെ പരിചയുമായി മറ്റുള്ളവര്‍ നേരിട്ടപ്പോള്‍ ലീഗ് നന്നായി വിയര്‍ത്തു. പ്രതിരോധിക്കാന്‍ ആയുധമില്ലാതെ വന്നു. എന്‍.എസ്.എസിന്റെയും എസ്.എന്‍.ഡി.പിയുടെയും സംഘപരിവാര ശക്‌തികളുടെയും അടിസ്‌ഥാനരഹിതമായ വാദങ്ങള്‍ക്കു രാഷ്‌ട്രീയമായി മറുപടി പറയേണ്ട ബാധ്യത ലീഗിനുണ്ടായിരുന്നു. സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നു പ്രതികരിക്കാന്‍ കെ.പി.സി.സി. പ്രസിഡന്റ് തയാറായത് ഏതായാലും നന്നായി. ലീഗ് ഉന്നയിച്ചത് മതപരമോ സാമുദായികമോ ആയ ആവശ്യമല്ലെന്നും തീര്‍ത്തും രാഷ്‌ട്രീയാവശ്യമാണെന്നും പറഞ്ഞ് ഗതിമാറ്റം നടത്തിയതു രമേശ് ചെന്നിത്തലയാണ്.
അനവസരത്തിലാണ് ഇരുമുന്നണികളിലെയും പ്രബല നേതാക്കളും സമുദായസംഘടനകളും സാമുദായിക സന്തുലിതവാദം ഉയര്‍ത്തിക്കൊണ്ടുവന്നത്. ഇത്തരമൊരു വാദം നിലനില്‍ക്കണമെങ്കില്‍ കടുത്ത തീരുമാനങ്ങളെടുക്കാന്‍ സത്യസന്ധതയോടെ സമുദായ സംഘടനകളും രാഷ്‌ട്രീയ നേതൃത്വവും ഭരണകൂടവും തയാറാവണം. ആത്മാര്‍ഥതയോടെയാണ് ഓരോരുത്തരുടെയും നിലപാടെങ്കില്‍ മുഴുവന്‍ മേഖലയിലെയും സന്തുലിതത്വത്തെകുറിച്ച് തുറന്ന ചര്‍ച്ചകളുണ്ടാവണം. ജനസംഖ്യാനുപാതത്തില്‍ ഓഹരിവയ്‌ക്കല്‍ എപ്പോള്‍ സാധ്യമാണോ അന്നു മാത്രമാണ് സന്തുലിതത്വം സാധ്യമാകൂ.
.jpg)
അതുപറയാന്‍ ആര്‍ക്കുണ്ട് ധൈര്യമെന്നതാണ് പ്രശ്‌നം. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഒട്ടും സന്തുലിതമല്ലാത്ത ഘടനയിലാണു യു.ഡി.എഫ്. അധികാരത്തിലിരിക്കുന്നത്. മൂന്ന് എം.എല്‍.എമാര്‍ മാത്രമുള്ള ഈഴവ സമുദായത്തിലെ രണ്ടുപേരും മന്ത്രിമാരാണ്. ജനസംഖ്യയിലെ 12 ശതമാനത്തില്‍ താഴെ മാത്രമുള്ള നായര്‍ സമുദായത്തിന് അഞ്ച് അധികാരസ്‌ഥാനങ്ങളുണ്ട്. 19 ശതമാനമുള്ള ക്രൈസ്‌തവ സമൂഹത്തിന് ഏഴു സ്‌ഥാനങ്ങളുണ്ട്. 28 ശതമാനത്തോളം വരുന്ന മുസ്ലിം സമുദായത്തിനു സമുദായവിരുദ്ധ നിലപാടില്‍ വിട്ടുവീഴ്‌ച ചെയ്യാത്ത ആര്യാടനുള്‍പ്പെടെ അഞ്ചു പേരാണുള്ളത്.
ഒരു വര്‍ഷമായി തുടരുന്ന അസന്തുലിതാവസ്‌ഥയില്‍ കോണ്‍ഗ്രസിനകത്തുനിന്നോ എന്‍.എസ്.എസില്‍നിന്നോ എസ്.എന്‍.ഡി.പിയില്‍നിന്നോ ഒരു പ്രതികരണവും ഉണ്ടായിക്കണ്ടില്ല. കഴിഞ്ഞ അഞ്ചുകൊല്ലം മാത്രമല്ല ഇടതുമുന്നണി കേരളം ഭരിച്ച ഓരോ ഘട്ടത്തിലും ഇങ്ങനെയുള്ള അസന്തുലിതാവസ്‌ഥ നിലനിന്നിരുന്നു. മൂന്നില്‍ കൂടുതല്‍ മുസ്ലിംകള്‍ ഒരുകാലത്തും ഇടതുപക്ഷം ഭരിച്ചപ്പോള്‍ മന്ത്രിസ്‌ഥാനങ്ങളിലുണ്ടായിരുന്നില്ല. എന്നാല്‍ ഈഴവസമുദായവും നായര്‍ സമുദായവും ചേര്‍ന്നാണ് കേരളം ഭരിക്കുന്നതെന്ന ആക്ഷേപമൊന്നും ഇടതുഭരണകാലങ്ങളില്‍ ഒന്നും ഉയര്‍ന്നുവന്നില്ല. അതിനപ്പുറം അനര്‍ഹമായത് തിരിച്ചുനല്‍കി മറ്റുള്ളവരെ പരിഗണിക്കണമെന്ന വിശാല മനസ് കാണിക്കാന്‍ നായര്‍ ഈഴവ സമുദായ നേതാക്കള്‍ മുമ്പോട്ടു വന്നതായും അറിവില്ല. ഇപ്പോള്‍ ഈ വിവാദത്തില്‍ നിരന്തരമായി മുസ്ലിംവിരുദ്ധ മനസ് കാത്തുസൂക്ഷിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്കു വിധേയനായ വി.എസും കക്ഷിചേര്‍ന്നിരിക്കുന്നു. മല്‍സരിക്കാനായി സീറ്റ് വീതം വയ്‌ക്കുമ്പോഴും മന്ത്രിസഭ രൂപീകരിക്കുമ്പോഴുമൊന്നും പ്രകടിപ്പിക്കാത്ത അസന്തുലിതത്വ ചര്‍ച്ചകള്‍ അനവസരത്തില്‍ ഉയര്‍ന്നുവരുന്നതില്‍ ഉല്‍ക്കണ്‌ഠപ്പെടേണ്ടതുണ്ട്.
പരസ്‌പര സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും മതനിരപേക്ഷതയുടെയും ഒരു നല്ല മണ്ണിനെയാണ് വിഷലിപ്‌തമാക്കിമാറ്റിയത്. രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കു മതസാമുദായിക വര്‍ഗീയമാനം പകര്‍ന്ന് നല്‍കുന്നതിലൂടെ നമ്മുടെ നല്ലബന്ധങ്ങളെയാണ് കൊത്തിയറുക്കുന്നത്. പരസ്‌പര വിദ്വേഷത്തിനും അകല്‍ച്ചയ്‌ക്കും വഴിമരുന്നിടുന്ന ഇത്തരം വിവാദങ്ങള്‍ അടിസ്‌ഥാനമില്ലാത്ത വസ്‌തുതകളുടെ പേരിലാണെന്നതാണ് ഏറെ ഖേദകരം. ഒരു പ്രദേശത്തുണ്ടാകുന്ന വര്‍ഗീയ ചേരിതിരിവിനെ അവിടെവച്ചുതന്നെ അവസാനിപ്പിക്കാന്‍ കഴിഞ്ഞു എന്നുവരാം. എന്നാല്‍, തലമുറകളുടെ മനസിലേക്ക് വിഷം വമിക്കുന്ന ആക്ഷേപങ്ങള്‍ ഉതിര്‍ത്ത് വിടുമ്പോള്‍ പക്വമതികളായ നേതൃത്വങ്ങള്‍ രണ്ടുവട്ടമൊന്നാലോചിക്കേണ്ടിയിരുന്നു.
മുസ്ലിം ലീഗിനു നല്‍കുന്ന സ്‌ഥാനമാനങ്ങള്‍ അത് സമുദായത്തിനു നല്‍കുന്ന അംഗീകാരമാണെന്നു പ്രചരിപ്പിക്കുന്നതില്‍ അര്‍ഥമില്ല. മുസ്ലിം സമുദായത്തിന്റെ പേരില്‍ ലീഗ് നേടിയെടുക്കുന്ന പലതും സമ്പന്നമധ്യവര്‍ഗത്തിന്റെ വളര്‍ച്ചയ്‌ക്കു മാത്രമാണ് പ്രയോജനപ്പെടുന്നത്.
ലീഗ് അധികാരത്തിലിരുന്ന ഓരോ സന്ദര്‍ഭവും പാര്‍ട്ടിയിലെയും നേതൃത്വത്തിലെയും സമ്പന്നന്മാരും ആശ്രിതവല്‍സലന്മാരും തടിച്ചുകൊഴുക്കുക മാത്രമാണ് ചെയ്‌തത്. അലിക്കു മന്ത്രിസ്‌ഥാനം നല്‍കിയതിലൂടെ ലീഗ് ഒരിക്കല്‍കൂടി തങ്ങളുടെ പ്രതിബദ്ധത സമ്പന്നവര്‍ഗത്തോടാണെന്നു ബോധ്യപ്പെടുത്തിയിരിക്കുന്നു. ലീഗ് നേടിയെടുക്കുന്ന ഈ ആനുകൂല്യത്തെ മറപിടിച്ച് മറ്റു സമുദായങ്ങള്‍ വിലപേശുമ്പോള്‍ അവിടെ ലീഗ് മൗനം പാലിക്കുകയോ അതിനനുകൂലമായി നില്‍ക്കുകയോ ചെയ്‌ത പാരമ്പര്യമാണുള്ളത്. നരേന്ദ്രന്‍ കമ്മിഷന്‍ പാക്കേജിലെ മുന്നോക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം വിദ്യാഭ്യാസ സംവരണം നല്‍കിയത് ലീഗിന്റെ കൈയൊപ്പോടെയാണ്. 2012 ലെ ബജറ്റില്‍ പിന്നാക്ക വികസന കോര്‍പറേഷന് 10 കോടി രൂപ നീക്കിവച്ചപ്പോള്‍ അത്രയുംതന്നെ മുന്നാക്ക വികസന കോര്‍പറേഷനും നല്‍കിയപ്പോള്‍ ലീഗിന്റെ ഭാഗത്തുനിന്നു പ്രതികരണമില്ലാതെ പോയി. സംസ്‌ഥാന ജനസംഖ്യയുടെ 64.5 ശതമാനം പിന്നാക്കവിഭാഗങ്ങളാണ്. 24.41 ശതമാനമാണ് മുന്നാക്ക വിഭാഗങ്ങളുള്ളത്. അര്‍ഹമായതിലധികം മുന്നാക്ക സമുദായങ്ങള്‍ വിവിധ മേഖലകളില്‍ ഇതിനകംതന്നെ നേടിയിരിക്കെയാണ് ഭരണഘടനയുടെ അന്തസത്തയ്‌ക്കു നിരക്കാത്ത സാമ്പത്തിക സംവരണവാദം ഇരുമുന്നണികളും ഉയര്‍ത്തിക്കൊണ്ടു വരുന്നത്. 1982,87 ല്‍ ലീഗ് അധികാരത്തിലുള്ളപ്പോഴാണ് പിന്നാക്ക സംവരണ സമുദായങ്ങള്‍ക്കു സംവരണം നിഷേധിച്ച് കോടതിനിയമനങ്ങള്‍ പി.എസ്.സിയില്‍നിന്ന് എടുത്തുമാറ്റി ഹൈക്കോടതിക്കു നല്‍കിയത്. സ്വകാര്യമേഖലയുടെ പ്രോല്‍സാഹനം ലീഗ് സ്വന്തം അജന്‍ഡയാക്കി മാറ്റിയതില്‍ സംവരണ വിഭാഗങ്ങളുടെ ശത്രുപക്ഷത്താണു ലീഗുള്ളതെന്നു ബോധ്യമായിക്കൊണ്ടിരിക്കുന്നു.
ചുരുക്കത്തില്‍ അഞ്ചല്ല പത്തു മന്ത്രിസ്‌ഥാനം കിട്ടിയാലും ലീഗിനെ അധികാരത്തിലെത്തിക്കാന്‍ കഠിനാധ്വാനം ചെയ്‌ത സാധാരണ പ്രവര്‍ത്തകര്‍ക്കോ സ്വസമുദായത്തിനോ വലിയ നേട്ടമൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. അഞ്ചാം മന്ത്രി വിവാദത്തില്‍ ഇ. അഹമ്മദിന്റെ മന്ത്രിസ്‌ഥാനത്തേക്കും കൈയേന്താന്‍ കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തുനിഞ്ഞുകണ്ടു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കറിയാത്തതോ മറച്ചുവച്ചതോ ആയ മറ്റൊരു സത്യമുണ്ട്. യു.ഡി.എഫ്. സംവിധാനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ലീഗിനു നല്‍കിയ പദവിയൊന്നുമായിരുന്നില്ല യഥാര്‍ഥത്തില്‍ ഇ. അഹമ്മദിന്റെ മന്ത്രിസ്‌ഥാനം. ലീഗിനകത്തെ കോണ്‍ഗ്രസ് പാരമ്പര്യത്തിനു സോണിയാ ഗാന്ധിയുടെ ഒരു പ്രത്യേക സമ്മാനമാണത്. അതിലൊന്നും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കണ്ണുവച്ചിട്ട് കാര്യമില്ല.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാമൂഹിക അന്തരീക്ഷത്തില്‍ ജാതിയും സമുദായവുമെല്ലാം യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നിടത്ത് പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ വൈരുധ്യങ്ങള്‍ നിറഞ്ഞതാണ്. മുസ്ലിംകളെയും ന്യൂനപക്ഷങ്ങളെയും ദലിതുകളെയും പരിഗണിക്കണമെന്നു പ്രഖ്യാപനങ്ങളുണ്ടാകുമ്പോഴും സി.പി.എമ്മും സി.പി.ഐയും പോലുള്ള ഇടതുപ്രസ്‌ഥാനങ്ങള്‍ അവരുടെ പരമോന്നത സഭകളിലൊന്നും ഇത്തരക്കാരെ പരിഗണിക്കുന്ന ശീലം ഇതുവരെ തുടര്‍ന്നു വന്നിട്ടില്ല.
സി.പി.എമ്മിന്റെ വലിയ പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും പരിശോധിച്ചാല്‍ അതു കാണാന്‍ കഴിയും. സി.പി.ഐയും തഥൈവ. കോണ്‍ഗ്രസില്‍ ലഭിക്കുന്ന പരിഗണന എന്താണെന്നു കഴിഞ്ഞ കെ.പി.സി.സി. യോഗത്തില്‍ മുസ്ലിം കോണ്‍ഗ്രസുകാര്‍ തുറന്നുപറയുകയും ചെയ്‌തു. ചുരുക്കത്തില്‍ അസന്തുലിതവാദമുയര്‍ത്തി നമ്മുടെ സമനില തെറ്റിക്കുകയാണു രാഷ്‌ട്രീയ നേതൃത്വങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്.
നാസറുദീന്‍ എളമരം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ