2013, ഡിസംബർ 30, തിങ്കളാഴ്‌ച

അയോധ്യയില്‍ തെളിയുന്ന ബഹദൂര്‍ഷായുടെ മുഖം


ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ അയോധ്യക്ക് അതിപ്രധാനമായ മറ്റൊരു സ്ഥാനമുണ്ടെന്നതാണ് അധികം പേരും മനസ്സിലാക്കാത്ത ഒരു യാഥാര്‍ഥ്യം. സമീപകാലങ്ങളില്‍ അയോധ്യ ഒരു വിവാദഭൂമിയായതുകൊണ്ടോ അല്ലെങ്കില്‍ രാഷ്ട്രീയക്കണ്ണുകളുള്ള ഹിന്ദുമത മൗലികവാദികളോ അവരെ അനുകൂലിക്കുന്ന ചരിത്രകാരന്മാരോ യാഥാര്‍ഥ്യം മനത്തപൂര്‍വം മറച്ചുവെക്കാന്‍ ശ്രമിക്കുന്നതുകൊണ്ടോ ആണ് അങ്ങനെ സംഭവിച്ചത്.
ഇന്ത്യയില്‍ മുഗള്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബര്‍ വിവാദഭൂമിയായ അയോധ്യയിലെ രാമജന്മസ്ഥാനത്തുതന്നെ ഒരു വലിയ മുസ്ലിം ദേവാലയം പണിതു എന്നത് സ്ഥാപിക്കുന്നതുവഴി മുസ്ലിം വിരോധം വളര്‍ത്തുന്നതിലൂടെ മാത്രമേ അന്തിമമായി തങ്ങളുടെ അധികാര രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുകയുള്ളൂ എന്ന സംഘ്പരിവാരശക്തികളുടെ കണക്കുകൂട്ടല്‍തന്നെയാണ് ഇതിനെല്ലാം പിന്നിലുള്ളത്.
തുര്‍ക്കികളുടെ രക്തം ശരീരത്തിലോടിയിരുന്ന അഫ്ഗാനിസ്താനിലെ രാജാവായ സഹിറുദ്ദീന്‍ മുഹമ്മദ് എന്ന ബാബറാണ് ഇന്ത്യ ആക്രമിച്ച് ഈ മണ്ണില്‍ മുഗള്‍സാമ്രാജ്യം കെട്ടിപ്പടുത്തതെങ്കിലും അദ്ദേഹത്തിന്റെ പിന്‍തലമുറക്കാരെ വിദേശത്തുനിന്നുള്ള ആക്രമണകാരികളായ ഹൈന്ദവവിരോധികളായല്ല ഭാരതത്തിലെ ജനങ്ങള്‍ കണ്ടത്.
വിദേശത്തുനിന്ന് വന്ന മുസ്ലിം ആക്രമണകാരികളെപ്പോലെ ഇവിടെ ഭരണം സ്ഥാപിച്ചിരുന്ന ഇബ്രാഹിം ലോധിയെ തോല്‍പിച്ച് ബാബറിന്റെ പട്ടാളം ഈ മണ്ണില്‍ കൊടികുത്തുമ്പോള്‍ ഇന്ത്യയെന്നോ ഭാരതമെന്നോ പേരുവിളിക്കാവുന്ന ഒരു രാഷ്ട്രംതന്നെ ഉണ്ടായിരുന്നില്ല എന്നതാണ് ചരിത്രവസ്തുത. ഭാരതം എന്ന സങ്കല്‍പം പുരാതനമാണെങ്കിലും അത് കേവലമൊരു സങ്കല്‍പം മാത്രമായിരുന്നു. പരസ്പരം യുദ്ധം ചെയ്യുകയും കീഴ്പ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന രാജാക്കന്മാരുടെയും രാജ്യങ്ങളുടെയും ഒരു സംഘാതമായിരുന്നു ഭാരതം. വ്യത്യസ്ത ഭക്ഷണക്രമവും വസ്ത്രധാരണരീതിയും ആചാരങ്ങളുമെല്ലാം ആ രാജ്യങ്ങളെ തികച്ചും വിഭിന്നങ്ങളായി നിര്‍ത്തിയിരുന്ന ഘടകങ്ങളുമായിരുന്നു.
ഭൂമിശാസ്ത്രപരമായി വടക്ക് ഹിമാലയ പര്‍വതനിരകളും തെക്കും പടിഞ്ഞാറും കിഴക്കും സമുദ്രങ്ങളും അതിര്‍ത്തികളായി അതിനിടയില്‍ സ്ഥിതിചെയ്തിരുന്ന ഭൂപ്രദേശമടങ്ങിയ ഇന്ത്യയെന്നത് പുരാണ ഇതിഹാസ സങ്കല്‍പങ്ങളെ ആധാരമാക്കിയുള്ള ഒരു സ്വപ്നരാജ്യം മാത്രമായിരുന്നു.
ചരിത്രത്തില്‍ ഓരോ കാലത്ത് ഓരോരോ ചക്രവര്‍ത്തിമാര്‍ അവരുടേതായ സാമ്രാജ്യങ്ങള്‍ ഇവിടെ സ്ഥാപിക്കുകയുണ്ടായി എന്നത് ഒരു ചരിത്രയാഥാര്‍ഥ്യമായിരുന്നു. പക്ഷേ, അവയൊന്നും ഇന്ത്യാ ഭൂഖണ്ഡം മുഴുവന്‍ വ്യാപിച്ചിരുന്നില്ല. അശോകന്റെയും മറ്റും സാമ്രാജ്യങ്ങളുടെയും കഥയും ഇതുതന്നെയാണ്. ആ സ്ഥാപകര്‍ക്കുശേഷമാകട്ടെ ആ സാമ്രാജ്യങ്ങളെല്ലാം ചെറിയ രാജ്യങ്ങളായി പിരിയുകയും ചെയ്തു.
ഒരുപക്ഷേ, ഈ ഉപഭൂഖണ്ഡത്തില്‍ ഏറെ ഭാഗം കൈയടക്കിവെച്ച ചക്രവര്‍ത്തിമാര്‍ മുഗള്‍ സാമ്രാജ്യത്വത്തില്‍പെട്ടവരായിരുന്നു. പക്ഷേ, അപ്പോഴും വിന്ധ്യശതപുര പര്‍വതനിരകള്‍ക്ക് ഇപ്പുറത്തുള്ള ദക്ഷിണേന്ത്യ മുഗള്‍സാമ്രാജ്യത്വത്തിനു പുറത്തായിരുന്നു എന്നതാണ് വസ്തുത. ആ ദക്ഷിണേന്ത്യയിലേക്കുള്ള ചേര, ചോള, പാണ്ഡ്യ രാജ്യങ്ങള്‍ എന്നും സ്വതന്ത്രമായിരുന്നു. എന്നുവെച്ചാല്‍ വേറിട്ടുനിന്നിരുന്ന ഓരോരോ കാര്യങ്ങള്‍ക്കായി പരസ്പരം യുദ്ധം ചെയ്തുകൊണ്ടിരുന്ന രാജ്യങ്ങള്‍.
യഥാര്‍ഥത്തില്‍ ബ്രിട്ടീഷുകാരാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തെ ചരിത്രത്തിലാദ്യമായി ഒരു കേന്ദ്രീകൃത ഭരണത്തിന്‍കീഴില്‍ കൊണ്ടുവന്നത്. ഇന്ത്യക്കാര്‍ക്കുവേണ്ടി ഇന്ത്യ എന്ന അവരുടെ സ്വപ്നം സാക്ഷാത്കരിച്ചുകൊടുക്കാമെന്നുള്ള ബ്രിട്ടീഷുകാരുടെ സദ്ഭാവത്തിന്റെ ഭാഗമായിരുന്നു അത്. ആവുന്നിടത്തോളം വെട്ടിപ്പിടിക്കുകയും വെട്ടിപ്പിടിച്ചിടത്തോളം ഭാഗങ്ങള്‍ ഒന്നിച്ചു ഭരിക്കുകയും മാത്രമായിരുന്നു അവരുടെ ഉദ്ദേശ്യം. ആ വെട്ടിപ്പിടിത്തത്തെ ചെറുത്തുതോല്‍പിക്കാന്‍ ശക്തിയുള്ള നാട്ടുരാജ്യങ്ങളോ രാജാക്കന്മാരോ ഇന്ത്യയില്‍ അന്നുണ്ടായിരുന്നില്ല.
ചരിത്രം വിശകലനംചെയ്താല്‍ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. മുഗളസാമ്രാജ്യം അസ്തമിക്കുമ്പോള്‍ ഇന്ത്യയിലുണ്ടായിരുന്ന സ്ഥിതി ഏതാണ്ട് റോമാസാമ്രാജ്യം തകര്‍ന്നപ്പോള്‍ യൂറോപ്പിലുണ്ടായിരുന്ന അതേ സ്ഥിതി തന്നെയാണ്. മുഗളസാമ്രാജ്യം തകര്‍ന്നപ്പോള്‍ വെട്ടിപ്പിടിച്ചിട്ടാണെങ്കിലും ഇന്ത്യയെ ഏകഭരണത്തില്‍ കൊണ്ടുവരുന്നതിന് ബ്രിട്ടീഷുകാര്‍ ഉണ്ടായിരുന്നില്ലെങ്കില്‍, റോമാ സാമ്രാജ്യത്തിന്റെ തകര്‍ച്ചക്കുശേഷം യൂറോപ്പ് അനവധി സ്വതന്ത്രരാജ്യങ്ങളായി മാറുമായിരുന്നു എന്നതില്‍ സംശയം വേണ്ട.
ഇവിടെയാണ് ഇന്ത്യയിലെ ജനങ്ങളില്‍ ഒരു ഐക്യബോധം സൃഷ്ടിക്കുന്നതില്‍ മുഗള്‍ ഭരണാധികാരികള്‍ വഹിച്ചിട്ടുള്ള പങ്ക് വിലപ്പെട്ടതായി ഉത്തരേന്ത്യയിലെ ജനങ്ങള്‍ കണക്കാക്കിയിരുന്നു എന്ന് നമുക്ക് മനസ്സിലാക്കേണ്ടിവരുന്നത്.  മതസൗഹാര്‍ദതയുടെയും സര്‍വമത സാഹോദര്യത്തിന്റെയും മാതൃകയായി മാറിയ അക്ബറെപ്പോലുള്ള ചക്രവര്‍ത്തിമാര്‍ ജനഹൃദയങ്ങളില്‍ സ്ഥാനം നേടുകയും ചെയ്തിരുന്നു.
അത്തരത്തിലുള്ള ആദരവിന്റെ വിളംബരമാണ് 1857ല്‍ നടന്ന ഒന്നാം സ്വാതന്ത്രൃസമരത്തില്‍ മുഴങ്ങിയത്. ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ശിപായി ലഹളയെന്ന് മുദ്രകുത്തിയ ഈ സമരം ബ്രിട്ടീഷിന്ത്യന്‍ സേനയിലെ ശിപായികളെന്ന് വിളിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ പട്ടാളക്കാര്‍ വ്യാപകമായി നടത്തിയ കലാപമായിരുന്നു.
  ബ്രിട്ടീഷ് ഭരണാധികാരികള്‍ ഈ കലാപത്തിന് പല വ്യാഖ്യാനങ്ങളും നല്‍കിയിരുന്നു. അക്കാലത്ത് പട്ടാളക്കാര്‍ക്ക് നല്‍കിയ പുതിയതരം തോക്കുകളെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു ഒരു വ്യാഖ്യാനം. തോക്കുകളില്‍ ഉപയോഗിക്കേണ്ട തിരകളുടെ (ബുള്ളറ്റ്) ഒരറ്റം പട്ടാളക്കാര്‍ കടിച്ചതിനുശേഷമാണ് തോക്കില്‍ വെക്കേണ്ടിയിരുന്നത്.
ആ തിരകളുടെ അറ്റത്ത് പുരട്ടിയിട്ടു ള്ളത് പശുവിന്റെയും പന്നിയുടെയും നെയ്യാണെന്നും അത് ഹിന്ദുക്കളെയും മുസ്ലിംകളെയും അശുദ്ധരാക്കി പിന്നീട് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്താനുള്ള ഒരു തന്ത്രത്തിന്റെ ഭാഗമാണെന്നുമുള്ള പ്രചാരണം അഴിച്ചുവിട്ടുകൊണ്ട് അവരെ കലാപത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് ബ്രിട്ടീഷ് ഭരണാധികാരികള്‍ വ്യാഖ്യാനം ചെയ്തത്. പക്ഷേ,  ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിനുള്ള ഇന്ത്യന്‍ പട്ടാളക്കാരുടെ വ്യാപകമായൊരു കലാപംതന്നെയായിരുന്നു 1857ല്‍ നടന്നത്. അതുകൊണ്ടാണ് അതിനെ ഒന്നാം സ്വാതന്ത്രൃസമരം തന്നെയായി പിന്നീട് ചരിത്രത്തിന് അംഗീകരിക്കേണ്ടിവന്നത്.
കലാപകാരികളായ ഇന്ത്യന്‍ പട്ടാളക്കാര്‍ ഉത്തരേന്ത്യയിലെ പ്രത്യേകിച്ച് ഇന്നത്തെ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് ബ്രിട്ടീഷുകാരെ വധിച്ചും സ്വത്തുക്കള്‍ നശിപ്പിച്ചുംകൊണ്ട് ദല്‍ഹിയിലേക്ക് മാര്‍ച്ച്ചെയ്യുകയാണുണ്ടായത്. ഇതില്‍ കലാപകാരികളായ ഇന്ത്യന്‍ പട്ടാളക്കാരുടെ ഒരു വലിയ വ്യൂഹം ഇന്ന് വിവാദവിഷയമായി നില്‍ക്കുന്ന അയോധ്യയില്‍നിന്നാണ് പടപ്പുറപ്പാട് ആരംഭിച്ചത്. ഈ ഒന്നാം സ്വാതന്ത്രൃസമരം ആരംഭിക്കുമ്പോള്‍തന്നെ ഇന്ത്യന്‍ പട്ടാളക്കാര്‍ തങ്ങളുടെ നേതാവായും രാജ്യത്തിന്റെ അവകാശിയായും കണ്ടിരുന്നത് അന്ന് ജീവിച്ചിരുന്ന മുഗള്‍രാജവംശത്തിലെ അന്നത്തെ അവകാശി ബഹദൂര്‍ഷാ ചക്രവര്‍ത്തിയെയാണ്. അപ്പോള്‍ അധികാരമുണ്ടായിരുന്നില്ലെങ്കിലും ഇന്ത്യാ രാജ്യത്തിന്റെ ഭരണാവകാശി ബഹദൂര്‍ഷാ ചക്രവര്‍ത്തിയാണെന്നും ബ്രിട്ടീഷുകാരെ ഇവിടെനിന്ന് തുരത്തിയാല്‍ അദ്ദേഹമായിരിക്കും ഇന്ത്യയുടെ ഭരണം ഏറ്റെടുക്കുകയെന്നും ആയിരക്കണക്കിന് വരുന്ന ഇന്ത്യന്‍ പട്ടാളക്കാര്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രഖ്യാപിച്ചിരുന്നു.
ഇന്ന് ഹിന്ദുമത മൗലികവാദികള്‍ പറയുന്നതുപോലെ അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്ത് രാമജന്മസ്ഥാനം എന്ന് അവകാശപ്പെടുന്ന സ്ഥലത്ത് മുസ്ലിം പള്ളി നിര്‍മിച്ചതിനാല്‍ മുഗളന്മാരോട് അടങ്ങാത്ത പകയുള്ളവരായിരുന്നു ഹിന്ദുക്കളെങ്കില്‍ സ്വാതന്ത്രൃസമരത്തിനിറങ്ങിയ ഹൈന്ദവരായ ഇന്ത്യന്‍ പട്ടാളക്കാര്‍ മുഗള്‍ രാജവംശത്തില്‍ അവശേഷിച്ച ബഹദൂര്‍ഷായെ തങ്ങളുടെ നേതാവായും ഇന്ത്യയുടെ ഭാവിചക്രവര്‍ത്തിയായും പ്രഖ്യാപിക്കുമായിരുന്നോ? ചരിത്രത്തില്‍ അധികമാരും കാണാത്ത ചില ചിത്രങ്ങളാണിത്.
വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ രാജ്യം കാണുന്ന അയോധ്യയിലെ ശ്രീരാമന്‍ വാസ്തവത്തില്‍ ഒരു രാഷ്ട്രീയ ശ്രീരാമന്‍തന്നെയാണെന്ന് വിശ്വസിക്കാന്‍ യുക്തിബോധമുള്ളവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നായി ഈ ചരിത്രവസ്തുതയെ കാണാന്‍ നമ്മെ നിര്‍ബന്ധിതമാക്കുന്നതും ഈ യാഥാര്‍ഥ്യങ്ങളാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"