.jpg)
" ഉം"
" അവരതാ വരുന്നു "
" ആര് "
" ഖിലാഫത്തുകാര് "
" ആര് "
" ലഹളക്കാരേയ്.ഇല്ലാത്ത പത്തായപ്പുരയിലേക്ക് വന്നുതുടങ്ങിയെന്നോ വന്നുവെന്നോ ഒക്കെ കേട്ടു "
ലഹളയെ സംബന്ധിച്ച് എമ്പാടും കഥകള്‍ നാട്ടുമ്പുറങ്ങളില്‍ പ്രചരിച്ചിരുന്നു.കുളക്കടവുകളിലും അമ്പല മുറ്റത്തും മൂക്ക് പെരുവഴികളിലും അത് ചര്‍ച്ചാവിഷയമായിട്ടുണ്ട്.കൊലയുടെയും കൊള്ളയുടെയും തോലുരിയലിന്റെയും കഥകളാണ് പ്രചരിപ്പിച്ചിരുന്നത്.മുന്നൂറ്റിച്ചില്ലാനം ഹിന്ദുസ്ത്രീകളില്‍നിന്നായി അറുനൂറില്പരം മുലകള്‍ ചെത്തിയെടുത്തതായി ഒരു കഥ പ്രചരിച്ചു.അവ വഴിപാടു ചിരട്ട കൂട്ടിയിട്ടപ്പോലെ കൂട്ടിയിട്ടിരിക്കുകയാണ്.പിന്നെ എണ്ണൂറ്റിച്ചില്ലാനം മൂക്കരിഞ്ഞ കഥയാണ് പ്രചരിച്ചത്.മൂക്കുകള്‍ നഷ്ടപ്പെട്ടത് പുരുഷന്മാര്ക്കാണ്.
" കുണ്ടോട്ടി അങ്ങാടീല് മനുഷ്യത്തോല് കൊണ്ടാണത്രേ ചെരുപ്പുണ്ടാക്കുന്നത് " കുളക്കടവില്‍വച്ച് ഒരാള്‍ പറയുന്നതു കേട്ടു.
" നേരോ ?' വേറൊരാള് അദ്ഭുതപ്പെട്ടു.
" പിന്നെ പൂക്കോട്ടൂരൊക്കെ അവര്‍ പിടിച്ചടക്കിയത്രേ.അമ്പലമൊക്കെ നിസ്കാരപ്പള്ളിയാക്കി മാറ്റി "
" എന്റെ ഈശ്വരന്മാരേ !"
" ശരാശരാന്ന് ആളുകളെ പിടിച്ചു മാര്‍ഗം കൂട്ടുന്നുണ്ടത്രേ ".
" സര്‍ക്കാര്‍ ഇതു നോക്കി നില്ക്കാണോ ?"
" യുദ്ധം നടക്കുന്നുണ്ടത്രേ.ഇന്നലെ അയ്യപ്പന് നായര്‍ ചന്തയില്‍നിന്നു വന്നപ്പോ എന്തൊക്കെ കഥയാ പറഞ്ഞത് '
" കലി വന്നു "
" കലി മുഴുത്തു "
" ചേലക്കലാപം പോലെത്തന്നെ " ഒരാള്‍ തന്റെ ചരിത്രബോധം വെളിപ്പെടുത്തി.
" എന്തിനാ ഇവര്‍ പുറപ്പെടുന്നത് ?"
" രാജ്യം പിടിക്കാനും കൊള്ളയടിക്കാനും "
" മാര്‍ഗം കൂട്ടുന്നതോ ?"
" അവരൊക്കെ മാപ്പിളമാരല്ലേ !"
" ഗാന്ധീയിം മാപ്പിളയാ !"
" പിന്നല്ലേ !അപ്പുക്കുട്ടന് ഇന്നാള് അയാളുടെ ചിത്രം കാട്ടിത്തന്നു.തലമൊട്ടയടിച്ച് തൊപ്പിയും വച്ചിട്ടുണ്ട് "
" എന്റെ തേവരേ!അവിടുന്നെന്നെ കാത്തോളണെ!"
(സുന്ദരികളും സുന്ദരന്മാരും -ഉറൂബ് )
.jpg)
ജനാധിപത്യപരമായ ആശയസംവാദങ്ങള്‍ക്ക് അകാലമരണം സംഭവിക്കുന്ന ഇക്കാലത്ത് ശരാശരി മലയാളികളുടെ കാഴ്ചകള്‍ക്കും മൃദുഹിന്ദുത്വത്തിന്റെ തിമിരം മൂലം വെള്ളഴുത്തു ഭാധിച്ചിരിക്കുന്നു.അതിനാല്‍ വോട്ടിങ് ശതമാനത്തിന്റെ സൂചികളെ അപ്രസക്തമാക്കി ഫാഷിസത്തിന്റെ സാംസ്കാരികബോധങ്ങള്ക്കു നമ്മുടെ പൊതുബോധത്തിനകത്ത് സ്വാധീനം കൈവന്നിരിക്കുന്നു.ഇതിന്റെ സമീപ തെളിവുകളിലൊന്നായിരുന്നു നമ്മുടെ മാധ്യമങ്ങളും നിയമസമീക്ഷകരും സംഘപരിവാരത്തോടൊപ്പം ചേര്‍ന്ന് നടത്തിയ ലൌ ജിഹാദ്,റോമിയോ ജിഹാദ് എന്നീ സംയുക്താഭ്യാസങ്ങള്‍ .
ബ്രഹ്മണീയ മൂല്യമണ്ഡലം ഉല്പാദിപ്പിച്ച നമ്മുടെ സാമാന്യബോധം എന്നും ചതുര്‍ത്ഥിയോടെ വീക്ഷിച്ച ഒന്നാന്ന് മതപരിവര്‍ത്തനം.ദാര്‍ശനികതലങ്ങളില്‍ വെടിമരുന്നു കത്തിക്കാനുള്ള ചൂട്ടായി അത് നിലനില്ക്കുന്നു.എം ടി യുടെ നാലുകെട്ടിലെ അപ്പുവില്‍നിന്നും കാലത്തിലെ സേതുവില്‍നിന്നും വ്യത്യസ്തമായി അസുരവിത്തിലെ ഗോവിന്ദന്‍കുട്ടി എല്ലാവര്ക്കും അസുരവിത്താകുന്നത് പൊന്നാനിയില്‍ പോയി അബ്ദുവായി വരുന്നതുകൊണ്ടാണല്ലോ.സാമ്രാജ്യശക്തികളുടെ അധികാരഖഡ്ഗത്തിന്റെ കീഴില്‍ സന്ദീഗ്ധമായി വിറകൊണ്ടുനിന്ന നാളില്‍ നിന്നും ഇന്ത്യന്‍ സ്വാതന്ത്രത്തിന്റെ ആത്മബോധങ്ങള്‍ പ്രതിഫലിപ്പിച്ചത് ദേശീയ പ്രസ്ഥാനത്തിലൂടെയായിരുന്നു.1921ല്‍ മലബാര്‍ ഗ്രാമങ്ങളില്‍ അലയടിച്ച ആ സ്വാതന്ത്രപോരാട്ടങ്ങളെ പക്ഷേ,മതഭ്രാന്ത് മൂത്ത മാപ്പിളമാരുടെ ഹിംസാത്മക ലഹളകളായി കാണാനായിരുന്നു സാംബ്രദായിക ചരിത്രാഖ്യായികക്കാര്ക്കിഷ്ടം.അതിനവര്‍ക്ക് ഇന്ധനമേകിയത് നിര്‍ബന്ധ മതംമാറ്റമെന്ന കുപ്രചാരണവുമായിരുന്നു.അങ്ങനെ വാരിയന്‍കുന്നത്ത് കുഞ്ഞമ്മദ് ഹാജിയും സംഘക്കാരും നടത്തിയ നിര്‍ബന്ധ മതപരിവര്‍ത്തനത്തിന്റെ ചോരമണക്കുന്ന കഥകള്‍ മോക്ഷം കിട്ടാതെ അനാഥപ്രേതങ്ങള് പോലെ വിറങ്ങലിച്ചിരുന്നു.പുഴിക്കല്‍ നായരുടെ കിണറ്റില്‍ നിന്നും തുവ്വൂരിലെ കിണറുകളില്‍ നിന്നും ഉറവയെടുക്കുന്നത് വെള്ളമല്ലെന്നും നായന്മാരുടെ ചോരയായിരുന്നുവെന്നും നമ്മെ ചൊല്ലിപ്പഠിപ്പിക്കുകയും ചെയ്തു.ഒരു പക്ഷേ അവിശ്വസനീയമായി തോന്നാമെങ്കിലും മഹാത്മാഗാന്ധി മലബാര്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവന ഇതിലേക്കു ചേര്‍ത്തുവായിക്കേണ്ടതാണ്.
" മാപ്പിളമാര്‍ കാണിച്ച ഭ്രാന്തിനെ മുസ്ലിംകള് വാക്കാല്‍ തളിപ്പറഞ്ഞതുകൊണ്ട് ആയില്ല,അത് മുസല്മാന്മാരുടെ സൌഹാര്‍ദ്ദത്തിന്റെ തെളിവല്ല,ബലാല്‍ക്കാരമായ മതംമാറ്റങ്ങളെയും സ്വത്തുകൊള്ളയടിച്ചതിനെയും സംബന്ധിച്ച മാപ്പിളമാരുടെ നടപടിയില്‍ മുസല്മാന് സ്വാഭാവികമായി ലജ്ജയും അപമാനവും തോന്നണം.ഏറ്റവും ഹാലിളകിയവരുടെ ഭാഗത്ത് ഭാഗത്ത് നിന്നുപോലും ഇത്തരം കാര്യങ്ങള്‍ അസാധ്യമായിത്തീരുന്ന വിധം അവര്‍ നിശബ്ദരായും ഫലപ്രദമായും പ്രവര്‍ത്തിക്കണം ". ആധുനിക ഇന്ത്യയിലെ ഹിന്ദു -മുസ്ലിം ഐക്യത്തിന്റെ ഏറ്റവും ശക്തനായ വക്താവായിരുന്ന ഗാന്ധിജിപോലും ഈയൊരു സമീപനം നിര്‍ദേശിക്കുന്നതിലൂടെ സാമൂഹികമണ്ഡലത്തിലാകെ വികസിച്ചുവന്ന ഖിലാഫത്ത് വിരുദ്ധ പ്രചാരണങ്ങളെയും മതംമാറ്റ പ്രചാരണങ്ങളെയും അറിഞ്ഞോ അറിയാതെയോ സ്വാംശീകരിക്കുകയാണ് ചെയ്തത്.
മതംമാറ്റം നമുക്കിന്നും പുളിച്ചു തികട്ടാവുന്ന ഒരു ജനാതിപത്യമൂല്യമാണ്.പരിവര്‍ത്തനം ചെയ്യപ്പെടുന്നത് വിശിഷ്യാ ഇസ്ലാമിലേക്കാണെങ്കില്‍ ആധുനിക സവര്‍ണ മൂല്യമണ്ഡലത്തെ ഗര്‍ഭം ധരിച്ച മതേതരുടെ പൊയ്മുഖത്ത് മനുവിന്റെ കൊമ്പും പല്ലും പ്രത്യക്ഷപ്പെടും.മതേതരത്വ മുദ്രാവാക്യങ്ങള്‍ക്ക് എത്രമാത്രം വീറു കൂടുന്നുവോ,അത്ര തോതില്‍ കൊമ്പുകള്‍ക്കും പല്ലുകള്‍ക്കും നീളം വര്‍ധിക്കും.ജന്മഭൂമിയുടെ എഡിറ്റോറിയല്‍ ശൈലിയില്‍ ജനശക്തി വാരിക സംസാരിക്കുന്നത് അപ്പോഴാണ്.
അന്യന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുന്ന ജനാതിപത്യത്തില്‍ ഉള്ളുതുറന്ന സംവാദസദസ്സുകള്‍ നമുക്കിന്നു കാല്പ്പനികലോകമാണ്.അതിനാല്‍ നിലവിലെ വ്യവഹാരചട്ടങ്ങള്ക്ക് മതംമാറ്റത്തോടു സര്‍ഗാത്മകമായി സംവദിക്കാനോ ജനാതിപത്യപരിഗണന വച്ചുപുലര്‍ത്താനോ ഉള്ള ചൊടിയും ചുണയും നഷ്ടപ്പെട്ടിരിക്കുന്നു.കൊണ്ടാടപ്പെട്ട പ്രണയ പ്രചോദകമായ മതംമാറ്റങ്ങളോടും അതിനായുള്ള പ്രയത്നങ്ങളോടും വിയോജിപ്പു പുലര്‍ത്തുമ്പോല്‍ തന്നെ ഒരുവേള നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു വൈരുധ്യാത്മക യാഥാര്‍ഥ്യമുണ്ട്.ഒരു ഭാഗത്ത് മിശ്രവിവാഹങ്ങളെയും അതിനെ ഉജ്വലിപ്പിക്കുന്ന പ്രണയപര്വങ്ങളെയും അതില്‍ ഭാഗഭാക്കാവുന്ന റോമിയോ -ജൂലിയറ്റുകളെയും സാമൂഹികവിപ്ലവത്തിന്റെ പ്രോജ്വാല പ്രതീകങ്ങളാക്കി ആഘോഷിക്കുക.അതില്‍ വിരിയുന്ന 'മതമില്ലാത്ത ജീവനുകള്‍ ' ക്കാവശ്യമായ അജീവാനന്ത ചെലവ് പതിച്ചു നല്‍കുക.ഇത് സെക്യുലര്‍ മോഡേണിറ്റി നൊന്തു പ്രസവിച്ച ഒരു പൊതുമൂല്യമാണ്.അതിനാല്‍ ജാരസന്തതികളായ കുഞ്ഞുങ്ങള്‍ക്ക് ആ മൂല്യമണ്ഡലം ഒരിയ്ക്കലും മുലപ്പാല്‍ ചുരത്തില്ല.ആധുനിക മതേതരത്വം പണിതെടുത്ത ഈ അമ്മത്തൊട്ടിലില്‍ അവര്‍ ചുരത്തിയ അമ്മിഞ്ഞപ്പാല് നുണഞ്ഞു കിടക്കുമ്പോഴാണ് പി പരമേശ്വരന് കമലാ സുരയ്യയെ വെറുത്തതും ശൈഖ് മുഹമ്മദ് കാരക്കുന്ന് കലവറയില്ലാതെ സ്നേഹിച്ചതും ഒരേ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് ഷാജഹാന് മാടമ്പാട്ടിന്നു തോന്നിപ്പോകുന്നത്.
1 അഭിപ്രായം:
ഇത്രയും ഗഹനമായ സംഗതിയെ, മനോഹരമായി, വളരെ ലളിതമായി വിശകലനം ചെയ്തുതന്നതിനു് ഹ്രുദയംഗമായ നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ