
ഒരു സമുദായത്തില്‍പ്പെട്ടവരെ ടാര്‍ഗറ്റ് ചെയ്ത് അവരെ നിരോധിത സംഘടനയായ സിമിയുമായി ബന്ധമുള്ളവരാണെന്നു കാണിച്ച് ഇ-മെയില്‍ ചോര്‍ത്താന്‍ നിര്‍ദേശം നല്‍കിയ പോലിസ് ഉദ്യോഗസ്ഥന്റെ ചെയ്തിയെ മാധ്യമം വാരിക പുറത്തുകൊണ്ടുവന്നതാണ് കോളിളക്കങ്ങളുടെ തുടക്കം. ആദ്യം സംഭവത്തെ ഗൌരവമായെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി പിന്നെ പറഞ്ഞത് മെയില്‍ ചോര്‍ത്തിയതല്ല, മറിച്ച് ലോഗിന്‍ വിവരങ്ങള്‍ അന്വേഷിക്കുകയേ ചെയ്തുള്ളൂവെന്നാണ്. സിമിബന്ധം ഉദ്യോഗസ്ഥനുപറ്റിയ തെറ്റായും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. ഏതോ ഒരു ഭീകരനില്‍നിന്നു കിട്ടിയ മെയില്‍ ഐഡികള്‍ യഥാര്‍ഥമാണെന്ന് ഉറപ്പുവരുത്തുകയാണു ചെയ്തതെന്നും അറിയിച്ചു. ആരുടെയെങ്കിലും സ്വകാര്യതയില്‍ കയറിയിട്ടുണ്െടങ്കില്‍ പ്രായശ്ചിത്തം ചെയ്യാമെന്നുമായി മുഖ്യന്‍. ഇപ്പോഴിതാ പറയുന്നു; എല്ലാം കെട്ടിച്ചമച്ചതായിരുന്നുവെന്ന്. തീവ്രവാദബന്ധമുള്ള പോലിസുകാരന്‍ വര്‍ഗീയത വളര്‍ത്താന്‍ വേണ്ടി ഉണ്ടാക്കിയ രേഖയായിരുന്നുവത്രേ അത്. ഇക്കണ്ട കുതൂഹലങ്ങളൊക്കെ നടക്കുമ്പോള്‍ തങ്ങളീ നാട്ടുകാരേ അല്ലെന്നു പറഞ്ഞ് ലീഗ്നേതാക്കള്‍ മാറിനടക്കുന്നു. ആരെങ്കിലും അങ്ങോട്ടുചെന്നു ചോദിച്ചാല്‍, എല്ലാം വര്‍ഗീയത വളര്‍ത്താനുള്ള ചിലരുടെ ശ്രമങ്ങളാണെന്ന മറുപടിയില്‍ തീര്‍ന്നു.
സമുദായസ്നേഹത്തിന്റെ സീസണ്‍
മുസ്ലിംലീഗിനു സമുദായസ്നേഹമുണ്േടാ എന്ന ചോദ്യത്തിന് അതെ എന്നാണ് ഒറ്റവാക്കിലുള്ള ഉത്തരം. പക്ഷേ, പാര്‍ട്ടി പ്രതിപക്ഷത്താവണമെന്നു മാത്രം. ഭരണമില്ലാത്ത നാളുകളില്‍ ഉമ്മത്തിനോടുള്ള ന്യൂനപക്ഷപ്രസ്ഥാനത്തിന്റെ കൂറ് അണപൊട്ടി ഒഴുകും. സി.പി.എമ്മോ ഇടതുപക്ഷമോ ഒരു നോക്കുകൊണ്േടാ വാക്കുകൊണ്േടാ സമുദായത്തെ ദ്രോഹിക്കുന്നത് തദവസരത്തില്‍ ലീഗിനു സഹിക്കില്ല. ഭരണത്തിലുള്ളപ്പോള്‍ ചെയ്യുന്നതുപോലെ വിഷയങ്ങളെക്കുറിച്ച സമഗ്രപഠനത്തിനൊന്നും അപ്പോള്‍ സമുദായപ്പാര്‍ട്ടി നില്‍ക്കില്ല. ഉടന്‍വരും പ്രതിഷേധങ്ങളും പ്രതികരണങ്ങളും.
2006 മുതല്‍ അഞ്ചു വര്‍ഷം വി.എസ് അച്യുതാനന്ദന്‍ കേരളം ഭരിച്ച കാലം ലീഗിന്റെ മുസ്ലിംസ്നേഹം അതിന്റെ ഉച്ചസ്ഥായിയിലെത്തിയ നാളുകളായിരുന്നു. ലെറ്റര്‍ബോംബിന്റെ പേരില്‍ നിരപരാധിയായ മുസ്ലിംചെറുപ്പക്കാരനെ നിയമപാലകര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയപ്പോഴും മദ്റസാസമയം മാറ്റാന്‍ ശ്രമം നടത്തിയപ്പോഴും കേരളത്തെ പാകിസ്താനാക്കാന്‍ പോപുലര്‍ ഫ്രണ്ടുകാര്‍ ശ്രമിക്കുന്നുവെന്ന് അച്യുതാനന്ദന്‍ പ്രസ്താവനയിറക്കിയപ്പോഴുമെല്ലാം ലീഗ് സമുദായത്തിനുവേണ്ടി രംഗത്തുവന്നു. പാഠപുസ്തകവിവാദം ഏറ്റവുമധികം ഏറ്റുപിടിച്ചതും പാര്‍ട്ടിതന്നെ. 'മതമില്ലെന്നു ചേര്‍ത്തോളൂ' എന്ന പരാമര്‍ശത്തില്‍ത്തൂങ്ങി, കമ്മ്യൂണിസ്റ് ഭരണകൂടം മതനിരാസം കുത്തിവയ്ക്കുകയാണെന്ന് അവര്‍ വിധിയെഴുതി. അലിഗഡ് സര്‍വകലാശാലയുടെ ഓഫ് കാംപസ് പാണക്കാട്ടുനിന്നു പെരിന്തല്‍മണ്ണയിലേക്കു മാറ്റുന്നതിനും പാര്‍ട്ടി വര്‍ഗീയനിറം പകര്‍ന്നു. എല്ലാറ്റിനും കാരണം സി.പി.എമ്മിന്റെ മുസ്ലിംവിരോധം. മിക്ക മുസ്ലിംസംഘടനകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്നു ലോക്സഭ, പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയമുണ്ടാക്കുന്നതില്‍ പാര്‍ട്ടിയുടെ ഈ പ്രചാരണം വിജയംകണ്ടു.
ഭരണംതന്നെ ജീവിതം
ബാബരിമസ്ജിദ് തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസ്സിനൊപ്പം ഭരണത്തില്‍ തുടരാന്‍ പാര്‍ട്ടിയെടുത്ത തീരുമാനം ശരിയാണെന്നു കാലം തെളിയിച്ചെന്നും അത് സര്‍വരാലും പ്രശംസിക്കപ്പെട്ടെന്നും ലീഗ്നേതാക്കള്‍ രായ്ക്കുരാമാനം പറയാറുണ്ട്. എന്നാല്‍, നാലു മന്ത്രിസ്ഥാനം പോവുമെന്നു കരുതി ഒന്നുറക്കെ പ്രതിഷേധിക്കാന്‍പോലും നില്‍ക്കാതെ ഭരണത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ലീഗിന്റെ നടപടിയെ യു.ഡി.എഫുകാരും സംഘപരിവാരത്തെ അനുകൂലിക്കുന്ന ചിലരുമല്ലാതെ മറ്റാരും ശ്ളാഘിച്ചിട്ടില്ലെന്നതാണു വാസ്തവം. അക്രമത്തിനു മുതിരരുതെന്ന, സമുദായനേതാവ് കൂടിയായ അന്തരിച്ച മുഹമ്മദലി ശിഹാബ് തങ്ങളുടെ ആഹ്വാനത്തെ കേരളത്തിന്റെ പൊതുമനസ്സ് വാഴ്ത്തിയിട്ടുണ്ട്. ഇതിനെയാണ് ബാബരിധ്വംസനകാലത്തെ ലീഗ്നിലപാടിനെ ജനം പുകഴ്ത്തിയതായി അതിന്റെ നേതൃത്വം വ്യാഖ്യാനിച്ചത്.
രാജ്യത്തെ നടുക്കിയ സ്ഫോടനങ്ങള്‍ക്കുപിന്നില്‍ മുസ്ലിംതീവ്രവാദ സംഘടനകളാണെന്ന മുഖ്യധാരാ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും മുന്‍വിധിക്കപ്പുറത്തേക്കു ലീഗ് ചിന്തിച്ചിരുന്നില്ല. പിന്നീട് യാഥാര്‍ഥ്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരുന്നപ്പോഴും സംഘപരിവാരത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനുപകരം സമുദായത്തിനകത്തുള്ളവരെ തീവ്രവാദികളാക്കി നല്ലപിള്ളമാരും മതേതരന്മാരുമായി ചമഞ്ഞ് കൈയടി വാങ്ങാനായിരുന്നു ശ്രമം. ലീഗ് തളര്‍ന്നാല്‍ വളരുന്നതു തീവ്രവാദികളായിരിക്കുമെന്ന ക്ളീഷേ പുലമ്പുന്ന കാവി സാംസ്കാരിക നായകന്മാര്‍ ആഗ്രഹിക്കുന്നത് ഷണ്ഡീകരിക്കപ്പെട്ട സമുദായപ്പാര്‍ട്ടിയെയാണെന്നത് മൂന്നുതരം. 'പച്ചയോന്തെന്തായാലും വേലിക്കപ്പുറത്തേക്ക് ഓടില്ലെ'ന്ന് അവര്‍ക്കു നന്നായറിയാം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ പാര്‍ട്ടിക്കകത്തുനിന്നുതന്നെ ഉയരുന്നുണ്ട്. ആണവകരാര്‍, കശ്മീര്‍ കേസ്, ഇ-മെയില്‍ വിവാദം തുടങ്ങിയവയിലെല്ലാം അതു പ്രകടമായി. സാമ്രാജ്യത്വ ശക്തിയായ അമേരിക്കയുമായുള്ള അവിഹിത ബന്ധത്തില്‍ പ്രതിഷേധിച്ച് ഇ. അഹമ്മദ് കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ തീരുമാനിച്ചുവെന്നാണ് സംസ്ഥാന സെക്രട്ടറിയായിരുന്ന നേതാവ് ചാനല്‍ ദ്വാരാ പറഞ്ഞിരുന്നത്. എന്നാല്‍, ഡല്‍ഹിയിലെ മന്ത്രിമന്ദിരത്തില്‍ തിരിച്ചെത്തേണ്ട താമസം പണ്ടത്തെ അഹമ്മദ് സാഹിബ് വീണ്ടും തെങ്ങില്‍കയറി. രാജിവയ്ക്കുന്ന പ്രശ്നമേയില്ലെന്നായി. ഇതിലും വലിയ കാറ്റും മഴയുമുണ്ടായിട്ടും കുടചൂടാത്ത പാര്‍ട്ടിയാണ്. കശ്മീരില്‍ മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടെന്നു വാര്‍ത്ത വന്നപ്പോള്‍, ഒരു കൂട്ടം മുസ്ലിംചെറുപ്പക്കാരെ അവിടെ കൊണ്ടുപോയി പോലിസ് നിര്‍ദയം വെടിവച്ചുകൊന്നതാണെന്ന് ഒരു നേതാവ് തുറന്നടിച്ചു. മക്കളുടെ മയ്യിത്തുകള്‍പോലും കാണേണ്െടന്ന് അവരുടെ ഉമ്മമാര്‍ പറഞ്ഞപ്പോള്‍, അതാണ് മുസ്ലിംസമുദായത്തിന്റെ ശബ്ദമെന്നായി ലീഗ്നേതൃത്വം. പോലിസ് ഭീഷണിപ്പെടുത്തി തങ്ങളെക്കൊണ്ട് ഇപ്രകാരം പറയിക്കുകയായിരുന്നുവെന്നു പിന്നീട് അവര്‍ തുറന്നുപറഞ്ഞതൊന്നും പാര്‍ട്ടി അറിഞ്ഞിട്ടില്ല.
തീവ്രവാദം, അതല്ലേ എല്ലാം
തങ്ങളല്ലാത്ത ഒരു പാര്‍ട്ടിയോ സംഘടനയോ മുസ്ലിംകള്‍ക്കിടയില്‍ നിന്നുയര്‍ന്നുവരുമ്പോള്‍ അവരെ തീവ്രവാദികളാക്കി മുദ്രകുത്തി ബഹുസ്വരസമൂഹത്തിനു മുമ്പാകെ അവതരിപ്പിക്കുക ലീഗിന്റെ ശീലമാണ്. പി.ഡി.പിക്കും ഐ.എന്‍.എല്ലിനും ജമാഅത്തെ ഇസ്ലാമിക്കുമെല്ലാം കാലങ്ങളായി ലീഗിന്റെ ഇത്തരം ചവിട്ടുനാടകങ്ങള്‍ക്കിരയാവേണ്ടിവന്നിട്ടുണ്ട്. ഇവരെ എപ്പോഴും തീണ്ടാപ്പാടകലെ മാറ്റിനിര്‍ത്തുകയാണ് പാര്‍ട്ടി ചെയ്തിരുന്നതെങ്കില്‍ അതിനൊരു മാന്യതയുണ്ടായിരുന്നു. തക്കംകിട്ടുമ്പോഴെല്ലാം മേപ്പടി സംഘടനകളുമായി വോട്ട് ലാക്കാക്കി കൂട്ടുകൂടാന്‍ ശ്രമിക്കുകയും ശ്രമം പരാജയമാവുമ്പോള്‍ കുറ്റപ്പെടുത്തുകയുമാണ് രീതി. സുന്നികള്‍ രണ്ടായപ്പോള്‍ മുറിവില്‍ ഉപ്പുതേക്കുന്ന നിലപാടെടുത്ത പാര്‍ട്ടിക്ക് ഇടയ്ക്കു തിരിച്ചടിയുണ്ടായി. ഇതിനുകാരണം എ.പി സുന്നികളുടെ വോട്ട് അപ്പുറത്തേക്കു പോയതാണെന്നു കരുതി പിന്നെ സുന്നീ ഐക്യത്തിനുള്ള ശ്രമങ്ങളായി.
സ്വന്തം അണികളില്‍നിന്നുണ്ടായ അക്രമപ്രവര്‍ത്തനങ്ങളെ തമസ്കരിക്കാനും പാര്‍ട്ടി കണ്െടത്താറുള്ള ഉപായം 'തീവ്രവാദ'മാണ്. സംഘടനയില്‍ നുഴഞ്ഞുകയറിയ 'തീവ്രവാദികള്‍' ലീഗിനെ മോശമാക്കാന്‍ ചെയ്യുന്ന പ്രവൃത്തികളായി അക്രമങ്ങളെ വ്യാഖ്യാനിച്ചു. മാറാട്, നാദാപുരം, കാസര്‍കോഡ് കലാപങ്ങളില്‍ ലീഗുകാര്‍ നേരിട്ടുപങ്കെടുത്തപ്പോഴും അതു 'തീവ്രവാദികളുടെ' തലയില്‍കെട്ടിവച്ചു തടി സലാമത്താക്കാനായിരുന്നു ശ്രമം. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ബോംബ് നിര്‍മിക്കുന്നതിനിടെ അതുപൊട്ടി നാലഞ്ച് യൂത്ത്ലീഗുകാര്‍ കൊല്ലപ്പെട്ടപ്പോഴും തഥൈവ.
ഇ-മെയില്‍ വിവാദത്തില്‍ പാര്‍ട്ടിയെത്തിയ കണ്‍ക്ളൂഷനും വര്‍ഗീയത, തീവ്രവാദം, മതമൌലികവാദം തുടങ്ങിയ ലീഗ് തൊട്ടുതീണ്ടിയിട്ടില്ലാത്ത കുറേ സംഗതികളാണ്. ഇവിടെ മുസ്ലിംവേട്ട അനുവദിക്കില്ലെന്നു യോഗംകൂടി പ്രസ്താവനയിറക്കി അണികളുടെ കണ്ണില്‍പൊടിയിടലും തകൃതി. ഇത്രയും നിരപരാധികളെ പോലിസ് നോട്ടപ്പുള്ളികളാക്കി മാറ്റിയതു വെളിച്ചത്തുകൊണ്ടുവന്ന മാധ്യമസ്ഥാപനത്തിനാണ് കുറ്റം മുഴുവനും. കുറേക്കാലം പാര്‍ട്ടിയുടെ രാജ്യസഭാംഗത്വം വഹിച്ചവര്‍വരെ തങ്ങള്‍ വര്‍ഷങ്ങളായി ഇന്റലിജന്‍സ് നിരീക്ഷണത്തിലാണെന്നു വെളിപ്പെടുത്തിയിരിക്കുന്നു. ഇക്കാര്യത്തില്‍ സ്വന്തം നേതാക്കള്‍ക്കുപോലും സംരക്ഷണം നല്‍കാന്‍ പാര്‍ട്ടിക്കു കഴിയുന്നില്ല. എന്തിന് ഇ-മെയില്‍ പ്രശ്നത്തില്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെടാനുള്ള ചങ്കൂറ്റമൊന്നും രാജ്യവും സംസ്ഥാനവും ഭരിക്കുന്ന സര്‍ക്കാരുകളുടെ ഭാഗമായ ലീഗിനില്ല. മുസ്ലിംസമുദായത്തിനെതിരായ നീക്കമെന്നു ലീഗ് വിശേഷിപ്പിക്കുന്ന ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ, മാറാട് ഗൂഢാലോചനാ കേസുകളില്‍നിന്നു നേതാക്കളെ എങ്ങനെ രക്ഷപ്പെടുത്താമെന്നതാണ് പാര്‍ട്ടിയുടെ പൊതുമിനിമം പരിപാടി; ഒത്താലൊരു അഞ്ചാം മന്ത്രിയും.
1 അഭിപ്രായം:
പാണക്കാട്ട് തറവാട്ടിലെ കൊഴിബിരിയാനിയുടെ പ്രഭാവത്തില്‍ നിന്നും മുക്തമാകാത്ത കാലത്തോളം ലീഗ് രക്ഷപ്പെടില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ