2013, ജനുവരി 5, ശനിയാഴ്‌ച

മഅദനി, കരിനിയമത്തിന്റെ ഇര



നാലു ദിവസം മുമ്പ്‌ ബാംഗ്ലൂര്‍ പരപ്പനഅഗ്രഹാര ജയിലില്‍ അബ്‌ദുല്‍നാസര്‍ മഅദനിയെ കണ്ടപ്പോള്‍ അലട്ടുന്ന എല്ലാവിധ രോഗങ്ങളുടെയും പ്രതിഫലനങ്ങള്‍ അദ്ദേഹത്തില്‍ പ്രകടമായിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ മുറിയിലേക്കുകടന്നുവന്ന മഅദനി തൊട്ടടുത്ത്‌ എത്തിയപ്പോള്‍ മാത്രമാണ്‌ എന്നെ തിരിച്ചറിഞ്ഞത്‌. കണ്ണിന്റെ കാഴ്‌ച നന്നായി നഷ്‌ടപ്പെട്ടിരിക്കുന്നു. മുഖത്തുള്‍പ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും പ്രമേഹരോഗത്തിന്റെ തീക്ഷണതമൂലം മുറിവുകള്‍ ഉണ്ടായിരിക്കുന്നു. കിഡ്‌നികളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചുതുടങ്ങിയതിന്റെ ലക്ഷണങ്ങളുണ്ട്‌. മുറിച്ചുമാറ്റിയ കാലിന്റെ അഗ്രഭാഗത്തിനു തൊട്ടുമുകളിലെല്ലാം കടുത്ത മരവിപ്പാണ്‌. ദിനേന ഇരുപതുതരം ഗുളികള്‍ കഴിക്കുന്നതിനാല്‍ ഭക്ഷണത്തിന്‌ ആഗ്രഹം തന്നെ ഇല്ലാതായിരിക്കുന്നു. ഇതൊക്കെയാണെങ്കിലും ഒരു നിരാശയും അദ്ദേഹത്തില്‍ പ്രകടമല്ല. നീതിയുടെ കവാടങ്ങള്‍ തുറന്നു കിട്ടുമെന്ന ആത്മവിശ്വാസമുണ്ടെങ്കിലും മുമ്പിലെ പ്രതിബന്ധങ്ങളെക്കുറിച്ച്‌ അദ്ദേഹം നല്ലബോധവാനാണ്‌.
മഅദനിക്കു ചികില്‍സ ലഭിക്കാത്തതിലുള്ള പ്രതിഷേധങ്ങള്‍ കേരളത്തില്‍ അതിശക്‌തമായി എല്ലാ ഭാഗത്തു നിന്നും ഉയര്‍ന്നുവന്നിരിക്കുന്നു. സംഘപരിവാര്‍ സംഘടനകള്‍ ഒഴികെ എല്ലാ ഘടകങ്ങളും ഈയൊരു പ്രതികരണത്തില്‍ ഒരു ചേരിയില്‍ തന്നെയാണ്‌. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും വരെ മഅദനിയുടെ വിഷയത്തില്‍ സജീവമായി രംഗത്തുവന്നിരിക്കുന്നു.
കോയമ്പത്തൂര്‍ കേസില്‍ ജയിലില്‍ അടച്ചപ്പോള്‍ ആദ്യത്തെ നാലര കൊല്ലം കേരളം മഅദനിയുടെ മോചനം പൊതു ആവശ്യമായി ഉയര്‍ത്തിയിരുന്നില്ല. എന്നാല്‍ അവസാനഘട്ടമെത്തിയപ്പോഴേക്കും ഒരു പൊതുവികാരമായി അതു ഉയര്‍ത്തിക്കൊണ്ടുവരുന്നതിലേക്കു നയിച്ചത്‌ ആദ്യഘട്ടത്തില്‍ തന്നെ ഭരണകൂടഭീകരതയ്‌ക്കെതിരേ നിലപാടു സ്വീകരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ചില സംഘടനകളുടെയും ശ്രമങ്ങളായിരുന്നു. ഭയപ്പെട്ടു കഴിഞ്ഞിരുന്ന പൊതുസാഹചര്യത്തില്‍ നിര്‍ഭയമായി മഅദനിക്കെതിരെയുള്ള നീതിനിഷേധങ്ങളെ ഉയര്‍ത്തിക്കാണിക്കാന്‍ രംഗത്തുവന്ന അത്തരം വിഭാഗങ്ങളെയും ക്രൂരമായി വേട്ടയാടാന്‍ ഭരണകൂടം ശ്രമിച്ചു. ആ ശ്രമങ്ങള്‍ക്ക്‌ ഒത്താശ ചെയ്യുന്ന വിധം പലരും ഒന്നിച്ചുനിന്നു.
മഅദനിയുടെ ഗതിവരുമെന്നു ഭീഷണിപ്പെടുത്തി നവസാമൂഹിക മുന്നേറ്റങ്ങളെ തകര്‍ക്കാന്‍ കക്ഷി വ്യത്യാസമില്ലാത്ത നീക്കങ്ങളും അക്കാലത്തു നടക്കുകയുണ്ടായി. നീതിനിഷേധങ്ങളോട്‌ ഉയര്‍ന്നുവരുന്ന പ്രതികരണങ്ങളെ അമര്‍ച്ചചെയ്യാന്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന രീതിയാണിതെല്ലാം.
മനുഷ്യാവകാശലംഘനത്തിലും നീതിനിഷേധത്തിലും കക്ഷി വ്യത്യാസമില്ലാതെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ ഗുണപരമായ മാറ്റങ്ങള്‍ തന്നെയായി കണക്കാക്കേണ്ടതുണ്ട്‌. നീതിബോധമാണ്‌ ഇതിന്റെ പ്രേരകമാവേണ്ടത്‌. മറിച്ചുസഹതാപമായി കൂടാ.
സഹതാപമനസ്സിനു താല്‍പര്യങ്ങള്‍ ധാരാളമുണ്ടാവും. വോട്ടും രാഷ്‌ട്രീയനേട്ടവും മാത്രമാണ്‌ അജന്‍ഡയെങ്കില്‍ ഒരു ശ്രമവും ലക്ഷ്യത്തിലെത്തിക്കൊള്ളണമെന്നില്ല. രാഷ്‌ട്രീയ മതസംഘടനാ നേതൃത്വങ്ങളടക്കം നിരവധി പേര്‍ ഓരോ ദിവസവും ജയിലില്‍ നിരന്തരം മഅദനിയെ സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്‌. ഇതൊരു മാറ്റം തന്നെയാണ്‌. അത്തരത്തിലുള്ള പൊതുമാറ്റം സമൂഹത്തിനു പ്രതീക്ഷയാവണം പകര്‍ന്നു നല്‍കേണ്ടത്‌. ഒമ്പതരക്കൊല്ലത്തിനു ശേഷം കുറ്റവിമുക്‌തനായി പുറത്തുവന്ന മഅദനിക്കു വീണ്ടും കാരാഗൃഹം ഒരുക്കിയതിന്റെ പിന്നില്‍ ധാരാളം രാഷ്‌ട്രീയ ഘടകങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഒന്നാമൂഴത്തിലും രണ്ടാമൂഴത്തിലും കാണാചരടയായി വര്‍ത്തിച്ച ഘടകങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും ഒന്നിച്ചു നിന്നുകൊണ്ടു മഅദനിയുടെ നീതിനിഷേധത്തിനെതിരേ രംഗത്തുവന്നതിലെ ഉദ്ദേശശുദ്ധിയെ നിസ്സാരമായി കാണുന്നില്ല. ഉയര്‍ന്നുപൊങ്ങുന്ന ജനവികാരങ്ങളില്‍ നിന്നു രക്ഷപ്പെടാനാണു കണ്ണീരൊഴുക്കലെങ്കില്‍ കാലം തിരിച്ചറിയുക തന്നെ ചെയ്യും.
മഅ്‌ദനി വിഷയത്തില്‍ ധാരാളം പ്രതിഷേധങ്ങളും ഇടപെടലുകളും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്‌. എന്നാല്‍ ആ നീക്കങ്ങളൊന്നും തരിമ്പു പ്രതിഫലനം പോലും കര്‍ണാടകയില്‍ സൃഷ്‌ടിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഉള്‍പ്പെടെ മഅദനിയുടെ ചികില്‍സക്കു വേണ്ടി ഇടപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. രക്‌തസമ്മര്‍ദ പരിശോധന പോലും തന്റെ കാര്യത്തില്‍ ഇതിന്റെ പേരില്‍ ലഭിച്ചിട്ടില്ലെന്നു മഅദനി തന്നെ പറയുന്നു.
രോഗചികില്‍സ നല്‍കാനുള്ള കോടതി നിര്‍ദ്ദേശത്തിനു കര്‍ണാടകയില്‍ പുല്ലുവിലയാണുള്ളത്‌. ചികില്‍സ നിഷേധിച്ചു മഅദനിയുടെ ജീവന്‍ അപകടപ്പെടുത്താനുള്ള ഗൂഢനീക്കമായി ഇതിനെ പലരും വിലയിരുത്തുന്നത്‌. മഅദനിയുടെ കാര്യത്തില്‍ നടക്കുന്ന നീക്കങ്ങളൊന്നും ഫലപ്രാപ്‌തിയിലേക്ക്‌ എത്താന്‍ കഴിയാത്തത്‌ എന്തുകൊണ്ടെന്ന ഗൗരവമര്‍ഹിക്കുന്ന പ്രശ്‌നത്തിലേക്ക്‌ ഇനിയും ചര്‍ച്ചകള്‍ എത്തിയിട്ടില്ല. ചികില്‍സ ലഭ്യമാക്കണം, ചികില്‍സിക്കാന്‍ ജാമ്യം ലഭിക്കണമെന്ന ലളിതമായ ആവശ്യത്തിലേക്കു ചുരുക്കി നിര്‍ത്തുന്നതിന്റെ പൊരുളറിയാതെ പോവരുത്‌.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മഅദനിയുടെ ചികില്‍സാ ഉറപ്പാക്കാന്‍ വേണ്ടി കര്‍ണാടകയിലേക്കു പോവുന്ന വാര്‍ത്ത പുറത്തുവന്നതിന്റെ തൊട്ടുപിന്നാലെ കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണവും പുറത്തുവന്നു. മഅദനിക്ക്‌ എല്ലാവിധ ചികില്‍സാ സൗകര്യവും നല്‍കിക്കഴിഞ്ഞു. അഥവാ അക്കാര്യവുമായി അങ്ങോട്ടു വന്നതുകൊണ്ടു പ്രയോജനമില്ലെന്നു പറയാതെ പറയുകയായിരുന്നു ജഗദീഷ്‌ ഷെട്ടാര്‍. വിഷയത്തിന്റെ ഗൗരവും പരിഹാരത്തിന്റെ വഴിയും അറിഞ്ഞുകൊണ്ടാവണം നീക്കങ്ങള്‍ നടക്കേണ്ടത്‌.
നമ്മുടെ രാജ്യത്തു നിലനില്‍ക്കുന്ന ഭീകരമായ കരിനിയമത്തിന്റെ ബലിയാടാണ്‌ അബ്‌ദുല്‍ നാസര്‍ മഅദനി. നിയമവ്യവസ്‌ഥ അനുവദിക്കുന്ന ജാമ്യം നിഷേധിക്കാന്‍ പ്രധാനമായ കാരണം യു.എ.പി.എ എന്ന കരിനിയമത്തില്‍ ഉള്‍പ്പെടുത്തി അറസ്‌റ്റ് ചെയ്‌തതുകൊണ്ടാണ്‌. ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന ആയിരക്കണക്കിന്‌ ആളുകളുടെ അവസ്‌ഥയും ഇതു തന്നെയാണ്‌. രാഷ്‌ട്രീയനേതൃത്വങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്‌താവനകള്‍ കോടതിയാണു തീരുമാനിക്കേണ്ടത്‌ എന്നാണ്‌. നീതിനിഷേധങ്ങള്‍ക്ക്‌ അവസരമൊരുക്കും വിധം കോടതികള്‍ക്കു തീരുമാനങ്ങളെടുക്കാന്‍ പര്യാപ്‌തമായ നിയമനിര്‍മ്മാണം നടത്തിയ രാഷ്‌ട്രീയ നേതൃത്വം ഇതില്‍ സമര്‍ത്ഥമായി രക്ഷപ്പെടുകയാണു ചെയ്യുന്നത്‌. ഞങ്ങള്‍ ജനപക്ഷത്താണെന്നു സമര്‍ത്ഥിക്കാനും കോടതികളാണു കുഴപ്പക്കാരെന്നു വരുത്താനും ഇതിലൂടെ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കു കഴിയുന്നു. മറുവശത്ത്‌ അടിക്കടി ജനങ്ങളില്‍ നീതിന്യായ സംവിധാനങ്ങളില്‍ അവിശ്വാസം വളരുകയും ചെയ്യുന്നു.
പൊതുനന്മയും രാജ്യസുരക്ഷയും മുന്‍നിര്‍ത്തി നിര്‍മിക്കപ്പെടുന്ന നിയമങ്ങളുടെ ദുരുപയോഗങ്ങളുടെ എണ്ണമറ്റ അനുഭവങ്ങളാണു രാജ്യത്തിനു പറയാനുള്ളത്‌. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനം (തടയല്‍) നിയമമാണു രൂപഭേദത്തോടെ യു.എ.പി.എ എന്ന പേരില്‍ നിലനില്‍ക്കുന്നത്‌. തുടക്കത്തില്‍ ശക്‌തമായ എതിര്‍പ്പുകള്‍ ഈ നിയമത്തിനെതിരേ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ 2004ല്‍ പുതിയ ഭേദഗതികള്‍ വരുത്തി കര്‍ശനമാക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിപക്ഷ നിരയില്‍ നിന്നു ശക്‌തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നില്ല. 2008ലും 2012ലും വരുത്തിയ കടുത്ത നിര്‍ദ്ദേശത്തോടെയുള്ള ഭേദഗതികളെ കക്ഷിവ്യത്യാസമില്ലാതെ ശബ്‌ദവോട്ടില്‍ അംഗീകരിക്കുകയാണ്‌ ഉണ്ടായത്‌. ഇതു സൂചിപ്പിക്കുന്നത്‌ു മനുഷ്യത്വകിരാതനിയമങ്ങള്‍ നിലനില്‍ക്കുന്നതില്‍ എല്ലാവരുടെയും പങ്ക്‌ ഒരുപോലെയാണ്‌.
രാജ്യത്തെ പൗരബോധമുള്ളവരുടെ അതിശക്‌തമായ എതിര്‍പ്പിലാണ്‌ 1984ലെ ടാഡാ നിയമം 1995ല്‍ പിന്‍വലിക്കപ്പെടുന്നത്‌. പോട്ടയുടെ ഗതിയും ഇതു തന്നെയായിരുന്നു. ടാഡയ്‌ക്കും പോട്ടയ്‌ക്കുമെതിരേ ശക്‌തമായ പ്രതിഷേധമുയര്‍ത്തിയ സി.പി.എം ഉള്‍പ്പെടെയുള്ള കക്ഷികള്‍ യു.എ.പി.എയുടെ ഓരോ ഭേദഗതികളെയും മറയില്ലാതെ പിന്തുണക്കുന്നതാണുകണ്ടത്‌. നിരപരാധികളായ മുസ്ലിംകളുടെ ജയില്‍ മോചനം ആവശ്യപ്പെട്ട്‌ രാഷ്‌ട്രപതിയെ വരെ കണ്ട സി.പി.എമ്മിന്‌ മുസ്ലിം ചെറുപ്പക്കാര്‍ ജയിലില്‍ കുരുങ്ങി കിടക്കുന്നതിന്റെ അടിസ്‌ഥാന കാരണം അറിയില്ലെന്നു കരുതാന്‍ ന്യായമില്ല. അതുപോലെ തന്നെയാണ്‌ മഅദനി പ്രശ്‌നത്തിന്റെയും . എന്നിട്ടും ഉന്നയിക്കേണ്ട യഥാര്‍ത്ഥ പ്രശ്‌നം ഉയര്‍ത്തിക്കാണിക്കാതെ പുകമറ സൃഷ്‌ടിച്ച്‌ സംരക്ഷണവേഷം ചമയുന്നതു രാഷ്‌ട്രീയലക്ഷ്യത്തോടെയാവണം. അധികാരത്തിലിരുന്നപ്പോള്‍ കേരളത്തില്‍ യു.എ.പി.എ ഉപയോഗിച്ച്‌ മുസ്ലിം ചെറുപ്പക്കാരെ അറസ്‌റ്റുചെയ്‌ത സി.പി.എമ്മിന്‌ ഇതിനുള്ള ധാര്‍മിക അവകാശം നഷ്‌ടപ്പെട്ടിരിക്കുകയാണ്‌. മഅദനിക്കുചികില്‍സ എന്ന ആവശ്യത്തിനപ്പുറം പോവാനുള്ള ധൈര്യവും തന്റേടവും കാണിക്കാന്‍ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ തയ്യാറാവണം. അതിനുവേണ്ടത്‌ ആദ്യം കരിനിയമം ഇല്ലാതാവുകയാണ്‌. സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു നിര്‍ത്താനാണു കടുത്ത നിയമങ്ങള്‍ ഭരണകൂടം മുമ്പോട്ടു വെയ്‌ക്കുന്നത്‌. ജനവിരുദ്ധ സമീപനങ്ങളില്‍ പ്രതിഷേധം ഉയരാതിരിക്കാന്‍ ഭരണകൂടത്തിനു കരിനിയമങ്ങള്‍ ഉണ്ടായേ മതിയാവൂ.
അതുകൊണ്ടു നിരന്തര നിയമലംഘനങ്ങള്‍ക്കും പൗരാവകാശ ലംഘനത്തിനും വഴിവെക്കുന്ന കരിനിയമങ്ങള്‍ ഇല്ലാതാക്കാനുള്ള യോജിച്ച നീക്കമാണ്‌ ഉണ്ടായിവരേണ്ടത്‌. ബിനായക്‌ സെന്‍ മുതല്‍ മഅദനി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉയര്‍ന്നുവന്ന ജനവികാരത്തിന്റെ യഥാര്‍ത്ഥസത്തയെ കാണാതെ പോവരുത്‌. ജാമ്യമാണു നിയമമെന്ന പൊതുസങ്കല്‍പ്പം പുലരണമെങ്കില്‍ കോടതി മാത്രം വിചാരിച്ചാല്‍ മതിയാവുന്നില്ല. കോടതികള്‍ക്കു നിയമം നിര്‍മ്മിച്ചുനല്‍കുന്ന നിയമനിര്‍മാണ സഭകള്‍ കൂടി അതിലേക്കു ഉയരണം. ആ സഭയില്‍ പങ്കാളിത്തം വഹിക്കുന്നവര്‍ ഉന്നയിക്കേണ്ട വേദിയില്‍ ഉന്നയിച്ചു തിരുത്താതെ നടത്തുന്ന ഏത്‌ അഭ്യാസവും തിരിച്ചറിയാനുള്ള സാമാന്യബോധം പൊതുജനത്തിനുണ്ടെന്ന ബോധ്യം ബന്ധപ്പെട്ടവര്‍ക്കുണ്ടാവുന്നതുനല്ലതാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"