2013, ജനുവരി 10, വ്യാഴാഴ്‌ച

എല്ലാം പെണ്ണിനെ ചുറ്റിപ്പറ്റി


പ്രകൃത്യാ തന്നെ സ്‌ത്രീയും പുരുഷനും വ്യത്യസ്‌തരാണ്‌. അത്‌ അവളുടെമേല്‍ ആധിപത്യം പുലര്‍ത്താനുള്ള അവകാശമല്ല. പ്രാചീന കാലഘട്ടം മുതല്‍ തന്നെ സ്‌ത്രീയോട്‌ സമൂഹം സ്വീകരിച്ച ഒരുതരം വിവേചനമനസുണ്ട്‌. അബലയും അടിമയുമെന്ന മനസിന്റെ ഭാവഭേദങ്ങള്‍ എല്ലായിടത്തും പ്രകടമായി കാണുന്നുണ്ട്‌.
ഏത്‌ സമൂഹത്തിന്റെ നിലനില്‍പ്പിന്റെയും അടിസ്‌ഥാനം ഭദ്രതയാണ്‌. കുടുംബമാണ്‌ അതിന്റെ അടിസ്‌ഥാനഘടകം. പുരുഷനെപോലെ ഉത്തരവാദിത്തവും ബാധ്യതയും ഇക്കാര്യത്തില്‍ സ്‌ത്രീക്കും നിര്‍വഹിക്കാനുണ്ട്‌. സ്‌ത്രീയെ മാറ്റിനിര്‍ത്തിക്കൊണ്ട്‌ ഒരു സാമൂഹികമാറ്റവും ചരിത്രത്തിലുണ്ടായിട്ടില്ല. അതേസമയം പരിമിതികള്‍ ധാരാളം കാര്യങ്ങളില്‍ സ്‌ത്രീകള്‍ക്കുണ്ട്‌. പ്രകൃതിപരമായ ആ സത്യത്തെ അംഗീകരിക്കപ്പെടുകയും വേണം. തര്‍ക്കിച്ചു ജയിക്കേണ്ട ഒന്നല്ല സ്‌ത്രീ സുരക്ഷയും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍

എഴുതപ്പെട്ട ഇതിഹാസങ്ങളെല്ലാം
പെണ്ണിനെപ്പറ്റി
എണ്ണപ്പെട്ട കഥകള്‍, കവിതകള്‍, കലകള്‍
പെണ്ണിനെപ്പറ്റി
വരകള്‍, വാക്കുകള്‍, വര്‍ണങ്ങളാകെ
പെണ്ണിനെ ചുറ്റിപ്പറ്റി
അതു വരച്ചുതീര്‍ത്ത പുരുഷന്‌
എവിടെയോ ലേശം തെറ്റി
പെണ്ണിന്‍ കണ്ണീരാണീ ഭൂമിയില്‍ കടലായി
മാറിയതത്രെ
പെണ്ണിനെ ദുഃഖം തീറ്റിക്കും പുരുഷന്‍
ക്രൂരനത്രെ
മാപ്പിളപ്പാട്ടിന്റെ കുലപതി മോയിന്‍കുട്ടി വൈദ്യര്‍ക്ക്‌ ശേഷം കാവ്യഭംഗിയുള്ള രചനയില്‍ ശ്രദ്ധേയ സംഭാവന നല്‍കിയ നിലമ്പൂര്‍ എസ്‌.എള ജമീലിന്റെ വരികളാണ്‌ മേലുദ്ധരിച്ചത്‌. ദില്ലി കൂട്ടമാനഭംഗത്തിനു ശേഷം എല്ലാ ചര്‍ച്ചകളും സ്‌ത്രീയില്‍ കേന്ദ്രീകരിച്ചാണു നില്‍ക്കുന്നത്‌. അതുകണ്ടപ്പോഴാണു മേല്‍ശകലകങ്ങള്‍ ഓര്‍മ വന്നത്‌. സ്‌ത്രീസുരക്ഷയില്‍ നിന്നെല്ലാം വഴിമാറി ചര്‍ച്ചകളും വിവാദങ്ങളും ഏതോ കൊടുങ്കാട്ടിലാണു ചെന്നെത്തി നില്‍ക്കുന്നത്‌. ആവര്‍ത്തിക്കപ്പെടുകയും വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സ്‌ത്രീ പീഡനങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കും നിര്‍ദേശിക്കപ്പെടുന്ന പ്രതിവിധികള്‍ പലതരത്തിലുള്ളതാണ്‌. വധശിക്ഷ നല്‍കണം, ഷണ്ഡീകരിക്കണം, അതിവേഗ വിചാരണ വേണം, സ്‌ത്രീ മാന്യമായി വസ്‌ത്രം ധരിക്കണം, പൊതുരംഗത്ത്‌ സ്‌ത്രീയെ കണ്ടുകൂടാ, വീട്ടില്‍ കഴിഞ്ഞു ഭര്‍ത്താവിനെ നോക്കിയാല്‍ മതി, ലൈംഗിക വിദ്യാഭ്യാസത്തിനു പ്രത്യേക സംവിധാനം വേണം, മിശ്രവിദ്യാഭ്യാസം ഒഴിവാക്കണം, പാവാടയ്‌ക്കു പകരം സ്‌കൂളുകളില്‍ ചുരിദാറു മതി എന്നു തുടങ്ങി പ്രായോഗികവും അപ്രായോഗികവുമായ എന്തെല്ലാം നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നാലും തുടരുന്ന സ്‌ത്രീപീഡനങ്ങള്‍ക്ക്‌ ഇതൊന്നും പരിഹാരമാവില്ലെന്നു പിന്നീടുള്ള അനുഭവങ്ങള്‍ ഏറെ ബോധ്യപ്പെടുത്തുന്നുണ്ട്‌.
സ്‌ത്രീയെ ബഹുമാനിക്കാനും ആദരിക്കാനും തുല്യപരിഗണന നല്‍കാനും പര്യാപ്‌തമാവും വിധമാവേണ്ടിയിരുന്നു യഥാര്‍ഥത്തില്‍ ചര്‍ച്ചയുടെ പോക്ക്‌. മറിച്ച്‌ സ്‌ത്രീത്വത്തെ കൂടുതല്‍ അവമതിക്കുന്നതിലേക്കാണു കൊണ്ടുചെന്നെത്തിക്കുന്നത്‌. പുരുഷമേധാവിത്വ മനസിന്റെ പ്രതിഫലനമാണ്‌ ഇതെല്ലാമെന്നു പറഞ്ഞു മാറ്റിനിര്‍ത്തിക്കൂടാ. ധാരാളം ഘടകങ്ങള്‍ പങ്കുവഹിക്കുന്നതുപോലെ സ്‌ത്രീയും പങ്കാളിയാണ്‌ ഇതിലെല്ലാം. കവി സച്ചിതാനന്ദനെ കടം കൊണ്ടാല്‍ സ്‌ത്രീയുടെ ശത്രു പുരുഷന്‍ മാത്രമല്ല. സ്‌ത്രീകള്‍ക്കെതിരായ കൈയേറ്റങ്ങള്‍ക്കു നേതൃപരമായ പങ്ക്‌ സ്‌ത്രീകള്‍ തന്നെ വഹിക്കുന്നതിന്റെ നേരനുഭവങ്ങള്‍ ഒത്തിരിയേറെ നമ്മുടെ മുന്നിലുണ്ട്‌. പെണ്‍കുഞ്ഞ്‌ ജനിക്കുന്നത്‌ അപമാനമായി കാണുന്നവരും മകളെ കാഴ്‌ചവെക്കുന്നവരും പെണ്‍വാണിഭ സംഘത്തിന്റെ മുഖ്യകാര്‍മികരായി നില്‍ക്കുന്നവരും സ്‌ത്രീ സമൂഹത്തിന്റെ മിത്ര ഗണത്തിലല്ല പെടുന്നത്‌. എല്ലാറ്റിനും പര്യാപ്‌തമായ പരിഹാരം ഫെമിനിസ്‌റ്റ് വാദഗതികളാണെന്ന്‌ വിലയിരുത്താനും അനുഭവങ്ങള്‍ അനുവദിക്കുന്നില്ല. നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളെ സമഗ്രമായി ഉള്‍ക്കൊണ്ടാവണം പരിഹാര നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരേണ്ടത്‌. ദില്ലി സംഭവം ഗുണപരമായ ചിന്തകളിലേക്കു നയിക്കുമെന്നു കരുതിയവര്‍ക്ക്‌ കൂടുതല്‍ തെറ്റിക്കൊണ്ടിരിക്കുകയാണ്‌. നല്ല പാഠങ്ങള്‍ പഠിപ്പിക്കുന്നതിനു പകരം ഘടികാരത്തിന്റെ സൂചി പിന്നിലേക്കു തിരിച്ചുപിടിക്കുന്നതു പുരോഗതിയിലേക്കു മുന്നോട്ടു നടക്കുന്ന സമൂഹത്തിന്‌ അഭികാമ്യമായ ശീലമല്ല. സമത്വവും ഔന്നിത്യവും പരിഗണനയും സുരക്ഷിതത്വവും സ്‌ത്രീക്ക്‌ ലഭ്യമാവേണ്ടതുണ്ട്‌.
അവകാശങ്ങള്‍ നിഷേധിച്ച്‌ അടിമകളാക്കി നിര്‍ത്തുന്ന പ്രാകൃതമനോഭാവത്തെ തിരിച്ചുകൊണ്ടുവരാന്‍ നടത്തുന്ന ഏതു നീക്കത്തെയും പ്രബുദ്ധമായ ഇന്ത്യന്‍ ജനത നഖശിഖാന്തം എതിര്‍ത്തുകൊണ്ടേയിരിക്കും. അതുകൊണ്ടാണു ദില്ലി പശ്‌ചാത്തലത്തില്‍ പുറത്തുവന്ന അപരിഷ്‌കൃത നിലപാടുകളോടു രൂക്ഷമായ പ്രതികരണങ്ങള്‍ ഉയര്‍ന്നുവന്നത്‌. രാഷ്‌ട്രീയ സ്വയം സേവക സംഘം മേധാവി മോഹന്‍ഭഗവതിന്റെ ആസാം സില്‍ച്ചറിലെയും മധ്യപ്രദേശ്‌ ഇന്‍ഡോറിലെയും പ്രസ്‌താവനകള്‍ ഇപ്പോള്‍ അതിരൂക്ഷമായ വിമര്‍ശനത്തിന്‌ വിധേയമായി കഴിഞ്ഞത്‌ ഇതുകൊണ്ടാണ്‌. ആര്‍.എസ്‌.എസ്‌ മേധാവിയുടെ പ്രസ്‌താവന ഒട്ടും അത്ഭുതം സൃഷ്‌ടിക്കുന്നതല്ല. ഉള്‍ക്കൊള്ളുകയും കാത്തുസൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അടിയുറച്ച ഒരാശയത്തിന്റെ പ്രതിഫലനങ്ങള്‍ അതിന്റെ മുഖ്യകാര്‍മികനില്‍ നിന്നുതന്നെയാണ്‌ പുറത്തുവരേണ്ടത്‌.
അമ്പത്തിയെട്ടര കോടിയലധികം വരുന്ന ഇന്ത്യന്‍ സ്‌ത്രീ സമൂഹത്തിന്‌ നിര്‍ഭയവും സുരക്ഷിതവുമായി കഴിയാനുള്ള സാഹചര്യങ്ങളെക്കുറിച്ച്‌ ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കുന്നിടത്തുനിന്നു മറ്റൊരു ദിശയിലേക്കു കൊണ്ടെത്തിക്കാന്‍ ആര്‍.എസ്‌.എസ്‌ മേധാവി ശ്രമിച്ചത്‌ കൃത്യമായ രാഷ്‌ട്രീയ തീരുമാനത്തിന്റെ അടിസ്‌ഥാനത്തില്‍ തന്നെയാണ്‌. സ്‌ത്രീയുടെ പദവിയും സ്‌ഥാനവും ഓരോ സമൂഹവും മതവും പ്രത്യയശാസ്‌ത്രവും ദര്‍ശനങ്ങളും വ്യത്യസ്‌ത രീതിയിലാണ്‌ സമീപിച്ചു പോന്നത്‌. ഓരോന്നിന്റെയും സമീപനങ്ങളെ സംബന്ധിച്ച്‌ ധാരാളം പഠനങ്ങള്‍ നടക്കുകയും അവസാനിക്കാത്ത സംവാദങ്ങള്‍ തുടരുകയും ചെയ്യുന്നുണ്ട്‌. തങ്ങളുടെ ശരിയിലെ ശാഠ്യം സംവാദങ്ങള്‍ക്ക്‌ കൊഴുപ്പ്‌ നല്‍കാന്‍ സഹായിക്കുകയും ചെയ്‌തിട്ടുണ്ട്‌.
ഒരുകാലത്ത്‌ റോമന്‍ നിയമത്തില്‍ കുടുംബനാഥന്‌ ലഭിക്കുന്ന പരിപൂര്‍ണ സ്വാതന്ത്ര്യം വില്‍ക്കാനും ഉപദ്രവിക്കാനും വധിക്കാനും വരെ അവകാശങ്ങള്‍ വകവെച്ചുനല്‍കുന്നതായിരുന്നു. ഭാര്യയ്‌ക്കും പെണ്‍മക്കള്‍ക്കും സ്വത്തിന്‌ അവകാശമില്ലാത്തതായിരുന്നു ആദ്യകാല ഗ്രീക്ക്‌റോമന്‍ നിയമങ്ങള്‍. ഗ്രീക്ക്‌ കാഴ്‌ചപ്പാടില്‍ ക്രയവിക്രയത്തിനുള്ള വസ്‌തുവായി സ്‌ത്രീ കണക്കാക്കപ്പെട്ടു പോന്നിരുന്നു. വിവാഹം ചെയ്യുന്ന പുരുഷന്‌ പിതാവ്‌ മകളെ വില്‍ക്കലായിരുന്നു. അങ്ങനെ വാങ്ങുന്ന വ്യക്‌തിക്ക്‌ അവളെ വില്‍ക്കുകയോ പത്നിയാക്കി നിര്‍ത്തുകയോ ചെയ്യാമായിരുന്നു. ഫ്രാന്‍സില്‍ ഒരു കാലത്ത്‌ സ്‌ത്രീ മനുഷ്യനോ മൃഗമോ എന്നതുവരെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ജാതീയവിവേചനത്തിന്‌ ഇരയായി സ്‌ത്രീകള്‍ക്ക്‌ ഇന്നും മാന്യമായ പദവി അംഗീ കരിച്ചുകൊടുക്കപ്പെട്ടിട്ടില്ല. നഗ്നത മറയ്‌ക്കാന്‍ പോലും സ്‌ത്രീയെ അനുവദിക്കാത്ത പ്രാകൃത സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ നിലനിര്‍ത്താനാണ്‌ ചാതുര്‍വര്‍ണ്യത്തെ മഹത്വവല്‍ക്കരിക്കുന്നവര്‍ ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.
സ്‌ത്രീ രാത്രിയും പകലും തന്റെ ഭര്‍ത്താവിന്‌ വേണ്ടി ഉഴിഞ്ഞുവെക്കപ്പെട്ടവളാണെന്ന്‌ മനുസ്‌മൃതി കാഴ്‌ചപ്പാട്‌ (അധ്യായം9 ഖണ്ഡം 2) വിശദീകരിക്കുകയാണ്‌ യഥാര്‍ത്ഥത്തില്‍ മോഹന്‍ഭഗവത്‌ ചെയ്‌തത്‌. വിവാഹബന്ധത്തിലൂടെ സ്‌ത്രീയെ കെട്ടിയിടപ്പെടണമെന്ന കാഴ്‌ചപ്പാട്‌ പൊതുസ്വീകാര്യമാവുന്നതല്ല. എല്ലാത്തിനും കാരണം സ്‌ത്രീ പൊതുരംഗത്ത്‌ പ്രത്യക്ഷപ്പെടുന്നതാണെന്ന്‌ വരുന്നത്‌ ബാലിശമാണ്‌. ഇന്ത്യന്‍ സൈന്യം കാശ്‌മീരില്‍ നടത്തിയ ക്രൂരമായ മാനഭംഗങ്ങള്‍ ഒന്നും സ്‌ത്രീ നടു റോഡിലെത്തിയത്‌ കൊണ്ടായിരുന്നില്ല. അടച്ചിട്ട കതകുകള്‍ ചവിട്ടിത്തുറന്ന്‌ സ്‌ത്രീകളെ തേടിയെത്തിയ കാമഭ്രാന്തന്‍മാരുടെ പ്രേരകം തുറന്നിട്ട സ്‌ത്രീ മാറിടങ്ങളല്ലായിരുന്നു. സൂറത്തില്‍ മോഹന്‍ഭഗവതിന്റെ ആശയങ്ങളില്‍ പ്രചോദിതരായ അനുയായികള്‍ നഗ്നരായി ഓടിച്ചിട്ട്‌ മാനഭംഗപ്പെടുത്തിയത്‌ നഗര സംസ്‌കാരം സ്വാധീനിച്ച ഇന്ത്യയിലല്ല, ഗ്രാമീണ ഭാരതത്തില്‍ തന്നെയായിരുന്നു. ഭഗവതിന്റെ ആശയങ്ങള്‍ അണപ്പല്ല്‌ കൊണ്ട്‌ കടിച്ചുപിടിക്കുന്ന ഗുജറാത്തിലെ മോഡിയുടെ അനുയായിവൃന്ദം ഗര്‍ഭിണിയുടെ വയറ്റിലേക്ക്‌ ത്രിശൂലം കയറ്റി ഗര്‍ഭസ്‌ഥശിശുവിനെ പുറത്തെടുത്ത്‌ പെട്രോളൊഴിച്ച്‌ കൊന്നത്‌ ഗ്രാമീണ ഭാരതത്തിലായിരുന്നു. അപ്പോഴാണ്‌ സച്ചിദാനന്ദന്‍ എഴുതിയത്‌ ഇന്ത്യയിലെ അമ്മമാരെ നിങ്ങളിനി പ്രസവിക്കുകയും വേണ്ടെന്ന്‌.
മാവോവാദത്തിന്റെ മറയില്‍ വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലെ ആദിവാസി വാസ സ്‌ഥലങ്ങളില്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന സ്‌ത്രീ പീഡനങ്ങളും ഗ്രാമീണ ഭാരതത്തിലാണ്‌. ഓരോ മൂന്ന്‌ മിനുട്ടിലും ഗ്രാമീണ മേഖലയില്‍ ഒരു സ്‌ത്രീയെങ്കിലും മാനം കവര്‍ന്നെടുക്കപ്പെടുന്നുവെന്നത്‌ ഒരു സ്‌ത്രീ സംരക്ഷകരെയും അസ്വസ്‌ഥപ്പെടുത്തുന്നില്ല. പ്രത്യേകിച്ച്‌ അതില്‍ ഭൂരിഭാഗം ദലിതുകളാവുമ്പോള്‍.
പ്രകൃത്യാ തന്നെ സ്‌ത്രീയും പുരുഷനും വ്യത്യസ്‌ഥതരാണ്‌. അത്‌ അവളുടെമേല്‍ ആധിപത്യം പുലര്‍ത്താനുള്ള അവകാശമല്ല. പ്രാചീന കാലഘട്ടം മുതല്‍ തന്നെ സ്‌ത്രീയോട്‌ സമൂഹം സ്വീകരിച്ച ഒരുതരം വിവേചനമനസ്സുണ്ട്‌. അബലയും അടി മയുമെന്ന മനസ്സിന്റെ ഭാവഭേദങ്ങള്‍ എല്ലായിടത്തും പ്രകടമായി കാണുന്നുണ്ട്‌. ഏത്‌ സമൂഹത്തിന്റെ നിലനില്‍പ്പിന്റെയും അടിസ്‌ഥാനം ഭദ്രതയാണ്‌. കുടുംബമാണ്‌ അതിന്റെ അടിസ്‌ഥാനഘടകം. ഇത്‌ ആര്‍ക്കും നിരാകരിക്കാവുന്നതല്ല. പുരുഷനെ പോലെ ഉത്തരവാദിത്തവും ബാധ്യതയും ഇക്കാര്യത്തില്‍ സ്‌ത്രീക്കും നിര്‍വഹിക്കാനുണ്ട്‌. സ്‌ത്രീയെ മാറ്റിനിര്‍ത്തിക്കൊണ്ട്‌ ഒരു സാമൂഹ്യമാറ്റവും ചരിത്രത്തിലുണ്ടായിട്ടില്ല. അതേസമയം പരിമിതികള്‍ ധാരാളം കാര്യങ്ങളില്‍ സ്‌ത്രീകള്‍ക്കുണ്ട്‌. പ്രകൃതിപരമായ ആ സത്യത്തെ അംഗീകരിക്കപ്പെടുകയും വേണം. തര്‍ക്കിച്ചു ജയിക്കേണ്ട ഒന്നല്ല സ്‌ത്രീ സുരക്ഷയും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍.
വിവാഹബന്ധങ്ങളിലുണ്ടാവുന്ന പരസ്‌പരധാരണയെക്കുറിച്ച്‌ വികലവും ഭാഗി കവുമായ കാഴ്‌ചപ്പാടാണ്‌ ഭഗവത്‌ മുമ്പോട്ട്‌ വെച്ചത്‌. സ്‌ത്രീയോട്‌ ഭഗവത്‌ പ്രതിനിധാനം ചെയ്യുന്ന ആശയം പുലര്‍ത്തുന്ന കാഴ്‌ചപ്പാട്‌ തന്നെയാണ്‌ വീട്ടുജോലിക്കാരിയാവണമെന്നത്‌. ദാസ്യവേല സ്‌ത്രീക്ക്‌ കല്‍പ്പിച്ചുവെച്ച പ്രാചീനസ്വഭാവമാണ്‌ അതില്‍ ദര്‍ശിക്കുന്നത്‌. വിവാഹത്തെയും ലൈംഗിക ആഗ്രഹപൂര്‍ത്തികരണത്തെയും കുറിച്ച്‌ തെറ്റായ സങ്കല്‍പ്പമായിരുന്നു പുരാതനമായി നിലനിന്നിരുന്നത്‌. ഇഷ്‌ടമുള്ളിടത്ത്‌ കയറിച്ചെന്ന്‌ സ്‌ത്രീയെ പ്രാപിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന വരേണ്യ ഫ്യൂഡല്‍ സമ്പ്രദായത്തിന്റെ ഇരകളായിരുന്ന ജാതിയില്‍ കീഴെ നിന്നവര്‍.
പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തെക്കുറിച്ച്‌ ഗവേഷണം നടത്തിയ പി. ഭാസ്‌കരനുണ്ണി ദായക്രമത്തെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും നന്നായി പഠിച്ചവതരിപ്പിക്കുന്നുസാഹിത്യ അക്കാദമി ഇറക്കിയ ഗ്രന്ഥത്തില്‍. ബ്രാഹ്‌മണ, നമ്പൂതിരി, നായര്‍, ഈഴവ, തണ്ടാന്‍, മുക്കുവ, കമ്മാള, പറയ സമൂഹങ്ങളിലെ വിവാഹസമ്പ്രദായത്തെക്കുറിച്ച്‌ വിശദമായ പഠനം അതിലുണ്ട്‌. വിവാഹത്തെക്കുറിച്ച അവര്‍ണ സവര്‍ണ പാരമ്പര്യം അതില്‍ എടുത്തുദ്ധരിക്കുന്നുണ്ട്‌. സവര്‍ണസംസ്‌കാരം മുമ്പോട്ട്‌ വെക്കുന്ന ധാര്‍മികമൂല്യങ്ങളുടെ അകംപൊരുള്‍ പ്രസ്‌തുത കൃതിയില്‍നിന്ന്‌ വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്‌. അത്തരമൊന്നിന്റെ തുടര്‍ച്ചയെ നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നവരാണ്‌ ഗ്രാമീണഭാരതത്തിന്റെ വക്‌താക്കളായി നിലകൊള്ളുക.
നഗരഗ്രാമവ്യത്യാസമില്ല സ്‌ത്രീ പീഡനങ്ങള്‍ക്ക്‌. എല്ലാറ്റിനും ഒരു കാരണമാണ്‌ എന്ന്‌ വിധിയെഴുതുന്നതിലൂടെ വിഷയത്തിന്റെ ഗൗരവം നഷ്‌ടപ്പെടും. സമ്പന്നമായ ഒരു സാംസ്‌കാരിക പാരമ്പര്യത്തെയും ധാര്‍മിക പരിസരത്തെയും തകര്‍ത്തെറിയുന്നതില്‍ മധ്യവര്‍ഗസംസ്‌കാരത്തിന്‌ മുഖ്യമായ പങ്കുണ്ട്‌. അതോടൊപ്പം പവിത്രമായ ധാര്‍മിക സങ്കല്‍പ്പങ്ങളെ അട്ടിമറിക്കുന്ന പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയും പങ്കാളിയാണ്‌.
സ്‌ത്രീയെ അംഗീകരിക്കുകയും മാനിക്കുകയും അവകാശങ്ങള്‍ വകവെച്ചു കൊടുക്കുകയും ചെയ്യുന്ന ദര്‍ശനങ്ങളോട്‌ ആഭിമുഖ്യമുണ്ടാവുക അതിനാല്‍ സ്വാഭാവികമാണ്‌. സ്‌ത്രീക്ക്‌ ഭര്‍ത്താവിനെ തിരഞ്ഞെടുക്കുമ്പോള്‍ അവളുടെ ഇഷ്‌ടാ നിഷ്‌ടങ്ങളെ പരിഗണിക്കണമെന്ന്‌ ഇസ്ലാം മുമ്പോട്ടുവെക്കുന്നത്‌ സ്‌ത്രീയെ ആ ദര്‍ശനം ആദരിക്കുന്നുവെന്നതിനാലാണ്‌. സ്വന്തം ഉടമസ്‌ഥതയിലുള്ള സ്വത്തിന്റെ കൈകാര്യത്തിലും സ്‌ത്രീക്ക്‌ പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ട്‌. കുത്തഴിഞ്ഞ ജീവിതത്തെ പ്രോത്സാഹിപ്പിക്കാതെ തന്നെ സ്‌ത്രീയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്‌. സ്‌ത്രീയെ കേന്ദ്രീകരിച്ചു നടക്കുന്ന ചര്‍ച്ചകളുടെ പര്യവസാനവും അതിലേക്കാണ്‌ വഴി നടത്തേണ്ടത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"