2012, ഡിസംബർ 27, വ്യാഴാഴ്‌ച

അശാന്തിക്കിടയാക്കുന്നത്‌ മൂല്യധ്വംസനം



ഭദ്രതയും സുരക്ഷിതത്വവും സമാധാനവും തകര്‍ക്കും വിധം ജീര്‍ണത സമൂഹത്തിന്റെ അടിവേരിനെതന്നെ ബാധിച്ചു. ജീര്‍ണതകളോട്‌ നിലപാട്‌ സ്വീകരിക്കുന്നത്‌ ആര്‌ എന്നു നോക്കിയാണ്‌ അനുകൂലവും പ്രതികൂലവുമായ സമീപനം ഉണ്ടായിവരുന്നത്‌. വ്യക്‌തിയും മതവും രാഷ്‌ട്രീയവും ജാതിയും പ്രദേശവും രാജ്യവും കുടുംബമഹിമയും വരെ സമീപനം രൂപപ്പെടുത്തുന്നതില്‍ ഘടകമായി വര്‍ത്തിക്കുന്നുണ്ട്‌
അടുത്തിടെ അയല്‍വീട്ടില്‍ താമസത്തിനുവന്ന കുടുംബത്തിലെ മൂന്നു വയസുകാരന്റെ പെരുമാറ്റത്തില്‍ എനിക്കു ഭയം ജനിച്ചു. പ്രായത്തിന്റെ കുസൃതികള്‍ കുട്ടികളില്‍ സ്വാഭാവികമാണെങ്കിലും ഇവന്‍ അങ്ങനെയായിരുന്നില്ല. അഭിസംബോധനയും പെരുമാറ്റരീതിയും മുതിര്‍ന്നവരെപ്പോലും നാണിപ്പിക്കും. ജനിച്ചതും വളര്‍ന്നതും തെരുവിലായിരുന്നില്ല; സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തില്‍ തന്നെ.
മാതാപിതാക്കളുടെ കലഹത്തിനിടയില്‍ അവന്‍ കേട്ട പൊരുളറിയാത്ത പദപ്രയോഗങ്ങളായിരുന്നു അവനില്‍നിന്നു പുറത്തുവന്നിരുന്നത്‌. മദ്യലഹരിയിലും അല്ലാതെയും മാതാവിനെ പിതാവ്‌ അഭിസംബോധന ചെയ്യുന്നത്‌ അവന്‍ കടംകൊണ്ടു. ആറേഴു മാസമായി പിതാവിനെ പിരിഞ്ഞശേഷം കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങളില്‍ മാതാവു സംതൃപ്‌തയാണ്‌ ഇന്ന്‌.
ആറുവയസുകാരന്റെ മറ്റൊരു അനുഭവം സുഹൃത്ത്‌ പങ്കുവച്ചതു രണ്ടുനാള്‍ മുമ്പാണ്‌. ബന്ധുവായ സ്‌ത്രീ മതിയായ സുരക്ഷിതത്വം നല്‍കാന്‍ കഴിയാതെ വന്നപ്പോഴാണ്‌ അദ്ദേഹത്തെ ഏല്‍പ്പിച്ചത്‌. രണ്ടുനാള്‍ വീട്ടില്‍ നിര്‍ത്തിയപ്പോള്‍ തന്നെ മക്കളുടെ കൂടെ വളര്‍ത്താന്‍ പറ്റാത്ത സ്വഭാവ വൈകൃതങ്ങള്‍ കുട്ടി പ്രകടിപ്പിച്ചു തുടങ്ങി. മറ്റുപോംവഴികളില്ലാതെ വന്നപ്പോള്‍ കുട്ടിയെ ബാലമന്ദിരത്തിലെത്തിച്ചു. കൗണ്‍സിലിങിന്‌ വിധേയനായ ബാലന്‍ ആറുവയസിനിടയില്‍ അനുഭവിക്കേണ്ടി വന്നതത്രയും തുറന്നുപറഞ്ഞു. രണ്ടാനച്‌ഛന്റെ പീഡനങ്ങളുടെയും ലൈംഗിക ചേഷ്‌ടകളുടെയും ഹൃദയഭേദകമായ കഥകളാണ്‌ അവന്‍ തുറന്നുവച്ചത്‌.
രണ്ടുമക്കളുടെ അമ്മയായ സ്‌ത്രീ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ മറ്റൊരാളുടെ കൂടെ ഇറങ്ങിത്തിരിച്ചതായിരുന്നു. മൂത്ത മകളെ ആദ്യഭര്‍ത്താവു സംരക്ഷിക്കുന്നു. രണ്ടാം ഭര്‍ത്താവിന്റെ പീഡനങ്ങളില്‍ പൊറുതിമുട്ടിയ സ്‌ത്രീ കുട്ടിയെ രക്ഷപ്പെടുത്താന്‍ നടത്തിയ ശ്രമമാണു ബന്ധുവിനെ ഏല്‍പ്പിക്കല്‍. ആറുവയസിനിടയില്‍ നിരവധി തവണ മദ്യത്തിന്റെ രുചി വരെ ബാലന്‍ അറിഞ്ഞിട്ടുണ്ട്‌.
നിത്യവും നമുക്കു ചുറ്റും നൂറുകണക്കിന്‌ അനുഭവങ്ങള്‍ വാര്‍ത്തകളാവാതെ ഇതുപോലെ നില്‍ക്കുന്നുണ്ടാവും. കൂട്ടുകാരുടെ കാമപൂര്‍ത്തീകരണത്തിനു നിന്നുകൊടുക്കാത്ത മാതാവിനെ മകന്‍ കഴുത്തുഞെരിച്ചു കൊല്ലുന്നു. പിതാവു മകളെ മാനഭംഗപ്പെടുത്തുന്നു. മക്കളെയും സഹോദരിമാരെയും കാഴ്‌ചവയ്‌ക്കുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. പൊതുഇടങ്ങളില്‍ സ്‌ത്രീകള്‍ക്കു കടന്നുചെല്ലാന്‍ കഴിയുന്നില്ല. മതകേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും പെണ്‍കുട്ടികളുടെ കന്യകാത്വം ചീന്തപ്പെടുന്നു. മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടങ്ങള്‍ക്ക്‌ വാര്‍ത്താപ്രാധാന്യവും ഇല്ലാതായി. സ്വവര്‍ഗഭോഗങ്ങള്‍ക്കു നിയമപരിരക്ഷക്കുള്ള മുറവിളി ശക്‌തമാവുന്നു.
മദ്യവും മയക്കുമരുന്നും ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകവും മാന്യതയുടെ ലക്ഷണങ്ങളുമാകുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളോടുള്ള പ്രതിഷേധം നേര്‍ത്തുകഴിഞ്ഞിരിക്കുന്നു. സമൂഹത്തിലെ ഉന്നതസ്‌ഥാനീയരായ പലരും കോടതി കയറുന്നതു നെറികേടുകളുടെ പേരിലാണ്‌.
ഭീഷണമാംവിധം കുറ്റകൃത്യവും ജീര്‍ണതയും സമൂഹമനസിനെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്നു. ചേരികളിലോ തെരുവിലോ വളരുന്ന സമൂഹത്തില്‍ മാത്രമല്ല ചെറുപ്പം മുതലേ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നത്‌. ഭീതിതോന്നുന്ന കുടുംബസാമൂഹിക പശ്‌ചാത്തലം രൂപം പ്രാപിച്ചു വരുന്നതിന്‌ ധാരാളം ഘടകങ്ങള്‍ സ്വാധീനശക്‌തിയായി വര്‍ത്തിക്കുന്നുണ്ട്‌. ധാര്‍മിക സദാചാരബോധവും മൂല്യങ്ങളും വേരറ്റുപോയി അധാര്‍മ്മികതയും തിന്മയും കുറ്റകൃത്യങ്ങളും സമൂഹഗാത്രത്തില്‍ മേധാവിത്വം പുലര്‍ത്താന്‍ ആരംഭിക്കുന്നതോടെ പതനം പൂര്‍ണതയിലേക്ക്‌ നീങ്ങുകയാണ്‌. മൂല്യങ്ങളുടെ നഷ്‌ടത്തില്‍നിന്ന്‌ ഉല്‍ഭവിക്കുന്നതാണ്‌ അധഃപതനത്തിലേക്കുള്ള ചുവടുമാറ്റങ്ങളത്രയും.
ശുദ്ധപ്രകൃതത്തിലാണ്‌ ഓരോ മനുഷ്യനും പിറവിയെടുക്കുന്നത്‌. സാഹചര്യങ്ങളാണ്‌ അവന്റെ സ്വഭാവത്തെയും സംസ്‌കാരത്തെയും രൂപപ്പെടുത്തിയെടുക്കുന്നത്‌. ദൈവസൃഷ്‌ടികളില്‍ മനുഷ്യന്‌ മാത്രമാണ്‌ വിവേചനശക്‌തി ലഭിച്ചത്‌. പൈശാചികത മനുഷ്യപ്രകൃതത്തില്‍ ആധിപത്യം നേടുന്നതിലൂടെയാണ്‌ അതിരുകളില്ലാത്ത കുറ്റകൃത്യങ്ങള്‍ പെരുകിവരുന്നത്‌.
ഭീതിജനിപ്പിക്കുംവിധം മനുഷ്യനിലെ പൈശാചികതയും കുറ്റകൃത്യപ്രവണതകളും പ്രകടമാവുമ്പോള്‍ ഒരുതരം താരതമ്യപ്പെടല്‍ സമൂഹത്തില്‍ ശക്‌തിപ്രാപിച്ചുവരികയാണ്‌. അത്തരം താരതമ്യപ്പെടല്‍ മനസാണ്‌ ന്യായങ്ങള്‍ നിരത്തി സംരക്ഷണവഴി സൃഷ്‌ടിക്കുന്നത്‌. തെറ്റായ ചില കീഴ്‌വഴക്കങ്ങളും ഇതിന്റെ ഭാഗമായി പൊതുസിദ്ധാന്തമായി രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ട്‌.
ഭദ്രതയും സുരക്ഷിതത്വവും സമാധാനവും തകര്‍ക്കും വിധം ജീര്‍ണത സമൂഹത്തിന്റെ അടിവേരിനെതന്നെ ബാധിച്ചു. ജീര്‍ണതകളോട്‌ നിലപാട്‌ സ്വീകരിക്കുന്നത്‌ ആര്‌ എന്നു നോക്കിയാണ്‌ അനുകൂലവും പ്രതികൂലവുമായ സമീപനം ഉണ്ടായിവരുന്നത്‌. വ്യക്‌തിയും മതവും രാഷ്‌ട്രീയവും ജാതിയും പ്രദേശവും രാജ്യവും കുടുംബമഹിമയും വരെ സമീപനം രൂപപ്പെടുത്തുന്നതില്‍ ഘടകമായി വര്‍ത്തിക്കുന്നുണ്ട്‌. മേല്‍ഘടകങ്ങളില്‍ തങ്ങളുടെ ഇഷ്‌ടഗണത്തില്‍പ്പെടാത്തതാവുമ്പോള്‍ എതിര്‍ക്കുക എന്നതാണിന്നിന്റെ പൊതുസിദ്ധാന്തം.
ഈയൊരു പരിസരത്ത്‌ നിന്ന്‌ വേണം സമൂഹത്തിന്റെ കാതലിനെതന്നെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ജീര്‍ണതകളേയും അതിനോടുള്ള പ്രതികരണങ്ങളെയും പരിശോധിക്കാന്‍. തിരുത്താനും ശരിപ്പെടുത്താനും വേണ്ടിയുള്ള പ്രതികരണങ്ങള്‍ക്കേ സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയുകയുള്ളൂ. ഡല്‍ഹിയിലെ കൂട്ടബലാല്‍സംഗ പശ്‌ചാത്തലത്തില്‍ ഉയര്‍ന്നുപൊങ്ങുന്ന ധാര്‍മ്മികരോഷം ക്ഷണികമായിക്കൂടാ. എന്തു വികാരമാണ്‌ ആ പൈശാചികതയോടു സമരം ചെയ്യാന്‍ നമ്മുടെ മനസാക്ഷി പ്രേരിപ്പിക്കുന്നത്‌, അത്‌ എല്ലാവിധ തിന്മകള്‍ക്കെതിരേയും ഉണ്ടായിവരേണ്ടതുണ്ട്‌. സൈന്യം നടത്തിയ കൂട്ടബലാല്‍സംഗത്തിനെതിരേയും ഇതുപോലുള്ള പ്രതിഷേധങ്ങള്‍ ഉയരേണ്ടിയിരുന്നുവെന്ന അരുന്ധതിറോയിയുടെ പ്രസ്‌താവന പ്രസക്‌തമാണ്‌. പ്രശ്‌നാധിഷ്‌ടിത വൈകാരികതയാണു പ്രതികരണങ്ങളായി രൂപം പ്രാപിക്കുന്നത്‌ എന്ന വലിയ ദൗര്‍ബല്യത്തിന്റെ അടിമകളാണു നാം. വികാരവിക്ഷോഭത്തിനടിപ്പെട്ടു രൂപപ്പെട്ടുവരുന്ന ആത്മരോഷങ്ങള്‍ക്ക്‌ വലിയ പരിമിതികളുണ്ട്‌. താല്‍ക്കാലിക പരിഹാരങ്ങളില്‍ അത്‌ അവസാനിക്കും. ഒപ്പം ദീര്‍ഘകാലത്തേക്കു നിലനിര്‍ത്താനാവില്ല. പരിഹാരങ്ങള്‍ സ്‌ഥായിയുമാവില്ല.
ഏതൊന്നും രൂപപ്പെട്ടുവരാനുള്ള സാഹചര്യങ്ങള്‍ പഠിക്കുകയും അതിനു പരിഹാരം കാണുകയും ചെയ്യുമ്പോള്‍ മാത്രമാണു വേരറുത്തു കൊണ്ടു തിന്മയെ തടയാന്‍ സാധിക്കുകയുളളൂ. ധാര്‍മിക സദാചാര മൂല്യങ്ങള്‍ക്കു പവിത്രത കണക്കാക്കുന്നതാണ്‌ ഇന്ത്യന്‍ സംസ്‌കാരം. മതങ്ങളും ദര്‍ശനങ്ങളും ഉന്നതമൂല്യങ്ങളുള്ള പവിത്രമായ സങ്കല്‍പ്പങ്ങളും ഔന്നിത്യമുള്ള സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചു.
ശക്‌തമായ ധാര്‍മികബോധത്തിന്റെ പിന്‍ബലത്തില്‍ നിലനില്‍ക്കേണ്ട സമൂഹഘടനയാണു വിള്ളല്‍ സൃഷ്‌ടിക്കപ്പെുട്ടു തകരുന്നത്‌. സമൂഹഘടനയില്‍ സംഘത്തെക്കാള്‍ പ്രധാനപങ്ക്‌ വ്യക്‌തിക്കു തന്നെയാണ്‌ വഹിക്കാനുള്ളത്‌. സമൂഹഘടനയുടെ കേന്ദ്രബിന്ദു വ്യക്‌തിതന്നെയാണ്‌. തൊട്ടുപിന്നില്‍ കുടുംബം. സൃഷ്‌ടിക്കുന്നതിലെ ദൈവയുക്‌തിയില്‍നിന്ന്‌ ഇതു വായിച്ചെടുക്കാനാവും. വിവേചനശക്‌തി ലഭിച്ച മനുഷ്യനെ സൃഷ്‌ടിക്കല്‍ ഒരിക്കലും സംഘമായല്ല. തിരിച്ചുപോക്കും ആവിധമല്ല. പുനുരുദ്ധാരണവും വിചാരണയും വിധിതീര്‍പ്പും എല്ലാം ഒറ്റക്കെന്നാണു വിശ്വാസിസമൂഹം പഠിപ്പിക്കപ്പെടുന്നത്‌. വിയോജിപ്പുള്ള നിഷേധികളും യോജിക്കുന്ന പല കാഴ്‌ചകളും ഇതിനോടു ചേര്‍ന്നു നില്‍ക്കുന്നുണ്ട്‌. സമൂഹസഞ്ചാരപഥത്തില്‍ വ്യക്‌തിയാണു പ്രധാനഘടകം. തിരുത്ത്‌ ആവശ്യമായി വരേണ്ടതും വ്യക്‌തികളിലെന്നര്‍ഥം.
ദിവസേന നമ്മള്‍ കണ്ടുതീര്‍ക്കുന്നതും വായിച്ചുതള്ളുന്നതും അനുഭവിച്ചറിയുന്നതും നന്മയുടെ പ്രചോദകങ്ങളാവുന്നില്ല. ദൃശ്യങ്ങളിലൂടെയും വായനയിലൂടെയും പകര്‍ന്നുകിട്ടുന്ന അനുഭവങ്ങള്‍ ഓരോ ദിനവും മനസാക്ഷിയെ നൊമ്പരപ്പെടുത്തുന്നതാണ്‌. പവിത്രമായ സങ്കല്‍പ്പങ്ങള്‍ തകര്‍ത്തെറിയുന്ന പ്രചോദകങ്ങളിലൂടെ ഊട്ടി വളര്‍ത്തുന്ന തലമുറ സമൂഹത്തിലെ നന്മയുടെ പ്രതീകങ്ങളാവുന്നില്ല.
സ്വാധീനഘടകങ്ങളാവേണ്ട മാതൃകകള്‍ അന്യമായിക്കൊണ്ടിരിക്കുന്നു. പ്രാഥമിക സദാചാരത്തിന്റെ ആദ്യപാഠങ്ങള്‍ പകരേണ്ട മടിത്തട്ടുകള്‍ പോലും നന്മചുരത്തുന്നില്ലെന്നുവന്നാല്‍ നട്ടുവളര്‍ത്തി ഫലം പറിച്ചെടുക്കാന്‍ തിന്മയാണു ബാക്കിയാവുക. ബഹുമാനാദരങ്ങള്‍ ലഭിക്കേണ്ട മാതൃത്വത്തെ പ്രസവം പരസ്യമാക്കി അവമതിക്കുന്നതിലൂടെ ഉണ്ടാവുന്ന അപകടങ്ങളെയാണു സാംസ്‌കാരികബോധമുള്ളവര്‍ എതിര്‍ത്തത്‌.
സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ മാത്രമല്ല സദാചാര ചര്‍ച്ചയുടെ പരിസരത്ത്‌ ഉയരേണ്ടത്‌. ലൈംഗികതയും അതിര്‍വരമ്പുകളും മാത്രമായിക്കൂടാ ഇതിന്റെ പരിധിയിലെത്തുന്നതും. മനുഷ്യനിലെ മാനുഷികത തകര്‍ന്നു മൃഗതൃഷ്‌ണശക്‌തിപ്പെടുന്നതിലൂടെയാണ്‌ ഏതുവിധേനെയുമുള്ള കുത്തഴിച്ചിലുകള്‍ക്ക്‌ കളമൊരുങ്ങുന്നത്‌.
സമ്പത്തിനോടുള്ള അതിരുരുകളില്ലാത്ത ആര്‍ത്തി സൃഷ്‌ടിക്കുന്ന അസന്തുലിതത്വവും ജീര്‍ണതയ്‌ക്കു ഗതിവേഗം വര്‍ധിപ്പിപ്പിച്ചുകൊണ്ടിരിക്കുന്നു. അധ്വാനമില്ലാതെ പണം കണ്ടെത്തുന്നതിന്‌ എളുപ്പവഴികള്‍ തേടാനുള്ള ശക്‌തമായ സമ്മര്‍ദ്ദത്തില്‍ വലിയൊരു വിഭാഗം വ്യാപൃതരാണ്‌. പണക്കൊഴുപ്പു സൃഷ്‌ടിക്കുന്ന ധാരാളിത്ത പരിസരം ഇല്ലാത്തവനിലും മല്‍സരബുദ്ധി സൃഷ്‌ടിക്കുന്നു. സൂക്ഷ്‌മതയും പക്വതയും മാതൃകയും ലഭിക്കേണ്ട കേന്ദ്രങ്ങളായി വിലയിരുത്തുകയും നിര്‍ബന്ധപൂര്‍വ്വം ബഹുമാനം ജനങ്ങളില്‍ നിന്ന്‌ പിടിച്ചുവാങ്ങുകയും ചെയ്യുന്ന രാഷ്‌ട്രീയമതആത്മീയ ഭരണനേതൃത്വങ്ങള്‍ തിന്മയുടെ സംഖ്യകക്ഷികളായിത്തീര്‍ന്നിരിക്കുന്നു. പണം ഇരട്ടിപ്പിന്റെയും ഭൂമികച്ചവടത്തിന്റെയും ദല്ലാള്‍ രാഷ്‌ട്രീയത്തിന്റെയും മാതൃകകളെ സമൂഹം കടം കൊള്ളുന്നതു പലപ്പോഴും ബഹുമാന്യവ്യക്‌തികളില്‍ നിന്നാണ്‌.
ആത്മീയ സംതൃപ്‌തി തേടിയെത്തുന്ന പല കേന്ദ്രങ്ങളുടെയും ഉള്ളറകള്‍ കടുത്ത കൂരിരുട്ടിന്റെ സങ്കേതങ്ങളും കള്ളക്കച്ചവടങ്ങളുടെ ചന്തകളുമാണെന്നു വൈകാതെയുള്ള തിരിച്ചറിവിലേക്ക്‌ ഓരോരുത്തരും എത്തിക്കൊണ്ടിരിക്കുന്നു.
അശാന്തിയുടെ ലോകത്ത്‌ സമാധാനത്തിന്റെ തുരുത്തിലേക്കു തിരിച്ചുനടക്കുന്ന ശുദ്ധമനുഷ്യരെ അത്രയും വിപണത്തിന്‌ എങ്ങനെയാണ്‌ ഉപയോഗിക്കാനാവുക എന്നിടത്താണ്‌ ആത്മീയ വ്യാപാരസംഘങ്ങള്‍ നില ഉറപ്പിച്ചിരിക്കുന്നത്‌. ആഴത്തില്‍ വേരോട്ടം സിദ്ധിച്ച ജീര്‍ണതയും പൈശാചികതയും രാഷ്ര്‌ടീയമതആത്മീയ കേന്ദ്രങ്ങളെ ഒരുഘട്ടത്തിലും അസ്വസ്‌ഥമാക്കുന്നില്ല.
വേരറുത്തു പിഴുതുമാറ്റേണ്ട മാരകരോഗമാണു സമൂഹത്തെ ബാധിച്ചുകഴിഞ്ഞത്‌. മനസറിഞ്ഞു രോഗം ചികില്‍സിക്കേണ്ട ഭിഷഗ്വരന്‍മാരെയും ചികില്‍സാരീതിയുമാണു സമൂഹം പ്രതീക്ഷിക്കുന്നത്‌. അതെപ്പോള്‍ രൂപപ്പെടുത്താന്‍ കഴിയുമോ അപ്പോള്‍ മാത്രമേ നന്മയുടെ നട്ടുനനക്കല്‍ സാധ്യമാവൂ.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"