2012, ഒക്‌ടോബർ 24, ബുധനാഴ്‌ച

സമര്‍പ്പണത്തിന്റെ ഓര്‍മപ്പെരുനാള്‍



ഇസ്ലാമിക സമൂഹത്തിനു നിയമമാക്കപ്പെട്ട രണ്ട്‌ ആഘോഷങ്ങള്‍ മാത്രമേയുള്ളൂ. ആഘോഷങ്ങള്‍ ആരാധനയുടെ ഭാഗമാക്കിയ മതമാണ്‌ ഇസ്ലാം. വിശ്വാസികളുടെ ആഘോഷങ്ങള്‍ ദൈവപ്രീതിക്കു വേണ്ടിയാവണമെന്നു മതം നിഷ്‌കര്‍ഷിക്കുന്നു. വിശ്വാസിയുടെ ഓരോ ചലനവും ദൈവത്തെ മുന്‍നിര്‍ത്തിയാകേണ്ടതുണ്ട്‌. ആഘോഷങ്ങളെയുംഅതിനാലാണ്‌ ദൈവവുമായി ബന്ധിപ്പിച്ചുനിര്‍ത്തി പാരത്രിക മോക്ഷത്തിനു വേണ്ടിയുള്ള മാര്‍ഗമായി നിശ്‌ചയിക്കപ്പെട്ടിട്ടുള്ളത്‌. 

ലോകത്തു മുഴുവന്‍ മുസ്ലിംകളും ആഹ്ലാദപൂര്‍വം കൊണ്ടാടുന്ന രണ്ട്‌ ആഘോഷങ്ങളാണ്‌ ചെറിയ പെരുന്നാളും ബലി പെരുന്നാളും. ഓരോ സമൂഹത്തിനും വ്യത്യസ്‌തമായ ധാരാളം ആഘോഷങ്ങള്‍ നിലവിലുണ്ട്‌. ഇസ്ലാമിക സമൂഹത്തിനു നിയമമാക്കപ്പെട്ട രണ്ട്‌ ആഘോഷങ്ങള്‍ മാത്രമേയുള്ളൂ. 

വിശാലത ഒട്ടുമില്ലാത്ത മതമെന്ന ആക്ഷേപം എമ്പാടും ഇസ്ലാമിനെതിരേ ഉന്നയിക്കപ്പെട്ടിരുന്ന ഘട്ടത്തിലാണ്‌ പ്രവാചകനായ മുഹമ്മദ്‌ നബി ദൈവീക നിര്‍ദേശപ്രകാരം തന്നെ തന്റെ സമൂഹത്തിനു രണ്ട്‌ ആഘോഷവേളകളെ നിര്‍ണയിച്ചുനല്‍കുന്നത്‌. ഒരു മാസത്തെ ത്യാഗനിര്‍ഭരമായ വ്രതാനുഷ്‌ഠാനത്തിനു ശേഷമുള്ള ആഘോഷമാണു ചെറിയ പെരുന്നാള്‍. പരീക്ഷണങ്ങളെ അതിജീവിച്ചും ത്യാഗത്തിലൂടെയും സമര്‍പ്പണത്തിലൂടെയും ഉദാത്തമാതൃകയായി മാറിയ ദൈവീക പ്രവാചകന്‍ ഇബ്രാഹീം നബിയുടെയും മകന്റെയും സ്‌മരണ പുതുക്കലാണ്‌ ബലിപെരുന്നാള്‍. 

തിന്മയുടെ ആധിപത്യവും മാര്‍ഗഭ്രംശവും നിലനിന്ന സമൂഹങ്ങളില്‍ സമുദ്ധാരണത്തിനു നിയോഗിക്കപ്പെട്ടവരായിരുന്നു പ്രവാചകന്‍മാര്‍. മനുഷ്യകുലത്തിന്റെ ചരിത്രത്തില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ധാരാളം പ്രവാചകന്‍മാര്‍ കടന്നുപോയിട്ടുണ്ട്‌. ഓരോ പ്രവാചകനും അവരവര്‍ ജീവിച്ച സാഹചര്യത്തിലെ അത്യാചാരങ്ങളും തിന്മകളുമായിരുന്നു മുഖ്യ പ്രതിപാദ്യമാക്കിയിരുന്നത്‌. സാമൂഹികസാഹചര്യങ്ങളാല്‍ സൃഷ്‌ടിക്കപ്പെട്ട സകലമാന അടിമത്തങ്ങളില്‍നിന്നും ദുരാചാരങ്ങളില്‍നിന്നും മനുഷ്യരുടെ വിമോചനവും അതിജീവനവും സാധ്യമാക്കിയെടുക്കുകയായിരുന്നു പ്രവാചകന്‍മാര്‍ നിര്‍വഹിച്ച പ്രധാന ദൗത്യം. അതിനാല്‍ത്തന്നെ സൗകര്യങ്ങളുടേതായിരുന്നില്ല പ്രവാചകന്മാരുടെ പാന്ഥാവ്‌. ജീവിച്ച കാലഘട്ടത്തിലെ ജനങ്ങള്‍ക്ക്‌ വിമോചനത്തിന്റെ വഴിയൊരുക്കിയ ഓരോ പ്രവാചകന്റെയും പരീക്ഷണങ്ങള്‍ നിറഞ്ഞതും ത്യാഗപൂര്‍ണവുമായ ജീവിതം പിന്‍തലമുറയ്‌ക്കു പകര്‍ന്നുനല്‍കുന്നതു വലിയ പാഠങ്ങളാണ്‌.

സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും പരീക്ഷണങ്ങളുടെയും ജീവിതാനുഭവങ്ങള്‍ ഒട്ടേറെ നിറഞ്ഞതാണ്‌ പ്രവാചക ശ്രേഷ്‌ഠന്‍ ഇബ്രാഹീമിന്റേത്‌. സ്വേഛാധിപത്യത്തിലും ദുര്‍ഭരണത്തിലും നാടിനെ നയിച്ച നംറൂദിന്റെ നാട്ടിലെ ഇബ്രാഹീമിന്റെ ജനനവും വളര്‍ച്ചയും പോലും ദുഷ്‌കര സാഹചര്യത്തിലായിരുന്നു. ഭാവിയിലെപ്പോഴെങ്കിലും തങ്ങളുടെ ഭരണത്തിനു ഭീഷണിയാകാന്‍ ഇടയുള്ള ഒന്നിനെയും ജനതാല്‍പ്പര്യങ്ങള്‍ പരിഗണിക്കാത്ത ഒരു ഭരണകൂടം ചരിത്രത്തില്‍ ഒരിക്കലും വച്ചുപൊറുപ്പിച്ചിട്ടില്ല. വ്യക്‌തികളുടെയും പ്രസ്‌ഥാനങ്ങളുടെയും കാര്യത്തില്‍ അതാണു സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും. അത്തരം ഭരണാധികാരികള്‍ തലമുറകളെ തന്നെ ലക്ഷ്യമിടും. 

ജനനം പോലും സാധ്യമാകാതിരിക്കാന്‍ നംറൂദും ഫറോവയും നടത്തിയ നീക്കങ്ങള്‍ ദൈവം പരാജയപ്പെടുത്തിയതിന്റെ പാഠങ്ങള്‍ മൂസാ പ്രവാചകന്റെയും ഇബ്രാഹീം പ്രവാചകന്റെയും ജനനംതൊട്ട്‌ ഇങ്ങോട്ടു കാണാന്‍ കഴിയും. 

ധിക്കാരത്തിന്റെയും സ്വേച്‌ഛാധിപത്യത്തിന്റെയും പ്രതീകമായിരുന്ന നംറൂദ്‌ രാജാവിന്റെ കൊട്ടാര വിദൂഷകന്‍ ആസറിന്റെ മകനായി പിറവിയെടുത്ത ഇബ്രാഹീം ആദര്‍ശത്തിന്റെ വഴിയില്‍ ചെറുപ്രായത്തിലേ കുടുംബത്തില്‍നിന്നു ബഹിഷകരിക്കപ്പെടുകയായിരുന്നു. 

സൃഷ്‌ടാവായ ദൈവത്തോടാണ്‌ മനുഷ്യനു വിധേയത്വം വേണ്ടത്‌. വിശ്വാസപ്രമാണങ്ങള്‍ക്ക്‌ യുക്‌തിഭദ്രതയില്ലാതെ വരുമ്പോള്‍ അപചയങ്ങള്‍ സംഭവിച്ച അനുഭവങ്ങള്‍ ധാരാളമുള്ളതാണ്‌ മനുഷ്യകുലത്തിന്റെ ചരിത്രം. ഭരണാധികാരിയും, സ്വസമുദായവും പിതാവ്‌ പോലും യുക്‌തിക്കു നിരക്കാത്ത വിശ്വാസപ്രമാണങ്ങളിലൂടെ മുന്നോട്ടുപോകുന്നതില്‍ സഹികെട്ട ഇബ്രാഹീം അവരെ ബാധിച്ച ജീര്‍ണതയോട്‌ സമരം പ്രഖ്യാപിച്ചു രംഗത്തെത്തി. 

ഇബ്രാഹീമിന്റെ വിപ്ലവചിന്തകളെ യുക്‌തിഭദ്രമായി നേരിടാന്‍ ഭരണാധികാരിക്കു കഴിയാതെ വന്നപ്പോള്‍ സമ്മര്‍ദത്തിന്റെയും ഭീഷണിയുടെയും വഴികള്‍ തേടുകയായിരുന്നു. തീക്കുണ്ഡത്തിലേക്ക്‌ എടുത്തെറിഞ്ഞ്‌ ഫിനിഷ്‌ ചെയ്യാമെന്നതായിരുന്നു നംറൂദിന്റെ ലക്ഷ്യം. എന്നാല്‍ ദൈവനിശ്‌ചയം മറിച്ചായിരുന്നു. സംരക്ഷണ വലയമൊരുക്കി ദൈവം ഇബ്രാഹീമിനെ നായകനായി സ്‌ഫുടം ചെയ്‌തെടുത്തു. താല്‍ക്കാലിക സൗകര്യങ്ങള്‍ ആദര്‍ശത്തിന്റെ വഴിയില്‍ തടസമാവരുതെന്ന വലിയ പാഠം ലോകത്തിന്‌ ഇബ്രാഹീം പഠിപ്പിച്ചു. ജീവിതത്തില്‍ ദൈവ സമര്‍പ്പണത്തിന്റെ വ്യത്യസ്‌ത മാതൃകതന്നെയായിരുന്നു ഇബ്രാഹീമിന്റെതും കുടുംബത്തിന്റെതും.

ആ ശീലത്തില്‍ നിന്നാണ്‌ ജീവിതത്തിന്റെ അവസാന നാളുകളില്‍ പിന്തുടര്‍ച്ചക്കാരനായി ലഭിച്ച പൊന്നോമന മകനെയും പ്രിയപ്പെട്ട സ്വന്തം പാതിയെയും ദൈവ കല്‍പ്പന അനുസരിച്ച്‌ വിജനമായ മലമടക്കില്‍ ഉപേക്ഷിച്ചു തിരിച്ചു നടക്കുന്നത്‌. ദൈവീക തീരുമാനമാണോ ഈയൊരു ഉപേക്ഷിക്കലെന്ന്‌ ഹാജറയുടെ ചോദ്യത്തോട്‌ കണ്‌ഠമിടറി അതേയെന്നു പറയുന്ന മഹാനായ പ്രവാചകന്‌ പ്രതീക്ഷയുണ്ടായിരുന്നു ദൈവം കൈവിടില്ലെന്ന്‌. ഈയൊരു പരീക്ഷണത്തില്‍ വിജയിച്ചാലുണ്ടാവുന്ന പ്രതിഫലത്തെക്കുറിച്ചും. കൊച്ചുമകനായ ഇസ്‌മായിലീനെയുമായി വിജനമായ മലയിടുക്കില്‍ നിന്നുള്ള ഹാജറയുടെ പ്രാര്‍ഥനയിലാണ്‌ സംസമിലൂടെ പുതിയ ഒരു നാഗരികതയുടെ നീരുറവ പൊട്ടിയൊലിക്കുന്നത്‌. അതില്‍ പുതിയ സമൂഹവും സംസ്‌കാരവും മക്കയെന്ന പുണ്യനഗരിയുടെ ഉല്‍ഭവവും സാധിച്ചു. വിശ്വാസികളുടെ കേന്ദ്രബിന്ദുവായി മക്ക നിലനില്‍ക്കുന്നത്‌ ഇബ്രാഹീമിന്റെയും ഇസ്‌മായിലിന്റെയും ഹാജറയുടെയും ത്യാഗങ്ങളുടെ സ്‌മരണയില്‍ തന്നെയാണ്‌. 

പുണ്യമക്ക കേന്ദ്രമായി കഅ്‌ബാലയത്തെ പടുത്തുയര്‍ത്തുന്നതും പ്രവാചകന്‍ ഇബ്രാഹീമും മകന്‍ ഇസ്‌മായീലും ഒന്നിച്ചുചേര്‍ന്നാണ്‌.

ദൈവകല്‍പനകള്‍ക്ക്‌ പൂര്‍ണവിധേനായി നീങ്ങിയ ഇബ്രാഹീം നബിയുടെ അനുസരണയുള്ള മകനായിരുന്നു ഇസ്‌മായീല്‍. തനിക്കു ശേഷം ഒരു തുടര്‍ച്ചക്കാരനെ വേണമെന്ന മനംനൊന്ത പ്രാര്‍ഥനയ്‌ക്ക് ജീവിതത്തിന്റെ അന്ത്യനാളുകളില്‍ ദൈവം നല്‍കിയ ഉത്തരമായിരുന്നു ഇസ്‌മായില്‍. അതും എണ്‍പതാം വയസില്‍. പിതാവിന്റെ പരിലാളന തുടക്കത്തില്‍ നല്‍കാതെ മാതാവിനെ ഏല്‍പ്പിക്കാനുള്ള ദൈവ നിശ്‌ചയത്തില്‍ പലപാഠങ്ങളുമുണ്ടായിരുന്നു. തുടര്‍ന്നുവരാനുള്ള പരീക്ഷണത്തില്‍ പരാജയപ്പെടാതിരിക്കാനുള്ള ഒരു പരിശീലിപ്പിക്കല്‍. കൈക്കുഞ്ഞിന്റെ പ്രായത്തില്‍ ഉപേക്ഷിച്ചുപോന്ന പൊന്നുമോനെ ശൈശവം പിന്നിടുമ്പോള്‍ കണ്‍നിറയെ ആസ്വദിക്കാനുള്ള നിര്‍ദേശമല്ല ദൈവത്തില്‍ നിന്നു ലഭിക്കുന്നത്‌. കണ്‍മണിയെ ബലി നല്‍കണമെന്നാണ്‌. കേള്‍ക്കേണ്ട താമസം ഇബ്രാഹീമിനു മറുത്തൊരു അഭിപ്രായമില്ല. മകനോടു പറയുന്നതു ദൈവം നിന്നെ ബലി നല്‍കാന്‍ കല്‍പ്പിച്ചിരിക്കുന്നുവെന്നാണ്‌. പിതാവിനെ പോലെ അര്‍ഹത നേടിയവന്‍ തന്നെ പുത്രനെന്ന്‌ ഇസ്‌മായിലും ബോധ്യപ്പെടുത്തുകയായിരുന്നു. ദൈവ നിശ്‌ചയത്തിനു മുമ്പില്‍ കൂസലില്ലാതെ നിലപാടെടുക്കാന്‍ ഇസ്‌മയില്‍ തലകുനിച്ചു നിന്നു. പിതാവിന്റെയും മകന്റെയും കുമ്പിടല്‍ ദൈവത്തെ ആഹ്ലാദിപ്പിച്ചു. തീര്‍പ്പുണ്ടായി മനുഷ്യബലി വേണ്ട.. മൃഗബലി മതിയെന്ന്‌. സമര്‍പ്പണത്തിന്റെ അത്യുന്നതിയിലേക്കു കയറിനിന്ന്‌ ഇബ്രാഹീം ദൈവത്തിന്റെ ഇഷ്‌ടതോഴനായി ഖലീലുല്ലാ എന്ന പ്രത്യേക പദവി നേടി.

പ്രവാചകന്‍ ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും സമര്‍പ്പണത്തിന്റെ ദീപ്‌തമായ ഓര്‍മ പുതുക്കലാണ്‌ ഹജ്‌ജിന്റെയും ബലിപെരുന്നാളിന്റെയും കര്‍മങ്ങള്‍. ദൈവപ്രീതിയുടെ വഴിയില്‍ ജീവിതത്തില്‍ വിലപ്പെട്ടതു നല്‍കാന്‍ സന്നദ്ധമാവുമ്പോള്‍ മാത്രമാണ്‌ ഇബ്രാഹീമും ഇസ്‌്മായീലും ഹാജറയും ഉണ്ടായിത്തീരുന്നത്‌. ഏറ്റവും വിലപ്പെട്ടത്‌ ആദര്‍ശത്തിന്റെ വഴിയില്‍ സമര്‍പ്പിച്ചപ്പോഴാണ്‌ അവര്‍ യോഗ്യത നേടിയത്‌. അതുകൊണ്ടാണു സ്‌മരിക്കപ്പെടുന്നതും. ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍.

          ഒപ്പം നേരറിവ് ബ്ലോഗിന്റെ ബലിപെരുന്നാള്‍ ആശംസകളും. 

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"