
ഒരേസമയം ദേശവിരുദ്ധരെന്നും പ്രീണനം നേടുന്നവരെന്നുമുള്ള മുദ്രണത്തിന്റെ ഇരട്ടഭാരം അവര്‍ പേറുന്നു. ദേശവിരുദ്ധരോ ഭീകരരോ അല്ലെന്നു പ്രതിദിനമെന്നോണം തെളിയിക്കേണ്ട ബാധ്യതയാണു മുസ്്ലിംകള്‍ക്ക്... പൊതുസ്ഥലങ്ങളില്‍ 'മുസ്ലിം' ആയി വേര്‍തിരിക്കപ്പെടുന്നതാണ് ഇന്ത്യന്‍ മുസ്ലിംകളുടെ സ്വത്വപ്രശ്നത്തില്‍ ഒരു പ്രധാന വശം. മുസ്ലിമാണെന്നു തിരിച്ചറിയപ്പെടുന്നതു പ്രശ്നമാണെന്നു പലരും കരുതുന്നു... ദൈനംദിന ജീവിതത്തെ മുസ്ലിംസ്വത്വം ബാധിക്കുന്നതു പലവിധത്തിലാണ്. ഒരു വീട് വാടകയ്ക്കോ വാങ്ങാനോ കിട്ടില്ലെന്നതുമുതല്‍ കുട്ടികളെ നല്ല സ്കൂളില്‍ വിടാന്‍ കഴിയാത്തതുവരെയുള്ളതാണ് ആ പ്രശ്നങ്ങള്‍... സുരക്ഷ തോന്നായ്ക, മുസ്ലിംകളോടുള്ള വിവേചനപരമായ മനോഭാവം എന്നിവ വ്യാപകമായി അനുഭവപ്പെടുന്നു... മുസ്ലിംകളോട് ഇടപെടുമ്പോള്‍ പോലിസ് വല്ലാത്ത പാരുഷ്യം കാണിക്കുന്നതില്‍ ഉല്‍ക്കണ്ഠ ഉയരുകയുണ്ടായി. താടിവച്ചവരെയെല്ലാം ഐ.എസ്.ഐ. ഏജന്റാക്കുന്നതിന്റെയും ഏതെങ്കിലും സംഭവം ഉണ്ടായാലുടന്‍ മുസ്ലിംകുട്ടികളെ പൊക്കുന്നതിന്റെയും വ്യാജ ഏറ്റുമുട്ടല്‍ സാധാരണമായിത്തീരുന്നതിന്റെയും അപകര്‍ഷബോധത്തിലാണു മുസ്ലിംകള്‍ കഴിയുന്നത്... സുരക്ഷാ പേടികൊണ്ട് മുസ്ലിംകള്‍ ചേരിതിരിഞ്ഞു താമസിക്കുന്ന പ്രവണത രാജ്യത്തു വര്‍ധിക്കുകയാണ്. വിവേചനപരമായ സമീപനത്തിന്റെ ഇരകളാണെന്ന തോന്നല്‍ മുസ്ലിംകള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ വളരെ കൂടുതലാണ്.
മുസ്ലിംപ്രദേശങ്ങളിലെ മോശമായ പൊതുസൌകര്യങ്ങള്‍, രാഷ്ട്രീയാധികാരത്തിലും ഉദ്യോഗസ്ഥവൃന്ദത്തിനിടയിലും വേണ്ടത്ര പ്രാതിനിധ്യമില്ലായ്മ എന്നുതുടങ്ങി തങ്ങളോട് പോലിസ് കാണിക്കുന്ന അതിക്രമങ്ങള്‍ വരെ.. വിവേചനം നേരിടുന്നുവെന്ന കാഴ്ചപ്പാട് മുസ്ലിംകള്‍ക്കിടയില്‍ ശക്തിപ്പെട്ടിരിക്കുന്നു. മുസ്്ലിംകുട്ടികളുടെ വല്ലാത്ത കൊഴിഞ്ഞുപോക്ക് അസ്വാസ്ഥ്യജനകമാണ്.... ദാരിദ്യ്രമാണു മുസ്ലിംകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്കു പ്രധാന കാരണം... മുസ്ലിം പ്രദേശപരിസരങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകള്‍ ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളാണ്... പാഠപുസ്തകങ്ങളിലെ വര്‍ഗീയ ഉള്ളടക്കവും സ്കൂളുകളിലെ ആചാരങ്ങളും ചില സംസ്ഥാനങ്ങളില്‍ മുസ്ലിംകള്‍ക്കിടയില്‍ ഏറെ ഉല്‍ക്കണ്ഠയ്ക്കു കാരണമാണ്. തൊഴില്‍ വിപണിയില്‍ മുസ്ലിംകളുടെ വളരെ മോശമായ പ്രാതിനിധ്യം എല്ലാ സംസ്ഥാനങ്ങളില്‍നിന്നും ആവര്‍ത്തിച്ച് ഉയര്‍ന്നു വരുകയുണ്ടായി. ഡിഗ്രിയും സര്‍ട്ടിഫിക്കറ്റുമൊക്കെയുണ്ടങ്കിലും മുസ്ലിംകള്‍ക്കു പണി കിട്ടുക എളുപ്പമല്ല. വായ്പ നല്‍കുന്നതില്‍ പൊതു-സ്വകാര്യ ബാങ്കുകള്‍ കാണിക്കുന്ന പ്രകടമായ വിവേചനത്തെക്കുറിച്ചു പരാതികള്‍ മിക്ക സംസ്ഥാനങ്ങളില്‍ നിന്നും ഉയര്‍ന്നു. ചില സംസ്ഥാനങ്ങളില്‍ മുസ്ലിംകള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളെ പല ബാങ്കുകളും നെഗറ്റീവ് ലിസ്റില്‍പ്പെടുത്തിയിരിക്കുന്നു... പൌരനു സര്‍ക്കാര്‍ നല്‍കുന്ന പൊതുസൌകര്യങ്ങള്‍ തങ്ങള്‍ക്കു കിട്ടുന്നില്ലെന്ന് എല്ലാ സംസ്ഥാനങ്ങളില്‍നിന്നും വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, ഗതാഗത സൌകര്യമില്ലായ്മ, ശുചിത്വമില്ലായ്മ, വെള്ളം, വെളിച്ചം, ആരോഗ്യപരിരക്ഷാ സൌകര്യങ്ങള്‍ തുടങ്ങിയവയുടെ പോരായ്മ എന്നിവ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ കൂടുതലാണ്. സര്‍ക്കാരിലോ തദ്ദേശഭരണസ്ഥാപനങ്ങളിലോ താഴേത്തട്ടിലുള്ള മറ്റു സ്ഥാപനങ്ങളിലോ മതിയായ മുസ്ലിം ശബ്ദം ഇല്ലാത്തതു മുസ്ലിംകള്‍ പിന്തള്ളപ്പെടുന്ന സാഹചര്യം ഉണ്ടാക്കുന്നു. മുസ്ലിംകള്‍ കൂടുതലുള്ള നിയമസഭാമണ്ഡലങ്ങള്‍ പട്ടികജാതിക്കാര്‍ക്കു മാത്രം മല്‍സരിക്കാന്‍ കഴിയുന്ന 'സംവരണമണ്ഡലങ്ങള്‍' ആക്കി പ്രഖ്യാപിക്കുന്നു....''
സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടില്‍ മുസ്്ലിം അവസ്ഥ വിശദീകരിക്കുന്ന രണ്ടാമധ്യായത്തില്‍നിന്നുള്ള ഉദ്ധരണികളാണു മുകളില്‍ കൊടുത്തിരിക്കുന്നത്.
ആറുപതിറ്റാണ്ടിന്റെ സ്വാതന്ത്യ്രവും ജനാധിപത്യവും ഉപയോഗിച്ച് ഇന്ത്യന്‍ ഭരണകൂടങ്ങള്‍ ഒരു ജനതയെ എങ്ങനെ തകര്‍ത്തു എന്നതിന്റെ ഔദ്യോഗിക സ്ഥിരീകരണമാണ് സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട്. പതിനാലാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാറിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. അധികാരത്തിലേറിയ ശേഷം പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മന്‍മോഹന്‍ സിങ് 2005 മാര്‍ച്ച് ഒമ്പതിനു പുറപ്പെടുവിച്ച പ്രത്യേക ഉത്തരവു പ്രകാരമാണ് സച്ചാര്‍ കമ്മിറ്റി നിലവില്‍ വരുന്നത്. ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ അവസ്ഥയെക്കുറിച്ചു പഠിച്ചു റിപോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. യു.പി.എയെ അധികാരത്തിലെത്തിക്കുന്നതില്‍ മുസ്ലിംസമൂഹം വഹിച്ച നിര്‍ണായക പങ്ക് ഇത്തരമൊരു അനുഭാവപൂര്‍ണമായ നീക്കത്തിനു ഭരണകൂടത്തെ പ്രേരിപ്പിച്ചിരിക്കാം. ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റിസ് രജീന്ദര്‍ സച്ചാര്‍ അധ്യക്ഷനായുള്ള ഏഴംഗ കമ്മിറ്റി തികഞ്ഞ ആത്മാര്‍ഥതയോടെ തയ്യാറാക്കിയ വിശദമായ റിപോര്‍ട്ട് 2006 നവംബര്‍ 30നു പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചു. റിപോര്‍ട്ട് പുറത്തുകൊണ്ടു വന്ന യാഥാര്‍ഥ്യങ്ങള്‍ കണ്ട് ആദ്യം ഞെട്ടിയത് അവയൊക്കെയും അനുഭവിച്ചുകൊണ്ടിരുന്ന മുസ്ലിംസമുദായം തന്നെയാണ്. ദൈന്യം കടിച്ചിറക്കുമ്പോഴും അതിന്റെ കാഠിന്യം ഇത്ര വലുതാണെന്ന് അവര്‍ കരുതിയിരുന്നില്ല. മറ്റാരെങ്കിലും ഞെട്ടിയോ എന്ന കാര്യം സംശയമാണ്. മുസ്ലിംകള്‍ ഈ വിധം കുത്തുപാളയെടുക്കുക എന്നതു തങ്ങളുടെ സാമൂഹിക-രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനലക്ഷ്യവും പ്രേരകഘടകവുമാകയാല്‍ ആര്‍.എസ്.എസും സമാനമനസ്കരും തങ്ങളുടെ ആനന്ദം പങ്കിട്ടിരിക്കാനും സാധ്യതയുണ്ട്. റിപോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്തെത്തിയതോടെ കോണ്‍ഗ്രസുകാരുടെ മുസ്ലിംപ്രേമത്തിന്റെ രതിമൂര്‍ച്ഛ അവസാനിച്ചിരുന്നു. അറുപത്തിയഞ്ചുകൊല്ലത്തെ അവശതയനുഭവിച്ചതല്ലേ, ഇനിയുള്ള കാലം സ്വന്തം അവശതയുടെ 'രസമുകുളങ്ങള്‍' വായിച്ചുരസിക്കുകയെങ്കിലും ചെയ്തുകൊള്ളട്ടെ എന്നാവാം പൊതുവെ 'ലോലഹൃദയനായ' മന്‍മോഹന്‍സിങ് കരുതിയത്. സത്യത്തില്‍ ഈ കൊടുംപാതകത്തിലെ ഒന്നാംപ്രതി കോണ്‍ഗ്രസ് തന്നെയായിരുന്നു. ഈ ആറര പതിറ്റാണ്ടിന്റെ മുക്കാല്‍പങ്കും രാജ്യത്തിന്റെ അധികാരം കൈയാളിയത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന മതേതര ജനാധിപത്യ പാര്‍ട്ടിയാണ്.
ഒരു പാര്‍ട്ടിയോ വ്യക്തിയോ അധികാരത്തിലേറുന്നതു രാജ്യത്തോടും ജനങ്ങളോടുമുള്ള ഭരണഘടനാപരമായ ബാധ്യതകള്‍ നിര്‍വഹിക്കാമെന്ന് ഏറ്റുപറഞ്ഞുകൊണ്ടാണ്. ഇന്ത്യയിലെ മുഴുവന്‍ പൌരരും രാജ്യവുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങളിലും തുല്യരാണെന്നാണു ഭരണഘടന അര്‍ഥശങ്കയ്ക്കിടമില്ലാത്തവിധം വ്യക്തമാക്കുന്നത്.
ഭരണഘടനാ അനുച്ഛേദം
14. നിയമത്തിനു മുമ്പില്‍ സമത്വവും നിയമപരവുമായ തുല്യസംരക്ഷണ വും ഉറപ്പുവരുത്തുന്നു.
15. മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നു.
21. നിയമപരമായ മാര്‍ഗേണയല്ലാതെ ഒരാളുടെയും ജീവനോ വ്യക്തിസ്വാതന്ത്യ്രത്തിനോ തടസ്സം വരുത്തുകയില്ല.
25. മനസ്സാക്ഷിസ്വാതന്ത്യ്രവും സ്വതന്ത്രമായി ഏതു മതവും വിശ്വസിക്കാനും അനുഷ്ഠിക്കാനും പ്രബോധനം ചെയ്യാനുമുള്ള അവകാശവും ഉറപ്പുവരുത്തുന്നു.
29. തങ്ങളുടെ ഭാഷ, ലിപി, സംസ്കാരം എന്നിവ സംരക്ഷിക്കാനുള്ള ന്യൂനപക്ഷങ്ങളുടെ അവകാശം ഉറപ്പുവരുത്തുന്നു.
ഈ ഉറപ്പുകള്‍ ഊന്നിയൂന്നിപ്പറയുന്ന ഭരണഘടനയുടെ അനുശാസനങ്ങള്‍ അനുസരിക്കാമെന്നും നടപ്പാക്കാമെന്നും പ്രതിജ്ഞയെടുത്ത് അധികാരമേറ്റ കോണ്‍ഗ്രസ് ഭരണത്തിന്‍കീഴിലാണ് ഇന്ത്യയിലെ മുസ്ലിംജനവിഭാഗം നേരത്തേ സൂചിപ്പിച്ച തരത്തിലുള്ള അത്യന്തം ഹീനമായ വിവേചനത്തിനും അനീതികള്‍ക്കും ഇരയായത്. ഇതു കോണ്‍ഗ്രസ് നടത്തിയ ഭരണഘടനാലംഘനവും പ്രതിജ്ഞാലംഘനവുമാണ്. ഗുരുതരമായ ഈ കൃത്യവിലോപത്തിനു മറുപടി പറയാന്‍ കോണ്‍ഗ്രസിനു ധാര്‍മികവും നിയമപരവുമായ ബാധ്യതയുണ്ട്. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ രാജ്യത്തെ ഒരു പ്രബല വിഭാഗം രാഷ്ട്രജീവിതത്തിന്റെ മുഖ്യധാരയില്‍നിന്നു പിറകോട്ടു പോവുമ്പോള്‍ അവരെ കൈപിടിച്ചുയര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയും നടപ്പാക്കുകയുമാണു ഭരണകൂടത്തിന്റെ ഭരണഘടനാപരമായ ബാധ്യത. കോണ്‍ഗ്രസ് അതു നിര്‍വഹിക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പെടുകയായിരുന്നു. അത് ഒരു നോട്ടപ്പിശകില്‍ സംഭവിച്ച കൈയബദ്ധമാണെന്നു വിചാരിക്കാനാവില്ല. വളരെ ആസൂത്രിതമായും ക്രമപ്രവൃദ്ധമായും ഒരു സമൂഹത്തെ പ്രാന്തവല്‍ക്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിനു കോണ്‍ഗ്രസ് ഒരു കള്ളപ്പൂച്ചയുടെ കൌശലത്തോടെ കണ്ണടച്ചു കാവല്‍കിടക്കുകയായിരുന്നുവെന്നതാണു സത്യം.
ഇന്ത്യയിലെ മുസ്്ലിംസമൂഹം രാജ്യത്തോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ഏതെങ്കിലും നിലയ്ക്കുള്ള വീഴ്ചകള്‍ വരുത്തിയതിനു തെളിവില്ല. അത്തരം ഉത്തരവാദിത്തങ്ങളില്‍ അവര്‍ക്കെന്തെങ്കിലും ഇളവുള്ളതായും അറിവില്ല. പാകിസ്താനടക്കമുള്ള അയല്‍രാജ്യങ്ങളുടെ ആക്രമണത്തിനു രാജ്യം ഇരയായപ്പോള്‍ ജീവന്‍കൊടുത്തും അവരീ രാജ്യത്തോടൊപ്പം നിന്നിട്ടുണ്ട്. നികുതി നല്‍കുന്നേടത്തോ മറ്റേതെങ്കിലും ബാധ്യതകള്‍ നിര്‍വഹിക്കുന്നേടത്തോ ഒരു സമൂഹമെന്ന നിലയ്ക്ക് അവര്‍ വീഴ്ചകള്‍ വരുത്തിയിട്ടില്ല. പിന്നെ എന്തുകൊണ്ടു രാജ്യം തിരിച്ചുനല്‍കേണ്ടതിലെല്ലാം അവര്‍ മാറ്റിനിര്‍ത്തപ്പെട്ടു? ഈ ചോദ്യം ഉയര്‍ത്തപ്പെടുക എന്നതു ചരിത്രപരമായ അനിവാര്യതയാണ്. ഒരു സമൂഹവും അന്ത്യനാള്‍വരെ പതിത്വം സ്വയം വരിച്ചു കഴിഞ്ഞുകൂടാന്‍ സന്നദ്ധമാവുകയില്ല. ആ സന്നദ്ധതയില്ലായ്മയില്‍ നിന്നാണു സ്വയം എഴുന്നേറ്റുനില്‍ക്കാന്‍ ശ്രമിക്കുക എന്ന ഉല്‍ക്കടമായ അഭിവാഞ്ഛ സമുദായമനസ്സുകളില്‍ നിറയുന്നത്. അത്തരമൊരു അഭിലാഷത്തിന്റെ ഏറ്റവും സക്രിയമായ സംഘടിതരൂപങ്ങളിലൊന്നാണ് 2006ല്‍ രൂപംകൊണ്ട പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. തൊണ്ണൂറുകളിലെ കലുഷമായ രാഷ്ട്രീയ-സാമൂഹികാന്തരീക്ഷത്തെ ക്രിയാത്മകമായി വഴിതിരിച്ചുവിടാന്‍ യത്നിച്ച ഒരു കൂട്ടം പ്രാദേശിക കൂട്ടായ്മകളുടെ ഏകീകരണമായാണു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രംഗത്തുവന്നത്. ഭരണകൂടങ്ങള്‍ തങ്ങളുടെ രാജധര്‍മം വിസ്മരിച്ചുകൊണ്ടു നാലാംകിട രാഷ്ട്രീയക്കാരുടെ തൊഴുത്തുകളായി തരംതാഴുമ്പോള്‍ അതിന്റെ സ്വാഭാവികമായ ഇരകളായി മാറേണ്ടിവന്ന മുസ്്ലിംസമൂഹത്തെ രാജ്യത്തോടു നെഞ്ചുചേര്‍ത്തു നില്‍ക്കാന്‍ ആഹ്വാനം ചെയ്യുകയാണു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയ്തത്. രാജ്യത്തിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും തങ്ങളുടേതുകൂടിയാണെന്നു പോപുലര്‍ ഫ്രണ്ട് മുസ്ലിംസമൂഹത്തെയും രാജ്യത്തെ പീഡിതവിഭാഗങ്ങളെയും ഓര്‍മപ്പെടുത്തി. അക്രമികളുടെ ഇരകളായി മാറാതെ ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ള ഒരു ജനതയായി സ്വയം പരിവര്‍ത്തിക്കാനും രാജ്യത്തോടൊപ്പം സഞ്ചരിക്കാന്‍ പ്രാപ്തി നേടാനും സമൂഹത്തെ സജ്ജമാക്കാനാണു പോപുലര്‍ ഫ്രണ്ട് ശ്രമിച്ചത്. അധികാരിവര്‍ഗം വച്ചുനീട്ടുന്ന ആനുകൂല്യങ്ങളും കാത്ത് ഒരു ആയുഷ്കാലംകൂടി നഷ്ടപ്പെടുത്തുന്നതിനേക്കാള്‍ പ്രായോഗികമാണതെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു സംഘടനയ്ക്ക് ആര്‍ജിക്കാവുന്ന വിഭവശേഷിയുടെ പരിമിതിയില്‍ കുട്ടികളെ പാഠശാലകളിലേക്കയച്ചും യുവാക്കളെ തൊഴിലെടുക്കാന്‍ സഹായിച്ചും വിദ്യാഭ്യാസത്തിനു പ്രേരിപ്പിച്ചും പോപുലര്‍ ഫ്രണ്ട് രാജ്യത്തിന്റെ നിയമപരിധിക്കകത്തു പ്രവര്‍ത്തിച്ചുവരുകയാണ്. പക്ഷേ, മുസ്ലിംകള്‍ ഗുണംപിടിക്കരുതെന്നു കോണ്‍ഗ്രസ്സില്‍ ആര്‍ക്കാണിത്ര വാശി? പോപുലര്‍ ഫ്രണ്ടിനെതിരേ ചില അധികാരകേന്ദ്രങ്ങള്‍ കണ്ണുരുട്ടുമ്പോള്‍ ഉയര്‍ന്നുവരുന്ന സംശയമതാണ്.സ്വയം തിന്നുകയില്ല, തീറ്റിക്കുകയുമില്ല എന്ന ഈ നിലപാടിലെ മനുഷ്യത്വമില്ലായ്മയും നീതിരാഹിത്യവും രാജ്യത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണു സംഘടന നടത്തുന്നത്. ഒരു അനീതിയില്‍നിന്നു മറ്റൊരു കൊടിയ അനീതിയിലേക്കുള്ള പ്രയാണമായി ഭരണനിര്‍വഹണം ഗതിമാറുമ്പോള്‍ ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വാസമര്‍പ്പിച്ചും രാജ്യസ്നേഹികളെ കൂട്ടുപിടിച്ചും പോരാടുകമാത്രമാണ് ഒരു പൌരന്റെ മുമ്പിലുള്ള വഴി. രാജ്യത്തെ ഓരോ പൌരനും അവകാശപ്പെട്ട നീതിയും നിയമവാഴ്ചയും ഒരുപിടി വംശീയവാദികളുടെ ഔദാര്യമായി മാറുന്നതു രാജ്യത്തിന്റെ യശസ്സിനു കളങ്കവും ആത്യന്തികമായി രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നതുമാണ്.ഇന്ത്യയിലെ ഭരണനേതൃത്വങ്ങളില്‍ മനുഷ്യപ്പറ്റുള്ള ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടും പ്രതിചേര്‍ക്കപ്പെട്ട സ്ഫോടനങ്ങളിലെ നിരപരാധിത്വവും മുസ്്ലിംകളോടുള്ള സമീപനത്തില്‍ ഒരു പുനര്‍ചിന്തയ്ക്ക് അവരെ പ്രേരിപ്പിക്കേണ്ടതായിരുന്നു. മുസ്ലിംസമൂഹം കാലങ്ങളായി നടത്തുന്ന മുറവിളികളെ ശരിവയ്ക്കുന്നതായിരുന്നു അവ ഓരോന്നും. എന്നിട്ടും നിര്‍ലജ്ജം പഴകിപ്പുളിച്ച ആരോപണങ്ങളും വാദമുഖങ്ങളുമായി വീണ്ടുംവീണ്ടും രംഗത്തുവരാന്‍ രാജ്യത്തെ ചില അന്വേഷണ ഏജന്‍സികളും ഭരണകേന്ദ്രങ്ങളും സന്നദ്ധമാവുന്നുവെങ്കില്‍ കോണ്‍ഗ്രസിനെ യഥാര്‍ഥത്തില്‍ നയിക്കുന്നതു ഗാന്ധിയന്‍ ചിന്തകളല്ല, ഗോഡ്സെയുടെ ഫാഷിസ്റ് മനസ്സാണെന്നതു വ്യക്തം. മൂവര്‍ണക്കൊടിക്കു പിറകില്‍ ഫാഷിസത്തിന്റെ നിഴലയനക്കങ്ങളാണു നമുക്കനുഭവപ്പെടുന്നത്. ബട്ലാ ഹൌസില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകത്തെക്കുറിച്ചന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ അതു നിരാകരിച്ച് അന്വേഷണം പോലിസിന്റെ വീര്യംകെടുത്തുമെന്നു ന്യായം പറഞ്ഞവരുമാണു കോണ്‍ഗ്രസ്സുകാര്‍. നിരപരാധികളുടെ ചോര ഒരു മതേതരജനാധിപത്യ ഭരണസംവിധാനത്തിന്റെ ഉത്തേജകപാനീയമാവുന്ന വിധിവൈപരീത്യമാണു രാജ്യമിപ്പോള്‍ അഭിമുഖീകരിക്കുന്നത്. ഈ വൈപരീത്യം അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയും ഒരുപാടു നിരപരാധികളുടെ ചോരയും കണ്ണീരും നിലവിളികളും കൊണ്ട് ഈ രാജ്യം നിറയും. അതിനാല്‍ രാജ്യത്തോടു കൂറുള്ളവര്‍ ഉണരേണ്ട സന്ദര്‍ഭമായിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ