2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

മതനിരപേക്ഷതയുടെ പുതിയ മേഖലകള്‍


കൊളോണിയല്‍ കാലഘട്ടം വരെ നമ്മുടെ നാട്ടിലെ ജനതയ്ക്കു വര്‍ഗീയകലാപങ്ങള്‍ പരിചയമുണ്ടായിരുന്നില്ല. സാമ്രാജ്യത്വത്തിന്റെ സംഭാവനയാണ് ഇന്ത്യയിലെ വര്‍ഗീയതയും വര്‍ഗീയ കലാപങ്ങളും. അതിനു മുമ്പ് നിലനിന്ന ജന്മിത്തരാഷ്ട്രീയത്തിനു ജനങ്ങളെ  ഭിന്നിപ്പിച്ചു നിര്‍ത്തേണ്ട ആവശ്യം ഇല്ലാതിരുന്നതാവാം അതിനു കാരണം. ഇന്ത്യയിലെ പ്രമുഖ മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ചാല്‍ തങ്ങളുടെ കാലുകളുറപ്പിക്കാമെന്നു കണ്െടത്തിയ ബ്രിട്ടിഷുകാര്‍ ഹിന്ദുക്കളെയും മുസ്ലിംകളെയും പരസ്പരം ശത്രുക്കളാക്കി മാറ്റാന്‍ തന്ത്രങ്ങള്‍ മെനഞ്ഞതാണ് ഇവിടെ മതവൈരത്തിനു വാതില്‍ തുറന്നത്. നിരവധി മതങ്ങളും സംസ്കാരങ്ങളും ജാതികളും ഭാഷകളും താല്‍പ്പര്യങ്ങളും നിലനിന്ന ഇന്ത്യയില്‍ ശത്രുതയുടെ പരശ്ശതം സാധ്യതകള്‍ കണ്െടത്താന്‍ അധിനിവേശശക്തികള്‍ക്കു വലുതായൊന്നും പ്രയാസപ്പെടേണ്ടി വന്നില്ല. 

സ്വന്തം രാജ്യത്തിനകത്തു നിലനില്‍ക്കുന്നുവെന്നു പാശ്ചാത്യര്‍ അവകാശപ്പെടുന്ന മതനിരപേക്ഷതയ്ക്കു വിപരീതമായിരുന്നു കോളനിരാജ്യങ്ങളില്‍ ഏതുകാലത്തും അവര്‍ സ്വീകരിച്ച നിലപാട്. മതസഹവര്‍ത്തിത്വത്തെ അറപ്പുളവാക്കുന്ന രീതിയില്‍ അപകടപ്പെടുത്തുകയും ജനതയെ തമ്മിലടിപ്പിക്കുകയും ചെയ്തു ബ്രിട്ടിഷുകാര്‍. മതേതരസങ്കല്‍പ്പത്തില്‍നിന്നു വളരെ അകലെയായിരുന്നു ബ്രിട്ടിഷ് ഇന്ത്യ. ഒരു മതവിഭാഗത്തെ മറ്റൊന്നിനെതിരേ അവര്‍ ഉപയോഗിച്ചു. നമ്മുടെ സാംസ്കാരിക- വിദ്യാഭ്യാസരംഗത്തെ വര്‍ഗീയവല്‍ക്കരിച്ചു. സാമ്പത്തിക -സാങ്കേതിക -വിദ്യാഭ്യാസരംഗങ്ങളില്‍ പിന്നിലായിരുന്ന ഇന്ത്യയിലെ സാമൂഹികഘടനയുമായി ചേര്‍ന്നുനിന്ന് പരമ്പരാഗത യാഥാസ്ഥിതികതയെ പ്രോല്‍സാഹിപ്പിക്കുകയും രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്കക്കാരെ കൂടുതല്‍ പിറകോട്ടു നയിക്കുന്ന പിന്തിരിപ്പന്‍ നിലപാടു സ്വീകരിക്കുകയും ചെയ്തു. ഇന്ത്യയില്‍ മതനിരപേക്ഷതയുടെ സന്ദേശം മുന്നോട്ടുവച്ചത് അതിന്റെ ഉപജ്ഞാതാക്കളെന്ന് അവകാശപ്പെടുന്ന പാശ്ചാത്യരല്ല;  ഇന്ത്യന്‍ സ്വാതന്ത്യ്രസമര പ്രസ്ഥാനത്തിന്റെ നേതാക്കളാണ്. സാമ്രാജ്യത്വ വിരുദ്ധ ചിന്തകളില്‍ സ്വാതന്ത്യ്രം എന്ന മഹത്തായ ലക്ഷ്യത്തോടോപ്പം തന്നെ ശക്തിപ്പെട്ട ഒന്നായിരുന്നു മതനിരപേക്ഷത എന്ന ആശയവും. ബ്രിട്ടിഷുകാര്‍ സ്വാഭാവികമായും തിരശ്ശീലക്കു പിറകില്‍ അതിനെതിരേ കരുക്കള്‍ നീക്കി. സ്വാതന്ത്യ്രസമര പ്രസ്ഥാനത്തിന്റെ മുന്‍നിരയിലും അണികളിലും നിന്നവര്‍ക്കു സമൂഹത്തിലെ യജമാനവിധേയമനോഭാവത്തിനെതിരേ എന്ന പോലെത്തന്നെ വര്‍ഗീയനിലപാടിനെതിരേയും പോരാടേണ്ടി വന്നിട്ടുണ്ട്. 

ഇന്ത്യയെ സംബന്ധിച്ചിടത്തോളം മതനിരപേക്ഷത ഒരു വെറും വാക്കല്ല. ഇന്ത്യന്‍ ജനതയെ ഒരുമിച്ചുനിര്‍ത്തുകയും ആഴത്തില്‍ പ്രതിഫലനം ഉണ്ടാക്കുകയും ചെയ്യുന്ന വിശാലമായ ആശയമാണ് അത്. രാഷ്ട്രപിതാവിന്റെ ജീവന്‍ പോലും അതിനുവേണ്ടി ബലികൊടുക്കേണ്ടി വന്നു. ഭരണകൂടത്തിന്റെ മുഴുവന്‍ ശാഖകളിലും അതിന്റെ ഗൌരവബോധം ദൃശ്യമാവേണ്ടതുണ്ട്. നേതൃത്വത്തിലുള്ള ഓരോ വ്യക്തിയും ജീവിതവ്രതമെന്ന പോലെ താല്‍പ്പര്യങ്ങളോടു സമരംചെയ്ത് അതു കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഓരോ വ്യക്തിയിലും മതനിരപേക്ഷചിന്ത വളരാന്‍ ഭരണകൂടം നിരന്തര പദ്ധതികള്‍ മുന്നോട്ടുവയ്ക്കേണ്ടതുണ്ട്. തങ്ങള്‍ ജീവിച്ച കാലഘട്ടത്തില്‍ രാഷ്ട്രത്തിന്റെ ശില്‍പ്പികള്‍ ഈ ആശയത്തിന്റെ ആള്‍രൂപങ്ങളായി നിലകൊണ്ടു. സങ്കുചിതചിന്താഗതിക്കാരും മതഭ്രാന്തന്മാരും ജീവനുതന്നെ ഭീഷണി ഉയര്‍ത്തിയ സമയത്തും വര്‍ഗീയവിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നല്ലോ അവര്‍. 

ഗാന്ധിയും നെഹ്റുവും പ്രയോഗതലത്തില്‍ കാണിച്ച മതനിരപേക്ഷ നിലപാടാണ് ഇന്ത്യന്‍ ദേശീയതയ്ക്ക് അടിത്തറയായി കുടികൊണ്ടത്. സ്വാതന്ത്യ്രസമരത്തിലുടനീളം പ്രചോദനവും സ്വധീനശക്തിയുമായി അതു നിലനിന്നു. ശേഷം നമ്മുടെ ഭരണഘടനയുടെ ഖണ്ഡികകളില്‍ ഉള്‍ക്കൊണ്ടു എന്നു മാത്രമല്ല, ഭരണഘടനയുടെ ആത്മാവായി അതില്‍ അലിഞ്ഞുചേരുകയും ചെയ്തു. മതേതരത്വം ഉയര്‍ത്തിപ്പിടിക്കുക എന്നതു നിയമപരവും ഭരണഘടനാപരവുമായ ബാധ്യതയാണ് ഇന്ത്യയില്‍ ഇന്ന്. മതങ്ങളുമായുള്ള ഏറ്റുമുട്ടലിലൂടെയല്ല നമ്മുടെ രാജ്യത്തിന്റെ മതേതരത്വം സ്ഥാപിതമാവുന്നത്. എല്ലാ മതങ്ങളുടെയും ക്രിയാത്മക വളര്‍ച്ചയും അതോടൊപ്പം സഹവര്‍ത്തിത്വവും വിഭാവന ചെയ്യുന്നു ഇന്ത്യന്‍ ദേശീയത.

സ്വാതന്ത്യ്രത്തിനു വേണ്ടിയുള്ള സമരക്കളത്തില്‍ പിറക്കുകയും ശക്തിപ്പെടുകയും ഇന്ത്യന്‍ സാമൂഹികഘടനയുടെയും ഭരണഘടനയുടെയും ഭാഗമായി മാറുകയും ചെയ്ത മതനിരപേക്ഷത പ്രയോഗതലത്തില്‍ ഘട്ടംഘട്ടമായി ശോഷണം നേരിടുന്നതാണ് പിന്നീടു കാണാന്‍ കഴിഞ്ഞത്. സാധാരണക്കാരന്റെ ഹൃദയങ്ങളില്‍ ആവേശംകെടുന്നതിനു രാജ്യത്തിന്റെ വിഭജനം വലിയൊരളവു വരെ കാരണമായിട്ടുണ്ടാവാം. ഭരണകൂടത്തിനു പക്ഷേ, അങ്ങനെയൊരു ന്യായീകരണം പറയാന്‍ അവകാശമില്ല. എണ്ണമറ്റ വര്‍ഗീയകലാപങ്ങള്‍ക്കു സ്വതന്ത്ര ഇന്ത്യ സാക്ഷിയായി. ഇന്ത്യന്‍ ദേശീയതയുടെ വീടായി തിളങ്ങിയ കോണ്‍ഗ്രസ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തില്‍ ഇരിക്കുമ്പോള്‍ തന്നെയാണ് അവയിലധികവും സംഭവിച്ചത്. കലാപങ്ങള്‍ കാര്യക്ഷമമായി ഒതുക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറായില്ല. മതേതരതത്വത്തില്‍നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടി മാറിയതു കൊണ്ടല്ല അത്. പക്ഷേ, പാര്‍ട്ടിയിലെ ചില വ്യക്തികളില്‍ വളര്‍ന്ന വര്‍ഗീയ ചായ്വിനുമുന്നില്‍ മതനിരപേക്ഷതയോടു പ്രതിബദ്ധതയുള്ളവര്‍ തോറ്റുപോവുകയായിരുന്നു. കോണ്‍ഗ്രസ്സായാലും മറ്റു മതേതര പാര്‍ട്ടികളായാലും ഭരണഘടനാ തത്ത്വങ്ങളെക്കാള്‍ അവര്‍ക്കു പ്രധാനമായത് അധികാരമായി മാറി. മതേതര ജനാധിപത്യമൂല്യങ്ങള്‍ക്ക് അതുകഴിഞ്ഞുള്ള പ്രാധാന്യമേ ലഭിച്ചുള്ളൂ. അത്തരമൊരു ഘട്ടത്തില്‍ അനിഷ്ടസംഭവങ്ങള്‍ക്കു രാജ്യം സാക്ഷിയായി മാറിയതില്‍ അദ്ഭുതമില്ല.

അനേകം മതങ്ങളും സംസ്കാരങ്ങളും ജീവിക്കുന്ന ഈ മണ്ണില്‍ മതനിരപേക്ഷതയുടെ ആവശ്യകത ആര്‍ക്കും മനസ്സിലാക്കാം. അതിനു വിപരീതമായി ചിന്തിക്കുക എന്നതാണ് അസ്വാഭാവികം. ഇന്ത്യയില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളിലധികവും പ്രത്യക്ഷത്തില്‍ ഒറ്റപ്പെട്ട കാരണങ്ങളാല്‍ തുടങ്ങിയവയാണ് എങ്കിലും അവയ്ക്കു പിറകില്‍ ഒരു മനസ്ഥിതിയും ചിന്താഗതിയും പ്രവര്‍ത്തിച്ചു എന്നു പല ഘട്ടങ്ങളിലായി തെളിഞ്ഞുകഴിഞ്ഞു. കൊള്ളയും കൊലയും നടത്തിയവരെ രാഷ്ട്രീയംതിരിച്ചു മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവാം. പക്ഷേ, അവരുടെ മനോഭാവം രൂപപ്പെടുത്തുന്നതില്‍ ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ സ്വാധീനം പ്രകടമാണ്. അധികാരകേന്ദ്രങ്ങളും ഭരണയന്ത്രങ്ങളും ഈ സ്വാധീനത്തില്‍നിന്നു മുക്തമാവാതിരിക്കുന്നതു കൂടുതല്‍ അപകടം ചെയ്യുന്നു.

ഇന്ത്യയില്‍ തങ്ങളുടെ ഒന്നാം വരവില്‍ ഇവിടത്തെ പരമ്പരാഗത യാഥാസ്ഥിതികതയും വിവേചനമനോഭാവവുമായി ചേര്‍ന്നുനിന്ന് സാമൂഹികഘടനയെ അപകടപ്പെടുത്തുകയായിരുന്നു പാശ്ചാത്യശക്തികള്‍ ചെയ്തത് എങ്കില്‍, ഇപ്പോള്‍ ഈ രണ്ടാംവരവിലവര്‍ക്ക് ഒളിഞ്ഞുനിന്നു പ്രവര്‍ത്തിക്കാന്‍ സൌകര്യപ്പെടുന്ന കലങ്ങിമറിഞ്ഞ സാമൂഹികാന്തരീക്ഷം ലഭിച്ചിരിക്കുന്നു. അമേരിക്കയ്ക്കും ഇസ്രായേലിനും ഇന്ത്യയില്‍ തങ്ങളുടെ പുതിയ അജണ്ട നടപ്പാക്കുന്നതിന് തീവ്രഹിന്ദുത്വവും മൃദുലഹിന്ദുത്വവും കമ്മ്യൂണിസവും ഒളിഞ്ഞും തെളിഞ്ഞും നിന്ന് വളര്‍ത്തിയെടുത്ത മുസ്ലിംവിരോധത്തോടു ചേര്‍ന്നുനില്‍ക്കുക മാത്രമേ വേണ്ടൂ. മാധ്യമങ്ങളടക്കം ഇന്ത്യന്‍ സമൂഹത്തെ മുഴുവന്‍ ആഗോള മുസ്ലിംവേട്ടയില്‍  പങ്കാളികളാക്കുന്ന കാര്യത്തില്‍ അവര്‍ വിജയിച്ചിരിക്കുന്നു. മുസ്ലിം സ്വഭാവഹത്യയില്‍ വര്‍ഗീയവാദികളുടെ മുന്നിലാണ് ഭരണകൂടവും മാധ്യമങ്ങളും. രാജ്യത്തെ സാമുദായികാന്തരീക്ഷം ഇതിനിടയില്‍ വഷളാവുന്നത് അവര്‍ പ്രശ്നമാക്കിയില്ല; തങ്ങളുദ്ദേശിച്ചവരെ കരിവാരിത്തേക്കുന്നതിന് അതും സഹായകമാണ് എന്നതുകൊണ്ട്. സാമുദായിക സൌഹാര്‍ദത്തിന് അനുഗുണമായ സത്യസന്ധ നിലപാടുകളൊന്നും തന്നെ സര്‍ക്കാര്‍- പാര്‍ട്ടി തലങ്ങളില്‍ നിന്നുണ്ടാവാതെ വര്‍ഗീയാസ്വസ്ഥതയെക്കുറിച്ച് ഇപ്പോള്‍ ആശങ്കപ്പെടുന്നത് എന്തിന്? ശക്തിയും പ്രതിരോധശേഷിയും ഇല്ലാത്തവനിലാണ്  അച്ചടക്കനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കേണ്ടത് എന്ന സങ്കല്‍പ്പം പ്രമാണിവര്‍ഗം എക്കാലത്തും വച്ചുപുലര്‍ത്തിയിരുന്നു. ആളും അര്‍ഥവുമുള്ളവനു ഭരണകൂടം സംരക്ഷണം നല്‍കണം, ഒരു ആയയെപ്പോലെ. അതില്‍നിന്നു വ്യത്യസ്തമായി ഒന്നും ആധുനിക മതേതര ജനാധിപത്യം ഇന്ത്യയിലെ സാധാരണക്കാരനു നല്‍കിയിട്ടില്ല. വര്‍ഗീയതയുടെ പശ്ചാത്തലത്തില്‍ ഈ കാട്ടുനിയമത്തിനു കൂടുതല്‍ വിധേയരായത് മുസ്ലിംകളാണ് എന്നു മാത്രം.

ഇന്ത്യയില്‍ പുറന്തള്ളപ്പെട്ട ജനവിഭാഗങ്ങളാണ് ദലിതുകളും ആദിവാസികളും മുസ്ലിംകളും. ജാതിയും മതവും സമ്പത്തും രാഷ്ട്രീയവുമെല്ലാം ഈ പുറന്തള്ളലിനു കാരണമായി. ബ്രാഹ്മണരുടെ കൈകളിലൂടെ രൂപംകൊണ്ട മതനിയമങ്ങള്‍ ഹിന്ദുക്കളിലെ ദുര്‍ബല വിഭാഗങ്ങളെ പൊതുജീവിതത്തില്‍നിന്നു മാറ്റിനിര്‍ത്തി. സവര്‍ണര്‍ക്കു ജീവിതസൌകര്യങ്ങളൊരുക്കുകയാണ് തങ്ങളുടെ ദൈവനിയുക്ത ദൌത്യമെന്നു ബ്രാഹ്മണര്‍ അവരെ വിശ്വസിപ്പിച്ചു. ദയാനന്ദ സരസ്വതി, ബി. ആര്‍. അംബേദ്കര്‍, ശ്രീനാരായണഗുരു തുടങ്ങി അനേകം നവോത്ഥാന പ്രവര്‍ത്തകരുടെ ശ്രമഫലമായി ചെറിയ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും, ഇന്ത്യയിലെ അതിവിശാല ഭൂപ്രദേശങ്ങളില്‍ ആഴത്തില്‍ വേരൂന്നുകയും വിശ്വാസത്തിന്റെ പിന്‍ബലം ആര്‍ജിക്കുകയും ചെയ്ത സാമൂഹികഘടന അടിസ്ഥാനപരമായി മാറ്റിയെടുക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. സമ്പത്ത്, ആരോഗ്യം, അധികാരം, ശക്തി, അറിവ് തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുന്നിട്ടുനിന്ന സവര്‍ണ വിഭാഗത്തിനു പിറകോട്ടു മാറിനില്‍ക്കേണ്ട ഒരു കാരണവും ഇന്ത്യയില്‍ ഉണ്ടായിട്ടുമില്ല. മല്‍സരിക്കുന്നവരെ പിറകോട്ടുതളളാന്‍ അവര്‍ക്കു പ്രയാസമില്ലതാനും. ഭരണകൂടം ഏതായിരുന്നാലും അതിനോടിണങ്ങാനോ അതിനെ സ്വാംശീകരിക്കാനോ ഉപരിവര്‍ഗത്തിനു കഴിയും. ബ്രിട്ടിഷ് അധിനിവേശം സംജാതമാക്കിയ വ്യത്യസ്ത സാഹചര്യങ്ങളോട് അതിവേഗം ഇണങ്ങിയ സവര്‍ണ ഹിന്ദുസമൂഹം അവര്‍ പരിചയപ്പെടുത്തുകയോ അടിച്ചേല്‍പ്പിക്കുകയോ ചെയ്ത രാഷ്ട്രീയ-സാംസ്കാരിക സാമ്പത്തിക വ്യവസ്ഥിതിയുടെ നടത്തിപ്പുകാരായി മാറി. മറുഭാഗത്ത്, ചെറുത്തുനില്‍പ്പിനു ശ്രമിച്ച മുസ്ലിംകള്‍ മല്‍സരത്തില്‍ പിറകിലാവുകയും ചെയ്തു. യാഥാസ്ഥിതികമനോഭാവം വിദ്യാഭ്യാസത്തെ നിരുല്‍സാഹപ്പെടുത്തുക കൂടി ചെയ്തപ്പോള്‍ ഇന്ത്യയില്‍ മുസ്ലിംകള്‍ പതനത്തിന്റെ വഴിയിലായി. ഭരണകൂടത്തിന്റെ പിന്തുണയോടെ നടന്ന വര്‍ഗീയാക്രമണങ്ങള്‍ അവരെ സാമൂഹികവും സാമ്പത്തികവുമായി തകര്‍ക്കുകയും ഭയത്തിന് അടിമകളാക്കുകയും ചെയ്തു. ചേരികളും കടത്തിണ്ണകളും ഇടുങ്ങിയ തെരുവുകളുമാണ് ഇന്ന് അവരുടെ കേന്ദ്രങ്ങള്‍. പുറന്തള്ളലിന്റെ ഏകദേശചിത്രമാണ് ഇത്.

സാമ്രാജ്യത്വ-മൂലധന ശക്തികളുടെ പുതിയ കടന്നുകയറ്റത്തില്‍ ഈ വിഭാഗങ്ങള്‍ കൂടുതല്‍ ആശയറ്റവരായി മാറിയിരിക്കുന്നു. സാമൂഹികനീതിക്കും സമത്വത്തിനും സാമൂഹികക്ഷേമത്തിനും കാര്യക്ഷമമായ സംവിധാനങ്ങള്‍ ഇല്ലാത്ത രാജ്യത്തു സാമ്പത്തികനയം ഉദാരവല്‍ക്കരിക്കുന്നതു ദുര്‍ബലരെ കൂടുതല്‍ ദുര്‍ബലരാക്കുകയാണു ചെയ്യുക. ജാതീയതയും വംശീയതയും വര്‍ഗീയതയും ഉച്ചനീചത്വ സംസ്കാരവും ഭരണകൂടത്തിനകത്തു സ്വാധീനം ചെലുത്തുന്ന ഇന്ത്യയില്‍ അനിയന്ത്രിത സ്വകാര്യവല്‍ക്കരണം അപകടം ചെയ്യുന്നു. ചേരികളിലും ഗ്രാമങ്ങളിലും നടക്കുന്ന കുടിയൊഴിപ്പിക്കലും പരമ്പരാഗത ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ചയും വിദ്യാഭ്യാസ-തൊഴിലവസര നിഷേധവും പുറന്തള്ളപ്പെട്ടവരെ ആഴമേറിയ കുഴികളില്‍ എത്തിക്കുകയാണു വീണ്ടും.

മതത്തിനകത്തു മനുഷ്യവിമോചനമെന്ന ആശയം ഉറക്കമുണരേണ്ട സമയം വൈകിയിരിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടവന്റെ വിശ്വാസ്യതയുള്ള കൂട്ടുകാരനാവണം മതം. അവരെ ഉള്‍ക്കൊള്ളാവുന്ന മതനിരപേക്ഷതയുടെ തട്ടകം ഇസ്ലാമിനകത്തു ലഭ്യമാണ്. ആദ്യകാല ഇസ്ലാമികമുന്നേറ്റങ്ങള്‍ക്കിടയില്‍ ചൂഷകരുടെ കൈകളില്‍നിന്നു വിമോചനം നേടിയവര്‍ മുസ്ലിംകള്‍ മാത്രമായിരുന്നില്ലല്ലോ. അവരില്‍ ആരെങ്കിലും ഇസ്ലാമിലേക്കു വന്നിട്ടുണ്െടങ്കില്‍ അതു സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. മതേതരത്വത്തിന്റെ ഭാഷയും പെരുമാറ്റച്ചട്ടവും ഈ നിലപാടുകളില്‍നിന്ന് ഉരുത്തിരിച്ചെടുക്കാം, നാട്യങ്ങളുടെ ആവശ്യം ഇല്ല.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"