2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

ലീഗിന്‌ ഇങ്ങനെ ഒരധികാരം വേണോ?


ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം നിന്നുപോയ വിഭാഗമെന്ന നിലയില്‍ അവരുടെ ഉയര്‍ച്ചയ്‌ക്കായി കേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍നിന്നു ധാരാളം ശ്രമം നടന്നിട്ടുണ്ട്‌. മറ്റുള്ളവരോടു മല്‍സരിക്കാനും ജയിക്കാനും അവരെ പ്രാപ്‌തമാക്കി, ഒപ്പമെത്തിക്കാന്‍ നടത്തിയ ബോധപൂര്‍വമായ ശ്രമങ്ങളുടെ ഫലമാണു ചെറിയ തോതിലെങ്കിലും കേരളത്തിലെ മുസ്ലിംകളെ 

എഴുന്നേറ്റു നില്‍ക്കാന്‍ പ്രാപ്‌തമാക്കിയത്‌. പിറകിലായ ഘട്ടത്തില്‍ ഒപ്പമെത്താന്‍ നടത്തിയ നീക്കമായിരുന്നു സംവരണം. എന്നാല്‍, കിട്ടിയ ഓരോ അവസരത്തിലും അതിനെ അട്ടിമറിച്ചു. പിന്നിലേക്കുതന്നെ അടിച്ചിട്ടു. അവിടെ അര്‍ഹമായതില്‍ കൂടുതല്‍ നേടിയവരും അവര്‍ക്ക്‌ ഒത്താശ നല്‍കിയവരുംതന്നെയാണ്‌ ഇപ്പോഴും ഒറ്റക്കെട്ടായിനിന്നു മുരടനക്കുന്നത്‌. 

കേരളീയ സമൂഹത്തിന്റെ പിന്‍നടത്തത്തേക്കുറിച്ചു രണ്ടാഴ്‌ച മുമ്പ്‌ പ്രതിവാദ കോളത്തില്‍ കുറിച്ചിട്ട ആശങ്കകള്‍ ശരിവയ്‌ക്കുന്നതായിരുന്നു കഴിഞ്ഞ ആഴ്‌ചയിലെ രാഷ്ര്‌ടീയ സംവാദങ്ങള്‍. ഭയപ്പെടുത്തുന്ന പിന്‍നടത്തങ്ങള്‍ക്കു വല്ലാത്ത ഗതിവേഗം കൈവന്നുകൊണ്ടിരിക്കുകയാണ്‌. സാമുദായികവും വര്‍ഗീയവുമായ ധ്രുവീകരണത്തിന്‌ അവസരമൊരുക്കുന്ന എണ്ണ ഒഴിക്കല്‍ നടത്തുന്നതില്‍ അപക്വത മാത്രം പ്രകടിപ്പിച്ചു ശീലമുള്ള ചില സമുദായ നേതാക്കള്‍ മാത്രമല്ല പങ്കാളിത്തം ഉറപ്പാക്കുന്നത്‌. 

ഇന്ത്യയിലെ മറ്റിടങ്ങളില്‍നിന്നു കേരളത്തിന്റെ വേറിട്ടു നില്‍ക്കല്‍ ഇപ്പോള്‍ കടുത്ത സങ്കുചിത ചിന്തകളുടെ പേരിലായി മാറിയെങ്കില്‍ അതില്‍ പങ്കാളിത്തം വഹിക്കുന്ന ഒരാളും മാപ്പര്‍ഹിക്കുന്നില്ല. ദൈനംദിനം സമൂഹത്തിലേക്ക്‌ ആഴ്‌ന്നിറങ്ങുന്ന ധ്രുവീകരണ ശ്രമങ്ങള്‍ പകര്‍ന്നുനല്‍കുന്ന അനുഭവങ്ങളുടെ പങ്കുവയ്‌ക്കലായിരുന്നു മുന്‍ ലക്കത്തില്‍ നടത്തിയത്‌. അതിനെ സദുദ്ദേശത്തോടെ വായിച്ച ധാരാളം നല്ല സുഹൃത്തുക്കളുണ്ടായി എന്നതു സന്തോഷം പകരുന്നു. 

പൊതുരംഗത്തു നില്‍ക്കുമ്പോള്‍ കാണുന്നതും അനുഭവിക്കുന്നതും വായിക്കുന്നതും ഭയം നല്‍കുന്ന ചിത്രങ്ങളാണു പലതും. ഓരോ സമൂഹത്തിനും അവര്‍ അനുഭവിക്കുന്ന വേദനയുടെയും ദുഃഖത്തിന്റെയും ആഴം നന്നായി തിരിച്ചറിയാന്‍ കഴിയും. കുടുംബത്തിലെ പ്രശ്‌നങ്ങളേക്കുറിച്ച്‌ അയല്‍ക്കാരനേക്കാള്‍ ആഴമുള്ള അറിവ്‌ വീട്ടുകാരനുതന്നെയാവും. അതറിയണമെങ്കില്‍ കുടുംബത്തിന്റെ ഭാഗമാവണമെന്നു മാത്രം. ഭയപ്പെടുന്ന പിന്‍നടത്തത്തേക്കുറിച്ച്‌ പേരുപറയാതെ മുസ്ലിം വായനക്കാരനായി മംഗളത്തില്‍ (6102012) പ്രതികരിച്ച മാന്യസുഹൃത്തിന്റെ പ്രേരകം ചിലപ്പോള്‍ അദ്ദേഹത്തിന്റെ പരിസരം നല്‍കിയ വിദ്യാഭ്യാസമായിരിക്കും. 

രാഷ്ര്‌ടീയവും മതപരവും ജാതീയവുമായ സങ്കുചിത ചിന്തയ്‌ക്ക് അപ്പുറത്ത്‌ വിശാലതയിലേക്കു തുറന്നുപിടിക്കുന്ന കണ്ണുകള്‍ നമുക്കിടയില്‍ കുറയുന്നതിനെയാണു പിന്‍നടത്തമായി രേഖപ്പെടുത്തിയത്‌. കണ്ണടച്ചു പിടിച്ച്‌ ഇരുട്ടെന്നു വിളിച്ചുകൂവുന്നതിനപ്പുറം വെളിച്ചത്തു നില്‍ക്കുന്ന ഒരുപാട്‌ യാഥാര്‍ഥ്യങ്ങള്‍ നമുക്കു മുമ്പിലുണ്ട്‌. 

മതം നോക്കി ശിക്ഷിക്കല്‍വരെ സംഭവിക്കുന്നുവെന്ന നിരീക്ഷണം ഗുജറാത്തിലെ ഒരു കേസ്‌ സംബന്ധിച്ച്‌ സുപ്രീം കോടതി നടത്തിയതു വെളിച്ചത്തു നില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളെയാണു ബോധ്യമാക്കുന്നത്‌. 

മഹാരാഷ്ര്‌ടയിലെ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ മുനാഫ്‌ ഹക്കീം മുഖ്യമന്ത്രി പൃഥിരാജ്‌ ചവാനു നല്‍കിയ റിപ്പോര്‍ട്ടും ഇന്ത്യയിലെ മുസ്ലിം സമുദായത്തോടു പൊതുസമൂഹത്തില്‍ രൂപപ്പെട്ടുവന്ന മനോഭാവത്തിന്റെ ഭാഗമാണ്‌. അപകടകരമാംവിധം മുസ്ലിംകളോടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ സമീപനം വളരുന്നതായാണ്‌ ഒരുമാസം സംസ്‌ഥാനം മുഴുവന്‍ പര്യടനം നടത്തി തയാറാക്കിയ റിപ്പോര്‍ട്ടില്‍ മുനാഫ്‌ ഹക്കീം ചൂണ്ടിക്കാണിക്കുന്നത്‌. പോലീസ്‌ ഉദ്യോഗസ്‌ഥരും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്‌ഥരുമാണ്‌ ഇതില്‍ മുന്‍പന്തിയില്‍. ഉറുദു വിദ്യാഭ്യാസ സ്‌ഥാപനങ്ങളോടു മഹാരാഷ്ര്‌ടയിലെ വിദ്യാഭ്യാസ വകുപ്പിനു വല്ലാത്ത അലര്‍ജിയാണ്‌. ലോകമൊട്ടും വളര്‍ത്തിയെടുത്തുകൊണ്ടിരിക്കുന്ന ഇസ്ലാമോ ഫോബിയയില്‍നിന്നാണ്‌ ഇതു പടര്‍ന്നു പന്തലിക്കുന്നത്‌. മറ്റു സംസ്‌ഥാനങ്ങളിലെ ന്യൂനപക്ഷ കമ്മിഷനുകള്‍ക്കും ജീവനുണ്ടെങ്കിലും ഒരു പര്യടനത്തിനു തുനിഞ്ഞാല്‍ രാഷ്ര്‌ടത്തേക്കുറിച്ചു ലഭിക്കുന്ന ചിത്രം അത്ര നന്നാവില്ലെന്ന്‌ അറിയുന്നതു കൊണ്ടാവും പലരും മുതിരാത്തത്‌. രജീന്ദര്‍ സച്ചാറിന്റെ റിപ്പോര്‍ട്ടും ഒറ്റപ്പെടുത്തലിന്റെ മുസ്ലിം അവസ്‌ഥകള്‍ നന്നായി വിവരിച്ചുതരുന്നുണ്ട്‌. 

അന്തര്‍ദേശീയദേശീയധാരയില്‍നിന്നു കേരളത്തെ വേറിട്ടു നടത്തണമെന്നു പറയാന്‍ പാടുണ്ടോ എന്നതായിരിക്കും പലരുടെയും ചിന്ത. വിവേകാനന്ദന്റെ ഭ്രാന്താലയ കേരളം വിശേഷണത്തിന്‌ അര്‍ഹത ഉറഞ്ഞുതുള്ളുന്ന വര്‍ഗീയത പ്രകടിപ്പിച്ചു നേടിയെടുക്കാനുള്ള മല്‍സരത്തിലാണിപ്പോള്‍ നമ്മള്‍.

പൊതുധാരയിലേക്കു മുസ്ലിം സമുദായം കടന്നുവരുന്നതു തടയാന്‍ എല്ലാ കക്ഷികളുടെയും യോജിച്ച മുന്നേറ്റത്തെ ഒരു മുന്നണിയാക്കിയെടുക്കേണ്ട പണിയെ ഇനി ബാക്കിയുള്ളൂ. 

മുസ്ലിം സമുദായത്തിനു ചില പരിധി നിശ്‌ചയിച്ചു നല്‍കിയിട്ടുണ്ട്‌. ആ അതിര്‍വരമ്പിന്‌ അപ്പുറത്തേക്ക്‌ അവര്‍ സഞ്ചരിക്കാന്‍ പാടില്ല. അവിടെയെല്ലാം തങ്ങള്‍ക്കുള്ളതാണ്‌. മദ്രസയും പള്ളിയും മതസ്‌ഥാപനങ്ങളും നടത്തി നിന്നാല്‍ മതി. സമൂഹവും ജനങ്ങളുമൊക്കെയായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഭരണവും അധികാരവുമെല്ലാം നിയന്ത്രിക്കാന്‍ ജന്മംകൊണ്ട്‌ സവിശേഷമായ ഒരു വിഭാഗത്തിനു മാത്രമാണ്‌ അവകാശം എന്ന നിലയിലൊക്കെയാണു പലരുടെയും പെരുമാറ്റം. ഇടതുവലതു മുന്നണികളിലെ കക്ഷികളില്‍ പലരും ഇത്തരം ചിന്താഗതിക്കാര്‍തന്നെയാണ്‌. 

ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം നിന്നുപോയ വിഭാഗമെന്ന നിലയില്‍ അവരുടെ ഉയര്‍ച്ചയ്‌ക്കായി കേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍നിന്നു ധാരാളം ശ്രമം നടന്നിട്ടുണ്ട്‌. മറ്റുള്ളവരോടു മല്‍സരിക്കാനും ജയിക്കാനും അവരെ പ്രാപ്‌തമാക്കി, ഒപ്പമെത്തിക്കാന്‍ നടത്തിയ ബോധപൂര്‍വമായ ശ്രമങ്ങളുടെ ഫലമാണു ചെറിയ തോതിലെങ്കിലും കേരളത്തിലെ മുസ്ലിംകളെ എഴുന്നേറ്റു നില്‍ക്കാന്‍ പ്രാപ്‌തമാക്കിയത്‌. പിറകിലായ ഘട്ടത്തില്‍ ഒപ്പമെത്താന്‍ നടത്തിയ നീക്കമായിരുന്നു സംവരണം. എന്നാല്‍, കിട്ടിയ ഓരോ അവസരത്തിലും അതിനെ അട്ടിമറിച്ചു. പിന്നിലേക്കുതന്നെ അടിച്ചിട്ടു. അവിടെ അര്‍ഹമായതില്‍ കൂടുതല്‍ നേടിയതു തട്ടിയെടുത്തവരും അവര്‍ക്ക്‌ ഒത്താശ നല്‍കിവരുംതന്നെയാണ്‌ ഇപ്പോഴും ഒറ്റകെട്ടായിനിന്നു മുരടനക്കുന്നത്‌. 

പൊതുധാരയിലേക്ക്‌ ഇടം നേടി മുസ്ലിം സമുദായം വളരുന്നതിനെ അസഹിഷ്‌ണുതയോടെ കാണുന്നതു ലീഗിന്റെ അധികാര പങ്കാളിത്തം ഒന്നുകൊണ്ട്‌ മാത്രമല്ല. വിദ്യാഭ്യാസ രംഗത്തെയും ഉദ്യോഗരംഗത്തെയും ഉയര്‍ച്ചയാണു സാമ്പത്തികരംഗത്തെ വളര്‍ച്ചയേക്കാള്‍ കൂട്ടുകെട്ടിലേര്‍പ്പെട്ട പുതിയ സഖ്യം ഭീഷണിയായി കാണുന്നത്‌. ഭയപ്പെടുത്തിയും വിലപേശിയും അധികാരത്തിന്റെ എല്ലാ വഴികളും ഒരു ഭാഗത്തേക്കു നിര്‍ലോഭമായി ഒഴുക്കാനുള്ള ശ്രമങ്ങളെ ഇതുവരെ അധികാര നിയന്ത്രണമില്ലാത്തവരുടെ കൈയില്‍ അധികാരമെത്തിയാല്‍ സംഭവിക്കുമെന്ന ഭയപ്പാടാണ്‌ ഇത്തരം വിവാദങ്ങള്‍ക്ക്‌ ഒരു നിമിത്തം. ഒപ്പം ഓഹരിക്ക്‌ അര്‍ഹതപ്പെട്ട പുതിയ കൂട്ടരുണ്ടാവുമ്പോള്‍ പങ്കു കുറയാനും ഇടയുണ്ട്‌. 

പൊറുതിമുട്ടുന്ന ജീവിത സാഹചര്യമൊരുക്കി ഭരണം ജനങ്ങളെ ദ്രോഹിക്കുമ്പോള്‍ ക്രിയാത്മകമായ പ്രതികരണങ്ങള്‍ പോലും ഉയര്‍ന്നുവരാന്‍ പറ്റാത്തവിധം കേരളത്തില്‍ വര്‍ഗീയ ചേരിതിരിവിനു തിരികൊളുത്തുന്ന മല്‍സരത്തിലാണ്‌ എല്ലാവരും.

സമുദായത്തിനകത്ത്‌ ഉയര്‍ന്നുവരുന്ന ഓരോ നവോത്ഥാന നീക്കത്തെയും പ്രതിയോഗികളും ശത്രുക്കളും ഒറ്റതിരിഞ്ഞു ആക്രമിക്കുമ്പോള്‍ കുറ്റകരമായ മൗനം അവലംബിക്കുകയോ അവരോടൊപ്പമോ ഒരുമുഴം മുമ്പിലോ ഓടുകയായിരുന്നു ലീഗ്‌ ഇക്കാലമത്രയും ചെയ്‌തിരുന്നത്‌. ഇന്നു ലീഗിനെ ഒറ്റതിരിഞ്ഞ്‌ ആക്രമിക്കുമ്പോള്‍ സമുദായം പൂര്‍ണമായും ഒപ്പം നില്‍ക്കാതെ വരുന്നതിന്റെ ഉത്തരവാദിത്തം ലീഗിനുതന്നെയാണ്‌. 

പ്രതിസന്ധിയില്‍ സമുദായത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാതെ പോയതു ലീഗിന്റെ പരാജയം. എന്നാല്‍ ഇന്നു കത്തിപ്പടരുന്ന വിവാദങ്ങള്‍ക്കു പിന്നില്‍ ഒരുപാട്‌ നിഗൂഢതാല്‍പര്യങ്ങളുണ്ട്‌. മദ്യത്തിനെതിരായ പ്രക്ഷോഭത്തിനു ദീര്‍ഘകാലത്തെ ചരിത്രമുണ്ട്‌. അതില്‍ ലീഗിന്റെ പങ്ക്‌ ഒട്ടു നിര്‍ണായകമല്ല. കേരളത്തിലെ ഗാന്ധിയന്മാര്‍ ഇന്നും സെക്രട്ടേറിയറ്റ്‌ നടയില്‍ മദ്യനിരോധനത്തിനായി സമരമിരിക്കുയാണ്‌. 

കേരള ഹൈക്കോടതി കള്ളിന്റെ നിരോധനത്തേക്കുറിച്ച്‌ പരാമര്‍ശിച്ചപ്പോള്‍ ലീഗ്‌ പ്രതികരിച്ചത്‌ മാത്രം വന്‍ പാതകമായി മാറിയതു നിഗൂഢതാല്‍പ്പര്യങ്ങള്‍കൊണ്ടാണ്‌. മതമേലധ്യക്ഷന്മാരായ ക്രൈസ്‌തവ പുരോഹിതന്‍മാരും ഗാന്ധിയന്‍മാരും പറയുന്ന മദ്യനിരോധന ആവശ്യത്തേക്കാള്‍ ലീഗിന്റെ നിലപാടിനെ ഗൗരവമായി കാണുന്നതില്‍ ഒരു കക്ഷിഭേദവുമില്ലാതെ വരുന്നുണ്ട്‌. അതിനു പിന്നിലെ താല്‍പര്യം കേരളത്തിന്റെ വന്‍കിട കള്ളുമുതലാളിമാരുടെ അനിഷ്‌ടം സമ്പാദിച്ചുകൂടെന്ന മല്‍സരബുദ്ധിയാണ്‌. കള്ളും കരിമണലും തൊട്ട്‌ കളിക്കുമ്പോള്‍ ലീഗ്‌ മാത്രമല്ല വി.എം. സുധീരനും സൂക്ഷിക്കേണ്ടതായിരുന്നു. ചിലരുടെയൊക്കെ അന്നത്തിലാണു കളിക്കുന്നതെന്ന്‌.

ലീഗിനെ വരച്ചവരയില്‍ നിര്‍ത്തി മുമ്പോട്ടു കൊണ്ടുപോവാന്‍ ഘടകക്ഷികളുടെ കൂടി ഒത്താശയുണ്ട്‌ ബാഹ്യശക്‌തികള്‍ക്ക്‌. അതല്ലെങ്കില്‍ സംഘ്‌പരിവാറിന്റെ പിന്‍സീറ്റ്‌ ഡ്രൈവിംഗില്‍ രൂപപ്പെട്ടുവന്ന നായര്‍ഈഴവ സഖ്യത്തെ തള്ളിപ്പറയാനോ അതുയര്‍ത്തുന്ന അപകടത്തേക്കുറിച്ച്‌ പ്രതികരിക്കാനോ യു.ഡി.എഫിലെ ഒരു കക്ഷിയും തയാറായിട്ടില്ല. സ്വന്തം പാര്‍ട്ടി അണികളോട്‌ ഒരു നേതാവ്‌ സംസാരിക്കുന്നതു പോലും എത്ര ഭീകരമായാണ്‌ അപ്പുറവും ഇപ്പുറവും വെട്ടിമാറ്റി ചര്‍ച്ചയാക്കുന്നത്‌. സഭ്യേതരമായ ഭാഷയില്‍ പോലും പൊതുപ്രവര്‍ത്തകരെയും രാഷ്ര്‌ടീയ നേതൃത്വത്തെ വിമര്‍ശിക്കുകയും വിഷം ചീറ്റി വര്‍ഗീയത ഇളക്കിവിടുകയും ചെയ്യുന്നവരെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നതില്‍ ഇടതും വലതും ഒന്നായി നില്‍ക്കുകയുമാണ്‌.

അനങ്ങാന്‍ വിടില്ലെന്നവിധം എല്ലാവരും ഒന്നിച്ചു നീങ്ങുമ്പോള്‍ ലീഗിന്റെ നിലഭദ്രമാക്കേണ്ടത്‌ അവരുടെതന്നെ ചുമതലയാണ്‌. ഓട്‌ എടുത്തുമാറ്റി വന്നതല്ലെങ്കില്‍ അതുകാണിച്ചു കൊടുക്കാന്‍ ലീഗിനു കഴിയണം. മുക്രയിടുമ്പോഴും കണ്ണുരുട്ടുമ്പോഴും വിയര്‍ക്കുന്ന പഴയ നിലപാടുതന്നെയാണു തുടരുന്നതെങ്കില്‍ ലീഗിന്റെ ആവശ്യം സമുദായത്തിനില്ലെന്നു സ്വന്തം അണികള്‍പോലും പറഞ്ഞു തുടങ്ങും. 

ലീഗിന്റെ 20 എം.എല്‍.എമാരുടെ പിന്തുണയില്‍തന്നെയാണു യു.ഡി.എഫ്‌. നിലനില്‍ക്കുന്നതെന്ന ബോധം യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്കുണ്ടാക്കി കൊടുക്കേണ്ട പോലെ വിലപേശല്‍ ശക്‌തികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്‌.

ചവിട്ടും തൊഴിയുമേല്‍ക്കുന്നതു ചാണകം ദേഹത്താക്കി മണപ്പിച്ചു പുറത്തുപോരാനല്ല. തങ്ങളെ അധികാരത്തിലേറ്റിയവരുടെ താല്‍പര്യങ്ങളൊന്നും ന്യായമായതാണെങ്കില്‍തന്നെയും പാടില്ലെന്ന ശാഠ്യത്തിനു മുന്നില്‍ നിസഹായമാവുകയേ തരമുള്ളൂ എങ്കില്‍ ലീഗിനു നല്ലവഴി പുറത്തുനില്‍ക്കുകയാണ്‌. അഭിമാനം സംരക്ഷിക്കാന്‍ കഴിയാത്ത ഒരിടത്ത്‌ അള്ളിപ്പിടിച്ചിരിക്കുകയല്ല മാന്യന്മാരുടെ സ്വഭാവം. ആത്മാഭിമാന സംരക്ഷണത്തില്‍ പുതിയ വഴികള്‍ അപ്പോള്‍ തുറന്നുകിട്ടും. അപ്പോഴറിയാം വിരട്ടല്‍ മൂപ്പന്മാരുടെ യഥാര്‍ഥ നിറം.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"