2012, ജൂലൈ 10, ചൊവ്വാഴ്ച

പച്ച ലീഗിന്റെ സ്വന്തമല്ല


വിനോദസഞ്ചാരികളെ നമ്മുടെ നാട്ടിലേക്ക്‌ ഇത്രയേറെ കൂട്ടിക്കൊണ്ടുവരുന്നതു കേരളത്തിന്റെ ഹരിതഭംഗിയാണ്‌. പ്രകൃതിയുടെ വരദാനമായ ഒരു നിറത്തെ രാഷ്‌ട്രീയ വൈരത്തിന്റെ പേരില്‍ അവമതിക്കുന്നത്‌ കാണുമ്പോഴുള്ള ദുഃഖം കൊണ്ടാണ്‌ ഇതു കുറിക്കുന്നത്‌. കണ്‍കുളിര്‍മ നല്‍കുന്ന ഒരു നിറത്തെ എന്തിനാണ്‌ നമ്മളിങ്ങനെ വെറുക്കാന്‍ പഠിപ്പിക്കുന്നത്‌ എന്ന്‌ എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല. മുസ്ലിംലീഗ്‌ എന്ന രാഷ്‌ട്രീയ പ്രസ്‌ഥാനം അവരുടെ കൊടിക്കു പച്ചനിറം നല്‍കി എന്നതുകൊണ്ട്‌ മാത്രം ഏതു പച്ചയും ലീഗിന്റെ പച്ചയാണെന്ന്‌ എങ്ങനെയാണ്‌ പറയാനാവുക? 


പച്ചപുതച്ചുകിടക്കുന്ന മാമല നാട്ടിലെ മലയാളിക്കു പച്ചയോട്‌ ഇങ്ങനെ വെറുപ്പു തോന്നാന്‍ തുടങ്ങിയാല്‍ കാര്യം ഇത്തിരി അപകടമാണ്‌. അടങ്ങാത്ത പച്ച വിരോധത്തിന്റെ പേരില്‍ ഇനി ഈ പച്ചപ്പൊന്നും വേണ്ടെന്നു തോന്നി വല്ല കടുംകൈയും അത്തരക്കാര്‍ കാണിച്ചുപോവുമോ എന്നാണ്‌ ഇപ്പോള്‍ ഭയം. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പച്ചപ്പിനെ പാടിപ്പുകഴ്‌ത്തിയ മഹാരഥന്‍മാരെയൊക്കെ കുഴിമാടങ്ങള്‍ മാന്തി പുറത്തെടുത്തു ശിക്ഷിക്കാതിരിക്കാനുള്ള വിശാലതയെങ്കിലും കാണിക്കണമെന്ന അഭ്യര്‍ഥന മാത്രമേയുള്ളൂ പച്ചവിരോധികളോട്‌. 


വിനോദസഞ്ചാരികളെ നമ്മുടെ നാട്ടിലേക്ക്‌ ഇത്രയേറെ കൂട്ടിക്കൊണ്ടുവരുന്നതു കേരളത്തിന്റെ ഹരിതഭംഗിയാണ്‌. പ്രകൃതിയുടെ വരദാനമായ ഒരു നിറത്തെ രാഷ്‌ട്രീയ വൈരത്തിന്റെ പേരില്‍ അവമതിക്കുന്നതു കാണുമ്പോഴുള്ള ദുഃഖം കൊണ്ടാണ്‌ ഇതു കുറിക്കുന്നത്‌. കണ്‍കുളിര്‍മ നല്‍കുന്ന ഒരു നിറത്തെ എന്തിനാണ്‌ നമ്മളിങ്ങനെ വെറുക്കാന്‍ പഠിപ്പിക്കുന്നത്‌ എന്ന്‌ എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല. മുസ്ലിംലീഗ്‌ എന്ന രാഷ്‌ട്രീയ പ്രസ്‌ഥാനം അവരുടെ കൊടിക്കു പച്ചനിറം നല്‍കി എന്നതുകൊണ്ട്‌ മാത്രം ഏതു പച്ചയും ലീഗിന്റെ പച്ചയാണെന്ന്‌ എങ്ങനെയാണ്‌ പറയാനാവുക? 


നമ്മുടെ ദേശീയ പതാകയിലെ മൂവര്‍ണങ്ങളിലൊന്നു പച്ചയാണ്‌. ഈ പച്ച മണ്ണിനെയും സസ്യജാലങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്നാണു മുന്‍ രാഷ്‌ട്രപതി ഡോ. എസ്‌, രാധാകൃഷ്‌ണന്‍ വ്യാഖ്യാനിച്ചു പഠിപ്പിച്ചത്‌. ദേശീയ പാര്‍ട്ടികളില്‍ പലതും അവരുടെ കൊടികളില്‍ പച്ച നിറം സ്വീകരിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌, ബി.ജെ.പി, ജനതാദള്‍, തൃണമൂല്‍ കോണ്‍ഗ്രസ്‌, ബോഡോലാന്റ്‌ പീപ്പിള്‍സ്‌ പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി, എന്‍.സി.പി, ആര്‍.ജെ.ഡി, എസ്‌.ഡി.പി.ഐ, ജനക്രാന്തി പാര്‍ട്ടി തുടങ്ങി നിരവധി അംഗീകൃത രാഷ്‌ട്രീയ പാര്‍ട്ടികളുടെ പതാകകളില്‍ പച്ചനിറമുണ്ട്‌. 


അതേസമയം, ലീഗിനോടുള്ള കടുത്ത വിരോധത്താല്‍ പച്ചയെന്നത്‌ അറപ്പുള്ളവാക്കുന്ന നിറമാക്കി മാറ്റിയെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ കാണുമ്പോള്‍ മഞ്ഞക്കണ്ണടയുടെ സ്‌ഥാനത്തിപ്പോള്‍ പച്ചക്കണ്ണട കയറ്റിവയ്‌ക്കുന്നതായാണ്‌ അനുഭവപ്പെടുന്നത്‌. ലീഗിനെതിരെയാണ്‌ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നതെങ്കിലും പ്രതിരോധിക്കാന്‍ കഴിയാത്ത വിധം സമ്മര്‍ദത്തിലകപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്‌ ലീഗ്‌ നേതൃത്വമിപ്പോള്‍. അനാവശ്യ വിവാദങ്ങള്‍ക്കു മുമ്പില്‍ എന്തുകൊണ്ടാണ്‌ കുറ്റബോധത്തോടെ നില്‍ക്കേണ്ടിവരുന്നതെന്നു ലീഗ്‌ നേതൃത്വവും അണികളും ആത്മപരിശോധന നടത്തേണ്ടതുണ്ട്‌. 


സര്‍വശിക്ഷ അഭയാന്‍ സംസ്‌ഥാനതല പരിപാടിയില്‍ പങ്കെടുക്കുന്ന ബ്ലോക്ക്‌ റിസോഴ്‌സ് സെന്ററിലെ അധ്യാപികമാര്‍ സെറ്റുസാരിയും പച്ചബ്ലൗസും ധരിച്ചു വരണമെന്ന നിര്‍ദേശം ആരോ വാര്‍ത്തയാക്കിയതോടെയാണു പച്ച വിരോധികള്‍ രംഗത്തെത്തിയത്‌. വകുപ്പു ഭരിക്കുന്നത്‌ ലീഗ്‌ ആയതിനാലും പ്രൊജക്‌ട് ഓഫീസര്‍ കെ.എം. അലിയാര്‍ എന്ന വ്യക്‌തിയായതിനാലുമാണ്‌ ഇത്ര കൊഴുത്ത വിവാദം സൃഷ്‌ടിക്കപ്പെട്ടത്‌. വാര്‍ത്ത വന്നതോടെ വിദ്യാഭ്യാസമന്ത്രി പ്രൊജക്‌ട് ഓഫീസറെ സസ്‌പെന്‍ഡ്‌ ചെയ്‌ത് അന്വേഷണത്തിന്‌ ഉത്തരവു നല്‍കി. 


അപകടരമായ രണ്ടു പ്രവണതകള്‍ ഈ സംഭവത്തില്‍ ചേര്‍ന്ന്‌ നില്‍ക്കുന്നുണ്ട്‌. ഒന്ന്‌ അധ്യാപികമാര്‍ പര്‍ദ ധരിക്കണമെന്നു പറയാതെ കേരളത്തനിമ വിളിച്ചോതുന്ന സെറ്റ്‌ സാരി ധരിക്കണമെന്നാണു നിര്‍ദേശം. അതിലെ ബ്ലൗസ്‌ പച്ചയാകുമ്പോള്‍ അപകാത ദര്‍ശിക്കുന്നവര്‍ സെറ്റ്‌ സാരിയില്‍ അപാകത കാണാതിരിക്കുന്നതിലെ രോഗലക്ഷണം വളരെ വ്യക്‌തമാണ്‌. രണ്ടാമത്തെ കാര്യം ഒരു ആരോപണം ഉയര്‍ന്നപാടെ കുറ്റബോധത്തോടെ തെറ്റ്‌ സംഭവിച്ചെന്നുള്ള വിദ്യാഭ്യാസവകുപ്പിന്റെയും മന്ത്രിയുടെയും നിലപാട്‌. ഈ രീതിയിലാണ്‌ കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ ഭരണരംഗത്ത്‌ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. അനാവശ്യ കീഴൊതുങ്ങലാണിത്‌. 


കീഴ്‌വഴക്കങ്ങളും പാരമ്പര്യങ്ങളും മറന്നുകൊണ്ട്‌ ഭയപ്പെടുത്തലിനു മുമ്പില്‍ ഭരണാധിപര്‍ കീഴടങ്ങിനിന്നുകൂടാ. കേരളത്തിന്റെ തനതു കലാരൂപങ്ങളിലൊന്നായ തിരുവാതിര കളിയില്‍ സെറ്റ്‌ സാരികള്‍ ഉപയോഗിക്കുന്ന മലയാളിപ്പെണ്‍കൊടികള്‍ നിറമെന്ന നിലയില്‍ പച്ച ധാരാളമായി ഉപയോഗിക്കാറുണ്ട്‌. പ്രധാന ചടങ്ങുകളില്‍ വിശിഷ്‌ടാതിഥികളെ സ്വീകരിക്കാന്‍ താലപ്പൊലിയുമായി നില്‍ക്കുന്ന മലയാളി മങ്കമാരും ഇത്തരം വേഷങ്ങളണിഞ്ഞു കാണാറുണ്ട്‌. യൂണിഫോമിറ്റിക്ക്‌ ഒരു കളര്‍ നിര്‍ദേശിക്കുന്ന രീതി നമ്മുടെ നാട്ടില്‍ സര്‍വത്രമാണ്‌. 


കേരളത്തിലെ നിരവധി വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ പച്ചയും വെള്ളയും യുണിഫോം ഉപയോഗിക്കാനാരംഭിച്ചിട്ട്‌ വര്‍ഷങ്ങളായി. ലീഗ്‌ ഭരിക്കുമ്പോള്‍ ബ്ലൗസിനു പച്ചയും സി.പി.എം. ഭരിക്കുമ്പോള്‍ ബ്ലൗസിന്‌ ചുവപ്പു നിറവും നല്‍കുക എന്ന ഉദ്ദേശത്തോടെയാവില്ല ഇത്തരം നിര്‍ദേശം നല്‍കപ്പെട്ടിട്ടുണ്ടാവുക. സ്വാഭാവികമായ സംഭവത്തിന്‌ അനാവശ്യമായ മറ്റു തലങ്ങള്‍ നല്‍കുന്നതിലൂടെ യഥാര്‍ഥത്തില്‍ നമ്മള്‍ ചെറുതാവുകയും ഒരു പരിഷ്‌കൃത സമൂഹത്തില്‍ പരിഹാസ്യരാവുകയുമാണു ചെയ്യുന്നത്‌. 


രാഷ്‌ട്രീയ സംഘടനകള്‍ക്കും സാമൂഹിക പ്രസ്‌ഥാനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറ്റെടുത്തു കൈകാര്യം ചെയ്യാന്‍ നമ്മുടെ രാജ്യത്തു ജീവല്‍ സ്‌പര്‍ശിയായ എന്തെല്ലാം വിഷയങ്ങള്‍ ബാക്കിനില്‍ക്കുന്നുണ്ട്‌. അവിടേക്കു പ്രവേശിക്കാന്‍ സമയം കണ്ടെത്താതെ നടത്തുന്ന ഇത്തരം അധരവ്യായാമത്തിലൂടെ ഒളിച്ചോട്ടം നടത്തുകയാണ്‌ എല്ലാവരും ചെയ്യുന്നത്‌. 


ബി.ജെ.പി. നേതൃത്വമാണ്‌ പച്ചവിരോധത്തിന്‌ ഊടുംപാവും നല്‍കി രംഗത്തുള്ളത്‌. ചില്ലറ സംശയങ്ങള്‍ക്കു കൂട്ടത്തില്‍ അവര്‍ വിശദീകരണം കൂടി കണ്ടെത്തുന്നതു നന്നാവും. പച്ചയോടാണ്‌ വിരോധമെങ്കില്‍ സ്വന്തം പാര്‍ട്ടി പതാകയെന്തു ചെയ്യാനാണുദ്ദേശിക്കുന്നത്‌. ലീഗിന്റെ ദേശീയ നിര്‍വാഹക സമിതിയായിരിക്കില്ല ബി.ജെ.പി പതാകയ്‌ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടാവുക. കേരളത്തിലെ ബി.ജെ.പിക്കാരുടെ സ്വന്തം രാജേട്ടന്‍ മന്ത്രിയായിരുന്നപ്പോള്‍ റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍നിന്ന്‌ ഒരു നൂറുതവണയെങ്കിലും പച്ചക്കൊടി വീശിക്കാണിച്ചിട്ടുണ്ടാവും. ഇ. അഹമ്മദ്‌ റെയില്‍വേ വകുപ്പ്‌ കൈകാര്യം ചെയ്‌തപ്പോള്‍ പ്രത്യേകമായി ആരംഭിച്ചതല്ലല്ലോ ട്രെയിനുകള്‍ പുറപ്പെടാനുള്ള പച്ച സിഗ്നല്‍. രാജ്യത്തെ ദേശീയ പാതകളിലെ സൈന്‍ബോര്‍ഡിന്റെ നിറം പച്ചയായതിന്റെ ഉത്തരവാദിത്തം എന്തായാലും നമുക്ക്‌ ഇബ്രാഹിം കുഞ്ഞിനു പതിച്ചുനല്‍കാന്‍ കഴിയില്ല. നിരവധി ഘട്ടങ്ങളില്‍ പച്ചപ്പതാക ശുഭാരംഭത്തിന്റെ ചിഹ്നമായി സ്വീകരിക്കുന്ന പൊതുസ്വഭാവമുള്ള നാട്ടില്‍, കുടുസായ ഇത്തരം ചിന്തകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന്‌ സ്വയം അപമാനിതരാവുകയാണ്‌ അത്തരക്കാര്‍. 


ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ഭരണരംഗത്തെ എല്ലാ വിധമുള്ള കെടുകാര്യസ്‌ഥതകളെയും തുറന്നു കാണിക്കേണ്ടതുണ്ട്‌. അതില്‍ ലീഗിന്റെ വകുപ്പുകളെപ്പോലെ മറ്റെല്ലാ വകുപ്പും ഉള്‍പ്പെടണം. സദുദ്ദേശത്തോടെ ഉയര്‍ന്നുവരുന്ന ഏതു വിലയിരുത്തലുകള്‍ക്കും നല്ല ഫലം സൃഷ്‌ടിച്ചെടുക്കാന്‍ കഴിയും. കൊതുകിനു ക്ഷീരമുള്ള അകിട്ടില്‍ പഥ്യം ചോരയായിരിക്കും. എന്നാല്‍, പ്രതിബദ്ധതയും സാമൂഹികബോധവുമുള്ള മനുഷ്യര്‍ക്കങ്ങനെ ആയിക്കൂടാ. 


രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളും മാധ്യമങ്ങളും പ്രത്യേക അജന്‍ഡയോടെ തുടങ്ങിവയ്‌ക്കുന്ന അനാരോഗ്യകരമായ ചര്‍ച്ചകള്‍ സമാധാനപൂര്‍ണമായ പരിസരങ്ങളിലേക്കു കത്തിച്ചെറിയുന്ന തീപ്പന്തമായി മാറിക്കൊണ്ടിരിക്കുന്നതു കാണാതിരുന്നു കൂടാ. കൈവിട്ടുപോയാല്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത ഇത്തരം തീപ്പന്തമൊരുക്കാന്‍ ബ്രേക്കിംഗ്‌ ന്യൂസിനു വേണ്ടി ക്യാമറയും മൈക്കുമായി തെരുവിലേക്കു പറഞ്ഞുവിടുന്നവര്‍ക്ക്‌ ശീതീകരിച്ച റൂമിലിരുന്നു തുന്നിച്ചേര്‍ക്കാന്‍ കഴിയുന്നതല്ല ഇതിന്റെയൊക്കെ ഭവിഷ്യത്തുകള്‍. 


ലീഗിന്റെ ഭരണരംഗത്തെ അപാകതകളും കുറവുകളും ഉത്തരം നല്‍കേണ്ടത്‌ അവരുടെ മാത്രം ബാധ്യതയാണ്‌. അനാവശ്യമായി പ്രതിയോഗികള്‍ക്കു നിരന്തരം അവസരം സൃഷ്‌ടിച്ചു നല്‍കുന്ന ലീഗ്‌ നേതൃത്വത്തിന്റെ കഴിവുകേടുകള്‍ ഒരു സമുദായത്തെ അന്യായമായി വേട്ടയാടാന്‍ കാരണമായിക്കൂടാ. 


കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടത്തില്‍ മതിയായ ഇടം ലഭിക്കാതെ പോയ സംഘപരിവാര ശക്‌തികള്‍ക്ക്‌ അതിന്‌ ആവശ്യമായ കളം ഒരുക്കുന്നതില്‍ ഒന്നുചേര്‍ന്ന്‌ പ്രവര്‍ത്തിക്കുകയാണു ചിലരെല്ലാം. വിദ്വേഷത്തിന്റെ അടിത്തറയില്‍ രൂപപ്പെടുത്തിയ ഒരു രാഷ്‌ട്രീയ സംവിധാനത്തെ പൊതുഅംഗീകാരത്തിന്റെ തലത്തിലേക്ക്‌ ഉയര്‍ത്തികൊണ്ടുവരാന്‍ ഒത്തുചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന ഈ ഘടകങ്ങള്‍ ചെയ്യുന്നതു തീക്കൊള്ളി എടുത്ത്‌ തലചൊറിയുകയാണ്‌. 


സമുദായത്തിനും ലീഗിനുമെതിരേ രൂക്ഷമായ വിമര്‍ശനങ്ങളും കോലാഹലങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്ന്‌ അതിന്റെ മറയില്‍ സംഘപരിവാര വിഭാഗവും ജാതി സംഘടനകളും പിന്‍വാതിലൂടെ സര്‍ക്കാരില്‍നിന്നു പലതും കൈവശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. കള്ളനെ പിടിക്കാനുള്ള കൂട്ടയോട്ടത്തിനിടയില്‍ ഒന്നായി വാരിയെടുത്ത്‌ കൊണ്ടുപോവുന്നത്‌ ഇതിനിടയില്‍ ആരും കാണുന്നില്ല. യഥാര്‍ഥ കള്ളന്‍മാരെ പൊതുസമൂഹത്തില്‍ മറച്ചുവയ്‌ക്കുകയാണ്‌ മാധ്യമങ്ങളും രാഷ്‌ട്രീയ നേതൃത്വങ്ങളും ചെയ്യുന്നത്‌. 


പിറവത്തെ തെരഞ്ഞെടുപ്പുവേളയില്‍ എന്‍.എസ്‌.എസ്‌. കൈക്കലാക്കിയ സൗകര്യങ്ങള്‍ അത്രയേറെ വലുതാണ്‌. ഇന്റര്‍ ചര്‍ച്ചും എസ്‌.എന്‍.ഡി.പിയും ഒട്ടും പിന്നിലല്ല. ഭീഷണികളിലൂടെയും കുതന്ത്രങ്ങളിലൂടെയും പരമാവധി സര്‍ക്കാര്‍ സൗകര്യങ്ങള്‍ നേടിയെടുക്കുകയാണ്‌ ഇത്തരക്കാര്‍ ചെയ്യുന്നത്‌. എന്‍.എസ്‌.എസിന്റെ മുഴുവന്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും സര്‍ക്കാരിന്റെ സഹായത്തോടെയാണു പ്രവര്‍ത്തിക്കുന്നത്‌. 


പുതിയ വിവാദങ്ങള്‍ തീരുമ്പോള്‍ വിലപേശല്‍ ശക്‌തികള്‍ക്കു വീണ്ടും കച്ചവടം നടത്താന്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ നല്‍കുകയോ ഭൂമി പതിച്ചു നല്‍കുകയോ പാട്ടക്കുടിശിക എഴുതിത്തള്ളുകയോ ചെയ്യും. ഇതൊന്നും ഒരു മേഖലയിലും ചര്‍ച്ചയായി ഉയര്‍ന്നുവരരുതെന്ന്‌ ഏറെ നിര്‍ബന്ധബുദ്ധിയുള്ളവരാണ്‌ മുസ്ലിം സമുദായത്തിന്റെ വിഷയത്തില്‍ ഇരട്ടമുഖം പ്രകടിപ്പിക്കുന്നത്‌. ഇത്തരം ഇരട്ട നീതികളാണ്‌ ശരിയായ അസന്തുലിതാവസ്‌ഥയ്‌ക്കു കാരണമാവുക. അതിനാല്‍, യാഥാര്‍ഥ്യബോധത്തോടെ ചിന്തിച്ച്‌ നമുക്ക്‌ പച്ചയെ വെറുതേ വിടാം. പച്ച ലീഗിന്റെ സ്വന്തമല്ല.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"