2012, ജൂൺ 25, തിങ്കളാഴ്‌ച

മുന്നണികള്‍ക്ക്‌ എന്തുപറയാനുണ്ട്‌?‍




അര്‍ഹമായതിലധികം വെട്ടിപ്പിടിച്ച്‌ കൈവശംവച്ച ജാതി സമുദായ സംഘടനാ നേതൃത്വങ്ങളുടെ മുമ്പില്‍ ഇനിയും കുമ്പിട്ടു നില്‍ക്കുന്ന സമീപനങ്ങള്‍ മുന്നണികള്‍ തുടര്‍ന്നേക്കാം. അതിന്റെ ഫലം ഭാവിയില്‍ അനുഭവിക്കാന്‍ പോവുന്നതേയുള്ളൂ. രാഷ്‌ട്രീയ പാര്‍ട്ടികള്‍ സമുദായ സംഘടനകള്‍ക്ക്‌ അര്‍ഹവും അനര്‍ഹവുമായി പലതും നല്‍കുന്നതിന്റെ പ്രത്യുപകാരം പ്രതീക്ഷിക്കുന്നതു തെരഞ്ഞെടുപ്പു വേളയിലാണ്‌. 


നെയ്യാറ്റില്‍ മുങ്ങി വാരിയെടുത്ത വോട്ടിന്റെ ബലത്തില്‍ കസേര ഉറപ്പിച്ച ശേഷമാണു മുഖ്യമന്ത്രി ക്ലിഫ്‌ ഹൗസിലേക്കു മാറുന്നത്‌. രണ്ട്‌ ഉപതെരഞ്ഞെടുപ്പുകളുടെ ഫലം വര്‍ധിച്ച ആത്മവിശ്വാസം പകര്‍ന്നു നല്‍കിയത്‌ ഉമ്മന്‍ചാണ്ടിക്കു തന്നെയാണ്‌. മറ്റാരെക്കാളും നെയ്യാറ്റിന്‍കരയുടെ വിജയശില്‍പിയും ഉമ്മന്‍ചാണ്ടി തന്നെയായിരിക്കും. പാളയത്തിലെ പട പൂര്‍ണമായും അടങ്ങാതെതന്നെ പടനയിച്ച്‌ വിജയം നേടിയെടുക്കാന്‍ കഴിഞ്ഞതിലെ തികഞ്ഞ ചാരിതാര്‍ഥ്യത്തോടെയാണു മുഖ്യമന്ത്രി ഔദ്യോഗിക വസതിയില്‍ പാലുകാച്ചിയത്‌. 


തെരഞ്ഞെടുപ്പുഫലം പുറത്തു വന്നതോടെ വടിവൊത്ത ഭാഷയില്‍ ആഹ്ലാദം പങ്കിടാന്‍ ചാനല്‍ മുഖത്തെത്തിയ പലരും തെരഞ്ഞെടുപ്പു കാലത്ത്‌ നിര്‍വഹിച്ച ദൗത്യങ്ങളെന്തെല്ലാമായിരുന്നുവെന്നു നന്നായി അറിയുന്ന ആള്‍ തന്നെയാണ്‌ ഉമ്മന്‍ചാണ്ടി. സ്‌ഥാനാര്‍ഥി നന്നായിരുന്നെങ്കില്‍, സംഘടനാശേഷി കാര്യക്ഷമമായി പ്രയോജനപ്പെടുത്തിരിയിരുന്നെങ്കില്‍ ഇതിനപ്പുറം നേടുമായിരുന്നുവെന്നെല്ലാം പ്രഖ്യാപിക്കുന്നവര്‍ നേടിയ വിജയത്തിന്റെ തിളക്കത്തെ കുറച്ചു കാണാനുള്ള സൂത്രമൊപ്പിച്ചതാണെന്ന്‌ ആര്‍ക്കാണ്‌ അറിഞ്ഞുകൂടാത്തത്‌? 


ഏറ്റവും മോശമായ പ്രതിഛായയോടെയാണു യു.ഡി.എഫ്‌. അങ്കത്തിനു ചെന്നിരുന്നത്‌. താല്‍കാലിക വെടിനിര്‍ത്തല്‍ നടത്തി തെരഞ്ഞെടുപ്പിലേക്കു പ്രവേശിച്ച യു.ഡി.എഫ്‌. ഇപ്പോള്‍ പഴയ സ്വഭാവങ്ങള്‍ പുറത്തെടുത്തു തുടങ്ങിയിരിക്കുന്നു. നെയ്യാറ്റിന്‍കര ഉമ്മന്‍ചാണ്ടിയെ പാര്‍ട്ടിയിലും മുന്നണിയിലും ഒന്നുകൂടി ശക്‌തനാക്കിയെന്നു വേണം വിലയിരുത്താന്‍. അതിന്റെ പ്രതിഫലനങ്ങള്‍ എങ്ങനെയായിരിക്കുമെന്നു വരുംനാളുകളില്‍ കാണാന്‍ ഇരിക്കുന്നതേയുള്ളൂ. അതെല്ലാം കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ആഭ്യന്തരകാര്യങ്ങള്‍. 


അതേസമയം കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വങ്ങളും മുന്നണികളും പൊതുവായി വിലയിരുത്തുകയും ചര്‍ച്ചചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ട ധാരാളം വിഷയങ്ങള്‍ നെയ്യാറ്റിന്‍കരയില്‍നിന്ന്‌ ഉയര്‍ന്നുവന്നിട്ടുണ്ട്‌. വോട്ടിംഗ്‌ നിലയില്‍ ഇരുമുന്നണികള്‍ക്കുമുണ്ടായ നേട്ടകോട്ടങ്ങളും പാര്‍ട്ടികളുടെ ആഭ്യന്തരപ്രശ്‌നങ്ങളുമെല്ലാം ചര്‍ച്ച ചെയ്യാനും തീരുമാനമെടുക്കാനും ഓരോരുത്തര്‍ക്കു കൃത്യമായ സംവിധാനമുണ്ടായിരിക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ അഞ്ചിരട്ടി വോട്ട്‌ ബി.ജെ.പിക്ക്‌ എങ്ങിനെ ലഭിച്ചു എന്നതില്‍ ഉടക്കി നില്‍ക്കേണ്ട ചര്‍ച്ചയല്ലിത്‌. ബി.ജെ.പി. സ്‌ഥാനാര്‍ഥിക്കു ലഭിച്ച വോട്ടിന്റെ വളര്‍ച്ചയ്‌ക്കു നിയതമായ കാരണങ്ങള്‍ ഉണ്ട്‌. ഒ. രാജഗോപാല്‍ സംസ്‌ഥാനത്തെ 140 മണ്ഡലങ്ങളിലും മത്സരിപ്പിക്കാവുന്ന ഒരേയൊരു സ്‌ഥാനാര്‍ഥിയാണ്‌. 16 തെരഞ്ഞെടുപ്പില്‍ മത്സരിച്ച രാജഗോപാലിന്‌ മുപ്പതിനായിരം വോട്ട്‌ ലഭിക്കുന്നതില്‍ അത്രവലിയ ആശ്‌ചര്യം തോന്നുന്നില്ല. തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലത്തില്‍ രാജഗോപാല്‍ മത്സരിച്ചപ്പോള്‍ ലഭിച്ചവോട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്‌തതും അനുകൂലമായ രാഷ്‌ട്രീയ സാഹചര്യങ്ങളുംകൂടി തുലനം ചെയ്‌തു വേണം ബി.ജെ.പി. പെര്‍ഫോമന്‍സിന്‌ മാര്‍ക്ക്‌ നല്‍കാന്‍. 2011 ലെ പൊതു തെരഞ്ഞെടുപ്പില്‍ നേമത്ത്‌ 43000 വോട്ട്‌ നേടി രണ്ടാംസ്‌ഥാനം കരസ്‌ഥമാക്കിയ ഘടകം കൂടി ചേര്‍ത്തു പറയേണ്ടതുണ്ട്‌. കേരള രാഷ്‌ട്രീയത്തില്‍ ബി.ജെ.പി. ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ നിലപാടുകള്‍ക്കു ലഭിക്കുന്ന അംഗീകാരമാണിതെങ്കില്‍ പൊതു തെരഞ്ഞെടുപ്പില്‍ ഇതു കാണേണ്ടതായിരുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കരയില്‍ ലഭിച്ച 6730 വോട്ട്‌ കച്ചവടം കഴിഞ്ഞ്‌ ബാക്കിയുള്ളതു കൂടിയാണെന്ന വിമര്‍ശനവും ഇക്കൂട്ടത്തില്‍ പരിഗണിക്കണം. 


എന്നാല്‍ ചര്‍ച്ചയാവേണ്ടതും നിലപാട്‌ അറിയേണ്ടതും ജാതി സംഘടനകളുടെ സ്വാധീനവും സാമുദായിക ധ്രുവീകരണ ശ്രമങ്ങളും വര്‍ഗീയ പ്രചാരണങ്ങളുമെല്ലാമാണ്‌. നാടാര്‍ വോട്ടുകള്‍ വിധി നിര്‍ണയിക്കുന്ന മണ്ഡലത്തില്‍ ഇരുമുന്നണി സ്‌ഥാനാര്‍ഥികളും ആ സമുദായക്കാരായിരുന്നു. നെയ്യാറ്റിന്‍കരയോടടുത്തുള്ള മൂന്നു മണ്ഡലങ്ങളിലെയും ജനപ്രതിനിധി നാടാര്‍ സമുദായത്തോടു ബന്ധപ്പെട്ടവരാണ്‌; പാറശാല, കാട്ടാക്കട, കോവളം മണ്ഡലങ്ങള്‍. നെയ്യാറ്റിന്‍കര മണ്ഡലത്തിലെങ്കിലും അതില്‍ നിന്നു ഭിന്നമാവണമെന്നു നായര്‍, ഈഴവ സമുദായങ്ങളെ ചിന്തിപ്പിക്കുന്ന വിധം ജാതി സംഘടനാ നേതൃത്വങ്ങള്‍ തുടക്കംമുതല്‍ നിലപാടു സ്വീകരിച്ചു. ഒ. രാജഗോപാലിന്റെ സ്‌ഥാനാര്‍ഥിത്വം അതിന്‌ അവര്‍ ഉയര്‍ത്തിക്കാണിക്കുകയുണ്ടായി. ഈ ഘടകമാണ്‌ അപകടകരമായ ധ്രുവീകരണത്തിനു കാരണമായത്‌. അതിനാല്‍ ഇരു സമുദായങ്ങളുടെയും സ്വാധീനമേഖലയില്‍ രാജഗോപാല്‍ നിലമെച്ചപ്പെടുത്തി. 


ആശയപരമായി രണ്ടു ധ്രുവങ്ങളിലാണെങ്കിലും ബി.ജെ.പിയും സി.പി.എമ്മും അധികം അകലം നെയ്യാറ്റിന്‍കരയില്‍ സൂക്ഷിക്കാതിരിക്കുന്നതും ശ്രദ്ധേയമാണ്‌. കേരളത്തില്‍ ഏറ്റവുമധികം ആര്‍.എസ്‌.എസ്‌ബി.ജെ.പി. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്‌ സി.പി.എമ്മുകാരാലാണ്‌. എന്നിട്ടും നാടിനെ നടുക്കിയ മൂന്ന്‌ അരുംകൊലകള്‍ സജീവ രാഷ്‌ട്രീയ ചര്‍ച്ചയായി ഉയര്‍ന്നുവന്നിട്ടും ബി.ജെ.പി. മിതമായതോ മൃദുവായതോ ആയ നിലപാടാണു പൊതുവെ സ്വീകരിച്ചുകണ്ടത്‌. തെരഞ്ഞെടുപ്പു പ്രചാരണം ഉച്ചിയിലെത്തി നില്‍ക്കുന്ന ഘട്ടത്തിലാണ്‌ ഒ. രാജഗോപാല്‍ തന്നെ മാധ്യമങ്ങളോടു പറഞ്ഞത്‌ ഇവിടെ മൂന്നാം ലോകമഹായുദ്ധം നടന്നോ? എന്താണ്‌ ചന്ദ്രശേഖരനല്ലെ കൊല്ലപ്പെട്ടുള്ളൂ. അതുപോലെ എത്ര കൊലപാതകങ്ങള്‍ നടന്നു? തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോഴും അദ്ദേഹത്തിന്റെ ആദ്യപരാമര്‍ശം സി.പി.എം. ഭാഷയുടെ കടം കൊള്ളലായിരുന്നു. ശെല്‍വരാജിന്റെ കൂറുമാറ്റമെന്ന അധാര്‍മികതയെക്കുറിച്ച്‌ 


മുന്നണികള്‍ മാറിമാറി വരുമ്പോള്‍ വിറപ്പിച്ചു നിര്‍ത്തി നേട്ടങ്ങള്‍ കൊയ്‌തുകൊണ്ടിരുന്ന ജാതിസമുദായ സംഘടനകളുടെ തനിനിറം പുറത്തായ തെരഞ്ഞെടുപ്പും ഫലവുമാണ്‌ നെയ്യാറ്റിന്‍കരയുടേത്‌. തെരഞ്ഞെടുപ്പു രംഗം ചൂടു പിടിച്ചപ്പോള്‍ വാചകത്തിലൂടെ മാത്രമല്ല ശരീരഭാഷകളിലൂടെ പോലും മുന്നണികള്‍ക്ക്‌, പ്രത്യേകിച്ച്‌ യു.ഡി.എഫിന്‌ നേരേ നടത്തിയ കടന്നാക്രമണങ്ങള്‍ അത്ര ചെറുതായിരുന്നില്ല. ആദ്യഘട്ടങ്ങളില്‍ രണ്ടു സമുദായ നേതൃത്വത്തിന്റെയും മുഴുവന്‍ ചുവടുവയ്‌പും ചരടുവലിയും രാജഗോപാലിന്റെ വിജയത്തിനു വേണ്ടിയുള്ളതായിരുന്നു. ഫലം വന്നപ്പോള്‍ പരിഹസിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ്‌ ആദ്യമേ ചാടിക്കയറി തങ്ങളുടെ കൂടി പിതൃത്വത്തിലാണു കുഞ്ഞു പിറന്നതെന്നു പ്രഖ്യാപിച്ചത്‌. ഈ പ്രസ്‌താവന കേട്ടപ്പോള്‍ സാധാരണ നാട്ടിന്‍പുറത്തുകാര്‍ ബഷീര്‍ കഥാപാത്രത്തെയാണ്‌ ഓര്‍ത്തുപോയത്‌. 


ഓര്‍മശക്‌തി നഷ്‌ടപ്പെട്ടവരല്ല കേരള ജനത. രാഷ്‌ട്രീയ നേതൃത്വങ്ങള്‍ മറക്കാനും പൊറുക്കാനും വലിയ വിശാലത കാണിക്കുന്നതിനാല്‍ ഇനിയുമിത്തരം ചവിട്ടു നാടകങ്ങള്‍ അരങ്ങുതകര്‍ക്കുക തന്നെ ചെയ്യും. 


അര്‍ഹമായതില്‍ അധികം വെട്ടിപ്പിടിച്ച്‌ കൈവശംവച്ച ജാതി സമുദായ സംഘടനാ നേതൃത്വങ്ങളുടെ മുമ്പില്‍ ഇനിയും കുമ്പിട്ടു നില്‍ക്കുന്ന സമീപനങ്ങള്‍ മുന്നണികള്‍ തുടര്‍ന്നേക്കാം. അതിന്റെ ഫലം ഭാവിയില്‍ അനുഭവിക്കാന്‍ പോവുന്നതേയുള്ളൂ. രാഷ്‌ട്രീയ പാര്‍ട്ടികള്‍ സമുദായ സംഘടനകള്‍ക്ക്‌ അര്‍ഹവും അനര്‍ഹവുമായി പലതും നല്‍കുന്നതിന്റെ പ്രത്യുപകാരം പ്രതീക്ഷിക്കുന്നതു തെരഞ്ഞെടുപ്പു വേളയിലാണ്‌. പലതരം സമ്മര്‍ദങ്ങള്‍ ചെലുത്തി യു.ഡി.എഫില്‍നിന്നും എല്‍.ഡി.എഫില്‍ നിന്നും വിവിധഘട്ടങ്ങളില്‍ ഇവരെല്ലാം ധാരാളം നേടിയെടുത്തിട്ടുണ്ട്‌. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ്‌ രണ്ടു മുന്നണികള്‍ക്കും നിര്‍ണായകമായിരുന്നു. ഈ ഘട്ടത്തില്‍ ഇരുമുന്നണികളെയും കൈയൊഴിഞ്ഞ്‌ ബി.ജെ.പിയെ പിന്തുണച്ച രണ്ടു സമുദായ സംഘടനകളോട്‌ ഇനിയെന്തു നിലപാടാണു മുന്നണികള്‍ സ്വീകരിക്കുക എന്നതാണു മതേതര കേരളം ഉറ്റുനോക്കുന്നത്‌. 


ഇലക്‌്ഷന്‍ വേളയില്‍ പുറംതിരിഞ്ഞു നില്‍ക്കുകയും ഫലം വന്നപ്പോള്‍ അവകാശവാദവുമായി രംഗത്തു വന്നരുന്നവരെയും കുറിച്ച്‌ മുന്നണികള്‍ എന്തു പറയുന്നു എന്നു കേള്‍ക്കാനും കേരളത്തിനു താല്‍പര്യമുണ്ട്‌. അര്‍ഹമായ ഒരു സ്‌ഥാനം യഥാസമയം നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ട മുസ്ലിം ലീഗ്‌ നേതൃത്വത്തിന്റെ നയവൈകല്യം കൊണ്ടു സംഭവിച്ച അഞ്ചാം മന്ത്രി വിവാദമാണ്‌ ഇത്രയേറെ രംഗം വഷളാക്കിയതെന്ന കോണ്‍ഗ്രസിലെ ചില നേതാക്കളും മുന്നണിയിലെ പാര്‍ട്ടികളും ഇപ്പോഴും ഉന്നയിക്കുന്നുണ്ട്‌. മോങ്ങിക്കൊണ്ടിരിക്കുന്ന നായയുടെ തലയില്‍ വീണ തേങ്ങമാത്രമാണ്‌ അഞ്ചാം മന്ത്രി. എന്തു ലഭിച്ചാലും ആര്‍ത്തി പ്രകടിപ്പിച്ചുകൊണ്ടേയിരിക്കുന്ന സംഘടിത ജാതി നേതൃത്വങ്ങള്‍ ഇതല്ലെങ്കില്‍ മറ്റൊന്നു ഉന്നയിച്ചു വിലപേശല്‍ തുടരുക തന്നെ ചെയ്യും. 


ഇവരുടെ വിലപേശലുകളെ മുഖവിലയ്‌ക്കെടുത്തു വാരിക്കോരി നല്‍കാന്‍ ഇരുമുന്നണികളും മത്സരിക്കുകയായിരുന്നു. സര്‍ക്കാര്‍ സ്‌ഥാപനങ്ങളും ഭൂമിയും അധികാര സ്‌ഥാപനങ്ങളിലെ മിക്കപങ്കും ഇങ്ങിനെ കൈവശം വന്നു ചേര്‍ന്നവരാണ്‌ വര്‍ഗീയ ധ്രുവീകരണ പ്രചാരണങ്ങള്‍ നടത്തുന്നത്‌.ഇതിനിടയില്‍ ഒരുവിധ പരിഗണനയും ലഭിക്കാതെ ഭൂരിപക്ഷം വരുന്ന ചെറു സമുദായങ്ങള്‍ പൂര്‍ണമായും മാറ്റിനിര്‍ത്തപ്പെട്ടുകൊണ്ടേയിരിക്കുന്നു. അവരെ സംഘടിതമായി നില്‍ക്കാന്‍ അനുവദിക്കാതെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. 


യു.ഡി.എഫിന്റെ ഭരണം ഉറപ്പിച്ചു നല്‍കുന്നതില്‍ ഒഴിച്ചുകൂടാനാവാത്ത പങ്കാണു നാടാര്‍ സമുദായം നിര്‍വഹിച്ചത്‌. ആ പങ്കാളിത്തമാണു ക്ലിഫ്‌ ഹൗസിലേക്കു മാറാന്‍ മുഖ്യമന്ത്രിക്ക്‌ ആത്മവിശ്വാസം നല്‍കിയതെങ്കില്‍ അവരോടുള്ള കടപ്പാട്‌ എങ്ങനെയാണ്‌ നിര്‍വഹിക്കപ്പെടാന്‍ പോകുന്നതെന്ന്‌ ആകാംക്ഷയോടെയാണു നോക്കി നില്‍ക്കുന്നത്‌. നാടാര്‍ സമുദായത്തിനു ന്യായമായതു നല്‍കുമെന്നു മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും വി.എസ്‌.ഡി.പിയുടെ ആസ്‌ഥാനത്തെത്തി ഉറപ്പു നല്‍കിയിരുന്നു. അതില്‍ ശക്‌തന്റെ മന്ത്രിസ്‌ഥാനമെന്ന ശക്‌തമായ ആവശ്യവും അടങ്ങിയിരിക്കുന്നു. മൂന്നു പ്രതിനിധികള്‍ മാത്രമുള്ള ഈഴവ സമുദായത്തില്‍നിന്ന്‌ രണ്ടുപേര്‍ മന്ത്രിയാവാമെങ്കില്‍ നാടാര്‍ സമുദായം ഒരാളുടെ ആവശ്യം ഉന്നയിക്കുന്നതും ന്യായമാണ്‌. അവിടെ ഒരു സന്തുലിതവാദം ഉയര്‍ന്നുവരാനിടയില്ല. 


മതേതര ജനാധിപത്യസംവിധാനം നിലനില്‍ക്കുന്ന നമ്മുടെ സംസ്‌ഥാനത്ത്‌ മുന്നണികള്‍ തുടര്‍ന്ന്‌ പോവാന്‍ ഉദ്ദേശിക്കുന്ന നിലപാടുകളിലാണ്‌ ഇത്തരം ഘട്ടത്തില്‍ വ്യക്‌തതവരേണ്ടത്‌. എന്തു മാനദണ്ഡത്തിലൂടെയാണു ജനാധിപത്യ സംവിധാനത്തെ ശക്‌തിപ്പെടുത്തി എടുക്കാനുള്ള രാഷ്‌ട്രീയ സംവിധാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പോവാന്‍ മുന്നണി ആഗ്രഹിക്കുന്നതെന്നതിന്റെ പ്രഖ്യാപനമാണു യഥാര്‍ഥത്തില്‍ വേണ്ടത്‌. പ്രീതിയോ പ്രീണനമോ വിദ്വേഷമോ കൂടാതെയുള്ള ഭരണ നിര്‍വഹണ രംഗം സാധ്യമാവാത്ത വിധമുള്ള കെട്ടുപാടുകളാണ്‌ ഇവിടെ നിലനില്‍ക്കുന്നത്‌. ഇതിന്റെ പൊളിച്ചെഴുത്തിന്‌ തന്റേടവും ആര്‍ജവവും പ്രകടിപ്പിക്കാന്‍ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്ക്‌ എപ്പോള്‍ സാധ്യമാവുമോ അത്തരം ഘട്ടത്തില്‍ മാത്രമേ നമ്മുടെ നാട്‌ ശരിയായ ദിശയിലൂടെ സഞ്ചരിക്കുകയുള്ളൂ. തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളുടെ മുകളില്‍ സമ്മര്‍ദശക്‌തിയായി പ്രവര്‍ത്തിക്കാന്‍ സമുദായ സംഘടനകള്‍ക്കു വളംവച്ചു കൊടുത്തത്‌ ഇച്‌ഛാശക്‌തി കുറയുന്ന നേതൃത്വങ്ങളാണ്‌. 


ജനസംഖ്യയില്‍ 12 ശതമാനത്തില്‍ താഴെ വരുന്ന സമുദായത്തിലെ ആസ്‌തിയും സ്‌ഥാപനങ്ങളുമുള്ള ഒരു കൂട്ടം അവരുടെ നേട്ടങ്ങള്‍ക്കു വേണ്ടി സമുദായത്തെ പരിചയായി ഉപയോഗിക്കുകയാണ്‌. കേരളത്തിലെ എന്‍.എസ്‌.എസ്‌. എല്ലാ നായന്മാരെയും എസ്‌.എന്‍.ഡി.പി. എല്ലാ ഈഴവന്മാരെയും പ്രതിനിധികരിക്കാത്തപോലെ മുസ്ലിം ലീഗും എല്ലാ മുസ്ലിംകളെയും പ്രതിനിധീകരിക്കുന്നില്ല. ഇതു മനസിലാക്കാതെയാണ്‌ പലപ്പോഴും മുന്നണികള്‍ അനര്‍ഹമായതു നല്‍കി ഇവരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ പ്രതികരണങ്ങള്‍ ഉയര്‍ന്ന്‌ വരുന്നത്‌ സ്വാഭാവികം. ജനാധിപത്യ മതേതര ഇടത്‌ കാഴ്‌ചപ്പാടുകള്‍ വച്ചു പുലര്‍ത്തുന്ന സംസ്‌ഥാനത്തു കുറച്ചൊക്കെ അടിത്തറയുള്ള പാര്‍ട്ടികളും സംഘടനകളും അനാവശ്യമായ അവകാശവാദങ്ങള്‍ക്കു മുമ്പില്‍ മുട്ടുവിറച്ചുകൂടാ. 


ജനസമക്ഷം സമര്‍പ്പിക്കാന്‍ പദ്ധതികളും പരിപാടികളും വ്യക്‌തമായ ആശയങ്ങളും ഇല്ലാത്തതു കൊണ്ടും നഷ്‌ടപ്പെടുന്നതു കൊണ്ടുമാണ്‌ ജാതി സമുദായ സംഘങ്ങളുടെ ഔദാര്യത്തിനു പിന്നാലെ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങള്‍ക്കു പോവേണ്ടി വരുന്നത്‌. ജനഹിതമറിഞ്ഞ്‌ ജനപക്ഷം നില്‍ക്കാന്‍ കഴിയുന്ന പ്രസ്‌ഥാനങ്ങള്‍ക്കാവും അതിനാല്‍ ഇനി ഭാവിയുണ്ടാവുക.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"