.jpg)
സമുദായങ്ങളുടെ സമുദ്ധാരണത്തിലൂടെയും ശാക്‌തീകരണത്തിലൂടെയും രാജ്യത്തിന്റെ പുരോഗതിയും നന്മയും ലക്ഷ്യമിടേണ്ട സംഘടനാ നേതൃത്വങ്ങളുടെ അപക്വമായ ഇടപെടലിലൂടെ കലുഷിതമായ സാമൂഹ്യചുറ്റുപാടാണ് അടുത്തിടെ കേരളത്തില്‍ രൂപപ്പെട്ടുവന്നിരിക്കുന്നത്. അതത് സമുദായങ്ങളുടെ പുരോഗതിക്കും ഉയര്‍ച്ചയ്‌ക്കും പ്രതിജ്‌ഞാബദ്ധമായ സമുദായ സംഘടനകളാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലും എന്‍.എസ്.എസും എസ്.എന്‍.ഡി.പി.യും മുസ്ലിം ലീഗുമെല്ലാം. ഈ സംഘടനകളുടെ പ്രവര്‍ത്തനത്തിലൂടെ അതതു സമുദായങ്ങള്‍ക്ക് എന്ത് നേട്ടമുണ്ടായി എന്നത് വേറെ കാര്യം. പൊതുവെ സമുദായത്തെ പരിചയാക്കി നിര്‍ത്തി പരമാവധി കച്ചവട സ്‌ഥാപനങ്ങള്‍ (ഇന്നത്തെ പ്രധാന കച്ചവടം വിദ്യാഭ്യാസമേഖലയാണ്) സ്വായത്തമാക്കുകയും സ്വന്തക്കാര്‍ക്കും ബന്ധുക്കളുടെയും ക്ഷേമാഐശ്വര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നാണ് മുഖ്യ പ്രവര്‍ത്തന മണ്ഡലം. ഈ കച്ചവട ഇടപാടുകള്‍ക്കിടയില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ക്കിടയിലെ തര്‍ക്കങ്ങളാണ് ഇടക്കിടെ നമ്മുടെ ബാലന്‍സ് തെറ്റിക്കുന്നത്.
കച്ചവട തര്‍ക്കങ്ങള്‍ക്ക് വേണ്ടി ഉയര്‍ത്തിക്കൊണ്ടുവരുന്ന വാദകോലാഹലങ്ങള്‍ പലപ്പോഴും അതിര്‍വരമ്പുകള്‍ ലംഘിച്ചുള്ള കിടമല്‍സരസ്വഭാവം കൈവരിക്കുകയും ചെയ്യുന്നുണ്ട്. ഈ കിടമല്‍സരത്തിനിടയില്‍ ഭരണസംവിധാനങ്ങള്‍ നിസഹായമാവാറാണ് പതിവ്. ജനാധിപത്യ വഴിയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളെ വരച്ചവരയില്‍ നിര്‍ത്തി കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ അതിമിടുക്ക് കാണിക്കാറുള്ളത് പലപ്പോഴും മുന്നാക്ക സമുദായത്തിന്റെ സംഘടനാശേഷിയുള്ള പ്രസ്‌ഥാനങ്ങളാണ്. മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് ഈ വിലപേശല്‍ ശക്‌തികള്‍ക്കു കീഴ്‌പെട്ടേ മുമ്പോട്ടുപോവാന്‍ കഴിയൂ. അതിന് പ്രധാനമായ കാരണം അധികാരത്തിന്റെ മുഴുവന്‍ ശ്രേണിയിലും അവഗണിക്കാന്‍ പറ്റാത്ത പിടിമുറുക്കം മുന്നാക്കവിഭാഗങ്ങള്‍ നേടിക്കഴിഞ്ഞിരിക്കുന്നു. അധികാര പങ്കാളിത്തം ലഭിക്കാതെ പോയ വിഭാഗങ്ങളും സമുദായങ്ങളും സംഘടിച്ച് ഒറ്റശക്‌തിയാവാതിരിക്കാനുള്ള കുതന്ത്രങ്ങള്‍ മേധാവിത്വ ശക്‌തികള്‍ ഓരോ സന്ദര്‍ഭത്തിലും സമര്‍ത്ഥമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നുണ്ട്. ആ കുതന്ത്രങ്ങളില്‍ രണ്ട് രീതിയില്‍ പിന്നാക്കക്കാരന്‍ തലവെച്ചുകൊടുക്കും. ഒന്ന് വലിയ തോതില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വൈകാരിക പ്രകടനത്തിലൂടെ നടത്തുന്ന പ്രചാരണങ്ങളില്‍ കഥയറിയാതെ വീണുകൊണ്ട്. രണ്ടാമത്തേത്, കുറ്റബോധത്തോടെ പിന്‍മാറി. എസ്.എന്‍.ഡി.പി ഒന്നാം വിഭാഗത്തിലും മുസ്ലിംലീഗ് രണ്ടാംവിഭാഗത്തിലും റോള്‍ നിര്‍വഹിക്കുന്നു.
സമൂഹമധ്യത്തില്‍ തെറ്റായ രീതിയില്‍ നടക്കുന്ന പ്രചാരണങ്ങളോടൊപ്പം നിന്നുകൊടുക്കലല്ല പ്രതിബദ്ധതയുള്ള സാമൂഹികപ്രസ്‌ഥാനങ്ങളുടെ കടമ. വസ്‌തുതകള്‍ അന്വേഷിക്കുകയും നിജസ്‌ഥിതി ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. യാഥാര്‍ഥ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്താത്ത പല വിഷയങ്ങളും സത്യമെന്ന് തോന്നുംവിധം അവതരിപ്പിക്കാനുള്ള മികവ് സംഘപരിവാര്‍ ശക്‌തികള്‍ക്ക് പ്രത്യേകമായി ഉള്ളതാണ്. തെറ്റായ കണക്കുകള്‍ ഉദ്ധരിച്ചാണ് ഇപ്പോള്‍ കേരളത്തില്‍ പല വിവാദങ്ങളും കൊഴുക്കുന്നത്. സംസ്‌ഥാനത്ത് ആകെ 7947 എയ്‌ഡഡ് വിദ്യാലയങ്ങളാണ് ഉള്ളത്. ഇതില്‍ കേവലം 1400 എണ്ണം മാത്രമാണ് മുസ്ലിം മാനേജ്‌മെന്റിന് കീഴില്‍ നിലനില്‍ക്കുന്നത്. ഇതൊരു കണക്കാണ്. മറ്റൊന്ന് സംസ്‌ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കുന്ന ഫണ്ടില്‍ കുറഞ്ഞ വിഹിതം ലഭിക്കുന്ന ജില്ല മലപ്പുറമാണ്. സ്‌ത്രീ ജോലിക്കാര്‍ കുറവുള്ള ജില്ല മലപ്പുറമാണ്. പ്ലസ് വണ്ണിന് പഠനസൗകര്യമില്ലാതെ വിദ്യാര്‍ഥികള്‍ പുറത്ത് നില്‍ക്കുന്ന ജില്ലയും മലപ്പുറമാണ്. ഇങ്ങനെ ഒത്തിരി വികസനമില്ലായ്‌മയുടെയും പുരോഗതി ഇല്ലായ്‌മയുടെയും നൂറുകഥകള്‍ നിരത്താനുള്ള ഒരു ജില്ലയെ ഉയര്‍ത്തിക്കാണിച്ച് തെറ്റായ പ്രചാരണം നടക്കുമ്പോള്‍ നിജസ്‌ഥിതി ബോധ്യപ്പെടുത്തേണ്ട ബാധ്യത സംസ്‌ഥാന സര്‍ക്കാരിനുണ്ട്.
കേരളത്തിന്റെ സാമുദായിക സൗഹൃദാന്തരീക്ഷം തകര്‍ത്തേ അടങ്ങൂ എന്ന് തീരുമാനിച്ച വിഭാഗങ്ങളെ കയറൂരി വിടുന്നതിലെ അപകടം ആദ്യം ബോധ്യമാവേണ്ടത് സര്‍ക്കാരിനാണ്. വലിയ ഒരു ചുമതല സര്‍ക്കാരിനുണ്ട്. സമുദായ സംഘടനകള്‍ക്ക് അനര്‍ഹമായി ലഭിച്ചത് വല്ലതുമുണ്ടെങ്കില്‍ നിജസ്‌ഥിതി ബോധ്യമാവുംവിധം സമഗ്രമായ ഒരു റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ തയാറാവണം. അത്തരമൊരു പഠനത്തിന് സര്‍ക്കാര്‍ തുനിഞ്ഞാല്‍ തന്നെ അതിനെതിരേ ആദ്യം രംഗത്തുണ്ടാവുക ഈ വിലപേശല്‍ ശക്‌തികള്‍ ആയിരിക്കും. സമുദായസംഘടനകള്‍ അവരുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിലും നേടിയെടുക്കുന്നതിലും ആര്‍ക്കും എതിരഭിപ്രായമുണ്ടാവണമെന്നില്ല. എന്നാല്‍ തങ്ങള്‍ക്ക് മാത്രമേ ലഭിക്കാവൂ, മറ്റുള്ളവര്‍ക്ക് ആയിക്കൂടാ എന്ന് വന്നുകൂടാ.
സാമുദായിക ചേരിതിരിവും വര്‍ഗീയധ്രുവീകരണവും ശക്‌തിപ്പെടുംവിധമുള്ള വിലപേശലാണ് രണ്ട് സമുദായ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാലമത്രയും ഭിന്നചേരിയില്‍ നില്‍ക്കുക മാത്രമല്ല സഭ്യേതരമായ ഭാഷയില്‍ പോലും പരസ്‌പരം അധിക്ഷേപിച്ചിരുന്ന രണ്ട് നേതാക്കളെ വീണ്ടും യോജിപ്പിക്കുന്നത് ഒരേ ദുഃഖങ്ങളാണത്രെ. ഹൈന്ദവസമുദായത്തിലെ പ്രബല സംഘടനകളുടെ നേതൃത്വത്തില്‍ നടക്കാന്‍ പോവുന്ന ഹിന്ദു ഏകീകരണം വലിയ കുഴപ്പത്തിനിടയാക്കിയേക്കുമെന്ന ആശങ്കയൊന്നും ഇവിടെ ആര്‍ക്കുമില്ല. പൂര്‍വചരിത്രം മറന്ന് കൊണ്ടായിരിക്കില്ല പുതിയ ഏകീകരണമെന്നത് പ്രത്യേകിച്ചും. സംസ്‌ഥാനത്തെ ജനസംഖ്യയിലെ 9 മുതല്‍ 11 ശതമാനം വരെയുള്ള ഒരു സമുദായത്തിന്റെ പ്രതിനിധാനം മാത്രം അവകാശപ്പെടാവുന്ന സംഘടനയാണ് എന്‍.എസ്.എസ്. എന്നാല്‍ എസ്.എന്‍.ഡി.പി യോഗം 24 ശതമാനം വരെ എത്തുന്ന സമുദായത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന വിഭാഗമാണ്. 27 ശതമാനം വരും മുസ്ലിം ജനസംഖ്യ. 14 ശതമാനം വരുന്ന ദലിത് വിഭാഗങ്ങളും മറ്റ് പിന്നാക്ക ഹിന്ദുവിഭാഗങ്ങളും ചരിത്രപരമായ കാരണങ്ങളാല്‍ തന്നെ ഹിന്ദു ഏകതയിലേക്ക് ഇഴുകിച്ചേരാന്‍ കഴിയാത്ത വിഭാഗങ്ങളാണ്. യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷമെന്ന അവകാശവാദത്തിന്റെ പൊള്ളത്തരങ്ങള്‍ ഇവിടെ തന്നെ അഴിഞ്ഞുവീഴുന്നുണ്ട്. ഹൈന്ദവ ഏകീകരണശ്രമങ്ങള്‍ക്ക് നായര്‍ സമുദായനേതൃത്വങ്ങള്‍ എപ്പോഴൊക്കെ ശ്രമിച്ചോ അപ്പോഴെല്ലാം വന്‍ചതികള്‍ അതിന് പിന്നില്‍ ഒളിഞ്ഞുകിടന്നിട്ടുണ്ട്.
എന്നാല്‍ മുമ്പ് നായര്‍ സമുദായനേതൃത്വത്തിന്റെ നീക്കങ്ങള്‍ക്ക് പിന്നിലെ പ്രേരകം രാഷ്‌ട്രീയത്തെക്കാള്‍ സാമുദായികവും കച്ചവടപരവുമായിരുന്നെങ്കില്‍ ഇന്ന് ഒളിഞ്ഞിരിക്കുന്ന രാഷ്‌ട്രീയ പ്രേരകം കൂടിയുണ്ട്. അതിന് പിന്നിലെ ചരടായല്ല മുമ്പിലെ തേരാളിയായാണ് സംഘപരിവാര്‍ നേതൃത്വം നിലകൊള്ളുന്നത്. നെയ്യാറ്റിന്‍കര സ്‌ഥാനാര്‍ഥി നിര്‍ണയത്തിലും തെരഞ്ഞെടുപ്പ് ഫലത്തിലും ഇത് പ്രകടമാണ്. നായര്‍ സമുദായനേതൃത്വത്തിന്റെ സ്വരങ്ങള്‍ക്ക് മുമ്പെത്തേക്കാള്‍ കൂടുതല്‍ സംഘപരിവാരസ്വഭാവം കൈവന്നതും ശ്രദ്ധേയമാണ്. കേരള രാഷ്‌ട്രീയത്തില്‍ ഇടം നേടാന്‍ കഴിയാതെ വന്ന ബി.ജെ.പിക്ക് അവരുടെ പ്രതലവികാസത്തിന് അനുയോജ്യമായ കാലാവസ്‌ഥ ലീഗ് അധികാരത്തിലുണ്ടാവുക എന്നതാണ്. സംഘപരിവാരമൊരുക്കുന്ന കെണിയില്‍ തലവെക്കാനൊരുങ്ങുന്ന നേതൃത്വത്തിന്റെ നീക്കത്തില്‍ സന്തുഷ്‌ടരല്ല ഏതായാലും ഈഴവ സമുദായാംഗങ്ങള്‍. ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നേതൃത്വമെന്തായാലും ബാധ്യസ്‌ഥമാവും. 1949ല്‍ ക്രിസ്‌ത്യാനികള്‍ക്കെതിരേ ഹിന്ദുമണ്ഡലം ഉണ്ടാക്കി രംഗത്തെത്തിയ എന്‍.എസ്.എസ് നേതൃത്വം 1952ല്‍ കൊട്ടാരക്കരയിലെ തെരഞ്ഞെടുപ്പില്‍ ആര്‍. ശങ്കറിനെ തോല്‍പ്പിക്കുകയായിരുന്നു. 1960ല്‍ പിന്നാക്കക്കാര്‍ക്ക് സംവരണം ലഭിക്കുന്ന ഘട്ടം വന്നപ്പോള്‍ വീണ്ടും ഐക്യമുണ്ടാക്കി. ആ സഖ്യത്തിന്റെ ഫലം 1964ല്‍ ആര്‍. ശങ്കര്‍ മന്ത്രിസഭയെ ക്രിസ്‌ത്യാനികളെ കൂട്ടുപിടിച്ചു മറിച്ചിട്ടു.
1891ല്‍ തന്നെ ചതി ആരംഭിച്ചതാണ്. മലയാളി മെമ്മോറിയലിന്റെ വഞ്ചന തിരിച്ചറിഞ്ഞാണ് 1896ല്‍ ഡോ. പല്‍പ്പു ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കുന്നത്. 1930കളില്‍ അധികാര പങ്കാളിത്തത്തിനും പ്രാതിനിധ്യത്തിനും വേണ്ടി നടത്തിയ നിവര്‍ത്തനപ്രക്ഷോഭത്തെ അട്ടിമറിച്ചത് ക്ഷേത്രപ്രവേശന വിളംബരത്തിലൂടെയായിരുന്നു. അങ്ങനെ കിട്ടുന്ന അവസരമെല്ലാം പിന്നില്‍ കുത്തിയ പാരമ്പര്യം പ്രകടിപ്പിച്ചവരോടൊപ്പം കൈകോര്‍ക്കുമ്പോള്‍ വെള്ളാപ്പള്ളി വീണ്ടും ചൂടുവെള്ളത്തില്‍ നിന്ന് തിളച്ചവെള്ളത്തിലേക്ക് ചാടുകയാണോ എന്നാണ് രക്‌തമൊന്നായ സമൂഹങ്ങള്‍ ആശങ്കിക്കുന്നത്.
2005ല്‍ നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ നടപടിക്കുള്ള ചര്‍ച്ചകളെ അട്ടിമറിക്കാനായിരുന്നു എസ്.എന്‍.ഡി.പിയെ എന്‍.എസ്.എസ് നേതൃത്വം കൂടെ കൂടിയത്. ഈഴവ സമുദായത്തെക്കൂടി പരിചയാക്കി നിര്‍ത്തി യു.ഡി.എഫില്‍ നിന്ന് 10 ശതമാനം മുന്നാക്ക സംവരണം നേടിയെടുക്കാന്‍ എന്‍.എസ്.എസിന് സാധിച്ചു.
തങ്ങള്‍ നേടേണ്ടതത്രയും നേടിയപ്പോള്‍ പുറംകാലുകൊണ്ട് പൂര്‍വകാലത്തെ സ്‌മരിപ്പിക്കും വിധം തൊഴിച്ചത് കണ്ടപ്പോള്‍ കേരളത്തിലെ പിന്നാക്കക്കാര്‍ ഒരിക്കലും സന്തോഷിക്കുകയായിരുന്നില്ല ചെയ്‌തത്, സഹതപിക്കുകയായിരുന്നു. ദലിത്‌ആദിവാസിപിന്നാക്ക വിഭാഗങ്ങളുടെ അസ്‌തിത്വത്തെ അംഗീകരിക്കാന്‍ ഒരിക്കലും മേലാളവിഭാഗങ്ങള്‍ക്ക് കഴിയില്ല. യോജിപ്പിന് മുമ്പ് അടിസ്‌ഥാനപരമായ നിരവധി കാര്യങ്ങളിലെ നിലപാടില്‍ വ്യക്‌തത ഉണ്ടാക്കിയെടുക്കാന്‍ പിന്നാക്ക ഹിന്ദുവിഭാഗത്തിനൊപ്പം നില്‍ക്കാന്‍ ബാധ്യസ്‌ഥനായ വെള്ളാപ്പള്ളിക്ക് കഴിയേണ്ടതുണ്ട്.
പിന്നാക്കക്കാരന്റെ സംവരണത്തിനെതിരേ ഇന്നും എന്‍.എസ്.എസ് സുപ്രീംകോടതിയിലാണ്. ആ കേസ് പിന്‍വലിച്ചെങ്കില്‍ മാത്രമേ ഈഴവ സമുദായത്തിന് പ്രയോജനമുണ്ടാവൂ. ക്രിമീലെയറിന്റെ പരിധി നാലര ലക്ഷത്തില്‍ നിന്ന് ആറുലക്ഷമാക്കണമെന്ന പിന്നാക്കക്കാരുടെ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള ഒരു സംയുക്‌ത പ്രസ്‌താവന പെരുന്നയില്‍നിന്ന് എന്ന് ഉണ്ടാവുമെന്നാണ് സംവരണ സമുദായങ്ങള്‍ കാതോര്‍ത്തിരിക്കുന്നത്. ഈഴവ സമുദായത്തിന്റെ വിപ്ലവ നേതൃത്വമായിരുന്ന ഡോ.പല്‍പ്പുവിനും സി.കേശവനും ആര്‍.ശങ്കറിനുമെല്ലാം നേരിടേണ്ടിവന്ന തിക്‌താനുഭവങ്ങളെ ചരിത്രമറിയുന്ന സമുദായാംഗങ്ങള്‍ക്ക് മുമ്പില്‍ മറച്ചുവെച്ചുകൊണ്ട് സാധിച്ചെടുക്കാവുന്നതല്ല സമുദായ സമുദ്ധാരണം.
അയിത്ത ജാതിക്കാരനെ മാന്യതനേടിക്കൊടുക്കാന്‍ പടനയിച്ച മഹാത്മാ അയ്യങ്കാളിയെയും സഹോദരന്‍ അയ്യപ്പനെയും എങ്ങനെയായിരുന്നു ഇന്ന് ഹിന്ദു ഐക്യത്തിന് വേണ്ടി പടനയിക്കുന്ന നായര്‍ സമുദായം ബഹുമാനിച്ചാദരിച്ചതെന്ന ചരിത്രവും പിന്നാക്കക്കാര്‍ക്ക് മനപ്പാഠമാണ്. അതിനാല്‍ സാമൂഹ്യ പ്രസ്‌ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ചരിത്രം മുന്നോട്ട് നടത്താനുള്ള പ്രേരകഘടകവും ചാലകശക്‌തിയുമായാണ് നിലകൊള്ളേണ്ടത്. ഘടികാരത്തിന്റെ സൂചിയെ പിന്നോട്ട് തിരിച്ചുവെച്ചോ പിടിച്ചുനിര്‍ത്തിയോ സാധിപ്പിച്ചെടുക്കേണ്ടതല്ല വിപ്ലവം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ