
തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ച് സച്ചിന്‍ മാത്യു എന്ന യുവാവ് മരണപ്പെട്ടതോടെ ആരംഭിച്ച കോലാഹലങ്ങള്‍ക്ക് താല്‍ക്കാലിക ശമനം വന്നു തുടങ്ങിയിരിക്കുന്നു. എല്ലാ കാര്യത്തിലും നമ്മള്‍ മലയാളി സമൂഹം കാണിക്കുന്ന ഔത്സുക്യം മാത്രമേ ഇക്കാര്യത്തിലും ഉണ്ടായിട്ടുള്ളു. എപ്പോഴും സംഭവാനന്തര പ്രതികരണവും നടപടികളും എന്നതാണ് കേരളത്തിന്റെ പൊതുരീതി. ദുരന്തങ്ങള്‍ക്ക് ശേഷമുള്ള മാനേജ്‌മെന്റിനുവേണ്ടി നടത്തുന്ന ശ്രമങ്ങളുടെ പത്തിലൊരംശം നേരത്തേ നടത്തിയിരുന്നെങ്കില്‍ പാഴ്‌ചെലവ് മാത്രമല്ല അത്യാഹിതങ്ങളും ഒഴിവാക്കാന്‍ കഴിയുമായിരുന്നു.
കേരളത്തില്‍ ഹോട്ടല്‍ വ്യവസായരംഗം പലതരം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കൂനിന്‍മേല്‍കുരുവായി ഭക്ഷ്യ വിഷബാധ പ്രചാരണം കൂടി രംഗംകൊഴുപ്പിച്ചത്. നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും പാചക വാതകത്തിന്റെയും വമ്പിച്ച വില വര്‍ധനയും വൈദ്യുതി താരിഫും തൊഴിലാളി ക്ഷാമവും വേതന വര്‍ദ്ധനവുമെല്ലാം ചേര്‍ന്ന് ഒരുതരം വീര്‍പ്പുമുട്ടലിലാണ് പൊതുവെ ഇടത്തരം ഹോട്ടലുടമകള്‍ എന്ന വസ്‌തുത നിരാകരിച്ചുകൂടാ. പൊതുവെ നഷ്‌ടക്കച്ചവടമാണ് ചിലര്‍ക്കെങ്കിലും ഹോട്ടല്‍ വ്യവസായമിന്ന്. എന്നാല്‍ ഇതെല്ലാം വൃത്തിഹീന പരിസരം നിലനിര്‍ത്തുന്നതിനും പഴകിയതും മായവും വിഷാംശങ്ങളും കലര്‍ന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ തീന്‍മേശയിലേക്ക് എത്തിക്കുന്നതിനുള്ള ലൈസന്‍സായി കണ്ടുകൂടാ.
ഷവര്‍മ സംഭവാനന്തരം വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്ന സന്ദര്‍ഭങ്ങളില്‍ വ്യാപകമായ റെയ്‌ഡിന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്‌ഥരും ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളും രംഗത്ത് വരികയുണ്ടായി. ഇതിലൂടെ നിരവധി സ്‌ഥാപനങ്ങള്‍ താത്‌ക്കാലികമായി അടച്ചുപൂട്ടി. പലര്‍ക്കും നേരിട്ട് നോട്ടീസ് നല്‍കുകയും ചെയ്‌തു. മാറി വരുന്ന ഭക്ഷ്യ സംസ്‌ക്കാരത്തിനനുസരിച്ച് പുതിയ പുതിയ വിഭവങ്ങള്‍ വിപണിയില്‍ മല്‍സര സ്വഭാവത്തില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ് ഹോട്ടലുകളും ബേക്കറികളുമെല്ലാം.
രുചി ഭേദത്തിന് ഹോട്ടലുകളില്‍ ചെന്ന് ഭക്ഷണം കഴിക്കുന്നശീലം മലയാളികള്‍ക്കിടയില്‍ ഏറെ വര്‍ധിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇടക്കാലത്തായി വ്യാപകമായി പ്രചാരം ലഭിച്ച ഫാസ്‌റ്റ് ഫുഡിലേക്ക് പുതിയ തലമുറ വല്ലാതെ ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. അപ്പോഴാണ് ഷവര്‍മ വില്ലനായത്. അതോടെ ഇനിയൊരിടത്തും ഷവര്‍മ വേണ്ടന്നു തീരുമാനിക്കുകയും ചെയ്‌തു. എലിയെ പേടിച്ച് ഇല്ലം തന്നെ അപ്പാടെ ചുട്ടുകളയുകയാണ് എളുപ്പമെന്ന് തീരുമാനം വരുകയും ചെയ്‌തു. എന്നാല്‍ ഒരു കടയില്‍നിന്ന് ഷവര്‍മ കഴിച്ചുണ്ടായ വിഷബാധയ്‌ക്ക് കാരണമായ യഥാര്‍ഥ പ്രശ്‌നങ്ങളിലേക്ക് കടന്ന്‌ചെല്ലുന്നതിന് പകരം എളുപ്പവഴിയില്‍ ക്രിയ ചെയ്യുകയെന്ന നമ്മുടെ ശീലം ആവര്‍ത്തിക്കുകയും ചെയ്‌തു.
വിപണിയില്‍ ലഭിക്കുന്ന ഒന്നും വിശ്വസിച്ച് ഭക്ഷിക്കാന്‍ കഴിയാത്ത അവസ്‌ഥയാണിപ്പോള്‍. എന്ത് കഴിക്കും, എന്തു കുടിക്കും എന്നൊക്കെയാണ് ഓരോരുത്തരും ചോദിച്ചുകൊണ്ടിരിക്കുന്നത്. അത്ര ഭയമേറുന്ന വാര്‍ത്തകളാണ് വായിക്കുന്നതും കേള്‍ക്കുന്നതുമെല്ലാം.
സപ്ലൈകോയുടെ ഭക്ഷണ സാധനങ്ങളിലും വിഷാംശങ്ങള്‍ കണ്ടെത്തിയെന്ന് വാര്‍ത്തകള്‍ വരുന്നു. സര്‍ക്കാര്‍ നിയന്ത്രിത സ്‌ഥാപനങ്ങളുടെ സ്‌ഥിതിയാണിത്. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന ഉച്ചക്കഞ്ഞിയില്‍ ചത്ത എലിമാത്രമല്ല, ജീവനുള്ള എലിക്കുഞ്ഞുങ്ങളും ലഭിച്ചു കൊണ്ടിരിക്കുന്നു. പഴവും മാംസവും പച്ചക്കറിയും പാലും മുട്ടയും മത്സ്യവുമെല്ലാം ആശങ്കയോടെയും സംശയത്തോടെയുമാണ് ഓരോരുത്തരും വാങ്ങി ഭക്ഷിച്ചുകൊണ്ടിരിക്കുന്നത്.
ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയ്‌ക്ക് എത്തിയാല്‍ കിട്ടുന്ന മരുന്ന് പോലും വിഷാംശങ്ങള്‍ നിറഞ്ഞതാണ്. മായംചേര്‍ക്കലും കൃത്രിമം തടയാനും ആരോഗ്യത്തിന് ഹാനികരമായ ആഹാരങ്ങളും പാനീയങ്ങളും ഉപയോഗിക്കാതിരിക്കാനും മതിയായ നിയമം തന്നെ നാട്ടിലുണ്ട്. എന്നാല്‍ നിയമങ്ങളുടെ അപര്യാപ്‌തതയല്ല. നടപ്പാക്കുന്നതിലെ ഇഛാശക്‌തിയുടെ കുറവും അഴിമതിയുടെ പിടിമുറുക്കവുമാണ് ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങള്‍ക്ക് കാരണം.
വലിയ അധികാരങ്ങളുണ്ട് ആരോഗ്യ സംരക്ഷണ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ക്ക്. ഭക്ഷ്യസുരക്ഷാനിയമം വന്നതോടെ കുറേക്കുടി അധികാരങ്ങള്‍ സര്‍ക്കാറിനുണ്ട്. ഈ അധികാരങ്ങളെല്ലാം കൈയിലുണ്ടെങ്കിലും പ്രയോഗിക്കുന്നിടത്ത് വരുന്ന വിവേചനമാണ് പ്രധാന പ്രശ്‌നം.
തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷമേ ഹോട്ടലുകള്‍ക്കും ഭക്ഷ്യ വിപണന സ്‌ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കാറുണ്ടായിരുന്നുള്ളൂ. ഭക്ഷ്യസുരക്ഷാ നിയമം വന്നതോടെ രൂപീകരിക്കപ്പെട്ട കമ്മീഷണററ്റിലേക്ക് അധികാരങ്ങള്‍ മാറി. ഇതോടെ ഫുഡ് ഇന്‍സ്‌പെക്‌ടര്‍മാരുടെ അധികാരങ്ങളിലേക്ക് സ്വാഭാവികമായും കാര്യങ്ങളുടെ നിയന്ത്രണം വരണം. 2011 ല്‍ നിയമം വന്ന് ഒരു വര്‍ഷം പിന്നിടുമ്പോളും ധാരാളം അവ്യക്‌തത ഇക്കാര്യങ്ങളില്‍ നിലനില്‍ക്കുകയാണ്. നിയമത്തിന്റെ പ്രയോഗത്തിനിടയിലെ അധികാരത്തര്‍ക്കങ്ങള്‍ നിയമലംഘകര്‍ക്ക് പഴുതുകള്‍ സൃഷ്‌ടിച്ചുകൊടുത്തുകൊണ്ടിരിക്കുന്നു.
ഭക്ഷ്യസുരക്ഷാ നിയമത്തില്‍ എല്ലാ കാര്യങ്ങളിലും കൃത്യതയും വ്യക്‌തതയും ഉണ്ടെങ്കിലും പ്രായോഗിക പ്രയാസങ്ങളില്‍ ഉടക്കിനില്‍ക്കുകയാണ് കാര്യങ്ങള്‍. ചെറുകിട സ്‌ഥാപനങ്ങള്‍ക്കും പഞ്ചനക്ഷത്ര സ്‌ഥാപനങ്ങള്‍ക്കും ഒരുപോലെ ബാധകമാണ് നിയമമെങ്കിലും വന്‍കിട ഹോട്ടലുകള്‍ റെയ്‌ഡ് ചെയ്‌താല്‍ മണിക്കൂറുകള്‍ക്കകം ഉദ്യോഗസ്‌ഥര്‍ക്ക് ശിക്ഷാനടപടി നേരിടേണ്ടിവരികയാണ്. ഭരണ രംഗങ്ങളില്‍ഉള്ള സ്വാധീനത്തിലൂടെ വന്‍സ്രാവുകള്‍ എല്ലാ മേഖലകളിലും പരുക്കില്ലാതെ രക്ഷപ്പെടും.
വൃത്തിയും ശുചിത്വവും നന്നായി വേണ്ടതാണ് അടുക്കളകള്‍ക്ക് . ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് , ഭക്ഷ്യവസ്‌തുകളുടെ ഗുണമേന്മ തുടങ്ങി എല്ലാ കാര്യങ്ങളും കൃത്യമായി പരിശോധനയ്‌ക്ക് വിധേയമാവേണ്ടതുണ്ട്. പാചകത്തിന് എത്തുന്ന വെള്ളവും പ്രധാനമാണ്. ഇതെല്ലാം ഉറപ്പുവരുത്തിയാവണം നമ്മുടെ ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് തീര്‍പ്പുനല്‍കാന്‍ യഥാര്‍ത്ഥത്തില്‍ മതിയായ ജീവനക്കാരോ സംവിധാനമോ ഇപ്പോഴും ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.
ആരോഗ്യ ഭക്ഷ്യസുരക്ഷ, തദ്ദേശ സ്വയംഭരണം ആഭ്യന്തരവകുപ്പുകളുടെ സംയോജനം കൂടി സാധ്യമാക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. വര്‍ഷാവര്‍ഷം പൂര്‍ണ പരിശോധന നടത്തി ഫിറ്റ്‌നസ് നല്‍കണമെങ്കില്‍ ഈ സംയോജന സാധ്യമാവണം. മാധ്യമങ്ങള്‍ ബഹളംകൂട്ടുമ്പോള്‍ റെയ്‌ഡ് നടത്തി അവസാനിപ്പിക്കേണ്ട ഒന്നല്ല ഭക്ഷ്യസുരക്ഷ സംവിധാനം. നൂറില്‍ താഴെ ഉദ്യോഗസ്‌ഥര്‍ മാത്രമുള്ള ഒരു സംവിധാനമാണ് ഇപ്പോള്‍ ആ മേഖലയില്‍ നിലനില്‍ക്കുന്നത്. നമ്മുടെ സംസ്‌ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ വലിയൊരു പങ്ക് നേടിത്തരുന്നതില്‍ ഹോട്ടല്‍ വ്യവസായ മേഖലയ്‌ക്ക് നിര്‍ണായക സ്വാധീനമുണ്ട്. അതിനെ തകര്‍ക്കുന്നതാവരുത് സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ഇടപെടല്‍. ഒരു ഹോട്ടലില്‍നിന്ന് കഴിച്ച ഭക്ഷണത്തിലൂടെ വിഷബാധയേറ്റാല്‍ ആ ഹോട്ടല്‍ എറിഞ്ഞുടച്ച് നമ്മുടെ പ്രതിഷേധം തീര്‍ക്കാം.
എന്നാല്‍ സുരക്ഷ ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട അധികാരകേന്ദ്രങ്ങളെ നാം വെറുതെ വിടുകയും ചെയ്യും. കുറ്റം ചെയ്യുന്നവരെ സംരക്ഷിക്കുന്നവരാണ് വലിയ കുറ്റവാളികള്‍. ശ്വാസംമുട്ടിക്കുന്ന നിയമങ്ങളല്ല പലരംഗത്തും നിലവിലുള്ളത്. എന്നാല്‍ നിയമം നടപ്പാക്കേണ്ടവരും പാലിക്കേണ്ടവരും അതിന് തയാറാവുന്നില്ല. പഴുതുകള്‍ക്ക് വഴിയൊരുക്കുന്നത് മുലമാണ് നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. തലതിരിഞ്ഞ നിലപാടുകളിലൂടെ പൊതുവെ ഭരണാധികാരികള്‍ കറവപ്പശുവിനെ കൊല്ലുന്ന ശീലമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
സര്‍ക്കാരിന്റെ ഹോട്ടല്‍വേട്ടയില്‍ പ്രതിഷേധിച്ച് ഒരു ദിനം ഹോട്ടലുകാരും അവരുടെ സംഘടിത ശക്‌തികാട്ടി കേരളത്തെ പട്ടിണിക്കിട്ടു. സംഘടിത ശക്‌തിയിലൂടെ കാണിക്കുന്ന പ്രതിഷേധം ജനങ്ങള്‍ക്കു മോശം ഭക്ഷണം നല്‍കാനുള്ള അവകാശത്തിന് വേണ്ടിയാകരുത്. അങ്ങനെ ആവില്ലെന്ന് വിശ്വസിക്കുകയും ചെയ്യാം. അതേസമയം ഗുണമേന്മ ഉറപ്പുവരുത്തി ഭക്ഷണം നല്‍കുമ്പോള്‍ ഉണ്ടാവുന്ന പ്രയാസങ്ങള്‍ ഉന്നയിക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനുവേണ്ടിയാവണം.
അടുക്കളകളും പരിസരവും പരിശോധിക്കാതെ ഓഫീസുകളില്‍ ഉറക്കംതൂങ്ങിയിരുന്ന് ഉദ്യോഗസ്‌ഥര്‍ ഒപ്പിട്ടു നല്‍കുന്ന ഉറപ്പിനെ, അംഗീകാരമാക്കി പ്രദര്‍ശിപ്പിക്കുന്നതിലൂടെ എല്ലാം ശരിയായി എന്ന ഹോട്ടല്‍ കച്ചവടക്കരുടെ സംഘടന തീര്‍പ്പാക്കരുത്. മിതമായനിരക്കിലും ഗുണനിലവാരത്തിലും ഭക്ഷ്യ സാധനങ്ങള്‍ ലഭ്യമാക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം സര്‍ക്കാരിന്റേത് തന്നെയാണ്. കുത്തഴിഞ്ഞ ഒരു ഭരണ നിര്‍വഹണ സംവിധാനത്തില്‍നിന്ന് അതൊക്കെ പ്രതീക്ഷിക്കുന്ന ജനങ്ങളാണു യഥാര്‍ഥത്തില്‍ വിഡ്‌ഢികള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ