2012, മേയ് 24, വ്യാഴാഴ്‌ച

ഹ്യദയമലിയും: ശിലയൊരിക്കലും അലിയില്ല


രണ്ടു ധീര രക്‌തസാക്ഷികളുടെ വിധവകളുടെ കൈപ്പടയില്‍ മലയാളി വായിച്ചെടുത്ത ചിന്തകള്‍ വിശകലന വിധേയമാവേണ്ടതുണ്ട്‌. പാര്‍ട്ടിക്കു വേണ്ടി രക്‌തംചിന്തിയ സഖാവ്‌ അഴീക്കോടന്‍ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചര്‍ പാര്‍ട്ടിയാല്‍ രക്‌തസാക്ഷിയാക്കപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയ്‌ക്ക് മറുപടിക്കത്ത്‌ നല്‍കിയതിലെ സാംഗത്യമാണു പൊതുവിമര്‍ശനം വിളിച്ചുവരുത്തിയിട്ടുള്ളത്‌. രണ്ടു കത്തിനും ഒരേ വായനയല്ല ലഭിച്ചത്‌. ഹൃദയഭേദകമായ രമയുടെ അക്ഷരങ്ങള്‍ക്ക്‌ രാഷ്‌ട്രീയമായ ഒരു മറുപടി എന്നതു സി.പി.എം. പ്രതിരോധ തന്ത്രമാണ്‌. 


ഈ രണ്ടു തുറന്ന കത്തുകളും ചര്‍ച്ചയ്‌ക്കെത്തുന്നതിനിടയിലാണ്‌ അച്യുതാനന്ദന്റെ തുറക്കാത്ത കത്തിനെ പ്രതിരോധിക്കാന്‍ സി.പി.എം. നിന്നു വിയര്‍ക്കുന്നത്‌. ചന്ദ്രശേഖരന്‍ വധത്തിലെ കുറ്റബോധത്തില്‍ നിന്നാണു വി.എസിന്റെ കത്തെങ്കില്‍ വിശദീകരണങ്ങള്‍ മാത്രമല്ല, നിലപാടും വ്യക്‌തമായി കിട്ടേണ്ടത്‌ വി.എസ്‌. അച്യുതാനന്ദനില്‍ നിന്നു തന്നെയാണ്‌. ക്രൂരമായ കൊലപാതകങ്ങളില്‍ ചാലിട്ടൊഴുകിയ രക്‌തം കണ്ടതിലുള്ള മനഃസ്‌താപമാണെങ്കില്‍ അഞ്ചുകൊല്ലം മുഖ്യമന്ത്രിക്കസേരയിലിരുന്നപ്പോഴെങ്കിലും ഉണ്ടാകേണ്ടതായിരുന്നു. തുറക്കാത്ത കത്ത്‌ പി.ബി. തുറന്നു ചര്‍ച്ച ചെയ്യുമ്പോള്‍ പൊളിഞ്ഞുവീഴുന്നത്‌ ഇമേജ്‌ ക്രിയേഷന്‍ സൂത്രമാണെങ്കില്‍ വി.എസില്‍ വലിയ പ്രതീക്ഷയൊന്നും വച്ചു പുലര്‍ത്തേണ്ടതില്ല. സി.പി.എം. അടുത്ത കാലത്ത്‌ അഭിമുഖീകരിച്ച ആഭ്യന്തര പ്രതിസന്ധിയില്‍ പാര്‍ട്ടിയില്‍ നിന്ന്‌ അണികള്‍ വിട്ടുപോവാതെ നിലനിര്‍ത്താനുള്ള രാഷ്‌ട്രീയ തന്ത്രവും വി.എസ്‌. പ്രയോഗിച്ചു കൂടായ്‌കയില്ല. നേതൃമാറ്റ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതിലൂടെ മുഖ്യമന്ത്രി സ്‌ഥാനത്തിരുന്നു മറ്റുള്ളവരുടെ നെറികേടുകള്‍ക്കു കൂട്ടുനിന്ന പോലെ, അതേ നെറികേടുകാരുടെ നേതാവായിരിക്കാനും വി.എസ്‌. മടികാണിച്ചു കൊള്ളണമെന്നില്ല. നെയ്യാര്‍ കടന്നു കേന്ദ്രകമ്മിറ്റി തീരുമ്പോള്‍ അറിയാം വി.എസ്‌ ആദര്‍ശത്തിന്റെ യഥാര്‍ഥ സ്‌ഥിതിയും ഗതിയുമെല്ലാം. 


മൂന്നാഴ്‌ച പിന്നിടുമ്പോഴും ടി.പി വധത്തിന്റെ യഥാര്‍ഥചിത്രം പൂര്‍ണമാകുന്നില്ല. ഗതിവേഗമുണ്ടായിരുന്ന അന്വേഷണത്തിനു വേഗത കുറയുകയും അതിജീവനത്തിനു സി.പി.എം. നടത്തുന്ന ശ്രമങ്ങള്‍ക്കു വേഗത കൂടുകയും ചെയ്യുമ്പോഴാണു ടി.പിയുടെ ഭാര്യ രമ തുറന്ന കത്തെഴുതിയത്‌. രാഷ്‌ട്രീയകക്ഷി ബന്ധങ്ങളില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന പോലീസ്‌ സേനയ്‌ക്കു കേസന്വേഷണത്തില്‍ ഏറെ പ്രതിബന്ധങ്ങളുണ്ട്‌. ആ പ്രതിബന്ധങ്ങള്‍ കൂടി രമയുടെ പ്രതിഷേധ കൈപ്പടയില്‍ നിഴലിട്ടു നില്‍ക്കുന്നുണ്ട്‌. 


45ാം വയസില്‍ വിധവയാക്കപ്പെട്ട രമയുടെ കത്തിനെ പ്രതിരോധിക്കാന്‍ സഖാവ്‌ അഴീക്കോടന്റെ ഭാര്യയെ തന്നെ സി.പി.എം രംഗത്തിറക്കിയതിലൂടെ വികൃതമായ തങ്ങളുടെ മുഖത്തിന്റെ വീണ്ടെടുപ്പിന്‌ പാര്‍ട്ടി ഏതറ്റം വരെയും പോവുമെന്നു സാരം. ബഹുമാനാദരങ്ങളോടെ നോക്കിക്കാണുന്ന ഉജ്‌ജ്വലനായ വിപ്ലവകാരിയുടെ ഭാര്യയാണെങ്കിലും ഒരുപാടു സ്വകാര്യദുഃഖങ്ങള്‍ പേറുന്ന സ്‌ത്രീയെ ഒരു പരിചയാക്കുമ്പോള്‍ അഴീക്കോടന്റെ ആത്മാവിനെക്കുറിച്ചെങ്കിലും സി.പി.എം. നേതൃത്വം ചിന്തിക്കേണ്ടതായിരുന്നു. അതേസമയം, ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സി.പി.എം. പ്രതിരോധത്തിന്റെ മറ്റൊരടയാളം മാത്രമാണു ടീച്ചറുടെ കത്ത്‌. കത്താതെ പോയ പടക്കമായിരുന്നു അത്‌. 


പൊതുസമൂഹത്തോടും കമ്യൂണിസ്‌റ്റ് സഖാക്കളോടും സംവദിക്കാന്‍ രമ സ്വീകരിച്ച വഴിയില്‍ അവര്‍ക്കു വിജയിക്കാന്‍ കഴിഞ്ഞു എന്നതാണു സി.പി.എം. പ്രതിരോധിക്കാന്‍ രംഗത്തുവന്നതിലൂടെ ബോധ്യപ്പെടുന്നത്‌. ധീരരായ രണ്ടു രക്‌തസാക്ഷികളുടെ സഹധര്‍മിണിമാര്‍ അധീരരാവുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. വേദനകളുടെയും പ്രയാസങ്ങളുടെയും ഇടയില്‍ നിന്നു കാണിക്കുന്ന നിശ്‌ചയദാര്‍ഢ്യങ്ങളോടു ആദരവുണ്ട്‌. അതിനിടയില്‍ തിരിച്ചറിയാതെ പോകരുതെന്ന സദുദ്ദേശ്യത്തില്‍ പൊതുസമൂഹവും രമയും മീനാക്ഷി ടീച്ചറും അറിയേണ്ട ചിലതെല്ലാം ബാക്കിനില്‍ക്കുന്നുണ്ട്‌. 


മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത സഖാക്കളോടെന്ന മുഖവുരയിലാണു രമയുടെ തുടക്കം. അഥവാ അങ്ങനെ ഒരുപാട്‌ പേര്‍ സി.പി.എമ്മിനകത്ത്‌ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന അവരുടെ സമാശ്വാസമാണു പ്രകടമായി കാണുന്നത്‌. ആശയപരമായ വിയോജിപ്പു ധാരാളമുള്ള ഒരാളാണെങ്കിലും മാനുഷികതയുടെ മുഖം പ്രകടിപ്പിക്കുന്ന രംഗങ്ങളില്‍ കമ്യൂണിസത്തോടു യോജിക്കാവുന്ന വഴികളെ അടച്ചുപിടിക്കേണ്ടതില്ലെന്ന കാഴ്‌ചപ്പാടു പുലര്‍ത്തുന്ന വലിയൊരു വിഭാഗത്തിന്റെ പ്രതിനിധി കൂടിയാണു ഞാന്‍. സാമ്രാജ്യത്വത്തോടും ഫാസിസത്തോടും വിയോജിക്കുക മാത്രമല്ല ശക്‌തമായ പ്രതിരോധം തീര്‍ക്കല്‍ അനിവാര്യമാണെന്ന ബോധത്തിന്റെ ഭാഗം കൂടിയാണത്‌. കമ്യൂണിസ്‌റ്റുകളുടെ ഭൗതികവാദത്തോടു വിയോജിക്കുമ്പോള്‍ തന്നെ മതത്തിന്റെ ആത്മീയവാദത്തിനു യോജിച്ചുനില്‍ക്കാന്‍ കഴിയുന്നത്‌. ഉറച്ച കമ്യൂണിസ്‌റ്റ് വിശ്വാസം പുലര്‍ത്തുമ്പോഴും രമയുടെ നിലപാടുകളോടു യോജിക്കാവുന്നതും ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌. 


ഫാസിസത്തോടും സാമ്രാജ്യത്വത്തോടുമുള്ള നിലപാടില്‍ വ്യതിയാനം വന്നതോടെ മാനുഷിക മുഖം സി.പി.എമ്മിനു നഷ്‌ടപ്പെട്ടു തുടങ്ങിയിരിക്കുന്നുവെന്നു മാനുഷികതയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന രമയ്‌ക്കും ബോധ്യപ്പെടുമെന്നു കരുതുന്നു. ആശയപ്രതിബന്ധതക്കപ്പുറം അനുഭവിച്ചറിഞ്ഞ അധികാരത്തിന്റെ സുഖലോലുപതയും സഹകരണസ്‌ഥാപനങ്ങളുടെ വായ്‌പകളുടെ ബന്ധങ്ങളുണ്ടാക്കുന്ന കടപ്പാടുകളുമൊക്കെയാണു വലിയൊരു വിഭാഗത്തെ ഇന്നും പാര്‍ട്ടിക്കൊപ്പം നടത്തുന്നത്‌. അതിനാല്‍ ബന്ധനങ്ങള്‍ അഴിച്ചുമാറ്റി വരാന്‍ സന്നദ്ധയുള്ളവരില്‍ നിന്നു പ്രതീക്ഷിക്കാവുന്നത്‌ മാത്രമാണു മാനുഷികതയെന്നത്‌. ഹൃദയഭേദകമായ കുറിമാനങ്ങളിലൂടെ അലിയിച്ചെടുക്കാന്‍ കഴിയാത്ത ശിലാഹൃദയങ്ങളെയാണ്‌ ഇന്നത്തെ പാര്‍ട്ടി നേതൃത്വം പാകപ്പെടുത്തിയെടുക്കുന്നതെന്ന്‌ രമ അറിയാതെ പോവരുത്‌.


അത്തരമൊരു ശിലാഹൃദയത്തിനാണു വികൃതമായി എന്ന്‌ ഉറപ്പാവും വരെ ടി.പിയുടെ മുഖത്ത്‌ ആഞ്ഞാഞ്ഞു വെട്ടാന്‍ കഴിയുക. ആ വികൃതമാക്കലിനെ ന്യായങ്ങള്‍ നിരത്തി വിശദീകരിക്കാന്‍ കഴിയുക മനസില്‍ വൈകൃതങ്ങള്‍ പേറി കഴിയുന്നവര്‍ക്കാണ്‌. 


മനസാക്ഷി പാര്‍ട്ടികേന്ദ്രങ്ങളില്‍ അടിമപ്പെടുത്തിയ കൊലയാളിസംഘങ്ങള്‍ രമയെപ്പോലെ ഒരുപാടു പേരെ വിധവകളാക്കിയിട്ടുണ്ട്‌. ബന്ധങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും ഒരുവക പരിഗണനയും അത്തരക്കാരില്‍ നിന്നു പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ടി.പിയുടെ വധത്തില്‍ ഉയര്‍ന്നുവന്ന ഒരു പേര്‌ രമയും ഓര്‍ക്കുന്നുണ്ടാവും. അന്ത്യേരി സുര. അയാളുടെ പശ്‌ചാത്തലം നന്നായി അറിയുന്നവരാണു പാര്‍ട്ടി നേതാക്കള്‍. സ്വന്തം അയല്‍ക്കാരനും എപ്പോഴും സഹായിയുമായ വയോധികനായ നാദാപുരത്തെ മൊയ്‌തുഹാജിയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസിലാണു സുരയും കൂട്ടരും ജയിലില്‍ കഴിയുന്നത്‌. പാര്‍ട്ടി നല്‍കിയ വിദ്യാഭ്യാസത്തില്‍ അയല്‍പ്പക്കബന്ധത്തിനും സുഹൃബന്ധത്തിനുമൊന്നും സ്‌ഥാനമില്ല. അതിനാല്‍ ടി.പിയെ ആത്മമിത്രം രവീന്ദ്രന്‍ ഒറ്റുകൊടുക്കുന്നതില്‍ അദ്‌ഭുതപ്പെടാനില്ല. സാമാന്യബുദ്ധിയെ വെല്ലുവിളിച്ചു പാര്‍ട്ടി നേതൃത്വം നടത്തുന്ന വ്യാജപ്രചാരണങ്ങളിലും രമ ആശങ്കിക്കേണ്ടതില്ല. മൃഗീയമായ കൊടുംക്രൂരതകള്‍ നടത്തി മറ്റുള്ളവരുടെമേല്‍ കുറ്റം ചാര്‍ത്തുന്ന ഫാസിസ്‌റ്റുരീതി വര്‍ഷങ്ങളായി സി.പി.എം. പ്രയോഗിച്ചു തുടങ്ങിയിട്ട്‌. വര്‍ഗീയ ലഹളപോലും നടന്നാല്‍ കുഴപ്പമില്ലെന്ന മനസുപോലും അവര്‍ക്കുണ്ട്‌. രമയെപോലെ വേദന പേറി കഴിയുന്ന തലശേരി ഫസലിന്റെ ഭാര്യയുടെ ധീരമായ തീരുമാനം ടി.പിയുടെ കുടുംബത്തിന്‌ ആത്മവിശ്വാസം പകരുമെന്നു പ്രതീക്ഷിക്കുന്നു.


ടി.പി. വധക്കേസിന്റെ മുഴുവന്‍ വസ്‌തുതകളും പുറത്തെത്താന്‍ നിലവിലുള്ള അന്വേഷണ സംവിധാനത്തിന്‌ എത്രകണ്ടു കഴിയുമെന്നു രമയും ബന്ധുക്കളും ആലോചിക്കേണ്ടതുണ്ട്‌. യു.ഡി.എഫിന്റെ തിക്കുംതിരക്കിന്‌ ഒരതിര്‍ത്തിയുണ്ട്‌. അത്‌ ജൂണ്‍ രണ്ടിന്‌ അപ്പുറം നീളാന്‍ വഴിയില്ല. വി.എസിനും അതിരുകള്‍ ഉണ്ട്‌. അത്‌ കേന്ദ്രകമ്മിറ്റി വരെയാണ്‌. 


ഇതിനെല്ലാമപ്പുറം ടി.പിയുടെ പാര്‍ട്ടിയും കുടുംബവും അറിയേണ്ട മറ്റ്‌ ഒരു കാര്യമുണ്ട്‌. കേരളത്തില്‍ മുന്നണി ബന്ധത്തിന്‌ അതീതമായ നിലനില്‍ക്കുന്ന ഒരു സഖ്യമുണ്ട്‌. അതിനാല്‍ സി.പി.എം. നേതൃത്വം ഒരു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട്‌ അകത്തുപോവാതിരിക്കാന്‍ ഈ സഖ്യം യോജിച്ചാണു നീങ്ങുക. ചില പ്രത്യുപകാരരാഷ്‌ട്രീയവും ഉണ്ട്‌. നായനാരും വി.എസും മുഖ്യമന്ത്രിമാരായി ഇരുന്നപ്പോള്‍ മറ്റു പലരെയും അകത്തുപോവാതെ കാത്തതിന്റെ പ്രത്യുപകാരം കണ്ണൂര്‍ ലോബി പ്രതീക്ഷിക്കുന്നുണ്ട്‌. ഇതിനു പുറമെയാണു കച്ചവടബന്ധങ്ങള്‍. അണികള്‍ പരസ്‌പരം കൊന്നും കൊലവിളിച്ചും നടക്കുമ്പോള്‍ നേതൃത്വങ്ങള്‍ റിസോര്‍ട്ടുകളില്‍ ഒരുമിച്ചിരുന്നും ബിനാമികള്‍ വഴിയും ഇന്ത്യക്കകത്തും പുറത്തും തകൃതിയായ ബിസിനസുകള്‍ നടത്തുന്നു. ലീഗ്‌ബി.ജെ.പിസി.പി.എം നേതൃത്വങ്ങള്‍ക്കിടയിലെ പരസ്‌പര സഹകരണത്തെ യഥാവിധി തിരിച്ചറിയാതെ പോയാല്‍ കഴിഞ്ഞ കൊലപാതകങ്ങള്‍ എന്നല്ല നടക്കാനിരിക്കുന്നതും പൂര്‍ണതയില്‍ തെളിയിക്കപ്പെടണമെന്നില്ല. ലാഭനഷ്‌ടങ്ങളുടെ കണക്ക്‌ നോക്കിയാണ്‌ എല്ലാവരും പ്രതികരിക്കുന്നതും നിലപാട്‌ സ്വീകരിക്കുന്നതും. 


തളിപ്പറമ്പിലെ ഷുക്കൂര്‍ കൊല്ലപ്പെട്ട്‌ മൂന്നു മാസം പിന്നിട്ടിട്ടും കേസന്വേഷണം എവിടെയും എത്തിയിട്ടില്ല. ലീഗ്‌ നേതൃത്വത്തിന്‌ ഒരു പരിഭവവുമില്ല. അകത്തായ പ്രതികള്‍ക്കു കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ജാമ്യം ലഭിക്കാന്‍ പോവുന്നു. സി.പി.എമ്മിന്റെ കൊലക്കത്തിയുടെ മൂര്‍ച്ച നന്നായി അറിഞ്ഞവരാണു സംഘപരിവാര പ്രവര്‍ത്തകര്‍. ടി.പി. വധത്തില്‍ സംഘപരിവാര്‍ പക്ഷത്തു നിന്നു പ്രതികരണം വേണ്ടത്ര ഇല്ല എന്നതു മാത്രമല്ല, സി.പി.എമ്മിനെ സഹായിക്കുക കൂടി ചെയ്യുകയാണ്‌. മുതിര്‍ന്ന ബി.ജെ.പി. നേതാവ്‌ ഒ. രാജഗോപാല്‍ പ്രതികരിച്ചത്‌ ഇവിടെ മൂന്നാം ലോക മഹായുദ്ധം സംഭവിച്ചിട്ടുണ്ടോ എന്നാണ്‌. കെട്ടുപിണഞ്ഞു കിടക്കുന്ന ഈ രാഷ്‌ട്രീയബന്ധങ്ങള്‍ പരിഗണിച്ചു ടി.പി. വധം അട്ടിമറിക്കപ്പെടാതിരിക്കണമെങ്കില്‍ രമയും കുടുംബവും ഫസലിന്റെ ഭാര്യയുടെ വഴിയില്‍ നിഷ്‌പക്ഷ അന്വേഷണത്തിന്‌ സി.ബി.ഐയെ ലഭിക്കാന്‍ കോടതിയെ സമീപിക്കുന്നതാണ്‌ അഭികാമ്യം.


ഒരു വിധവയുടെ ആത്മരോദനമായി മാത്രം കണക്കാക്കി രമയുടെ കൈപ്പടയെ ചെറുതായി കണ്ടുകൂടാ. വരും നാളുകളില്‍ കേരള രാഷ്‌ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്‌ടിച്ചേക്കാവുന്ന ചില ആഴമേറിയ ചിന്തകള്‍ അതിലുണ്ട്‌. അങ്ങനെ വേണമായിരുന്നു ആദരണീയയായ മീനാക്ഷി ടീച്ചറും ഇതിനോടു സമീപിക്കാന്‍. ഒരു മാതൃഹൃദയത്തിന്റെ യഥാര്‍ഥ സ്‌നേഹം, രമയേയും നന്ദുവിനെയും ആശ്വസിപ്പിക്കുമ്പോള്‍ ടീച്ചര്‍ പ്രകടിപ്പിക്കുന്നുണ്ട്‌. അനുഭവത്തിന്റെയും യാഥാര്‍ഥ്യബോധത്തിന്റെയും അടിസ്‌ഥാനത്തില്‍ രമ ഉന്നയിച്ച കാര്യങ്ങളെ രാഷ്‌ട്രീയലക്ഷ്യത്തോടെയുള്ളതായും ശത്രുവിനെ സഹായിക്കുന്നതായും വിലയിരുത്തിയ ടീച്ചര്‍ക്കു സംഭവിച്ചത്‌ പൊറുക്കാനാവാത്ത തെറ്റാണ്‌. അഴീക്കോടനെ കൊലപ്പെടുത്തിയ ശത്രുവിനെക്കുറിച്ച്‌ ടീച്ചര്‍ പുലര്‍ത്തുന്ന അതേ സങ്കല്‍പ്പവും നിഗമനങ്ങളുമൊക്കെ വെച്ചുപുലര്‍ത്താനുള്ള അവകാശം രമക്കും വകവെച്ചു നല്‍കുന്നതല്ലേ യാഥാര്‍ത്ഥത്തില്‍ സാമാന്യ നീതി. സി.പി.എമ്മിന്റെ കൈയിലുള്ള മാധ്യമങ്ങള്‍ ഉപയോഗിച്ച്‌ വ്യാജപ്രചാരണങ്ങളിലൂടെ മറ്റുള്ളവരെ കുത്തിനോവിക്കുന്നതും തകര്‍ക്കാര്‍ ശ്രമിക്കുന്നതും ടീച്ചറും കാണാതിരിക്കില്ല.


പാര്‍ട്ടിക്കു നേരെ ഉയര്‍ന്നുവന്ന മൂന്നു കൊലപാതക ആരോപണങ്ങളെയും ഒരു അധ്യാപിക എന്ന നിലയില്‍ മുന്‍വിധിയില്ലാതെ പഠിക്കേണ്ടതായിരുന്നു. ഈ കൊലപാതകങ്ങളുടെ മറയില്‍ വര്‍ഗീയ കലാപങ്ങള്‍ നടക്കാതെ പോയത്‌ കേരളത്തെ ദൈവം രക്ഷിച്ചത്‌ കൊണ്ടാണ്‌.


അഴീക്കോടന്‍ ഉള്‍പ്പെടെ പാര്‍ട്ടിയിലെ പഴയകാല നേതാക്കളെ ബഹുമാനാദരങ്ങളോടെ നോക്കിക്കാണുകയും ഉറച്ച കമ്മ്യൂണിസ്‌റ്റായി നിലനില്‍ക്കുകയും ചെയ്യുന്ന രമയും കുടുംബവും ഇന്ന്‌ ഇത്രയേറെ വേദനിക്കാനുണ്ടായ യഥാര്‍ത്ഥകാരണത്തെ ഇത്ര ചെറുതായി കാണാന്‍ ഒരു അധ്യാപികയായ അമ്മക്കെങ്ങനെ കഴിയും.


ശക്‌തമായ ഇടതുപക്ഷ ചേരി തകരരുത്‌ എന്ന ടീച്ചറുടെ ആഗ്രഹം ന്യായവും ബഹുമാനിക്കപ്പെടേണ്ടതുമാണ്‌. എന്നാല്‍ അതു തകരാതെ കാത്തുസൂക്ഷിക്കേണ്ടതു മാധ്യമങ്ങളോ പ്രതിയോഗികളോ അല്ലെന്ന്‌ ഓര്‍മപ്പെടുത്തി നിലവിലെ പാര്‍ട്ടി നേതൃത്വത്തിന്‌ ഒരു കത്തു കൊടുക്കുകയായിരുന്നു മീനാക്ഷി ടീച്ചര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്‌. പാര്‍ട്ടികളും പ്രസ്‌ഥാനങ്ങളും തീര്‍ക്കുന്ന മതില്‍ക്കെട്ടില്‍ ഹൃദയവിശാലത നമുക്ക്‌ നഷ്‌ടമായിക്കൂടാ. ഒരേ വേദന പങ്കുവെക്കുന്നവര്‍ ഒരേ ദിശയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുമാണ്‌ വേണ്ടത്‌. പകരം പാര്‍ട്ടി തിട്ടൂരങ്ങള്‍ക്ക്‌ കൈയൊപ്പു ചാര്‍ത്തുന്നവരായി മാറിക്കൂടാ. വിശിഷ്യാ മാതൃഹൃദയങ്ങള്‍!

2 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ഒരു ലേഖനം

Unknown പറഞ്ഞു...

ശരിയായി പറഞ്ഞു

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"