.jpg)
നുഴഞ്ഞുകയറ്റം നടത്തിക്കൊണ്ടിരിക്കുന്ന തീവ്രവാദികള്‍ ആരാണെന്നു കൂടുതല്‍ വിശദീകരിക്കേണ്ടാത്തവിധം ശരിയായ ചിത്രം നമ്മുടെ മാധ്യമങ്ങള്‍ നേരത്തെ നല്‍കിയിരുന്നതിനാല്‍ ആര്‍ക്കും ആളെ തിരിയാത്ത പ്രശ്‌നമുണ്ടാവില്ല.
തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഒരു സമുദായത്തിനോടു ചേര്‍ത്തുപറഞ്ഞു രംഗം നേരത്തെ ക്ലിയര്‍ ചെയ്‌തുകഴിഞ്ഞതാണ്. അതിനാല്‍ തീവ്രവാദി എന്നു കേള്‍ക്കുമ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും മനസില്‍ തെളിഞ്ഞു വരുന്ന ചിത്രം താടിയും തലപ്പാവുമുള്ള ഒരു മനുഷ്യരൂപമാണ്. ഈ വരച്ചു നല്‍കിയ ചിത്രം മുമ്പിലുള്ളതിനാല്‍ അന്താരാഷ്‌ട്രതലം മുതല്‍ ഇങ്ങു കേരളക്കരവരെ തീവ്രവാദികള്‍ക്കു സ്‌ഥലകാല മാറ്റം മാത്രമേ സംഭവിക്കുന്നുള്ളൂ.
ആര്‍ക്കും ആരേയും തീവ്രവാദിയാക്കി മാറ്റാം. അതിനാല്‍ തീവ്രവാദ പ്രചാരണത്തിന്റെ മറുവശത്തെകുറിച്ചു സംസാരിക്കുന്നതും എഴുതുന്നതും ഏറെ ആശങ്കയോടെ ആവേണ്ടി വരികയാണ്. അംഗീകൃത തീവ്രവാദ മുദ്ര ചാര്‍ത്തപ്പെട്ട സമുദായത്തില്‍ നിന്നാവുമ്പോള്‍ പ്രത്യേകിച്ചും. തീവ്രവാദത്തെകുറിച്ചു നിര്‍വചനം തന്നെ ആപേക്ഷികമാണ്.
മനുഷ്യകുലത്തിന്റെ സമാധാനജീവിതത്തിനും സുരക്ഷിതത്വത്തിനും ഭീഷണി സൃഷ്‌ടിക്കും വിധം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ലോകത്തു പലയിടങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു. ഈ പ്രശ്‌നങ്ങളുടെ അടിവേരു പരിശോധിക്കപ്പെടേണ്ടതുണ്ട്. ലോകത്ത് അമേരിക്കയും സഖ്യരാഷ്‌ട്രങ്ങളും പ്രത്യേകിച്ച് ഇസ്രായേലും ചേര്‍ന്നു നടത്തുന്ന അധിനിവേശം ഏറെ ശക്‌തമാണ്.
മനുഷ്യത്വരഹിതമായ ക്രൂരതകളാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ കടന്നുകയറ്റങ്ങളില്‍ പൊറുതിമുട്ടിയ ജനത നടത്തിയ അതിശക്‌തമായ ചെറുത്തുനില്‍പിനെ അതിജയിക്കാന്‍ കഴിയാതെവന്ന ഘട്ടത്തില്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെ അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്തിനു സമ്മാനിച്ച പദപ്രയോഗമാണ് തീവ്രവാദമെന്നത്.
അവിടം മുതലാണു സാര്‍വത്രികമായ ഈ പദം പ്രയോഗം ഉപയോഗപ്പെടുത്തികൊണ്ടിരിക്കുന്നത്. അമേരിക്കയും അവരുടെ താല്‍പര്യങ്ങളെയും പ്രതിനിധീകരിക്കുന്നവര്‍ എവിടെയെല്ലാം സ്വാധീനം നേടിയെടുത്തിട്ടുണ്ടോ അവര്‍ ഈ പ്രയോഗം രാഷ്‌ട്രീയ ലക്ഷ്യത്തോടെ ഭാവിയില്‍ അവരുടെ താല്‍പര്യങ്ങള്‍ക്കെതിരായി വന്നേക്കാവുന്ന ഏതു മുന്നേറ്റങ്ങള്‍ക്കെതിരേയും പ്രയോഗിച്ചു പൊതുബഹിഷ്‌കരണത്തിനു രംഗസജ്‌ജീകരണം നടത്തിക്കൊണ്ടിരിക്കും.
ഭരണകൂടങ്ങളുടെ കെടുകാര്യസ്‌ഥതയേയും നെറികേടുകളേയും തുറന്നെതിര്‍ത്തവരേയും അവരുടെ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കെതിരായി ഉയര്‍ന്നുവരുന്ന മുന്നേറ്റങ്ങളേയും ചരിത്രത്തില്‍ എക്കാലത്തും പൊതുധാരയില്‍നിന്ന് അകറ്റാന്‍ നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്നും നടന്നുവരുന്നത്. നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ധീരോധാത്തം പൊരുതിയ സ്വാതന്ത്ര്യസമരസേനാനികളെയും ജീവന്‍ നല്‍കിയ രക്‌തസാക്ഷികളേയും നമ്മള്‍ അഭിമാനപൂര്‍വം നെഞ്ചേറ്റുമ്പോള്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് അവര്‍ തീവ്രവാദികളും കണ്ണിലെ കരടുമായിരുന്നു.
സാമ്രാജ്യത്വത്തേയും ഫാസിസത്തേയും തുറന്നെതിര്‍ത്തും വിവേചനങ്ങള്‍ക്കെതിരേയും മര്‍ദിതന്റെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്‌ദിച്ചും പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്കിടയില്‍നിന്ന് ഉയര്‍ന്നുവന്ന പ്രസ്‌ഥാനങ്ങള്‍ക്കെതിരേ തീവ്രവാദ ആരോപണങ്ങളുന്നയിക്കുന്ന നിലവിലെ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങള്‍ പലതും അവരുടെ പൂര്‍വകാല അതിജീവനത്തിന്റെ ചരിത്രം മറന്നുകൊണ്ടാണു പുതിയ തലമുറയിലെ നേതാക്കള്‍ സംസാരിക്കുന്നത്.
സ്വാതന്ത്ര്യസമരകാലഘട്ടത്തിലെ കോണ്‍ഗ്രസ്, ഭരണകൂടത്തിന്റെ മുമ്പിലെ നല്ല പുള്ളിയായിരുന്നില്ല. കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനങ്ങളെ ഏറ്റവും വലിയ വിധ്വംസക വിഭാഗമായാണ് അന്നത്തെ മുഖ്യധാര കണക്കാക്കിയിരുന്നത്. അക്കാലത്ത് ഏറ്റവും വെറുക്കപ്പെട്ടവരായിരുന്ന കമ്യൂണിസ്‌റ്റുകള്‍ക്കു നെഹ്‌റു സര്‍ക്കാര്‍ ഉദ്യോഗം വരെ നല്‍കിയിരുന്നില്ല. മാത്രമല്ല, അക്കാലത്തു കോടതികളില്‍ നല്‍കിയിരുന്ന അന്യായങ്ങളില്‍ പരമാവധി ശിക്ഷ കിട്ടാന്‍ വേണ്ടി മുഖ്യപ്രതി സര്‍വോപരി കമ്മ്യൂണിസ്‌റ്റുകാരന്‍ കൂടിയാണെന്ന പ്രയോഗം വരെ നടത്തിയിരുന്നതു പഴയ തലമുറ മറന്നുകാണില്ല. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രി കോടിയേരിയുടെ പ്രത്യേക നിര്‍ദേശത്താല്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രങ്ങളിലും മുസ്ലിം യുവാക്കളെകുറിച്ചു വെറുപ്പുളവാക്കാന്‍ ഇത്തരം ധാരാളം പ്രയോഗങ്ങള്‍ നടത്തിയതു പ്രത്യേകം ചേര്‍ത്തുവായിക്കേണ്ടതാണ്.
സംഘടിത മുസ്ലിം രാഷ്‌ട്രീയ ശക്‌തിയായി ഉയര്‍ന്നുവന്ന മുസ്ലിം ലീഗിനു നേരേ ഇന്നും വര്‍ഗീയതീവ്രവാദ ആരോപണങ്ങള്‍ സജീവമായി നിലനില്‍ക്കുന്നു.
സംഘടിത മേല്‍ജാതി നിയന്ത്രിത രാഷ്‌ട്രീയ സാമൂഹികഘടനയാണു നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നത്. ആ ഘടനയാണു മുഴുവന്‍ മേഖലയുടെയും നിയന്ത്രണം ഏറ്റെടുത്തിട്ടുള്ളത്. അയഥാര്‍ഥമായ പ്രചാരണങ്ങള്‍ നടത്തി വംശവെറി കൂട്ടാന്‍ ഫാസിസവും നാസിസവും ലോകത്തു നടത്തിയ തന്ത്രങ്ങള്‍ തന്നെയാണ് ഇപ്പോള്‍ മുസ്ലിംകള്‍ക്കെതിരേ പ്രയോഗിക്കപ്പെടുന്നത്. 1933 ല്‍ ജര്‍മന്‍ പാര്‍ലമെന്റ് മന്ദിരം തീയിട്ടതു കമ്യൂണിസ്‌റ്റുകാരാണെന്നു പ്രചരിപ്പിക്കാന്‍ അഡോള്‍ഫ് ഹിറ്റ്‌ലറും ജോസഫ് ഗീബല്‍സും നടത്തിയ അതേ തന്ത്രങ്ങളുടെ പുനരാവിഷ്‌കാരമാണു നമ്മുടെ നാട്ടിലും ആവര്‍ത്തിക്കുന്നത്.
സ്വത്വബോധം മര്‍ദിത സമൂഹങ്ങളിലേക്കു തിരിച്ചെത്തുന്നതു നിലവില്‍ ആധിപത്യം ഉറപ്പിച്ച മുഖ്യധാരാ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങള്‍ എപ്പോഴും ഭയപ്പാടോടെയാണു കാണുന്നത്. ദലിത്‌മുസ്ലിം പിന്നാക്ക സ്വത്വബോധത്തിന്റെ ഉയര്‍ന്നെഴുന്നേല്‍പ്പിനെ തകിടം മറിക്കാന്‍ കക്ഷിബന്ധങ്ങള്‍ക്കതീതമായ അവിശുദ്ധസഖ്യം രാജ്യത്തു നിലനില്‍ക്കുന്നുണ്ട്. ആ കൂട്ടുകെട്ടാണ് അബ്‌ദുന്നാസര്‍ മഅ്‌ദനിക്കു രണ്ടാമതും കാരാഗൃഹം സമ്മാനിച്ചത്. ദലിത് സ്വത്വബോധത്താല്‍ രംഗപ്രവേശനം ചെയ്‌ത ഡി.എച്ച്.ആര്‍.എമ്മിനെ വേട്ടയാടുന്നതും പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്ത് പ്രസ്‌ഥാനങ്ങളെ ലക്ഷ്യമിടുന്നതും ഈ കൂട്ടുകെട്ടാണ്.
അധോലോക സംഘങ്ങള്‍ ബിസിനസ് സാമ്രാജ്യത്വത്തിന്റെ വിപുലീകരണത്തിനും നിലനില്‍പിനും വേണ്ടി നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെ പലതും മതം ചേര്‍ത്തു തീവ്രവാദമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ദാവൂദ് ഇബ്രാഹിമും ഛോട്ടാരാജനുമെല്ലാം ഇതിന്റെ പ്രതീകങ്ങളാണ്. സ്വൈരജീവിതത്തിനും സമാധാനത്തിനും വിഘ്‌നം സൃഷ്‌ടിക്കുന്ന പലതരത്തിലുള്ള ഹിംസാത്മക പ്രവര്‍ത്തനങ്ങളും നമ്മുടെ രാജ്യത്തു നടക്കുന്നുണ്ട്.
ഇവയില്‍ പലതും കള്ളക്കടത്തിന്റെയും കച്ചവടതാല്‍പര്യത്തിന്റെയും അധോലോക കുടിലതയുടെ പേരിലുള്ളതാണ്. സാമ്പത്തിക മോഹങ്ങളുടെയും അസമത്വങ്ങളുടെയും ഭാഗമായും അസ്വസ്‌ഥതകള്‍ സൃഷ്‌ടിക്കപ്പെടുന്നുണ്ട്. ഇതിനപ്പുറമുള്ളതാണു രാഷ്‌ട്രീയ വൈരങ്ങളുടേത്. രാഷ്‌ട്രീയ നേട്ടത്തിനും വിജയത്തിനും വേണ്ടി വര്‍ഗീയ കലാപങ്ങള്‍ വരെ സൃഷ്‌ടിച്ച പാരമ്പര്യവും ഇന്ത്യാ രാജ്യത്ത് രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങള്‍ക്കുണ്ട്.
ആഭ്യന്തര ശൈഥില്യം സൃഷ്‌ടിച്ച് ആയുധങ്ങള്‍ക്ക് വിപണിയൊരുക്കാന്‍ സാമ്രാജ്യത്വം നടത്തുന്ന ഇടപെടലുകളും നമ്മുടെ നാട്ടില്‍ അസ്വസ്‌ഥകള്‍ക്കു കാരണമാവുന്നുണ്ട്. പുകയുന്ന ആഭ്യന്തരരംഗ സൃഷ്‌ടിപ്പിനു വിലയ്‌ക്കെടുക്കുന്ന തീവ്രവാദികളെ രംഗത്തെത്തിക്കുന്നതില്‍ ഐ.ബിയുടെ പങ്കും ചേര്‍ന്നുനില്‍ക്കുന്നുണ്ട്. ഇങ്ങനെയുള്ള നിരവധി വസ്‌തുതകളെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തിവേണം തീവ്രവാദത്തെ വേട്ടയാടാന്‍. അതോടൊപ്പം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും പ്രതിസന്ധിയുമായ ഫാഷിസത്തെകുറിച്ച് അര്‍ഥഗര്‍ഭമായ മൗനം പാലിച്ചുകൊണ്ടാണു നിഴലിന്റെ പിന്നാലെ പലരും സഞ്ചരിക്കുന്നത്.
സ്വന്തം മുഖം വികൃതമാവുമ്പോഴും ജനങ്ങള്‍ക്കുമുമ്പില്‍ ന്യായങ്ങള്‍ നിരത്താന്‍ ഇല്ലാതെ വരുമ്പോഴുമാണു മറ്റുള്ളവരുടെ മേല്‍ ചാടിക്കയറി നുഴഞ്ഞുകയറ്റവും സ്വാധീനമുറപ്പിക്കലുമൊക്കെ ആരോപിക്കുന്നത്. ആശയദാരിദ്ര്യവും സമൂഹത്തോടു സംവദിക്കാനുള്ള കെല്‍പുമില്ലാത്തവര്‍ മറ്റുള്ളവരില്‍ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുക സ്വാഭാവികം മാത്രം.
തങ്ങളുടെ പാര്‍ട്ടിയിലേക്ക് മറ്റുള്ളവര്‍ നുഴഞ്ഞുകയറുന്നുവെന്ന് വേവലാതിപ്പെടുന്ന ലീഗും സി.പി.എമ്മും കോണ്‍ഗ്രസുമെല്ലാം സ്വയം കുറ്റസമ്മതം നടത്തുകയാണ്. തങ്ങളുടെ പരാജയത്തിന്റെ സ്വയം പ്രഖ്യാപനമാണത്. അമേരിക്കന്‍ കോണ്‍സുലേറ്റുമായി നല്ല സൗഹൃദമുള്ളവരും ഐ.ബിയുടെ ഉറ്റബന്ധുക്കളുമായ ചില രാഷ്‌ട്രീയ നേതാക്കന്മാര്‍ തന്നെ നിരന്തരം ബ്രാന്‍ഡ് അംബാസഡര്‍മാരായി പ്രവര്‍ത്തിക്കുന്നതും തീവ്രവാദവിരുദ്ധ പ്രചാരണത്തിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നുണ്ട്. മുസ്ലിം ലീഗിലേക്കുള്ള നുഴഞ്ഞുകയറ്റമാണ് ഏറ്റവും മികച്ചുനില്‍ക്കുന്ന ചര്‍ച്ച.
സര്‍വാംഗീകൃത തീവ്രവാദപ്രസ്‌ഥാനങ്ങള്‍ ഒന്നും നാട്ടില്‍ രംഗത്തെത്താത്ത കാലത്താണു മലപ്പുറം വെടിവയ്‌പ് നടന്നത്. ലീഗണികളുടെ മേല്‍ നേതൃത്വത്തിന് ഒരു കാലത്തും ഒരുവക നിയന്ത്രണവുമില്ലാത്ത അനുഭവങ്ങള്‍ കണ്ണൂരും ചെറുവത്തൂരും കാസര്‍ഗോഡും കോഴിക്കോട് എയര്‍പോര്‍ട്ടിലും നേതാക്കളെ സ്വീകരിച്ചു അണികള്‍ കാണിച്ചുകൊടുത്തതാണ്. സ്വന്തം കഴിവുകുറവുകളെ മറച്ചു മറ്റുള്ളവരുടെ മേല്‍ കുറ്റമാരോപിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുകയാണു ലീഗ്.
സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളിലെ സര്‍വാധിപത്യവും പാര്‍ട്ടി കോടതി നടപ്പാക്കലും തുടര്‍ന്നുകൊണ്ടാണു മിശിഹാ പരിവേഷം അണിയുന്നത്. രണ്ടു പതിറ്റാണ്ടിലധികമായി നിലവില്‍ തീവ്രവാദം ആരോപിക്കുന്ന മുസ്ലിം വിഭാഗത്തിലെ സംഘങ്ങള്‍ക്കെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിട്ട്. പ്രാദേശിക രാഷ്‌ട്രീയ സംഘര്‍ഷങ്ങളില്‍ ഇത്തരം വിഭാഗങ്ങള്‍ ചിലപ്പോഴെങ്കിലും കക്ഷിയായി വരാറുണ്ട്. അതേസമയം ദേശവിരുദ്ധവും രാജ്യദ്രോഹപരവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നതിന് ആരോപണങ്ങള്‍ക്കപ്പുറം തെളിവുകള്‍ ഇത്തരം വിഭാഗത്തിനു നേരേ നിരത്തുന്നതിനു വിമര്‍ശകര്‍ പരാജയപ്പെടുന്നു.
താല്‍ക്കാലിക രാഷ്‌ട്രീയനേട്ടങ്ങള്‍ക്കുവേണ്ടി ഒരു നാടിന്റെ നല്ല അന്തരീക്ഷത്തെ തകര്‍ക്കുന്ന വിധത്തിലേക്കു ചര്‍ച്ചകള്‍ നീങ്ങുന്നതു ഭയപ്പാടോടെയാണു നാം കാണേണ്ടത്. ശൈഥില്യത്തിനു കളമൊരുക്കുന്ന യഥാര്‍ഥ ശക്‌തികള്‍ക്ക് അവരുടെ ദൗത്യം നിര്‍വഹിക്കാന്‍ അറിയാതെ അവസരമൊരുക്കുകയാണ് അനാവശ്യ വിവാദങ്ങള്‍ സൃഷ്‌ടിക്കുന്നവര്‍ ചെയ്യുന്നത്. ഗൂഢലക്ഷ്യങ്ങളുള്ളവര്‍ നമുക്കിടയില്‍ സ്‌പര്‍ധ വളര്‍ത്താന്‍ വിലയ്‌ക്കെടുത്തു പലരേയും രംഗത്തിറക്കി കളിക്കുന്നുണ്ടാവാം. ബാഹ്യവും ആഭ്യന്തരവുമായ ഘടകങ്ങള്‍ ഇതിനുപിന്നിലുണ്ട്. അതു മനസ്സിലാക്കപ്പെടാതെ പോവരുത്.
ഊഹാപോഹപ്രചാരണങ്ങളിലൂടെ തകരുന്നതു നല്ല സൗഹൃദബന്ധങ്ങളാണ്. ഭരണപ്രതിസന്ധിയും ആശയദാരിദ്ര്യവും അനുഭവപ്പെടുമ്പോള്‍ നാട്ടില്‍ ശൈഥില്യം വളര്‍ത്താന്‍ ശ്രമിക്കുന്ന രാഷ്‌ട്രീയ നേതൃത്വങ്ങളാണു നമ്മുടെ ശാപം.
നാസറുദീന്‍ എളമരം
1 അഭിപ്രായം:
നിരന്തരമുള്ള തീവ്രവാദ വാര്‍ത്തകളും, കള്ള കഥകളും വെത്യസ്ത മതസമൂഹങ്ങള്‍ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ വലിയ വിള്ളലുകളാണ് സൃഷ്ടിച്ചിട്ടുള്ളത്. മുന്പെത്തെപോലെ സമുദായങ്ങള്‍ തമ്മില്‍ വിശ്വാസവും സവ്ഹ്ര്ധങ്ങളും ഇല്ല . കുട്ടികള്‍ പഠിക്കുന്നത് ഓരോ സമുധയക്കാര്‍ നടത്തുന്ന സ്കൂളില്‍, സമൂഹം മൊത്തം വായിക്കുന്നതും , കേള്‍ക്കുന്നതും, കാണുന്നതുമായ വാര്‍ത്തകള്‍ ഭയം ജനിപ്പിക്കുന്നതോ, വെറുപ്പ് സൃഷ്ട്ടിക്കുന്നതോ ആയി മാറിയിരിക്കുന്നു. ബ്ലോഗില്‍ എഴുതിയിരിക്കുന്ന പോലെ കാര്യങ്ങളെ ശരിയായി കാണുന്നവരും, ശരിയായ വാര്‍ത്തകളും പോതുസമുഹത്തില്‍ എത്തുന്നില്ല. സമുഹത്തില്‍ വളരെ കുറച്ചുപേര്‍ മാത്രമേ സത്യം മനസ്സിലകുനോല്ലു അല്ലെങ്കില്‍ സത്യം അറിയുന്നോല്ലു. നമുക്ക് parrellel ആയ ഒരു വാര്‍ത്ത സംവിധാനം, അല്ലെങ്ങില്‍ മുഖ്യധാര മാധ്യമങ്ങളില്‍ സത്യം പറയിപ്പിക്കാന്‍ ഇടപെടെണ്ടാതുണ്ട്. അല്ലെങ്ങില്‍ വരും തലമുറയില്‍ നീധിക്ക് വേണ്ടി , സത്യതിന്‍ വേണ്ടി ശബ്ദിക്കാന്‍ ഒരാള്‍ പോലും ഉണ്ടാകില്ല.നല്ല ഒരു സാമുഹ സൃഷ്ട്ടിപ്പിന്‍ വേണ്ടി എഴുതുന്ന, പണിയെടുക്കുന്ന ബ്ലോഗര്‍ക്ക് എല്ലാവിധ ആശംസകളും. ഈ ബ്ലോഗ് പരമാവധി പ്രചരിപ്പിക്കുക.;
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ