2012, ജൂൺ 2, ശനിയാഴ്‌ച

ഫസല്‍ വധം: സി.പി.എം തലതല്ലിച്ചാവുന്നു



പ്രതിരോധത്തിന്റെ ചൂടാറാത്ത രക്തംകൊണ്ട് ശഹീദ് ഫസല്‍ തലശ്ശേരിയുടെ മണ്ണില്‍ നീതിക്കുവേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണ്. ചോരക്കൊതിപൂണ്ട തലച്ചോറുകളുമായി മാസങ്ങളോളം ഗൂഢാലോചന നടത്തിയവര്‍ക്കു തെറ്റുപറ്റി. മരണത്തിന്റെ മറയ്ക്കപ്പുറത്തുനിന്നു ഫസല്‍ നീതിയുടെ പോരാട്ടങ്ങള്‍ക്ക് ആവേശമാവുകയാണ്. എതിര്‍ശബ്ദങ്ങള്‍ക്കു കൊലവിളി മുഴക്കുന്നതു മാത്രം രാഷ്ട്രീയപ്രവര്‍ത്തനമായി കൊണ്ടുനടക്കുന്നവര്‍ വെപ്രാളത്തിന്റെ ഇരുളടഞ്ഞ തുരങ്കത്തിലും. 
തലശ്ശേരി സെയ്ദാര്‍ പള്ളിക്കു സമീപം 2006 ഒക്ടോബര്‍ 22നു പുലര്‍ച്ചെയാണ് ഫസല്‍ കൊല്ലപ്പെട്ടത്. തന്റെ പ്രദേശത്തെ കുട്ടികളെ ഇസ്ലാമുമായി ബന്ധപ്പെടുത്തുന്ന വിഷയങ്ങളില്‍ അതീവതല്‍പ്പരനായിരുന്നു ഫസല്‍. വിദ്യാര്‍ഥികള്‍ക്കു സൌജന്യമായി ട്യൂഷന്‍ നല്‍കുകയും പഠനമേഖലകളില്‍ മുന്നേറാന്‍ ആവശ്യമായതൊക്കെ നല്‍കുകയും ചെയ്തു അദ്ദേഹം. തലശ്ശേരി മാടപ്പീടികയില്‍ ഒരു പോസ്റ്ററിനെ ചൊല്ലി ആര്‍.എസ്.എസുകാരുമായി പ്രശ്നമുണ്ടാവുകയും ഫസലിന്റെ ബന്ധുക്കളുമായി അവര്‍ വാക്കു തര്‍ക്കമുണ്ടാക്കുകയും ചെയ്തു ദിവസങ്ങള്‍ കഴിയുന്നതിനു മുമ്പായിരുന്നു സംഭവം. സ്വാഭാവികമായും ആര്‍.എസ്.എസിലേക്ക് ആളുകളുടെ ശ്രദ്ധ തിരിഞ്ഞു. 
ആദ്യഘട്ടത്തില്‍ കേസന്വേഷണത്തിനു തുടക്കം കുറിച്ച തലശ്ശേരി സി ഐ പി. സുകുമാരന്റെയും പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറിയ ശേഷം ചാര്‍ജെടുത്ത സി.സി.ആര്‍.ബി. ഡിവൈ.എസ്.പി രാധാകൃഷ്ണന്റെയും അന്വേഷണം മറ്റൊരു ദിശയിലേക്കാണു നീങ്ങിയത്. ഫസലിന്റെ കുടുംബാംഗങ്ങളെയും സാമാന്യജനത്തെയും ഞെട്ടിച്ചുകൊണ്ടാണ് സി.പി.എമ്മിന്റെ നേര്‍ക്ക് അന്വേഷണത്തിന്റെ മുന നീണ്ടത്. ഗോപാലപേട്ട ബ്രാഞ്ച് സി.പി.എം. കമ്മിറ്റി അംഗവും സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള അച്യുതന്‍ സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഫസല്‍ പിന്നീട് എന്‍.ഡി.എഫില്‍ ചേര്‍ന്നുവെങ്കിലും അദ്ദേഹത്തെ ഇല്ലാതാക്കാന്‍ സി.പി.എം. തുനിയുമെന്നു സാധാരണക്കാരനു വിശ്വസിക്കാനായില്ല. എന്നാല്‍, സംഭവത്തിന്റെ ഗതിവിഗതികള്‍ നിരീക്ഷിച്ച ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും വിധം കൃത്യമായിരുന്നു കൊലയും കൊലയ്ക്കു ശേഷമുള്ള നാടകവും. 
ഫസല്‍ വധിക്കപ്പെട്ട അന്നേ ദിവസം സ്ഥലം എം.എല്‍.എ. കൂടിയായ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തലശ്ശേരിയിലെത്തി വര്‍ഗീയസംഘര്‍ഷം തടയാന്‍ ജനം മുന്‍കൈയെടുക്കണമെന്നും കൊലയ്ക്കു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നും പ്രസ്താവിച്ചു. വര്‍ഗീയകലാപത്തിലേക്കു നയിക്കുന്ന വിധത്തിലാവട്ടെ ഇനി ചര്‍ച്ചകളെന്നു പറയാതെ പറയുകയായിരുന്നു അദ്ദേഹം. 
'സാമുദായികകലാപമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് കൊലയ്ക്കു പിന്നിലെന്ന്' കോടിയേരിയെ അനുകരിച്ചുകൊണ്ട് തലശ്ശേരി ഏരിയാ കമ്മിറ്റിയുടെ പ്രസ്താവനയും വന്നു. ഏരിയാ സെക്രട്ടറി കാരായി രാജന്‍, ആര്‍.എസ്.എസാണ് കൊലയ്ക്കു പിന്നിലെന്ന് ഉറപ്പിച്ചു പറഞ്ഞു.
ഇപ്പോള്‍ നേരുകള്‍ മുഴുവന്‍ സി.പി.എമ്മിനെതിരേ തിരിയുകയും തെളിവുകളുടെ പിന്‍ബലത്തോടെ സി.പി.എമ്മുകാരായ നേതാക്കളും പ്രവര്‍ത്തകരും അറസ്റിനെ ഭയപ്പെടുകയും പ്രതിരോധിക്കാനെന്നവണ്ണം സി.പി.എം. നേതൃത്വം സമ്മര്‍ദ്ദതന്ത്രങ്ങള്‍ പയറ്റിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോഴാണ് അന്നത്തെ പ്രസ്താവനകളുടെയും ബദ്ധപ്പാടുകളുടെയും മറവില്‍ ഒളിച്ചിരുന്ന ക്രൂരതകള്‍ വെളിപ്പെടുന്നത്. 
ഭരണത്തിന്റെ തണലില്‍ അന്വേഷണം അട്ടിമറിക്കാന്‍ വളരെ ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നു. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥന്മാരില്‍ തങ്ങള്‍ക്ക് അനിഷ്ടകരമാവുന്ന രീതിയില്‍ നീങ്ങുന്നവരെ ഒതുക്കാന്‍ ചുമതല മാറ്റും. മറ്റു ചിലപ്പോള്‍ പുതിയ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ശക്തമായി അന്വേഷണം നടക്കുന്നുവെന്നു കോടതിയെ ബോധ്യപ്പെടുത്തും. കേസന്വേഷണം ഇങ്ങനെ സര്‍ക്കാര്‍-പാര്‍ട്ടി ഇടപെടല്‍ കാരണം ഞരങ്ങിനീങ്ങുന്നതു സഹിക്കവയ്യാതായാണ് സി.ബി.ഐ. ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഫസലിന്റെ ഭാര്യ മറിയു ഹൈക്കോടതിയെ സമീപിക്കുന്നത്. 
സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കുന്നതിന്റെ ഏതാനും ദിവസം മുമ്പ് അന്വേഷണസംഘം മൂന്നു സി.പി.എം. പ്രവര്‍ത്തകരെ അറസ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊടി സുനിയായിരുന്നു ഒന്നാം പ്രതി. അറസ്റ് ചെയ്യുമ്പോള്‍ മറ്റൊരു കേസിലകപ്പെട്ട് സെന്‍ട്രല്‍ ജയിലിലായിരുന്നു അയാള്‍. രണ്ടും മൂന്നും പ്രതികളെ പോലിസ് ഗസ്റ്റ്ഹൌസിലേക്കു വിളിപ്പിച്ചാണ് അറസ്റ് ചെയ്തത്. ആ സമയം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും അവിടെയുണ്ടായിരുന്നുവെന്നു റിപോര്‍ട്ടുകള്‍. 
ഈ മൂന്നുപേരില്‍ കേസന്വേഷണം ഉടക്കിനിന്നപ്പോഴാണ് നീതിക്കുവേണ്ടിയുള്ള നിലവിളിക്കു മുന്നില്‍ ഹൈക്കോടതി കണ്‍തുറന്നത്. ഫസലിന്റെ ഭാര്യ മറിയു സമര്‍പ്പിച്ച ഹരജിയുടെ വാദത്തിനിടെ പോലിസ് സമര്‍പ്പിച്ച കേസ്ഡയറി ജസ്റിസ് രാംകുമാറിനെ മാത്രമല്ല, കേരളത്തിലെ പൊതുബോധമുള്ള മുഴുവന്‍ ജനത്തെയും പല്ലിളിച്ചു കാണിക്കുന്നതായിരുന്നു. 
2008 മാര്‍ച്ച് 11ന് സി.ബി.ഐ. അന്വേഷണത്തിനുള്ള ഉത്തരവിനോടൊപ്പം കണ്ണൂരിലെ അവസ്ഥകളെക്കുറിച്ച് ഹൈക്കോടതി കുറേ ആശങ്കകളും നിര്‍ദേശങ്ങളും പങ്കുവച്ചിരുന്നു. കണ്ണൂരിന്റെ അരക്ഷിതവും അക്രമാസക്തവുമായ രാഷ്ട്രീയസംസ്കാരത്തിനു സര്‍ക്കാര്‍ തന്നെ ആക്കം കൂട്ടുന്നോയെന്നായിരുന്നു ഹൈക്കോടതിയുടെ ആശങ്ക. പക്ഷേ, ഇടതുപക്ഷ സര്‍ക്കാര്‍ ഈ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഡിവിഷന്‍ ബെഞ്ചില്‍ ഹരജി നല്‍കുകയാണുണ്ടായത്. എന്നാല്‍, ഡിവിഷന്‍ ബഞ്ചും സി.ബി.ഐ. അന്വേഷണത്തിനനുകൂലമായി നിലകൊണ്ടു. 
എന്‍. നാഗേശ്വരറാവു എന്ന സീനിയര്‍ അഭിഭാഷകനോടൊപ്പം ജി. പ്രകാശ്, ബി. ആനന്ദ് എന്നിവരും ചേര്‍ന്ന് ഇടതുപക്ഷ ഗവണ്‍മെന്റ് നല്‍കിയ അപ്പീല്‍ വാദിക്കാന്‍ സുപ്രിം കോടതിയിലെത്തുന്ന കാഴ്ചയാണു പിന്നീടു സാംസ്കാരികകേരളം കണ്ടത്. ഫസല്‍ വധക്കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി നടപടി എത്രമാത്രമാണ് കമ്മ്യൂണിസ്റ് മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ ഉറക്കം കെടുത്തിയതെന്നു കണ്ട കേരളത്തിന്റെ സാംസ്കാരിക ബുദ്ധിജീവികള്‍ക്ക് എന്നിട്ടും പ്രതികരിക്കാനായില്ലെന്നത് നഗ്നയാഥാര്‍ഥ്യം. കേസ് ഡയറിയും പോലിസ് റിപോര്‍ട്ടും ഹൈക്കോടതിവിധിയും പരിശോധിച്ച ആര്‍. എം. ലോധയും അഫ്താബ് ആലവുമുള്‍പ്പെടുന്ന സുപ്രിം കോടതി ബെഞ്ച് സത്യത്തിന്റെ കൂടെനിന്നു. സംസ്ഥാനസര്‍ക്കാറിന്റെ താല്‍പ്പര്യങ്ങള്‍ പോലിസ് സംരക്ഷിക്കുന്നതുകൊണ്ടാണോ സി.ബി.ഐ. അന്വേഷണത്തിനെതിരേ അപ്പീല്‍ നല്‍കിയതെന്നായിരുന്നു സുപ്രിം കോടതിയുടെ നിരീക്ഷണം. 
ഹൈക്കോടതി സി.ബി.ഐക്ക് കേസ് കൈമാറാനുള്ള കാരണങ്ങള്‍ ഒരോന്നോരോന്നായി വ്യക്തമാവുകയാണ്. കേസിന്റെ തുടക്കം മുതലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ ന്യായബോധമുള്ള ആര്‍ക്കും ബോധ്യപ്പെടാവുന്നതായിരുന്നു. കേസന്വേഷണത്തില്‍ സി.ബി.ഐ. പിന്നെയും വഴികള്‍ പിന്നിട്ടു. സി.പി.എമ്മിന്റെ പ്രവര്‍ത്തകരും ഗുണ്ടകളുമായ കലേശ്, അരുണ്‍കുമാര്‍, അരുണ്‍ദാസ് എന്നിവരെ സി.ബി.ഐ. അറസ്റ് ചെയ്തു. സി.പി.എം. തലശ്ശേരി ഏരിയാ സെക്രട്ടറി കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ സി.ബി.ഐ. അയച്ച നോട്ടിസ് കൈപ്പറ്റാതെയും മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. അതിനിടെയാണ് സി.ബി.ഐക്ക് ഇവരെ അറസ്റ് ചെയ്യാമെന്ന് കോടതി ഉത്തരവിട്ടത്. സി.പി.എം. മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിയും സി.ബി.ഐയുടെ സംശയപ്പട്ടികയിലുണ്ട്. 
സി.ബി.ഐ. അന്വേഷണം ശക്തിപ്പെടുകയും ജില്ലാ നേതാക്കള്‍ വരെ അറസ്റ് ചെയ്യപ്പെടുമെന്ന അവസ്ഥ സംജാതമാവുകയും ചെയ്യുമ്പോള്‍ മറുപ്രചാരണങ്ങള്‍കൊണ്ട് നാണം മറയ്ക്കാന്‍ പാടുപെടുകയാണ് സി.പി.എം. ഫസലിന്റെ പേരില്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിക്കാനും ഹവാലബന്ധം ആരോപിക്കാനുമാണ് സി.പി.എം. ശ്രമിച്ചത്. 
ചരിത്രത്തിലാദ്യമായി ഒരു അന്വേഷണത്തിന്റെ പേരില്‍ സി.ബി.ഐയുടെ ആസ്ഥാനത്തേക്ക് ഒരു രാഷ്ട്രീയപ്പാര്‍ട്ടി മാര്‍ച്ച് നടത്തുന്നത് കേരളജനത കണ്ടു. ഉടുക്കാതെ നടുറോഡിലിറങ്ങിപ്പോയതിന്റെ വെപ്രാളം പോലെ ദയനീയമായിരുന്നു അത്. 
കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് പാടേ ഒഴിഞ്ഞുമാറുന്ന നിലപാടു സ്വീകരിച്ച പാര്‍ട്ടി സി.ബി.ഐ. അന്വേഷണത്തിനെതിരേ പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് സ്ഥിരം കുറ്റവാളികളെ പോലിസിനു നല്‍കി കേസൊതുക്കാന്‍ ശ്രമിച്ചത്. അവിടെനിന്നും കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നു കണ്ടപ്പോള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സുപ്രിം കോടതിയില്‍ വരെ മുട്ടുകുത്തിനിന്നു. പക്ഷേ, അവിടം കൊണ്ടും കേസിനു തങ്ങളുദ്ദേശിക്കുന്ന പര്യവസാനമുണ്ടാവില്ലെന്ന തിരിച്ചറിവിലാണ് സി.ബി.ഐയെ സമ്മര്‍ദ്ദത്തിലാക്കുന്ന തന്ത്രങ്ങളുമായി ഇപ്പോഴുള്ള സി.പി.എം. പടയൊരുക്കം, പ്രതികളുടെ ഫോണ്‍ വിശദാംശങ്ങള്‍ ഉള്‍പ്പെട്ട ഫയലുകള്‍ ക്രൈംബ്രാഞ്ചിന്റെ പക്കല്‍നിന്നു നഷ്ടപ്പെട്ടുവെന്ന് സി.ബി.ഐ. കണ്െടത്തിയതു നീതികേടിന്റെയും പോലിസ്-രാഷ്ട്രീയ കൂട്ടുകെട്ടിന്റെയും ഏറ്റവുമൊടുവിലത്തെ നെറികെട്ട ഉദാഹരണമായി നില്‍ക്കുമ്പോഴും ഫസല്‍ വധക്കേസില്‍ സി.പി.എം. നേതൃത്വത്തിന്റെ അടിവസ്ത്രം നിന്നനില്‍പ്പില്‍ നനഞ്ഞു കുതിരുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"