2012, മേയ് 22, ചൊവ്വാഴ്ച

അരുംകൊലകളുടെ രാഷ്ട്രീയം


വിപ്ളവം അതിന്റെ കുഞ്ഞുങ്ങളെ തന്നെ കൊന്നുതിന്നുമെന്നു പറയുന്നതു വെറുതെയല്ല. കമ്മ്യൂണിസത്തിന്റെ ഇതഃപര്യന്തമുള്ള ചരിത്രം  ഈ കൊന്നുതിന്നലിന്റേതു കൂടിയാണ്. അങ്ങനെയേ സംഭവിക്കൂ. കാരണം മനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങിയ ധര്‍മനിഷ്ഠമായ ഒരു മൂല്യബോധത്തില്‍നിന്നല്ല കമ്മ്യൂണിസം അതിന്റെ മാനവികതയെയും മനുഷ്യബന്ധങ്ങളെയും നിര്‍വചിച്ചത്. അതുകൊണ്ടുതന്നെ ഒരു സമരസന്ദര്‍ഭത്തിന്റെ തീഷ്ണതയില്‍ പരസ്പരം ഒരുമിച്ചു നിര്‍ത്തുന്ന ഒരുതരം വൈകാരികത എന്നതിനപ്പുറം അതിനു വേരുകളില്ല. ആ ബന്ധമാവട്ടെ, അതതു കാലഘട്ടങ്ങളുടെയും പരിസരങ്ങളുടെയും പരിണാമഗതിക്കൊത്ത് എങ്ങനെയും വ്യാഖ്യാനിക്കാവുന്നവിധം അവ്യക്തവുമാണ്. നേതൃത്വത്തിന്റെ ചിന്തകള്‍ക്കും ധാരണകള്‍ക്കുമപ്പുറം, അതെത്രമാത്രം പ്രതിലോമപരവും സ്വാര്‍ഥഭരിതവും ജനവിരുദ്ധവുമായാലും ഒരു മറുചിന്തയ്ക്കു സ്വന്തം തലച്ചോര്‍ ഉപയോഗിച്ചാല്‍ മാത്രം മതി കമ്മ്യൂണിസ്റ്റ് മാനവികതയുടെ വിശകലനപരിധിയില്‍നിന്ന് ഒരാള്‍ പുറത്താവാന്‍. അതോടെ അവന്‍ വര്‍ഗശത്രുവോ കുലംകുത്തിയോ ആയി മാറും. അവനു ജീവിക്കാനുള്ള അവകാശവും നഷ്ടമാവും.
കേരളത്തിലെ സി.പി.എം. എന്ന കമ്മ്യൂണിസ്റ് പ്രസ്ഥാനം പ്രയോഗിച്ചുവരുന്ന ഈ നിയമശാസനത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നൂറുകണക്കിനു മനുഷ്യരാണ് അതിന്റെ ഇരകളായി മാറിയത്. തങ്ങളല്ലാത്തവര്‍ക്കൊന്നും ജീവിക്കാനോ നിലനില്‍ക്കാനോ അവകാശമില്ലെന്ന വന്യമായ ഒരു ബോധം ഗോപ്യമായി മനസ്സില്‍ സൂക്ഷിക്കുന്ന സി.പി.എം. മേല്‍വിവരിച്ച പ്രത്യയശാസ്ത്ര അപചയത്തെ ഏറ്റവും നന്നായി പ്രതിനിധീകരിക്കുന്നു എന്നു പറയാം. സംസ്കൃത ചിത്തരായ ഒരു ജനാധിപത്യസമൂഹത്തിന് ഇണങ്ങുന്ന ശരീരഭാഷയോ സംസാരശൈലിയോ സി.പി.എം. നേതാക്കള്‍ക്കില്ലാതെ പോയത് അതുകൊണ്ടാണ്. നട്ടുച്ചവെയിലിലിരുന്നു പോലും അവര്‍ സൂര്യനെ നിഷേധിച്ചുകളയും. അതൊരു ധീരകൃത്യമാണെന്ന് സ്വയം കരുതുകയും ചെയ്യും. സ്വന്തം അപഹാസ്യതയെ അരക്കിട്ടുറപ്പിക്കുകയാണു തങ്ങളെന്നു ചിന്തിച്ചറിയാനുള്ള വിനയമോ പരിസരബോധമോ അവര്‍ക്കുണ്ടാവാറില്ല. ഒരു ഹിംസ്രജന്തുവിനെപ്പോലെ ശക്തിയുടെ പ്രഹരശേഷിയില്‍ അവര്‍ മതിമറന്നു പോയിരിക്കുന്നു. ഈ മതിഭ്രമത്തിന്റെ രാഷ്ട്രീയം ചോരയൂമ്പിയെറിഞ്ഞെന്നു കരുതപ്പെടുന്ന ഒരു ശവശരീരം കൂടി കഴിഞ്ഞയാഴ്ച കേരളത്തിലെ ജനങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു. വള്ളിക്കാട്ടെ തെരുവോരത്തുനിന്ന്. സംസ്ഥാനത്തെ മനുഷ്യത്വമുള്ളവരെല്ലാം ആ നടുക്കത്തിലാണ്.
സഖാവ് ടി.പി. ചന്ദ്രശേഖരന്‍ എന്ന പ്രദേശത്തെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകന്‍ ചെയ്ത തെറ്റെന്തെന്നറിയാന്‍ വിപ്ളവത്തിന്റെ ഏതു നീതിപുസ്തകമാണു നാം തിരയേണ്ടത്? പയ്യോളിയിലെയും പട്ടുവത്തെയും നിലവിളികള്‍ അടങ്ങുംമുമ്പെ മറ്റൊരു മനുഷ്യനെ കൂടി വെട്ടിനുറുക്കാന്‍ കൈയറുപ്പില്ലാതെ പോയ പൈശാചികത രാഷ്ട്രീയത്തിന്റെ മേല്‍വിലാസമണിഞ്ഞു നമുക്കിടയില്‍ കഴിയുന്നു എന്നതിനേക്കാള്‍ ഞെട്ടലുളവാക്കുന്നതായി മറ്റെന്തുണ്ട്? വാടകക്കൊലയാളികള്‍ കാവല്‍ നില്‍ക്കുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തേക്കാള്‍ മനുഷ്യവിരുദ്ധവും രാഷ്ട്രവിരുദ്ധവുമായി മറ്റെന്തുണ്ട്?

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"