2012, മാർച്ച് 10, ശനിയാഴ്‌ച

സദാചാരം ചൊറിയുന്നു!


കൊയിലാണ്ടി പന്തലായിനിയിലെ ഓട്ടോ ഡ്രൈവര്‍ ബാബുവിന്റെ ആത്മഹത്യക്കും അങ്ങനെ വാര്‍ത്താപ്രാധാന്യം കൈവന്നു. സംഘം ചേര്‍ന്നുള്ള ചിലരുടെ ആക്രമണത്തില്‍ മനംനൊന്താണു ബാബു ആത്മഹത്യ ചെയ്‌തത്‌ എന്നതിനാലാണു സംഭവം വാര്‍ത്തയായത്‌. 
സംഘംചേര്‍ന്ന്‌ ഏതാനുംപേര്‍ ആക്രമിച്ചതിനേത്തുടര്‍ന്നുണ്ടായ പരുക്കില്‍ കൊടിയത്തൂരിലെ ശഹീദ്‌ ബാവ മരിച്ചത്‌ ബാബുവിന്റെ മരണത്തേക്കാള്‍ വലിയ പ്രാധാന്യവും ചര്‍ച്ചയും കൈവന്നതാണ്‌. ബാബുവിനേക്കാള്‍ ശഹീദ്‌ ബാവയ്‌ക്കു പ്രധാന്യം കൂടാന്‍ കാരണം കൊടിയത്തൂരിന്റെ താലിബാന്‍ ടച്ചാണ്‌. 
രണ്ടുപേരുടെയും മരണങ്ങള്‍ക്കു കാരണമായ ആക്രമണങ്ങള്‍ നടന്നതിനു പിന്നില്‍ സ്‌ത്രീബന്ധമുള്ളതായാണു വാര്‍ത്തകളില്‍ കാണുന്നത്‌. സ്വന്തം ഭാര്യയല്ലാത്ത സ്‌ത്രീയുടെ അടുത്ത്‌ അന്യപുരുഷനെ കാണുമ്പോള്‍ നാട്ടുകാരില്‍നിന്നും ബന്ധുക്കളില്‍നിന്നും ഉണ്ടാവുന്ന സ്വാഭാവിക പ്രതികരണങ്ങളെയാണ്‌ ആധുനിക ഭാഷാശൈലിയില്‍ മാധ്യമങ്ങള്‍ സദാചാര പോലീസെന്നു വിളിക്കുന്നത്‌. വരാനിരിക്കുന്ന പത്താംക്ലാസ്‌ പരീക്ഷയില്‍ സാമൂഹികശാസ്‌ത്രത്തിന്റെയോ മലയാളത്തിന്റെയോ ചോദ്യക്കടലാസില്‍ സദാചാര പോലീസ്‌ എന്നാല്‍ എന്ത്‌ എന്ന ചോദ്യത്തിന്‌ ഉത്തരമെഴുതാന്‍ ഏതായാലും നമ്മുടെ കുട്ടികള്‍ അത്ര ബുദ്ധിമുട്ടേണ്ടിവരില്ല. ചാനല്‍ മല്‍സരത്തി നിടയില്‍ ഇത്തരം സ്‌തോഭജനകമായ വാര്‍ത്തകള്‍ ഇനിയും നമുക്കു പ്രതീക്ഷിക്കാന്‍ കഴിയും. 
      ദൃശ്യമാധ്യമങ്ങളുടെ കടുത്ത വാര്‍ത്താക്ഷാമങ്ങള്‍ക്ക്‌ ഇങ്ങനെയൊക്കെയേ പരിഹാരം കാണാന്‍ കഴിയൂ എന്ന്‌ വന്നിരിക്കുന്നത്‌ ഏറെ ഖേദകരമാണ്‌. ഒരാഴ്‌ചമുമ്പ്‌ മലയാളത്തിലെ മൂന്നു ചാനലുകളാണു ബാബുവിന്റെ ആത്മഹത്യയെ അധികരിച്ച്‌ പ്രൈം ടൈം ചര്‍ച്ച നടത്തിയത്‌. പരസ്‌പരം മത്സരിക്കുന്ന മൂന്നു ചാനലുകള്‍ അത്ര പ്രസക്‌തമല്ലാത്ത ഒരു വിഷയത്തില്‍ ഒരേ സ്വഭാവത്തില്‍ ചര്‍ച്ച തുറക്കുന്നത്‌ ആശ്‌ചര്യജനകമാണ്‌. ഒരു അസാധാരണസംഭവത്തില്‍ ആക്രമിക്കപ്പെട്ട വ്യക്‌തികളുടെ മരണമെന്ന നിലയില്‍ ശഹീദ്‌ ബാവയും ബാബുവുമെല്ലാം സാധാരണ വാര്‍ത്തയാവുന്നതു സ്വഭാവികം മാത്രം. 

എന്നാല്‍ അതിനപ്പുറം ഫ്‌ളോര്‍ചര്‍ച്ചയിലേക്ക്‌ ഇത്തരം വിഷയങ്ങള്‍ എത്തിക്കുമ്പോള്‍ അരാജകവാദ പ്രോല്‍സാഹനത്തിന്റെ അദൃശ്യ അജന്‍ഡ മാധ്യമങ്ങളിലേക്കു കടന്നുകയറുന്നുണ്ടോ എന്ന്‌ ഒരു സ്വയംവിലയിരുത്തല്‍ നന്നാവും. മാന്യതയും സംസ്‌കാരവും ആദര്‍ശവും പരസ്‌പര വിശ്വാസവുമൊക്കെ നിലനില്‍ക്കണമെന്ന്‌ ഏറെ ശാഠ്യങ്ങളുള്ള ഒരു പൊതുസമൂഹത്തെയാണു നാം പ്രതിനിധീകരിക്കുന്നത്‌. എന്നാല്‍ നമ്മുടെ ചാനലുകള്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ തെറ്റായ ചില സന്ദേശങ്ങള്‍ പൊതുസമൂഹത്തിനു പകര്‍ന്നുനല്‍കുന്നുണ്ട്‌. അടക്കവും ഒതുക്കവും അച്ചടക്കവും നഷ്‌ടപ്പെടുത്താന്‍ പര്യാപ്‌തമായതും മാന്യതയും സംസ്‌കാരവും നഷ്‌ടപ്പെടുത്തുന്നതുമായ വികലവീക്ഷണങ്ങള്‍വരെ ഇത്തരം ചര്‍ച്ചകളില്‍ പൊന്തിവരുന്നതു ഗുണകരമായിരിക്കുകയില്ല. ശഹീദ്‌ ബാവയും ബാബുവും കൊല്ലപ്പെട്ടതിനെ ന്യായീകരിക്കാവുന്നതല്ല. 
         നിയമം കൈയിലെടുക്കാന്‍ ജനങ്ങള്‍ മുതിരുമ്പോള്‍ എല്ലാ സന്തുലിതാവസ്‌ഥയും നഷ്‌ടപ്പെടും. എന്നാല്‍ നിലനില്‍ക്കുന്ന സാമൂഹിക ഘടനയെക്കുറിച്ചു യാഥാര്‍ഥ്യബോധത്തോടെയുള്ള വിലയിരുത്തല്‍ ഇല്ലാതെ പോവരുത്‌. നമ്മള്‍ പുലര്‍ത്തിപ്പോരുന്ന ചില സദാചാരധാര്‍മികബോധമുണ്ട്‌. അതു തകര്‍ക്കപ്പെടുമ്പോള്‍ സമൂഹത്തില്‍ നിന്നുയര്‍ന്നുവരുന്ന പ്രതികരണങ്ങളെ പക്വമായി വേണം കൈകാര്യം ചെയ്യാന്‍. സദാചാരത്തെക്കുറിച്ച്‌ ഒരുതരം അപക്വമായ ചൊറിച്ചിലാണു നമ്മുടെ മാധ്യമങ്ങളില്‍ പ്രകടമാവുന്നത്‌. നിയമവാഴ്‌ചയോടുള്ള ബഹുമാനത്താല്‍ ഉണ്ടായിവരുന്ന ആത്മരോഷത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതുണ്ട്‌. 
 സദാചാരബോധത്തിനു ചൂടുപിടിക്കുന്നതു നിയമം പൗരന്മാര്‍ കൈയിലെടുക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന വികാരവിക്ഷോഭത്താലാണെങ്കില്‍ ന്യായവും അംഗീകരിക്കേണ്ടതുമാണ്‌. ജീര്‍ണതയും നിയമലംഘനവും ജനകീയപ്രശ്‌നങ്ങളെയും സാമൂഹികപ്രശ്‌നങ്ങളെയുംപോലെ ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതു തന്നെയാണ്‌.      
സമൂഹത്തില്‍ സംഭവിച്ച ഒരു തെറ്റിനെ തുറന്നുകാണിക്കാനെന്ന പേരില്‍ പ്രത്യേകിച്ച്‌ ദൃശ്യമാധ്യമങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നതില്‍ പ്രചോദനമായി ഫലത്തില്‍ മാറിക്കൊണ്ടിരിക്കുന്നു. ഒട്ടും അഭികാമ്യമല്ലാത്ത വൈകൃതമനസുകളുടെ ചാപല്യമാണ്‌ ഒരു അക്രമത്തെ മൊബൈലില്‍ പകര്‍ത്തി വ്യാപകമായി പ്രചരിപ്പിക്കുക എന്നത്‌. ആ തെറ്റ്‌ ഏതാനും ആളുകള്‍ ചെയ്‌തതെങ്കില്‍ അവിടെ ഒതുക്കിനിര്‍ത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ദൃശ്യമാധ്യമങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ അത്തരം ക്ലിപ്പിംഗുകള്‍ ലോകരെ കാണിച്ചതിന്റെ പിന്നിലെ സദുദ്ദേശ്യത്തെ ഒരാള്‍ക്കും ന്യായീകരിക്കാന്‍ കഴിയുകയില്ല. നീതിനിര്‍വഹണ രംഗത്ത്‌ പൊതുവേ നിഷ്‌പക്ഷനായ ഉത്തരമേഖലാ ഡി.ഐ.ജി:എസ്‌.ശ്രീജിത്ത്‌ ഒരു ചാനല്‍ ചര്‍ച്ചക്കിടയില്‍ പ്രകടിപ്പിച്ച നിരീക്ഷണം ഇത്തരം വൈകൃതങ്ങളെ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലെ അപകടങ്ങളെക്കുറിച്ചായിരുന്നു. 
ഇന്ത്യയില്‍ നിലനില്‍ക്കുന്ന കുടുംബസാമൂഹിക ഘടനയേക്കുറിച്ച്‌ കൃത്യമായ ചില ധാരണകള്‍ നമുക്കുണ്ടാവേണ്ടതുണ്ട്‌. പവിത്രവും സംശുദ്ധവുമായ സങ്കല്‍പമാണത്‌. കുത്തഴിഞ്ഞ ജീവിതത്തിന്റെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ സമൂഹങ്ങള്‍പോലും ഇന്നു പവിത്രമായ മൂല്യങ്ങളിലേക്കു തിരിച്ചുനടന്നുകൊണ്ടിരിക്കുകയാണ്‌. കുത്തഴിഞ്ഞതും വഴിവിട്ടതുമായ ലൈംഗികതയെ അംഗീകരിക്കുന്ന ഒരു മനസല്ല നമ്മുടെ പൊതുസമൂഹത്തിനുള്ളത്‌. ഇത്തരം ഒന്നില്‍നിന്നുവേണം കൊടിയത്തൂരും കൊയിലാണ്ടിയുമൊക്കെ പരിശോധിക്കാന്‍. പൊതുസ്‌ഥലത്തു സ്‌ത്രീ അപമാനിക്കപ്പെടുമ്പോഴും ട്രെയിനില്‍ കൈയേറ്റത്തിനു വിധേയമാവേണ്ടിവരുമ്പോഴും നമുക്ക്‌ ആത്മരോഷമുയരുന്നതു മേല്‍സൂചിപ്പിച്ച സാമൂഹിക ബോധ്യത്തിന്റെ ഭാഗംതന്നെയാണ്‌. തിരുവനന്തപുരത്തെ സി.പി.എം. നേതാവ്‌ സുന്ദരേശനെയും മഞ്ചേരിയില്‍നിന്നു കോണ്‍ഗ്രസ്‌ നേതാവ്‌ രാജ്‌മോഹന്‍ ഉണ്ണിത്താനെയും ജനങ്ങള്‍ പിടികൂടുന്നതും നിയമപാലകര്‍ക്കു കൈമാറുന്നതും കണ്ണൂരില്‍ പി. ശശിക്കെതിരേ സി.പി.എം. നടപടിയെടുത്തതും ഈ സാമൂഹികബോധത്തില്‍ നിന്നുതന്നെയാണ്‌. അഥവാ ഈ സാമൂഹികബോധം കൈയൊഴിയണമെന്ന തെറ്റായ സന്ദേശം കൈമാറാന്‍ വേണ്ടിയാവരുത്‌ നമ്മള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന സദാചാര ചര്‍ച്ചകളുടെ പര്യവസാനം. 
മറിച്ച്‌, നിയമവാഴ്‌ച കൈയിലെടുക്കുന്നതിലുള്ള അരിശവും രോഷവുമൊക്കെ പ്രകടിപ്പിക്കുന്നതു നല്ലതുതന്നെ. നിയമവാഴ്‌ച ഉറപ്പാക്കാന്‍ അതിശക്‌തമായ ഒരു പോലീസ്‌ സംവിധാനംതന്നെ നമുക്കുണ്ട്‌. അതുകൊണ്ടാണു റെയില്‍വേയിലെ സ്‌ത്രീകള്‍ക്കു നേരേയുള്ള അതിക്രമം വര്‍ധിച്ചപ്പോള്‍ സുരക്ഷിതത്വത്തിനു മതിയായ പോലീസിനെ നല്‍കാന്‍ ഒരുക്കമാണെന്ന ഡി.ജി.പി. കത്ത്‌ എഴുതി റെയില്‍വേക്ക്‌ ഉറപ്പു നല്‍കിയത്‌. ശക്‌തമായ ഒരു പോലീസ്‌ സംവിധാനം ഉണ്ടായിട്ടും ജനപങ്കാളിത്തത്തോടെ ക്രമസമാധാനവും നിയമവാഴ്‌ചയും ഉറപ്പാക്കാനായി ജനകീയ പോലീസ്‌ സംവിധാനം തുടങ്ങിയ സംസ്‌ഥാനമാണു നമ്മുടേത്‌. ഇതിനുപുറമേയാണു സ്‌കൂള്‍തലംവരെ കുട്ടിപ്പോലീസിനെയും സംവിധാനിച്ചതും. 
ജനപങ്കാളിത്തം നിയമവാഴ്‌ച ഉറപ്പാക്കാന്‍ സര്‍ക്കാര്‍തല സംവിധാനമേര്‍പ്പെടുത്തിയ നാട്ടില്‍ അതിരുവിടാത്ത ജനകീയ ഇടപെടലുകളെ നിരുല്‍സാഹപ്പെടുത്തുന്നതു കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനേ കാരണമാവുകയുള്ളൂ. കള്ളവാറ്റ്‌ പിടിക്കാനും കള്ളനെ പിടിക്കാനും പല സ്‌ഥലങ്ങളിലും നാട്ടുകാര്‍ മുന്നിട്ടിറങ്ങാറുണ്ട്‌. ഇതിനെ റിവാര്‍ഡ്‌ നല്‍കി പ്രോല്‍സാഹിപ്പിക്കുന്ന ശീലം നമ്മുടെ നാട്ടില്‍ നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്‌. 
വിദേശത്തു കഴിയുന്ന ഭര്‍ത്താവിനെയും കുടുംബത്തെയും വഞ്ചിച്ചു മക്കളെപ്പോലും വഴിയാധാരമാക്കി സ്‌ത്രീ നടത്തുന്ന അപഥസഞ്ചാരത്തെ അതു വ്യക്‌തികളുടെ സ്വകാര്യതയായി കണക്കാക്കി അവരുടെ വഴിക്കുവിടണമെന്നു വാദിക്കുന്നതു സംസ്‌കാരസമ്പന്നമായ ഒരു സമൂഹത്തിനു യോജിച്ചതല്ല. ഇത്തരം വഴിവിട്ട പോക്കിലൂടെ തകരുന്ന പവിത്രമായ കുടുംബബന്ധത്തെക്കുറിച്ചോ അനാഥരാക്കപ്പെടുന്ന മക്കളെക്കുറിച്ചോ ഇങ്ങനെ വാദിക്കുന്ന ആരും ആശങ്ക പ്രകടിപ്പിച്ചു കാണാറില്ല. 
പാതിവ്രത്യം നഷ്‌ടപ്പെട്ട ഭാര്യയുമായി മാന്യതയുള്ള ഒരു ഭര്‍ത്താവും ബന്ധം നിലനിര്‍ത്തിക്കൊള്ളണമെന്നില്ല. അത്തരം ഘട്ടങ്ങളില്‍ താന്തോന്നികളായ സ്‌ത്രീകള്‍ക്കുവേണ്ടി ഭര്‍ത്താവിനെതിരേ സമരം നയിക്കാന്‍ കൊടിയുമേന്തി രംഗത്തുവന്ന യുവജനസംഘടന യഥാര്‍ഥത്തില്‍ എന്താണ്‌ സമൂഹത്തോടു വിളിച്ചുപറഞ്ഞത്‌. നാടൊട്ടുക്കും കുടുംബശൈഥില്യത്തിന്‌ ഇറങ്ങിത്തിരിക്കുന്ന ഞരമ്പുരോഗികളായവര്‍ക്കു മതിയായ സംരക്ഷണം നല്‍കാന്‍ ഞങ്ങള്‍ റെഡ്‌അലര്‍ട്ടുമായി രംഗത്തുണ്ടാവുമെന്നു തന്നെയല്ലേ? 

അമ്മയും സഹോദരിയും മകളും ഭാര്യയുമായ സ്‌ത്രീയേക്കുറിച്ച്‌ ഉയര്‍ന്നുവരുന്ന നിസാരമായ ഒരു അപഖ്യാതി പോലും ഒരു പുരുഷനു സഹിക്കാന്‍ കഴിയുന്നതിനപ്പുറത്താണ്‌. പുരോഗമനവാദത്തിന്റെ മുഖംമൂടിയുമായി രംഗത്തുവരുന്ന പലരും സ്വന്തം കുടുംബത്തില്‍ ഇത്തരം കുത്തഴിഞ്ഞുപോക്ക്‌ അനുവദിക്കുമോ എന്നതും വിശദീകരിക്കപ്പെടേണ്ടതുണ്ട്‌. ആരാന്റെ അമ്മയുടെ ഭ്രാന്ത്‌ കാണാന്‍ ഹരമാണ്‌. സ്വന്തത്തിലെത്തുമ്പോള്‍ എല്ലാവരുടെയും തനിനിറം ബോധ്യമാവും. 
അങ്ങനെയിരിക്കെ അരാജകത്വത്തെ മാന്യവല്‍കരിക്കുന്ന ഇത്തരം സംഭവങ്ങളില്‍ സംസ്‌കാരസമ്പന്നരായ മനുഷ്യര്‍ക്കു വ്യക്‌തമായ നിലപാടു സ്വീകരിക്കാന്‍ കഴിയേണ്ടതുണ്ട്‌. ആ നിലപാടില്‍ നിന്നുവേണം നമ്മുടെ സദാചാരബോധത്തേക്കുറിച്ചുള്ള ആത്മരോഷം ഉയര്‍ന്നുവരാന്‍. സദാചാരബോധമെന്നുള്ളതു കാപട്യം നിറഞ്ഞ ഒന്നാവരുത്‌. തിന്മയുടെ കുത്തൊഴുക്കില്‍ നന്മ നിറഞ്ഞ മനസില്‍ നിന്നുണ്ടാവുന്ന നേര്‍ത്ത വെറുപ്പിനേപോലും ഭീകരമായി അവതരിപ്പിച്ചുകൊണ്ടു തല്ലിക്കെടുത്താന്‍ ശ്രമിച്ചാല്‍ ഒരു നന്മയും നാട്ടില്‍ മുളച്ചുപൊങ്ങുകയില്ല. അതേസമയം, നിയമലംഘനങ്ങളും വൈകൃതങ്ങളും ഇല്ലാതെ നോക്കുകയും വേണം. 
------------------------------------------------------  നാസറുദീന്‍ എളമരം   ----------------------------------------------                                                                             





























2 അഭിപ്രായങ്ങൾ:

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ഈ സംഭവം ഇത്തിരി ഓവര്‍ അല്ലെ
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

അജ്ഞാതന്‍ പറഞ്ഞു...

ee pagil oru facebook like plugin koodi venam.., ellavarkkum blogspot account undakanamennilla. mathramalla ningal oru facebook page ee bloginteperil undakki ee pagil ittal alukal athil likkadikkum. pinne ningalude oro postum ee fb pagil iduka appol like adicha ellavarilekkum ningalude reach ethum...

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"