
ഫെബ്രുവരി 19നു അരിയിലിനു സമീപത്തു വച്ച് പത്രവിതരണക്കാരനായ സി.പി.എം. മുതലപ്പാറ ബ്രാഞ്ച് സെക്രട്ടറി രാജനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതോടെയാണു സംഘര്‍ഷങ്ങള്‍ തുടങ്ങിയത്. ഇതില്‍ പ്രതിഷേധിച്ച് സി.പി.എം. നടത്തിയ പ്രകടനത്തിനു കല്ലെറിയുകയും പ്രകടനക്കാര്‍ ലീഗിന്റെ കൊടിമരങ്ങളും ഫ്ളക്സുകളും മറ്റും നശിപ്പിക്കുയും ചെയ്തു. അക്രമത്തിനിരയായ പാര്‍ട്ടിപ്രവര്‍ത്തകരെയും വീടുകളും സന്ദര്‍ശിക്കാന്‍ പോവുകയായിരുന്ന സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജനും കല്യാശ്ശേരി എം.എല്‍.എ. ടി. വി. രാജേഷും ഉള്‍പ്പെടെയുള്ളവരുടെ വാഹനം പിറ്റേന്ന് അരിയിലില്‍ വച്ച് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതോടെയാണു സംഘര്‍ഷം ആളിക്കത്തിയത്. അകമ്പടിസേവിച്ച ദേശാഭിമാനി, കൈരളി ചാനല്‍ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയും ചെയ്തു. ജില്ലാ സെക്രട്ടറിയും എം.എല്‍.എയും ആക്രമിക്കപ്പെട്ടുവെന്നു ചാനലുകളില്‍ ഫ്ളാഷ് ന്യൂസ് വന്നതോടെ ജില്ലയിലാകെ ആശങ്ക പടര്‍ന്നു. ഇതിനിടെയാണു അരിയില്‍ സ്വദേശികളായ അയ്യൂബ്, സക്കരിയ, അബ്ദുസ്സലാം, ഹാരിസ്, അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ തോണിമാര്‍ഗം കണ്ണപുരത്തേക്കു പുറപ്പെട്ടത്. പോലിസ് ഓടിച്ചപ്പോള്‍ വീണു കൈക്കു പരിക്കേറ്റ അയ്യൂബിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു ലക്ഷ്യം. ഈ സമയം സമീപത്തെ തന്റെ വീട്ടില്‍ നിന്നു പരീക്ഷാ ആവശ്യാര്‍ഥം ഇന്റര്‍നെറ്റ് കഫേയില്‍ കയറാനായാണു ഷുക്കൂര്‍ ഇവരോടൊപ്പം തോണിയില്‍ കയറിയത്. കണ്ണപുരം കീഴറ വള്ളുവന്‍കടവില്‍ തോണിയിറങ്ങി നടന്നുപോവുന്നതിനിടെ, ഇവരെ സി.പി.എം. പ്രവര്‍ത്തകര്‍ പിന്തുടരുന്നുണ്ടായിരുന്നു. ഇതു മനസ്സിലാക്കിയ അഞ്ചുപേരും കീഴറയില്‍ സുഹൃത്തായ ആലയില്‍ മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ അഭയം തേടി. വീടുവളഞ്ഞ സംഘം ബോംബിട്ടു തകര്‍ക്കുമെന്നു ഭീഷണി മുഴക്കിയതോടെ ഗത്യന്തരമില്ലാതെ പുറത്തിറങ്ങുകയായിരുന്നു.
മൂന്നുപേരെയും ആക്രമിക്കില്ലെന്നു പറഞ്ഞാണ് തോണിയുള്ളിടത്തേക്കു കൊണ്ടുപോയി ആക്രമിച്ചത്. സക്കരിയയും ഷുക്കൂറും പിന്നീടാണു പുറത്തിറങ്ങിയത്. ഇരുവരെയും എടോത്തുവയല്‍ കൈപ്പാട് ഭാഗത്തേക്കു കൊണ്ടുപോവുന്നതിനിടെ, മുന്നിലുള്ള സക്കരിയയെ ഒരാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇതുകണ്ട ഷുക്കൂര്‍ അക്രമിസംഘത്തില്‍നിന്നു കുതറിമാറാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. അക്രമികളിലൊരാള്‍ നെഞ്ചില്‍ കുത്തിവീഴ്ത്തുകയായിരുന്നു. പോലിസ് എത്തുമ്പോഴേക്കും രക്തം വാര്‍ന്നു മരിച്ച നിലയിലായിരുന്നു ഷുക്കൂര്‍.
ഷുക്കൂര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത പരന്നതോടെ അരിയില്‍ ഗ്രാമവും പരിസരപ്രദേശങ്ങളും വിറങ്ങലിച്ചു. പ്രദേശവാസികള്‍ ദിവസങ്ങളോളം ചാനലുകള്‍ തുറക്കുകയോ പത്രം വായിക്കുകയോ പോലും ചെയ്തില്ലെന്നതില്‍നിന്നു തന്നെ അവിടെയുണ്ടായിരുന്ന ഭീതി വായിച്ചെടുക്കാമല്ലോ. ആറുമാസം മുമ്പ് പട്ടുവംകടവില്‍ വച്ച് അന്‍വര്‍ എന്ന യൂത്ത്ലീഗ് പ്രവര്‍ത്തകനെ സി.പി.എം. പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയതിന്റെ ആഘാതത്തില്‍നിന്നു മുക്തമാവും മുമ്പാണ് മറ്റൊരു യുവാവുകൂടി കൊല്ലപ്പെട്ടത്. തുടര്‍ന്നു ജില്ലയുടെ പല ഭാഗങ്ങളിലും സംഘര്‍ഷം വ്യാപിച്ചു. വീടുകള്‍, പാര്‍ട്ടി ഓഫിസുകള്‍, സ്തൂപങ്ങള്‍, കടകമ്പോളങ്ങള്‍ എന്നിവ അക്രമത്തിനിരയായി. പലയിടത്തും സ്വകാര്യബസ്സുകള്‍ ആക്രമിക്കപ്പെട്ടു. ഖബറടക്കച്ചടങ്ങില്‍ പോയി മടങ്ങുകയായിരുന്ന യൂത്ത്ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റും അഴീക്കോട് എം.എല്‍.എയുമായ കെ. എം. ഷാജിയുടെ വാഹനത്തിനു നേരെ ബോംബേറും കല്ലേറുമുണ്ടായി. ഖബറടക്കം നടക്കുമ്പോള്‍ പോലും സമീപവാര്‍ഡിലെ ലീഗ് പഞ്ചായത്തംഗത്തിന്റെ വീട് ആക്രമിക്കപ്പെട്ടു. ഹര്‍ത്താലും അക്രമവും അരങ്ങുവാഴുമ്പോഴും ഇരുപാര്‍ട്ടിയുടെയും നേതാക്കള്‍ സമാധാനയോഗത്തിന്റെ ചായകുടിയിലായിരുന്നു.
സമാധാനയോഗത്തിനു ശേഷവും അക്രമങ്ങള്‍ മുറപോലെ നടന്നു. അതിനുപുറമെ, വഴിയേ പോവുന്നയാളല്ല കൊല്ലപ്പെട്ടതെന്നു പറഞ്ഞ് പി. ജയരാജന്‍ അണികളെ ന്യായീകരിക്കുകയായിരുന്നു. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന വിധത്തിലാണു സി.പി.എം. നേതാക്കള്‍ പെരുമാറിയതെങ്കില്‍, എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലായിരുന്നു ലീഗ് നേതൃത്വം. ഷുക്കൂറിനെ അക്രമിയെന്നു വരുത്തിത്തീര്‍ക്കാനുള്ള സി.പി.എം. ശ്രമത്തെ വേണ്ടവിധം പ്രതിരോധിക്കാന്‍ ലീഗിനായില്ല. ജയരാജന്റെ വാഹനം ആക്രമിക്കുന്ന സംഘത്തില്‍ ഷുക്കൂറുണ്െടന്നായിരുന്നു സി.പി.എം. വാദം. എന്നാല്‍ ഇതു തെറ്റാണെന്നു ബോധ്യപ്പെടുത്താന്‍ ലീഗ് നേതാക്കള്‍ മുതിര്‍ന്നതുതന്നെ ചില പത്രങ്ങള്‍ സത്യാവസ്ഥ പുറത്തുവിട്ട ശേഷമാണ്. തങ്ങളുള്ളപ്പോള്‍ കേരളത്തില്‍ മുസ്ലിംവേട്ടയുണ്ടാവില്ല, നിയമവും പോലിസുമുള്ളപ്പോള്‍ അക്രമത്തെ പ്രതിരോധിക്കാന്‍ അവകാശമില്ല തുടങ്ങിയ വാചകമടിക്കാരുടെ അനുയായികള്‍തന്നെ പോലിസില്‍നിന്നു നീതി ലഭിക്കുന്നില്ലെന്നു വിലപിക്കുകയും ചെറുത്തുനില്‍പ്പിനെ തീവ്രവാദമെന്നു വിളിച്ച് ആക്ഷേപിക്കരുതെന്നും പറഞ്ഞു രംഗത്തെത്തി. അക്രമത്തെ പ്രതിരോധിക്കുന്നതു തീവ്രവാദമല്ലെന്നുവരെ സമാധാനത്തിന്റെ മൊത്തക്കച്ചവടക്കാര്‍ വിളിച്ചുപറഞ്ഞു. യു.ഡി.എഫ്. ഭരിക്കുമ്പോള്‍ പോലും പോലിസില്‍ സി.പി.എം. ഫ്രാക്ഷനാണു ഭരണം നടത്തുന്നതെന്നായിരുന്നു സുധാകരന്റെ ആക്ഷേപം.
കണ്ണൂരിലെ പോലിസ്സ്റ്റേഷനുകള്‍ പരാതി കൊടുക്കാന്‍ പോലും അടുപ്പിക്കാത്ത വിധം സി.പി.എം. നിയന്ത്രണത്തിലാണെന്നായിരുന്നു കെ. എം. ഷാജിയുടെ പരാതി. പ്രസംഗിക്കുന്നതുപോലെയല്ല കണ്ണൂരിലെ പ്രായോഗികരാഷ്ട്രീയം എന്ന് അടുത്തറിഞ്ഞ ഷാജി, ഇതു മനസ്സിലാക്കിയാവണം തന്നെ ബോംബെറിഞ്ഞതില്‍ പരാതി പോലും കൊടുക്കാതിരുന്നത്. ലീഗിലെ തീവ്രവാദികളാണ് അക്രമങ്ങള്‍ നടത്തുന്നതെന്നും ഇതിനു നേതൃത്വം നല്‍കുന്നതു വയനാടന്‍ ചുരമിറങ്ങിവന്ന യൂത്ത്ലീഗ് നേതാവാണെന്നും കൂടി സി.പി.എം. പ്രഖ്യാപിച്ചതോടെ ഷാജി കൂടുതല്‍ പ്രതിരോധത്തിലായി. സമുദായത്തിലെ ഇതര സംഘടനകളെ 'തീവ്രവാദികളാ'ക്കുന്നതില്‍ അസാമാന്യപാടവം തെളിയിച്ച ഷാജി, തനിക്കെതിരേ ഇത്തരമൊരു ആരോപണം വന്നപ്പോള്‍ പ്രതിരോധിക്കാന്‍ വാക്കുകളില്ലാതെ വിയര്‍ക്കുകയായിരുന്നു.
ലീഗിലെ 'തീവ്രവാദി'കളും സി.പി.എമ്മിലെ 'നക്സലൈറ്റുകളും' പരസ്പരം പോര്‍വിളിച്ചപ്പോള്‍ പലപ്പോഴും ഇവരുടെ മതേതരമുഖംമൂടിയും അഴിഞ്ഞുവീഴുന്നുണ്ടായിരുന്നു. അക്രമത്തിനിരയായവരും ബസ്സുകളും സമുദായം തിരിച്ചുള്ളവയായിരുന്നുവെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.
കാലങ്ങളായി സി.പി.എമ്മിനു മൃഗീയഭൂരിപക്ഷമുള്ള പഞ്ചായത്താണ് പട്ടുവം. ആകെയുള്ള 12 വാര്‍ഡുകളില്‍ ഒരെണ്ണം ലീഗിനായിരുന്നു; മുസ്ലിംഭൂരിപക്ഷമുള്ള അരിയില്‍ വാര്‍ഡ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സമീപത്തെ രണ്ടു വാര്‍ഡ് കോണ്‍ഗ്രസിനു ലഭിച്ചു. സി.പി.എമ്മിന്റെ കൈയൂക്കിനെ നേരിട്ടാണു സീറ്റ് പിടിച്ചെടുത്തത്. ഇതിനു പിന്നില്‍ അരിയിലിലെ ലീഗുകാരാണെന്നു മനസ്സിലാക്കിയ സി.പി.എം. മറുപടിനല്‍കാന്‍ തക്കംപാര്‍ത്തിരിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടുവം വാര്‍ഡില്‍ റീപോളിങിനു കാരണമായതും അരിയിലിലെ യുവാക്കളുടെ ഇടപെടലായിരുന്നു. എതിര്‍ശബ്ദങ്ങളെ മുളയിലേ നുള്ളിക്കളയാന്‍ സി.പി.എമ്മിനു വീണുകിട്ടിയ അവസരമായിരുന്നു ജില്ലാ സെക്രട്ടറിയുടെ വാഹനം ആക്രമിക്കല്‍.
പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ അറബി കോളജില്‍ മതവിദ്യാഭ്യാസത്തോടൊപ്പം ബി.എ. അറബിക്കിനു പഠിച്ച ഷുക്കൂര്‍, രണ്ടാം വര്‍ഷ പരീക്ഷയില്‍ നഷ്ടപ്പെട്ട ഒരു വിഷയം എഴുതിയെടുക്കേണ്ട ആവശ്യത്തിനാണ് സംഭവദിവസം തോണിവഴി കണ്ണപുരത്തേക്കു പുറപ്പെട്ടത്. പ്രദേശത്ത് എം.എസ്.എഫിന്റെ പ്രവര്‍ത്തനം ഷുക്കൂര്‍ കൂടുതല്‍ ഊര്‍ജിതമാക്കി. എസ്.എസ്.എല്‍.സി. നൈറ്റ്ക്ളാസ്, പി.എസ്.എസി. ഫോറം പൂരിപ്പിച്ചുകൊടുക്കല്‍ തുടങ്ങിയവ ഷുക്കൂറിന്റെ ആശയമായിരുന്നു. പഠനം താല്‍ക്കാലികമായി നിര്‍ത്തിയ ശേഷം, ഇരട്ടസഹോദരിയുടെ ഭര്‍ത്താവിന്റെ കൂടെ വെളിച്ചെണ്ണ വിതരണം ചെയ്യുന്ന ജോലിചെയ്തുവരുകയായിരുന്നു. പച്ചക്കൊടി മാത്രം പാറിയിട്ടുള്ള അരിയില്‍-കുതിരപ്പുറം വാര്‍ഡിനോട് സി.പി.എം. ഭരിക്കുന്ന പട്ടുവം പഞ്ചായത്ത് ഭരണസമിതിക്ക് എന്നും അവഗണനയായിരുന്നു. കത്താത്ത തെരുവുവിളക്കുകളും ടാറിങ് നടത്താത്ത തീരദേശ റോഡും ഇതു വിളിച്ചോതുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഷുക്കൂറിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ രംഗത്തിറങ്ങിയതും സി.പി.എമ്മിനെ അലോസരപ്പെടുത്തിയിരുന്നു. ഇത്തരം 'യോഗ്യത'കളായിരിക്കാം പിടികൂടിയവരില്‍ ഷുക്കൂറിനെ തന്നെ ഇല്ലാതാക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചതും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ