2012, മാർച്ച് 9, വെള്ളിയാഴ്‌ച

സമുദായവഞ്ചനയുടെ ഭൂതവും വര്‍ത്തമാനവും


സ്വകാര്യതയ്ക്കുള്ള പൌരന്റെ ഭരണഘടനാപരമായ അവകാശത്തിലേക്കു കടന്നുകയറി, അവരുടെ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള പോലിസ്ഭരണകൂടനീക്കത്തില്‍ തികച്ചും പ്രതിരോധത്തിലായ മുസ്ലിംലീഗെന്ന 'സമുദായപ്പാര്‍ട്ടി' സ്വന്തം നഗ്നത മറയ്ക്കാനുള്ള തത്രപ്പാടിലാണ്. കേരളത്തില്‍ മുസ്ലിംവേട്ട നടക്കില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങളെല്ലാം സാമുദായികസ്പര്‍ധ സൃഷ്ടിക്കാനുള്ള നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ വേലകളാണെന്നുമാണ് ലീഗ് അധ്യക്ഷനും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ഉറപ്പിച്ചുപറയുന്നത്. സമുദായത്തെ മൊത്തം ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളില്‍ തങ്ങളുടെ നിലപാടുകളിലെ സമുദായവഞ്ചനയ്ക്കു മറയിടാന്‍ എന്നും എടുത്തണിയാറുള്ള രക്ഷകവേഷത്തിലേക്കു മാറാന്‍, ആത്മനിന്ദ അലങ്കാരമായി തോന്നുന്ന ലീഗിന് ഒട്ടും ആലോചിക്കേണ്ടിവന്നിട്ടുണ്ടാവില്ല. 
മുസ്ലിംലീഗ് അധികാരത്തിലിരിക്കുമ്പോള്‍ എല്ലാം സുരക്ഷിതവും ഭദ്രവുമാണെന്നും സമുദായത്തിന്റെ മൊത്തം കുത്തക തങ്ങള്‍ക്കാണെന്നുമുള്ള വീരവാദം ഇതു പുതിയതല്ല. സമുദായമെന്നാല്‍ ലീഗാണെന്നും ലീഗിന്റെ നില ഭദ്രമാണെങ്കില്‍ എല്ലാം സുരക്ഷിതമാണെന്നുമുള്ള അശ്ളീല സമവാക്യമാണിത്. എന്നാല്‍, ലീഗ് എപ്പോഴൊക്കെ അധികാരത്തിലിരുന്നിട്ടുണ്േടാ അപ്പോഴൊക്കെ നേതാക്കളുടെ നട്ടെല്ലില്ലായ്മയ്ക്കും അധികാരമോഹത്തിനും സമുദായം കനത്ത വില നല്‍കേണ്ടിവന്നിട്ടുണ്െടന്ന യാഥാര്‍ഥ്യം വെറും വിടുവായത്തംകൊണ്ടു മറച്ചുപിടിക്കാന്‍ ഇനിയും അവര്‍ക്കാവുമെന്നു തോന്നുന്നില്ല. 
ബാബരി മസ്ജിദ് ധ്വംസനം, മാറാട് കലാപം ഉള്‍പ്പെടെയുള്ള വര്‍ഗീയസംഘര്‍ഷങ്ങള്‍, സംവരണനിഷേധം പോലുള്ള ഭരണവര്‍ഗത്തിന്റെ ഗൂഢാലോചനകള്‍, ഒടുവില്‍ ഇമെയില്‍ ചോര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ലീഗിന്റെ രണ്ടുംകെട്ട നിലപാടുകള്‍ സമുദായത്തിനു ശാപമായിത്തീരുന്നതാണു നാം കണ്ടത്. 
ബാബരി മസ്ജിദ് തല്ലിത്തകര്‍ക്കാനുള്ള ഫാഷിസ്റ് ഗൂഢാലോചനയില്‍ പങ്കാളികളായ കോണ്‍ഗ്രസ്സിനൊപ്പം ഭരണത്തില്‍ തുടരാന്‍ ആത്മസംയമനത്തിന്റെ മാളത്തിലൊളിച്ച പാരമ്പര്യമാണ് അവരുടേത്. ലീഗിന്റെ ഈ നിലപാടുമൂലമാണ് ബാബരി മസ്ജിദിനുശേഷം കേരളം കലാപകലുഷിതമാവാതെ രക്ഷപ്പെട്ടതെന്ന വാദം വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതു കേള്‍ക്കുമ്പോള്‍ ഓക്കാനം വരും. മുംബൈ അടക്കമുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളിലും ദക്ഷിണേന്ത്യയിലെ ചില പ്രദേശങ്ങളിലും അക്കാലത്തുണ്ടായ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്കു കാരണം ബാബരി മസ്ജിദ് തകര്‍ച്ചയെ തുടര്‍ന്നു മുസ്ലിംകള്‍ അക്രമാസക്തരായതാണെന്നാണു ലീഗിന്റെ വാദം കേട്ടാല്‍ തോന്നുക. 
രഥയാത്രകളിലൂടെയും ഏകതായാത്രകളിലൂടെയും അഡ്വാനിമാരും ജോഷിമാരും ഉണ്ടാക്കിയെടുത്ത വര്‍ഗീയ ചേരിതിരിവ് മുതലെടുത്ത്, ബാബരി ധ്വംസനത്തിനുശേഷം സംഘപരിവാരശക്തികള്‍ നാട്ടിലെങ്ങും കലാപങ്ങള്‍ അഴിച്ചുവിടുകയാണുണ്ടായതെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ആയിരങ്ങളെ കൂട്ടക്കൊല ചെയ്തും മുസ്ലിംസ്ത്രീകളെ തെരുവുകളില്‍ കൂട്ടബലാല്‍സംഗങ്ങള്‍ക്ക് ഇരയാക്കിയും അവരത് ആഘോഷിക്കുകയും ചെയ്തു. വാളും ബോംബുമായി വരുന്ന ഫാഷിസ്റ് വിഭാഗങ്ങളെ ആത്മസംയമനത്തിനും ക്ഷമയ്ക്കുമുള്ള പ്രസ്താവനകളിലൂടെ തങ്ങള്‍ തടുത്തുനിര്‍ത്തി കേരളത്തെ രക്ഷപ്പെടുത്തിയെന്ന ലീഗിന്റെ അവകാശവാദം തലച്ചോറ് പണയത്തിനു നല്‍കിയ സ്വന്തം അനുയായികള്‍ക്കു ബോധിക്കുമായിരിക്കും. സമുദായത്തെയും ലീഗിനെയും ഷണ്ഡീകരിക്കാന്‍ ശത്രുക്കള്‍ അവസരത്തിലും അനവസരത്തിലും ചൊല്ലിപ്പാടുന്ന ഈ 'മദ്ഹ്ഗാനം' കേട്ടു കൈയടിക്കാനും അത് ഏറ്റുപാടാനും വിധിക്കപ്പെട്ട നേതൃത്വം, തങ്ങള്‍ക്കു കീഴില്‍ സമുദായം വേട്ടയാടപ്പെടില്ലെന്നു കട്ടായം പറയുമ്പോള്‍ ആ ഫലിതം കേട്ടു കരച്ചിലടക്കാന്‍ അല്‍പ്പം പാടുപെടേണ്ടിവരും. 
രാജ്യത്തെ ഭരണകൂടത്തിലും നീതിന്യായനിയമപാലന സംവിധാനങ്ങളിലും വിശ്വാസമര്‍പ്പിച്ച മുസ്ലിംകളെ നടുക്കിക്കൊണ്ട് ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ നിലംപൊത്തിയപ്പോള്‍, അതിന്റെ വേദനയില്‍ കഴിയുന്ന സമുദായത്തിനെതിരേ മലപ്പുറത്തടക്കമുള്ള പ്രദേശങ്ങളില്‍ സംഘപരിവാരം കഠാരയൂരി രംഗത്തുവന്നിരുന്നുവെന്ന കാര്യം മറവിരോഗം ബാധിച്ചിട്ടില്ലാത്തവര്‍ക്കു നിഷേധിക്കാനാവില്ല. ഊരിയ കത്തികള്‍ ഉറയില്‍ തന്നെ വയ്ക്കാന്‍ വെറുപ്പിന്റെ ഉപാസകരെ നിര്‍ബന്ധിതരാക്കിയത് ഏതു സാഹചര്യമാണെന്നു സാമൂഹികനിരീക്ഷകര്‍ ഇതിനകം മനസ്സിലാക്കിയതാണ്. ഇതിനിടയില്‍ എട്ടുകാലി മമ്മൂഞ്ഞ് ചമയുന്ന മുസ്ലിംലീഗ്, സ്വന്തം പരാജയം മൂടിവയ്ക്കാനുള്ള വൃഥാശ്രമത്തിലാണെന്ന കാര്യം സമുദായം എന്നേ തിരിച്ചറിഞ്ഞതുമാണ്. 
രാജ്യത്തെ മുസ്ലിംകള്‍ക്കു രക്ഷ മുസ്ലിംലീഗാണെന്നു നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍, അവര്‍ ഉദ്ദേശിച്ചിരിക്കുക വി എസ് അച്യുതാനന്ദന്‍ തന്റെ കുപ്രസിദ്ധമായ ഡല്‍ഹി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ, 'മലപ്പുറം രാഷ്ട്ര'ത്തെയാവും. മലപ്പുറം ഉള്‍പ്പെടുന്ന കേരളത്തിലെ മുസ്ലിംകളില്‍ തന്നെ ഏതൊക്കെ വിഭാഗങ്ങളെ പ്രതിനിധീകരിക്കാന്‍ ലീഗിനാവുന്നുണ്െടന്ന് ഇപ്പറയുന്ന നേതാക്കള്‍ ഒരാവര്‍ത്തിയെങ്കിലും ചിന്തിച്ചിട്ടുണ്േടാ ആവോ? കൈവിരലുകള്‍ നിവര്‍ത്തിപ്പിടിച്ച് എത്ര വിഭാഗം അകത്തും എത്ര വിഭാഗം പുറത്തുമെന്ന് ഒന്നു കൂട്ടിനോക്കിയാല്‍ തന്നെ, സമുദായമെന്നാല്‍ ലീഗെന്ന വാദത്തിന്റെ പൊള്ളത്തരം വ്യക്തമാവും.
ബാബരി മസ്ജിദ് ധ്വംസനത്തില്‍ ലീഗ് കൈക്കൊണ്ട വഞ്ചനാത്മകമായ നിലപാടാണ് സമുദായത്തില്‍ തുടര്‍ന്നുണ്ടായ സാമൂഹികവും രാഷ്ട്രീയവും ചിന്താപരവുമായ മാറ്റങ്ങള്‍ക്കു നിമിത്തമായതെന്ന് കിണറ്റിലെ തവളകള്‍ക്കു മനസ്സിലാവുന്നുണ്ടാവില്ല. കൊടിവച്ച കാറുകള്‍ക്കും കോര്‍പറേഷന്‍ അഴുക്കുചാലുകള്‍ വൃത്തിയാക്കാനുള്ള അധികാരത്തിനും വേണ്ടി അവര്‍ പണയംവച്ച ആത്മാഭിമാനം തിരികെയെടുക്കാനുള്ള ശ്രമങ്ങളാണ് പിന്നീടുള്ള നാളുകളില്‍ സമുദായം നടത്തിയത്. തിരഞ്ഞെടുപ്പിലെ വിജയമാണ് സമുദായപ്രാതിനിധ്യത്തിന്റെ മാനദണ്ഡമെങ്കില്‍ ലീഗ് അധികാരത്തിലിരിക്കുന്ന ഓരോ അഞ്ചുവര്‍ഷത്തിനുശേഷവും സമുദായം അവരെ കൈയൊഴിയുന്നതിന്റെ ഗുട്ടന്‍സ് എന്താണാവോ? നിവൃത്തികേടുകൊണ്ടാണ് സമുദായം ഈ ഭാരം ചുമലിലേറ്റുന്നതെന്ന തിരിച്ചറിവ് നേതാക്കള്‍ക്ക് ഇനിയുമുണ്ടായിട്ടില്ലെന്നതാണു പുതിയ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. ഉറങ്ങിക്കിടക്കുന്ന സിംഹമല്ല, ചത്ത കുതിരയായി സമുദായത്തെ മാറ്റാന്‍ പെടാപ്പാടുപെടുന്നവരും ചില മുത്തശ്ശിപ്പത്രങ്ങളും ചേര്‍ന്നു കെട്ടിയേല്‍പ്പിച്ച ചങ്ങലക്കെട്ടുകള്‍ അറുത്തുമാറ്റാന്‍ വരുന്നവരോട്, അയ്യോ, അതു കൊണ്ടുപോവരുത്, ചങ്ങല എന്റേതാണെന്നു പറയുന്ന വിധേയന്‍മാരായി തുടരാന്‍തന്നെയാണു ലീഗ്നേതാക്കളുടെ ഭാവം. മുസ്ലിംലീഗിന്റെ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന സുലൈമാന്‍ സേട്ടുസാഹിബ് നടത്തിയ അത്തരമൊരു ശ്രമത്തെ അവര്‍ നേരിട്ടതെങ്ങനെയാണെന്നു ലോകം കണ്ടതാണ്. സേട്ടുസാഹിബിന്റെ 'ശര്‍റില്‍'നിന്ന് രക്ഷപ്പെടാന്‍ അഖിലേന്ത്യാ പാര്‍ട്ടി കേരള സംഘടനയായി മാറിയതിന്റെ സ്വയംകൃതാനര്‍ഥത്തില്‍നിന്നു രക്ഷനേടാന്‍ ഇനിയും ലീഗിനായിട്ടില്ല. 
മുസ്ലിംലീഗ് അധികാരത്തിലിരുന്നപ്പോള്‍ തന്നെയായിരുന്നു മാറാട് കലാപങ്ങളും തുടര്‍ന്നുണ്ടായ ഭീകരമായ മുസ്ലിംവേട്ടയുമെന്ന കാര്യവും ആര്‍ക്കും മറക്കാനാവില്ല. രണ്ടാം മാറാട് കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢശക്തികള്‍ ആരൊക്കെ എന്നതിനെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന സംശയങ്ങള്‍, സര്‍ക്കാരിന്റെ തന്നെ അറിവോടെയായിരുന്നു എല്ലാം നടന്നതെന്ന സൂചനയാണു നല്‍കുന്നത്. ഒമ്പതുപേര്‍ കൊല്ലപ്പെടാനിടയായ ദാരുണസംഭവത്തെ തുടര്‍ന്ന് ആയിരക്കണക്കിനു പ്രദേശവാസികളായ മുസ്ലിംകള്‍ മാറാട്ടുനിന്ന് ആട്ടിയോടിക്കപ്പെട്ടപ്പോഴും ലീഗ്തന്നെയായിരുന്നു അധികാരത്തില്‍. 
ചെയ്യാത്ത കുറ്റത്തിനു കുടിയിറക്കപ്പെട്ട സ്ത്രീകളും കുട്ടികളും വൃദ്ധന്‍മാരുമടങ്ങുന്ന പാവങ്ങളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയില്ലെന്നു മാത്രമല്ല, അതിനു മുന്നിട്ടിറങ്ങിയവരെ ഭീകരരാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും നടന്നു. ഭരണകൂടത്തെയും നിയമപാലനസംവിധാനത്തെയും വെല്ലുവിളിച്ച് ആര്‍.എസ്.എസുകാര്‍ മാറാട് പ്രദേശത്തു സ്വയംഭരണം പ്രഖ്യാപിക്കുകയും മുസ്ലിംകളെ ആട്ടിപ്പായിച്ചശേഷം വീടുകള്‍ കൊള്ളചെയ്യുകയും അടിച്ചുതകര്‍ക്കുകയും പള്ളിയില്‍ പ്രാര്‍ഥിക്കാനുള്ള അവകാശം പോലും നിഷേധിക്കുകയും ചെയ്തപ്പോള്‍, എവിടെയായിരുന്നു ഈ രക്ഷകപ്പാര്‍ട്ടി? തങ്ങള്‍ ഭരണത്തിലിരിക്കുമ്പോള്‍ മുസ്ലിംവേട്ടയുണ്ടാവില്ലെന്നു വീമ്പിളക്കുന്ന 'പുലി'കളുടെ പാര്‍ട്ടി, അന്നു വേട്ടക്കാര്‍ക്കു കഞ്ഞിവയ്ക്കുന്നതായിരുന്നു നാം കണ്ടത്. 
നിയമനടപടിയുടെ പേരില്‍ കുട്ടികളും മനോരോഗികളുമടക്കം നിരപരാധികളായ നൂറിലേറെ പേര്‍ ജയിലിലടയ്ക്കപ്പെടുകയും പോലിസ് സ്റ്റേഷനുകളില്‍ ക്രൂരപീഡനത്തിന് ഇരയാവുകയും ചെയ്തപ്പോഴും ഭയന്നുവിറച്ച് മാളത്തിലൊളിക്കുകയായിരുന്നു അവര്‍ ചെയ്തത്. ഭൂരിപക്ഷവര്‍ഗീയതയെ പ്രീണിപ്പിക്കാന്‍ ചിലര്‍ ചേര്‍ന്നു നടത്തിയ മനുഷ്യത്വരഹിതവും കിരാതവുമായ നടപടികളില്‍പ്പെട്ടു സ്വന്തം സമുദായം നെടുവീര്‍പ്പിട്ടപ്പോഴും മുന്നിലും പിന്നിലും പോലിസ്വാഹനങ്ങളുമായി തങ്ങളുടെ മന്ത്രിപുംഗവന്‍മാര്‍ ചീറിപ്പായുന്നതിന്റെ ആത്മസായൂജ്യത്തിലായിരുന്നു 'സമുദായപ്പാര്‍ട്ടി.'
ഇടതുപക്ഷസര്‍ക്കാര്‍ ഔദ്യോഗികതീരുമാനത്തിന്റെ ഭാഗമായി നടപ്പാക്കിയ മുസ്ലിംവിരുദ്ധ നടപടികളുടെ കാര്യത്തിലും ഇതേ നിലപാടായിരുന്നു പാര്‍ട്ടി തുടര്‍ന്നത്. മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് കേരളത്തിലങ്ങോളമിങ്ങോളം പേയിളകിയതുപോലെ പോലിസിനെ കയറൂരിവിട്ടപ്പോഴും ബീമാപ്പള്ളിയില്‍ പ്രകോപനമില്ലാതെ മുസ്ലിംകളെ വെടിവച്ചുകൊന്നപ്പോഴും സ്വന്തം പാര്‍ട്ടിക്കാരനുള്‍പ്പെട്ട പ്രണയവിവാഹത്തിന്റെ മറപിടിച്ച് ലൌ ജിഹാദെന്ന പേരില്‍ സംഘപരിവാരവുമായി കൂട്ടുചേര്‍ന്ന് ക്രിസ്ത്യന്‍ലോബി നടത്തിയ കുരിശുയുദ്ധവേളയിലും സമുദായവഞ്ചനയുടെ ആവര്‍ത്തനംതന്നെയായിരുന്നു ലീഗിന്റെ നിലപാടുകള്‍. പുതിയ പാര്‍ട്ടി അധ്യക്ഷന് കാസര്‍കോട്ട് നല്‍കിയ സ്വീകരണപരിപാടിക്കിടെ സ്വന്തം പാര്‍ട്ടിക്കാരന്‍ വെടിയേറ്റുമരിച്ച സംഭവത്തിലും നടുവൊടിഞ്ഞ നിലപാടില്‍ മാറ്റമുണ്ടായില്ല. ബീമാപ്പള്ളി വെടിവയ്പില്‍ പോലിസുകാര്‍ കുറ്റക്കാരാണെന്ന് അന്വേഷണ കമ്മീഷന്‍ കണ്െടത്തി റിപോര്‍ട്ട് നല്‍കിയിട്ടും ലീഗിന് നിര്‍ണായക സ്വാധീനമുണ്െടന്നു ജനങ്ങള്‍ കരുതുന്ന സര്‍ക്കാരിനെക്കൊണ്ട് അവര്‍ക്കെതിരേ നടപടിയെടുപ്പിക്കാന്‍ ലീഗിനായിട്ടില്ല. 
അവസാനമായി, സ്വന്തം പാര്‍ട്ടിയുടെ ദേശീയസമിതി അംഗം ഉള്‍പ്പെടെയുള്ള മുസ്ലിംനേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഇമെയിലുകള്‍ തീവ്രവാദികളെന്ന മുന്‍ധാരണയോടെ ചോര്‍ത്തിയ സംഭവത്തില്‍ ലീഗ് സ്വീകരിച്ച നട്ടെല്ലില്ലാത്ത നിലപാട്, തങ്ങള്‍ ചരിത്രപരമായി കാത്തുസൂക്ഷിച്ചപോന്ന ആത്മനിന്ദയുടെയും സമുദായവഞ്ചനയുടെയും പാരമ്പര്യം ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെന്നതിന്റെ പ്രഖ്യാപനമായിരുന്നു.


                                               നാസറുദ്ദീന്‍ എളമരം
                                                                   

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"