2012, മാർച്ച് 6, ചൊവ്വാഴ്ച

ഹസാരെയുടെ സംഘപരിവാരം


യു.പി. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാന്‍ പ്രത്യക്ഷ പ്രചാരണപരിപാടികളുമായി ഹസാരെസംഘം ഇറങ്ങിത്തിരിച്ചതോടെ 'നവഗാന്ധി'യന്റെയും സംഘത്തിന്റെയും മുഖംമൂടി പൂര്‍ണമായും അഴിഞ്ഞുവീണിരിക്കുന്നു. ഹസാരെയുടെ അഴിമതിവരുദ്ധസമരം യഥാര്‍ഥത്തില്‍ തങ്ങളുടെ പിന്തുണയോടെയുള്ളതാണെന്നു കഴിഞ്ഞ ഒക്ടോബര്‍ 30നു മോഹന്‍ ഭാഗവത് അവകാശപ്പെട്ടപ്പോള്‍ ഹസാരെസംഘം അതിനെ വിമര്‍ശിച്ചു രംഗത്തെത്തുകയുണ്ടായി. മൂന്നുമാസത്തിനു ശേഷം ഇപ്പോഴവര്‍ പുതിയ മതേതരത്വ മുഖം സംരക്ഷിച്ചെടുക്കുന്ന തത്രപ്പാടിലാണ്. വോട്ടര്‍മാര്‍ക്ക് അവരുടെ കടമകളെക്കുറിച്ച് ഉദ്ബോധനം നല്‍കാന്‍ സംഘടിപ്പിച്ച യു.പിയിലെ ആദ്യപരിപാടിയില്‍ത്തന്നെ സംഘത്തിന്റെ പൊയ്മുഖം വെളിവായി. 
ഫെബ്രുവരി രണ്ടിന് ബാരാബങ്കി ജില്ലയിലെ ഫത്തേപൂര്‍ സബ്ഡിവിഷനിലായിരുന്നു ബോധവല്‍ക്കരണപരിപാടിയുടെ ഒന്നാംഘട്ടത്തിന്റെ തുടക്കം. നാലു റാലികളായിരുന്നു ഒന്നാം ഘട്ടത്തില്‍. കിരണ്‍ ബേദിയാണ് ഹസാരെ സംഘത്തിനുവേണ്ടി ആദ്യപാദ പ്രചാരണത്തിനു നേതൃത്വം നല്‍കിയതെങ്കിലും നാലു പരിപാടികളില്‍ മൂന്നിനും വേദിയൊരുക്കി ആര്‍.എസ്.എസാണ് പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചത്. 
ഫത്തേപൂരിലെ പൊതുയോഗം ലക്ഷണമൊത്ത ആര്‍.എസ്.എസ.് ഷോ ആയിരുന്നു. സംഘപരിവാരത്തിന്റെ പ്രാദേശികനേതാവായ രാകേഷ്കുമാര്‍ പ്രെമില്‍ ആയിരുന്നു പരിപാടിയുടെ മുഖ്യ ആസൂത്രകന്‍. അഴിമതിക്കെതിരേ ഹിന്ദുക്കള്‍ പോരാടണമെന്നാണ് തീവ്രഹിന്ദുത്വ നിലപാട് പുലര്‍ത്തി ഫത്തേപൂര്‍ മേഖലയില്‍ കുപ്രശസ്തനായ രാകേഷ്കുമാര്‍ പറയുന്നത്. പിന്നീട് മാനവ് ഉല്‍ക്കര്‍ഷ സേവാ സന്‍സ്താന്‍ എന്ന എന്‍.ജി.ഒ. രൂപീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. ഈ സംഘടനയുടെ ആദ്യപൊതുയോഗത്തില്‍ കിരണ്‍ബേദി, മനീഷ് സിസോദ്യ, സഞ്ജയ് സിങ്, ഗോപാല്‍ റായ് എന്നിവരെക്കൂടാതെ ഹസാരെസംഘത്തിലെ മറ്റു ചില അംഗങ്ങളും പങ്കെടുത്തിരുന്നു. ആര്‍.എസ്.എസ്സിന്റെ കര്‍ഷകവിഭാഗമായ ഭാരതീയ കിസാന്‍ സംഘിന്റെ ഫത്തേപൂര്‍ യൂനിറ്റ് പ്രസിഡന്റായിരുന്ന രാംകുമാര്‍ യാദവാണ് രാകേഷ്കുമാര്‍ പ്രെമിലിനു വേണ്ട സഹായങ്ങള്‍ നല്‍കിയിരുന്നത്. 
മാനവ് ഉല്‍ക്കര്‍ഷ സേവാ സന്‍സ്താന്‍, ഭാരതീയ കിസാന്‍ സംഘ്, രാഷ്ട്ര ഭക്തവിചാര്‍ മഞ്ച് എന്നീ സംഘടനകളിലെ 50 വോളന്റിയര്‍മാര്‍ ഒരാഴ്ചയോളം അഹോരാത്രം പണിയെടുത്താണു ഹസാരെസംഘത്തിന്റെ പ്രസ്തുത പരിപാടി വിജയിപ്പിച്ചതെന്നു രാകേഷ്കുമാര്‍ പ്രെമില്‍ വെളിപ്പെടുത്തുകയുണ്ടായി. ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന മറ്റൊരു സംഘടനയായ ജയ്കാളി കല്യാണ്‍ സമിതി ആഗ്രയില്‍നിന്നും ശ്രോതാക്കളെ എത്തിച്ചു. ഫത്തേപൂരിലും പരിസരപ്രദേശങ്ങളിലും ആര്‍.എസ്.എസ്. നേരിട്ടു നടത്തുന്ന സരസ്വതി ശിശുമന്ദിര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും ജനക്കൂട്ടത്തിന്റെ ഭാഗമായി. വേദിയും ആള്‍ക്കൂട്ടവും ആര്‍.എസ്.എസ്. ഒരുക്കിയപ്പോള്‍ ഹസാരെസംഘത്തിനു കാര്യങ്ങള്‍ എളുപ്പമായി. 
          തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നു നിര്‍ദേശിക്കില്ലെന്നായിരുന്നു ഹസാരെസംഘം പറഞ്ഞിരുന്നത്. എന്നാല്‍, കോണ്‍ഗ്രസിലെ 'അഴിമതി'യെയും സമാജ്വാദി പാര്‍ട്ടിയിലെ 'ക്രിമിനല്‍ വല്‍ക്കരണ'ത്തെയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുടെ 'ദുര്‍ഭരണ'ത്തെയും വിമര്‍ശിച്ച ഹസാരെസംഘം 'ശക്തമായ ജനലോകായുക്ത ബില്ല്' കൊണ്ടുവന്ന ഉത്തരാഖണ്ഡിലെ ബി.ജെ.പി. സര്‍ക്കാരിനെ കണക്കറ്റു പ്രശംസിക്കുകയും ചെയ്തതോടെ ആര്‍ക്കാണു വോട്ട് ചെയ്യേണ്ടതെന്നു ഹസാരെസംഘം പറയാതെ പറഞ്ഞുവച്ചു. 
സംഘത്തിന്റെ വേദിയില്‍ 13 ഇന നിര്‍ദേശങ്ങളടങ്ങിയ പ്രതിജ്ഞാപത്രം എന്ന പേരില്‍ ലഘുലേഖ വിതരണം ചെയ്തിരുന്നു. ആര്‍ക്കു വോട്ട് ചെയ്യണമെന്നു തീരുമാനിക്കുന്നതിനു മുമ്പു 13 ഇന പ്രതിജ്ഞ പാലിക്കണമെന്നായിരുന്നു ആഹ്വാനം. സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടുള്ളതാണ് ഒന്നാമത്തെ പ്രതിജ്ഞ. "ഞാന്‍ ഇന്ത്യനാണ്. എല്ലാ ഇന്ത്യക്കാരനും എന്റെ സഹോദരന്മാരാണ്. ഇന്ത്യക്കാര്‍ എന്റെ ജീവനാണ്. ഇന്ത്യന്‍ ദേവന്‍മാരിലും ദേവതകളിലുമാണ് എന്റെ ഈശ്വരാംശം കുടികൊള്ളുന്നത്. എന്റെ കുട്ടിക്കാലത്തിന്റെ കളിയൂഞ്ഞാലും യുവത്വത്തിന്റെ പൂങ്കാവനവും വാര്‍ധക്യത്തിന്റെ കാശിയും പവിത്രസ്വര്‍ഗവും ഇന്ത്യയും ഇന്ത്യന്‍ ജനതയുമാണ്. ഇന്ത്യന്‍ മണ്ണാണ് എന്റെ ഏറ്റവും ഉന്നതമായ സ്വര്‍ഗം. ഇന്ത്യയുടെ ക്ഷേമത്തിലാണ് എന്റെ ക്ഷേമം കുടികൊള്ളുന്നത്. ഈ ജീവിതം മുഴുവന്‍ ഞാന്‍ രാവും പകലും കീര്‍ത്തനമാലപിക്കും. ഓ ഗൌരീനാഥ്, ഓ ജഗദംബേ, എന്റെ ദൌര്‍ബല്യങ്ങളും പൌരുഷഹീനതയും നീക്കി എന്നെ കൂടുതല്‍ കരുണാര്‍ദ്രമാക്കൂ.'' ഈ പ്രതിജ്ഞ എല്ലാ മതസ്ഥര്‍ക്കും സ്വീകാര്യമല്ലെന്നു പ്രത്യേകം പറയേണ്ടതില്ല. 
       ശേഷിക്കുന്ന 12 പ്രതിജ്ഞകള്‍ മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലെങ്കിലും കൂടുതല്‍ പരിഹാസ്യമാണ്. എ.സി. മുറികളില്‍ ഇരിക്കാത്തവരും താമസസ്ഥലത്തുനിന്ന് എ.സി. ഒഴിവാക്കിയവരും ആഡംബര കാറുകളില്‍ യാത്രചെയ്യാത്തവരുമായ ആളുകള്‍ക്കായിരിക്കണം വോട്ട് ചെയ്യേണ്ടതെന്നാണു ഹസാരെസംഘത്തിന്റെ വോട്ടര്‍മാരോടുള്ള അഭ്യര്‍ഥന. കാറുകള്‍ക്കു പകരം ജീപ്പാവാം. എന്നാല്‍, ജീപ്പ് ഓടിക്കാന്‍ ഡ്രൈവര്‍മാരെ നിയോഗിക്കരുത്. സ്വയം ഓടിക്കണം. മാത്രമല്ല, എല്ലായ്പ്പോഴും ജനലോക്പാല്‍ ബില്ലിനെ പിന്തുണയ്ക്കണം. ഹസാരെ സ്വയം വിഡ്ഢിവേഷമണിയുന്ന നിരവധി ഉദാഹരണങ്ങള്‍ ലഘുലേഖയില്‍ ഇനിയുമുണ്ട്. ഹസാരെയുടെ അഴിമതിവിരുദ്ധ പരിഹാസക്കൂത്ത് എവിടെയെത്തി നില്‍ക്കുന്നുവെന്നു പ്രതിജ്ഞാപത്രത്തില്‍ നിന്നു കൌതുകപൂര്‍വം വായിച്ചെടുക്കാനാവും. 
       ഹസാരെസംഘത്തിന്റെ രണ്ടാമത്തെ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണറാലി ഫത്തേപൂരില്‍നിന്ന് 140 കി.മീ. അകലെയുള്ള ഗോണ്ടയിലായിരുന്നു. പ്രദേശത്തെ ആര്‍.എസ്.എസ്്. നേതാവ് ദിലീപ് ശുക്ള ആയിരുന്നു മുഖ്യസംഘാടകന്‍.
കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, ദിഗ്വിജയ് സിങ്, എസ്.പി. നേതാവ് മുലായംസിങ് യാദവ്, ബി.എസ്.പി. നേതാവ് മായാവതി തുടങ്ങിയവരെ വിമര്‍ശിച്ചെങ്കിലും ബി.ജെ.പി., സംഘപരിവാരം നേതാക്കള്‍ക്കെതിരേ പതിവുപോലെ തന്ത്രപരമായ മൌനംപാലിച്ചു. എന്നാല്‍, ശക്തമായ ലോകായുക്ത ബില്ല് കൊണ്ടുവന്ന ഉത്തരാഖണ്ഡിലെ ബി.ജെ.പി. സര്‍ക്കാരിനെ ഇടയ്ക്കിടെ പുകഴ്ത്താനും മറന്നില്ല. ആര്‍ക്കു വോട്ട് ചെയ്യണമെന്നു പറയില്ല. പക്ഷേ, തൊട്ടുകാണിക്കാം എന്നതായിരുന്നു നിലപാട്. 
      ഹസാരെസംഘത്തിന്റെ മൂന്നാമത്തെ പൊതുയോഗവേദിയില്‍ വോട്ടര്‍മാരോടുള്ള ആഹ്വാനത്തില്‍ നേരിയ വ്യത്യാസമുണ്ടായിരുന്നു. ഫത്തേപൂരിലും ഗോണ്ടയിലും സംഘാടകര്‍ ആര്‍.എസ്.എസ്. ആയിരുന്നുവെങ്കില്‍ ഇവിടെ ഇടതുപക്ഷ, ദലിത് രാഷ്ട്രീയനേതാക്കളായ ഗോപാല്‍ കൃഷ്ണവര്‍മ, അരവിന്ദ് മൂര്‍ത്തി, നിതിന്‍കുമാര്‍ മിശ്ര, വിനോദ് സിങ് തുടങ്ങിയവരായിരുന്നു. നിലവിലുള്ള വ്യവസ്ഥിതി മാറണമെന്നു ചൂണ്ടിക്കാട്ടിയാണ് പ്രസംഗം തുടങ്ങിയത്. 'ശക്തമായ' ലോകായുക്ത കൊണ്ടുവന്ന ഉത്തരാഖണ്ഡിലെ ബി.ജെ.പി. സര്‍ക്കാരിനെ പ്രത്യക്ഷമായി പുകഴ്ത്തുന്നത് ഇവിടെമാത്രം ഒഴിവാക്കി. ലോക്പാല്‍ ബില്ല്് കൊണ്ടുവരുമെന്നു വാഗ്ദാനം ചെയ്യുന്നതുവരെ ബി.ജെ.പിക്കു വോട്ട് ചെയ്യരുതെന്നായിരുന്നു ഇവിടത്തെ ആഹ്വാനം. ബില്ലിന്റെ കാര്യത്തില്‍ വാഗ്ദാനം നല്‍കിയാല്‍ പിന്നെ ബി.ജെ.പിക്കു വോട്ട് ചെയ്യണമെന്ന്! 
രാഷ്ട്രം നേരിടുന്ന പ്രധാന വിപത്തുകളിലൊന്നായ വര്‍ഗീയതയ്ക്കെതിരേ ഹസാരെസംഘത്തിലെ ഏതാണ്ട് എല്ലാവരും മൌനംപാലിക്കുകയാണ്. സംഘാംഗമായ മുഫ്തി ഷമിം ഖാസിമി മാത്രമാണു വര്‍ഗീയരാഷ്ട്രീയത്തിനെതിരേ പോരാടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയത്. അയോധ്യ ആര്‍ക്കും അടിപിടികൂടാനുള്ള സ്ഥലമല്ലെന്നും ഒരു പ്രത്യേക പാര്‍ട്ടി മതത്തിന്റെ പേരില്‍ ഹിന്ദു -മുസ്്ലിം ഐക്യം തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ മതപരമായ അസ്തിത്വം നിലനിര്‍ത്തിക്കൊണ്ടുമാത്രമേ നമുക്ക് അഴിമതിക്കെതിരേ പോരാടാനാവൂ എന്നും ഖാസിമി കൂട്ടിച്ചേര്‍ത്തു. 
ഒന്നാംഘട്ട പ്രചാരണത്തിന്റെ അവസാനവേദിയായ ബസ്്തിയിലും സംഘം കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ചു. ബസ്തിയിലെ റാലിക്കും ചുക്കാന്‍ പിടിച്ചതു സംഘപരിവാരമായിരുന്നു. ജില്ലയിലെ ഹിന്ദുത്വസംഘടനയുടെ അറിയപ്പെടുന്ന നേതാവ് 1980കളുടെ അവസാനം രൂപീകരിച്ച രാമജന്മഭൂമി മുക്തി സേവാ സമിതിയുടെ ജില്ലാ കണ്‍വീനറും കര്‍സേവക നേതാവുമായിരുന്ന അഡ്വ. ഹരിഷ്ചന്ദ്ര പ്രതാപ് സിങിന്റെ സാന്നിധ്യം ഹസാരെ സംഘത്തിന്റെ കാറ്റുവീശുന്നത് എങ്ങോട്ടാണെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു. 
        ആദ്യപാദ പ്രചാരണങ്ങളില്‍ വിതരണം ചെയ്ത നാലു പേജുള്ള ലഘുലേഖയിലും നേതാക്കളെ വിമര്‍ശിക്കുമ്പോള്‍ ബി.ജെ.പി. നേതാക്കളെല്ലാം, അഴിമതിയില്‍ മുങ്ങിയ കര്‍ണാടകയിലെ ബി.ജെ.പി. സര്‍ക്കാരിനെയും വംശഹത്യകൊണ്ടു കുപ്രസിദ്ധിനേടിയ ഗുജറാത്തിലെ ബി.ജിെ.പി. സര്‍ക്കാരിനെയും വെറുതെവിടുന്നു. 
കഴിഞ്ഞ ഏപ്രിലില്‍ അന്നാ ഹസാരെ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തിയപ്പോള്‍ അതു സംഘപരിവാര ഷോ ആണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. വേദിയും സദസ്സും ഹിന്ദുത്വചിഹ്്നങ്ങള്‍കൊണ്ടു നിറഞ്ഞിരുന്നു. പിന്നീടു ഡല്‍ഹി രാംലീലാമൈതാനിയില്‍ രണ്ടാംഘട്ട ഷോ തുടങ്ങിയപ്പോള്‍ സ്റ്റേജില്‍ എഴുതിവച്ചിരുന്ന 'ഭാരത്മാതാ' എന്നത് ഒഴിവാക്കി പകരം ആ സ്ഥാനത്ത് ഗാന്ധിയുടെ ചിത്രം  പതിക്കുകയായിരുന്നു.                             
(ഓപണ്‍ മാഗസിനില്‍നിന്ന് 
സംഗ്രഹവിവര്‍ത്തനം)

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"