2013, ഫെബ്രുവരി 14, വ്യാഴാഴ്‌ച

വേട്ടകള്‍ക്കു കൂട്ടാകരുത്‌.....



പൊതുതാല്‍പര്യങ്ങളോടും പൗരാവകാശങ്ങളോടും ജനാധിപത്യ സംവിധാനത്തോടും നീതിന്യായ വ്യവസ്‌ഥയോടും മുഖംതിരിഞ്ഞുനില്‍ക്കുന്ന ഏതിനെയും തുറന്നുകാണിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്‌. അതു നിര്‍വഹിക്കാതെ വരുമ്പോള്‍ രാജ്യത്തിന്റെ തകര്‍ച്ച പൂര്‍ണമാകും.
അത്രവേഗമങ്ങ്‌ അവസാനിക്കാന്‍ പോവുന്നതല്ല മുന്‍ ഹെക്കോടതി ജഡ്‌ജി ആര്‍ ബസന്ത്‌ ഉയര്‍ത്തിവിട്ട വിവാദം. ബസന്തിന്റെ പരാമര്‍ശങ്ങളില്‍ ഒട്ടനവധി കാര്യങ്ങള്‍ ഇഴചേര്‍ന്ന്‌ നില്‍ക്കുന്നുണ്ട്‌. വിവാദമായ ഒരു സ്‌ത്രീ പീഡനക്കേസിലെ പലരും ശിക്ഷപ്പെടാതെ പോയതിലുള്ള ആശങ്കയറ്റി സുപ്രീംകോടതി ഇടപെടല്‍ നടത്തിയ സമയത്താണ്‌ ഹെക്കോടതിയിലെ മുന്‍ ജഡ്‌ജിയുടെ അസമയത്തുള്ള പരാമര്‍ശം പുറത്തുവരുന്നത്‌.എന്തുകൊണ്ട്‌ സൂര്യനെല്ലി കേസിന്റെ ഗതി ഇങ്ങനെയെത്തിയെന്ന്‌ ആരും വിശദീകരിക്കാതെ തന്നെ ഓരോ സാധാരണക്കാരനും മനസ്സിലാകാന്‍ അവസരമൊരുക്കി എന്നതാണ്‌ ബസന്ത്‌ പ്രസ്‌താവനയുടെ മറ്റൊരു ഭാഗം. നമ്മുടെ ജുഡീഷ്യല്‍ സംവിധാനത്തെക്കുറിച്ച്‌ സാധാരണക്കാരില്‍ പോലും നിലനിന്നിരുന്ന നല്ല സങ്കല്‍പ്പങ്ങളാണ്‌ ഇത്തരമൊരു കസര്‍ത്ത്‌ തകര്‍ത്തിട്ടതെന്ന്‌ പറയാതെ വയ്യ. അത്യന്തം പ്രക്ഷുബ്‌ധമായി നില്‍ക്കുന്ന ഒരു പൊതുപരിസരത്തെ ഉള്‍ക്കൊള്ളുന്ന ഒരാളില്‍ നിന്ന്‌ ഇങ്ങനെയൊന്ന്‌ ഉണ്ടാവാന്‍ പാടില്ലായിരുന്നു. മറ്റ്‌ പലരേക്കാളും ബസന്തിന്റെ പ്രതികരണം ഗൗരവതരമാകാന്‍ കാരണം ന്യായാധിപസ്‌ഥാനത്തിരുന്ന കാലത്ത്‌ അദ്ദേഹം ഉണ്ടാക്കിവെച്ച നല്ല ഇമേജ്‌ തന്നെയായിരിക്കാം.
എന്നാല്‍, പൊതുപ്രസംഗമോ അഭിമുഖമോ അല്ലാതെ രഹസ്യസംഭാഷണം ചോര്‍ത്തി എടുത്താണ്‌ ഒരു ചാനല്‍ ബസന്തിന്റെ നിരീക്ഷണങ്ങളെ പൊതുചര്‍ച്ചയാക്കി കൊണ്ടുവന്നത്‌. അഴിമതിയും കൈക്കൂലിയും അവിഹിതവഴികളും സ്‌ട്രിങ്‌ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്ന്‌ വലിയ ചലനങ്ങള്‍ സൃഷ്‌ടിച്ച മാധ്യമെശെലിയോട്‌ ഒരുനിലക്കും ഇതിനെ തുലനം ചെയ്‌തുകൂടെന്ന അഭിപ്രായം പലരും ഉയര്‍ത്തിയിട്ടുണ്ട്‌. അതു ചര്‍ച്ചയാവേണ്ടതുണ്ടെങ്കില്‍ ആകാവുന്നതാണ്‌. ആര്‍ ബസന്ത്‌ എന്ന മുന്‍ ന്യായാധിപനു വലിച്ചുകീറേണ്ടവല്ല മുഖംമൂടിയും ഉണ്ടെങ്കില്‍ അത്‌ ക്യാമറയ്‌ക്കു മുമ്പില്‍ തന്നെ ആകാമായിരുന്ന എന്ന ഗുണപരമായ ചര്‍ച്ചയെയും നിരാകരിച്ചു കൂടാ. അത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവരോട്‌ അസഹിഷ്‌ണുതയും വച്ചുപുലര്‍ത്തേണ്ടതില്ല.
പൊതുതാല്‍പര്യങ്ങളോടും പൗരാവകാശങ്ങളോടും ജനാധിപത്യ സംവിധാനത്തോടും നീതിന്യായ വ്യവസ്‌ഥയോടും മുഖംതിരിഞ്ഞുനില്‍ക്കുന്ന ഏതിനെയും തുറന്നുകാണിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്‌. അതു നിര്‍വഹിക്കാതെ വരുമ്പോള്‍ രാജ്യത്തിന്റെ തകര്‍ച്ച പൂര്‍ണമാവും. അത്തരമൊരു ദൗത്യനിര്‍വഹണത്തിനു മാധ്യമങ്ങള്‍ക്ക്‌ ശക്‌തിപകരേണ്ട ബാധ്യതയും പൗരസമൂഹത്തിനുണ്ട്‌. അതായിരിക്കാം നൈതിക ചര്‍ച്ച മാറ്റിവെച്ച്‌ ബസന്ത്‌ പ്രസ്‌താവനയില്‍ ശക്‌തമായി പ്രതികരിച്ച്‌ പൗരസമൂഹം നിര്‍വഹിച്ച ബാധ്യത.
അതേസമയം, പൗരസമൂഹത്തോടുള്ള മാധ്യമബാധ്യത പൂര്‍ണമാകുന്നുണ്ടോ എന്ന സ്വയംവിലയിരുത്തലും ഉയര്‍ന്നുവരേണ്ടതുണ്ട്‌. നൈതികതയും ധാര്‍മികതയും നിര്‍ണയിക്കുന്ന അതിര്‍വരമ്പുകള്‍ മാധ്യമങ്ങള്‍ക്ക്‌ ബാധകമാവുന്നില്ല എന്ന ആക്ഷേപം അടിക്കടി ഉയര്‍ന്നുവരുന്നുവെങ്കില്‍ അതും വിശകലനവിധേയമാവേണ്ടതുണ്ട്‌. ജനാധിപത്യത്തിലെ ധര്‍മ്മം മാധ്യമങ്ങള്‍ നിര്‍വഹിക്കണമെന്ന നിര്‍ബന്ധബുദ്ധിയുള്ളവരാണ്‌ വായനക്കാരും പ്രേക്ഷകരുമെല്ലാം. ഭരണകൂടങ്ങള്‍ ജനാധിപത്യധ്വംസനം നടത്തുമ്പോള്‍ പ്രത്യേകിച്ചും. എന്നാല്‍ ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നവര്‍ വേട്ടയാടപ്പെടുമ്പോള്‍ അതിശക്‌തമായ ഇടപെടല്‍ ഉണ്ടാവേണ്ടതുണ്ട്‌.
ഭരണകൂടങ്ങള്‍ സൃഷ്‌ടിക്കുന്ന തീവ്രവാദ ഭീകരവാദ മാവോവാദ ഭയപ്പാടില്‍ പലപ്പോഴും നേരറിയാതെ പരിഭ്രമിച്ചുനില്‍ക്കുന്ന ജനങ്ങളില്‍ ആത്മവിശ്വാസത്തിന്റെ നേരറിവ്‌ നല്‍കാന്‍ ശ്രമിച്ചവര്‍ക്ക്‌ കാരാഗ്രഹം സമ്മാനിക്കപ്പെട്ട ഒട്ടേറെ അനുഭവങ്ങള്‍ നമുക്കു മുന്നിലുണ്ട്‌. വേട്ടയാടലിന്‌ വിധേയമാവുന്ന അത്തരക്കാരില്‍ അവസാന കണ്ണിയാവണമെന്നില്ല മലയാള പത്രപ്രവര്‍ത്തക കെ.കെ.ഷാഹിനയും മംഗലാപുരത്തെ നവീന്‍ സൂരിന്‍ജെന്റെയും. ഭരണകൂട ഭീകരതയുടെ ഇരകളായി കഴിയുന്ന അനേകം നിരപരാധികള്‍ രാജ്യത്തെ വിവിധ ജയിലുകളിലുണ്ട്‌. യഥാര്‍ത്ഥ വിധ്വംസക പ്രവര്‍ത്തനത്തിന്റെ അടിവേരടക്കം കണ്ടെത്തിയിട്ടും രാജ്യത്ത്‌ നടന്ന സ്‌ഫോടനങ്ങളുടെ മറയില്‍ വ്യാജ കേസുകള്‍ സൃഷ്‌ടിച്ച്‌ അകത്താക്കിയവര്‍ക്ക്‌ ഇനിയും പുറംലോകം കാണാന്‍ കഴിഞ്ഞിട്ടില്ല.
ആവര്‍ത്തിക്കപ്പെടുന്ന അതിര്‍ലംഘനങ്ങള്‍ക്ക്‌ പൗരസമൂഹം വിധേയമാവുമ്പോള്‍ മാധ്യമസമൂഹത്തിലെ ചിലരെങ്കിലും പിന്നാമ്പുറം തേടി നടത്തുന്ന യാത്രകളാണ്‌ ആശ്വാസം പകരുന്നത്‌. അതൊന്നും വെച്ചുപൊറിപ്പിക്കില്ലെന്ന സന്ദേശം നല്‍കാന്‍ ചില ഇടപെടലുകളിലൂടെ ഭരണസംവിധാനത്തിന്‌ കഴിയുന്നു എന്നത്‌ മറ്റൊരു കാര്യമാണ്‌. പ്രത്യേക സമുദായത്തിലെ 258 പേരുടെ ഇമെയില്‍ ചോര്‍ത്തിയ സംഭവം പുറത്തുവന്നപ്പോള്‍ കേരളത്തിലെ ഇരുമുന്നണികളും സ്വീകരിച്ച സമീപനങ്ങളും മാധ്യമങ്ങള്‍ അനുവര്‍ത്തിച്ച നിലപാടും ഷാഹിന സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ നിന്ന്‌ വേറിട്ട്‌ കാണാന്‍ കഴിയില്ല.
കൃത്യമായ ലക്ഷ്യത്തോടെയും ഉദ്ദേശ്യത്തോടെയും സൃഷ്‌ടിച്ചെടുത്തതാണ്‌ മഅ്‌ദനിക്കെതിരെ എടുത്ത കേസെന്ന്‌ അനേ്വഷിച്ച്‌ കണ്ടെത്താന്‍ അതിമിടുക്കൊന്നും വേണ്ട. എന്നിട്ടും ആരും ആ വഴി സഞ്ചരിച്ചില്ലെന്നു മാത്രം. ഷാഹിന അതില്‍ വേറിട്ടു നടന്നുനോക്കി. അങ്ങനെ ഒറ്റപ്പെട്ട നടത്തങ്ങളെ എളുപ്പത്തില്‍ നിര്‍വീര്യമാക്കാനുള്ള ആയുധങ്ങള്‍ നമ്മുടെ രഹസ്യാനേ്വഷണവിഭാഗത്തിന്റെ കൈവശം മതിയാവോളം ഉണ്ടുതാനും. പൊരുളറിയേണ്ട നിരവധി കേസുകള്‍ രാജ്യത്തുണ്ടായിരിക്കേ മഅ്‌ദനി കേസില്‍ ഷാഹിന നടത്തിയ ഒറ്റപ്പെട്ട നടത്തത്തിലൂടെ ഭാവിയില്‍ പുറത്തുവന്നേക്കാവുന്ന സത്യങ്ങളെ അവര്‍ ഭയപ്പെടുന്നു.
നിര്‍ഭയമായി പത്രപ്രവര്‍ത്തനം നടത്തുന്നവരുടെ മനോവീര്യം തകര്‍ക്കുന്നതിലൂടെ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന അപ്രമാദിത്വത്തെക്കുറിച്ചു നമ്മുടെ രഹസ്യാനേ്വഷണ ഏജന്‍സിക്ക്‌ തികഞ്ഞ ബോധ്യമുണ്ട്‌. യു.എ.പി.എ എന്ന കരിനിയമത്തിലെ 22എ വകുപ്പ്‌ ഉപയോഗിച്ചും 120ബി ഉപയോഗിച്ചും കേസില്‍ പ്രതിയാക്കുമ്പോള്‍ ഇത്തരമൊരു ബോധ്യത്തെയാണ്‌ വായിച്ചെടുക്കാന്‍ കഴിയുന്നത്‌. മഅ്‌ദനിയെ കുരുക്കാന്‍ പോലിസ്‌ കൊണ്ടുവന്ന രണ്ട്‌ സാക്ഷികളുടെയും യഥാസ്‌ഥിതി പുറംലോകത്തേക്ക്‌ ഷാഹിന എടുത്തിടുമ്പോള്‍ വിറളിപിടിക്കുന്ന ഭരണകൂടത്തിന്റെ മുഖമാണ്‌ നാം കാണുന്നത്‌. ഷാഹിനയ്‌ക്ക്‌ എതിരായ കേസ്‌ നിലനില്‍ക്കില്ലെന്നും ശിക്ഷയ്‌ക്കപ്പെടില്ലെന്നും അത്‌ ചമച്ചുണ്ടാക്കിയവര്‍ക്ക്‌ നല്ല ബോധ്യമുണ്ട്‌. എന്നാല്‍ ഫ്രെയിം ചെയ്‌ത ഒരു കേസ്‌ തീരുവോളം കോടതി വരാന്തയില്‍ കയറിയിറങ്ങി ലഭിക്കുന്ന ശിക്ഷമാത്രം മതി മനോവീര്യം തകര്‍ക്കാന്‍. എറണാകുളത്ത്‌ നിന്ന്‌ മാസത്തില്‍ രണ്ടു തവണ മടിക്കേരിയിലേക്കും ചോമവാര്‍ത്തേട്ടിലേക്കും നടത്തുന്ന യാത്ര തന്നെ ഒരു സ്‌ത്രീക്ക്‌ നല്‍കാവുന്ന മതിയായ ശിക്ഷയാണ്‌.
കാവി രാഷ്‌ട്രീയം ആദ്യം വിജയിപ്പിച്ചെടുത്താല്‍ ഇത്തരം മനോവീര്യം തകര്‍ക്കല്‍ അനായാസേന മറ്റുള്ളവര്‍ക്കും പിന്തുടരാവുന്നതേയുള്ളൂ. മംഗലാപുരത്ത്‌ സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ചെയ്‌ത കുറ്റം കാവി ഭീകരതയെ തുറന്നുകാണിച്ചുവെന്നതാണ്‌. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു ജന്മദിനാഘോഷം നടത്തുന്നതു കണ്ട്‌ കലിപൂണ്ട ഹിന്ദു ജാഗരണവേദിക്കാര്‍ മംഗലാപുരത്തെ സ്‌റ്റേഹോമില്‍ കയറി നടത്തിയ ഭീകരാക്രമണത്തെ പുറംലോകത്തെ അറിയിച്ചു എന്ന തെറ്റാണ്‌ നവിന്‍ സൂരിന്‍ജെ ചെയ്‌ത തെറ്റ്‌. കഴിഞ്ഞ നവംബര്‍ 7 മുതല്‍ അദ്ദേഹത്തെ കര്‍ണാടക സര്‍ക്കാര്‍ ജയിലിലടച്ചിരിക്കുകയാണ്‌. എഡിറ്റേഴ്‌സ്‌ ഗില്‍ഡ്‌ ഉള്‍പ്പെടെ മാധ്യമ ലോകവും പൊതുസമൂഹവും ഇടപെട്ടിട്ടും നവീന്‌ പുറത്തിറങ്ങാനായിട്ടില്ല. 31 അക്രമികളോടൊപ്പം അതേ കുറ്റം തന്നെ ആ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌ത പത്രപ്രവര്‍ത്തകനും ഏല്‍ക്കേണ്ടിവന്നിരിക്കുന്നു. സര്‍ക്കാരുകള്‍ വിചാരിച്ചാലും ഇത്തരം കേസുകളില്‍ പെടുന്ന മാധ്യമപ്രവര്‍ത്തകരെ രക്ഷപെടാന്‍ അനുവദിക്കാത്ത വിധമുള്ള ചങ്ങലകളുമായാണ്‌ എല്ലാവരും ചേര്‍ത്ത്‌ ബന്ധിച്ചിരിക്കുന്നത്‌. മഅ്‌ദനി വിഷയത്തില്‍ ഉയര്‍ന്നുവരുന്ന പ്രതിഷേധത്തെ പോലെയോ അതിനേക്കാള്‍ ഗൗരവമര്‍ഹിക്കുന്ന വിധത്തിലോ ഷാഹിന കേസില്‍ പൗരബോധം ഉണര്‍ന്നുവരേണ്ടതുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"