
പരമദരിദ്രരായ ആദിവാസികള്‍ക്കുവേണ്ടി പടപൊരുതിയിരുന്ന സോണി സോറിയെ അറസ്റ്റ് ചെയ്ത ഛത്തീസ്ഗഡ് പോലിസ് അവരെ ലൈംഗികമായി ഭേദ്യം ചെയ്യാനാണു ശ്രമിച്ചത്. മറ്റു പോലിസുകാരോടൊപ്പം ആ നേരമ്പോക്കിനു നേതൃത്വം കൊടുത്ത ദന്തവാദയിലെ പോലിസ് സൂപ്രണ്ട് അങ്കിത് ഗാര്‍ഗിനു കഴിഞ്ഞ റിപബ്ളിക് ദിനത്തില്‍ പ്രസിഡന്റിന്റെ പോലിസ് മെഡല്‍ ലഭിച്ചു. ഛത്തീസ്ഗഡായാലും കേരളമായാലും സ്ത്രീകളെ കസ്റ്റഡിയിലെടുക്കുന്ന പോലിസ് ലൈംഗികമായ ഒന്നോ രണ്ടാ തെറിപറയാതിരിക്കാന്‍ ഒരു കാരണവുമില്ല. പോലിസ് ട്രെയ്നിങ് മാന്വലില്‍ പ്രതികളെ മാനസികമായി കീഴ്പ്പെടുത്തുന്നതിന് അത്തരം പ്രയോഗം ആവാമെന്ന് എഴുതിവച്ചു കാണില്ല. എന്നാല്‍ പരമ്പരാഗതമായി തലമുറ തലമുറ കൈമാറി സൂക്ഷിച്ചുപോരുന്നതാണ് അത്തരം പോലിസ് മുറകള്‍. കേരളത്തില്‍ ഈയിടെ പോലിസ് പിടികൂടിയ മാവോവാദി ദമ്പതികളുടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോടു ലൈംഗികച്ചുവയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതിനെപ്പറ്റി പരാതി ഉയര്‍ന്നിരുന്നു. ഫേസ്ബുക്കില്‍ പേരില്ലാത്തതിനാല്‍ അവര്‍ക്കുവേണ്ടി മഹിളാരത്നങ്ങള്‍ പ്രതിഷേധസൂചകമായി മുലക്കച്ച ധരിക്കാതെ പോലിസ് ആസ്ഥാനത്തിന്റെ വേലികള്‍ പൊളിക്കാന്‍ കുതിച്ചുചെന്നില്ല എന്നേയുള്ളൂ.
ബലാല്‍സംഗം മേലാളവര്‍ഗം മേല്‍ക്കോയ്മ നിലനിര്‍ത്താനുള്ള ഒരു ആയുധമായി ഉപയോഗിക്കുന്നതു ലോകത്തൊരിടത്തും അപൂര്‍വത്തി ല്‍ അപൂര്‍വമായ ഒരു കുറ്റകൃത്യമല്ല. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ദലിതുകളെ കീഴ്പ്പെടുത്തുന്നതിന്റെ നിത്യ തൊഴില്‍ അഭ്യാസമാണത്. ബലാല്‍സംഗത്തിന് ഇരയാവുന്ന ദലിത് സ്ത്രീകള്‍ക്കു സര്‍ക്കാര്‍തന്നെ നഷ്ടപരിഹാരം പ്രഖ്യാപിച്ചതു വെറുതെയല്ല. പരേതനായ ഇ.കെ. നായനാര്‍, അമേരിക്കയില്‍ ചായകുടിക്കുന്നതുപോലെ സാധാരണമാണു ബലാല്‍സംഗം എന്നൊരിക്കല്‍ പറഞ്ഞിരുന്നു. അത്ര വ്യാപകമല്ലെങ്കിലും ഇന്ത്യയിലും അതാണു സ്ഥിതി. പട്ടാളക്കാര്‍ക്കും പോലിസുകാര്‍ക്കും നിയമവാഴ്ച ഉറപ്പുവരുത്തുന്നതിനു ശമ്പളവും റിവാര്‍ഡും അവാര്‍ഡും മതിയാവില്ല. നിര്‍ബന്ധവേഴ്ച അതിന്റെ ഫ്രിഞ്ച് ബെനഫിറ്റ് ആണെന്നു പറയാം. ബോസ്നിയയില്‍ മുസ്ലിം പെണ്‍കുട്ടികളുടെ ശരീരവടിവു കാണിച്ചാണു റദോവാന്‍ കരാദിച്ചിനെപ്പോലുള്ള യുദ്ധക്കുറ്റവാളികള്‍ സെര്‍ബ് കാപാലികരെ അഴിച്ചുവിട്ടത്. ബലാല്‍സംഗത്തില്‍ ഗര്‍ഭിണിയായവര്‍ക്കു ഗര്‍ഭഛിദ്രം നടത്താമെന്ന് മാര്‍പാപ്പ തന്നെ സമ്മതം കൊടുക്കാന്‍ നിര്‍ബന്ധിതനാവുംവിധം ബോസ്നിയയിലും കത്തോലിക്കര്‍ക്കു ഭൂരിപക്ഷമുള്ള ക്രൊയേഷ്യയിലും വ്യാപകമായി ബലാല്‍സംഗം നടന്നുവെന്നാണു റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കശ്മീരിലും അതുതന്നെയാണ് ഇടയ്ക്കിടെ നടക്കുന്നത്. തീവ്രവാദികള്‍ ഒളിച്ചു നില്‍ക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചുവെന്നാക്രോശിച്ചുകൊണ്ട് സുരക്ഷാസൈനികര്‍ ഗ്രാമങ്ങളിലേക്ക് ഇരച്ചുചെല്ലും. പുരുഷന്മാരൊക്കെ സമീപത്തെ പള്ളിമുറ്റത്തോ മൈതാനിയിലോ ഫാള്‍ ഇന്‍ ആവാന്‍ ഉച്ചഭാഷിണിയിലൂടെ ഉത്തരവുവരും. പുരുഷന്മാരില്ലാത്ത വീടുകളിലേക്കു മദോന്മത്തരായ ഭടന്മാര്‍ പ്രവേശിക്കും. പുരുഷന്മാര്‍ പ്രതിഷേധിച്ചാല്‍ അതിര്‍ത്തികടന്നു വരുന്ന ലഷ്കറെ ത്വയ്യിബ ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വാര്‍ത്ത ഉള്‍പ്പേജില്‍ എവിടെയെങ്കിലും പ്രത്യക്ഷപ്പെടും. ആ പശ്ചാത്തലത്തില്‍ അകത്ത് എന്തുനടക്കുന്നുവെന്നതു ചിന്ത്യം. വേശ്യാവൃത്തിയും ജാരസന്തതികളും നന്നേ കുറവായ കശ്മീരില്‍ ആ വകയൊക്കെ പരിചിതമായതിനു പിന്നില്‍ സുരക്ഷാസൈനികരുടെ അഴിഞ്ഞാട്ടമാണെന്നുതന്നെ പറയാം. അഭിമാനികളായ കശ്മീരികള്‍ അതു പുറത്തുപറയാന്‍ മടിക്കുന്നുവെന്നു മാത്രം. മിസോറാമിലും മണിപ്പൂരിലും നാഗാലാന്റിലും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നില നിര്‍ത്താന്‍ ഭരണകൂടത്തിന്റെ കൈയിലുള്ള ആയുധങ്ങളില്‍ ബലാല്‍സംഗം പ്രധാനമാണ്. മണിപ്പൂരില്‍ മനോരമാ കൊജൂം എന്ന യുവതിയെ സുരക്ഷാസൈനികര്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു കൊന്ന് മൃതദേഹം വഴിവക്കില്‍ ഉപേക്ഷിച്ചതു ചാനല്‍ ചര്‍ച്ചയില്‍ ഒരു സുന്ദരിക്കോതയും വിഷയമാക്കിയതായി കേട്ടിട്ടില്ല. 'ഇന്ത്യന്‍ ആര്‍മി റേപ്പ് അസ്' എന്ന ബാനറുകൊണ്ടു മുന്‍ഭാഗം മാത്രം മറച്ച് മണിപ്പൂരിവനിതകള്‍ സൈനികാസ്ഥാനത്തേക്കു മാര്‍ച്ച്ചെയ്തത് ആ പ്രതിഷേധത്തിന്റെ നഗ്നതകൊണ്ടു മാത്രമാണ് നമ്മുടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
പ്രതിഷേധജ്വാലകളുമായി അന്നൊന്നും രാജ്പഥിലേക്കോ രാഷ്ട്രപതിഭവന്റെ ഗേറ്റിലേക്കോ ആരും ഓടിയതായി കേട്ടിട്ടില്ല. കാരണം, അതൊക്ക മേല്‍ക്കോയ്മ നിലനിര്‍ത്താനുള്ള വഴികളാണ്. സവര്‍ണര്‍ വന്ന് സൊറപറഞ്ഞിരിക്കുന്ന ചായക്കടകളില്‍ കയറി ചായ ചോദിക്കുന്ന ദലിതനെ ഒതുക്കിനിര്‍ത്തേണ്ടതു രാഷ്ട്രീയാവശ്യമാണ്. കശ്മീരിലും വടക്കുകിഴക്കന്‍ പ്രവിശ്യകളിലും രാജ്യത്തിന്റെ അഖണ്ഡത നിലനില്‍ക്കാന്‍ നല്‍കുന്ന വിലയാണ് തദ്ദേശവാസികളുടെ ചാരിത്യ്രം. നരോദാപാട്യയില്‍ ബലാല്‍സംഗത്തിനു വീര്യം പകരാന്‍ ചുറ്റും നിന്നു കുരവയിട്ടിരുന്നതു രാഷ്ട്രസേവികാ സമിതിയിലെ ലലനാമണികള്‍ തന്നെയായിരുന്നു. പരോക്ഷമായി ഒരു രതിസുഖം അനുഭവിക്കുന്നതിന്റെ ഹര്‍ഷപ്രഹര്‍ഷം അവരുടെ മുഖത്തു കണ്ടിരുന്നു.
ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ ഹതഭാഗ്യയായ പെണ്‍കുട്ടി ഇന്ത്യയില്‍ നടക്കുന്ന സ്ത്രീപീഡനത്തിന്റെ ഏകപ്രതീകമല്ലാതെ വരുന്നത് ഈ സാഹചര്യത്തിലാണ്. ക്രൂരതയിലും ഹിംസാത്മകതയിലും മികച്ചുനില്‍ക്കുമ്പോള്‍ത്തന്നെ ഫേസ്ബുക്കികളെ നടുക്കിയ ആ സംഭവത്തിന്റെ സാമൂഹിക- സാംസ്കാരിക സന്ദര്‍ഭവും ചര്‍ച്ചയ്ക്കു വിധേയമാവേണ്ടതുണ്ട്. പരമ യാഥാസ്ഥിതികമെന്നോ മെയില്‍ ഷോവനിസത്തിന്റെ ആവിഷ്കാരമെന്നോ ഉള്ള ആക്ഷേപമുയര്‍ന്നാലും അതു പറയാതിരിക്കാന്‍ വയ്യ. നവലിബറല്‍ സാമ്പത്തികവിപ്ളവം നടക്കുന്നതിന്റെ ഭാഗമായിരിക്കാം നഗരങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുകയാണ് ലൈംഗികത. പ്രണയദിനം വിറ്റു കാശാക്കുന്നതില്‍ തൊട്ട് അതു തുടങ്ങി.
ആഘോഷവേളകളില്‍ മദ്യപിച്ചു കൂത്താടുന്നതും സംഘനൃത്തം ചെയ്യുന്നതും അവസാനം ഏതെങ്കിലും ഒരു മുറിയിലോ മൂലയിലോ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നതുമാണ് ആധുനികത. ആണിന്റെയും പെണ്ണിന്റെയും ശരീരവടിവിനെക്കുറിച്ചും സൌന്ദര്യത്തെക്കുറിച്ചുമുള്ള പിഴച്ച സങ്കല്‍പ്പം മല്‍സരബുദ്ധിയോടെ പ്രചരിപ്പിക്കുന്ന കമ്പോള സംസ്കാരത്തിന്റെ ഇരകളാവുന്നതു സ്ത്രീശരീരങ്ങള്‍തന്നെ പ്രധാനമായും. ബോളിവുഡ് സിനിമകളിലെ സ്ഥിരം ഐറ്റം നമ്പര്‍ എന്ന പേരിലുള്ള ബെല്ലിഡാന്‍സ് വിശ്വാമിത്രമഹര്‍ഷിയുടെ പോലും തപസ്സു മുടക്കുന്നതാണ്. ബസ്സില്‍നിന്നിറങ്ങുമ്പോള്‍ കൈമുട്ടൊന്നു തട്ടിപ്പോയാല്‍ ബാനറുമെടുത്തു നഗരചത്വരത്തിലേക്കു പ്രതിഷേധത്തിനിറങ്ങുന്ന സ്ത്രീകളും അവരുടെ സെക്സ് വര്‍ക്കര്‍മാരും (ഭര്‍ത്താവെന്ന പദം അറുപിന്തിരിപ്പനായതിനാല്‍ മാത്രമാണ് ന്യൂട്രലായ ഒരു പ്രയോഗം) സിമന്റ് തൊട്ട് കുത്തരി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനു സ്ത്രീശരീരത്തെ ഉപയോഗപ്പെടുത്തുന്നതിനെതിരേ ഒരു വാക്കും ഉച്ചരിക്കാറില്ല. ഇടതുപക്ഷ മഹിളാസംഘടനകളോ മതമൌലികവാദികളോ പര്‍ദ്ദാധാരിണികളായ 'വീടാം കൂട്ടിലെ തത്തമ്മകളോ' ഒന്നു മിണ്ടിയാലായി. ഗള്‍ഫില്‍ കഴിയുന്ന ഒരു പ്രവാസിയുടെ ഭാര്യയെയും മക്കളെയും രാത്രി ടെറസിലൂടെ പ്രത്യക്ഷപ്പെട്ട്, മാറി മാറി ഉപയോഗിച്ചിരുന്ന ഒരു യുവാവിനെപ്പറ്റി ചാനലുകളില്‍ വന്ന സവിശേഷമായ സ്തുതികീര്‍ത്തനം ടിയാന്‍ പുരുഷന്റെ ക്രിയാശേഷിക്കുള്ള ദൃഷ്ടാന്തമാണെന്നായിരുന്നു.

പണ്ടു ബ്രിട്ടനിലൊക്കെ കണ്ടിരുന്നപോലെ, ജീവനോടെ നാലു കഷണമാക്കി കൊണാട്ട്പ്ളെയ്സില്‍ പ്രദര്‍ശനത്തിനു വയ്ക്കണമെന്ന് ആരും പറഞ്ഞതായി കേട്ടിട്ടില്ല. ഉലക്ക വിഴുങ്ങി ചുക്കുവെള്ളം കുടിക്കുകയാണവര്‍ .