2012, നവംബർ 30, വെള്ളിയാഴ്‌ച

കസബ്‌ കയറില്‍ തൂങ്ങുമ്പോള്‍



2008 നവംബര്‍ 26 ലെ മുംബൈ ആക്രമണം ഉയര്‍ത്തിയ ധാരാളം ചോദ്യങ്ങള്‍ക്ക്‌ ഇനിയും ഉത്തരം ലഭിക്കാതെ കിടക്കുന്നുണ്ട്‌. പാക്‌ ചാരസംഘടനയുടെയും മറ്റു വിദേശശക്‌തികളുടെയും ഒത്താശയോടെ നടത്തിയ സ്‌ഫോടനങ്ങളുടെ യഥാര്‍ഥചിത്രം ഇനിയും പുറത്തുവരേണ്ടതായിരിക്കെ അജ്‌മലിനെ മാത്രം അവസാനിപ്പിക്കുന്നതിലൂടെ തീരുന്നതല്ല നമ്മുടെ രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍.
വീണ്ടുമൊരിക്കല്‍ പൂനെയിലെ യെര്‍വാദ ജയില്‍ചരിത്രത്തില്‍ ഇടം കണ്ടെത്തി. ദലിതര്‍ക്ക്‌ ഇരട്ടവോട്ടവകാശം നല്‍കിയതിനെതിരേ ഗാന്ധിജി യെര്‍വാദ ജയിലില്‍ നടത്തിയ നിരാഹാരമായിരുന്നു ഒന്നാമത്തേത്‌. രാജ്യത്തെ ദലിതുകള്‍ക്ക്‌ സന്തോഷം നല്‍കുന്നതായിരുന്നില്ല ഗാന്ധിജിയുടെ നിലപാടെന്നാണു പിന്നീട്‌ ചരിത്രം വിലയിരുത്തിയത്‌.
ഇന്ത്യ നടുങ്ങിയ ഭീകരസംഭവമായ മുംബൈ ആക്രമണത്തിലെ പ്രധാന പ്രതി അജ്‌മല്‍ കസബിനെ തൂക്കിലേറ്റാന്‍ ഭരണകൂടം തെരഞ്ഞെടുത്തതും യെര്‍വാദ ജയില്‍ തന്നെയായിരുന്നു. രാഷ്‌ട്രത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തി വാണിജ്യ തലസ്‌ഥാനമായ മുംബൈയില്‍ നടത്തിയ ഭീകരാക്രമണത്തിനു നാലാണ്ടു തികയുന്നതിന്‌ അഞ്ചുനാള്‍ മുമ്പാണ്‌ അജ്‌മല്‍ കസബ്‌ കൊലക്കയറില്‍ ആടിയത്‌. 2008 നവംബര്‍ 26 ലെ ഭീകരരംഗങ്ങള്‍ രാജ്യം ഇന്നും നടുക്കത്തോടെ തന്നെയാണ്‌ ഓര്‍ത്തുകൊണ്ടിരിക്കുന്നത്‌. നടുക്കത്തില്‍ കഴിയുന്ന ജനതയ്‌ക്കു കിട്ടിയ നെടുനിശ്വാസമായിരുന്നു പലര്‍ക്കും കസബിന്റെ തൂക്കിലേറ്റല്‍. 166 പേരുടെ ജീവന്‍ അപഹരിക്കുകയും മുന്നൂറിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും കോടികള്‍ നഷ്‌ടം സംഭവിക്കുകയും ചെയ്‌ത ഒരു മഹാദുരന്തത്തിന്റെ പ്രധാന കണ്ണിയെ തൂക്കിലേറ്റുന്നതിനോട്‌ ആര്‍ക്കും ഒരെതിര്‍പ്പും ഉണ്ടാവാന്‍ ഇടയില്ല. ആര്‍ക്കെങ്കിലും അതില്‍ വിയോജിപ്പുണ്ടെങ്കില്‍ അത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഇനിയും നടക്കണമെന്ന്‌ ആഗ്രഹിക്കുന്ന ശക്‌തികള്‍ക്കു മാത്രമാണ്‌. പാക്‌ പൗരനായ അജ്‌്മലിനെ തൂക്കിലേറ്റിയതിനോടു പാക്കിസ്‌ഥാന്റെ പ്രതികരണംപോലും അത്ര തീക്ഷ്‌ണമാവാതിരിക്കാന്‍ കാരണം ശിഥിലീകരണ പ്രവര്‍ത്തനങ്ങളോടു മൃദുസമീപനമുണ്ട്‌ എന്നു വന്നുകൂടാ എന്നതിനാല്‍ തന്നെയായിരിക്കും.
സ്വതന്ത്ര ഇന്ത്യയില്‍ വധശിക്ഷയ്‌ക്കു വിധേയനാവുന്ന 56ാമത്തെ വ്യക്‌തിയാണ്‌ അജ്‌മല്‍ കസബ്‌. ഗാന്ധിയെ വധിച്ച നാഥുറാം വിനായക്‌ ഗോഡ്‌സെയും നാരായണന്‍ ആപ്‌തെയുമാണ്‌ ആദ്യ വധശിക്ഷ ലഭിച്ചവര്‍. യു.എന്നിലടക്കം വധശിക്ഷാവിരുദ്ധ വികാരം രൂപപ്പെടലിന്റെ പൊതുവികാരം ഉയര്‍ന്നുവരുന്നുണ്ട്‌. ഇന്ത്യയിലെ സുപ്രീംകോടതി ജഡ്‌്ജിമാരിലും ഇങ്ങനെയൊരു ചര്‍ച്ചയ്‌ക്കു തുടക്കമായിട്ടുണ്ട്‌. വധശിക്ഷ വിധിക്കപ്പെട്ട 29 പേര്‍ ഇപ്പോഴും രാഷ്ര്‌ടപതിക്കു സമര്‍പ്പിച്ച ദയാഹര്‍ജി കാത്തു കഴിയുകയാണ്‌. പ്രമാദമായ നിരവധി കേസിലെ പ്രതികള്‍ ഇതിലുണ്ട്‌. ആ ഫയലുകളെല്ലാം താഴെയാക്കി അജ്‌്മല്‍ കസബിന്റെ വധശിക്ഷാ ഫയല്‍മാത്രം അതിവേഗം മുമ്പിലെത്തിയതും അതീവരഹസ്യമായി തൂക്കിലേറ്റല്‍ നടന്നതും ഒരു പൊതുചര്‍ച്ചയായി വരുമ്പോള്‍ മതിയായ വിശദീകരണം നല്‍കാന്‍ ഭരണസംവിധാനത്തിന്‌ കഴിയാതെ വരുന്നുണ്ട്‌. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളോടും വിധ്വംസക പ്രവര്‍ത്തനങ്ങളോടും ഭരണകൂടം സ്വീകരിക്കുന്ന നിലപാടിലെ ഉദ്ദേശശുദ്ധിയെ ജനങ്ങള്‍ സംശയിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നുവെങ്കില്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നിടത്തു വരുന്ന പരാജയത്തെയാണ്‌ അത്‌ സൂചിപ്പിക്കുന്നത്‌.
അജ്‌മല്‍ കസബിന്‌ നല്‍കിയ ശിക്ഷയെ ഒട്ടും ഗൗരവം കുറച്ചു കണ്ടുകൂടാ. അതേസമയം ഒരു ഉപകരണം മാത്രമായ കസബിന്റെ വധത്തിലൂടെ അവസാനിക്കുന്നതാണോ രാജ്യത്തെ വിധ്വംസകപ്രവര്‍ത്തനങ്ങളുടെ വേരറുക്കല്‍? ശൈഥില്യങ്ങളോടു കടുത്ത നിലപാട്‌ തന്നെയാണു നമ്മുടെ ഭരണസംവിധാനത്തിനുള്ളത്‌ എന്നു പൂര്‍ണമായും ബോധ്യപ്പെടുത്താന്‍ കസബിനു നല്‍കിയ വധശിക്ഷമാത്രം മതിയായതല്ല.
സര്‍വത്ര വിനാശം മാത്രം വിതയ്‌ക്കുന്ന ഒരു ഫാക്‌ടറിയില്‍ നിര്‍മിക്കപ്പെട്ട ഒരു ഉപകരണം പിടിച്ചെടുത്തു നശിപ്പിക്കുന്നതിലൂടെ പ്രകടിപ്പിക്കുന്ന വിജയാഹ്ലാദത്തെ വലിയ ധീരതയായി ആരും പ്രകീര്‍ത്തിച്ചുകൊള്ളണമെന്നില്ല.
2008 നവംബര്‍ 26 ലെ മുംബൈ ആക്രമണം ഉയര്‍ത്തിയ ധാരാളം ചോദ്യങ്ങള്‍ക്ക്‌ ഇനിയും ഉത്തരം ലഭിക്കാതെ കിടക്കുന്നുണ്ട്‌. പാക്‌ ചാരസംഘടനയുടെയും മറ്റു വിദേശശക്‌തികളുടെയും ഒത്താശയോടെ നടത്തിയ സ്‌ഫോടനങ്ങളുടെ യഥാര്‍ഥ ചിത്രം ഇനിയും ധാരാളം പുറത്തുവരേണ്ടതായിരിക്കെ അജ്‌മലിനെ മാത്രം അവസാനിപ്പിക്കുന്നതിലൂടെ തീരുന്നതല്ല നമ്മുടെ രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍.
സ്വതന്ത്ര ഇന്ത്യയില്‍ ഒരു കുറ്റകൃത്യത്തിലും ഇത്ര വേഗമേറിയ വിചാരണയും ശിക്ഷയും നടപ്പാക്കിക്കണ്ടിട്ടില്ലെന്നു നിയമജ്‌ഞര്‍ ചൂണ്ടിക്കാണിക്കുന്നു. മുംബൈ സംഭവത്തിന്‌ ഉടനേ തന്നെ ഈ ഭീകരസംഭവത്തെക്കുറിച്ച്‌ ധാരാളം വിശകലനങ്ങള്‍ നടന്നിട്ടുണ്ട്‌. കണ്ണടച്ചുപിടിച്ച്‌ നടത്തിയ അന്വേഷണമായിരുന്നോ നവംബര്‍ 26 നെ കുറിച്ചു നടന്നതെന്നുപോലും വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നതും ഇന്നും മായാതെ നിലനില്‍ക്കുകയാണ്‌.
കസബ്‌ തനിയെ മുംബൈയില്‍ എത്തിയെന്നു വിശ്വസിക്കാന്‍ മാത്രം മൗഢ്യമല്ല നമ്മുടെ പൊതുബോധം. ആയുധങ്ങളുമായി കസബിനെ പറഞ്ഞുവിട്ടവരെ ശരിയാംവണ്ണം പുറത്ത്‌ കൊണ്ടുവരാന്‍ കഴിയാത്ത വിധമുള്ള അദൃശ്യമായ ചില വിലക്കുകള്‍ നമ്മുടെ മുമ്പിലുണ്ട്‌. ആ വിലക്കുകളെ മറികടക്കാന്‍ എപ്പോഴാണു നമ്മുടെ ഭരണനീതിന്യായ സംവിധാനങ്ങള്‍ക്കു കഴിയുക. അപ്പോള്‍ മാത്രമായിരിക്കും രാജ്യത്തിന്റെ ഭദ്രത ഉറപ്പുവരുത്താന്‍ കഴിയുകയുള്ളൂ.
മുന്‍വിധികളാല്‍ തീര്‍പ്പാക്കപ്പെടുന്നതാണു ഭീകരതയെക്കുറിച്ചുള്ള ന്യായാന്യായങ്ങള്‍. രാജ്യരക്ഷയെക്കാള്‍ പ്രധാനം രാഷ്‌ട്രീയവും സാമ്പത്തികവുമായ നേട്ടകോട്ടങ്ങള്‍ക്കാണു മുന്‍ഗണന എന്നു വരുമ്പോള്‍ അസന്തുലിതമായ കുറ്റവിചാരണയും വിധിതീര്‍പ്പുകളുമാണ്‌ ഉണ്ടായിത്തീരുക. അതാണു നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. നട്ടെല്ല്‌ വളയാതെ ഭികരവാദത്തോടും തീവ്രവാദത്തോടും നിലപാട്‌ സ്വീകരിക്കാന്‍ കഴിയുക സത്യസന്ധമാവുമ്പോഴാണ്‌.
വേട്ടയാടേണ്ടവനെ മുന്‍കൂട്ടി നിശ്‌ചയിച്ചുവച്ചു നടത്തുന്ന കുറ്റവിചാരണകള്‍ സത്യസന്ധമാവാനോ പക്ഷപാതരഹിതമാവാനോ ഇടയില്ല. ഇവിടെയാണ്‌ അടിമുടി മുംബൈ ഭീകരാക്രമണവും പ്രചാരണവും വിചാരണയും വിധിതീര്‍പ്പും നടപ്പാക്കലും വിലയിരുത്തപ്പെടേണ്ടത്‌. കസബ്‌ കയറില്‍ തൂങ്ങിയാടുമ്പോള്‍ ആരെല്ലാം രക്ഷപ്പെട്ടു എന്നത്‌ നമ്മെ ഒട്ടും അലോസരപ്പെടുത്തുന്നില്ല. മുംബൈ ആക്രമണം നടക്കുമ്പോള്‍ താന്‍ പോലീസ്‌ കസ്‌റ്റഡിയിലായിരുന്നെന്ന വിചാരണാ വേളയിലെ കസബിന്റെ മൊഴി പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ മുഖവിലക്കെടുക്കേണ്ടതല്ലെങ്കിലും ഡേവിഡ്‌ കോള്‍മണ്‍ ഹെഡ്‌ലിയുടെയും തഹവ്വൂര്‍ ഹുസൈന്‍ റാണയുടെയും പങ്ക്‌ സ്‌ഥിരീകരിച്ച സ്‌ഥിതിക്ക്‌ അതെങ്കിലും പരിഗണിക്കപ്പെടേണ്ടതല്ലേ? അമേരിക്ക തീര്‍ത്തുവച്ച പലവിധ വിലക്കുകളിലും വീര്‍പ്പുമുട്ടി കഴിയുന്ന ഒരു രാജ്യത്തിന്‌ കസബിന്‌ അപ്പുറത്തേക്കു മുമ്പോട്ടുപോവാന്‍ കഴിയില്ലെന്നതാണു പച്ചയായ വസ്‌തുത.
ദേശത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിച്ച ഭീകരപ്രവര്‍ത്തന വിരുദ്ധവേട്ടയ്‌ക്കു മഹാരാഷ്ര്‌ടയില്‍ അത്യപൂര്‍വ തുടക്കം 2008 നവംബറിനു മുമ്പുതന്നെ ആരംഭിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ അഭിമാനിക്കാന്‍ വകനല്‍കുന്ന ധീരോദാത്തമായ ഭീകരതയുടെ വേരറുക്കല്‍ പ്രക്രിയയ്‌ക്കായിരുന്നു മഹാരാഷ്‌ട്രാ എ.ടി.എസ്‌. മേധാവി ഹേമന്ത്‌ കര്‍ക്കറെ തുടക്കമിട്ടത്‌. 2008 സെപ്‌റ്റംബറില്‍ മലേഗാവില്‍ നടന്ന സ്‌ഫോടനത്തിന്റെ ആഴത്തിലേക്ക്‌ ഊളിയിട്ടുചെന്നു കര്‍ക്കറെയും സഹപ്രവര്‍ത്തകരും പുറത്തുകൊണ്ടുവന്നതു ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങളായിരുന്നു. ഇന്ത്യയില്‍ സൈനിക അട്ടിമറിക്കുവരെ പദ്ധതിയിട്ട്‌ കേണല്‍ പുരോഹിതിന്റെയും സ്വാമി അസിമാനന്ദയുടെയും പ്രജ്‌ഞാസിംഗ്‌ ഠാക്കൂറിന്റെയും നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പച്ചയായ വിധ്വംസക പ്രവര്‍ത്തനങ്ങള്‍. ഇന്ത്യയിലെ ആഭ്യന്തരശൈഥില്യങ്ങള്‍ക്കു ശ്രമിക്കുന്ന ഈ ഹിന്ദുത്വ ശക്‌തികള്‍ക്ക്‌ ഇസ്രയേലും നേപ്പാളും നല്‍കുന്ന കലവറയില്ലാത്ത പിന്തുണ. ഇന്ത്യന്‍ ഇന്റലിജന്‍സിന്റെയും സൈന്യത്തിന്റെയും സൗകര്യങ്ങളുടെ ഉപയോഗപ്പെടുത്തല്‍ ഇതെല്ലാം നിരന്തരം പുറത്തേക്കു വന്നു. സൈന്യത്തില്‍നിന്നു കടത്തിക്കൂട്ടിയ ആര്‍.ഡി.എക്‌സ്. സ്‌ഫോടനത്തിന്‌ ഉപയോഗപ്പെടുത്തിയെന്ന കേണല്‍ പുരോഹിതിന്റെ കുറ്റസമ്മത മൊഴി. ടെല്‍ അവീവില്‍ സങ്കല്‍പ ഹിന്ദുരാഷ്‌ട്രത്തിന്റെ കൊടിയുര്‍ത്താനുള്ള അടങ്ങാത്ത മോഹങ്ങള്‍. എല്ലാം മുടിനാര്‌ കീറി കര്‍ക്കറെയും സംഘവും പരിശോധിച്ചു ലോകത്തിനുമുമ്പില്‍ തുറന്നുവച്ചു. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ അതിനുമുമ്പ്‌ സ്‌ഫോടനങ്ങളിലേക്കും അന്വേഷണങ്ങള്‍ നീണ്ടു. പൂര്‍ത്തിയായ പല കേസിലേക്കും പുനരന്വേഷണം ചെന്നെത്തി. മക്കാമസ്‌ജിദും സംത്സോതയും അജ്‌മീരും അഹമ്മദാബാദും തുടങ്ങി എണ്ണമറ്റ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ അടിവേരാണു പുറത്തുവന്നത്‌. അവിടെയെല്ലാം യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ തുടങ്ങി. അതോടെ സ്‌ഥിതിഗതികള്‍ പരുങ്ങലിലായ ഹിന്ദുത്വശക്‌തികള്‍ക്കു നിലനില്‍പിനു വഴിതേടേണ്ടിവന്നു. അവിടെയാണു മുംബൈ ഭീകരാക്രമണങ്ങള്‍ സംശയം സൃഷ്‌ടിച്ചത്‌. ഒരു മുസ്‌ലിം തീവ്രവാദി ചിന്താഗതിക്കാരുടേതായിരുന്നില്ല സംശയങ്ങള്‍ ഒന്നും. സാമൂഹ്യ പ്രവര്‍ത്തകരും രാഷ്‌ട്രീയ നേതൃത്വവും മാധ്യമപ്രവര്‍ത്തകരും ഈ സംശയം ഉന്നയിച്ചു.
ഇന്ത്യയിലെ യഥാര്‍ഥ ഭീകരപ്രവര്‍ത്തനം നടത്തുന്ന ശക്‌തികളാരാണെന്നു പുറംലോകത്തെ അറിയിച്ച മഹാരാഷ്‌ട്ര എ.ടി.എസ്‌. തലവന്‍ ഹേമന്ത്‌ കര്‍ക്കറെയും സംഘത്തിലെ അശോക്‌ കാംതെയും, വിജയ്‌ സലസ്‌കറും കൊല്ലപ്പെട്ടതു സംബന്ധിച്ച്‌ ഉയര്‍ന്ന സംശയങ്ങള്‍ ദുരീകരിക്കപ്പെടാതെ ഇന്നും നിലനില്‍ക്കുന്നു. കവിതാ കര്‍ക്കറെയും വിനീതാ കാംതെയും സ്‌മിതാ സല്‌സകറും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തിലെ ചുരുളഴിക്കാന്‍ ആവശ്യപ്പെട്ടു നടത്തിയ നിവേദനങ്ങള്‍ക്ക്‌ ഇന്നുവരെ കടലാസിന്റെ വിലപോലും ലഭിക്കാതെ കിടക്കുകയാണ്‌.
രാജ്യത്ത്‌ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ ഫാഷിസത്തോടും ഭീകരതയോടും നിലപാട്‌ സ്വീകരിച്ച പലര്‍ക്കും നഷ്‌ടപ്പെടുത്തേണ്ടിവന്നത്‌ തങ്ങളുടെ വിലപ്പെട്ട ജീവനാണ്‌. മറ്റു ചിലര്‍ക്ക്‌ അവരുടെ രാഷ്ര്‌ടീയഭാവി നഷ്‌ടമാവുകയും ചെയ്‌തു. മാധവറാവു സിന്ധ്യയുടെയും രാജേഷ്‌ പൈലറ്റിന്റെയും മരണങ്ങളിലെ ദുരൂഹതകള്‍ നീങ്ങാതെ നില്‍ക്കുന്നപോലെ കര്‍ക്കരെയും സംഘവും വിസ്‌മൃതിയിലേക്കു നീങ്ങുക തന്നെയാണ്‌. കര്‍ക്കരെയെ കൊന്നതിനെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട എ.ആര്‍. ആംന്തുലെയും ബട്‌ലാ ഹൗസ്‌ ഏറ്റുമുട്ടല്‍ കൊലപാതകത്തെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട അര്‍ജുന്‍സിംഗും ഇന്ത്യന്‍ രാഷ്ര്‌ടീയത്തില്‍ എങ്ങിനെ തിരസ്‌കൃതമായി എന്നു പഠിക്കുമ്പോള്‍ ഭീകരതയോടു നമ്മുടെ സത്യസന്ധത ഏറെ ബോധ്യമാവും. വേരറുത്തെറിയാതെ ശാഖകള്‍ വെട്ടിമാറ്റി ഭീകരതയെ ഇല്ലായ്‌മ ചെയ്യാനാവില്ല. അതിനുള്ള ആര്‍ജവം നിലനില്‍ക്കുന്ന ഒരു രാഷ്ര്‌ടീയ സംവിധാനവും ഇല്ല. ആഴ്‌ന്നിറങ്ങുന്ന വര്‍ഗീയതയ്‌ക്കും ഭീകരതയ്‌ക്കും വേണ്ടിയുള്ള വസ്‌തുനിഷ്‌ഠമായ അന്വേഷണത്തിനു പുറപ്പെടുംമുമ്പ്‌ മുംബൈ ആക്രമണത്തിന്റെ ഉള്ളറകള്‍ കണ്ടെത്താന്‍ സന്നദ്ധമാവേണ്ടതുണ്ട്‌. മഹാരാഷ്‌ട്ര പോലീസില്‍നിന്ന്‌ ഐ.ജിയായി വിരമിച്ച ഷംസുദ്ദീന്‍ മിയാലാല്‍ മുഷ്‌റഫ്‌ എന്ന എസ്‌.എം. മുഷ്‌റഫ്‌ രചിച്ച മുംബൈ ആക്രമണത്തിന്റെ നിഗൂഢതകള്‍ വെളിപ്പെടുത്തുന്ന ഹു കില്‍ഡ്‌ കാര്‍ക്കറെ എന്ന പുസ്‌തകം നമ്മുടെ എല്ലാ മുന്‍വിധികളും തകിടം മറിക്കുന്നതാണ്‌. മലയാളത്തിലും ലഭ്യമാണ്‌ പുസ്‌തകം. മുംബൈ ആക്രമണക്കേസിലെ പ്രധാന കണ്ണി കസബ്‌ തൂക്കിലേറിയ സാഹചര്യത്തിലെങ്കിലും ശരിയായ ദിശയിലേക്കു നമ്മുടെ അന്വേഷണങ്ങള്‍ ഇനിയും കടന്നുചെല്ലേണ്ടതുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"