.jpg)
സമീപകാല രാഷ്ട്രീയചലനങ്ങള്‍ വീക്ഷിക്കുമ്പോള്‍, ഒരു ദേശീയബദലായി സംഘപരിവാരം തിരിച്ചുവരാനുള്ള സാധ്യത വിദൂരമാണ്; വാജ്പേയി രംഗത്തുനിന്നു മാറിനിന്നശേഷം പാര്‍ട്ടി അതിഭീകരമാംവിധം നേതൃശൂന്യത അഭിമുഖീകരിച്ചുകൊണ്ടിരിക്കെ വിശേഷിച്ചും. അതിനാല്‍ തന്നെ, ജനാധിപത്യത്തിലെ അഞ്ചും മൂന്നും എട്ടിനു പകരം ഒരു പുതിയ സമവാക്യം അണിയറയില്‍ രൂപംകൊള്ളുന്നത് ശ്രദ്ധിക്കാതിരുന്നുകൂടാ. സംഘപരിവാരത്തിന്റെ അനുഗ്രഹാശിസ്സുകളോടും അകമ്പടിയോടും കൂടി അരങ്ങേറുന്ന പ്രസ്തുത നീക്കം ജനാധിപത്യസംവിധാനങ്ങളെ നോക്കുകുത്തികളാക്കി രാജ്യത്തെ സ്വന്തം വരുതിയില്‍ കൊണ്ടുവരാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളുടെ ഭാഗമാണ്.
.jpg)
ഒരര്‍ഥത്തില്‍ ഇതിനേക്കാള്‍ ഉല്‍ക്കണ്ഠാകുലമാണ് ശ്രീ ശ്രീ രവിശങ്കര്‍ എന്ന ശ്രീമാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ചില പരാമര്‍ശങ്ങള്‍. ഒടുവിലത്തേത് സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടണമെന്ന ആക്രോശം. പറയപ്പെട്ട കാരണം, സര്‍ക്കാര്‍ സ്കൂളുകളിലെ വികൃതിപ്പയ്യന്‍മാര്‍ വഴിക്കാണ് മാവോയിസവും ഇതര ഭീകരവാദവും ശക്തിപ്പെടുന്നത് എന്നതാണ്. ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍ ഈ അടുത്തിടെ നടന്ന വിദ്യാര്‍ഥിയൂനിയന്‍ തിരഞ്ഞെടുപ്പില്‍ മാവോവാദി അനുകൂലികള്‍ക്കു ലഭിച്ച മേല്‍ക്കൈ ആവണം രവിശങ്കറിന്റെ പെട്ടെന്നുള്ള പ്രതികരണത്തിന് ആസ്പദം. ഇത്തവണ ഇടത് എക്സ്ട്രീമിസ്റുകള്‍ക്കു മേല്‍ക്കൈ കിട്ടിയെങ്കില്‍ കഴിഞ്ഞ ഒരുതവണ ഈ സര്‍ക്കാര്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥിയൂനിയന്റെ നിയന്ത്രണം ശ്രീ ശ്രീയുടെ മാനസസന്താനങ്ങള്‍ക്കായിരുന്നു എന്ന വസ്തുത ഇവിടെ അനുസ്മരിക്കുക.
ജെ.എന്‍.യു വിദ്യാര്‍ഥികള്‍ അതതവസരങ്ങളില്‍ എങ്ങനെ ചിന്തിക്കുന്നു എന്നതായിക്കൂടാ ഏതുനിലയ്ക്കും ഒരു രാജ്യത്തെ വിദ്യാഭ്യാസനയത്തിന്റെ നിയാമക ശക്തി. ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ ഒട്ടേറെ വിദ്യാഭ്യാസ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു. കഴിവും സാധ്യതയുമനുസരിച്ചു ചെറുതും വലുതുമായ മത-ജാതിവിഭാഗങ്ങളും സാമുദായികസംഘടനകളും വരുംതലമുറകളെ വലവീശി വരുതിയില്‍ നിര്‍ത്താന്‍ പതിനെട്ടും പിന്നെ പന്ത്രണ്ടും നടത്തുന്നതിന്റെ അടയാളങ്ങളാണ് കൂണുകള്‍ കണക്കെ മുളച്ചുപൊന്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രഭാതം പൊട്ടിവിടര്‍ന്നാല്‍ നമ്മുടെ കണ്‍മുന്നിലൂടെ വിദ്യാര്‍ഥികളെയും വഹിച്ചു ചീറിപ്പറന്നോടുന്ന വാഹനങ്ങളും. ഈ വിദ്യാര്‍ഥിവാഹനങ്ങളും അവ ചെന്നുനില്‍ക്കുന്ന വിദ്യാലയമുറ്റങ്ങളും വിദ്യാര്‍ഥികളുടെ ക്ളാസ് മുറികളുമെല്ലാം ഇന്ത്യന്‍ ബഹുസ്വരതയുടെ ബഹുവര്‍ണ വിശേഷതകളാണെങ്കിലും അവ ഓരോന്നും വെള്ളംകടക്കാത്ത അറകളാണ് എന്നതാണു വാസ്തവം. മലയാളത്തിലേക്കു മൊഴിമാറ്റിപ്പറഞ്ഞാല്‍, പഴയകാല ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ അതിരുകളാല്‍ വേര്‍തിരിച്ചുണ്ടാക്കിയ പര്‍ണശാലകളാണ് ഇവയത്രയും.
തീര്‍ത്തും വ്യത്യസ്തമാണു സര്‍ക്കാര്‍ വിദ്യാലയപരിസരം. അവിടെ മതത്തിന്റെയോ ജാതിയുടെയോ ചുറ്റുമതിലുകളില്ല. ക്ളാസ്മുറികള്‍ ജാതീയതയുടെയും ഉപജാതീയതയുടെയും കനത്ത ഇരുമ്പുഷീറ്റുകള്‍ അടിച്ചു വേര്‍തിരിച്ച് നിറംതേച്ചു വ്യത്യസ്തപ്പെടുത്തിയിട്ടില്ല. മതങ്ങളും അവ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും എത്രയും മഹത്തരവും ആദരണീയവുമാണെങ്കിലും ഇന്ത്യയുടേതുപോലുള്ള ബഹുസ്വരതകൊണ്ട് അടയാളപ്പെടുത്തപ്പെട്ട ഒരു സമൂഹത്തില്‍ ജനാര്‍ദനനും ജാഫറും ജേക്കബും പരസ്പരം അറിയാതെപോവുമ്പോള്‍ അതു വരുത്തിത്തീര്‍ക്കുന്ന അനര്‍ഥങ്ങള്‍ ചില്ലറയല്ല. ഈ മൂന്നു പേരുകളും വമ്പിച്ച അര്‍ഥതലങ്ങളുള്ള കൂട്ടായ്മകളാണ്. അവയ്ക്ക് അവയുടേതായ സവിശേഷ വര്‍ണവും വേഷവിശേഷങ്ങളും ശബ്ദഘോഷങ്ങളുമുണ്ട്. വര്‍ണപരവും വേഷപരവും ശബ്ദപരവുമായ ഇവയുടെ വ്യത്യസ്തതകള്‍ അപരിചിതത്വത്തിന്റെ അടയാളങ്ങളായി മാറുമ്പോള്‍ അവയോരോന്നും ഭയാനകങ്ങളായ ചില പ്രതീകങ്ങളായി പരിണമിക്കുന്നു. പ്രഭാതനേരം അമ്പലത്തില്‍നിന്നു കുളിര്‍തെന്നലിനൊപ്പം ഒഴുകിയെത്തുന്ന ശംഖുവാദ്യവും പള്ളിമിനാരങ്ങളില്‍നിന്ന് ഉയരുന്ന ബാങ്കൊലിയും ചര്‍ച്ചില്‍ നിന്നു മുഴങ്ങുന്ന മണിനാദവും ആഹ്ളാദകരമായ ഒരനുഭവമായിത്തീരുന്നത് അവയെക്കുറിച്ച തിരിച്ചറിവും ചിരപരിചിതത്വവും മൂലമാണ്. ഇന്ത്യ എന്ന ബഹുസ്വര രാഷ്ട്രം വിശ്വാസപരമായ ഐക്യത്തിന്റെയും പരമതബഹുമാനത്തിന്റെയും അനാദൃശമായ മാതൃകയാവുമ്പോള്‍ പരിഷ്കൃതരാജ്യങ്ങളായ ഫ്രാന്‍സും ഇറ്റലിയും നോര്‍വേയുമെല്ലാം ഇത്തരം ഇരട്ടശബ്ദങ്ങളെ ഭയപ്പെട്ട് അവ സ്വിച്ച് ഓഫ് ചെയ്യാന്‍ ശ്രമിക്കുന്ന അനുഭവങ്ങള്‍ നമ്മോടു പറയുന്നതും മറ്റൊന്നല്ല.
ഈ ബഹുസ്വരത നിശ്വസിക്കുന്ന ഊര്‍ജത്തിലൂടെയാണ് ഓണവും പെരുന്നാളും ക്രിസ്മസുമെല്ലാം ഒരു ജനത ഒന്നാകെ ഉല്‍സാഹപൂര്‍വം ആവേശത്തോടെ വരവേല്‍ക്കുന്ന ആഘോഷങ്ങളായി മാറുന്നത്. അത്തരം ഉല്‍സാഹങ്ങളുടെ അഭാവത്തില്‍ വിഷുവിന്റെ പടക്കംപൊട്ടലിന്റെ ശബ്ദം അയല്‍ക്കാരനു ഭീകരമായ സ്ഫോടനമായി അനുഭവപ്പെടുകയും ഓരോ പൊട്ടല്‍ നടക്കുമ്പോഴും വിവരമറിയിക്കാന്‍ അവന്‍ ബന്ധപ്പെട്ട പോലിസ് സ്റ്റേഷനിലേക്ക് ഓടുകയും ചെയ്യുന്നു.
ഹോളി ദിവസം വൃത്തിയായി ഉടുത്തൊരുങ്ങി പുറപ്പെട്ട ആളെ വഴിയില്‍ തടഞ്ഞുവച്ച് ഉടുത്തതിലും ഉടലിലുമെല്ലാം ചായം വാരിപ്പൂശുന്നത് കത്തിക്കുത്തില്‍ ചെന്നവസാനിക്കാത്തത് ഇത്തരം തിരിച്ചറിവുകളുടെ ഫലമായാണ്. ഇത്തരം തിരിച്ചറിവിന്റെ ഫലമായാണു കേരളത്തിലെ ഒരു സ്കൂള്‍ ക്യാംപിലെ ഏതാനും മുസ്ലിംകുട്ടികള്‍ പ്രഭാതം തൊട്ട് പ്രദോഷം വരെ റമദാന്‍ വ്രതമനുഷ്ഠിച്ചപ്പോള്‍ കൂട്ടുകാരായ അമുസ്ലിം കുട്ടികളും അവരോടൊത്ത് പച്ചവെള്ളം പോലും കുടിക്കാതെ ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതമനുഷ്ഠിച്ചത്. മറ്റൊരു സാഹചര്യത്തിലായിരുന്നുവെങ്കില്‍ ബിന്‍ലാദിന്‍ നോല്‍ക്കുന്ന നോമ്പ് എന്നു പറഞ്ഞ് ഈ കുട്ടികള്‍ മാറ്റിനിര്‍ത്തപ്പെടുകയും കുറ്റവിചാരണ ചെയ്യപ്പെടുകയും ചെയ്യാവുന്ന സാഹചര്യം നിലനില്‍ക്കെയാണ് ഇതു സംഭവിക്കുന്നത് എന്ന വസ്തുത വിസ്മരിക്കരുത്.
സര്‍ക്കാര്‍ സ്കൂളുകള്‍ സാര്‍വത്രികമായി അടച്ചുപൂട്ടപ്പെടുകയും വിദ്യാഭ്യാസരംഗത്തുനിന്നു സര്‍ക്കാര്‍ ഉള്‍വലിയുകയും ചെയ്താല്‍ നിലവില്‍ വരാന്‍പോവുന്ന അവസ്ഥ, പരസ്പരം പേരോ സ്വഭാവസവിശേഷതകളോ സാംസ്കാരിക അടയാളങ്ങളോ തിരിച്ചറിയാത്ത ഒരു തലമുറ പിറവിയെടുക്കുക എന്നതായിരിക്കും.
വിദ്യാഭ്യാസം സ്വകാര്യമേഖലയില്‍ പരിമിതമാവുമ്പോള്‍ 23 രൂപ എന്ന അധികവരുമാനംകൊണ്ട് ആര്‍ഭാടജീവിതം നയിക്കുന്നവരുടെയും അതിനു താഴെയുള്ള ബി.പി.എല്ലുകാരുടെയും അനേക കോടി വരുന്ന കുട്ടികളുടെ വിദ്യാഭ്യാസം എന്ന മോഹം എന്‍ഡോസള്‍ഫാന്‍ തളിച്ചാലെന്നപോലെ പെട്ടെന്നു വാടിക്കരിയും. നവലിബറലിസം താല്‍പ്പര്യപ്പെടുന്നതും കോര്‍പറേറ്റുകള്‍ അതിസമര്‍ഥമായി മണ്ണൊരുക്കിക്കൊണ്ടിരിക്കുന്നതും ഇത്തരമൊരു സാഹചര്യം സംജാതമാക്കാനാണ്. ശ്രീ ശ്രീ രവിശങ്കര്‍ ഈ അധമവൃത്തിയുടെ ബ്രാന്റ് അംബാസഡറായി മാറുമ്പോള്‍, രാജാവ് നഗ്നനാണ് എന്ന യാഥാര്‍ഥ്യം ചിലരെങ്കിലും വിളിച്ചുപറയേണ്ടതായിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ