2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച

വിദ്യാഭ്യാസമന്ത്രിയുടെ വിദേശമോഹങ്ങള്‍




എക്കാലത്തെയും വിദ്യാഭ്യാസ മന്ത്രിമാര്‍ എന്തെങ്കിലും വിവാദങ്ങള്‍ സൃഷ്‌ടിച്ചാണ്‌ ശ്രദ്ധേയരാവാന്‍ ശ്രമിച്ചത്‌. വിദ്യാഭ്യാസ മേഖലയില്‍ താനിരിക്കുന്ന കാലം സ്‌മരിക്കപ്പെടേണ്ട മുദ്രകള്‍ ഉണ്ടാവണമെന്ന പ്രത്യേക താല്‍പ്പര്യം നല്ലതൊക്കെ തന്നെയാവും. എന്നുവച്ച്‌ നിലവിലുള്ള എല്ലാറ്റിനെയും തകര്‍ത്തെറിഞ്ഞുകൊണ്ട്‌ തന്നെയാവണമെന്ന വാശി അത്ര നല്ല ലക്ഷണമല്ല. 


           നമ്മുടെ കുട്ടികള്‍ പഠിച്ച്‌ നല്ലനിലയില്‍ എത്തണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെക്കുറിച്ച്‌ മറ്റെല്ലാവരെക്കാളും പലതുകൊണ്ടും ചെറുപ്പം മുതലെ നല്ല ഗ്രാഹ്യമുള്ള പശ്‌ചാത്തലത്തില്‍ വളര്‍ന്നുവന്ന വ്യക്‌തിയാണ്‌ പി.കെ. അബ്‌ദുറബ്‌. എന്നാല്‍ അദ്ദേഹത്തെ തന്നെ അതൊക്കെ തകര്‍ത്തറിയാന്‍ നിയോഗിക്കപ്പെടുന്നുവെന്നത്‌ ഖേദകരമാണ്‌. 
          കേന്ദ്രമന്ത്രിസഭ കഴിഞ്ഞ വര്‍ഷം അംഗീകാരം നല്‍കിയ ബില്ലിന്റെ മറപിടിച്ച്‌ വിദേശ സര്‍വകലാശാലകള്‍ക്ക്‌ കോഴ്‌സുകള്‍ തുടങ്ങാന്‍ സാഹചര്യമൊരുക്കുമെന്ന്‌ വിദ്യാഭ്യാസമന്ത്രിയുടെ ഇടയ്‌ക്കിടെയുള്ള പ്രസ്‌താവനകളും അതിനായുള്ള നീക്കങ്ങളും ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക്‌ വിധേയമാക്കേണ്ടതുണ്ട്‌. 




              92 ശതമാനം സാക്ഷരത കൈവരിച്ച ശേഷം രണ്ടുദശകങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ സംസ്‌ഥാനമെന്ന പദവി ഇപ്പോഴും അലങ്കരിച്ചുകൊണ്ടിരിക്കുന്നുണ്ട്‌ നമ്മുടെ കേരളം. പക്ഷേ, പുതിയ സാഹചര്യത്തില്‍ കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരവും അതിന്റെ സ്വഭാവവും അപ്പാടെ മാറിപ്പോയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള പ്രവേശനങ്ങളില്‍ കേരളത്തെക്കാളൊക്കെ സാക്ഷരതയില്‍ വളരെ പിന്നിലുള്ള ബിഹാറും തൊട്ടുപിന്നിലുള്ള കര്‍ണാടകയുമൊക്കെ കേരളത്തെ ബഹുദൂരം പിന്നിലാക്കി മുന്നേറിക്കൊണ്ടിരിക്കുന്നു. ഇതു സൂചിപ്പിക്കുന്നത്‌ കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരത്തിന്റെ കുറവു തന്നെയാണ്‌.
              ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ പ്രവേശനകവാടങ്ങളിലെ കോണിപ്പടികളില്‍ നല്ലൊരു ശതമാനം മലയാളി വിദ്യാര്‍ഥികള്‍ വഴുതിവീഴാനുള്ള കാരണത്തെ സഗൗരവം നാം ചര്‍ച്ചയ്‌ക്കു വിധേയമാക്കണം. ഓള്‍ഡ്‌ സിലബസ്‌, ഡി.പി.ഇ.പി, എസ്‌.എസ്‌.എ, ഇപ്പോള്‍ ആര്‍.എം.എസ്‌.എ തുടങ്ങീ നിലവാരത്തിന്റെ വിലയിരുത്തലിന്‌ നമുക്ക്‌ ധാരാളം പേരുകള്‍ ലഭിച്ചിട്ടുണ്ട്‌. എന്നിട്ടും അക്കാദമിക പഠനത്തിന്‌ അടിത്തറ പാകാന്‍ നമ്മുടെ സമ്പ്രദായങ്ങള്‍ക്കാകുന്നില്ല എന്നത്‌ ഒരു യാഥാര്‍ഥ്യമാണ്‌. ഇന്നും വെടിയൊച്ച നിലച്ചിട്ടില്ലാത്ത, അശാന്തിയുടെ വിളനിലമായി മാത്രം നിലനില്‍ക്കുന്ന കശ്‌മീരില്‍ നിന്ന്‌ പോലും രാജ്യത്തെ പരമോന്നത സര്‍വീസായ സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ ഒന്നാം റാങ്ക്‌ വരെയുള്ളവര്‍ ഉയര്‍ന്നുവരുമ്പോള്‍ രണ്ട്‌ ദശകം മുമ്പ്‌ സമ്പൂര്‍ണ സാക്ഷരത പ്രഖ്യാപിച്ച നമ്മുടെ സംസ്‌ഥാനത്തിന്‌ രണ്ടക്കത്തില്‍ നിന്നേ റാങ്ക്‌ എണ്ണിത്തുടങ്ങാന്‍ പറ്റുന്നുള്ളൂ. ഇത്‌ അടിസ്‌ഥാന വിദ്യാഭ്യാസത്തിന്റെ ശൈലിയും നിലവാരവും അടിസ്‌ഥാനപ്പെടുത്തി വേണം വിലയിരുത്താന്‍. 
         ഓരോ വര്‍ഷവും എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഫലം പുറത്തുവരുമ്പോള്‍ മാര്‍ക്ക്‌ വാരിക്കോരി കൊടുത്ത്‌ കുട്ടികളെ വിജയിപ്പിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തില്‍ 90 ശതമാനത്തിലധികം വരുന്ന വിജയത്തിളക്കം പൊലിഞ്ഞു പോകുക മാത്രമല്ല അധികാരികള്‍ വരും തലമുറയോടു ചെയ്യുന്ന നീതികേട്‌ പുറത്താകുകയുമാണ്‌ ചെയ്യുന്നത്‌. 
          വിദ്യാഭ്യാസവകുപ്പിന്റെ കാര്യക്ഷമതയെ ഉയര്‍ത്തിക്കാണിക്കാന്‍ ഓരോ വര്‍ഷവും ഉദാരമായി മാര്‍ക്ക്‌ ദാനം ചെയ്‌ത് വിജയികളുടെ എണ്ണവും വിജയശതമാനവും വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. ഇതിനര്‍ഥം ദാനം സ്വീകരിക്കാതെ വിജയിക്കാന്‍ കഴിയുന്ന തരത്തില്‍ കുട്ടികളെ അക്കാദമിക നിലവാരം ഉയര്‍ത്താന്‍ പരിശ്രമിച്ചിട്ടില്ല എന്നാണ്‌. വിജയശതമാനം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മുന്‍വിദ്യാഭ്യാസ മന്ത്രി എം.എ ബേബി നല്‍കിയ മറുപടി തന്റെ നര പോലെ സത്യമാണ്‌ ഈ ഫലമെന്ന്‌ പറഞ്ഞ്‌ തടിയെടുക്കുകയാണുണ്ടായത്‌. ഇത്തവണ സത്യസന്ധതയ്‌ക്ക് സാക്ഷിനില്‍ക്കാന്‍ തലയില്‍ നര അത്ര കയറാത്ത അബ്‌ദുറബ്ബ്‌ എന്ന്‌ മറുപടിയാവും നല്‍കുക.
            പ്രാഥമിക വിദ്യാഭ്യാസത്തിന്റെ വിശേഷങ്ങളാണിത്രയുമെങ്കില്‍ ഉന്നതവിദ്യാഭ്യാസം തൊട്ടതും തൊടാന്‍ വിചാരിച്ചതും വിവാദത്തിലാക്കുന്ന സാഹചര്യമാണുള്ളത്‌. 1991ല്‍ സ്വാശ്രയ കോഴ്‌സുകളും കോളേജുകളും തുടങ്ങാന്‍ തീരുമാനിച്ചത്‌ മുതല്‍ ഇന്നുവരെ അത്‌ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധ്യമായിട്ടില്ല. പ്രവേശന നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത്‌ മുതല്‍ ജനാധിപത്യ ഭരണകൂടം മാനേജ്‌മെന്റുകളുടെ അരമനകള്‍ക്കു മുമ്പില്‍ കാത്തുകെട്ടിക്കിടക്കുന്നത്‌ പതിവുകാഴ്‌ചയായിരിക്കുന്നു. സര്‍ക്കാര്‍ ഫീസ്‌, മാനേജ്‌മെന്റ്‌ ഫീസ്‌, സര്‍ക്കാര്‍ സീറ്റ്‌, മാനേജ്‌മെന്റ്‌ സീറ്റ്‌, എന്‍.ആര്‍.ഐ സീറ്റ്‌, എന്‍.ആര്‍.ഐ ഫീസ്‌ തുടങ്ങീ വിയോജിക്കാനും ചാനല്‍/ പ്രസ്‌താവനായുദ്ധം നടത്താനും സ്വാശ്രയ വിദ്യാഭ്യാസ രംഗത്തും വിഷയങ്ങള്‍ക്ക്‌ ദാരിദ്ര്യമില്ല. പ്രഫഷണല്‍ കോഴ്‌സുകളുടെ ഒന്നാം സെമസ്‌റ്റര്‍ പൂര്‍ത്തിയാകാറാവുമ്പോഴും പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ അടച്ചിട്ട മുറികളില്‍ സജീവമായി നടക്കുന്നതും പതിവും കാഴ്‌ചകളിലൊന്നാണന്ന്‌ പറയാതെ വയ്യ.
              യോഗ്യതയുടെ കാര്യത്തില്‍ ആക്ഷേപമുന്നയിച്ചവരെക്കാളും മുന്‍പന്തിയില്‍ നില്‍ക്കുന്ന അലിഗഡ്‌ സര്‍വകലാശാലയിലെ ഇംഗ്ലീഷ്‌ ലിറ്ററേച്ചര്‍ പോസ്‌റ്റ് ഗ്രാജ്വേറ്റ്‌ ബിരുദധാരിയായ പി.കെ. അബ്‌്ദുര്‍റബ്ബിന്‌ തുടക്കം തന്നെ പിഴച്ചത്‌ സ്വാശ്രയത്തില്‍ തട്ടിയാണ്‌. അരിയെത്രയെന്ന്‌ ചോദിച്ചാല്‍ അറിയില്ലെങ്കില്‍ പയറഞ്ഞാഴി എന്ന്‌ പറഞ്ഞ്‌ തടി രക്ഷപ്പെടുത്തുന്ന രാഷ്ര്‌ടീയ വിദ്യ അദ്ദേഹത്തിനത്രക്കു വശമില്ലെന്നാണ്‌ മനസ്സിലാകുന്നത്‌. അതല്ലെങ്കില്‍ ആര്‍ക്കൊക്കെയോ കയറി നിരങ്ങുന്നതിന്‌ അദ്ദേഹത്തെ നിശ്ശബ്‌ദമാക്കിയതാണോ എന്നുമറിയില്ല. ഈ വര്‍ഷത്തെ സ്വാശ്രയ വിവാദം അതിലേക്കാണ്‌ സൂചനനല്‍കുന്നത്‌. സ്വാശ്രയ മാനേജ്‌മെന്റുകളുമായി സംസാരിച്ച്‌ സമവായത്തിലെത്താന്‍ മന്ത്രിസഭ ഒരു പ്രത്യേക സമിതിയെയുണ്ടാക്കി, അതിനധ്യക്ഷനായി കെ.എം.മാണിയെന്ന ധനകാര്യവിദഗ്‌ധനെയാണേല്‍പ്പിക്കുന്നത്‌. പിന്നെന്തിനാണൊരു വിദ്യാഭ്യാസമന്ത്രി.? 
            സംസ്‌ഥാനത്തിന്റെ ചരിത്രത്തില്‍ വിദ്യാഭ്യാസ വകുപ്പില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത ഈ തീരുമാനത്തില്‍ നിന്നു മനസ്സിലാകുന്നത്‌ വിദ്യാഭ്യാസമെന്നത്‌ സേവനം എന്ന ആശയത്തില്‍ നിന്നും മാറി ലാഭവും നഷ്‌്ടവും കണക്കാക്കി ചെയ്യേണ്ട ഒരു കച്ചവടമായി സര്‍ക്കാര്‍ തന്നെ അംഗീകരിച്ചിരിക്കുന്നുവെന്നാണ്‌. അതുകൊണ്ടാണ്‌ സമര്‍ഥനായ സാമ്പത്തിക വിദഗ്‌ധനെ തന്നെ ഏല്‍പ്പിച്ചത്‌. കെ.എം. മാണിയെ ഇതേല്‍പ്പിച്ചത്‌. സ്വകാര്യമേഖലയ്‌ക്ക് പൂര്‍ണനിയന്ത്രണമുള്ള സ്വാശ്രയമേഖലയിലെ വിവാദങ്ങള്‍ക്ക്‌ ശാശ്വത പരിഹാരം കാണാന്‍ ഇന്നുവരെ സര്‍ക്കാരിനായിട്ടില്ല. 
          45 ലക്ഷത്തോളം വരുന്ന സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെയും അതിന്റെ പത്തുശതമാനത്തിലധികം വരുന്ന ഉന്നത പഠനരംഗത്തെയും പ്രതിസന്ധികളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ശ്രമിക്കാതെയാണ്‌ വിദേശ സര്‍വകലാശാലകള്‍ക്ക്‌ ഗ്രീന്‍ സിഗ്‌്നല്‍ നല്‍കാന്‍ അബ്‌ദുറബ്‌ പ്രഖ്യാപനം നടത്തിയത്‌. അദ്ദേഹം വിദ്യാഭ്യാസമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി നടത്തിയ പ്രസ്‌താവനകളിലൊന്ന്‌ വിദ്യാഭ്യാസരംഗത്തേക്ക്‌ കോര്‍പറേറ്റുകളെ സ്വാഗതം ചെയ്‌തുകൊണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയും സാധൂകരണവുമാണ്‌ വിദേശ സര്‍വകലാശാലക്കായുള്ള സ്വാഗതമാശംസയിലും കാണാന്‍ സാധിക്കുന്നത്‌.
           വിദ്യാഭ്യാസ നിലവാരത്തെ അന്താരാഷ്ര്‌ട തലത്തിലേക്ക്‌ ഉയര്‍ത്താനെന്ന ന്യായം പറഞ്ഞ്‌ വിദേശ സര്‍വകലാശാലയ്‌ക്ക് ചുവപ്പ്‌ പരവതാനി പിരിക്കുമ്പോള്‍ അത്‌ നമ്മുടെ സാമൂഹികസാംസ്‌കാരിക രംഗത്ത്‌ ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങള്‍ ഭരണവര്‍ഗം വിദഗ്‌ധമായി മറച്ചുവെക്കുകയാണ്‌. സൗദി അറേബ്യയോ, ചൈനയോ വെനിസ്വേലയോ അല്ല ഇത്തരം സര്‍വകലാശാല തുടങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്‌. ലോകരാഷ്ര്‌ടങ്ങള്‍ക്കുമേല്‍ സാമ്പത്തികവും സൈനികവും സാംസ്‌കാരികവുമായ അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്ന അമേരിക്ക, ബ്രിട്ടന്‍ പോലുള്ള രാഷ്‌ട്രങ്ങളാണ്‌. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ നേരിട്ട്‌ നിയന്ത്രിക്കാന്‍ അവസരം ലഭിക്കുന്നതോടെ നമ്മുടെ ശീലങ്ങളെയും സംസ്‌കാരത്തെയും പാശ്‌ചാത്യ മാതൃകയില്‍ വാര്‍ത്തെടുക്കാന്‍ എത്ര നിസ്സാരമായി കഴിയുമെന്ന യാങ്കി തലച്ചോര്‍ 30 വെള്ളിക്കാശിന്റെ തിളക്കത്തില്‍ കണ്ണു മഞ്ഞളിച്ച ഭരണവര്‍ഗത്തിന്‌ തിരിച്ചറിയാന്‍ കഴിയാതെ പോയി. 
            അക്കാദമിക കാര്യത്തിലോ, നടത്തിപ്പു കാര്യത്തിലോ യാതൊരു ഇടപെടലും നടത്താന്‍ അനുവാദമില്ലാതെ വിദേശ യൂണിവേഴ്‌സിറ്റി വരുന്നതിലൂടെ സര്‍ക്കാരിനു ആകെ ലഭിക്കുന്ന മെച്ചം 50,000 ഡോളര്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ്‌ ലഭിക്കുന്നുവെന്നതാണ്‌. പകരം നിര്‍മിക്കപ്പെടുന്നത്‌ പ്രത്യേക സാമ്പത്തിക മേഖലക്ക്‌ സമാനമായ പ്രത്യേക വിദ്യാഭ്യാസ മേഖലകളാണ്‌ (സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ സോണ്‍). തമിഴ്‌നാട്ടില്‍ നിന്ന്‌ ഡീംഡ്‌ പദവി വാങ്ങി തന്നിഷ്‌ടം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അമൃത പോലുള്ള സ്‌ഥാപനങ്ങളെ നിയന്ത്രിക്കാന്‍ യാതൊരു സംവിധാനവുമില്ലെന്ന്‌ കൈമലര്‍ത്തുന്ന സര്‍ക്കാരിനു യാങ്കിയുടെ യൂണിവേഴ്‌സിറ്റിയില്‍ എന്ത്‌ ഇടപെടല്‍ നടത്താനാണു കഴിയുക. 
       വിദേശ സര്‍വകലാശാല വരുമ്പോള്‍ പാര്‍ട്ടിയിലെ ബിസിനസ്‌ രാജാക്കന്‍മാര്‍ക്ക്‌ ബിസിനസ്‌ പാര്‍ട്ട്‌ണര്‍മാരാവാന്‍ അവസരം ലഭിച്ചേക്കാം. അധിനിവേശ ശക്‌തികള്‍ പുതിയരീതികളാണിപ്പോള്‍ അവലംബിക്കുന്നത്‌. അതിലൊന്നാണ്‌ ചോദ്യം ചെയ്യാന്‍ അവസരമില്ലാത്ത പ്രത്യേക കേന്ദ്രങ്ങള്‍ സ്‌ഥാപിക്കുക എന്നത്‌. അതിലൂടെ നമ്മുടെ പരമാധികാരത്തെ വരെ ഹൈജാക്ക്‌ ചെയ്യാന്‍ അധിനിവേശശക്‌തികള്‍ക്ക്‌ സാധിക്കും. പാശ്‌ചാത്യന്‍ വിദ്യാഭ്യാസത്തിലൂടെ പകര്‍ന്നുനല്‍കുക ഒരുതരം അടിമത്വമായിരിക്കും. പ്രതികരണവും വിപ്ലവബോധവും അവകാശബോധവുമെല്ലാം നഷ്‌ടപ്പെട്ട പ്രത്യേക സംസ്‌കാരമുള്ള ഒരു ഭാവി തലമുറയെയാണ്‌ സാമ്രാജ്യത്വം ലക്ഷ്യമിടുന്നത്‌. പിന്നാക്കസമുദായങ്ങളുടെ രക്ഷയെക്കുറിച്ച്‌ അവകാശവാദമുന്നയിക്കുന്ന മുസ്ലിംലീഗ്‌ സംവരണമെന്ന സങ്കല്‍പ്പത്തെ പൂര്‍ണമായും അട്ടിമറിക്കുന്ന ഒരു പ്രത്യേക സംവിധാനത്തിനാണ്‌ വഴിയൊരുക്കുന്നത്‌. മുമ്പ്‌ കെനിയയില്‍ പരീക്ഷിച്ചു വിജയച്ച അധിനിവേശത്തിന്റെ പുതിയ രീതിക്ക്‌ കേരളത്തിന്റെ മണ്ണിലും അവസരം നല്‍കാനുള്ള പ്രഖ്യാപനത്തെ മുന്‍പില്‍ നോക്കാതെ പിന്തുണച്ച്‌ അപകടം വിളിച്ചുവരുത്തരുത്‌. 
        ആധുനിക കാലത്തെ വിദ്യാഭ്യാസ കച്ചവടവും കോര്‍പ്പറേറ്റ്‌ സംസ്‌കാരവും മൂലം ഉണ്ടാവുന്ന ഗുണനിലവാരമില്ലായ്‌മ നമ്മുടെ സര്‍വകലാശാലകള്‍ ഭാവിയില്‍ അടച്ചുപൂട്ടുന്ന സാഹചര്യമുണ്ടാവുകയും വിദേശസര്‍വകലാശാലകള്‍ വിദ്യാഭ്യാസമേഖല കൈയടക്കി ഭരിക്കുന്ന ഭരിക്കുന്ന സാഹചര്യം ഉടലെടുക്കുകയും ചെയ്യും. ഇവ ഒഴിവാക്കാന്‍ നമ്മുടെ സര്‍വകലാശാലകളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ട ബാധ്യത സര്‍ക്കാരിന്റേതാണ്‌. 
  ഒപ്പം കച്ചവട താല്‍പ്പര്യക്കാര്‍ ചുമത്തുന്ന അധിക ഫീസ്‌ മൂലം രാജ്യത്തെ കോടിക്കണക്കായ പാവപ്പെട്ടവന്‌ പഠിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുന്നതിനാല്‍ കോഴ്‌സുകളുടെ ഫീസ്‌ നിശ്‌ചയിക്കുന്നതിനും വ്യവസ്‌ഥ ഉണ്ടാവേണ്ടതാണ്‌. 
              സംസ്‌ഥാനത്തെ വിദ്യാഭ്യാസ മേഖലയെ ഗ്രസിച്ച ധാരാളം പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നു. നിലവിലെ സംവിധാനങ്ങളെ പൂര്‍ണമായും ശരിപ്പെടുത്തി എടുക്കുന്നതിന്‌ മുന്തിയ പരിഗണന നല്‍കേണ്ട ഭരണാധികാരികള്‍, പറക്കുന്നതിന്റെ പിന്നാലെയുള്ള പോക്ക്‌ അവസാനിപ്പിക്കുകയാണ്‌ വേണ്ടത്‌. വിദ്യാഭ്യാസമേഖലയിലെ ഏത്‌ പരിഷ്‌കരണവും മതിയായ ചര്‍ച്ചകളുടെ അടിസ്‌ഥാനത്തിലാവണം നടപ്പാക്കേണ്ടത്‌. നമ്മുടെ സംസ്‌കാരവും സ്വഭാവവും നഷ്‌ടപ്പെടുത്തുന്ന ഒന്നാണെങ്കില്‍ ശക്‌തമായ എതിര്‍പ്പുകള്‍ വിളിച്ചുവരുത്തും. 
--------------------------------നാസറുദീന്‍ എളമരം-------------------------------






     



   
    

   


    
    


     


    

  

















അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"