2012, ഏപ്രിൽ 12, വ്യാഴാഴ്‌ച

കുഞ്ഞാലി മരക്കാര്‍ -2

മരക്കാര്‍മാരുടെ പോര്ച്ചുഗീസ് സേവ: ഒരു വ്യാജവാദം 
   ക്രി.ശേ.1524നു മുമ്പു മരക്കാര്‍മാര്‍ പോര്ച്ചുഗീസ്കാരോടൊപ്പം കൂടി സാമൂതിരിയുമായി പടവെട്ടിയിരുന്നു വെന്നാണ് ജോണ്‍ ഒച്ചന്‍തുരുത്തിന്റെ മറ്റൊരു വിമര്‍ശനം.ഇത് വസ്തുതാപരമായിരുന്നുവെങ്കില്‍ 
ഗുണ്ടര്‍ട്ടിന്റെ കേരളപ്പഴമയിലോ ലോഗന്റെ മലബാര്‍ മാന്വലിലൊ തദ്ദേശീയമായ ചരിത്രകൃതികളിലോ ചില സൂചനകളെങ്കിലും കാണേണ്ടിയിരുന്നു.എന്നാല്‍ 1524നു മുമ്പു പോര്‍ച്ചുഗീസുകാര്‍ക്കു പ്രതികൂലമായി നിലകൊണ്ട ചില മരക്കാര്‍മാരെ കുറിച്ച സൂചനകള്‍ കേരളപ്പഴമയില്‍ കാണുന്നുണ്ട്.
'ബാലത്താല്‍ കഴിയാത്തത് കൌശലത്താല്‍ വരുത്തണം എന്ന് മാപ്പിളമാര്‍ വിചാരിച്ചു നോക്കുമ്പോള്‍ കൊച്ചിയില്‍ ഇസ്മാലിമരക്കാര്‍ പോര്‍ച്ചുഗീസനെ കൊല്ലുവാന്‍ ഒരു വഴി നിരൂപിച്ചു കൊണ്ടിരുന്നു.പശെകു അതറിഞ്ഞു.ഉപായത്തിലെ അവനെ വരുത്തി മുഖരോമങ്ങള്‍ പറിച്ചപ്പോള്‍ മാപ്പിളമാര്‍ ഭയപ്പെട്ടടങ്ങി '
   ആദ്യകാലം മുതല്‍ത്തന്നെ മുസ്ലിംകളെ വാണിജ്യരംഗത്തു നിന്ന് സമ്പൂര്‍ന്നമായും നിഷ്കാസനം ചെയ്യാനാണ് പോര്‍ച്ചുഗീസുകാര്‍ യത്നിച്ചുകൊണ്ടിരുന്നത്.അതുകൊണ്ടു തന്നെ മുസ്ലിം വര്‍ത്തക പ്രമുഖരുമായി ആരോഗ്യകരമായ വാണിജ്യബന്ധം തുടരുക എന്നത് പോര്‍ച്ചുഗീസുകാരെ സംബന്ധിച്ച് ആത്മഹത്യാപരമാണ്.വാണിജ്യാധിപത്യത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിവെച്ച ആദ്യകാലത്ത് 
തന്നെ മുസ്ലിംകളുടെ കച്ചവടം തടയുക എന്നത് പോര്ച്ചുഗീസ്കാരുടെ മുഖ്യ അജണ്ടയായിരുന്നുവെന്ന് കേരളപ്പഴമയില്‍ സൂചിപ്പിക്കുന്നു."  അനന്തരം ആശീതകാലം മുഴുവനും റൊന്തമായി കടല്‍ സഞ്ചരിച്ചു കൊല്ലത്തിലെ കലഹത്തില്‍ കൂടി ചോനകള്‍ പിരിഞ്ചത്തില്‍ ഉണ്ടെന്നു കേട്ടു.ആ ഊരെ ഭസ്മമാക്കി കന്യാകുമാരിമുതല്‍ കണ്ണന്നൂര്‍ വരെ മലയാളത്തിലെ മാപ്പിളമാര്‍ക്കു കടല്‍കച്ചവടത്തെ 
മുടക്കിക്കൊണ്ടിരുന്നു."   ഇത്തരം പ്രമാണങ്ങളെ പാടെനിരാകരിച്ചു കൊണ്ട് പോര്ച്ചുഗീസ് താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നിര്‍മ്മിച്ചെടുത്ത കെട്ടുകഥകള്‍ക്ക് മുകളിലാണ് ശ്രീ ജോണ്‍ തന്റെ കുഞ്ഞാലിമാരുടെ പോര്‍ച്ചുഗീസ് സേവ സ്ഥാപിക്കുന്നത്.
വംശീയതാല്‍പ്പര്യങ്ങള്‍ 
   ഏതായാലും വാണിജ്യരംഗത്തെ പ്രതിയോഗികളോടുള്ള മത്സരപൂര്‍ണ്ണമായ ശത്രുതയായിരുന്നില്ല പോര്‍ച്ചുഗീസുകാരുടേതെന്നതിന്നു പല പ്രമാണങ്ങളും സാക്ഷ്യം വഹിക്കുന്നുണ്ട്.കുരിശുയുദ്ധത്തിന്റെ കൊടിയ വംശീയവൈരം അവരുടെ മുസ്ലിംവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തര്‍ധാരയായിരുന്നു.1507ല്‍ മുസ്ലിംകളുടെ മുഖ്യ ആവാസകേന്ദ്രമായ പൊന്നാനിയെ ആക്രമിക്കാന്‍ 
പോര്‍ച്ചുഗീസുകാര്‍ കോപ്പുകൂട്ടുമ്പോള്‍ തികച്ചും വിഭാഗീയമായ ലക്ഷ്യം അതിന്റെ പിന്നിലുണ്ടായിരുന്നുവെന്നതിന്നു കേരളപ്പഴമതന്നെ സാക്ഷ്യം നില്‍ക്കുന്നു."  വിശ്വാസശക്തികളോടു പൊരുതിമാരിക്കുന്നതിനെക്കാള്‍ പാപമോചനത്തിന്നും സ്വര്‍ഗപ്രാപ്തിക്കും എളുപ്പമുള്ള മറ്റൊരു വഴിയും ഇല്ല എന്ന് 
റോമാപ്പാതിരിയും വിളിച്ചുപറഞ്ഞു "  ഈ ആഹ്വാനത്തിലടങ്ങിയ മതകീയത പ്രശ്നവല്‍ക്കരിക്കാതെ കുഞ്ഞാലിമരക്കാരുടെ സമരപ്രവര്‍ത്തനങ്ങളുടെ മതകീയ പ്രചോദനം മാത്രം പ്രശ്നവല്‍ക്കരിക്കുന്നത് ക്രിസ്ത്യന്‍ മൌലികവാദത്തെ സാധൂകരിക്കുന്നതിനാണ്.ഇതുപോലെ ആല്‍ബുക്കര്‍ക്കിന്റെ 
അനുമതിയോടെ പോര്ച്ചുഗല്‍ രാജാവിനായച്ച ഒരു കത്തില്‍ ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള  കുടിപ്പക മറനീക്കി പുറത്തുവരുന്നുണ്ട്."  കുടിപ്പക നമുക്ക് മുസല്‍മാന്മാരോടേ ഉള്ളൂ.കൊല്ലത്തെ രാജാവു നിരപ്പിന്നു യാചിച്ചാല്‍ അവനോടും സന്ധിക്കേ വേണ്ടൂ.ദൈവം നിങ്ങളുടെ അജ്ഞാനം മാറ്റേണമേ ,എന്റെ മരണത്തിന്നു മുമ്പേ മക്കത്ത് പോയി ആ കള്ള നബിയുടെ അസ്ഥികളെ കുഴിയില്‍നിന്ന് എടുത്തുകൊണ്ട് വരാന്‍ ആഗ്രഹിക്കുന്ന് ".  ജോണ്‍ വിശേഷിപ്പിക്കുന്നതു പോലെ പോര്‍ച്ചു 
ഗീസുകാരുടെ സുഗന്ധവൃജ്ഞ്ഞനങ്ങളെയും ക്രിസ്ത്യാനികളെയും തേടിയുള്ള ഈ പര്യവേക്ഷണങ്ങള്‍ കേവലം വാണിജ്യതാല്‍പ്പര്യത്താല്‍ മാത്രം പ്രചോദിതമായിരുന്നില്ല എന്നു തെളിയിക്കാന്‍ ഇതില്‍ കൂടുതല്‍ പ്രമാണങ്ങളാവശ്യമില്ല.
ഒരു ജൂത -മുസ്ലിം സംഘര്‍ഷം 
   കൊടുങ്ങല്ലൂരിലെ ജൂതപ്പള്ളികളും ക്രിസ്ത്യന്‍ പള്ളികളും തീവച്ചുനശിപ്പിക്കാന്‍ മരക്കാര്‍മാര്‍ പദ്ധതിയാവിഷ്കരിച്ചതായി ജോണ്‍ ആരോപിക്കുന്നുണ്ട്.മുസ്ലിംകള്‍ക്ക് പ്രാബല്യം കുറഞ്ഞ കൊടുങ്ങല്ലൂരില്‍ ഒരിക്കലുണ്ടായ ജൂത -മുസ്ലിം സംഘര്‍ഷത്തില്‍ ഒരു മുസ്ലിം മരിക്കാനിടയായ സംഭവത്തോടനുബന്ധമായാണ് കൊടുങ്ങല്ലൂരില്‍ മുസ്ലിംകളുടെ പ്രതികാരനടപടിയുണ്ടായത്.വാസ്തവത്തില്‍ 
സംഘര്‍ഷത്തിന് കാരണമായ സാമൂഹ്യസന്ദര്‍ഭം വിവരിക്കാതെ തുഹ്ഫത്തുല്‍ മുജാഹിദീനുദ്ധരിച്ചു മുസ്ലിംകളെ അക്രമണകാരികളാക്കുകയാണ് ജോണ്‍ ഒച്ചന്‍തുരുത്ത് ചെയ്യുന്നത്.തുഹ്ഫയില്‍ തന്നെ കാരണത്തെകുറിച്ച് സൂചനയുണ്ടായിരിക്കെ അദ്ദേഹം അത് മറച്ചുപിടിക്കുകയാണ്.പന്തലായനി,തിക്കോടി,കക്കാട്,ചാലിയം,കോഴിക്കോട്,തിരൂര്‍,പൊന്നാനി,വെളിയങ്കോട്,തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ആളെ വരുത്തി സംഘടിതമായി നേരിടാന്‍ മാത്രം പ്രാധാന്യമുള്ളതായിരുന്നു മുസ്ലിംകളെ 
സംബന്ധിച്ച് ഈ സംഘര്‍ഷം.കാരണം മുസ്ലിം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പോര്ച്ചുഗീസ് ആഗമനത്തോടെ സംഘടിതമാനം കൈവന്നിരുന്നതിനാല്‍ കൊടുങ്ങല്ലൂരിലെ സംഘര്‍ഷത്തെ ഇതേ വിതാനത്തില്‍ തന്നെയാണ് മുസ്ലിംകള്‍ പരിഗണിച്ചത്.സംഘര്‍ഷത്തിനിടയ്ക്ക് ജൂതപ്പള്ളികള്‍ ആക്രമിക്കപ്പെട്ടുവെന്നത് സ്വാഭാവികമാണ്.എന്നാല്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ 
ആക്രമിക്കാനുള്ള മുസ്ലിംകളുടെ ശ്രമം നായന്മാര്‍ പരാജയപ്പെടുത്തി എന്നാണ് തുഹ്ഫത്തുല്‍ മുജാഹിദീനിലുള്ളത്.ജോണാകട്ടെ ക്രിസ്ത്യന്‍ പള്ളികളും മുസ്ലിംകള്‍ തീവച്ച് നശിപ്പിച്ചുവെന്ന് തുഹ് -
ഫത്തുല്‍ മുജാഹിദീനെ പിന്‍ബലമാക്കി വാദിക്കുകയാണ്.
സാമൂതിരിയും മുസ്ലിംകളും 
   തുഹ്ഫത്തുല്‍ മുജാഹിദീനെ തെറ്റായി ഉദ്ധരിച്ച് മുസ്ലിംകളുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അടിസ്ഥാനം ഒരു ഇസ്ലാമികരാജ്യം സ്ഥാപിക്കലായിരുന്നുവെന്ന് ജോണ്‍ വളരെ കൌശലപൂര്‍വം സ്ഥാപിക്കുന്നു.തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഈ വിധത്തില്‍ പരമതവിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും അത് സാമൂതിരിക്ക് തന്നെ എതിരായിരുന്നുവെന്നും അദ്ദേഹം ധ്വനിപ്പിക്കുന്നുണ്ട്.ഇതിനു പ്രമാണമായി തുഹ്ഫത്തുല്‍ മുജാഹിദീനില്‍ നിന്നുള്ള ഒരു ഭാഗം അദ്ദേഹം ഉദ്ധരിക്കുന്നുമുണ്ട്.അതേ ഉദ്ധരണിയുടെ തുടര്‍ച്ചയായി വരുന്ന ഭാഗത്തു തന്നെ സാമൂതിരിയോടുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതും അദ്ദേഹത്തിന്റെ നേതൃത്വപരമായ പ്രവര്‍ത്തനങ്ങളെ വാഴ്ത്തുന്നതുമായ പരാമര്‍ശങ്ങള്‍ വരുന്നുണ്ട്.ഈ ഭാഗം ജോണ്‍ വളരെ തന്ത്രപൂര്‍വ്വം മറച്ചുപിടിച്ചാണ് തന്റെ വാദങ്ങള്‍ സ്ഥാപിക്കുന്നത്.
തുഹ്ഫയില്‍ നിന്നുള്ള ഇതിന്റെ പൂര്‍ണഭാഗം ഇവിടെ ഉദ്ധരിക്കാം."  മലബാറിലെ മുസ്ലിംകള്‍ക്ക് അവരുടെ ക്ഷേമ ഐശ്വര്യങ്ങളില്‍ താല്‍പ്പര്യപൂര്‍വം ശ്രദ്ധിക്കുന്ന അവരെ ഭരിക്കാന്‍ അധികാരമുള്ള ഒരു നേതാവ് ഇല്ലെന്ന കാര്യം വ്യക്തമാണ്.അവര്‍ അവിശ്വാസികളായ ഭരണകര്‍ത്താക്കളുടെ പ്രജകളായി കഴിയുകയാണ്.എങ്കിലും തങ്ങളുടെ മേല്‍ അധീശത്വം സ്ഥാപിച്ചു വാഴുന്ന അവിശ്വാസികളായ  വിദേശികളോട് പൊരുതിക്കൊണ്ടു തന്നെയാണ് അവര്‍ കഴിഞ്ഞുപോന്നിട്ടുള്ളത്.മുസ്ലിംസ്നേഹിയായ സാമൂതിരിയുടെ സഹായവും അവര്‍ക്കുണ്ടായി.തുടക്കം മുതല്‍ക്കേ സാമൂതിരി മുസ്ലിംകള്‍ക്കുവേണ്ടി പണം ചെലവഴിച്ചുപോന്നു."  കുഞ്ഞാലിമരക്കാര്‍മാരുടെയും മുസ്ലിംകളുടെയും പ്രവര്‍ത്തനങ്ങള്‍ സാമൂതിരിയുടെ കൂടി അധികാരത്തിന് ഭീഷണിയാണെന്ന ജോണിന്റെ വ്യാജോക്തിയാണ് ഇവിടെ തകരുന്നത്.മുസ്ലിംകളുടെയും സാമൂതിരിയുടെയും അക്കാലത്തെ സൌഹാര്‍ദപൂര്‍ണമായ ബന്ധത്തെ 
സൂചിപ്പിക്കുന്ന മറ്റു പല പ്രമാണങ്ങളും ലഭ്യമാണ്.കോഴിക്കോട് ഖാസി മുഹമ്മദ് രചിച്ച ഫത്ഹുല്‍ മുബീന്‍ എന്ന സമരകാവ്യം സമര്‍പ്പിക്കുന്നത് തന്നെ സാമൂതിരിക്കാണ്.മാത്രമല്ല അറേബ്യന്‍ ഭരണാധികാരികള്‍ക്കിടയിലും ആഗോള മുസ്ലിംകള്‍ക്കിടയിലും മുസ്ലിംകളെ സംബന്ധിച്ച് ജിഹാദായിരുന്ന പോര്ച്ചുഗീസ് വിരുദ്ധ സമരത്തിന്ന് നേതൃത്വം നല്‍കിയ സാമൂതിരിയുടെ യശസ്സ് വ്യാപിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് ഈ കൃതി രചിക്കപ്പെടുന്നത്.ഫത്ഹുല്‍ മുബീനിലെ ഏതാനും പദ്യശകലങ്ങളുടെ ആശയ വിവര്‍ത്തനം ശ്രദ്ധിക്കുക."  അദ്ദേഹം നമ്മുടെ മതമായ ഇസ്ലാമിനെ സ്നേഹിക്കുന്നു,മാറ്റല്ലാവരെക്കാളും മുസ്ലിംകളെയും.നമ്മുടെ മതത്തിന്റെ സഹായി,നമ്മുടെ മതനിയമങ്ങള്‍ നടപ്പിലാക്കുന്നവന്‍.. . മാത്രമല്ല,ജുമുഅ ഖുതുബകളിലും മറ്റും നമ്മുടെ ഖലീഫയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നിഷ്കര്‍ഷിക്കുന്നു."
അപകടകരമായ ചരിത്രബോധം 
   വസ്തുതകള്‍ ഇതാണെന്നിരിക്കെ കുഞ്ഞാലിമരക്കാരുടെ വ്യക്തിത്വത്തെ അപകീര്‍ത്തിപ്പെടുത്തിയും അന്നത്തെ സാമുദായികബന്ധങ്ങളിലെ ആരോഗ്യകരമായ ആദാനപ്രദാനങ്ങളെ നിരാകരിച്ചും ജോണ്‍ അവതരിപ്പിക്കുന്ന നിരീക്ഷണം പോര്‍ച്ചുഗീസുകാരുടെ നുണപ്രചാരണങ്ങളുടെ പിന്തുടര്‍ച്ച മാത്രമാണ്.ഒരു പക്ഷേ സാമുദായികധ്രുവീകരണത്തിന്റെ ശക്തികള്‍ക്ക് ആയുധമായിത്തീരുന്ന ഇത്തരം ഗവേഷണങ്ങള്‍ തീര്‍ച്ചയായും മാനവവിരുദ്ധമാണ്.പൌരസ്ത്യവാദപരമായ അന്തര്‍ധാര 
യോടൊപ്പം ക്രിസ്തീയ മതമൌലികവാദത്തിന്റെ കുടിലമായ ലക്ഷ്യങ്ങള്‍കൂടി സമന്വയിക്കപ്പെട്ട ഇതിലെ ചരിത്രബോധം അത്യന്തം അപകടകരമാണ്.
   പോര്ച്ചുഗീസ് അധീശത്വത്തിന്റെ കാലഘട്ടം എന്നത് ചരിത്രത്തിന്റെ രേഖീയമായ വികാസഗതിയില്‍ നിര്‍ണായകമായ ഒരു സന്ധിയെ അടയാളപ്പെടുത്തുന്നതാണെന്നും യൂറോപ്പില്‍ നിന്നുള്ള  വെളിച്ചത്തിന്റെ അനുസ്യൂതമായ പ്രസാരണത്തിന്നു വേണ്ടി തുറന്നുവച്ച ഒരു ഔദാര്യമായിരുന്നു പോര്ച്ചുഗീസ് ആഗമനമെന്നുമുള്ള ഒരു വികലധാരണ നമ്മുടെ കോളനീകരിക്കപ്പെട്ട സാബ്രദായിക  ചരിത്രബോധത്തിന്നു അന്തര്‍ധാരയായി വരുന്നുണ്ട്.ചരിത്രം എന്നത് രേഖീയമായി വികാസം പ്രാപിക്കുന്ന ഒന്നാണെന്ന ആധുനികചരിത്ര ബോധത്തിന്റെയും സിദ്ധാന്തശാഠ്യങ്ങളുടെയും അകമ്പടിയോടെ കഴിഞ്ഞകാലസംഭവങ്ങളെ കുറിച്ച വിശകലനം നാം നടത്തുമ്പോല്‍ സാമാന്യമായി,ചരിത്ര -
ത്തില്‍ സംഭവിക്കുന്ന ഓരോ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്കും ആപേക്ഷിക പ്രാമുഖ്യം നല്‍കിപ്പോരുന്നാ പതിവുണ്ട്.ഒരു പക്ഷേ ഈയൊരു ആപേക്ഷിക പ്രാമുഖ്യത്തോടെയെങ്കിലും പരിമിതമായ  അര്‍ത്ഥത്തില്‍ ദേശീയവാദപരമായ അന്തര്‍ധാരകളുള്ള നമ്മുടെ സാംബ്രദായിക ചരിത്രരചനകളില്‍ കുഞ്ഞാലിമരക്കാര്‍മാരെ പോലുള്ളവര്‍ പരിഗണിക്കപ്പെട്ടിരുന്നു.തീര്‍ച്ചയായും കൊളോണിയല്‍ 
മൂല്യമണ്ഡലവും അതിന്റെ ജ്ഞ്ഞാനവ്യവസ്ഥയും ദേശീയവാദപരമായ താല്‍പ്പര്യങ്ങളുമായിച്ചേര്‍ന്ന് രൂപപ്പെട്ട ഈ ചരിത്രബോധം ദേശീയതയുടെ 'ഭൂരിപക്ഷ ' മൂല്യവ്യവസ്ഥയെയും പൊതുബോധത്തെയുമാണ് പ്രതിനിധീകരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്നത്.എങ്കില്‍ പോലും അതിന്റെ ചില  ഗുണങ്ങള്‍ ഈ വിധത്തിലെങ്കിലും പ്രതിഫലിക്കപ്പെട്ടിരുന്നു.
   ദേശീയവാദപരമായ ആഖ്യാനങ്ങളില്‍ മുസ്ലിം പ്രതിനിധാനചരിത്രം പൊതു ഇടങ്ങളില്‍ നിന്ന്‍ പ്രാന്തവല്‍ക്കരിച്ചാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെങ്കിലും മുസ്ലിം സ്വത്വത്തെ പരിപൂര്‍ണ്ണമായും ഒരു അപരസാന്നിധ്യമായി പ്രതിഷ്ഠിച്ചുകൊണ്ടല്ല അത്തരം ആഖ്യാനങ്ങള്‍ വികസിച്ചിട്ടുള്ളത്.(സാമ്രാജ്യത്വ താല്‍പ്പര്യങ്ങളുമായി സമീകരിക്കപ്പെട്ടു പോരുന്ന ത്രീവദേശീയതയുടെ മുഖ്യ അപരസ്ഥനത്ത് മുസ്ലിം പ്രതിനിധാനം അടയാളപ്പെടുത്തിയിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല).എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്ഥമായി കൊളോണിയല്‍ താല്‍പ്പര്യങ്ങളോടെ രചിക്കപ്പെട്ട ചരിത്രകൃതികളില്‍ മുസ്ലിം 
അപരന്‍ ഒരു ഉഗ്രമൂര്‍ത്തിയുടെ ഭാവം കൈവരിക്കുന്നുണ്ട് (തീവ്രദേശീയതയുടെ ചരിത്രബോധവുമായി ഇതിനുള്ള സാദൃശ്യം ശ്രദ്ധിക്കുക).കടല്‍ക്കൊള്ളക്കാരന്‍,കാട്ടുമാപ്പിള,ലഹളക്കാരന്‍ എന്നീ പ്രാദേശി 
കമായ അപരസംജകളും  'മുര്‍ 'പോലെ ആഗോളമായി മുസ്ലിം അപരത്തെ അടയാളപ്പെടുത്തുന്ന  സംജ്ഞകളും ഇത്തരം ആഖ്യാനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു.
   തീര്‍ച്ചയായും ഇതേ പദാവലികളെയും ന്യായയുക്തികളെയും സ്വീകരിച്ച് തികച്ചും അധീശശക്തികളുടെ താല്‍പ്പര്യത്തിന്നു വേണ്ടി നിര്‍മ്മിച്ചെടുത്ത ഗവേഷണഫലങ്ങളായാണ് ജോണിനെ പോലുള്ളവരുടെ നിരീക്ഷണങ്ങള്‍ പരിഗണിക്കേണ്ടത്.പ്രത്യക്ഷത്തില്‍ തന്നെ സാമ്രാജ്യത്വശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി രൂപപ്പെടുത്തിയെടുത്ത കെട്ടുകഥകളെ പ്രമാണമാക്കി ചരിത്രം രചിച്ചതിന്റെ എല്ലാ വൈരുധ്യങ്ങളും അസ്വാരസ്യങ്ങളും ഇത്തരം ഗവേഷണങ്ങളുടെ മൌലികദൌര്‍ബല്യമാണ്.









അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"