സി.പി.എമ്മിന്റെ കൂടെ കിടന്നും അല്ലാതെയും അവരെന്താണെന്ന് അനുഭവിച്ചറിഞ്ഞ ലീഗ് നേതൃത്വം, സാക്ഷികളുടെ കൂറുമാറ്റം സി.പി.എം ഭീഷണിയാലാണെന്ന് പറയുന്നത് ഉള്‍ക്കൊള്ളാന്‍ മാത്രം പാമരന്മാരായിരിക്കണമെന്നില്ല ലീഗ് അണികള്‍. ഇത്തരമൊരാവശ്യം ശക്‌തമായി ഉന്നയിക്കാന്‍ കഴിയാത്ത വിധം ലീഗ് സി.പി.എം നേതൃത്വങ്ങള്‍ തമ്മില്‍ ഒരു ഇഴചേരല്‍ നിലനില്‍ക്കുന്നുണ്ട്. ക്ലസ്‌റ്റര്‍ വിവാദത്തില്‍ അധ്യാപകന്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണാവേളയില്‍ കൂറുമാറ്റം നടത്തിയത് സി.പി.എമ്മിന്റെ അധ്യാപക സംഘടനയുടെ പ്രധാന നേതാക്കളാണ്. ഇരുകൂട്ടരുമുള്ള സഹകരണത്തിന്റെ പിന്നിലെ താല്‍പര്യം വി.എസ്.അച്യുതാനന്ദന്‍ മാത്രമായിക്കൊള്ളണമെന്നില്ല. സംരക്ഷിച്ച് നിര്‍ത്തേണ്ട പല കൂട്ടുകച്ചവടങ്ങളുടേതുകൂടിയാവാം.
നൊന്തു പെറ്റ് ആറ്റുനോറ്റ് വളര്‍ത്തിയ പൊന്നുമോനെ പറക്കമുറ്റും മുമ്പ് കുത്തിമലര്‍ത്തിയ കശ്‌മലന്മാര്‍ക്ക് മതിയായ ശിക്ഷ ലഭിക്കണമെങ്കില്‍ സി.ബി.ഐ തന്നെ വേണമെന്ന ആത്തിഖ ഉമ്മയുടെ ആശകള്‍ക്ക് സാഫല്യമുണ്ടാവണമെന്നാണ് കേരളീയര്‍ ആഗ്രഹിക്കുന്നത്. 2012 ഫെബ്രുവരി 20 ന് കൊല്ലപ്പെട്ട ഷുക്കൂറിന്റെ ചരമവാര്‍ഷികത്തിന്റെ രണ്ടുനാള്‍ മുമ്പ് തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ലീഗ് നിയമസഭാ കക്ഷിനേതാവിനെയും നേരില്‍ കണ്ടാണ് ആത്തിഖ ഉമ്മ ഇങ്ങിനെയൊരാവശ്യം മുമ്പോട്ട് വച്ചത്. ശുക്കൂര്‍ നെഞ്ചേറ്റിയ സ്വന്തം പാര്‍ട്ടിയുടെ ഇരുപത് എം.എല്‍.എമാര്‍ പിന്തുണയ്‌ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍നിന്ന് നെഞ്ചില്‍ നെരിപ്പോടുമായി കഴിയുന്ന ആ ഉമ്മ നീതി പ്രതീക്ഷിക്കുന്നുണ്ട്.
മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ഥി പ്രസ്‌ഥാനമായ എം.എസ്.എഫിന്റെ മണ്ഡലം ട്രഷററായിരിക്കുമ്പോഴാണു ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. അങ്ങിനെ ഒരു പ്രവര്‍ത്തകന്റെ മാതാവിന് നീതി വീട്ടിലെത്തിച്ചുകൊടുക്കേണ്ട ബാധ്യത നിര്‍വഹിക്കേണ്ട പാര്‍ട്ടി നേതൃത്വത്തെ തേടി തിരുവനന്തപുരത്തേക്ക് വണ്ടി കയറേണ്ട സാഹചര്യം വന്നതുകൊണ്ടാവാം ആത്തിഖ ഉമ്മ പറഞ്ഞത്, എന്റെ മകന്റെ ഗതി ഇനിയൊരാള്‍ക്കും വരരുതെന്ന്. അരിയിലെ ഷുക്കൂര്‍ അരികത്ത് തന്നെയുണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്‌താവന ആ ഉമ്മക്ക് ഒട്ടും സ്വാന്തനമായിരുന്നില്ലെന്ന് സാരം. മകന്റെ മരണശേഷം ഒരുനാള്‍ പോലും മനസ്സറിഞ്ഞ് ഉറങ്ങിയിട്ടില്ലെന്ന ഒരു മാതാവിന്റെ കണ്‌ഠമിടറല്‍ ഏത് ശിലാഹൃദയങ്ങളെയും അലിയിച്ചുകളയുന്നതാണ്. എന്നാല്‍ അധികാരഭ്രമത്തില്‍ മയങ്ങിയുറങ്ങുന്ന ലീഗിന് ഇതൊന്നും പുത്തരിയല്ല. െകെയറപ്പില്ലാതെ കൊലനടത്തി അതില്‍ നിന്ന് രക്ഷപ്പെടാനുള്ള സി.പി.എം െവെഭവത്തെ വെല്ലാന്‍ കേരളത്തില്‍ ഇനി മറ്റൊരു കൂട്ടര്‍ക്കാവില്ല. ടി പി വധത്തില്‍ അതല്‍പ്പമൊന്ന് പാളിയെന്ന് മാത്രം.
കൊല ഒരു കലയായി കൊണ്ടുനടക്കുന്ന പ്രസ്‌ഥാനമാണ് സി.പി.എം എന്നത് സംഘര്‍ഷ കേരളത്തിന്റെ ചരിത്രം പഠിച്ചാല്‍ ആര്‍ക്കും ബോധ്യമാവും. പ്രതിസന്ധി ഘട്ടങ്ങളില്‍ അണികള്‍ക്കും കുടുംബത്തിനും താങ്ങായി നില്‍ക്കുക എന്നതാണ് ജനകീയ പ്രസ്‌ഥാനങ്ങളുടെ ശീലം. എന്നാല്‍ ഓരോ പാര്‍ട്ടി നേതൃത്വങ്ങളും സംരക്ഷിച്ചുനിര്‍ത്തുന്ന താല്‍പര്യങ്ങള്‍ പരിശോധിച്ചാല്‍ ആരെല്ലാം ആര്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് ബോധ്യമാകും. അണികള്‍ പരസ്‌പരം സംഘര്‍ഷത്തില്‍ കഴിയുമ്പോഴും ലീഗ്‌സി.പി.എം നേതൃത്വങ്ങള്‍ ഒരുപോലെ കാലങ്ങളായി സംരക്ഷിച്ചു പോരുന്നത് ചില പ്രത്യേക കേന്ദ്രങ്ങളുടെ താല്‍പര്യങ്ങള്‍ മാത്രമാണ്.
എ കെ ജിക്കും ബാഫഖി തങ്ങള്‍ക്കും ശേഷം ലീഗും സി.പി.എമ്മും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ഒരേ ദിശയിലേക്ക് തന്നെയാണ്. പ്രത്യയശാസ്‌ത്ര വിയോജിപ്പുകളുടെ സ്‌ഥാനം അണികള്‍ക്കു വിട്ടുകൊടുത്ത് മേല്‍ത്തട്ട് സഹകരണം ഭദ്രമാക്കി നിര്‍ത്താന്‍ ഇരുകൂട്ടര്‍ക്കും അനായാസേന കഴിയുന്നുണ്ട്. കബളിപ്പിക്കപ്പെടുന്ന അണികള്‍ക്കിടയില്‍ ചില തിരിച്ചറിവുകള്‍ രൂപപ്പെടുന്നുണ്ടെങ്കിലും സ്വാധീനശക്‌തിയാവാന്‍ കഴിയുന്ന ഘടനയിലല്ല രണ്ടു പാര്‍ട്ടികളും. അഴിമതിയില്‍ മാത്രമല്ല കൊലപാതകങ്ങളിലും സ്‌ത്രീപീഢനങ്ങളിലും പരസ്‌പരം സംരക്ഷണം ഉറപ്പാക്കാന്‍ കഴിയുന്നതിന്റെ ജീവിക്കുന്ന സാക്ഷ്യങ്ങള്‍ ഒത്തിരിയുണ്ട്. സംഘര്‍ഷമില്ലാത്ത സാഹചര്യങ്ങള്‍ ഉണ്ടാവാന്‍ പാര്‍ട്ടികളും കക്ഷികളും നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് അപ്പുറത്തേക്ക് നീണ്ടുനില്‍ക്കുന്ന കാണാചരടുകളാണ് ഇതിന്റെയെല്ലാം മര്‍മ്മം.
നാദാപുരത്തും മാറാട്ടും പുറംലോകം അറിയാതെ പോയ ധാരണകള്‍ പല ഘട്ടങ്ങളിലും തോടുപൊട്ടിച്ച് പുറത്തുവന്നതാണ്. പരിമിതികളും താല്‍പര്യങ്ങളും നിര്‍ണായകമായ പല സന്ദര്‍ഭങ്ങളിലും സമുദായം അകപ്പെട്ട പ്രതിസന്ധികളില്‍ നിലപാടെടുക്കാന്‍ കഴിയാതെ ലീഗിനെ വേറിട്ട് നിര്‍ത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ മുന്‍കാല പാരമ്പര്യം ശുക്കൂര്‍ വധത്തിലും ലീഗ് അനുവര്‍ത്തിക്കുന്നെങ്കില്‍ അല്‍ഭുതപ്പെടാനില്ല. മകന്‍ നഷ്‌ടപ്പെട്ടതില്‍ നൊമ്പരപ്പെട്ട് കഴിയുന്ന ഒരു മാതാവിന് കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള മുസ്‌ലിം ലീഗ് അധികാരത്തിന്റെ താക്കോല്‍ സ്‌ഥാനത്തിന് തൊട്ടു താഴെയിരിക്കുമ്പോള്‍ തിരുവനന്തപുരത്തെ പ്രസ്സ് ക്ലബ്ബിലെത്തി കണ്ണീര്‍ വാര്‍ക്കേണ്ടി വന്ന സാഹചര്യത്തിന് എങ്ങനെ വിശദീകരിച്ചാലും മതിയായ ന്യായമാവില്ല.
സി.പി.എമ്മിന്റെ കൂടെ കിടന്നും അല്ലാതെയും അവരെന്താണെന്ന് അനുഭവിച്ചറിഞ്ഞ ലീഗ് നേതൃത്വം, സാക്ഷികളുടെ കൂറുമാറ്റം സി.പി.എം ഭീഷണിയാലാണെന്ന് പറയുന്നത് ഉള്‍ക്കൊള്ളാന്‍ മാത്രം പാമരന്മാരായിരിക്കണമെന്നില്ല ലീഗ് അണികള്‍. ഇത്തരമൊരാവശ്യം ശക്‌തമായി ഉന്നയിക്കാന്‍ കഴിയാത്ത വിധം ലീഗ് സി.പി.എം നേതൃത്വങ്ങള്‍ തമ്മിലുള്ള ഒരു ഇഴചേരല്‍ നിലനില്‍ക്കുന്നുണ്ട്. അതിന് ഒരുപാട് വില കേരളം മുമ്പ് നല്‍കിയിട്ടുണ്ട്. ഭാവിയില്‍ നല്‍കേണ്ടി വരികയും ചെയ്യും. സി.പി.എം അധികാരത്തിലിരുന്നപ്പോള്‍ ലഭിച്ച വിലമതിക്കാനാവാത്ത സഹായങ്ങള്‍ക്ക് പ്രത്യുപകാരം ചെയ്യാന്‍ ബാധ്യതപ്പെട്ട ലീഗ് നേതൃത്വത്തിനു മുമ്പില്‍ ഇനിയും ശുക്കൂര്‍മാര്‍ കൊല്ലപ്പെട്ടാലും പ്രശ്‌നമായിക്കൊള്ളണമെന്നില്ല. ഫെബ്രുവരി 20 ന് ശുക്കൂറിന്റെ കൊലപാതകം നടന്നത് പകല്‍ വെളിച്ചത്തിലാണ്. അതും മണിക്കൂറുകളോളം ബന്ദിയാക്കി നിര്‍ത്തിയശേഷം. മരണത്തെ മുഖാമുഖം കണ്ടു നിന്ന ശുക്കൂര്‍ മുസ്‌ലിം ലീഗ് നേതാക്കളുള്‍പ്പെടെ ഇരുനൂറോളം പേരെ വിളിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. ആരും തിരിഞ്ഞു നോക്കിയില്ല. പട്ടിയെ കൊല്ലും പോലെ പകല്‍ വെളിച്ചത്തില്‍ ഒരു മനുഷ്യനെ കൊലപ്പെടുത്തിയത് ആരായാലും അവര്‍ക്ക് മതിയായ ശിക്ഷ ലഭിക്കണമെന്നത്‌ശുക്കൂറിന്റെ കുടുംബത്തിന്റെ മാത്രം ആവശ്യമായി ചുരുങ്ങേണ്ടതില്ല. പ്രബുദ്ധകേരളമൊന്നാകെ ഉയര്‍ത്തേണ്ട ശബ്‌ദമായിരുന്നു അത്.
സംഭവത്തിന് ശേഷം മുപ്പത്തിയാറാം നാള്‍ എട്ടുപ്രതികള്‍ കോടതി മുമ്പാകെ കീഴടങ്ങിയതല്ലാതെ ഒരാളെ പോലും പിടികൂടാന്‍ ലീഗിന്റെ അധികാര പങ്കാളിത്തം കൊണ്ട് സാധ്യമായിട്ടില്ല. ശുക്കൂര്‍ കൊല്ലപ്പെട്ട് രണ്ടര മാസം കഴിഞ്ഞാണ് ചന്ദ്രശേഖരനെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തുന്നത്. ചന്ദ്രശേഖരന്‍ വധം നടന്നില്ലായിരുന്നെങ്കില്‍ ശുക്കൂര്‍ വധം ഇപ്പോള്‍ എത്തിയതിനേക്കാള്‍ മോശമായ പര്യവസാനത്തിലേക്ക് നീങ്ങുമായിരുന്നു. സി.പി.എമ്മിനെതിരെ ഉയര്‍ന്നുവന്ന പൊതുവികാരം ശുക്കൂര്‍ വധക്കേസിന്റെ തുടര്‍ നടപടിക്ക് നിര്‍ബന്ധപ്രേരകമായി വര്‍ത്തിച്ചു. എന്നാല്‍ വിചാരണാവേളയില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍ ബാക്കി വച്ചാണ് കേസിന്റെ മുമ്പോട്ട് പോക്കെന്ന് തിരിച്ചറിവുള്ള പലരും അന്ന് ചൂണ്ടിക്കാണിച്ചതാണ്. ആ ആശങ്ക മാത്രമാണ് സാക്ഷികളുടെ കൂറുമാറ്റത്തിലൂടെ കാണാന്‍ കഴിയുന്നത്.
അതത് പ്രദേശങ്ങളില്‍ മറ്റുള്ളവരുടെ വളര്‍ച്ച തകര്‍ക്കുക എന്നതാണ് ഓരോ അക്രമങ്ങളിലും സി.പി.എം ലക്ഷ്യമാക്കിയിരുന്നത്. സി.പി.എമ്മിന്റെ തുടക്കം കുറിക്കലാണ് ഏത് സംഘര്‍ഷങ്ങളുടെയും അടിവേരെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. അസഹിഷ്‌ണുതയും ജനാധിപത്യധ്വംസന പ്രവണതയും സി.പി.എമ്മിനെപ്പോലെ ലീഗും സ്വാധീനമേഖലകളില്‍ പ്രകടിപ്പിച്ചു കാണുന്നുണ്ട്. ശുക്കൂറിന് മുമ്പും ധാരാളം ലീഗ് പ്രവര്‍ത്തകന്മാര്‍ കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്. അത്തരം കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോയതിന്റെ പിന്നില്‍ ലീഗ് നേതൃത്വങ്ങള്‍ ഉണ്ടാക്കുന്ന ഒത്തുതീര്‍പ്പ് രാഷ്‌ട്രീയമാണ് ഘടകമായത്. ആര്‍.എസ്.എസ് ആയാലും സി.പി.എം ആയാലും നേതൃതല സഹകരണത്തിന് ലീഗിനുള്ള മെയ്‌വഴക്കം വേറൊന്ന് തന്നെയാണ്.
ചന്ദ്രശേഖരന്റെയും ഫസലിന്റെയും പാര്‍ട്ടികള്‍ക്ക് അധികാരത്തില്‍ ഒരു പങ്കാളിത്തവും ഉണ്ടായിരുന്നില്ല. എന്നിട്ടും നേതാക്കള്‍ക്ക് പോലും ജാമ്യം ലഭിക്കാതെ വിചാരണാ ഘട്ടത്തിലേക്ക് നീങ്ങാന്‍ കഴിയും വിധം നിയമപോരാട്ടം മുമ്പോട്ട് കൊണ്ടുപോകാന്‍ ഇരുകൂട്ടര്‍ക്കും കഴിഞ്ഞു. ടി.പി വധത്തില്‍ ഇനിയും അനേ്വഷണം നടക്കാന്‍ സാധ്യതയുണ്ട്. വിധിന്യായത്തിനു ശേഷം അത്തരം ചര്‍ച്ച പ്രസക്‌തമാകുമെന്നാണ് തോന്നുന്നത്.
സമ്പത്തും അനുഭവവും കഴിവും ഇല്ലാത്ത പാര്‍ട്ടിയല്ല മുസ്‌ലിം ലീഗ്. അത് ഏത് വഴിയില്‍ ഉപയോഗപ്പെടുത്തണമെന്ന ചില നിര്‍മിത തീരുമാനങ്ങള്‍ അവര്‍ക്കുണ്ട്. അതനുസരിച്ചേ ഇനി ലീഗ് സഞ്ചരിക്കൂ. കാസര്‍ഗോഡ് വെടിയേറ്റ് വീണ ലീഗ് പ്രവര്‍ത്തകനും ബീമാപ്പള്ളിയില്‍ കൊല്ലപ്പെട്ട ആറു മുസ്‌ലിംകളും മാറാട് കേസില്‍ ജയിലില്‍ കഴിയുന്ന 86 പേരും നിര്‍മിത തീരുമാനങ്ങള്‍ക്ക് പുറത്തായതുപോലെ അരിയിലെ ശുക്കൂറും അകലത്തുതന്നെയാകൂം ലീഗ് എന്ന രാഷ്‌ട്രീയ പ്രസ്‌ഥാനത്തിന്.
ക്ലസ്‌റ്റര്‍ വിവാദത്തില്‍ അധ്യാപകന്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണാവേളയില്‍ കൂറുമാറ്റം നടത്തിയത് സി.പി.എമ്മിന്റെ അധ്യാപക സംഘടനയുടെ പ്രധാന നേതാക്കളാണ്. മലപ്പുറത്തെത്തിയ സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും പി.ബി അംഗം കോടിയേരി ബാലകൃഷ്‌ണനും ലീഗിനെകുറിച്ച് ഒരക്ഷരം ഉരിയാടാതെ തിരിച്ചു പോയതിന്റെ നാലാംപക്കമാണ് ശുക്കൂര്‍ വധത്തിന്റെ സാക്ഷികളുടെ കൂറുമാറ്റം എന്ന വാര്‍ത്ത അധികമാരും ചേര്‍ത്ത് വച്ച് കാണില്ല. ഇരുകൂട്ടരുമുള്ള സഹകരണത്തിന്റെ പിന്നിലെ താല്‍പര്യം വി.എസ്.അച്യുതാനന്ദന്‍ മാത്രമായിക്കൊള്ളണമെന്നില്ല. സംരക്ഷിച്ച് നിര്‍ത്തേണ്ട പല കൂട്ടുകച്ചവടങ്ങളുടേതുകൂടിയാവാം.
നാസറുദ്ദീന്‍ എളമരം
പൊതുതാല്‍പര്യങ്ങളോടും പൗരാവകാശങ്ങളോടും ജനാധിപത്യ സംവിധാനത്തോടും നീതിന്യായ വ്യവസ്‌ഥയോടും മുഖംതിരിഞ്ഞുനില്‍ക്കുന്ന ഏതിനെയും തുറന്നുകാണിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. അതു നിര്‍വഹിക്കാതെ വരുമ്പോള്‍ രാജ്യത്തിന്റെ തകര്‍ച്ച പൂര്‍ണമാകും.
അത്രവേഗമങ്ങ് അവസാനിക്കാന്‍ പോവുന്നതല്ല മുന്‍ ഹെക്കോടതി ജഡ്‌ജി ആര്‍ ബസന്ത് ഉയര്‍ത്തിവിട്ട വിവാദം. ബസന്തിന്റെ പരാമര്‍ശങ്ങളില്‍ ഒട്ടനവധി കാര്യങ്ങള്‍ ഇഴചേര്‍ന്ന് നില്‍ക്കുന്നുണ്ട്. വിവാദമായ ഒരു സ്‌ത്രീ പീഡനക്കേസിലെ പലരും ശിക്ഷപ്പെടാതെ പോയതിലുള്ള ആശങ്കയറ്റി സുപ്രീംകോടതി ഇടപെടല്‍ നടത്തിയ സമയത്താണ് ഹെക്കോടതിയിലെ മുന്‍ ജഡ്‌ജിയുടെ അസമയത്തുള്ള പരാമര്‍ശം പുറത്തുവരുന്നത്.എന്തുകൊണ്ട് സൂര്യനെല്ലി കേസിന്റെ ഗതി ഇങ്ങനെയെത്തിയെന്ന് ആരും വിശദീകരിക്കാതെ തന്നെ ഓരോ സാധാരണക്കാരനും മനസ്സിലാകാന്‍ അവസരമൊരുക്കി എന്നതാണ് ബസന്ത് പ്രസ്‌താവനയുടെ മറ്റൊരു ഭാഗം. നമ്മുടെ ജുഡീഷ്യല്‍ സംവിധാനത്തെക്കുറിച്ച് സാധാരണക്കാരില്‍ പോലും നിലനിന്നിരുന്ന നല്ല സങ്കല്‍പ്പങ്ങളാണ് ഇത്തരമൊരു കസര്‍ത്ത് തകര്‍ത്തിട്ടതെന്ന് പറയാതെ വയ്യ. അത്യന്തം പ്രക്ഷുബ്‌ധമായി നില്‍ക്കുന്ന ഒരു പൊതുപരിസരത്തെ ഉള്‍ക്കൊള്ളുന്ന ഒരാളില്‍ നിന്ന് ഇങ്ങനെയൊന്ന് ഉണ്ടാവാന്‍ പാടില്ലായിരുന്നു. മറ്റ് പലരേക്കാളും ബസന്തിന്റെ പ്രതികരണം ഗൗരവതരമാകാന്‍ കാരണം ന്യായാധിപസ്‌ഥാനത്തിരുന്ന കാലത്ത് അദ്ദേഹം ഉണ്ടാക്കിവെച്ച നല്ല ഇമേജ് തന്നെയായിരിക്കാം.
എന്നാല്‍, പൊതുപ്രസംഗമോ അഭിമുഖമോ അല്ലാതെ രഹസ്യസംഭാഷണം ചോര്‍ത്തി എടുത്താണ് ഒരു ചാനല്‍ ബസന്തിന്റെ നിരീക്ഷണങ്ങളെ പൊതുചര്‍ച്ചയാക്കി കൊണ്ടുവന്നത്. അഴിമതിയും കൈക്കൂലിയും അവിഹിതവഴികളും സ്‌ട്രിങ് ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്ന് വലിയ ചലനങ്ങള്‍ സൃഷ്‌ടിച്ച മാധ്യമെശെലിയോട് ഒരുനിലക്കും ഇതിനെ തുലനം ചെയ്‌തുകൂടെന്ന അഭിപ്രായം പലരും ഉയര്‍ത്തിയിട്ടുണ്ട്. അതു ചര്‍ച്ചയാവേണ്ടതുണ്ടെങ്കില്‍ ആകാവുന്നതാണ്. ആര്‍ ബസന്ത് എന്ന മുന്‍ ന്യായാധിപനു വലിച്ചുകീറേണ്ടവല്ല മുഖംമൂടിയും ഉണ്ടെങ്കില്‍ അത് ക്യാമറയ്‌ക്കു മുമ്പില്‍ തന്നെ ആകാമായിരുന്ന എന്ന ഗുണപരമായ ചര്‍ച്ചയെയും നിരാകരിച്ചു കൂടാ. അത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവരോട് അസഹിഷ്‌ണുതയും വച്ചുപുലര്‍ത്തേണ്ടതില്ല.
പൊതുതാല്‍പര്യങ്ങളോടും പൗരാവകാശങ്ങളോടും ജനാധിപത്യ സംവിധാനത്തോടും നീതിന്യായ വ്യവസ്‌ഥയോടും മുഖംതിരിഞ്ഞുനില്‍ക്കുന്ന ഏതിനെയും തുറന്നുകാണിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. അതു നിര്‍വഹിക്കാതെ വരുമ്പോള്‍ രാജ്യത്തിന്റെ തകര്‍ച്ച പൂര്‍ണമാവും. അത്തരമൊരു ദൗത്യനിര്‍വഹണത്തിനു മാധ്യമങ്ങള്‍ക്ക് ശക്‌തിപകരേണ്ട ബാധ്യതയും പൗരസമൂഹത്തിനുണ്ട്. അതായിരിക്കാം നൈതിക ചര്‍ച്ച മാറ്റിവെച്ച് ബസന്ത് പ്രസ്‌താവനയില്‍ ശക്‌തമായി പ്രതികരിച്ച് പൗരസമൂഹം നിര്‍വഹിച്ച ബാധ്യത.
അതേസമയം, പൗരസമൂഹത്തോടുള്ള മാധ്യമബാധ്യത പൂര്‍ണമാകുന്നുണ്ടോ എന്ന സ്വയംവിലയിരുത്തലും ഉയര്‍ന്നുവരേണ്ടതുണ്ട്. നൈതികതയും ധാര്‍മികതയും നിര്‍ണയിക്കുന്ന അതിര്‍വരമ്പുകള്‍ മാധ്യമങ്ങള്‍ക്ക് ബാധകമാവുന്നില്ല എന്ന ആക്ഷേപം അടിക്കടി ഉയര്‍ന്നുവരുന്നുവെങ്കില്‍ അതും വിശകലനവിധേയമാവേണ്ടതുണ്ട്. ജനാധിപത്യത്തിലെ ധര്‍മ്മം മാധ്യമങ്ങള്‍ നിര്‍വഹിക്കണമെന്ന നിര്‍ബന്ധബുദ്ധിയുള്ളവരാണ് വായനക്കാരും പ്രേക്ഷകരുമെല്ലാം. ഭരണകൂടങ്ങള്‍ ജനാധിപത്യധ്വംസനം നടത്തുമ്പോള്‍ പ്രത്യേകിച്ചും. എന്നാല്‍ ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നവര്‍ വേട്ടയാടപ്പെടുമ്പോള്‍ അതിശക്‌തമായ ഇടപെടല്‍ ഉണ്ടാവേണ്ടതുണ്ട്.
ഭരണകൂടങ്ങള്‍ സൃഷ്‌ടിക്കുന്ന തീവ്രവാദ ഭീകരവാദ മാവോവാദ ഭയപ്പാടില്‍ പലപ്പോഴും നേരറിയാതെ പരിഭ്രമിച്ചുനില്‍ക്കുന്ന ജനങ്ങളില്‍ ആത്മവിശ്വാസത്തിന്റെ നേരറിവ് നല്‍കാന്‍ ശ്രമിച്ചവര്‍ക്ക് കാരാഗ്രഹം സമ്മാനിക്കപ്പെട്ട ഒട്ടേറെ അനുഭവങ്ങള്‍ നമുക്കു മുന്നിലുണ്ട്. വേട്ടയാടലിന് വിധേയമാവുന്ന അത്തരക്കാരില്‍ അവസാന കണ്ണിയാവണമെന്നില്ല മലയാള പത്രപ്രവര്‍ത്തക കെ.കെ.ഷാഹിനയും മംഗലാപുരത്തെ നവീന്‍ സൂരിന്‍ജെന്റെയും. ഭരണകൂട ഭീകരതയുടെ ഇരകളായി കഴിയുന്ന അനേകം നിരപരാധികള്‍ രാജ്യത്തെ വിവിധ ജയിലുകളിലുണ്ട്. യഥാര്‍ത്ഥ വിധ്വംസക പ്രവര്‍ത്തനത്തിന്റെ അടിവേരടക്കം കണ്ടെത്തിയിട്ടും രാജ്യത്ത് നടന്ന സ്‌ഫോടനങ്ങളുടെ മറയില്‍ വ്യാജ കേസുകള്‍ സൃഷ്‌ടിച്ച് അകത്താക്കിയവര്‍ക്ക് ഇനിയും പുറംലോകം കാണാന്‍ കഴിഞ്ഞിട്ടില്ല.
ആവര്‍ത്തിക്കപ്പെടുന്ന അതിര്‍ലംഘനങ്ങള്‍ക്ക് പൗരസമൂഹം വിധേയമാവുമ്പോള്‍ മാധ്യമസമൂഹത്തിലെ ചിലരെങ്കിലും പിന്നാമ്പുറം തേടി നടത്തുന്ന യാത്രകളാണ് ആശ്വാസം പകരുന്നത്. അതൊന്നും വെച്ചുപൊറിപ്പിക്കില്ലെന്ന സന്ദേശം നല്‍കാന്‍ ചില ഇടപെടലുകളിലൂടെ ഭരണസംവിധാനത്തിന് കഴിയുന്നു എന്നത് മറ്റൊരു കാര്യമാണ്. പ്രത്യേക സമുദായത്തിലെ 258 പേരുടെ ഇമെയില്‍ ചോര്‍ത്തിയ സംഭവം പുറത്തുവന്നപ്പോള്‍ കേരളത്തിലെ ഇരുമുന്നണികളും സ്വീകരിച്ച സമീപനങ്ങളും മാധ്യമങ്ങള്‍ അനുവര്‍ത്തിച്ച നിലപാടും ഷാഹിന സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ നിന്ന് വേറിട്ട് കാണാന്‍ കഴിയില്ല.
കൃത്യമായ ലക്ഷ്യത്തോടെയും ഉദ്ദേശ്യത്തോടെയും സൃഷ്‌ടിച്ചെടുത്തതാണ് മഅ്‌ദനിക്കെതിരെ എടുത്ത കേസെന്ന് അനേ്വഷിച്ച് കണ്ടെത്താന്‍ അതിമിടുക്കൊന്നും വേണ്ട. എന്നിട്ടും ആരും ആ വഴി സഞ്ചരിച്ചില്ലെന്നു മാത്രം. ഷാഹിന അതില്‍ വേറിട്ടു നടന്നുനോക്കി. അങ്ങനെ ഒറ്റപ്പെട്ട നടത്തങ്ങളെ എളുപ്പത്തില്‍ നിര്‍വീര്യമാക്കാനുള്ള ആയുധങ്ങള്‍ നമ്മുടെ രഹസ്യാനേ്വഷണവിഭാഗത്തിന്റെ കൈവശം മതിയാവോളം ഉണ്ടുതാനും. പൊരുളറിയേണ്ട നിരവധി കേസുകള്‍ രാജ്യത്തുണ്ടായിരിക്കേ മഅ്‌ദനി കേസില്‍ ഷാഹിന നടത്തിയ ഒറ്റപ്പെട്ട നടത്തത്തിലൂടെ ഭാവിയില്‍ പുറത്തുവന്നേക്കാവുന്ന സത്യങ്ങളെ അവര്‍ ഭയപ്പെടുന്നു.
നിര്‍ഭയമായി പത്രപ്രവര്‍ത്തനം നടത്തുന്നവരുടെ മനോവീര്യം തകര്‍ക്കുന്നതിലൂടെ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന അപ്രമാദിത്വത്തെക്കുറിച്ചു നമ്മുടെ രഹസ്യാനേ്വഷണ ഏജന്‍സിക്ക് തികഞ്ഞ ബോധ്യമുണ്ട്. യു.എ.പി.എ എന്ന കരിനിയമത്തിലെ 22എ വകുപ്പ് ഉപയോഗിച്ചും 120ബി ഉപയോഗിച്ചും കേസില്‍ പ്രതിയാക്കുമ്പോള്‍ ഇത്തരമൊരു ബോധ്യത്തെയാണ് വായിച്ചെടുക്കാന്‍ കഴിയുന്നത്. മഅ്‌ദനിയെ കുരുക്കാന്‍ പോലിസ് കൊണ്ടുവന്ന രണ്ട് സാക്ഷികളുടെയും യഥാസ്‌ഥിതി പുറംലോകത്തേക്ക് ഷാഹിന എടുത്തിടുമ്പോള്‍ വിറളിപിടിക്കുന്ന ഭരണകൂടത്തിന്റെ മുഖമാണ് നാം കാണുന്നത്. ഷാഹിനയ്‌ക്ക് എതിരായ കേസ് നിലനില്‍ക്കില്ലെന്നും ശിക്ഷയ്‌ക്കപ്പെടില്ലെന്നും അത് ചമച്ചുണ്ടാക്കിയവര്‍ക്ക് നല്ല ബോധ്യമുണ്ട്. എന്നാല്‍ ഫ്രെയിം ചെയ്‌ത ഒരു കേസ് തീരുവോളം കോടതി വരാന്തയില്‍ കയറിയിറങ്ങി ലഭിക്കുന്ന ശിക്ഷമാത്രം മതി മനോവീര്യം തകര്‍ക്കാന്‍. എറണാകുളത്ത് നിന്ന് മാസത്തില്‍ രണ്ടു തവണ മടിക്കേരിയിലേക്കും ചോമവാര്‍ത്തേട്ടിലേക്കും നടത്തുന്ന യാത്ര തന്നെ ഒരു സ്‌ത്രീക്ക് നല്‍കാവുന്ന മതിയായ ശിക്ഷയാണ്.
കാവി രാഷ്‌ട്രീയം ആദ്യം വിജയിപ്പിച്ചെടുത്താല്‍ ഇത്തരം മനോവീര്യം തകര്‍ക്കല്‍ അനായാസേന മറ്റുള്ളവര്‍ക്കും പിന്തുടരാവുന്നതേയുള്ളൂ. മംഗലാപുരത്ത് സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ചെയ്‌ത കുറ്റം കാവി ഭീകരതയെ തുറന്നുകാണിച്ചുവെന്നതാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു ജന്മദിനാഘോഷം നടത്തുന്നതു കണ്ട് കലിപൂണ്ട ഹിന്ദു ജാഗരണവേദിക്കാര്‍ മംഗലാപുരത്തെ സ്‌റ്റേഹോമില്‍ കയറി നടത്തിയ ഭീകരാക്രമണത്തെ പുറംലോകത്തെ അറിയിച്ചു എന്ന തെറ്റാണ് നവിന്‍ സൂരിന്‍ജെ ചെയ്‌ത തെറ്റ്. കഴിഞ്ഞ നവംബര്‍ 7 മുതല്‍ അദ്ദേഹത്തെ കര്‍ണാടക സര്‍ക്കാര്‍ ജയിലിലടച്ചിരിക്കുകയാണ്. എഡിറ്റേഴ്‌സ് ഗില്‍ഡ് ഉള്‍പ്പെടെ മാധ്യമ ലോകവും പൊതുസമൂഹവും ഇടപെട്ടിട്ടും നവീന് പുറത്തിറങ്ങാനായിട്ടില്ല. 31 അക്രമികളോടൊപ്പം അതേ കുറ്റം തന്നെ ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌ത പത്രപ്രവര്‍ത്തകനും ഏല്‍ക്കേണ്ടിവന്നിരിക്കുന്നു. സര്‍ക്കാരുകള്‍ വിചാരിച്ചാലും ഇത്തരം കേസുകളില്‍ പെടുന്ന മാധ്യമപ്രവര്‍ത്തകരെ രക്ഷപെടാന്‍ അനുവദിക്കാത്ത വിധമുള്ള ചങ്ങലകളുമായാണ് എല്ലാവരും ചേര്‍ത്ത് ബന്ധിച്ചിരിക്കുന്നത്. മഅ്‌ദനി വിഷയത്തില്‍ ഉയര്‍ന്നുവരുന്ന പ്രതിഷേധത്തെ പോലെയോ അതിനേക്കാള്‍ ഗൗരവമര്‍ഹിക്കുന്ന വിധത്തിലോ ഷാഹിന കേസില്‍ പൗരബോധം ഉണര്‍ന്നുവരേണ്ടതുണ്ടായിരുന്നു.
യശശ്ശരീരനായ ഇ.കെ. അബൂബക്കര്‍ മുസ്ല്യാര്‍ തീവണ്ടിയാത്രയ്ക്കിടെ സഹയാത്രികന്റെ കൈവശമുണ്ടായിരുന്ന പത്രം വായിക്കാനായി ചോദിച്ച കഥയുണ്ട്. ഇത് ഇംഗ്ളീഷ് പത്രമാണു മുസ്ല്യാരേ എന്നു യാത്രക്കാരന്‍ അവജ്ഞയോടെ പറഞ്ഞപ്പോള്‍, അതുകൊണ്ടാണെടോ ഞാന്‍ ചോദിച്ചത് എന്ന് ഇ.കെ. മറുപടി നല്‍കി. മതം പഠിപ്പിക്കുന്ന/പഠിക്കുന്നവര്‍ക്ക് അക്ഷരാഭ്യാസമില്ലെന്ന സാമാന്യബോധത്തിനു കേരളത്തിലെ മുസ്ലിംകളില്‍നിന്നുള്ള ആദ്യ കൊട്ടായിരുന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഇ.കെ. അബൂബക്കര്‍ മുസ്ല്യാര്‍ നല്‍കിയത്. ഇ.കെ. ഇന്നില്ലെങ്കിലും തൊപ്പിയും തലപ്പാവും ധരിച്ച ഒരാള്‍ ഇന്ന് ഇംഗ്ളീഷ്പത്രം വായിക്കുന്നത് അപൂര്‍വകാഴ്ച അല്ലാതായി. കാസര്‍കോട്ടുനിന്ന് എറണാകുളത്തേക്കു തീവണ്ടികയറിയാല്‍ തൊപ്പിയും തലപ്പാവും ധരിച്ച മതവിദ്യാര്‍ഥികള്‍ ഇംഗ്ളീഷ് പത്രം വായിച്ചു യാത്രചെയ്യുന്ന കാഴ്ച സാധാരണയാണ്.
സര്‍വകലാശാലകള്‍ നടത്തുന്ന ബിരുദ/ബിരുദാനന്തര പരീക്ഷാകേന്ദ്രങ്ങളില്‍ വരുന്നവരില്‍ തൊപ്പിധരിച്ച വിദ്യാര്‍ഥികളെ ധാരാളം കാണാം. കഴിഞ്ഞവര്‍ഷത്തെ സിവില്‍ സര്‍വിസ് പ്രിലിമിനറി പരീക്ഷയെഴുതിയവരില്‍ കേരളത്തിലെ മതസ്ഥാപനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുമുണ്ടായിരുന്നു. പറഞ്ഞുവരുന്നത് മതവിദ്യാര്‍ഥികളിലെ മാത്രം മാറ്റമല്ല, മലബാറിലെ മൊത്തം മാറ്റമാണ്. മലബാറിലെ ഒരു മുസ്ലിംയുവതി ഐ.ഐ.എം. പരീക്ഷയില്‍ ഉന്നതവിജയം നേടിയത് അടുത്തിടെ വാര്‍ത്തയായിരുന്നു. 40 വര്‍ഷം മുമ്പുവരെ രാവിലെയും വൈകിട്ടും കഞ്ഞിയും കപ്പയും മാത്രം ഭക്ഷിച്ചു ശീലിച്ചവരുടെ രണ്ടാം തലമുറ ഇന്നു സായംസന്ധ്യകളില്‍ എയര്‍കണ്ടീഷന്‍ ചെയ്ത വന്‍കിട ഹോട്ടലുകളില്‍ കെ.എഫ്.സി. ചിക്കന്‍ കടിച്ചുചവയ്ക്കുന്നു. ബ്രിട്ടിഷ്, പോര്‍ച്ചുഗീസ് അധിനിവേശശക്തികളോടുള്ള എതിര്‍പ്പുകാരണം അവരുമായി ബന്ധപ്പെട്ട സംസ്കാരവും ഭാഷയും ഉള്‍പ്പെടെ എല്ലാം ബഹിഷ്കരിച്ചവരുടെ പിന്മുറക്കാര്‍, ലോകകപ്പ് മല്‍സരകാലത്ത് ഈ രാജ്യങ്ങളുടെ പതാകകള്‍ വീശി പ്രകടനം നടത്തുന്ന വിധമുള്ള മാറ്റവും ഇതോടൊപ്പം മലബാറില്‍ ഉണ്ടായി.
കേരളത്തിലെ പശ്ചിമേഷ്യ
പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള മലബാര്‍ എന്നറിയപ്പെടുന്ന ആറു ജില്ലകള്‍ സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയില്‍ 45 ശതമാനവും ജനസംഖ്യയില്‍ 44 ശതമാനവുമാണ്. അന്താരാഷ്ട്രതലത്തില്‍ പശ്ചിമേഷ്യയെ പോലെയാണു മലബാര്‍. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലൊന്നും (പ്രത്യേകിച്ച് വാര്‍ത്താചാനലുകളില്‍) മലബാറില്‍നിന്നുള്ള ഗുണപരമായ വാര്‍ത്തകളൊന്നും ഉണ്ടാവാറില്ല. അന്താരാഷ്ട്ര പേജുകളിലെ നല്ല വാര്‍ത്തകള്‍ തൊണ്ണൂറുശതമാനവും അമേരിക്കയില്‍നിന്നോ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നോ ആയിരിക്കും. പശ്ചിമേഷ്യയില്‍നിന്നു സ്ഫോടനത്തിന്റെയും ആക്രമണത്തിന്റെയും വാര്‍ത്തകള്‍ മാത്രമേ ഉണ്ടാവൂ. 70 കാരനായ അഫ്ഗാന്‍ വൃദ്ധന്‍ 15 കാരിയെ നാലാംഭാര്യയാക്കാന്‍ ശ്രമിക്കുന്നതുപോലുള്ള നെഗറ്റീവ് ഇനത്തിലുള്ള വാര്‍ത്തകള്‍ ചിലപ്പോള്‍ ദക്ഷിണേഷ്യയില്‍നിന്നുണ്ടാവും. ഇതുപോലെത്തന്നെയാണു മലബാറിനോടുള്ള മാധ്യമസമീപനങ്ങളും.
മേഖലയിലെ പിന്നാക്കാവസ്ഥ പരിഗണിച്ച് ഉത്തരമലബാറില്‍ സ്ഥാപിച്ച കേന്ദ്രസര്‍വകലാശാലയുടെ മെഡിക്കല്‍ കോളജ് അടക്കമുള്ള സ്ഥാപനങ്ങള്‍ പത്തനംതിട്ടയിലെ തിരുവല്ലയിലേക്കു മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നതാണ്. മെഡിക്കല്‍ കോളജ് കാസര്‍കോട്ടുതന്നെ സ്ഥാപിക്കുമെന്നു കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്െടങ്കിലും ഇതുസംബന്ധിച്ചു മലബാറുകാരുടെ ആശങ്ക തീര്‍ന്നിട്ടില്ല. മലബാര്‍ ജില്ലകള്‍ക്കിപ്പോഴും ആശ്രയം കോഴിക്കോട് മെഡിക്കല്‍ കോളജ് മാത്രമാണ്. ഈയവസ്ഥയിലാണു കാസര്‍കോട്ട് കേന്ദ്രസര്‍വകലാശാല വരുന്നത്. എന്നാല്‍, ഇതിലെ പ്രധാന വിഭാഗങ്ങള്‍ തെക്കന്‍ ജില്ലയിലേക്കു മാറ്റാനുള്ള ഗൂഢാലോചനയ്ക്കെതിരേ മലബാറില്‍നിന്നു ശക്തമായ പ്രതിഷേധസ്വരം പോലും ഉയര്‍ന്നുവന്നില്ല. ഇക്കാര്യം പലരുടെയും ശ്രദ്ധയില്‍ പോലും പെട്ടില്ലെന്നതാണു വസ്തുത.
പോര്‍ച്ചുഗീസുകാരുടെയും തുടര്‍ന്നു ബ്രിട്ടിഷുകാരുടെയും അധിനിവേശമാണു മലബാറുകാരുടെ പിന്നാക്കാവസ്ഥയ്ക്കു പ്രധാന കാരണം. അധിനിവേശശക്തികളുമായി നീക്കുപോക്കിനു തയ്യാറാവാതെ അവരുമായി മലബാറുകാര്‍ യുദ്ധം പ്രഖ്യാപിച്ചു. പോരാട്ടത്തിന്റെ ഭാഗമായി അധിനിവേശശക്തികളുടെ ഭാഷയെയും സംസ്കാരത്തെയും അവര്‍ ബഹിഷ്കരിച്ചു. ഇംഗ്ളീഷ് നിഷിദ്ധമാണെന്നുവരെ ചില പണ്ഡിതര്‍ മതവിധി പുറപ്പെടുവിച്ചു. സമരം ഈ പ്രദേശത്തുകാരെ സാമൂഹികമായും സാമ്പത്തികമായും ആരോഗ്യപരമായും തകര്‍ത്തുകളഞ്ഞു. പോര്‍ച്ചുഗീസുകാരും ബ്രിട്ടിഷുകാരും മലബാറിലെ ജനങ്ങളോടു പ്രതികാരബുദ്ധിയോടെയാണു പെരുമാറിയത്.
പോരാട്ടവീര്യം
ദൈവത്തിന്റെ ഭൂമിക്കു നികുതിയില്ലെന്നു പറഞ്ഞ് 18ാം നൂറ്റാണ്ടില്‍ ഇന്ത്യയിലാദ്യമായി നികുതിനിഷേധപ്രസ്ഥാനത്തിനു തുടക്കമിട്ട ഉമര്‍ ഖാസിയുടെ ചരിത്രം കേട്ടു വളരുന്ന തലമുറയാണു മലബാറിലുള്ളത്. 1857ലെ സ്വാതന്ത്യ്രസമരത്തിനു മുമ്പു തന്നെ മലബാറിന് ബ്രിട്ടിഷുകാര്‍ക്കെതിരായ പോരാട്ടത്തിന്റെ നൂറുകണക്കിനു കഥകള്‍ പറയാനുണ്ട്. അനീതിക്കെതിരായ പ്രതിഷേധത്വരയും സ്വാതന്ത്യ്രദാഹവും അവര്‍ക്കു തലമുറകളായി ലഭിച്ചതാണ്. കോണ്‍ഗ്രസ്സുകാരായാലും മുസ്്ലിംലീഗുകാരായാലും പാര്‍ട്ടിയില്ലാത്തവരായാലും എന്നും പ്രതികരികക്കക്കാനനുള്ള മനസ്സായിരുന്നു അവര്‍ക്ക്. കേരളത്തില്‍ കര്‍ഷകപ്രക്ഷോഭങ്ങള്‍ ഏറ്റവുമധികം കൊടുമ്പിരിക്കൊണ്ടതു മലബാറിലായിരുന്നല്ലോ. മുസ്ലിംകള്‍ക്കു ഗണ്യമായ സ്വാധീനമുണ്ടായിരുന്നെങ്കിലും മലബാറില്‍ സര്‍വേന്ത്യാ മുസ്ലിംലീഗിനു ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് ചേരിക്കൊപ്പമായിരുന്നു മലബാറിന്റെ മനസ്സ്. പുന്നപ്രയിലും വയലാറിലും കര്‍ഷകപ്രക്ഷോഭങ്ങള്‍ ഉയരുന്നതിനു മുമ്പുതന്നെ മലബാറില്‍ ജന്മിമാര്‍ക്കെതിരേ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു.
ടിപ്പുവിന്റെ കാലത്തുതന്നെ ഇവിടെ വന്‍ഭൂവുടമകള്‍ക്കെതിരേ ലഹളകള്‍ നടന്നു. –ജന്മിമാര്‍ ടിപ്പുവിന്റെ ഭരണകാലത്തു തിരുവിതാകൂറിലേക്ക് ഓടിപ്പോയെങ്കിലും ബ്രിട്ടിഷുകാര്‍ ടിപ്പുവിനെ വഞ്ചിച്ചുകൊലപ്പെടുത്തിയ ശേഷം അവര്‍ മലബാറില്‍ തിരിച്ചെത്തി. ബ്രിട്ടിഷുകാരുടെ പിന്‍ബലത്തോടെ ജന്മിമാര്‍ മലബാറില്‍ വ്യാപക കുടിയൊഴിപ്പിക്കല്‍ ആരംഭിച്ചു. സവര്‍ണഭൂവുടമകള്‍ക്കും മറ്റ് അധികാരകേന്ദ്രങ്ങള്‍ക്കുമെതിരേ മലബാറില്‍ വന്‍പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. എന്നാല്‍, പുന്നപ്ര-വയലാര്‍ സമരങ്ങളെപ്പോലെ മലബാര്‍സമരങ്ങള്‍ പരിഗണിക്കപ്പെട്ടില്ല. അവ വര്‍ഗീയലഹളകളായാണു ചിത്രീകരിക്കപ്പെട്ടത്. 1920കളില്‍ മലബാറില്‍ ഉയര്‍ന്ന കര്‍ഷകസമരങ്ങള്‍ക്കു കോണ്‍ഗ്രസ്സിന്റെ പിന്തുണയുണ്ടായെങ്കിലും സമരാനന്തരം ബ്രിട്ടിഷുകാര്‍ ജനങ്ങളെ വേട്ടയാടിയപ്പോള്‍ സഹായിക്കുന്നതിനു പകരം അവരെ തള്ളിപ്പറയുകയാണു പാര്‍ട്ടി ചെയ്തത്. ഈ സംഭവത്തിനുശേഷമാണു മലബാറുകാര്‍ കോണ്‍ഗ്രസ്സുമായി തെറ്റുന്നതും ലീഗുമായി അടുക്കുന്നതും. അന്നു മാപ്പിളമാര്‍ക്കൊപ്പം കോണ്‍ഗ്രസ് നിന്നിരുന്നെങ്കില്‍ ഒരു പക്ഷേ, മലബാറില്‍ ലീഗിന് ഇന്നുള്ളതു പോലെ സ്വാധീനം ഉണ്ടാകുമായിരുന്നില്ല.
അറബികളുമായുള്ള സഹവാസം മലബാറുകാരുടെ സ്വഭാവരൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ചു. അറബികളുടെ സത്യസന്ധതയും മാന്യതയുമാണു മലബാറുകാരെ സ്വാധീനിച്ച ഘടകം. അറബികളുടെ സ്വാധീനഫലമായി ഇസ്ലാം സ്വീകരിച്ചവരുടെ പിന്മുറക്കാരാണു പ്രദേശത്തെ നല്ലൊരു ശതമാനവും. എന്നാല്‍, മതം മാറിയെങ്കിലും പലരും തങ്ങളുടെ പാരമ്പര്യം കൈവെടിഞ്ഞില്ല. ഇക്കാരണത്താലാവണം, മലബാറിലെ മുസ്ലിംകള്‍ ഇന്ത്യയിലെ മറ്റേതൊരു പ്രദേശത്തെ മുസ്്ലിംകളേക്കാളും ഹൈന്ദവ ആചാരങ്ങളുമായും അവരുടെ സാമൂഹിക-സാംസ്കാരിക ധാരകളുമായും സാദൃശ്യം പുലര്‍ത്തുന്നത്. മലബാറിലെ പുരാതനവും പ്രമുഖവുമായ പൊന്നാനി പള്ളിയിലേതുള്‍പ്പെടെയുള്ള വിളക്കുകളും കൊണ്ടാട്ടിനേര്‍ച്ചപോലുള്ള ആചാരങ്ങളും ഇതിനുദാഹരണമാണ്. മരം കൊണ്ടു നിര്‍മിച്ച പുരാതനമായ പല മുസ്ലിംപള്ളികളും ഹൈന്ദവക്ഷേത്രങ്ങളുടെ നിര്‍മാണരീതി കടമെടുത്തതായി കാണാം. ഹൈന്ദവര്‍ക്കിടയിലെ മരുമക്കത്തായ സമ്പ്രദായം ചില പ്രദേശങ്ങളിലെ മുസ്്ലിംകളിപ്പോഴും സ്വീകരിച്ചുവരുന്നുണ്ട്.

കുതിപ്പ്
ഗള്‍ഫ് കുടിയേറ്റത്തിനു മലബാറിനെ മാറ്റിമറിക്കുന്നതില്‍ വലിയ പങ്കുണ്ട്. ഗള്‍ഫിലെ ഭര്‍ത്താവിന്റെ/മകന്റെ കത്തുവായിക്കാന്‍ അല്ലെങ്കില്‍ അവര്‍ക്കു മറുപടിയെഴുതാന്‍ കഴിയാതെ തന്റെ വിചാരവികാരങ്ങളത്രയും ഓഡിയോ കാസറ്റുകളില്‍ റെക്കോഡ് ചെയ്ത് അയക്കുന്ന പതിവില്‍നിന്നു ബ്ളാക്ബെറി ചാറ്റിങ്ങിലേക്കും വീഡിയോ ചാറ്റിങ്ങിലേക്കും സ്കെയ്പ് കോളിലേക്കും പുതുതലമുറ മാറി. ഗള്‍ഫിലെ ഉറ്റവരുമായി ആശയവിനിമയം നടത്താന്‍ മലയാളം പഠിക്കണമെന്ന ആവശ്യമാണ് മക്കളെ വിദ്യയഭ്യസിപ്പിക്കാന്‍ രക്ഷിതാക്കളെ ആദ്യം പ്രേരിപ്പിച്ചത്. ഗള്‍ഫില്‍ ഷൂസും കോട്ടും ധരിച്ച അന്യദേശക്കാരനെപ്പോലെ ആവണമെന്ന ചിന്ത ഓരോ പ്രവാസിയെയും സ്വന്തം മക്കളെ കോളജിലേക്കു പറഞ്ഞുവിടാന്‍ നിര്‍ബന്ധിതനാക്കി. ഈ ചിന്തകളാണു പടിപടിയായി വിദ്യാഭ്യാസ-സാമ്പത്തിക ഉണര്‍വിനു കാരണമായത്.
മിക്ക ദമ്പതിമാര്‍ക്കും പത്തില്‍ കൂടുതല്‍ മക്കളുണ്ടായിരുന്ന അവസ്ഥയില്‍ നിന്ന്, ഓരോരുത്തര്‍ക്കും രണ്േടാ മൂന്നോ ഏറിവന്നാല്‍ നാലോ മക്കളായി ചുരുങ്ങി. കുട്ടി ആണെന്നോ പെണ്ണെന്നോ നോക്കാതെ എല്ലാവരുടെയും വിദ്യാഭ്യാസകാര്യത്തില്‍ അക്ഷരാഭ്യാസമില്ലാതിരുന്ന രക്ഷിതാക്കള്‍ ശ്രദ്ധിച്ചു. എനിക്ക് ഏതായാലും പഠിക്കാന്‍ കഴിഞ്ഞില്ല; വിദ്യാഭ്യാസമില്ലാത്ത കുറവ് മക്കള്‍ക്ക് ഒരിക്കലും ഉണ്ടാവരുതെന്ന് അവര്‍ ചിന്തിച്ചു. 10-15 വര്‍ഷം മുമ്പുവരെ ഹൈസ്കൂള്‍ പഠനത്തിനിടെ കെട്ടിച്ചയക്കുകയായിരുന്നു പതിവെങ്കില്‍ ഇന്ന് 95 ശതമാനം പെണ്‍കുട്ടികളും പ്ളസ്ടു പൂര്‍ത്തിയാക്കിയവരാണ്. യു.പി. സ്കൂള്‍ ആണ് ഒന്നരപ്പതിറ്റാണ്ടു മുമ്പ് പെണ്‍കുട്ടികളുടെ ശരാശരി വിദ്യാഭ്യാസയോഗ്യതയെങ്കില്‍ ഇപ്പോഴത് പ്ളസ്ടുവോ അതിനു മുകളിലോ ആണ്.
മാറ്റത്തിന്റെ മറ്റൊരു മുഖം
ബ്രിട്ടിഷുകാരോടും പോര്‍ച്ചുഗീസുകാരോടും പൊരുതി ധീരരക്തസാക്ഷികളായവരുടെ ഇളംതലമുറയില്‍പ്പെട്ടവര്‍ ഇതേ രാജ്യങ്ങളുടെ ആരാധകരായി അവരുടെ പതാക സ്വന്തം നാട്ടില്‍ ഉയര്‍ത്തുകയും ഫ്ളക്സ്ബോര്‍ഡ്
സ്ഥാപിക്കുകയും ചെയ്യുന്ന മാറ്റം കേവലം ആരോഗ്യകരമായ പന്തുകളിപ്രേമമായി കാണാവുന്നതാണ്. എന്നാല്‍, മാറിയ മലബാറിലെ ആഡംബരത്തിന്റെ ബാക്കിപത്രമായി ഇതിനെ കാണുന്നവരുമുണ്ട്. മധ്യകേരളത്തിലെ പ്രമുഖ ഉല്ലാസ പാര്‍ക്കുകളിലും അയല്‍സംസ്ഥാനങ്ങളിലെ വിനോദസഞ്ചാരകേന്ദങ്ങളിലും നല്ലൊരു ശതമാനം തൃക്കരിപ്പൂരിലെയും നാദാപുരത്തെയും കൊടുവള്ളിയിലെയും മഞ്ചേരിയിലെയും തിരൂരിലെയും കുടുംബങ്ങളെ കാണാം. ദക്ഷിണേന്ത്യയിലെ മികച്ച വസ്ത്രവ്യാപാര കമ്പനികള്‍ക്ക് കോഴിക്കോട്ട് ബ്രാഞ്ചുകളുണ്ടങ്കിലും വീട്ടിലെ കല്യാണത്തിന് ചെന്നൈയിലും കോയമ്പത്തൂരിലും അല്ലെങ്കില്‍ കൊച്ചിയിലെങ്കിലും പോയി ഷോപ്പിങ് നടത്തിയാലേ മാറിയ മലബാറുകാര്‍ക്കു തൃപ്തിയാവൂ.
മലബാറില്‍ കല്യാണങ്ങളുടെ പേരില്‍ നടക്കുന്ന ധൂര്‍ത്തും ആഡംബരങ്ങളും രോഗാതുരമായ അവസ്ഥയെയാണു സൂചിപ്പിക്കുന്നത്.
ജനാധിപത്യവഴിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളെ തങ്ങള്‍ വലിച്ചു താഴെയിറക്കുമെന്ന് ഭീഷണി മുഴക്കാന്‍ ധാര്‍ഷ്‌ട്യം എന്‍.എസ്.എസിന് ലഭിച്ചതില്‍ യു.ഡി.എഫിനെ മാത്രം പഴിക്കുന്നതില്‍ അര്‍ത്ഥമില്ല. സ്വസമുദായാംഗങ്ങളുടെ സാമൂഹ്യപുരോഗതിക്കും ക്ഷേമത്തിനും വേണ്ടി വ്യത്യസ്‌ത സമുദായങ്ങള്‍ പ്രത്യേകമായി സംഘടിക്കുന്നത് ജനാധിപത്യസംവിധാനത്തിന് കരുത്താണ് പകരുക. ഏത് വിഭാഗമായാലും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച നല്ല ബോധ്യം മറ്റുള്ളവരെക്കാള്‍ അവര്‍ക്ക് തന്നെയാണ് ഉണ്ടാവുക.
ഒരു പ്രബല സമുദായ സംഘടന സൃഷ്‌ടിക്കുന്ന നിരന്തര സമ്മര്‍ദ്ദത്തില്‍ കുരുങ്ങി വീര്‍പ്പുമുട്ടുകയാണ് കേരളത്തിലെ യു.ഡി.എഫ് രാഷ്‌ട്രീയം. സര്‍ക്കാര്‍ അധികാരമേറ്റ് മാസങ്ങള്‍ക്കകം തന്നെ തുടങ്ങിയതാണ് ഈ വീര്‍പ്പുമുട്ടിക്കല്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആയുസ് വരെ ചില രാഷ്‌ട്രീയ ജ്യോതിഷന്‍മാര്‍ നിര്‍ണയിച്ചുകഴിഞ്ഞു. നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫിനെ പാഠം പഠിപ്പിക്കാന്‍ ബി.ജെ.പിക്ക് വോട്ടു പതിച്ചുനല്‍കുകയും വിജയിച്ചപ്പോള്‍ അവകാശവാദവുമായി രംഗത്ത് വരികയും ചെയ്‌ത അതേ നേതാവ് തന്നെയാണ് ഇപ്പോള്‍ സര്‍ക്കാരിനെ താഴെയിടുമെന്ന് ഭീഷണിപ്പെടുത്തുന്നത്.
ജനാധിപത്യവഴിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളെ തങ്ങള്‍ വലിച്ചു താഴെയിറക്കുമെന്ന് ഭീഷണി മുഴക്കാന്‍ ധാര്‍ഷ്‌ട്യം എന്‍.എസ്.എസിന് ലഭിച്ചതില്‍ യു.ഡി.എഫിനെ മാത്രം പഴിക്കുന്നതില്‍ അര്‍ത്ഥമില്ല. സ്വസമുദായാംഗങ്ങളുടെ സാമൂഹ്യപുരോഗതിക്കും ക്ഷേമത്തിനും വേണ്ടി വ്യത്യസ്‌ത സമുദായങ്ങള്‍ പ്രത്യേകമായി സംഘടിക്കുന്നത് ജനാധിപത്യസംവിധാനത്തിന് കരുത്താണ് പകരുക. ഏത് വിഭാഗമായാലും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച നല്ല ബോധ്യം മറ്റുള്ളവരെക്കാള്‍ അവര്‍ക്ക് തന്നെയാണ് ഉണ്ടാവുക.
ഓരോന്നിന്റെയും പരിസരവും അനുഭവവും വ്യത്യസ്‌തമാവുക സ്വാഭാവികമാണ്. സാമുദായികവും ജാതീയവും ഭാഷാപരവും മതപരവുമായ െവെജാത്യങ്ങള്‍ നിറഞ്ഞ ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ നിരാകരിക്കാന്‍ കഴിയുന്ന ഒന്നല്ല. ഗുണപരമായ തലത്തില്‍ അതത് വിഭാഗങ്ങള്‍ സ്വസമുദായത്തിന്റെ ജനാധിപത്യപരമായ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുക എന്നതില്‍ അപകടം ദര്‍ശിച്ചുകൂടാ.
ഒരു ജനാധിപത്യരാജ്യത്ത് മൗലികമായി ഇതെല്ലാം വകവെച്ചുനല്‍കേണ്ടത് തന്നെയാണ്. സമൂഹങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ക്കുവേണ്ടി ഉയര്‍ന്നുവരുന്ന ഏത് ശബ്‌ദത്തിനും ചെവികൊടുക്കേണ്ടത് മതേതര സംവിധാനത്തില്‍ അനിവാര്യമാണ്. ആ ചെവികൊടുക്കല്‍ പ്രത്യേക ഭാഗത്തേക്ക് മാത്രം തിരിച്ചുവെച്ചുകൊണ്ടാവരുത്. അങ്ങനെ വരുമ്പോഴാണ് വിവേചനങ്ങളെക്കുറിച്ചുള്ള ശക്‌തമായ പ്രതികരണങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് ഉയര്‍ന്ന് വരിക.
സമൂഹങ്ങളുടെ വേറിട്ട സംഘാടനം നടക്കുമ്പോള്‍ അനിവാര്യമായും ഉണ്ടാവേണ്ടത് അസ്‌തിത്വത്തെ പരസ്‌പരം അംഗീകരിക്കാനും ബഹുമാനിക്കാനും കഴിയുക എന്നതാണ്. അതിലൂടെ മാത്രമാണ് സൗഹാര്‍ദ്ദവും രാഷ്‌ട്രപുരോഗതിയും സാധ്യമാക്കിയെടുക്കാന്‍ കഴിയുക. എന്നാല്‍ സമീപകാലത്ത് കേരളത്തെ ഇതില്‍ നിന്നെ ബഹുദൂരത്തേക്ക് വലിച്ചെറിയാന്‍ ചില ഘടകങ്ങള്‍ നന്നായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിലവിലെ സാമുദായിക മതജാതി ഘടകങ്ങള്‍ മുമ്പോട്ട് വെക്കുന്നതും ഉയര്‍ത്തിക്കാട്ടുന്നതും സമൂഹങ്ങളുടെ ജനാധിപത്യപരമായ ആവശ്യങ്ങളല്ല.
സമുദായശാക്‌തീകരണത്തിന് ഭാവനപൂര്‍ണ്ണമായ പദ്ധതികള്‍ മുമ്പോട്ട്‌വെക്കുന്നതിന് പകരം, സാമ്പത്തികനേട്ടങ്ങളും അധികാരസ്‌ഥാനങ്ങളും മേല്‍ത്തട്ടിന് ഒരുക്കിക്കൊടുക്കുക എന്നത് മാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. സമുദായത്തിലെ കീഴ്‌ത്തട്ടും ദുര്‍ബ്ബലരും ഒരു സന്ദര്‍ഭത്തിലും സമുദായനേതൃത്വങ്ങളുടെ അജണ്ടയില്‍ മുന്‍ഗണനാ സ്‌ഥാനം ലഭിക്കുന്നവരല്ല. സമുദായസംഘടനകളുടെ ഇത്തരം സമീപനങ്ങള്‍ക്ക് ഓരോ സമയത്തും നാട് ഭരിച്ചവര്‍ കലവറയില്ലാതെ പിന്തുണ നല്‍കിപ്പോന്നു. അതിന്റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നത്. രാഷ്‌ട്രീയ നേതൃത്വങ്ങള്‍ ആത്മപരിശോധന നടത്തണമെന്ന് ഇടത്‌വലത് മുന്നണികളില്‍ നിന്ന് ആവശ്യമുന്നയിക്കുന്ന യുവതുര്‍ക്കികള്‍ക്ക് പോലും തിരഞ്ഞെടുപ്പ് വേളകളില്‍ മുട്ടിലിഴയേണ്ടിവരുന്ന നിര്‍ബന്ധ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നത്. അതിനാല്‍ സമ്മര്‍ദശക്‌തികളുടെ വിലപേശല്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ഔദ്യോഗിക വെബ്‌സെറ്റില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അതിനെ നിസാരവല്‍ക്കരിക്കുന്നില്ല. അത്തരമൊരു പ്രസ്‌ഥാനത്തിന്റെ നേതൃത്വങ്ങളെ കേരളത്തിലെ 12 ശതമാനത്തില്‍ താഴെ വരുന്ന ഒരു സമുദായത്തിലെ മഹാഭൂരിപക്ഷത്തെയും പ്രതിനിധീകരിക്കാത്ത ഒരു സംഘത്തിന്റെ ജനറല്‍ സെക്രട്ടറിക്ക് വിരട്ടിനിര്‍ത്താനാവുന്നു എന്നുവന്നാല്‍ മേല്‍അവകാശവാദം എത്രമാത്രം അര്‍ഥപൂര്‍ണമാവുമെന്ന് വിശദീകരിക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. കേരളത്തിന്റെ സാമുദായികവിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദപൂര്‍ണമായ ഒരു അന്തരീക്ഷം നിലനിര്‍ത്തുന്നതിലും വര്‍ഗീയശക്‌തികളെ തടഞ്ഞുനിര്‍ത്തുന്നതിലും കോണ്‍ഗ്രസ് പങ്കുവഹിച്ചിട്ടുണ്ട്.
വിട്ടുവീഴ്‌ചയില്ലാത്ത ശക്‌തമായ നിലപാടുകളാണ് ജനാധിപത്യക്രമത്തെ ശക്‌തിപ്പെടുത്തുന്നതിന് ആവശ്യമായ ഘടകം. ജനാധിപത്യ പാര്‍ട്ടിയെന്ന അവകാശവാദം ഉന്നയിക്കുന്ന കോണ്‍ഗ്രസിന്റെ ആഭ്യന്തരഘടനയില്‍ നിലവില്‍ അതൊന്നും സാധ്യമായിക്കൊള്ളണമെന്നില്ല. അതേസമയം ബാഹ്യഘടകങ്ങളുടെ ഇടപെടലിന് വിധേയമാവാതെ പാര്‍ട്ടിയെ മുമ്പോട്ട് നയിക്കാന്‍ അവരുടെ നേതൃത്വത്തിന് പ്രാപ്‌തിയുണ്ട്.
ഭൂരിപക്ഷ സമുദായങ്ങളുടേതു പോയിട്ട് സ്വസമുദായത്തിലെ അമ്പതു ശതമാനത്തിന്റെ പൂര്‍ണപിന്തുണപോലും നായര്‍സര്‍വീസ് സൊെസെറ്റിക്ക് അവകാശപ്പെടാന്‍ കഴിയില്ല. എന്നിട്ടും നമ്മുടെ രാഷ്‌ട്രീയ നേതൃത്വങ്ങളും മാധ്യമങ്ങളും കെട്ടിവെച്ചുകൊടുത്ത കിരീടത്തിന്റെ തിണ്ണബലത്തില്‍നിന്നാണ് അപക്വമായ അസന്തുലിതവാദം പെരുന്നയില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. ഇല്ലാത്ത വലിപ്പം ആര്‍ക്ക് നല്‍കിയാലും ഇത് തന്നെയാവും ഗതി. കേരള രാഷ്‌ട്രീയത്തിലെ പ്രബല കക്ഷികളായ കോണ്‍ഗ്രസും സി.പി.എമ്മും മുസ്‌ലിംലീഗുമുള്‍പ്പെടെയുള്ള മുഴുവന്‍ പാര്‍ട്ടികളും ഒരുപോലെ ഉത്തരവാദികളാണ് എന്‍.എസ്.എസിന്റെ ധാര്‍ഷ്‌ട്യഭാഷയ്‌ക്ക്.
അതതു സന്ദര്‍ഭങ്ങളിലെ രാഷ്‌ട്രീയനേട്ടങ്ങല്‍ക്ക് മുന്തിയ പരിഗണന നല്‍കിയ പാര്‍ട്ടികള്‍ അനര്‍ഹമായ പ്രാധാന്യം ഇത്തരം ശക്‌തികള്‍ക്ക് നല്‍കിപ്പോന്നു. തിരഞ്ഞെടുപ്പു വേളയില്‍ പാലിക്കാന്‍ കഴിയുന്നതും കഴിയാത്തതുമായ വാഗ്‌ദാനങ്ങള്‍ ഇരുമുന്നണികളും ആളുംതരവും നോക്കിനില്‍ക്കുന്ന പതിവ് ഒരു കീഴ്‌വഴക്കമായി തുടര്‍ന്നുപോരുന്നതാണ്. അത് പിന്നീട് വിഷപ്പാമ്പായി തിരഞ്ഞുകൊത്തുന്ന ദുരനുഭവങ്ങള്‍ ഒത്തിരി മുന്നണികള്‍ നേരിട്ടതാണ്.
വിലാസ്‌റാവു ദേശ്‌മുഖ് എന്തെങ്കിലും വാഗ്‌ദാനം നല്‍കിയെങ്കില്‍ അത് വിശദീകരിക്കേണ്ടത് കോണ്‍ഗ്രസ് തന്നെയാണ്. എന്നാല്‍ ഒരു നായര്‍ സമുദായനേതാവിന്റെ അപക്വമായ ഇടപെടലിലൂടെ ലഭ്യമാവേണ്ട ഒന്നല്ല പക്വമതിയായ രമേശ് ചെന്നിത്തലക്ക് അധികാരത്തിന്റെ താക്കോല്‍ സ്‌ഥാനം. മതേതരപ്രതിച്‌ഛായയുള്ള ചെന്നിത്തല ഉയര്‍ച്ചയുടെ ഓരോ പടവിലും വ്യക്‌തിമുദ്ര പതിപ്പിക്കാന്‍ സാധിച്ചത് ഏതെങ്കിലും ഒരു നായര്‍ നേതാവിന്റെ ഇളക്കിപ്പറച്ചില്‍ കൊണ്ടല്ലെന്ന സാമാന്യം ബോധം നഷ്‌ടപ്പെട്ടവരല്ല കേരള ജനത. അറിവും അനുഭവസമ്പത്തും കഴിവും ഒത്തുചേര്‍ന്ന ഒരു രാഷ്‌ട്രീയ നേതാവിന് താക്കോല്‍സ്‌ഥാനം ലഭിക്കാന്‍ ആരുടെയെങ്കിലും പിന്തുണവേണമെന്ന് വന്നാല്‍ അയാളെ ഇകഴ്‌ത്തലാണത്. ഗ്രൂപ്പ് പോര് കൊണ്ട് വര്‍ഷങ്ങളായി പൊറുതിമുട്ടുന്ന കോണ്‍ഗ്രസിന്റെ കേരളത്തിലെ നേതൃത്വം കയ്യാളുന്നതിനേക്കാള്‍ എത്രയോ അനായാസേന അധികാരത്തിന്റെ ഏത് താക്കോല്‍സ്‌ഥാനവും െകെകാര്യം ചെയ്യാന്‍ കഴിയുന്ന നേതൃപാടവം രമേശ് ചെന്നിത്തലയ്‌ക്കുണ്ട്. എന്നാല്‍ അതിനുള്ള ആവശ്യം ഉയര്‍ന്നുവരുന്നത് അദ്ദേഹം പിറന്ന സമുദായത്തിന്റെതായി മാറുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപാര്‍ട്ടിയുടെ സ്‌ഥാനം വളരെ ചെറുതാവുകയും പരിഹാസ്യമാവുകയുമാണ് ചെയ്യുന്നത്. ഒപ്പം ആര്‍ക്കും ഏത് നേരവും ചാടിക്കയറാവുന്ന ചാഞ്ഞുകിടക്കുന്ന ഒരു മരത്തിന് തുല്യമാവുകയും ചെയ്യും.
രമേശ് ചെന്നിത്തലയെ മാത്രമല്ല കോണ്‍ഗ്രസിനകത്തെ ഓരോ നേതാവിനെയും സാമുദായികമായി പകുത്ത് നല്‍കി അവകാശവാദം ഉന്നയിക്കാവുന്ന ഒരു ഘടനയിലാണ് കോണ്‍ഗ്രസ് നിലനില്‍ക്കുന്നത്. നേതാക്കളിലും പാര്‍ട്ടിയിലും സമൂഹത്തിലും അതിനനുസൃതമായ മാനസികനില രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. പരിഗണനയുടെയും അവഗണനയുടെയും മാനദണ്ഡങ്ങള്‍ സാമ്പത്തികവും സാമുദായികവുമായ ഘടകങ്ങളായി നിലനില്‍ക്കുന്നത് കോണ്‍ഗ്രസില്‍ മാത്രമല്ല സി.പി.എമ്മിലും ലീഗിലും കേരള കോണ്‍ഗ്രസില്‍ പോലും കാണാന്‍ കഴിയും. അവിടെ നമ്മുടെ മതേതര സങ്കല്‍പ്പങ്ങള്‍ തകരുകയാണ് ചെയ്യുന്നത്.
എന്‍.ഡി.പിയും എസ്.ആര്‍.പിയും രൂപീകരിച്ച് പരാജയപ്പെട്ട് പിന്‍വാങ്ങിയ നായര്‍ഈഴവ സമുദായനേതൃത്വങ്ങള്‍ വിലപേശലിന് പുതിയ വഴികളാണ് പിന്നീട് അവലംബിച്ചു തുടങ്ങിയത്. ഇരുമുന്നണികളില്‍ ആര് ജയിച്ചാലും പിതൃത്വം അവകാശപ്പെടുന്നത് ഇത്തരക്കാരുടെ ശീലമായി മാറി. അസഹിഷ്‌ണുതാപരവും അപക്വവുമായ ഇടപെടലിലൂടെ കേരളം ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത വര്‍ഗീയ ചേരിതിരിവിലേക്ക് എത്തിച്ച ഇത്തരക്കാരെ യഥാസമയം നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കായില്ല.
ഓരോ രാഷ്‌ട്രീയപ്രവര്‍ത്തകനും പൊതുസ്വത്താണ്. അവരെ സ്വകാര്യസ്വത്താക്കി മാറ്റാന്‍ നടത്തുന്ന ഏത് ശ്രമവും അവരിലൂടെ സമൂഹത്തിന് ലഭിക്കുന്ന നല്ല സേവനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കലാണ്. രമേശ് ചെന്നിത്തലയുടെ താക്കോല്‍സ്‌ഥാനത്തേക്കാള്‍ ഗൗരവപൂര്‍വ്വം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്യേണ്ടത് കോണ്‍ഗ്രസ് എന്ന ജനാധിപത്യ പ്രസ്‌ഥാനത്തിന്റെ താക്കോല്‍ ആരുടെ െകെകളില്‍ നില്‍ക്കണമെന്ന കാര്യമാണ്. ഒരിക്കലും മറ്റുള്ളവര്‍ താക്കോല്‍ നല്‍കി ചലിക്കുന്ന കളിപ്പാവയായി കോണ്‍ഗ്രസ് മാറിക്കൂടാ.