2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

സമരങ്ങള്‍ നടക്കട്ടെ



ഇന്ത്യന്‍ രാഷ്‌ട്രീയം ആകെ ഇളകി മറിയുകയാണ്‌. മമതാ ബാനര്‍ജിയെന്ന പെണ്‍സിംഹം സടകുടഞ്ഞെഴുന്നേറ്റ്‌ രണ്ടാം യു.പി.എ സര്‍ക്കാറിന്റെ ഉറക്കം കെടുത്തിയിരിക്കുന്നു. പെട്രോള്‍ വില വര്‍ധനവിന്റെ ചെറിയ ഇടവേളക്ക്‌ ശേഷം ഡീസലിന്‌ അഞ്ച്‌ രൂപ കൂട്ടിയതും പാചക വാതക സിലിണ്ടറിന്‌ നിയന്ത്രണം വരുത്തിയതും ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപവുമാണ്‌ ദീദിയെ പ്രകോപിപ്പിച്ചത്‌.

രാഷ്‌ട്രീയ ലക്ഷ്യമിട്ട്‌ കൃത്യമായി ചുവടുവെക്കാന്‍ മമതക്കുള്ള കഴിവ്‌ ഒന്നു കൂടി ബോധ്യപ്പെടുത്തുന്ന നീക്കമാണെങ്കിലും ജനവികാരത്തെ സന്ദര്‍ഭോചിതമായി പ്രതിഫലിപ്പിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞുവെന്നു വേണം കരുതാന്‍. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പലതരം സമരതന്ത്രങ്ങള്‍ പ്രയോഗിക്കപ്പെടാറുണ്ട്‌. അത്തരമൊരു സമര തന്ത്രം സ്വീകരിക്കുന്നതിലൂടെ രണ്ടുണ്ട്‌ കാര്യം. ബംഗാളിലേക്കുള്ള പദ്ധതി വിഹിതം വര്‍ധിപ്പിക്കാനാവുമെന്നതും ജനവികാരം ഉള്‍ക്കൊള്ളുന്ന നേതാവെന്ന ഖ്യാതിയും.

പാചക വാതക നിയന്ത്രണവും ഡീസല്‍ വില വര്‍ധനവും രാജ്യത്ത്‌ വലിയ പ്രതിഷേധത്തിന്‌ വഴിവെച്ചിട്ടുണ്ട്‌. പെട്രോള്‍ വിലയിലുണ്ടായ വര്‍ധനവിനേക്കാള്‍ ആദ്യഘട്ടത്തില്‍ തന്നെ സാധാരണക്കാരെ ബാധിക്കുന്നതാണ്‌.ഡീസലിന്റെ വര്‍ധന. പാചക വാതക നിയന്ത്രണവും അതുപോലെ തന്നെയാണ്‌. ഡീസല്‍ വില വര്‍ധന പ്രാബല്യത്തില്‍ വന്ന അന്ന്‌ മുതല്‍ തന്നെ സകലമാന മേഖലയിലും അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടായി തുടങ്ങി. മുഴുവന്‍ അവശ്യ മേഖലകളിലേക്കും അതിന്റെ അനുരണനം കണ്ടുതുടങ്ങിയിരുന്നു. കച്ചവടക്കാരും, ലോറിബസ്‌ ഉടമകളും, ഓട്ടോ ജീവനക്കാരും, ടാക്‌സിക്കാരും ഹോട്ടലുകാരും ആനുപാതിക വര്‍ധനവിന്റെ ആവശ്യമുയര്‍ത്തി സമര രംഗം തുറന്നിരിക്കുന്നു. പൊതുവെ ജീവിത വില നിലവാര സൂചികയിലുണ്ടായ മാറ്റങ്ങള്‍ കാരണം രണ്ടറ്റം മുട്ടിക്കാന്‍ സാധാരണക്കാര്‍ ഏറെ പ്രയാസപ്പെട്ടു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്‌ കൂനിന്‍മേല്‍ കുരുകൂടി ഉണ്ടായിരിക്കുന്നത്‌.

സമര രംഗത്തുള്ള ലോറി മുതലാളിമാര്‍ ഒറ്റ ദിവസം കൊണ്ട്‌ ഉന്നയിച്ച ആവശ്യത്തിന്റെ പകുതിയിന്‍മേല്‍ നേടി സമരം തീര്‍ത്തു. അതേപോലെ മറ്റുള്ളവരുടെ ആവശ്യത്തിലും തീരുമാനം ദിവസങ്ങള്‍ക്കകം ഉണ്ടാവും. ഒരു സമരത്തിലും ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്ന പാരമ്പര്യമില്ലാത്തതിനാല്‍ പകുതിയോ അതിന്‌ തൊട്ടുമുകളിലോ മറ്റുള്ളവരും സമരം തീര്‍ത്തുവെന്ന്‌ വരാം. 

സ്വകാര്യ ബസ്‌ പ്രസ്‌ഥാനം ഒരു ധര്‍മ്മ സ്‌ഥാപനമല്ലാത്ത സ്‌ഥിതിക്ക്‌ എല്ലാ ഭാരവും അവര്‍ വഹിക്കണമെന്ന്‌ പറയുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. ലക്ഷക്കണക്കിന്‌ കോടി രൂപയുടെ സബ്‌സിഡി ആനുകൂല്യങ്ങള്‍ ലഭിച്ച്‌ കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തെ പാവപ്പെട്ട കോര്‍പ്പറേറ്റുകള്‍ പോലും തങ്ങളുടെ ലാഭത്തില്‍ വരുന്ന ഒരു കുറവിലും വിട്ടു വീഴ്‌ച ചെയ്യാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും.

ഒരേ സമയം കനത്ത മറ്റൊരു പ്രഹരം കൂടി ഇടത്തരക്കാര്‍ക്കും സാധാരണക്കാര്‍ക്കും നല്‍കിയിരിക്കുന്നു. ലക്ഷക്കണക്കായ ഇടത്തരക്കാരുടെ കഞ്ഞിയില്‍ മണ്ണ്‌ വാരിയിടുന്ന തീരുമാനമാണ്‌ ചില്ലറ വ്യാപാര മേഖലയിലെ അമ്പത്തി ഒന്ന്‌ ശതമാനം വരെയുള്ള വിദേശ നിക്ഷേപം. മൊത്ത വ്യാപാര മേഖലയുടെ നിയന്ത്രണം നേരത്തെ കൈവിട്ടതിന്റെ കെടുതികള്‍ വേണ്ടത്ര നമ്മള്‍ അനുഭവിുതീര്‍ന്നിട്ടില്ല. സംസ്‌ഥാനത്ത്‌ അത്തരമൊന്ന്‌ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഒരു ആശ്വാസ വാക്ക്‌ മാത്രമായേ കരുതാന്‍ നിര്‍വാഹമുള്ളൂ. എല്ലാ സംസ്‌ഥാനങ്ങളും ഒരു പോലെ നടപ്പാക്കുന്ന ഒരു കേന്ദ്ര തീരുമാനത്തില്‍ പങ്ക്‌ ചേരാതെ അധികകാലമൊന്നും മാറി നില്‍ക്കാന്‍ മാത്രം ഇഛാശക്‌തിയൊന്നും മുന്‍കാലത്ത്‌ തന്നെ നമ്മള്‍ കാണിച്ചിട്ടില്ല. 

ജനദ്രോഹനിലപാടുകള്‍ അടിക്കടി എടുക്കാന്‍ വേണ്ടത്ര ജനകീയ അടിത്തറ ഇല്ലാതിരുന്നിട്ടും യു.പി.എ സര്‍ക്കാറിന്‌ കഴിയുന്നുവെന്നത്‌ പ്രത്യേകം ചര്‍ച്ച ചെയ്യേണ്ട ഒന്നാണ്‌.

വിദേശ നിക്ഷേപത്തിനെതിരായ പ്രതിഷേധം മമതാ ബാനര്‍ജി നേരത്തെ ഉയര്‍ത്തിയതാണ്‌. മുന്‍ തീരുമാനമില്ലാതെ അജണ്ടയില്‍ ഉള്‍പ്പെടുത്തി മതിയായ കൂടിയാലോചന നടത്താതെ മുമ്പോട്ട്‌ പോവാന്‍ കാണിക്കുന്ന ധാര്‍ഷ്‌ഠ്യത്തിന്‌ പിന്നിലെ പ്രേരകങ്ങള്‍ മറ്റ്‌ പലതുമാണ്‌. സാമ്പത്തിക അടിമത്വം ഒന്നാം യു.പി.എ കാലത്ത്‌ തന്നെ ശക്‌തമായി തുടങ്ങിവെച്ചതാണ്‌. ഒരു ജനാധിപത്യ സര്‍ക്കാറിന്റെ പ്രതിഛായയില്‍ നിന്ന്‌ സ്വേഛാധിപതികളുടെ ഭരണ രീതിയിലേക്ക്‌ പ്രധാനമന്ത്രി മാറി സഞ്ചരിക്കുന്നെങ്കില്‍ ചില ശൈലികളുടെ കടം കൊള്ളല്‍ അതില്‍ നിഴലിച്ചിട്ടുണ്ട്‌.

ബുഷിന്റെയും ഒബാമയുടെയും ശൈലികളുടെ കടം കൊള്ളലാണെന്ന ആക്ഷേപത്തെ നിസ്സാരവല്‍ക്കരിക്കേണ്ടതില്ല. മുതലാളിത്ത രാജ്യങ്ങളുടെ ഇംഗിതങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ബാധ്യതപ്പെട്ട പാവകളെയല്ല രാഷ്ര്‌ടത്തിന്റെ നേതൃപദവിയില്‍ ഇന്ത്യന്‍ ജനത പ്രതീക്ഷിക്കുന്നത്‌. സര്‍ക്കാര്‍ എന്നതിനപ്പുറം ഒരു കോര്‍പ്പറേറ്റ്‌ സ്‌ഥാപനം പോലെയാണ്‌ ഭരണരംഗം അടിമുടി സംവിധാനിക്കപ്പെട്ടിരിക്കുന്നത്‌. ഓരോ കണിപ്പിനേയും ചലിപ്പിക്കാന്‍ അത്തരം എണ്ണയാണ്‌ ഒഴിച്ചുകൊടുക്കുന്നത്‌. 

മൂലധനശക്‌തികളുടെ കച്ചവടതാല്‍പര്യം മാത്രം പരിഗണിച്ചു മുമ്പോട്ടുപോവുന്ന സര്‍ക്കാരുകള്‍ക്ക്‌ ഒരിക്കലും ജനവികാരത്തെ വായിച്ചെടുക്കുവാന്‍ കഴിയില്ല. തിരഞ്ഞെടുപ്പിലൂടെ ജനകീയ കോടതിയില്‍നിന്നു ലഭിക്കുന്ന വിധിയാണ്‌ ജനാംഗീകാരത്തിന്റെ പൊതു മാനദണ്ഡം. പ്രധാനമന്ത്രിതൊട്ട്‌ ക്യാബിനറ്റില്‍ എത്രപേര്‍ ഈ ജനാംഗീകാരം നേടി അധികാരത്തിലെത്തിയവരായുണ്ട്‌. അത്തരം രാഷ്ര്‌ടീയക്കാരും ബ്യൂറോക്രസിയും ഒന്നുചേര്‍ന്നാല്‍ എവിടെയാണ്‌ ജനവികാരം ഒപ്പിയെടുക്കാന്‍ കഴിയുന്നത്‌. 

അങ്ങനെയൊരു സംവിധാനം നിലനില്‍ക്കുമ്പോള്‍ ജനകീയ പ്രക്ഷോഭങ്ങളോടുള്ള അസഹിഷ്‌ണുത വളരുക സ്വാഭാവികമാണ്‌. തീക്ഷ്‌ണമായ ജീവിതസാഹചര്യങ്ങളാണ്‌ ഓരോ സമൂഹത്തെയും സമരരംഗത്തേക്കു നയിക്കുന്നത്‌. പ്രശ്‌നങ്ങളുടെ തീക്ഷ്‌ണതയാണ്‌ സമരങ്ങളുടെ സ്വഭാവം നിര്‍ണയിക്കുന്നതും സജീവത കൈവരുത്തുന്നതും. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേറിട്ട സമരങ്ങള്‍ ലോകത്ത്‌ അംഗീകൃതമായി നിലനില്‍ക്കുന്നുണ്ട്‌. സത്യാഗ്രഹവും ഉപവാസവും നിയമലംഘനങ്ങളും ഉപരോധവും ബന്ദും ഹര്‍ത്താലും വഴിതടയലും തുടങ്ങി പലവഴികളും സ്വീകരിക്കപ്പെടാറുണ്ട്‌. എല്ലാ ആവശ്യങ്ങള്‍ക്കും ഇന്ന രീതിയില്‍ത്തന്നെ സമരം ചെയ്യണമെന്ന നിഷ്‌കര്‍ഷ ഒന്നിനും വച്ചുകൂട. തെരുവിലിറങ്ങി സമരം നടത്താന്‍ ഒരുകൂട്ടര്‍ തീരുമാനിച്ചാല്‍ അവരോടു നിങ്ങള്‍ മൗനവ്രതമാണ്‌ നടത്തേണ്ടതെന്ന്‌ ഉപദേശിക്കുന്നതിനാല്‍ അര്‍ത്ഥമില്ല.

ഒരു സമൂഹത്തിനും അവരുടെ ന്യായമായതെല്ലാം തളികയില്‍ എത്തിച്ചുകൊടുത്ത അനുഭവമില്ല. നിരന്തര പോരാട്ടത്തിലൂടെയാണ്‌ ഓരോ സമൂഹത്തിനും അര്‍ഹമായത്‌ നേടാന്‍ സാധിച്ചിട്ടുള്ളൂ. അതിനൊന്നും ഏകമാനസ്വഭാവം കാണാന്‍ കഴിയില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഓരോ ഘട്ടവും അത്‌ വിളിച്ചു പറയുന്നുണ്ട്‌. നിഷേധിക്കപ്പെടുന്നവര്‍ ന്യായമായ ആവശ്യങ്ങള്‍ക്ക്‌ എക്കാലത്തും സമരരംഗത്തുണ്ടാവും. അതിനെ സഹിഷ്‌ണുതയോടെ കാണാന്‍ ഭരണാധികാരിക്കു കഴിയുമ്പോഴാണ്‌ ജനാധിപത്യം അര്‍ത്ഥപൂര്‍ണമാവുകയുള്ളൂ.

നമ്മുടെ മനസ്സില്‍ ഒരു സമരവിരുദ്ധത രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഭരണകൂടവും മൂലധനശക്‌തികളും വിജയിക്കുന്നെങ്കില്‍ ജനാധിപത്യപ്രതലം എളുപ്പത്തില്‍ തകരുകയാവും ചെയ്യുക. ഹര്‍ത്താല്‍ വിരുദ്ധതയിലും ഈയൊരു മനസ്‌ഥിതിയുണ്ടോ എന്ന്‌ സംശയിക്കപ്പെടുകയാണ്‌. ഹര്‍ത്താലിന്റെ മറവിലെ അക്രമങ്ങള്‍ക്ക്‌ ന്യായീകരണം ഉണ്ടായിക്കൂടാ. ഒരു സര്‍ക്കാര്‍ നിരന്തരം ജീവിക്കാന്‍ അനുവദിക്കാത്തവിധം പൊറുതിമുട്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ അവസാനത്തെ സമരായുധംപ്രയോഗിക്കുമ്പോള്‍ അതിനോട്‌ അസഹിഷ്‌ണുത പുലര്‍ത്തുന്നത്‌ സമരവീര്യത്തെ ഐസ്‌കട്ട വച്ചു തണുപ്പിക്കലാണ്‌. വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശത്തെ ക്രിയാത്മകമായി തന്നെ ജനാധിപത്യ വഴിയില്‍ ഉപയോഗിക്കാന്‍ കഴിയേണ്ടതുണ്ട്‌. 

കൊടിയ അക്രമം നടത്തുന്ന സര്‍ക്കാരിന്റെ നിലപാടുകളെ തിരുത്തിക്കാന്‍ സ്വീകരിക്കുന്ന സമരവഴികളെ തകര്‍ക്കുന്നതിന്‌്്്‌ വ്യത്യസ്‌ഥ രീതികളിലൂടെ ശ്രമിക്കാറുണ്ട്‌. ജനങ്ങള്‍ നിയമം കയ്യിലെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ബാധ്യത സര്‍ക്കാരിനു തന്നെ. അതിന്റെ മറപിടിച്ച്‌ ഒരുസമരവും പാടില്ലെന്ന നിലപാട്‌ ഉണ്ടായിവന്നാല്‍ വലിയ അപകടമാണ്‌. സമരം നടത്തുന്നവര്‍ സമാധാനഭംഗക്കാരും മുതലാളിമാരും ഭരണകൂടവും സമാധാനത്തിന്റെ കൊടിവാഹകരുമാണെന്നു വിശ്വസിപ്പിക്കാന്‍ വ്യാജശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്‌. 

സമരമുഖത്ത്‌ ആരു പ്രത്യക്ഷപ്പെടുന്നു എന്നതു നോക്കി അതിനെ തകര്‍ക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ ഒത്താശ നല്‍കാന്‍ ബാധ്യസ്‌ഥരെന്ന നിലയിലാണ്‌ സ്വാധീന ശക്‌തികളായ രാഷ്ര്‌ടീയ പ്രസ്‌ഥാനങ്ങള്‍ ശ്രമിക്കുന്നത്‌. മലിനീകരണത്തിനെതിരായ വ്യവസായ മേഖലയായ ഏലൂരിലെ സമരത്തില്‍ മുന്‍നിരയില്‍ പ്രത്യേക സമുദായക്കാരായതിനാല്‍ തീവ്രവാദമുഖം നല്‍കി വി എം സുധീരനെപ്പോലും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത്‌ അടുത്ത നാളുകളിലാണ്‌. ഏതുസമര മുഖത്തേയും തകര്‍ക്കാന്‍ കഴിയുന്ന ആയുധങ്ങളാണ്‌ മാവോവാദം, തീവ്രവാദം, വിദേശ ബന്ധം, വിദേശപണം.. കൂടംകുളത്തും ചെങ്ങറയിലും പാലിയേക്കരയിലും വിളപ്പില്‍ശാലയിലും മാവൂരിലും ഭൂസമരങ്ങളിലുമെല്ലാം ഇതെല്ലാം സന്ദര്‍ഭാനുസരണം ഉപയോഗിച്ച മരുന്നുകളാണ്‌. വിഭിന്ന സ്വഭാവത്തിലൂടെ സമരമുഖങ്ങളെ ഭരണകൂടത്തിന്റെ ഒത്താശയോടെ തകര്‍ക്കാന്‍ മൂലധനശക്‌തികള്‍ ശ്രമിക്കുമ്പോള്‍ മലയാളിയും അറിയാതെ ഹാലേലുയ പാടുകയാണ്‌. 

ഡീസല്‍ വിലവര്‍ധനവില്‍ കേരളത്തില്‍ നടന്ന ഹര്‍ത്താലിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തുവെന്ന വാര്‍ത്തയാണ്‌ സമരങ്ങളോടുള്ള സമീപനങ്ങളിലെ വ്യതിയാനം ചര്‍ച്ചക്കെടുത്തത്‌. ഭരണകൂട ഭീകരതക്കും പൗരാവകാശ ലംഘനങ്ങള്‍ക്കും ഇരയാവുന്ന സാധാരണ ജനങ്ങളുടെ വേദനക്കു പരിഹാരമാവേണ്ട മനുഷ്യാവകാശ കമ്മിഷന്റെ പുതിയ കീഴ്‌ വഴക്കം സൃഷ്‌ടിക്കല്‍ അത്ഭുതമുളവാക്കുന്നതാണ്‌. 

സര്‍ക്കാര്‍ ചെയ്‌തികളെയെല്ലാം സംരക്ഷിക്കുകയെന്ന ദൗത്യനിര്‍വ്വഹണമാണ്‌ കമ്മിഷന്‍ ഏറ്റെടുക്കുന്നതെങ്കില്‍ സാധാരണക്കാര്‍ക്ക്‌ എവിടെച്ചെന്നാണ്‌ കാര്യങ്ങള്‍ ഉണര്‍ത്താനുണ്ടാവുക. മുന്‍ഗണനാ മേഖലകളില്‍ നിന്ന്‌ ഓരോ സര്‍ക്കാര്‍ സംവിധാനവും വേറിട്ടു നടക്കുമ്പോള്‍ സാധാരണപൗരന്‍ ആരെയാണ്‌ ആശ്രയിക്കുക. ജനങ്ങള്‍ സമരം ചെയ്യട്ടെ, അതിരുവിടുന്നതു നോക്കാന്‍ ആഭ്യന്തരവകുപ്പുണ്ട്‌്. നിരന്തര മനുഷ്യാവകാശ ലംഘനങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്ത്‌ ഉണ്ടാവുമ്പോള്‍ അവിടെയാണ്‌ അവകാശ സംരക്ഷണ കമ്മീഷനുകളുടെ മുന്‍ഗണനാമേഖല.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"