2012, സെപ്റ്റംബർ 13, വ്യാഴാഴ്‌ച

വികസനം അടിമത്തത്തിന്‌ വേണ്ടിയല്ല


പത്തു വര്‍ഷത്തിനിടയില്‍ പല സ്വപ്‌നപദ്ധതികള്‍ക്കു വേണ്ടി പതിച്ചുനല്‍കുകയും പാട്ടത്തിനു നല്‍കുകയും ചെയ്‌ത ഭൂമിയും സൗകര്യങ്ങളും വീണ്ടുമൊരു നിക്ഷേപസംഗമം നടക്കുമ്പോള്‍ പരിഹാസപൂര്‍വം പല്ലിളിച്ചു നില്‍ക്കുന്നത്‌ കാണാതെ പോവരുത്‌. ഏതു പദ്ധതികളിലേക്കും നിക്ഷേപക ആകര്‍ഷിക്കപ്പെടണമെങ്കില്‍ ലാഭത്തെക്കുറിച്ച്‌ ശരിയായ ധാരണയുണ്ടാവണം. അതുകൊണ്ട്‌ ഏതു നിക്ഷേപകന്റെയും കണ്ണ്‌ അവനു ലഭിക്കുന്ന ലാഭത്തിലാണ്‌. 

വികസന മേഖലയിലെ മുന്നേറ്റത്തിലും കുതിപ്പിലും കേരളം പിന്നിലാവണമെന്ന്‌ ഒരു കേരളീയനും ആഗ്രഹിക്കില്ല. യുക്‌തിസഹവും കാര്യബോധ്യത്തോടെയുമുള്ള ഏത്‌ വികസന സംരംഭങ്ങളോടും പോസിറ്റീവായ പ്രതികരണമാണ്‌ നമ്മുടെ നാട്ടില്‍ നിന്ന്‌ ലഭിച്ചിട്ടുള്ളൂ. അതേസമയം, എമെര്‍ജിംഗ്‌ കേരള എന്ന വികസന കവാടത്തെ സംശയദൃഷ്‌ടിയോടെ നോക്കിക്കാണുന്നതും എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്നതും ചെയ്യുന്നതിന്റെ പിന്നിലെ ചേതോവികാരം വികസനവിരുദ്ധതയാവണമെന്നില്ല. 

അവ്യക്‌തത നിറഞ്ഞതും സുതാര്യവുമല്ലാത്ത പലകാര്യങ്ങളും അതിനകത്തുള്ളതിനാലാണ്‌ ഇത്രയേറെ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരാന്‍ കാരണം. വികസനത്തിന്റെയും വളര്‍ച്ചയുടെയുമെല്ലാം ആദ്യാവസാന ഗുണഭോക്‌താക്കളാവേണ്ടത്‌ ജനങ്ങള്‍ തന്നെയാണ്‌. എന്നാല്‍ നിലവിലെ രാഷ്‌ട്രീയ കാലാവസ്‌ഥയില്‍ എല്ലാറ്റിന്റെയും ആദ്യഗുണഭോക്‌താക്കള്‍ ഭരിക്കുന്ന കക്ഷികളിലെ നേതാക്കളും, അവരുടെ ബന്ധുക്കളും ആശ്രിതരും ബ്യൂറോക്രാറ്റുകളും അവരുടെ ബിനാമികളുമാണ്‌. പൊതുവായി വിലയിരുത്തുമ്പോള്‍ ജനങ്ങള്‍ വികസനത്തിന്റെ ഇരകള്‍ മാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. അത്രമൊരു മുന്നനുഭവമാണ്‌ വികസനത്തിന്റെ മറവില്‍ എമെര്‍ജിംഗ്‌ കേരളയിലൂടെ ഉണ്ടായേക്കാവുന്ന വഴിവിടലുകളെക്കുറിച്ച്‌ ആശങ്കയുണര്‍ത്തുന്നത്‌. 

കൊച്ചിയിലെ ആഗോള നിക്ഷേപസംഗമത്തിന്റെ പര്യവസാനം ഏത്‌ വിധത്തിലായാലും പല അക്കൗണ്ടുകളിലേക്കും വന്‍സംഖ്യകളുടെ മെര്‍ജിങ്‌ ഇതിനകം തന്നെ നടന്നുകഴിഞ്ഞിട്ടുണ്ടാവും. സാമൂഹിക പ്രതിബദ്ധതയുള്ള പൗരാവകാശ മാധ്യമപരിസ്‌ഥിതി പ്രവര്‍ത്തകരുടെയും ധീരമായ പോരാട്ടങ്ങള്‍ അതുകൊണ്ട്‌ തന്നെ വഴിയില്‍ ഉപേക്ഷിക്കാന്‍ കഴിയുന്നതല്ല. യാഥാര്‍ഥ്യബോധം കൈവിട്ടുകൊണ്ടാവരുത്‌ വികസനശ്രമങ്ങള്‍ നടത്തേണ്ടത്‌. 

നമ്മുടെ വിഭവങ്ങളുടെ ആദ്യപ്രയോജനം ലഭിക്കുന്നത്‌ നമുക്ക്‌ തന്നെയാവണം. സുതാര്യമായി കാര്യങ്ങള്‍ അവതരിപ്പിച്ച്‌ ജനങ്ങളെ വിശ്വാസത്തിലെടുത്ത്‌ മുമ്പോട്ട്‌ പോകുന്നതിന്‌ പകരം തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന ധാര്‍ഷ്‌ഠ്യം പ്രകടിപ്പിക്കാന്‍ മാത്രം ജനപിന്തുണയുള്ള സര്‍ക്കാരല്ല നിലനില്‍ക്കുന്നതെന്ന്‌ മറന്നുകൊണ്ടാണ്‌ പലപ്പോഴും ഭരണസാരഥികള്‍ മുന്നോട്ട്‌ പോവുന്നത്‌. അത്തരമൊരു നിലപാടിലെത്താന്‍ ഭരണാധികാരികള്‍ക്ക്‌ ധൈര്യം പകരുന്ന ഘടകങ്ങളിലൊന്ന്‌ പ്രധാന പ്രതിപക്ഷമായ സി.പി.എമ്മിന്റെ കൂടി മൗനാനുവാദങ്ങളാണ്‌. പുറംലോകം അറിയാതെ ഇരുമുന്നണികളെയും യോജിപ്പിച്ച്‌ നിര്‍ത്തുന്ന ചില അദൃശ്യസ്വാധീന ഘടകങ്ങള്‍ ജനവിരുദ്ധമായ നിലപാടുകളില്‍ ഇരുവിഭാഗത്തിന്റെയും ആശ്വാസകേന്ദ്രങ്ങളാണ്‌. 

പ്രകൃതിസ്‌നേഹികളും പൗരസമൂഹവും മാധ്യമങ്ങളിലെ നല്ല പങ്കും എമെര്‍ജിംഗ്‌ കേരളയിലെ ചതിക്കുഴികള്‍ ഓരോന്ന്‌ അക്കമിട്ട്‌ നിരത്തി രംഗത്തുവരുമ്പോഴും ഭരണപക്ഷത്തിനെതിരെയുള്ള ആയുധത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സി.പി.എമ്മിനെ കഴിയാതെ പോയി. ഇത്‌ ഒരു പരിധിവരെ അവരുടെ വാലും അമ്മിക്കടിയില്‍ കിടക്കുന്നത്‌ മൂലമാണ്‌. കോണ്‍ഗ്രസിലെ മുതിര്‍ന്ന പലനേതാക്കള്‍ക്കും നിയമസഭാ സാമാജികരില്‍ പലര്‍ക്കും യു.ഡി.എഫിലെ മുഴുവന്‍ ഘടകകക്ഷികള്‍ക്കും ബോധ്യമാവാത്ത ഒരു പ്രധാനപദ്ധതിയും പരിപാടിയുമായി ഭരണകക്ഷി മുന്നോട്ട്‌ പോവുമ്പോള്‍ പ്രതിപക്ഷ നിരയുടെ കുറ്റകരമായ മൗനം ആശങ്കയുണര്‍ത്തുന്നുണ്ട്‌. ഉദ്ദേശ്യശുദ്ധിയെ സംശയിക്കാന്‍ പാകത്തിലുള്ളതായിരുന്നു എമെര്‍ജിങ്‌ കേരളയുടെ ഓരോ ചുവടുകളും. ഉദ്യോഗസ്‌ഥരുടെ താന്തോന്നിത്തരത്തിന്‌ മുന്നില്‍ എക്കാലത്തെയും പോലെ ഭരണാധികാരികള്‍ക്ക്‌ നിസ്സഹായാമാവാനേ സാധിക്കുമായിരുന്നുള്ളൂ. ഉത്തരവാദിത്ത്വബോധമുള്ള പ്രതിപക്ഷത്തിന്റെ പിന്നാക്കം പോകലിനെ സംശയദൃഷ്‌ടിയോടെ നോക്കിക്കാണേണ്ടിവരുന്നു. 

തൊഴിലവസരങ്ങള്‍ സൃഷ്‌ടിച്ചെടുത്ത്‌ വികസനം സാധ്യമാക്കിയെടുക്കാന്‍ മുന്നോട്ടുവരുന്ന ശക്‌തികള്‍ ആരാണെന്നും അവരുടെ പിന്നിലെ പ്രേരകങ്ങള്‍ എന്തെല്ലാമാണെന്നും തിരിച്ചറിയാതെ കത്തിയും കയറുമെല്ലാം ഒന്നിച്ചുനല്‍കിയാല്‍ ഒരുകാലത്തും നഷ്‌ടങ്ങള്‍ നികത്താനാവില്ല. ഒരു തരത്തിലുള്ള തൊഴില്‍ നിയമങ്ങളും ബാധകമാവാത്ത നീതിന്യായ സംവിധാനങ്ങള്‍ക്ക്‌ പോലും ഇടപെടാന്‍ കഴിയാത്ത പ്രത്യേക സാമ്പത്തികമേഖലയുടെ കണക്കറ്റ ശൃംഖലകളാണ്‌ സൃഷ്‌ടിച്ചെടുക്കപ്പെടുന്നതെങ്കില്‍ വികസനത്തിലൂടെ പുതിയൊരു അടിമത്തം ഏറ്റുവാങ്ങുകയാണ്‌ ചെയ്യുന്നത്‌. വികസന കുത്തിപ്പിനായി പല പരീക്ഷണങ്ങളും നടത്തിയ സംസ്‌ഥാനമാണ്‌ കേരളം. അതിനായി പല വണ്ടികളും ഇതിനുമുമ്പുള്ള ഭരണാധികാരികള്‍ റോഡിലിറക്കിയിട്ടുണ്ട്‌. 

വികസനത്തിന്റെ അവസാന വണ്ടിയോടിച്ചത്‌ എ.കെ. ആന്റണി ജിമ്മിലൂടെയായിരുന്നു. അതിനേക്കാള്‍ മെച്ചപ്പെട്ടതൊന്നും ഉമ്മന്‍ചാണ്ടി നിരത്തിലറക്കുന്ന അതിവേഗ വണ്ടിയില്‍ നിന്നും പ്രതീക്ഷിക്കാനാവില്ല. ദിക്ഷണാശാലിയും വികസനകാഴ്‌ചപാടില്‍ മുന്‍ നിരക്കാരനുമായ എ.പി.ജെ. അബ്‌ദുല്‍കലാമിനെ ഏഴ്‌ വര്‍ഷം മുമ്പ്‌ വേഷം കെട്ടിച്ച്‌ നമ്മള്‍ റോഡിലിറക്കിയിട്ടുണ്ട്‌. ആ മഹാപ്രതിഭയുടെ വിഷന്‍ 2010 എവിടെപ്പോയെന്ന്‌ ആര്‍ക്കും അറിയില്ല. അഥവാ ആരവത്തോടെയും ആഘോഷത്തോടെയും കെട്ടിയെഴുന്നുള്ളിച്ച പല വികസനപദ്ധതികളും മറുകരയില്‍ എത്തിക്കാന്‍ കഴിയാതെ സ്വന്തം പരാജയം ലോകരെ വിളിച്ചറിയിച്ചവരാണ്‌ കേരളീയര്‍. 

പത്ത്‌ വര്‍ഷത്തിനിടയില്‍ പല സ്വപ്‌നപദ്ധതികള്‍ക്ക്‌ വേണ്ടിയും പതിച്ചുനല്‍കുകയും പാട്ടത്തിന്‌ നല്‍കുകയും ചെയ്‌ത ഭൂമികളും സൗകര്യങ്ങളും വീണ്ടുമൊരു നിക്ഷേപസംഗമം നടക്കുമ്പോള്‍ പരിഹാസപൂര്‍വം പല്ലിളിച്ച്‌ നില്‍ക്കുന്നത്‌ കാണാതെ പോവരുത്‌. ഏത്‌ പദ്ധതികളിലേക്കും നിക്ഷേപര്‍ ആകര്‍ഷിക്കപ്പെടണമെങ്കില്‍ ലാഭത്തെക്കുറിച്ച്‌ ശരിയായ ധാരണയുണ്ടാവണം. അതുകൊണ്ട്‌ ഏത്‌ നിക്ഷേപകന്റെയും കണ്ണ്‌ അവന്‌ ലഭിക്കുന്ന ലാഭത്തിലാണ്‌. 

ലാഭത്തിന്‌ വേണ്ടിമാത്രം നിലകൊള്ളുന്ന സാമ്പത്തിക ശക്‌തികള്‍ക്ക്‌ അവരുടെ ലാഭനഷ്‌ടത്തിനപ്പുറം നമ്മുടെ വികാസത്തെക്കുറിച്ചോ പുരോഗതിയെക്കുറിച്ചോ ഒരുവിധ വിശാലതയുമുണ്ടാവാന്‍ ഇടയില്ല. കൊച്ചിയിലെ നിക്ഷേപസംഗമത്തില്‍ 52 രാഷ്‌ട്ര പ്രതിനിധികള്‍ എത്തിയിട്ടുണ്ട്‌. 2500ഓളം പ്രതിനിധികളും. ഇന്ത്യന്‍ കമ്പനികളും സംരംഭകരും പൊതുമേഖലാ സ്‌ഥാപനങ്ങളും രംഗത്തുണ്ടെങ്കിലും വിദേശമൂലധന ശക്‌തികള്‍ക്കാവും മേല്‍ക്കൈ ലഭിക്കുക എന്ന കാര്യത്തില്‍ സംശയമില്ല. നല്ല മനസ്സോടെ വന്ന അതിഥികളോട്‌ അപമര്യാദയായി പെരുമാറിയ യാതൊരു പാരമ്പര്യവും നമ്മള്‍ കേരളീയര്‍ക്കില്ല. അതിനാല്‍ നിക്ഷേപസംഗമത്തിലെ അതിഥികളോടും ആ പാരമ്പര്യം കേരളീയര്‍ കാത്തുസൂക്ഷിക്കും. 

അതേസമയം, നമ്മുടെ അന്തകരുടെയും ചൂഷകരുടെയും ശരിയായ മുഖം തിരിച്ചറിയാനും കഴിയേണ്ടതുണ്ട്‌. കൊച്ചിയിലെത്തിയെ സംരംഭകരില്‍ പലര്‍ക്കും പലതിലുമായിരിക്കും താല്‍പ്പര്യം. അമേരിക്കയില്‍ നിന്ന്‌ 22 കമ്പനികള്‍ എത്തിയിട്ടുണ്ട്‌. മര്‍മ്മപ്രധാനമായ പലതിലും അവര്‍ക്ക്‌ വലിയ കണ്ണുണ്ട്‌. വിദ്യാഭ്യാസം, ഐടി, അടിസ്‌ഥാനസൗകര്യവികസനവും അനുബന്ധമേഖലകളുമെല്ലാം അവരുടെ താല്‍പ്പര്യഘടകങ്ങളാണ്‌. ബ്രിട്ടന്‌ ആരോഗ്യത്തിലാണ്‌ താല്‍പ്പര്യം. കുടിവെള്ളത്തിലും കൃഷിയിലും ഇസ്രായേല്‍ നേരത്തേ കണ്ണുവെച്ചതാണ്‌. പിന്നെ നമ്മുക്ക്‌ എന്ത്‌ എന്ന്‌ ആരും ചോദിക്കരുത്‌. അങ്ങനെ ചോദിച്ചാല്‍ അത്‌ വികസന വിരുദ്ധതയും അപമര്യാദയുമായിത്തീരും. ബി.ജെ.പിയും കോണ്‍ഗ്രസും നേരത്തെ തന്നെ കേന്ദ്ര അധികാരത്തിലിരുന്ന്‌ സുപ്രധാനമായ പല മേഖലകളിലും മേധാവിത്ത ശക്‌തികളോട്‌ ധാരണയിലെത്തിയിട്ടുണ്ട്‌. അതിന്റെ ഭാഗമായി പല തന്ത്രപ്രധാനമായ മേഖലകളുടെയും നിയന്ത്രണം ഇത്തരം ശക്‌തികള്‍ക്ക്‌ ലഭിക്കുന്ന വിധത്തില്‍ ക്രമീകരിക്കപ്പെട്ടതാണ്‌ നിലവിലുള്ള ദേശീയ ഘടന. 

സാമ്പത്തിക മേഖലയുടെ സമ്പൂര്‍ണ അടിമത്വത്തിന്‌ ശേഷം ആഭ്യന്തര മേഖലയുടെ നിയന്ത്രണം പോലും ആ വഴിയിലേക്ക്‌ നീങ്ങുന്ന അപകടകരമായ ഒരു ദേശീയ ചുറ്റുപാടും നമ്മുടെ രാജ്യത്ത്‌ നിലനില്‍ക്കുന്നുണ്ട്‌. യുദ്ധത്തിന്റെ മാര്‍ഗത്തേക്കാള്‍ എളുപ്പത്തില്‍ കച്ചവടത്തിന്റെ വഴിയിലൂടെയാണ്‌ അധിനിവേശ ശക്‌തികള്‍ രാജ്യത്തെ കീഴ്‌പ്പെടുത്തിയത്‌. 

ആ ചരിത്രത്തിന്റെ ആവര്‍ത്തനത്തിന്‌ പുതിയ തന്ത്രങ്ങളിലൂടെ എളുപ്പവഴികള്‍ സൃഷ്‌ടിക്കപ്പെടുന്നുണ്ട്‌. ഇടതുവലതു ശക്‌തികളുടെ കലവറയില്ലാത്ത പിന്തുണയോടെയാണ്‌ നമ്മുടെ വിഭവങ്ങള്‍ ഊറ്റിയെടുക്കാനും നമ്മുടെ സ്വഭാവത്തെയും സംസ്‌കാരത്തെയും സ്വാധീനിക്കാനും അധിനിവേശ ശക്‌തികള്‍ക്ക്‌ കഴിഞ്ഞുകൊണ്ടിരിക്കുന്നത്‌. അമേരിക്കന്‍ സ്‌ഥാനപതി നാന്‍സി പവലിനെ മുഖ്യാതിഥിയായി നിക്ഷേപസംഗമത്തിലേക്ക്‌ ക്ഷണിച്ചതില്‍ അരിശംപ്രകടിപ്പിക്കുന്ന സി.പി.എം സെക്രട്ടറി പിണറായിയുടെ നിലപാടിലും തരിമ്പും ആത്മാര്‍ഥത ദര്‍ശിക്കാന്‍ കഴിയുന്നില്ല. 

മലയാളിയുടെ സ്വബോധത്തെ ഇങ്ങനെ പരിഹസിക്കാന്‍ കഴിയുക പിണറായിക്ക്‌ മാത്രമാണ്‌. ചെന്നൈയിലെ അമേരിക്കാന്‍ കോണ്‍സുലേറ്റ്‌ നമ്മുടെ നാട്ടിന്റെ ഓരോ സ്‌പന്ദനങ്ങളും ഒപ്പിയെടുക്കുക മാത്രമല്ല ചെയ്‌തതിരുന്നത്‌. വ്യക്‌തമായ ഒരു അമേരിക്കന്‍ മനസ്സ്‌ സകലമാന മേഖലയിലും രൂപപ്പെടുത്തിയെടുക്കാന്‍ വര്‍ഷങ്ങളായി നിതാന്തജാഗ്രതയോടെ നീങ്ങിയ ഒരു ചാരസങ്കേതം പോലെയായിരുന്നു. അവരുടെ ഒളിയജണ്ട തിരിച്ചറിയാതെ തലവെച്ച്‌ കൊടുത്തത്‌ പിണറായിയും സി.പി.എം നേതൃത്വവുമായിരുന്നെന്ന്‌ നിഷേധത്തിന്‌ വകയില്ലാത്തവിധം 2011 ഓഗസ്‌റ്റില്‍ വിക്കിലീക്‌സ് വെളിപ്പെടുത്തിയതാണ്‌. ഇത്‌ പിണറായിക്ക്‌ മറക്കാനാവുമെങ്കിലും കേരളത്തിന്‌ മറക്കാനാവില്ല. അമേരിക്കന്‍ സൗഹൃദം തെറ്റല്ലെന്ന്‌ പുതിയ സിദ്ധാന്തം തന്നെ കേന്ദ്രതലത്തില്‍ ആവഷ്‌കരിച്ച സി.പി.എമ്മിന്‌ കേരളത്തിലെ നിക്ഷേപസംഗമത്തില്‍ അമേരിക്കന്‍ സ്‌ഥാനപതിയുടെ സാന്നിധ്യത്തെ വിമര്‍ശിക്കാന്‍ എന്തര്‍ഹതയാണുള്ളത്‌. ഇപ്പോഴും പോളിറ്റ്‌ബ്യൂറോയില്‍ തുടരുന്ന ബുദ്ധദേവ്‌ ഭട്ടാചാര്യ ബംഗാളില്‍ തുടങ്ങിയതിന്റെ തുടര്‍ച്ച മമത ഏറ്റെടുത്ത്‌ നിര്‍വഹിക്കുമ്പോള്‍ അമേരിക്കന്‍ അംബാസിഡര്‍ എങ്ങനെയാണ്‌ അനഭിമതമായി തീരുന്നത്‌. 

അമേരിക്കന്‍ പ്രതിനിധികളെ തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിലിരുത്തി നന്നായി സല്‍ക്കരിച്ച ശേഷം കൊക്കോള സമരത്തില്‍ കുമ്പസാരം നടത്തിയത്‌ കേന്ദ്രനേതാക്കളായ പിണറായിയും ബേബിയും തോമസ്‌ ഐസക്കും ഒന്നിച്ചായിരുന്നു. വിപ്ലവകാരിയായ സീതാരാം യെച്ചൂരിക്കും അമേരിക്കന്‍ പ്രതിനിധികളോട്‌ സൗഹൃദം വെക്കുന്നതില്‍ തെറ്റൊന്നും തോന്നിയിരുന്നില്ല. അധികാരത്തിലിരിക്കുമ്പോള്‍ നിക്ഷേപങ്ങള്‍ക്ക്‌ ഏത്‌ ചെകുത്താനും സ്വീകാര്യമായതിന്റെ ചരിത്രം സി.പി.എമ്മിന്റെമേല്‍ എത്രയോ രേഖപ്പെടുത്തപ്പെട്ടതായിട്ടുണ്ട്‌. 

ഡി.പി.ഇ.പിയും എന്‍റോനും, എ.ഡി.ബി വായ്‌പയും ഇസ്രായേല്‍ ബന്ധവും നന്ദീഗ്രാം കൂട്ടക്കൊലയും സി.പി.എമ്മിന്റെ സാമ്രാജ്യത്വ മൂലധനശക്‌തി വിരോധത്തിന്റെ നല്ല മാതൃകകള്‍ തന്നെയാണ്‌. മൂലധനകേന്ദ്രീകൃത ഘടനയിലേക്ക്‌ കാര്യങ്ങള്‍ നീങ്ങുമ്പോള്‍ ചെറുത്ത്‌ നില്‍പ്പിന്റെ ഇടതു സ്വരങ്ങള്‍ ഏറെ നേര്‍ത്തതായി മാറിയെന്ന്‌ സാരം. ലോകം വെട്ടിവിഴുങ്ങാന്‍ ആര്‍ത്തിപൂണ്ട്‌ നടക്കുന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയുമെല്ലാം വ്യാമോഹങ്ങള്‍ക്ക്‌ തടസ്സമില്ലാതെ വഴിവെട്ടിക്കൊടുക്കുന്നതില്‍ ഇടതുചേരിയും സങ്കോചമില്ലാതെ പങ്കാളിയായി മാറിക്കൊണ്ടിരിക്കുന്നു. 

വികസനത്തിന്‌ അമേരിക്കന്‍ മാതൃകയെ കണ്ണടച്ച്‌ അനുകരിക്കാന്‍ തുനിയുന്ന ഭരണസംവിധാനങ്ങള്‍ക്ക്‌ ഇതെല്ലാം എങ്ങനെ നമ്മുടെ ഭാവിയെ ബാധിക്കുമെന്ന കാര്യത്തില്‍ യാതൊരു ആശങ്കയുമില്ല. തങ്ങള്‍ക്ക്‌ ശേഷം പ്രളയമായാലും തരക്കേടില്ലെന്ന മനസോടെയാണ്‌ എല്ലാകാര്യങ്ങളുടെയും പോക്ക്‌. മതആത്മീയ രംഗങ്ങള്‍ വരെ അമേരിക്കന്‍ നിയന്ത്രിതമാവുന്ന കാലത്ത്‌ അശുഭ ചിന്തകളൊന്നും സീറോ ടവറില്‍ മെഴുകിതിരി കത്തിച്ചവരുടെ പിന്മുറക്കാരില്‍ നിന്ന്‌ പ്രതീക്ഷിക്കേണ്ടതില്ല. അമേരിക്ക, അവരുടെ മേധാവിത്ത്വത്തിന്‌ വേണ്ടിയുള്ള ഒരു ലോക പരിസരം സൃഷ്‌ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. 

ഗൂഢമായ പലനീക്കങ്ങളിലൂടെ കുറേയേറെ വിജയിക്കാന്‍ അവര്‍ക്ക്‌ കഴിയുന്നത്‌ കഥയറിയാതെ നിന്നുകൊടുക്കുന്ന ഭരണസംവിധാനങ്ങള്‍ ഉള്ളിടത്താണ്‌. അതില്‍ നമ്മളും പെട്ടുപോവുന്നുണ്ട്‌. ഇത്തരം അപകടങ്ങളെ തിരിച്ചറിഞ്ഞ്‌ തുറന്നുകാണിക്കുന്നവരെ അടിച്ചമര്‍ത്താന്‍ ഹീനമായ പ്രചാരവേലകള്‍ നടത്തിയാണ്‌ മേല്‍ക്കൈ ഉണ്ടാക്കിയെടുക്കുന്നത്‌. 

വിവേചനങ്ങളെയും ജനവിരുദ്ധതയെയും തുറന്ന്‌ എതിര്‍ക്കുന്ന പ്രസ്‌ഥാനങ്ങളെ അമര്‍ച്ച ചെയ്യാനും ജനകീയസമരങ്ങളെ തകര്‍ക്കാനും അടിച്ചൊതുക്കാനും ഭരണകൂടങ്ങള്‍ക്ക്‌ പ്രേരണയും പ്രോല്‍സാഹനവും ലഭിക്കുന്നത്‌ അമേരിക്കന്‍ഇസ്രായേല്‍ തന്ത്രങ്ങളും പരിശീലനങ്ങളുമാണ്‌. ജനഹിതം മാനിക്കാന്‍ സര്‍ക്കാരുകള്‍ക്ക്‌ കഴിയാതെ പോവുന്നത്‌ ഇത്തരം പരിശീലനം ലഭിച്ച ഉദ്യോഗസ്‌ഥരുടെ നിയന്ത്രണം മൂലമാണ്‌. ഇത്തരം അപകടങ്ങളെല്ലാം വികസനപ്പാച്ചിലിനിടയില്‍ കാണാതിരുന്നാല്‍ നമ്മുടെ ഭാവി ഇരുണ്ടതായിത്തീരും.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"